Sunday, December 21, 2014

നീ തരുവാനിടയില്ലാത്ത മേഘ സന്ദേശം
കാലടിയിലെ തരിമണൽ കിരുകിരുപ്പുകൾ
ഓർമ്മകൾ കുടഞ്ഞെറിയുമ്പോൾ
തെറിച്ചുപോകാത്തൊരു കട്ടുറുമ്പ്
വെളിച്ചം കാണാത്ത ചില വേവലാതികൾ



Tuesday, December 16, 2014

നമ്മള്‍ ഏറ്റവും പ്രിയത്തോടെ കണ്ടിരുന്നവര്‍ ,കൂടെ നടന്നിരുന്നവര്‍ അകന്നുപോകുന്നത് ഹൃദയവേദനയോടെ കാണാതിരിക്കുക കാരണം ഒന്നുകില്‍ അവര്‍ക്കോ അല്ലെങ്കില്‍ നമുക്കോ അപരന്റെ ഹൃദയം വരെ എത്താനുള്ള ശേഷിയില്ല !അതുണ്ടെങ്കില്‍ അപരന്റെ കുറവുകള്‍ നമ്മള്‍ സ്വയം നികത്തുമായിരുന്നു !അവരെ ചേര്‍ത്തുനിര്‍ത്തി ഗാഡമായി ആലിംഗനം ചെയ്യുമായിരുന്നു !

Thursday, December 11, 2014

ഒരു കുഞ്ഞിന് ഏറ്റവും ആത്യന്തികമായി വേണ്ടത് പരിഗണന ആണ് .അത് മാത്രമാണ് അവരെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നത് .അത് അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ മാത്രം കിട്ടേണ്ടുന്ന ഒന്നല്ല ! മുഴുവന്‍ സമൂഹത്തിനും അവര്‍ക്കുമേല്‍ ഉത്തരവാദിത്വം ഉണ്ട് .കാരണം ഞാനും നിങ്ങളും ഒരുനാള്‍ കുഞ്ഞുങ്ങളായിരുന്നു അന്ന് ലഭിച്ചതും ലഭിക്കാത്തതുമായ പലതും നമുക്ക് അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട് .കുട്ടികള്‍ക്ക് മാതൃക ആകേണ്ടവര്‍ തന്നെ പണത്തിനും പദവിക്കും ആഡംബരത്തിനും ആര്‍ഭാടത്തിനും അനാവശ്യമായ ആഗ്രഹങ്ങള്‍ക്കും പിറകെ പായുമ്പോള്‍ കുഞ്ഞുങ്ങള്‍ നിസ്സഹായര്‍ ആണ് .അവരാണ് നമ്മുടെ നാളെകള്‍.അവര്‍ മാത്രമാണ് നമ്മുടെ ഭാവിയും !

Friday, December 5, 2014

മറവിയുടെ മുക്കുപണ്ടങ്ങളില്‍ മുക്കിയ സ്വര്‍ണ്ണ വര്‍ണ്ണ ഓര്‍മ്മകള്‍ കാലം ചെല്ലും തോറും വയസ്സാകും തോറും വെളുത്തു വെളുത്തു വരുന്നു തലമുടിപോലെ തന്നെ ! പൂര്‍ണ്ണമായും വെളുക്കുമ്പോള്‍ സംശുദ്ധമായ മറവിയില്‍ ശാന്തമായി അവ നിലകൊള്ളും !

Thursday, November 27, 2014

വൃദ്ധർ

കണ്ണു കാണാതെ പോകുന്നു കാഴ്ച്ചതൻ
വർണ്ണ ധൂളിമക്ഷേത്രം പൊലിയുന്നു
അന്ധനാകുന്നു ഓരോ നിമിഷവും
അന്തിവെട്ടവും മാഞ്ഞൊഴിഞ്ഞീടുന്നു  !

കാതിൽ വീഴുന്ന ഓരോ പദങ്ങളും
പേർത്തു പേർത്തിന്നു കാഴ്ച്ചയാക്കുന്നവർ!
ഭൂതകാലത്തിൽ കണ്ടവയൊക്കെയും
ഭാവികാലത്തിലേയ്ക്കവർ പേറുന്നു 

നാവു തൊട്ടവർ കാഴ്ച   നുണയുന്നു
ശ്വാസമേറുമ്പോൾ ജീവിതം താഴുന്നു
കാലഘട്ടങ്ങൾ കണ്ണിലൊളിക്കവേ 
കണ്‍തടങ്ങളിൽ കാഴ്ച മുഴയ്ക്കുന്നു !

പ്രാണവായുവിൽ പ്രാണൻ മണക്കുന്നു
ചാഞ്ഞ ചുണ്ടതിൽ ശൈശവം ഇറ്റുന്നു !
കോടിയ കൈകൾ മക്കളെ തേടുന്നു
ഊന്നു വടികളോ മക്കളായ്‌ മാറുന്നു !

കണ്ണുനീരുപോൽ പങ്കാളി മായുന്നു
കണ്ണുനീരെ വരാതങ്ങതാതാവുന്നു
കന്മഷം തീരെഇല്ലാതെയാകുമ്പോൾ 
കന്മദം പോലെ ദേഹമുറയുന്നു !

ദേഹകാന്തി ഇളകിച്ചുളിയുന്നു
ഓർമ്മയപ്പോൾ ഉടലിൽ കുരുങ്ങുന്നു
നേരമെല്ലാം ഒളിച്ചു പോയീടുന്നു
നേരമെന്നതേ വേണ്ടാതെയാകുന്നു !

ദാർഷ്ട്യമെല്ലാം  വെടിഞ്ഞൊരു നട്ടെല്ലോ
മെല്ലെമെല്ലെ കുനിഞ്ഞു വളയുന്നു
മണ്ണിലല്ലേ മഹത്വമിരിപ്പതു മെല്ലെ മെല്ലെ
പ്പരതുന്നു കാലുകൾ ..

സ്വന്തമെന്നതൊ ബന്ധവുമെന്നതൊ
ചിന്തയെന്നതോ ചിന്തിപ്പതെന്നതോ
ഊഴിയെന്നതോ ഉണ്ണുന്നതെന്നതോ  
ഏതുമില്ല നിരൂപിക്കുവാൻ സമം !

ദേഹിദേഹവുമൊന്നായ മാത്രയിൽ
ബന്ധമെല്ലാമഴിയുന്ന മാത്രയിൽ
സന്തതം വന്നു ചേർത്തു പിടിച്ചാരോ 
പ്രാണനെ തിരിച്ചൂറ്റിയെടുക്കുന്നു!

കല്ലറ , കുഴി, കത്തിക്കൽ എന്നതോ
കാട്ടുദിക്കിൽ എറിഞ്ഞു കളവതോ 
ദേഹമൊന്നുമറിയുന്നതില്ലിഹ  
വേപഥു മണ്ണിൽ ജീവിച്ചിരിക്കിലെ !





Sunday, November 23, 2014

അവസാനശ്വാസത്തിന്‍ ആരംഭമെത്തുമ്പോള്‍
അറിയാതെയെങ്കിലും അറിയുന്നോരാകും നാം !

Wednesday, November 19, 2014

അതാണല്ലോ ഈ ജീവിതം !

ശരീരം തൊടണം തലോടണം
ഉമ്മവയ്ക്കണം പുണരണം
അതാണല്ലോ ജീവിതം !
ചുംബന സമരത്തോടെ ,
 പുനർവിചിന്തനം കൊണ്ട
അതേ പഴയ ജീവിതം !

ഇനി ,
തൊടാത്തവരോട് :
നിങ്ങൾ ഒന്നുകിൽ മഹാരോഗിയാണ്
സഹോദരിയെ സ്നേഹത്തോടെ
പൊത്തിപ്പിടിക്കാനാകാത്ത ,
സഹോദരനോടൊപ്പം  കെട്ടിമറിയാത്ത ,
അമ്മയോട് കൊഞ്ചിക്കളിക്കാത്ത,
അച്ഛനുമേൽ കുത്തിമറിയാത്ത,
സ്നേഹം പ്രകടിപ്പിക്കാനറിയാതെ
കുപ്പിയിലടച്ച്‌ രോഗിയാക്കി വളർത്തിയ
ചിക്കിച്ചികയാനറിയാത്ത,
കൊത്തിപ്പെറുക്കാനറിയാത്ത ,
ചിറകു ചെരുക്കി പ്രേമിക്കാനറിയാത്ത  
ബ്രോയിലർ രോഗി !

അല്ലെങ്കിൽ നിങ്ങൾ മാറാ രോഗിയാണ് !
നിങ്ങളുടെ കരളിനു മന്ത് ബാധിച്ചിരിക്കുന്നു
അത് അസൂയമൂലം വീർത്തു വീർത്തു തൂങ്ങിക്കിടക്കുന്നു !
നിങ്ങളുടെ രോഗം മാറില്ല !
അത് സ്നേഹപ്രകടനമെന്നാൽ കാമപൂരണം
എന്ന് തിരുത്തിവായിക്കുന്നു !
ആണും പെണ്ണുമെന്നാൽ കിടപ്പറ എന്ന്
കൂട്ടിവായിക്കുന്നു !
ചുംബനം എന്ന് കേട്ടാൽ രതിമൂർച്ഛ
വന്നു വിറയ്ക്കുന്നു !
അല്ലെങ്കിലും  നിങ്ങൾ മാറാ രോഗിയാണ് 
നിങ്ങൾക്ക് കത്തിയും വടിവാളുമില്ലാതെ
ഉറങ്ങാനാകില്ല ,ഉറക്കത്തിലെങ്ങാൻ
രണ്ടുപേർ ചുംബിച്ചാലോ ??!

ശരീരം തൊടാനും കെട്ടിപ്പിടിക്കാനും
ചുംബിച്ചു മരിക്കാനുമുള്ളതാണ്
അതാണല്ലോ ഈ ജീവിതം !


Sunday, November 16, 2014

പൊട്ടിച്ചിരിയുടെ മുത്തുകള്‍ പൊട്ടിത്തെറിച്ചു പോകുന്നു ..
ഇളവെയില്‍ ഇലച്ചാര്‍ത്തുകളിലൂടെ നൂല് കോര്‍ക്കുന്നു ..
സൂചിത്തുമ്പികള്‍ കൂട്ടത്തോടെ പറന്നു വരുന്നു ..
സന്തോഷത്തോടെ നോക്കുമ്പോള്‍,
എന്തും സന്തോഷമാണെന്നു തിരിച്ചറിയുന്നു !

Sunday, November 9, 2014

ഒരു പച്ചപ്പിന്റെ ഹൃദയതാളം നേര്‍ത്ത മഞ്ഞുതുള്ളി ഒഴുകിപ്പരക്കും പോലെ എന്റെ വരണ്ട ഹൃദയത്തിലേയ്ക്ക് ഒരുമഴക്കാലത്തിലെ സായന്തനത്തില്‍ വന്ന് വീണു നിറഞ്ഞു ..ഊഷരമായ ജീവിതത്തിന്റെ കരകര താളത്തിലുള്ള ഇഴച്ചില്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ പൊടിപിടിച്ച വഴികളിലൂടെ രാവിലെ വന്ന് നില്‍ക്കുന്ന കാബ് ലേയ്ക്കുള്ള കയറലും മൂന്നു സ്വൈപ്പ് മെഷീന്‍കളുടെ അനുവാദം കഴിഞ്ഞു സ്വന്തം കാബിനില്‍ കയറിക്കൂടി ഒന്‍പതര മണിക്കൂര്‍ വരച്ചും എഴുതിയും അനിമേഷന്‍ ചെയ്തും പ്രോഗ്രാമിന്റെ നൂലാമാലകളില്‍ക്കൂടി ഇറങ്ങിയരിച്ചും വല്ലപ്പോഴും വലിയ ആണ്പടകള്‍ മാത്രമടങ്ങിയ ടീമിന്റെ പിറന്നാള്‍ സദ്യകള്‍ക്ക് പൊട്ടിച്ചിരിച്ചും വൈകുന്നേരമായാല്‍ തിരിച്ചു ക്യാബില്‍ കയറി നിസ്സഗതയോടെ മുറിയിലെത്തിയാല്‍ വല്ലതും ഉണ്ടാക്കി കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും .ആരോടേലും സംസാരിക്കാന്‍ തോന്നിയാല്‍ സ്കൈപ് ഓണ്‍ ചെയ്യും ഇല്ലെങ്ങില്‍ ഒരുമൂലയില്‍ തള്ളിയ ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നുറങ്ങും .ജീവിതം അതെ ചാക്രിക ചലനത്തില്‍ തള്ളി നീക്കി പോകുമ്പോഴാണ് ചക്രം നേരെ തിരിച്ചുകൊണ്ടു ജീവിതത്തിലേയ്ക്ക് നീ മഴപോലെ കയറി വന്നത് .കണ്ടതും സംസാരിച്ചതും നിശ്ചയിച്ചതും കല്യാണം കഴിച്ചതുമെല്ലാം മഴയത്ത് തന്നെയായിരുന്നു ! അടികൂടിയതും പൊട്ടിക്കരഞ്ഞതും പൊട്ടിച്ചിരിച്ചതും നമ്മുടെ മായാവി ബൈക്കിന്റെ പുറമേറി ഹൈദരാബാദിന്റെ ഇടവഴികളിലൂടെ അലഞ്ഞു നടന്നതും വഴിതെറ്റി പോയിപ്പോയി എവിടെയോ എത്തിയതും ..ചിരിച്ചു ചിരിച്ചു മരിച്ചു നമ്മള്‍ പുനര്‍ജ്ജനിച്ചതും ഒടുവില്‍ നമുക്ക് മേല്‍ കുത്തിമറിഞ്ഞു കളിയ്ക്കാന്‍ ഒരു കൊച്ചു സുന്ദരി വിരുന്നു വന്നതും കഴിഞ്ഞെത്ര നാളായിരിക്കുന്നു അല്ലെ ശ്രീ !?!! എന്റെ ജീവിതത്തിലെ പച്ചപ്പുകള്‍ക്കൊക്കെ ഞാന്‍ നിന്നോടുമാത്രം കടപ്പെട്ടിരിക്കുന്നു ..ഞാന്‍ ജീവിച്ചാലും മരിച്ചാലും എന്റെ എകപുരുഷന്‍ നീ എന്ന പച്ചപ്പായിരിക്കും !ഇതുതന്നെയാണ് എന്റെ പിറന്നാള്‍ സമ്മാനം ..ഞാന്‍ തന്നെയാണ് നിനക്കുള്ള സമ്മാനം .എല്ലാവരോടും വിളിച്ചുകൂവുന്നത് എല്ലാവരും നിനക്ക് മംഗളം പാടാന്‍ തന്നെയാണ് .ഉമ്മ ഇന്നും പിന്നെ എന്നും!എന്തിനെന്നറിയില്ല ഞാന്‍ കരയുകയാണ് ..കരഞ്ഞുകൊണ്ടെ ഇരിക്കയാണ് ..love you always Sreejith Remanan

Thursday, October 30, 2014

താരകക്കംബളം നീർത്തീ
മാനത്തംബിളി മാമനുറങ്ങി ..
താഴെ മേട്ടിലെ കൂട്ടിൽ
രാപ്പാടി പോലുമുറങ്ങി ..
ആരാരിരാരാരിരാരോ
അമ്മതൻ പൈതലുറങ്ങ്‌

കുഞ്ഞിളം കാറ്റ് തലോടീ
ഉമ്മവയ്ക്കുന്നിളം ചുണ്ടിൽ
ഒച്ചയുണ്ടാക്കാതെ നിന്നേ.. നോക്കി
കൂട്ടിരിക്കുന്നൂ കുറുഞ്ഞീ
ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

 അച്ഛന്റെ പൂങ്കുരുന്നല്ലെ ..നീ
ചാഞ്ചാടിയാടിയുറങ്ങ്
നാളെ നേരം പുലർന്നാൽ
മാമം തരാൻ മൈന പോരും

ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

ഓമനത്തുംബികൾ ആടും
കളിക്കൊഞ്ചലുമായ് തത്ത പാടും ..
മാനുകൾ തുള്ളിക്കളിക്കും
എന്നോമന കൂടെച്ചിരിക്കും ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...

നേരം വെളുക്കും വരേയ്ക്കും
നിന്നോമനക്കണ്ണുകൾ പൂട്ടി
അമ്മതൻ അമ്പിളി വാവേ
നീ ചാഞ്ചാടിയാടി ഉറങ്ങ്‌ ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...



Tuesday, October 28, 2014

ആത്മംഭരി


അകലെയാകാശമാത്മവേഗങ്ങളെ
ത്തഴുകി നീർക്കുന്നു പച്ചിലത്തുംബുകൾ ..
തരുവിലല്ലോ പുണരുന്നു മേഘങ്ങൾ
കനവു തുന്നിപ്പറപ്പിച്ച കാറ്റുകൾ !


അകലെ അകലെയാണിന്നിന്റെ പച്ചയും
അകലെയകലെയാണിന്നിന്റെ പ്രാണനും
ഉരുകിയുള്ളം കലങ്ങുമാറിങ്ങനെ
തപന സൂര്യന്റെ ആഗോള താപനം !


എവിടെനിന്നോ തപസ്വിത സ്വപ്‌നങ്ങള്‍
തപുഷി പൊട്ടിത്തെറിച്ചു പായുന്നിതെ !
എരിക മര്‍ത്ത്യാ ! നീ സ്വയം തീര്‍ത്തതീ
തപനി വറ്റിച്ച ഗൂഡ പ്രവൃത്തികള്‍ !


തപിതരാകുന്നു ഭൂമിയും വാനവും
ഒരു കിളിപോലുമില്ലെ പറക്കുവാന്‍!
തനിമ വറ്റാത്തതൊന്നുമേ ഇല്ലയോ
ജ്വലക കെട്ട തനുസ്സതുംബാക്കിയായ് !


ജൈവജ്ഞാതേയമെല്ലാം ഉലഞ്ഞുപോ-
യിന്നു വാര്‍ക്കുന്നു ജീവനെക്കുപ്പിയില്‍
അമ്മവേണ്ടച്ഛനത്രയും പോലുമേ
എന്തിനിന്നു കുടുംബമേ വേണ്ട മേ!


മരണവായു വലിച്ചുകൊണ്ടിന്നു നാം
മരുവി മേവുന്നു ആഗോള വലകളില്‍
ക്ഷണിക ഭംഗിയില്‍ മാത്രം ജനിക്കുന്നു
ക്ഷണിക ബന്ധന മംഗല്യമെന്നതും!


കാമമേറെ ജ്വലിച്ചതില്‍ പുത്രിതൻ
മുലയുറുഞ്ചുമാ പാപിയെക്കാണുക!
എവിടെയോ കൊണ്ട് തള്ളുന്നു പാപത്തിന്‍
പലിശ കൊണ്ട് പിറന്നൊരാക്കുഞ്ഞിനെ!


അഗതിയഗതിയെന്നാട്ടുന്നു പിന്നെച്ചെന്ന
തിനെയും കാമ കേളിക്കൊടുക്കുന്നു
ലിംഗഭേദങ്ങളേതെന്നു പോലുമേ
ലിംഗ നീതിയ്ക്കു പാത്രമാക്കീടുവാൻ !


ഉന്മദം ഉന്മാർഗ്ഗമെന്നതെ ഇന്ന് കാണുവാൻ
ഭാംഗും ലഹരിയും,കള്ളു കഞ്ചാവ്-
കേറിക്കിടക്കുവാൻ തെല്ലു വേണ്ടും കടത്തിണ്ണ
എന്നതിലില്ല ഉണ്മ മണക്കുവാൻ പോലുമേ !


ആനമിക്കുന്നു ഭൂമിയെ നിന്നെ ഞാൻ
ആഗ്രഹിക്കുമ്പോൾ ആകാശമാകുവാൻ
ദേഹമെന്നതിൻ അർത്ഥമങ്ങേശാത്ത
ദേഹിയായി പരിഗണിച്ചീടുവാൻ


ആനമിക്കുന്നു ആകാശമിന്നു ഞാൻ
ആഗ്രഹിക്കുമ്പോൾ ഭൂമിയായീടുവാൻ
പ്രാണനെന്നതിൻ ഭാരമങ്ങേശാത്ത
പ്രാണിയാകുവാനെന്നെങ്കിലും മുദാ !

Sunday, October 26, 2014

(ഇത് എന്റെ അനുഭവ കഥയാണ്‌ സങ്കല്പം അല്പ്പം പോലുമില്ല !)

കാലു പ്ലാസ്ടർ ഇട്ടു കഷ്ടപ്പെട്ട് ഒരുകാലിൽ കുത്തിപ്പിടിച്ചു നില്ക്കയാണ് ഡോക്ടറെക്കാണാൻ ഒരു പ്രൈവറ്റ് ആശുപത്രിയുടെ നാലുംകൂടിയ മുക്കിൽ .നേരെ മുൻപിൽ ഓപ്പറേഷൻ തീയേറ്ററും ലേബർ റൂമും അതിന്റെ എതിർഭാഗത്താണ് ഈ കാലും കൈയും നടുവും ഒടിഞ്ഞ മുറിഞ്ഞ ചതഞ്ഞ അവശരായ ജനവിഭാഗങ്ങൾ ദൈവത്തെയും പ്രതീക്ഷിച്ചു മുഷിഞ്ഞു നാശമായി ഇരിക്കുന്നത് ,നില്ക്കുന്നത് സ്ട്രെക്ച്ചരിൽ കിടക്കുന്നതും ! അവിടെയ്ക്ക്
ആദ്യം വലിയവയറും കൈയ്യിൽ കുത്തിയ ഗ്ലൂക്കോസ് കുപ്പിതാങ്ങിയും സ്ട്രെക്ച്ചരിൽ ഒരു ചെറിയ വേദന ഞങ്ങളെക്കടന്നു ഓപ്പറേഷൻ തീയേറ്ററിലെയ്ക്ക് മാഞ്ഞുപോയി .പിറകെ ഒരു ടാക്സി കാറിൽ
"ന്റെ റബ്ബേ ..അല്ള്ളാ " എന്ന അമർത്തിയ വിളി നെഞ്ചിൽ നിന്നും അലച്ചു പെയ്ത് ഒരുമ്മ ഓടി വന്നു ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലിൽ തടഞ്ഞു നിന്നു .കൂടെ നന്നേ വെളുത്തു മെലിഞ്ഞു പതിനാറു വയസ്സ് തോന്നുന്ന ഒരു ചെറുപ്പക്കാരനും .അയാളുടെ മുഖം ആശങ്കയാൽ ചുമന്നിരുന്നു .നില്ക്കാനോ ഇരിക്കാനൊ വയ്യാത്തപോലെ അയാൾ എരിപൊരി കൊള്ളുന്നതും കണ്ടു .ഭർത്താവിന്റെ സകല ഭാവഭാവാദികളും അയാളിൽ ഉണ്ടെങ്കിലും അയാളുടെ നിഷ്കളങ്കത മുറ്റിയ കൊച്ചു മുഖം "പ്രായം പതിനാറ് " എന്നെന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു !

അവർക്കും പിന്നിൽ ഒരോട്ടോ വന്നു നിന്നു .അതിൽ നിന്നും ഒരു ജുവലറിക്കട ഒന്നാകെ ഇളകിവന്നു .തലയിലെ കിന്നരിയും ,വീതിയരപ്പട്ടയും ,കൈയ്യിലെ മുഴുവൻ ഭാഗങ്ങളും സ്വര്ണ്ണാന്ജിതമായി മിന്നി .നില്ക്കുകയോ ഇരിക്കുകയോ അല്ലാത്ത രീതിയിൽ സ്ട്രെക്ച്ചരിൽ ഇരുന്ന എന്നെ തട്ടിമറിച്ചിട്ട് അത്തറിന്റെ പരിമളം കാറ്റുപോലെ അവിടെവന്നു പറന്നു കളിച്ചു !അതിനും പിറകിൽ ഓട്ടോകളും ബൈക്കുകളും തലയിൽ തട്ടമിട്ടതും ബുർക്കയിട്ടതും മോല്ലാക്കമാരെന്നു തോന്നുന്ന താടിക്കാരും എല്ലാം ചറപറാ വന്നു നിറഞ്ഞു എല്ലാത്തിനും കൂടി പത്തുമിനുട്ടെ വേണ്ടിവന്നുള്ളൂ .ഒരുപട ആളുകൾ കരഞ്ഞും അടക്കം പറഞ്ഞും ചർച്ചചെയ്തും കുശുകുശുത്തും അവിടമാകെ പരന്നു !!
അവിടെ നിന്നാൽ ഗ്ലാസ് വാതിലിനപ്പുറം വിശാലമായ പാർക്കിംഗ് ഏരിയ കാണാൻ കഴിയും ,അതിലൂടെ വരുന്നവരെയും !അവസാനമായി ഒരു ലോറിയാണ് വന്നു നിന്നത് ! ഞങ്ങൾ അല്ല ഞാൻ നടുങ്ങി അതുമുഴുവൻ ജനങ്ങൾ ആണോ ?? ഇത് സാധാരണ പ്രസവം അല്ല എന്നുറപ്പ് ,ആ പെങ്കുട്ടിയ്ക്കെന്തു പറ്റിയതാവും .എല്ലാവരും കുലംങ്കഷമായ ചർച്ചയിലാണ് മിണ്ടാതെ നിശബ്ദം കരയുന്ന ഒരമ്മയെ മാത്രമേ ഞാൻ അവിടെക്കണ്ടുള്ളൂ ബാക്കിയെല്ലാവരും സംസാരത്തിലാണ് ചിലർ കരയുന്നതായി ഏങ്ങൽ അടിക്കുന്നു .പക്ഷെ എന്റെ ധാരണയെ തിരുത്തി ലോറിയിൽ നിന്നും ഒരു തൊണ്ണൂറു വയസ്സ് പറയുന്ന വല്യുമ്മയെ എടുത്തിറക്കി ഒരാൾ കൊണ്ടുവന്നു .അവർ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു .ഒരു പഞ്ഞിക്കെട്ടുപോലെ വെളുത്തു നേർത്ത രൂപമായ അവരെ അയാൾ നിലത്തു മൂലയ്ക്കിരുത്തി .
"നെനക്കെന്താ പ്രാന്തായാ അബീദെ ഓരെ ബലിച്ചിട്ടും ബരാൻ ?" ഒരാൾ ദേഷ്യപ്പെടുന്നു
"ഓര് നെലോളി കൂട്ടീക്കെണു ,ഓരിപ്പോ ചത്തുപോം അതീറ്റും മുന്നേ ഓളേം കുട്ട്യെം കാണണം ന്ന് "
"ഹം ..ബീട്ടി കുത്തീരിക്കാണ്ടേ പോന്നോളും എപ്പോം ബയസ്സു നൂറാവാനായി ,മനുസ്സ്നെ മെനക്കെടുത്താൻ ഞി ഞാ ചോമക്കണ്ടേന്ന് ?? അന്നേ പറഞ്ഞാ മതി ബലാലെ "
"ബാപ്പ മുണ്ടാണ്ടിരി ആളോള് നോക്കുന്നു "
"ആളോള്ക്കെന്താ ..എനക്കല്ലേ പാട് ??"
"സുബൈദാന്റെ ആരേലുമുണ്ടോ ? "
ഒരു നെർസ് തല വെളിയിലേയ്ക്കിട്ടതെ ഞെട്ടി .
"ദെന്താ പൂരപ്പറമ്പോ ?!!! എല്ലാവരും മാറിനിക്ക്‌ സാറ് കാണേണ്ട ഈ ബഹളം .പെങ്കുട്ടിയ്ക്കൊരു കുഴപ്പോമില്ല പ്രസവം നടന്നു കഴിഞ്ഞു ,പോയെ പോയെ "
"സിസ്റ്ററെ കുട്ടി ?"
"ആ കുട്ടിയെ തരും എണ്ണയും സോപ്പും ക്ലോത്തും തന്നോളു "
"സിസ്റ്ററെ കുട്ടി എന്താ ?"  വീണ്ടും പല ചോദ്യങ്ങൾ ഒരേ താളത്തിൽ പൊങ്ങി .
"ങും കുട്ടി പെണ്ണാ ,മൂന്ന് എണ്ണൂർ ഉണ്ട് .2 40 pm "
"ഓ ..."
എല്ലാവരുടെയും മുഖം ഒരേ തരത്തിൽ താളത്തിൽ ഭാവത്തിൽ കുനിഞ്ഞു ,രണ്ടു പേരുടെതോഴികെ .
"അല്ഹം ദുലിൽഹാ ,റബ്ബേ .."
ആയമ്മ കണ്ണ് തുടച്ചു ,ചിരിച്ചു .കൂടെ അതീവ സന്തോഷത്തോടെ ആ യുവാവും .
ആ അമ്മ അപ്പോൾ ചുറ്റുവട്ടവും നോക്കി .അപ്പോൾ മാത്രമാണവർ എല്ലാവരെയും നോക്കിയത് .എന്റെ കണ്ണിൽ കണ്ണുടക്കിയപ്പോൾ അവർ സൗഹൃദത്തോടെ ചിരിച്ചു .
"പേരക്കുട്ടി ഉണ്ടായി അല്ലെ ?" ഞാൻ ചോദിച്ചു .
"അതെ മോളെ ,ഓള്ക്ക് മാസം ഒന്ന് മുന്നെയാ .കുട്ടി മഷിയിറക്കി .അത് ബ്ലഡിൽ കലങ്ങീ ഓളെ ജീവൻ പോയീന്നും പറഞ്ഞ് ഫോണ് വന്നു .കൂട്ട നെലോളി ആയിരുന്നു പിന്നെ .ചത്താ ബന്നത് ഇങ്ങൊട്ടെയ്ക്കു ഞാൻ "
ഞാൻ അവരുടെ കൈയ്യിൽ പിടിച്ചു .അവർ കണ്ണുനീരിലൂടെ പുഞ്ചിരിച്ചു .
"സിസേരിയനാരുന്നു ,ഭാഗ്യം ഒരു കുഴപ്പോമില്ല എന്ന് പറഞ്ഞു "
"പെങ്കുട്ട്യാ മൂത്തതു രണ്ടും  .അതോണ്ട് ആർക്കും ഇഷ്ടായില്യ .ഓളെ ഇനി എല്ലാരൂടി സങ്കടാക്കും .ഓൾക്ക് ആണിനെ പെറാൻ അറീല്ലെന്നു ഓന്റെ അമ്മ കഴിഞ്ഞെനു ചോയ്ച്ചതാ ,പാവം ന്റെ കുട്ടി .ബെറും പാവ്വാ ,പത്തൊമ്പത് വയസ്സേ ഉള്ളൂ മൂന്നു പെറ്റു .ഇനീം അബര് നിർത്താൻ സമ്മയിക്കില്ല "

അവർ കരഞ്ഞു കൊണ്ടേയിരുന്നു ..ഞാൻ ആ ചെറുപ്പക്കാരനെ നോക്കി കണ്ടതേയില്ല .അയാളുടെ രൂപവും അയാളിലെ ചിരിയിലെ സന്തോഷവും എന്നെ തെല്ല് അമ്പരപ്പിച്ചു അപ്പോൾ !ആ ഉമ്മച്ചി എഴുനേറ്റു പതിയെ മുറിയിലേയ്ക്ക് പോയി .

അല്ല ഞാൻ അമ്പരക്കുന്നത് പെണ്‍കുട്ടി എന്ന് കേട്ടപ്പോൾ എല്ലാവരും മുഖം തിരിച്ചതിൽ അല്ല .പെണ്ണിനെ പെറ്റ കുറ്റം പെണ്ണിനെ തനിയെ എല്പ്പിക്കുന്നതിലെ വിവരമില്ലായ്മയിൽ ആണ് !അതെ ആണ്‍കുട്ടി എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളിലും അഭിമാനം തുടിച്ചു പൊങ്ങും .ഒന്നാകുമ്പോൾ അഭിമാനം ,രണ്ടാകുമ്പോൾ അഹങ്കാരം ഇനി മൂന്നുണ്ടായാലോ !! ഈശ്വരാ ആളുകളെ കാണുമ്പോൾ കണ്ണ് മുഴുവൻ തുറക്കില്ല !! പറഞ്ഞിട്ട് കാര്യമില്ല പ്രേമിക്കാൻ കേളിയാടാൻ പ്രസവിക്കാൻ മാത്രമേ ചിലർക്ക് (പലർക്കും )പെണ്ണ് വേണ്ടു പക്ഷെ പറയുന്ന കൂപമൻഡുകങ്ങൾക്ക് അറിയില്ല ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കപ്പെടുന്ന ക്രോമസോം സ്ഥിതി ചെയ്യുന്നത് പുരുഷ ബീജത്തിൽ ആണെന്ന് !രണ്ടിനം ബീജങ്ങൾ ആണ് പുരുഷ ശുക്ലത്തിൽ കാണുന്നത് .ഗൈനോസ്പേം എന്നും ആൻഡ്റോ സ്പേം എന്നുമിവ അറിയപ്പെടുന്നു .ശുക്ലത്തിൽ ആൻഡ്റോസ്പേം എന്ന ബീജം ഇല്ലാത്ത പുരുഷന് ആണ്‍കുട്ടി ജനിക്കില്ല നേരെ തിരിച്ചും (ഈ അറിവ് ഗൈനക്കൊളജി പുസ്തകത്തിൽ നിന്നുമുള്ളതാണ് എന്നറിയിക്കുന്നു ഞാൻ ഡോക്ടർ അല്ല എന്നെ കൊല്ലാൻ ആരും വരേണ്ട )
ഈ ലോകം നന്നാകില്ല .പരമേശ്വരാ ഭഗവാനെ എനിക്ക് പത്ത് പെങ്കുഞ്ഞുങ്ങളേക്കൂടി തരണേ ..എനിക്ക് നിങ്ങളെ ജീവനാണ് പെണ്മക്കളെ .ഉമ്മകൾ എല്ലാ കുഞ്ഞുങ്ങൾക്കും ആണിനും പെണ്ണിനും നപുംസകങ്ങൾക്കും !

Thursday, October 23, 2014

അമ്മ!

ഓ അമ്മയെന്നാല്‍
ഒഴിഞ്ഞ കഞ്ഞിക്കലം പോലെന്തോ
ഒരു കരിപ്പാത്രം !
അതിന്നകത്തെ വെന്തുപാകമായതെല്ലാം
നമ്മള്‍ തിന്നുതീര്‍ത്തത് അറിഞ്ഞില്ലല്ലേ !

Thursday, October 16, 2014

ചില വായനകള്‍ അബോധതലത്തില്‍ ഉള്ളവ ആയിരിക്കും .വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ബോധാവസ്ഥയില്‍ നിന്നും തെന്നി നീങ്ങിപ്പോകും ,അവിടെ നമ്മുടെതായ ചില ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നുകില്‍ കിനാവിലെയ്ക്കോ അല്ലെങ്കില്‍ ഉറക്കത്തിലെയ്ക്കോ ബോധപൂര്‍വ്വമല്ലാതെ നീങ്ങിപ്പോകും .അത് ഉത്കൃഷ്ടമായ വാനയുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്നല്ല .വായിക്കുമ്പോള്‍ നമ്മെ കൃതികള്‍ അവയുടെ ലോകത്തിലേയ്ക്ക് സുഖകരമായൊരു തെന്നല്‍ പോലെ കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് കൃതിയുടെ സ്വഭാവം നമ്മള്‍ ആകുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥമായ വായന പരിണമിക്കപ്പെടുന്നത്.വായന നന്നാകുക എന്ന് പറയുമ്പോള്‍ കൃതി നമ്മളുമായി നടത്തിയ സംവാദം നമ്മുടെ മനസ്സുമായി താദാത്മ്യം പ്രാപിച്ചു എന്നും  ആ കൃതി നന്ന് എന്ന് നാം സ്വയം വിലയിരുത്തുകയും ചെയ്യുമല്ലോ .ഇവിടെ വായനയുടെ സുഖം ചിന്തനീയമാകുന്നൊരു കൃതിയാണ് ബി .സുദേവ് ന്‍റെ 'നമുക്കിറങ്ങി നടന്നേക്കാം ' എന്ന കവിതാസമാഹാരം .തേടുന്നത് വേരുകള്‍ ആണെന്ന് അദ്ദേഹം പറയുന്നു .ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കതയോടെ വായനക്കാരന്റെ വലിയലോകത്തിലെയ്ക്ക് എനിക്ക് പ്രവേശനമുണ്ടോ എന്ന് എഴുതിക്കൂട്ടിയ വാക്കുകളുടെ ഘനനീലിമയ്ക്കിപ്പുറം നിന്നുകൊണ്ട് വിശുദ്ധമായി ചോദിക്കുകയാണ് വെറുതെ .വെറുതെ എന്നത് പറയുവാന്‍ കാരണം ആ ചോദ്യം ഇവിടെ അപ്രസക്തമാണ് .നമ്മെ നൂണ്ടു പിടിച്ചുലയ്ക്കുന്ന കവിതകളാണ് സുദേവിന്റെത്. പലതും കാലികപ്രസക്തവും അനുകരണങ്ങള്‍ അശേഷം ഇല്ലാത്തതുമായ സംശുദ്ധ രചനകള്‍ തന്നെയാണ് .നഗരം എന്ന കവിത എടുക്കുകയാണെങ്കില്‍

'ഉടലില്‍ കാടിന്റെ ഓര്‍മ്മയ്ക്കായ് കുത്തിയ പച്ച .
ഇരയുടെ മാംസത്തിലിറക്കിയ ലോഹകഷണങ്ങള്‍ '

എന്നൊരു പ്രയോഗമുണ്ട് കാടിന്റെ ഓര്‍മ്മയ്ക്കായ് കുത്തിയ പച്ച !അതും ഉടലില്‍ .കാട് ഓര്‍മ്മയാകുന്നിടത്തു മനുഷ്യന്‍ മൃഗമായി പരിണമിക്കുന്നത് എത്ര സുന്ദരമായിട്ടാണ് പറഞ്ഞുവയ്ക്കുന്നത് .കൊത്തിപ്പറിക്കാന്‍ ചോദ്യങ്ങള്‍ വട്ടമിട്ടു പറക്കുമ്പോള്‍ കയറി ഒളിക്കാന്‍ ഒരൊളിത്താവളം നിങ്ങള്‍ തരുമോ ? എന്നു കവി ചോദിക്കുകയാണ് .ചോദ്യങ്ങള്‍ എത്താത്ത ,സ്വയം ചോദ്യങ്ങളില്‍ പെടാത്ത ഒരുസ്ഥലം നമുക്ക് കൊടുക്കാനുണ്ടോ എന്ന് ഒരു ഞെട്ടലോടെ വായനക്കാര്‍ സ്വയം ചോദിക്കും .താഴ്വര എന്ന രചനയില്‍ ഏകാന്തതയെ ,മരണത്തെ അതിമനോഹരമായി വരച്ചിട്ടിരിക്കുന്നു .
'ശരിക്കൊന്നുറങ്ങാന്‍
ഏറെനാളായൊരു കൊതി
ജനലുകള്‍ തുറന്നിട്ട്‌
കണ്ണുകളടച്ച്
തണുത്ത് തണുത്ത് ..'
ആ തണുപ്പിന്റെ കാഠിന്യത്തില്‍ ആസ്വാദകര്‍ക്കും കൂടെ തണുക്കാം,തണുത്തു തണുത്ത് മരിച്ചു പോകുകയുമാകാം .അതുപോലെ 'വട്ടത്തിലുരുട്ടിയെഴുതാത്ത ഇതിവൃത്തങ്ങള്‍ ' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്‌

'നടക്കുമ്പോള്‍ ഗാന്ധിയെപ്പോലെ
ഓടാന്‍ എനിക്കിഷ്ടമല്ല ,
മാനം നോക്കണം ,
മരത്തിന്റെ തടിയന്‍ വേരിലിരിക്കണം,
കണ്ട പൂവിനോടും പൂച്ചയോടും തലയാട്ടണം ,
സംസാരിക്കണം ,
മനുഷ്യരോടുമാത്രം ഒന്നും മിണ്ടാതെ
എല്ലാം അറിഞ്ഞു പറയുന്ന ഒരു ചിരി ,
അത് തന്നെ ധാരാളം .'
ഇവിടെ നമുക്ക് തലപുകയ്ക്കേണ്ട, ചിന്തിച്ചലയേണ്ട. പറയുന്ന കാര്യങ്ങള്‍ വളരെ ലളിതവും എന്നാല്‍ അഗാധവുമാണ് അതുതന്നെയാണ് ബി സുദേവിന്റെ ഈ കൃതിയുടെ അക്ഷരഘടനയും എന്നെനിക്കു തോന്നുന്നു .

'കാലവേദിയില്‍ പ്രപഞ്ചനടനം നടക്കട്ടെ
നമുക്കിറങ്ങി നടന്നേക്കാം
നീ കടലാസില്‍ കുറിച്ചവ
കൊറിക്കാനെടുക്കുക
വരു
വാക്കുവന്ന വഴിയെ നടക്കാം .'  എന്ന് നിസ്സംശയം പറയുന്ന സുദേവിനെ അറിയാത്തവര്‍ ഇനിയെങ്കിലും തിരിച്ചറിയണം .ഈ കവി നിശബ്ദനായൊരു മഴയാണ്, പെയ്തുകൊണ്ടിരിക്കുന്നപെയ്യാനുള്ള ഒരു കടല്‍ നിറഞ്ഞ മഴ .

Tuesday, October 14, 2014

അവള്‍ വസന്തം കഴിയുമ്പോൾ തിരികെ വരാതിരിക്കില്ല !

പൂക്കളിൽ വസന്തം കണ്‍തുറക്കുമ്പോൾ
പൂമ്പാറ്റകളിൽ സുഗന്ധം തേൻ ചൊരിയുമ്പോൾ
നീ നിന്റെ ഭിക്ഷാപാത്രം കൈയ്യിലേന്തുക !
നിനക്കുമുന്പിലെ കീറത്തുണിയിൽ
നീ അന്നന്നത്തെ ആവലാതികളുടെ
അളിഞ്ഞ നാറ്റം പരത്തുന്ന വേവലാതികൾ
പരത്തിയിടുക !

അവള്‍ ഒരുപക്ഷെ പൂക്കൾ വസന്തം ചൊരിയുന്നത്
കാണുവാൻ വരാതിരിക്കില്ല !
നിന്റെ വറുതിപ്പാത്രത്തിന്നോരത്തു ചാടാൻ
മടികൊള്ളുന്നൊരു കഷണം നാണയത്തുണ്ട്‌ ,
സുഗന്ധപൂരിതമായ കൈകൊണ്ടവള്‍
മനോഹരമായ തുകൽസഞ്ചിയിൽ നിന്നും
എടുക്കാതിരിക്കില്ല !

എറിഞ്ഞു കളയുന്ന ഭക്ഷണക്കീറിൽ
അവളുടെ ചുണ്ടിലെ അമൃത് ചുവയ്ക്കുന്ന
ചെമന്ന ചായം പുരളാതിരിക്കില്ല .
നിന്റെ വിശന്ന വയറിന്റെ കാളലിനെ
അവ ചുംബിച്ചടക്കാതിരിക്കില്ല
അവളുടെ കാൽമടംബുകളുടെ  രക്താഭയിൽ
സൂര്യൻ ഒളികണ്ണിടുമ്പോൾ താഴെ
ഭൂമിയിൽ ഒരുവേള ഇരുൾ പടരാതിരിക്കില്ല !

സൗന്ദര്യം കാഞ്ഞ അവളുടെ നിതംബ വടിവിലെയ്ക്ക്
നീ കണ്ണുകൾ അടയ്ക്കാതിരിക്കുക
അടിമയ്ക്കും തെണ്ടിയ്ക്കും മാത്രം
വികാരങ്ങൾ അടക്കാൻ പഠിക്കണമെന്നില്ലല്ലൊ !
നീ അവളുടെ ഇറക്കം കുറഞ്ഞ മേലുടുപ്പുകളുടെ
ഇടയിലെ ചന്ദ്രനെ ധ്യാനിച്ചുണർത്തുക
അവയ്ക്കും മുകളിലെ കട്ടിവെണ്‍മേഘങ്ങളിൽ
ദീർഘയാത്ര പോകുന്നത് സ്വപ്നം കാണുക
അവള്‍ വസന്തം കഴിയുമ്പോൾ
തിരികെ വരാതിരിക്കില്ല !


Saturday, October 4, 2014

ഒരു കണ്ണോളം വരുന്ന കടലെവിടാണുള്ളത് !
ഒരു കടലോളം വരുന്ന കണ്ണും !?
പിന്നെങ്ങനെ എനിക്ക് നീയും
നിനക്ക് ഞാനും സമമാകും !?

Monday, September 29, 2014

ഏതൊരുവളാണോ അക്ഷരങ്ങള്‍
കൊണ്ടമ്മാനമാടുന്നത്..
ഏതൊരുവളാണോ അക്ഷരങ്ങള്‍
കൊണ്ട് മാലകൊരുത്തണിയുന്നത്..
ഏതൊരുവളാണോ അക്ഷരമേ ജീവിതമെന്ന്
കരുതുന്നത് ..അവളില്‍ ഞാനുമുണ്ട് !

 -എല്ലാര്‍ക്കുമെന്റെ അക്ഷരാഭിവാദ്യങ്ങള്‍!

Thursday, September 25, 2014

പ്രഭോ മതി ദീപനം !
ദീപനീയം മമ ദേഹം
ദീനദയാലു നീ ഏറ്റെടുക്കുകീ
ദിരിപകം പോ -
ലുരുളുന്ന ജീവിതം !


Tuesday, September 23, 2014

ഒരു തലവേദന പോലെ
അസൂയ പോലെ ..
നൊമ്പരം പോലെ ..
എവിടെയോ കൊളുത്തിട്ടു
വലിക്കയാണ് മരണം !
അടുത്തെത്തിയോ ..അകന്നെത്തിയോ ..
അറിയുവാനില്ലാതൊരു ദൂരം !
അതുമാത്രമാണു നമുക്കിടയിൽ
ഇനിയും അവശേഷിക്കുന്നത് !

Saturday, September 20, 2014

ഇമയനക്കങ്ങളില്‍ താഴേയ്ക്ക് ഊര്‍ന്നു  വീഴുന്ന മഴ !
മൊഴികള്‍ക്കു മീതെ ചാഞ്ഞു പെയ്യുന്ന ചുംബനം ..
പെയ്തൊഴിഞ്ഞ എത്ര മഴകള്‍ക്ക്‌ മീതെയാണ്
ഒരു മാരിവില്ലുദിക്കുക!!

Wednesday, September 17, 2014

എല്ലാ നിഷേധത്തിന് പിന്നിലും നിലവിളിക്കുന്നൊരു ഹൃദയമുണ്ട് !

Monday, September 15, 2014

കാശ്യം വെടിവതെങ്ങനെ !!
പിന്നെ കാശ്യപം വെടിയുവതെങ്ങനെ ?!!
കാശ്യപീനാഥാ ചൊല്‍ക !കാശ്യ ശാല പിന്നെന്തു ചെയ്യും ?
കാസ ശ്വാസം വലിക്കുന്നു പാപികള്‍..ഞങ്ങള്‍ പാവങ്ങള്‍ !

Sunday, September 14, 2014

പ്രണയമാണ് ..
വേണുനാദം കൊണ്ട് പ്രപഞ്ച സൂക്ഷ്മതയുടെ
വാതായനം തുറന്നിട്ട പ്രണയം ..
നശ്വരത ഒഴുക്കിവിടുന്ന അനശ്വരമായ മായക്കാഴ്ചകള്‍ പ്രവഹിക്കുന്നതിവിടെ നിന്നാണ് ..
പ്രഭോ ,
ആ പ്രണയമാണ് നിനക്കും എനിക്കുമിടയില്‍ ജനനം കൊള്ളുന്നത്‌ ..ഇന്നും പിന്നെ എന്നും !

Tuesday, September 9, 2014

ചില ഓണ വിചാരങ്ങള്‍

കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴിയൊക്കെ എന്നോ പോയ്മറഞ്ഞിരിക്കുന്നു .ഇന്ന് ഓണം നവീനമായി അതിന്റേതായ സൗകര്യങ്ങളോടെ പാക്കറ്റിലോ അല്ലാതെയോ ഒക്കെ ആഘോഷിക്കുന്നു .പഴയ ഓണത്തിന്റെ മാധുര്യം പഴയവർക്കുള്ളതാണ് അതായത് ഓണം എന്ന ആഘോഷം മഹാബലിയെ നല്ലൊരു രാജാവിന്റെ നന്മയുള്ള ഭരണത്തിൻ കീഴിൽ പ്രജകൾ ഒരേപോലെ വാണ നാളിനെ ഓർമ്മപ്പെടുത്തുന്നതാണെങ്കിൽ ഇന്നത്‌ അപ്രാപ്യമായ കാര്യമാണ് .മഹാബലിയോടൊപ്പം തന്നെ താഴ്ത്തപ്പെട്ടു പോയി നാടിന്റെ ഒരുമയും പെരുമയും .ഇപ്പോൾ അവനവൻ അവനവനിൽ ആഘോഷിക്കപ്പെടുന്നു .ഓണമെന്നത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന പാട്ടുപാടുന്ന പുലികളിക്കുന്ന തിരുവാതിര ആടുന്ന വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്ന മത്സരങ്ങൾ പൊടിപൊടിപ്പിക്കുന്ന അങ്ങനെയങ്ങനെ എന്നിയാലൊടുങ്ങാത്ത അനേകമനേകം കാര്യങ്ങളുടെ വെടിവട്ടമാണ് ഇന്ന് .ഇവിടെ ഒട്ടിയ വയറുമായി വയറുനിറയെ തിന്നാൻ ഓണം വരാൻ കാത്തിരിക്കുന്ന ആരുമില്ല ഭിക്ഷക്കാർ പോലും !

നെല്ലുകൊയ്ത് അറനിറച്ച് പാട്ടക്കാർക്കും തൊഴിലാളികൾക്കും ഓണപ്പുടവയും നെല്ലും അരിയും കൊടുക്കാൻ ഇന്ന് ആരിരിക്കുന്നു .പത്തുവർഷം കൂടിക്കഴിയണമോ നമ്മുടെ വയലുകൾ മുഴുവൻ അപ്രത്യക്ഷമാകാൻ ? ഓണ നിലാവിൽ കൊയ്തൊഴിഞ്ഞ വയലേലകളിൽ കൂട്ടം ചേർന്ന് കളികളും പാട്ടും തിരുവാതിരയും ആടാൻ ആരുപോകും ഇനി ?ഓണത്തുംബിയും കൂട്ടുകാരികളും ഇനി ആര് ആടിപ്പാടും ?വലിയ എത്താക്കൊമ്പിൽ ഊഞ്ഞാലുകെട്ടി കൂട്ടം ചേർന്നാടാൻ എത്രകുട്ടികൾ മത്സരിക്കും ?പതിനെട്ടു കൂട്ടം കറികൾ നിരത്താൻ എത്ര അടുക്കള തയ്യാറാകും ?നെയ്പ്പായസവും ,പാലടയും,പ്രഥമനും പരിപ്പുപായസവും ആരൊക്കെ വിളമ്പും ? പഴയകാലത്തിന്റെ പഴകിയ നിറം മങ്ങിയ ഇത്തരം ഓണവിചാരങ്ങൾ പോലും ഇത്തലമുറയോടെ ബോറടിപ്പിക്കുന്ന വെറും പഴംബുരാണങ്ങളിലെയ്ക്ക് വഴിമാറിപ്പോകും .പക്ഷെ ഓണം എന്ന ബ്രാൻഡ്‌ ന്യൂ അത്തപ്പൂക്കളങ്ങളും ആഘോഷങ്ങളും കൂടിക്കൂടി വരും .റെഡിമൈഡ് ആയി നിങ്ങള്ക്ക് അമ്മയെ വരെ കിട്ടും .ലോകമെങ്ങും ഓണം ആഘോഷിക്കും .മലയാളികളായ മലയാളികൾ എല്ലാം പത്തുദിവസത്തിലൊന്നെങ്കിലും കസവു നേര്യതും മുണ്ടും അണിയും .ഇഷ്ടമില്ലെങ്കിലും മുല്ലപ്പൂ വയ്ക്കും .ഡാൻസറിയില്ലെങ്കിലും കൈകൊട്ടിച്ചാടും .പുരുഷന്മാർ ഒത്തുകൂടി വെടിവട്ടം വച്ച് കള്ളടിക്കും .ക്ലബ്ബുകൾ തമ്മിൽ മത്സരിക്കും .ഓടും ചാടും കബഡി കളിക്കും .എല്ലാം പത്തുദിവസം കൊണ്ട് അവസാനിക്കും .പിന്നെ എല്ലാവരും പഴയപോലെ മിണ്ടാതെ ആപ്പീസിൽ പോകും .തൊഴില ചെയ്യും ,മടിപിടിച്ച് വീട്ടിലൊളിക്കും കണ്ടാൽ ചിരിക്കാതെ ഒഴിഞ്ഞുമാറും അയൽക്കാരികൾ കുശുമ്പ് കുത്തും .പുരുഷന്മാർ തനിക്കുതാന്പോരിമയോടെ അപരനെ നോക്കി പരിഹസിച്ചു ചിരിക്കും .മാലോകരെല്ലാരും ഒന്നുപോലെ ഒരിക്കലുമാകില്ലെന്നു മനസ്സിൽ ആഞ്ഞുറപ്പിക്കും .അപ്പോൾ പിന്നെ നമ്മളെന്തിനാണ് ആഘോഷിച്ചത് ?!

കളങ്കമില്ലാത്തൊരു  രാഷ്ട്രത്തിനായി നമുക്കിനിയൊരു ഓണമെ ഇല്ല .നന്മ നിറഞ്ഞൊരു സാഹോദര്യത്തിലെയ്ക്കായി നമുക്ക് ജനതയെ ഇല്ല .അപ്പോൾ നമ്മിലെ നമ്മളെ നന്നാക്കുവാനെ കഴിയുകയുള്ളൂ .അതുകൊണ്ടുതന്നെ അവനവനിൽ ചുരുങ്ങുന്ന ആഘോഷങ്ങൾ ഒരു പരിധിവരെ നല്ലതാണ് .ഓണത്തിന്റെ മൂല്യം എന്താണെന്ന് പറഞ്ഞു മനസ്സിലാക്കുന്ന നല്ല ഗുരുജനങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ വേണം .ബോധ്യത്തോടെ സാമുദായിക സ്പർദ്ധ തെല്ലുമേശാതെ വേണം നമ്മുടെ കുട്ടികൾ ആഘോഷങ്ങൾ പങ്കുവയ്ക്കാൻ .ഓരോ ആഘോഷങ്ങളുടെയും ആവശ്യകതയ്ക്ക് അർഥങ്ങൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ ആഘോഷങ്ങളെ വേണ്ടെന്നു വയ്ക്കണം .കാരണം സമ്പത്ത് കാണിക്കുവാനോ പാരിസ്ഥിതിക മൂല്യ ചോഷണം വരുത്തുന്നതോ ആയ ആഘോഷങ്ങളെ കൂട്ടിവച്ചിട്ട് എന്ത് നന്മയാണ് സമൂഹത്തിനു ലഭിക്കുന്നത് ?ഓരോ വ്യക്തിയിലും നന്മ നിറയുബോഴേ ഓണം സംജാതമാകുന്നുള്ളൂ .അല്ലാത്തതെല്ലാം വെറും നിറച്ചാർത്തുകൾ മാത്രമാണ് .മലയാളിക്ക്‌  സമ്പത്തിന്റെയും മൂല്യങ്ങളുടെയും ആദർശത്തിന്റെയും വലിയ വില നല്കിയ മഹാനായ ചക്രവർത്തിയുടെ പേരെങ്കിലും ഒർമ്മയിലുള്ളോരു ഓണമാകട്ടെ ഇത്തവണ എല്ലാവരും ആഘോഷിക്കുന്നത് .മൂല്യത്തോടെയുള്ള സഹജീവി സ്നേഹത്തോടെയും പാരസ്പര്യത്തോടെയുമുള്ള ഒരോണം .


Monday, September 1, 2014

സ്നേഹത്തിന്‍റെ പരിമളം!

നമ്മുടെ അഭിപ്രായം എന്നത് ഒരു പരിധി വരെ മറ്റുള്ളവരുടെ അഭിപ്രായം ആകുന്നിടത്തുകൂടിയാണ് ഇന്ന് ലോകം ഒഴുകുന്നത്‌ .ഒരാളെപ്പറ്റി നമുക്കറിയുന്ന അറിവില്‍ക്കൂടിയല്ല പലപ്പോഴും അളക്കപ്പെടുന്നത് .മറ്റൊരാള്‍ കൊള്ളില്ല എന്ന് പറഞ്ഞാല്‍ അതുശരിയായിരിക്കും കൊള്ളില്ല എന്ന് നമ്മള്‍ തീരുമാനിക്കും .അയാള്‍ ഒരു പിശക് കേസാണ് എന്ന് സ്ത്രീകളോട് ആരെങ്കിലും പറഞ്ഞാല്‍ ഓളിയിട്ട് അവരോന്നാകെ ഓടിപ്പോകും ,എന്നാല്‍ അയാള്‍ ഇന്നലെവരെ നമ്മോടു മര്യാദയോട് കൂടി പെരുമാറിയ ഒരാള്‍ ,സ്നേഹത്തോടെ ആദരവോടെ പെരുമാറിയ ഒരാള്‍ ആണല്ലോ എന്നുപോലും ചിന്തിക്കാതെ അയാള്‍ക്ക് സ്ത്രീലംബടന്‍ എന്ന സ്ഥാനപ്പേര് നല്‍കി നാലാളോട് പറയും "ഹോ ഞാന്‍ അയാളെ കണ്ടിട്ടേയില്ല ,എനിക്കയാളുടെ പേര് കേള്‍ക്കുമ്പോഴേ അറപ്പാ ..വൃത്തികെട്ടവന്‍ " അതോടെ അയാളുടെ പരിവേഷം മാറുകയാണ് .അതുപോലെ എല്ലാകാര്യവും നമ്മള്‍ മാറ്റി മറിക്കും .ഒരു ഗുരുത്വവും ഇല്ലാത്തവര്‍ ബഹുമാന്യര്‍ ആകും .മക്കളായി സ്നേഹിച്ചവരേ അപരിചിതരെപ്പോലെ ആട്ടി നിര്‍ത്തും ,തുക്കടാ എഴുത്തുകാര്‍ മഹാ കവികള്‍ ആകും ,രാഷ്ട്രീയക്കാര്‍ മന്ത്രിമാര്‍ ആകും ,മാനം നോക്കി നടന്നവര്‍ ശാസ്ത്രഞ്ജര്‍ ആകും .ചെറു കിളികള്‍ മഹാ ഗരുഡന്‍മാര്‍ ആകും ലോകം കേഴ്മേല്‍ മറിയും അതിന്നിടയിലൂടെ മഹാമേരുക്കളായ ചിലര്‍ തല ഉയര്‍ത്തിത്തന്നെ നടക്കും .മഹാസാത്വികാരായ ചിലര്‍ പാദം മണ്ണില്‍ ചവുട്ടി ആരെയും നോവിക്കാതെ നമുക്കിടയിലൂടെ നടന്നു തന്നെ പോകും .അതിന്നര്‍ത്ഥം അവര്‍ അവരിലൂടെ ജീവിക്കുന്നു എന്നത് തന്നെയാണ് !എല്ലാ ബന്ധങ്ങളും നിലനില്‍ക്കുന്നത് വിശ്വാസങ്ങളില്‍ ഊന്നിയാകുമ്പോള്‍ നമ്മുടെ വിശ്വാസം നമ്മുടെ തൊലിപ്പുറമേ അന്യര്‍ വാരിപ്പൂശുന്ന സുഗന്ധം ആകാതിരിക്കട്ടെ ,അത് ഉള്ളിന്റെ ഉള്ളില്‍ നമ്മോടു മറ്റുള്ളവര്‍ തന്ന സ്നേഹവും ബഹുമാനവും പരിഗണനയും തൊട്ടറിഞ്ഞതാകട്ടെ !അപ്പോള്‍ നമ്മുടെ ലോകം കീഴ്മേല്‍ മറിയുന്നതും നമുക്ക് ചുറ്റും നന്മയുടെ പൂക്കള്‍ വിരിയുന്നതും കാണാം .നാമതില്‍ വെറുതെ ഇരുന്നാല്‍ മതി പൂക്കള്‍ നമ്മളെ സ്നേഹത്തിന്‍റെ പരിമളത്താല്‍ മൂടും !

Sunday, August 31, 2014

നിന്ദിക്കുന്നവരെ നമ്മൾ വന്ദിക്കണമൊ ?പ്രൌഡിയുടെ പേരിൽ ..സാമൂഹിക രാഷ്ട്രീയ സമ്പദ് പദവികളുടെ പേരിൽ ,വയസ്സിന്റെ കാര്യത്തിലും  വെള്ളിവെളി ച്ചത്തിലും ഉയർന്ന ഒരാളെ അയാൾക്ക്‌ അൽപ്പം പോലും വകതിരിവോടെ പെരുമാറാൻ / സഹജീവിയോടു കരുണയോടെ പെരുമാറാൻ അറിയില്ലെങ്കിൽ അയാളെ ആദരിക്കണോ ? അയാളെങ്ങനെ ആദരണീയനായ മഹാനാകും ! അങ്ങനെ എത്ര ആദരണീയരാണ് അരങ്ങുകളും ഭൂമിയും വാഴുന്നത് !

Tuesday, August 26, 2014

നന്മ മരം അഥവാ കൂട് !

കൂട് പ്രകൃതിയുടെ പരിച്ഛേദമാകുന്നത് എങ്ങനെയെന്ന് രണ്ടു ദിനങ്ങളിലൂടെ അനുഭവിപ്പിച്ചു തന്നു നന്മ മരം അഥവാ കൂട് മാഗസിന്റെ ചിമ്മിനിയിലെ സൗഹൃദക്കൂട്ടായ്മ .വെറുമൊരു കൂട്ടായ്മ ആയിരുന്നില്ല അത് .പ്രകൃതിയിലേയ്ക്കുള്ള വഴിയിലെ നനവുകൾ ഇനിയും വറ്റിയിട്ടില്ല എന്നതിന് തെളിവായിരുന്നു .ഓരോ ക്ലാസ്സുകളും നമ്മെ സ്നേഹപൂര്വ്വം ഓർമ്മപ്പെടുത്തിയത്‌ നമ്മുടെ ധർമ്മങ്ങൾ മാത്രമായിരുന്നു .നാം തന്നെയാണ് പ്രകൃതി എന്നുള്ള തിരിച്ചറിവിലേയ്ക്കു മടങ്ങാൻ നമ്മെത്തന്നെ പ്രേരിപ്പിക്കുന്ന കൂട്ടായ്മ .

അഭിമാനത്തോടെ പറയട്ടെ ചിമ്മിനി വന്യജീവി സങ്കേതത്തിലെ രണ്ടുനാൾ തികച്ചും അർത്ഥവത്തായിരുന്നു .ക്ലാസ്സുകൾ തന്ന ഗുരുനാഥന്‍മാര്‍ക്കും,കേരത്തിലെ പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും,  വനം കാണുവാൻ അവസരം ഒരുക്കിത്തന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുംപങ്കെടുത്ത ഓരോരുത്തർക്കും ,ശുദ്ധ സംഗീതത്തിന്‍റെ മാന്ത്രിക വിരലാല്‍ സംഗീതം മീട്ടിയ പോളി വര്‍ഗ്ഗീസിനും മാത്രം നന്ദി പറഞ്ഞാൽ മതിയാകില്ല .കൂടിന്റെ ഓരോ ജീവനാഡികൾക്കും അതിന്റെയൊക്കെ ആത്മാവായ വിസ്ഫോടനാത്മകമായ നിശബ്ദത ഓരോരുത്തരിലെയ്ക്കും അതിന്റെ മുഴുവൻ അന്തസത്തയോടെയും അന്തസ്സോടെയും മനസ്സിലാക്കിത്തന്ന മുരളിയേട്ടനും കൂടിയുള്ളതാണ് .ഓരോ പരിസ്ഥിതി പ്രവർത്തകരും നമുക്ക് നല്കുന്നത് വെറും വാക്കുകളല്ല നമ്മുടെ നിലനില്പ്പിന്റെ അർത്ഥമാണല്ലോ എന്ന് പങ്കെടുത്ത ഓരോ വ്യക്തിയും ചിന്തിച്ചു പോകും .ആ ചിന്തയാണ് നാളെ നമ്മെ പൊതിഞ്ഞു പിടിക്കുന്ന പ്രകൃതിയ്ക്ക് നാം തിരിച്ചു നൽകേണ്ടുന്ന നന്മയും വളവും എന്ന് ഞാൻ തിരിച്ചറിയുന്നു .

കാടിലെയ്ക്ക് പ്രകൃതിയിലേയ്ക്കു ഏറ്റവും നിർമ്മലമായ മനസ്സോടെ ശരീരത്തോടെ നിശബ്ദരായി പ്രകൃതിയുടെ ശബ്ദം ശ്രവിച്ച് സ്നേഹിച്ച് കടന്നു ചെല്ലണമെന്ന് പ്രകൃതിയുടെ ഉള്ളറിഞ്ഞ എൻ എ നസീർ പറഞ്ഞപ്പോൾ ഒരുവേള എന്നിൽ ഉണർന്നത് മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു .പുലർകാലേ കുളിച്ച് കുറിയിട്ട് ക്ഷേത്രത്തിലെയ്ക്കല്ല പ്രകൃതിയിലെയ്ക്കാണ് കടന്നു ചെല്ലേണ്ടത് എന്നുള്ള തിരിച്ചറിവാണ് ആ വിസ്ഫോടനത്തിന് പാത്രമായപ്പോൾ എനിക്ക് കിട്ടിയ പാഠം .ക്ഷേത്രത്തിലെ പൊരുൾ പ്രകൃതിയുടെ ഏറ്റവും ഉറവിലാണ് കുടികൊള്ളുന്നതെന്ന ആപ്തവാക്യമായ വസുധൈവ കുടുംബകം സാർത്ഥ കമാകുന്നതു അങ്ങനെ തന്നെയാണ് .പ്രകൃതിസ്നേഹികള്‍ക്ക് പ്രകൃതിയെ ആസ്വദിക്കാൻ മാത്രമല്ല പരിപാലിക്കാൻ കൂടിയാകണം എന്നത് സ്വ ശരീരത്തിലൂടെ മാത്രം നടത്തേണ്ടുന്ന ഒരു പ്രക്രിയ ആകുമ്പോൾ, നാം നമ്മുടെ മനസ്സും ശരീരവും അർപ്പിക്കേണ്ടത്‌ പ്രകൃതിയെ സ്നേഹിച്ചു പരിപാലിപ്പിച്ച് പരിപോഷിപ്പിച്ചു തന്നെയാകണം .

എത്ര സുന്ദരമാണ് പ്രകൃതിയുടെ സംഗീതം !കാട്ടിലൂടെ കാറ്റിലൊഴുകിവരുന്ന ചൂളക്കാക്കളുടെ ചൂളം വിളികൾ ,അരുവിയോഴുകുന്നത്‌ ..ഇലച്ചാർത്തുകളുടെ മർമ്മരങ്ങൾ,മരത്തോടും പാറയോടും തണുപ്പിനോടും ഒട്ടിനില്ക്കുന്ന ഇഴജന്തുക്കൾ ,വർണ്ണ ശലഭങ്ങൾ ,കാട്ടുപഴങ്ങൾ ,ഇലയനക്കത്തിൽ തുള്ളിക്കുതിച്ചോടുന്ന മാനും മുയലും മറ്റനേകം ജന്തുജാലങ്ങളും ,പായലുകൾ ,മരുന്ന് ചെടികൾ ,ഹരിത നിരകൾ ,കുന്നുകൾ ,പാറകൾ എന്നിങ്ങനെ കണ്ടാലും അറിഞ്ഞാലും ,ശ്വസിച്ചാലും തീരാത്ത എത്രയെത്ര കാഴ്ച്ചകൾ ,അനുഭവങ്ങൾ ..!കാടിനെയറിഞ്ഞാൽ ഒരുപക്ഷെ നാടിനെ സ്നേഹിക്കാനാകാത്തവിധം മാസ്മരിക സൗന്ദര്യമാണ് പ്രകൃതി ഒളിപ്പിച്ചിരിക്കുന്നത് .പക്ഷെ നാം അവയെ സ്നേഹിച്ചാരാധിക്കണം .അതിസുന്ദരിയായ ഒരു സ്ത്രീയെ ആരാധിക്കും പോലെ ..അവളിലെ മായക്കാഴ്ച്ചകൾ മറനീക്കി തികച്ചും ലാവണ്യമായി മുഗ്ദ സൗന്ദര്യമായി അനുഭൂതിയായി നമ്മിൽ നിറയണമെങ്കിൽ !അതിൽ വീണ് എന്നെന്നേയ്ക്കുമായി ആത്മനിർവൃതി അടഞ്ഞ് സ്വാസ്ത്യം നേടുവാൻ . 

Tuesday, August 19, 2014

മഴയുരുകിത്തീർന്ന നാട്ടുവെയിലിൽ
കാട്ടുചെടി ഉയിർകൊള്ളും ഓണവെയിലിൽ
ഒരുപാട്ട് പാടാമോ ഓലേഞ്ഞാലി കൂടെ
ഇളവെയിലേൽക്കാമൊ  കൂട്ടുകാരീ ..

Monday, August 18, 2014

ഒന്നുകൂടി വായിച്ചു നോക്കുമ്പോൾ
ഇഷ്ടം നഷ്ടപ്പെട്ടൊരു കവിതയാണ് ഞാൻ !

Friday, August 8, 2014

പ്രായം പരാതിയില്ലാത്തൊരു ഓട്ടക്കാരനാണ്
അണച്ചുവെന്നോ മടുത്തുവെന്നോ
വെള്ളം വേണമെന്നോ പറയാതെ
ഒരേയൊരിക്കൽ മാത്രം ഓട്ടം നിർത്തുന്നവൻ !

Monday, August 4, 2014

ചില മറവികൾക്ക് മുൻപിൽ
മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കുകയാണ്
ചിലയോർമ്മകൾ ..
വീണ്ടും ഓർക്കല്ലേ ഓർക്കല്ലേയെന്ന് ..

Saturday, August 2, 2014

ഒരു വീട്ടിൽ അഥിതിയായി ചെന്നാൽ ആ വീട്ടിലെ വീട്ടമ്മയെ പരിഗണിക്കുന്നവർ എത്ര പേരുണ്ടാകും .അതായത് an intelligence quotient ഒക്കെ അവിടെ നിൽക്കട്ടെ .അവരെ പിന്നീട് ഓർത്ത്‌ ഒന്ന് ഫോണ്‍ ചെയ്യുന്നവർ എത്ര പേരുണ്ടാകും ?അവരുടെ ഏറ്റവും നിസാരമായ പുളിശ്ശേരിയെയും കടുമാങ്ങയെപ്പറ്റിയും ഒരിക്കലെങ്കിലും ഓർക്കുന്നവർ എത്ര പേരുണ്ടാകും ?എന്തിനു സ്നേഹപൂർവ്വം അവരെ ഒരിക്കലെങ്കിലും എന്റെ വീട്ടില് വന്ന് ഒരുനേരം ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു കൊണ്ടുപോകുന്നവർ എത്ര പേരുണ്ടാകും ? ഗൃഹനാഥനെയും ആ വീട്ടിലെ കുട്ടികളെയും ഡോബർമാൻ പട്ടികളെയും വാഴ്ത്തുന്ന കൂടത്തിൽ ആ വീട്ടിലെ വെള്ളം നനഞ്ഞു വെള്ളം നനഞ്ഞു കൈയ്യിലെ മുഴുവൻ തൊലിയും പോയി നീറിനീറി നിൽക്കുന്ന ചില പാവം പെണ്‍രൂപങ്ങളെപ്പറ്റി ഓർക്കുന്നവർ തന്നെ എത്രപേരുണ്ടാകും ?? (ഇത്ര പോലും ഓർക്കാത്തവരാണ് സർക്കാരിന്റെ നയം മാറ്റണമെന്ന് ഉത്ഘോഷിക്കുന്നതും പെണ്‍ശാക്തീകരണം എന്ന് അലമുറ ഇടുന്നതും !കഷ്ടം !)

Thursday, July 31, 2014

കണ്ണുനീരല്ല സ്വപ്നങ്ങളല്ല നിൻ
നെഞ്ചിലേയ്ക്കിന്നു തുപ്പുന്നു തോക്കുകൾ
ഗാസ നീയിന്നു കത്തുന്നു കണ്ണുനീർ
ഉപ്പുകൊണ്ട് തിളയ്ക്കുന്നു ഭൂതലം !
ചോരിവായിലെയ്ക്കിന്നു നീ നല്കുന്നു
ചോരകൊണ്ട് നിറഞ്ഞൊരു മാറിടം
പെറ്റ കൈയ്കൾക്കു നല്കുവാനുണ്ടൊരു
കെട്ടുകെട്ടിയ തുണ്ട് ഖബറിടം !
എത്ര പൂക്കളിൽ തേൻ ചൊരിയുന്നൊരു 
ഹർഷ ഹേമന്തമിന്നെന്റെ പാട്ടുകൾ
എത്ര മോഹനമായിപ്പറയുന്നു
പൊന്നിലഞ്ഞിയിൽ ആടുമാ പൈങ്കിളി !

Tuesday, July 29, 2014

ജല്പ്പനങ്ങൾ

ഉന്മാദം പിടിച്ച ജല്പ്പനങ്ങൾക്കാണ്
കൂടുതൽ ചെവികൾ എത്തുക!

'പറങ്കിമാവിൻ ചോട്ടിൽ
കാറ്റു കൊള്ളാൻ പോയി
മാങ്ങയണ്ടി തലയിൽ വീണപ്പോൾ
നിന്റെ ഊഷരമായ ചുണ്ടുകൾ
തേക്കാത്ത വായിൽ നിന്നുമുള്ള
ഈറ ഒലിപ്പിക്കുന്ന ചുംബനങ്ങൾ
ഊറ്റിയെടുക്കുകയായിരുന്നു എന്റെ
വിറകൊള്ളുന്ന ചുണ്ടുകൾ '

എന്നെല്ലാം പറയുന്ന വൃത്തിയിൽ
ഒതുങ്ങാത്ത വൃത്തമെത്താത്ത
അലങ്കാരങ്ങളുടെ അടിവസ്ത്രങ്ങൾ പോലും
ചൂളി വിറയ്ക്കുന്ന നാണം കെട്ട ജല്പ്പനങ്ങൾ !
ഒറ്റക്കവിയിൽ തുടങ്ങി ഒറ്റവായനക്കാരിൽ-
ത്തുടങ്ങി എണ്ണമെത്താത്ത മുപ്പത്തി
മുക്കോടി ഇഷ്ടങ്ങൾ പറങ്കിമാങ്ങ വീണു
ചുനതട്ടി പൊള്ളലേറ്റ് ഉന്മാദം പങ്കിടുന്നു !

അവിടെയ്ക്ക് പഴമയുടെ മൃതഭംഗി വീശി
പ്രായം മണക്കുന്ന ചുണ്ടിൽ  

'സരസിജ നയനെ
മമ ജീവനിൽ മൃദുരാഗമായ്
ബിംബാധരി ചേർന്നമരു '

എന്നും പറഞ്ഞൊരു കവി .
ഒറ്റക്കവിയുമില്ല കൂടെ  അനുവാചകരുമില്ല
അയാളുടെ വിറയ്ക്കുന്ന താടിയിലൂടെ
ഒഴുകിയിറങ്ങുന്നൊരു കണ്ണീർത്തുള്ളി
താഴെവീണ് പൊട്ടിച്ചിതറി നൂറുപേരാകുന്നു
വന്നതുപോലെ തന്നെ വീണ്ടും അപ്രത്യക്ഷരാകുന്നു


Saturday, July 26, 2014

ഒരു പിതൃക്കൾക്കും ഏറ്റുവാങ്ങുവാനാകില്ല
വിശന്ന വയറിനാൽ നൽകുന്ന പിണ്ഡം !

Thursday, July 24, 2014

പരിഹൃതി എന്തിഹ !
പരിചൊടു ചൊല്ലുക
പരിഹസി കൂടാതെ ..

പരീക്ഷ്യൻ പരീണാഹൻ !
പരീക്ഷണകുതുകി  നീ
പരീക്ഷ അതെന്താകും!!

Wednesday, July 23, 2014

എന്നെയും നിന്നെയും നമ്മളാക്കുന്നത്

തനിച്ചിരിക്കലുകൾ ഏകാന്തതകൾ
പല  നേരങ്ങളിലെയും  പിടിവള്ളികൾ ..
അതിലിരുന്ന് നീയും ഞാനും ഊഞ്ഞാലാടും
അതിലൂടെ നീണ്ട നീണ്ട യാത്രകൾ പോകും

മനസ്സിന്റെ ഇനിയും തുറക്കാത്ത വാതിലുകൾ
ഓടാമ്പൽ നീക്കി അകത്തുകയറി
കുറ്റിയിട്ടു ചിക്കിച്ചികഞ്ഞു
 പൊട്ടിക്കരയുകയൊ
പൊട്ടിച്ചിരിക്കുകയോ മരണം പോലെ
വിങ്ങി വീർത്ത് ചീഞ്ഞു നാറുകയോ ചെയ്യാം

ഇനിയും കൊതിക്കുന്ന കൈയ്യുകൾ
തേടിപ്പിടിച്ച് അതിരുകളില്ലാത്ത
കുന്നിൻ മുകളിലേയ്ക്ക്
പാറിപ്പാറി പറന്നു പോകാം

ആകാശത്തിനു കീഴെ
നക്ഷത്രപ്പൂക്കൾ വിതറി
ഒരലട്ടലുകലുമില്ലാതെ
കരിനാഗങ്ങൾ പോലെ
ആഞ്ഞുയർന്നു അയഞ്ഞുലഞ്ഞ്
അമരത്വത്തിന്റെ ക്ഷണഭംഗി നുകരാം

കാറ്റെവിടെ കടലെവിടെയേന്നു
ഓർക്കുകപൊലുമില്ലാതെ 
തന്റെയുള്ളിലെ തിരമാലകളിൽ
ആലോലമാടി നീണ്ട ഉറക്കങ്ങളുടെ
ധ്യാനസ്ഥലികളിൽ ബുദ്ധന്മാരാകാം

ഒരു കണ്ണാടിയുമില്ലാതെ മുഖഭംഗി
 നോക്കിനോക്കി ഊറിച്ചിരിക്കും
എന്റെതന്നെ  പാതിമെയ്യുകളിൽ
അർദ്ധനാരീശ്വര അർത്ഥതലങ്ങൾ തേടാം

കട്ടിപ്പുതപ്പുകളേതുമില്ലാതെ
ശീതകാറ്റിൽ കാഴ്ച്ചകാണാനിറങ്ങാം 
പട്ടുറുമാല് പോലെ മേഘത്തേരേറി
പാറിപ്പറന്നു പോകാൻ
സ്വപ്നങ്ങളുടെ കെട്ടഴിക്കാം

തനിച്ചിരിക്കലുകളാണ്
ഇനിയും തനിച്ചിരിക്കലുകളാണ്
ഒരേ മാലയുടെ നൂല് പോലെ
കോർത്തിണക്കി 
എന്നെയും നിന്നെയും നമ്മളാക്കുന്നതല്ലേ ..!




Friday, July 18, 2014

മാനസേ മനസ്വിതെ സുന്ദരീ
മധുജമാണോ മനസ്സിലും മാനിനീ
നിനദമൊന്നുമുയർത്താതെ നിമ്നതാ 
നിയതിയെ ഭജിച്ച്ദ്വാരാ നില്പ്പതോ .

Wednesday, July 16, 2014

ആഹോരവം ആളുകയാണ് ഹൃത്തെ
കഷ്ടം !ആവൃതി കെട്ടിയുള്ളിൽ
വാഴുക മൂഡസ്വർഗ്ഗെ !

Sunday, July 13, 2014

രാത്രിയിലെപ്പോഴോ ഞാനും ദൈവവും ഉറങ്ങിയപ്പോൾ
മഴ പെറ്റിട്ടു പോയതാണോ പ്രഭാതത്തിലെ ഈ പച്ചക്കുരുന്നുകൾ !

Saturday, July 12, 2014

അമ്മേ എന്നുള്ള നിലവിളി
നാടും വീടും നിറവുമില്ലാതെ
രാജ്യവും അതിരുകളും
കാലവും ദേശവുമില്ലാതെ
ഓരോ അമ്മയിലും വന്നു
പതിക്കയാണെൻറെ പൊന്നു മക്കളെ !
ചാരുഹാസവദനെ ബിംബാധരി
ചായുക ചാരുതനു ചാരെ.
കുതൂഹലി കന്ദളം തൊട്ട -
മവരുവതൊന്നുമാത്രമോർച്ച !
ഓജസ്സൊഴിഞ്ഞു പോയി ചൊല്ലാ
നാവതുമില്ലത്ത്രാസം !

Thursday, July 10, 2014

വീടുകൾ !

കണ്ണീര് നിരാശ ഏകാന്തത
അട്ടഹാസം വിഷാദം വെയിൽ
പട്ടികൾ കുട്ടികൾ കടിപിടികൾ
വീർപ്പുമുട്ടുന്നു വീടുകൾ

കുട്ടികളുടെ കരച്ചിൽ
കുട്ടികളില്ലാത്തവരുടെ കരച്ചിൽ
കുട്ടികൾ വേണ്ടാത്തവരുടെ കരച്ചിൽ
വീർപ്പുമുട്ടുന്നു വീടുകൾ

ഉറക്കമില്ലാത്ത രാവുകൾ
ഉറക്കം നടിക്കുന്ന രാവുകൾ
വെറിപിടിച്ച താളങ്ങളിൽ
ഉള്ളുലയ്ക്കുന്ന രാവുകൾ
വീർപ്പുമുട്ടുന്നു വീടുകൾ

കണ്ണീരും ചിരിയും
നിലാവും കുട്ടികളും
കൂട്ടിമുട്ടിപ്പൊട്ടിച്ചിരിക്കുന്ന
വീടുകളെനോക്കി വീർപ്പുമുട്ടുന്നു വീടുകൾ

കട്ടകളും കട്ടിളയും പൊട്ടിത്തെറിച്ച്
വീർപ്പുമുട്ടലുകളുടെ ദീർഘ നിശ്വാസങ്ങൾ
വാതായനം വഴി പുറത്തേയ്ക്കൊഴുക്കാൻ
വീർപ്പുമുട്ടുന്ന വീടുകൾ !

Tuesday, July 8, 2014

സുവനൻ  ധ്വാന്തം പകുത്തിഹ
യണഞ്ഞിടുമ്പോൾ നക്ത നങ്കപോ-
ലല്ലോ സുമുഖീ സൂര്യകാന്തി നില്പ്പൂ !


Monday, July 7, 2014

മരമെന്നോ മനുഷ്യനെന്നോ എന്തു പേരിലും വിളിക്കാം.

പച്ച ഞരമ്പുകൾ പതിഞ്ഞ
പച്ച ഹൃദയമുണ്ടെനിക്ക് !
ഇനിയും പച്ച വറ്റാത്തവർക്ക് തണലായ്‌
പച്ചിലമൂടിയ ശിരസ്സുമുണ്ടെനിക്ക്
നിനക്ക് മരമെന്നോ മനുഷ്യനെന്നോ
എന്തു പേരിലും വിളിക്കാം ..
കടയ്ക്കു വെട്ടുവാൻ വരുമ്പോൾ
ആവതില്ല ഓടാൻ
കാലുകൾ പതിനായിരം തീറ്റ തേടി
മണ്ണിൽ യാത്ര പോയതല്ലേ !

Sunday, July 6, 2014

മരണങ്ങളിലെ കറുപ്പും വെളുപ്പും ('ശൂന്യമനുഷ്യർ' എന്ന പി സുരേന്ദ്രന്റെ നോവലിനെ ആസ്പദമാക്കി എഴുതിയത് .)

വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിന്റെ ആഴത്തിലേയ്ക്ക് സഞ്ചരിക്കാനുള്ള അന്തർവാഹിനിയാണ് ഓരോ ശിലാലിഖിതമെന്നും  അതിന്റെ വാതിൽ തുറന്നെത്തുന്നത് സല്ലേഖനം എന്ന ആത്മബലിയുടെ വെളുത്ത ശിഖരങ്ങളിലാണെന്നും 'ശൂന്യ മനുഷ്യർ 'എന്ന നോവലിലൂടെ പി.സുരേന്ദ്രൻ പറയുകയാണ്‌ .ഇവിടെ മരണമെന്നത്‌ മഹാ അനുഭൂതിയാണ് .ആത്മബലി  കറുത്തൊരു ചീളുപോലെ മരിക്കുന്ന ഓരോ ജീവനിലും നിലനിന്ന് അവരെ എക്കാലത്തെയ്ക്കുമായി  കറുത്ത മുദ്രകൾ പോലെ അവശേഷിപ്പിക്കുന്നില്ല ! പകരം, വെളുത്ത പഞ്ഞിപ്പുതപ്പിലേറ്റി അവരെ നിത്യതയുടെ താഴ്വരയിലെയ്ക്ക് പറത്തിക്കൊണ്ടു പോകുന്നു ,കൂടെ ഈ കൃതി വായിക്കുന്ന ഓരോരുത്തരും ഓരോ വെളുത്ത അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിലൂടെ പാറിപ്പാറി എങ്ങോ പോയ്മറയും .പിന്നെ വെറും ശൂന്യതമാത്രമായിരിക്കും അവശേഷിക്കുന്നത് .

ഗൃഹസ്ഥനും സന്യാസിയും ഒരുപോലെ ജീവിതത്തെ ആഴത്തിലും പരപ്പിലും അറിയുന്നുണ്ടെന്ന് ഇതിലെ ഓരോ കഥകളും നമ്മെ ഓർമ്മപ്പെടുത്തുന്നു .ധ്യാനമെന്നത് ജീവിതത്തിന്റെ സൂക്ഷ്മതലത്തിലെയ്ക്കുള്ള ഒഴുകിപ്പോക്കാവുബോള്‍ ഗൃഹസ്ഥനും സന്യാസത്തിലെന്നപോലെ അവന്റെ ജീവിതത്തിലൂടെ സ്വത്വത്തെ കണ്ടെത്തുകയാണ് അതൊരുപക്ഷെ വല്ലാത്തൊരു തിരിച്ചറിവാകാം .അതിൽപ്പെട്ട് പ്രാണനെ ഊരിയെറിഞ്ഞ് നിർവാണമടയാൻ അവരോരോരുത്തരും ശ്രമിക്കുകയാണ് .ആത്മബലി എന്നത് ഇവിടെ ഒരുതരം ആത്മരതി തന്നെയായി മാറുന്നു ,അവനവനോട് മാത്രമുള്ള ഇണചേരലാകുന്നു .അതാണിവിടെ സല്ലേഖനം അഥവാ വെളുത്ത മരണം .അവനവന്റെ ജീവിതത്തിന്റെ പരിമിതമായ വട്ടത്തിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ അർത്ഥം തേടുകയും അതിന്റെ അവസാനം പൂർണ്ണത മാത്രം തേടി,പൂർണ്ണമാക്കപ്പെടാൻ വേണ്ടി ആരോരുമറിയാതെ മരണത്തെ ക്ഷണിച്ച് സ്നേഹിച്ച് അതിലൂടെ ഇറങ്ങി പോകുന്നതുമാണെന്ന് എഴുത്തുകാരൻ വാക്കുകളിലൂടെ വരച്ചു കാണിക്കുകയാണ് .

സല്ലേഖനം ചെയ്യാൻ നിർഭയനാകണം സഹിഷ്ണുവാകണം ആഴമേറിയ മറവിയിലേയ്ക്ക് എല്ലാവരെയും ഉപേക്ഷിക്കണം അകത്തും പുറത്തും അപാര ശൂന്യതും നിശബ്ദതയും അറിയുവാനുള്ള ധീരതയും വേണം എന്നദ്ദേഹം ഓർമ്മപ്പെടുത്തുന്നു .കർമ്മബന്ധങ്ങളിൽ നിന്നുമുള്ള സമ്പൂർണ്ണ മുക്തി !അതിനാൽ ആത്മഹത്യകൾ എല്ലാം സല്ലേഖനങ്ങൾ അല്ല . പലതും വീർപ്പുമുട്ടിക്കുന്ന കറുകറുത്ത മരണങ്ങൾ മാത്രമാണ് .അതൊരിക്കലും വെളുപ്പിനെ അശ്ലെഷിച്ചണയ്ക്കുന്ന പരിശുദ്ധ മരണങ്ങളല്ല .അത്തരം മരണങ്ങളെയും എഴുത്തുകാരൻ കാണിച്ചു തരുന്നു .ആത്മഹത്യാ മുനമ്പുകളിൽ നിന്നും അവർ ജീവിതങ്ങളിലെയ്ക്ക് തിരിച്ചോടാത്തതെന്തെന്ന ഹൃദയവ്യഥയോടെ വായനക്കാരൻ അവരോടൊപ്പം കൊല്ലപ്പെടുന്നു !

മഹാനായ വിപ്ലവകാരിയായ ഭൂപൻ ദാ യുടെ ആത്മഹത്യയെപ്പറ്റി വിവരിക്കുന്നിടത്ത് പ്രത്യശാസ്ത്രങ്ങളും ആശയങ്ങളും എത്രമേൽ മഹത്തരങ്ങളും ലോകത്തെ കീഴ്മേൽ മറിക്കാൻ കെല്പ്പുള്ളതുമാണെങ്കിലും അവനവനിലെ പ്രാണന്റെ ചെറിയ തുടിപ്പിനുള്ളിൽ ഒതുങ്ങുന്ന ഒന്നുമാത്രമാണ് ജീവിതമെന്നു വായനക്കാരൻ ഞെട്ടലോടെ തിരിച്ചറിയും .സൂക്ഷ്മ പ്രത്യശാസ്ത്രത്തെക്കുറിച്ചു നക്സലൈറ്റുകൾ തർക്കിക്കുന്നത്‌ അടുത്തു നില്ക്കാനല്ല പിളർന്നു മാറാൻ വേണ്ടിയാണ് എന്ന് പറയുമ്പോൾ  അത് പ്രത്യയശാസ്ത്രങ്ങളുടെ ആത്മഹത്യകളാണ് . !എത്രതന്നെ മാറാൻ ശ്രമിച്ചാലും നക്സലൈറ്റുകൾക്കൊരു കുഴപ്പമുണ്ട് ജനാതിപത്യ രാഹിത്യത്തിന്റെ ഏതെങ്കിലുമൊരു കാട്ടുവള്ളി അവരുടെ കാലിൽ ചുറ്റിപ്പിണഞ്ഞു വീഴ്ത്തിക്കളയും എന്നദ്ദേഹം പറയുന്നു .ഇത്  1960 കളിൽ കേരളത്തിൽ രൂപപ്പെട്ട നക്സലൈറ്റു പ്രസ്ഥാനങ്ങളുടെ ആളിക്കത്തലും  വീഴ്ച്ചയും ഒരുപോലെ ഓർമ്മപ്പെടുത്തുന്നു .കെട്ടുപോയ ചില കനൽക്കാഴച്ച്കൾ വീണ്ടും നമ്മുടെ ഹൃദയത്തെ തൊട്ടുപോകുന്നത് എന്തിനാണെന്നും നാം വൃഥാ ചിന്തിച്ചു പോകും !

 സൈറാബാനു മനുഷ്യബോംബായി ചിതറിത്തെറിക്കുന്ന കബീർ സരായിൽ പറയാൻ സൂഫികളുടെ പോലും മനം കവർന്ന പട്ടുവസ്ത്രങ്ങളുടെയും ആത്മീയതയുടെയും സംഗീതത്തിന്റെയും മാസ്മരിക ലോകമുണ്ട് ,എത്ര മനോഹരമായാണ് എഴുത്തുകാരൻ ചില കാലഘട്ടങ്ങളോട് സംവദിക്കുന്നത് .പ്രണയം തോന്നുന്ന മിനാരങ്ങളും പട്ടുറുമാലും നമ്മെ കാട്ടിത്തരുന്നത് ആത്മബലിയിലേയ്ക്കെത്തിക്കുന്ന ഉന്മാദമാണ്‌ .ഇവിടെ പക്ഷെ അതിസന്തോഷത്തിന്റെ ഉന്മാദമല്ല മറിച്ച് ജീവിതം കെട്ടിപ്പൂട്ടുന്ന അതിസംഘർഷങ്ങളുടെ ഉന്മാദമാണ്‌ .അധികാരവ്യവസ്ഥയ്ക്കകത്ത് മനുഷ്യർ അനുഭവിക്കുന്ന പ്രതിസന്ധികൾക്കുള്ള ഉത്തരമാണ് അത്തരം ചില ആത്മഹത്യകൾ !അവിടെ ച്ഛിന്നഭിന്നമാക്കപ്പെടുന്നത് സ്വന്തം ശരീരം മാത്രമല്ല ,അധികാര വ്യവസ്ഥയോടുള്ള ഒരു ജനതയുടെ മുഴുവൻ രോക്ഷമാണ്‌ .

കവി നാരായണവാര്യരെക്കുറിച്ചുള്ള അദ്ധ്യായം  അത്യന്തം ഭ്രമാത്മകമാണ് .സത്യമോ മിഥ്യയോ എന്നുള്ള സന്ദേഹം ഓരോ വായനക്കാരനിലും ഒരു മാജിക്കൽ റിയലിസത്തിന്റെ കൈയ്യൊപ്പു ചാർത്തിത്തരും .എങ്കിൽക്കൂടി ഏറ്റവും മനോഹരമായ ചില സ്വപ്നങ്ങളിൽക്കൂടി സംഭവങ്ങളിൽക്കൂടി അനുഭവങ്ങളിൽക്കൂടി അവസാനം അദ്ദേഹത്തിന്റെ കൂടെത്തന്നെ ഒരു വഴുക്കലോടെ മരണം കടന്നു വന്നു കയറിട്ടു കുരുക്കി നമ്മളെയും കൊന്നുകളയും !പലതരം മരണങ്ങളുടെ ഗുഹാമുഖത്ത്‌ നിന്നും അറകളിലെയ്ക്ക് നയിക്കപ്പെട്ട ആത്മഘാതകരെക്കുറിച്ചെഴുതുമ്പോൾ ഒരു എഴുത്തുകാരന്റെ ആത്മസംഘർഷം എത്രത്തോളമാകാം എന്നിവിടെ ചിന്തനീയമാണ് .ആരുടെ മുന്പിലും തോല്ക്കാത്ത ദമയന്തിയുടെ പുരുഷഭാവം അവളുടെ മരണത്തിന്റെ മുഖം തന്നെയാണ് !

ജീവിക്കാൻ പ്രേരിപ്പിക്കാൻ ആത്മബലികളുടെ ഒരു കുടന്ന വെളുത്ത പൂക്കൾ നമ്മുടെ മുൻപിൽ വിതറിയിട്ടുകൊണ്ടാണ് പി സുരേന്ദ്രൻ നോവൽ അവസാനിപ്പിക്കുന്നത് .കാറ്റ് കടന്നു പോകും വരെ ഓടക്കുഴൽ അനാഥമാണ് ,കാറ്റിനെ സന്ഗീതമാക്കുന്നത് ഓടക്കുഴലിലെ ശൂന്യമായ ആത്മാവിലെ സുഷിരങ്ങളാണ്‌ ,ശൂന്യതയും ഒരു ദർശനം തന്നെയാണെന്ന് അദ്ദേഹം പറയുന്നു .അപ്പോൾ ശൂന്യ മനുഷ്യർ തീർച്ചയായും പകർന്നു തരുന്നത് ചില മഹത്തായ ദർശനങ്ങൾ തന്നെയാണ് .കറുകറുത്ത ജീവിതാനുഭവങ്ങളിൽ നിന്ന് വെളുവെളുത്ത ശൂന്യതയാകുന്ന പ്രകാശത്തിലേയ്ക്ക് അസാധാരണമായൊഴുകുന്നൊരു ആഖ്യാനമാണ് ഈ കൃതി .

Friday, July 4, 2014

ഒരു സ്ത്രീയായ ഞാൻ പറയുന്നു ,ഒരു പെണ്‍ജന്മത്തിലെ ഏറ്റവും അസഹനീയമായ (വളരെ കുറച്ചു പേർക്ക് മാത്രം സഹനീയമായ ) ഒന്നാണ് ആർത്തവം .പക്ഷെ സ്ത്രീ ശരീരത്തിലെ ഓരോ അണുവും സുഗമമായി പ്രവർത്തിക്കുവാൻ അത് കൂടിയേ മതിയാകൂ താനും !അതിനെ ഏറ്റവും മ്ലേഛവും തോട്ടുകൂടാത്തതുമായി കാണുന്നവരാണ് ഇന്നും ബഹുഭൂരിപക്ഷം വീടുകളും ! അടുത്ത തലമുറയെ ഉത്പാദിപ്പിക്കുക എന്ന ജൈവ പ്രക്രിയയുടെ ഭാഗം മാത്രമാണിതെന്നും അതിലുപരി ഏറ്റവും സ്നേഹത്തോടെയും പരിഗണനയോടെയും കാണേണ്ടുന്ന ഒന്നാണിതെന്നും സ്കൂൾ തലത്തിൽ അധ്യാപകർ എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബോധവത്കരിക്കേണ്ടുന്ന സമയം എന്നെ കഴിഞ്ഞു ! ഒരു സ്കൂളിലെങ്കിലും ഒരു തുറന്ന സമീപനം ഇതിനായി കൈക്കൊണ്ടിട്ടുണ്ടോ ആവോ !!? ഏതെങ്കിലും ഒരാണ്‍കുട്ടിയെങ്കിലും തുറന്നു ചോദിച്ചിട്ടുണ്ടാകുമോ കൂട്ടുകാരീ നീ എന്താണ് സഹിക്കുന്നതെന്ന് ??! അത് കേൾക്കുന്ന രക്ഷിതാവോ സഹപാഠിയോ അധ്യാപകരോ അതിനെ എന്നെങ്കിലും പ്രോത്സാഹിപ്പിക്കയോ തോളിൽ തട്ടി അഭിനന്ദിക്കയൊ ചെയ്തിട്ടുണ്ടാകുമോ ? എനിക്കറിയാം ഇല്ല എന്നെ ഉത്തരമുണ്ടാകൂ ! അതൊരു പാപമല്ല മറിച്ച് അസ്വസ്ഥതയോടെ ആ വേദന സഹിക്കുന്ന അനേകമനേകം പെണ്‍കുട്ടികൾ നാളെ ഒരമ്മ ആകേണ്ടുന്നവൾ അല്ലെങ്കിൽ അത്തരമൊരു മാനസിക ഘട്ടത്തിലൂടെ കടന്നു പോകേണ്ടുന്നവൾ ആണ് .അല്പം ബഹുമാനം അല്ലെങ്കിൽ സ്നേഹം കരുതൽ നിങ്ങൾക്കെല്ലാം അവൾക്കു നല്കാം .വസ്ത്രത്തിൽ അബദ്ധത്തിൽ അല്പം രക്തം പുരണ്ടാൽ അവളെ കളിയാക്കാതെ സഹകരിക്കാം .ഒരു സാദാ പെണ്‍ജന്മത്തിൽ അല്പ്പം രക്തം കറയായി പുറത്തു വരാത്ത ഒരാളും കാണില്ല .ഒന്നുകിൽ അടിയുടുപ്പിൽ അല്ലെങ്കിൽ പുറമേയ്ക്ക് എങ്ങനെയും .അതുകൊണ്ട് ആണ്‍ കൂട്ടുകാരെ നിങ്ങൾ നിങ്ങളുടെ സഹധർമ്മിണിയെ ,മകളെ സഹോദരിയെ ,അമ്മയെ ,കൂട്ടുകാരിയെ ഈ അവസ്ഥയിൽ കണ്ടാൽ ഒരു തുണ്ട് സ്നേഹം പരിഗണന എന്നും കൊടുക്കണം .ആർത്തവം ഒരു തെറ്റോ,വിശുദ്ധിയില്ലായ്മയോ  ഒളിച്ചുകളിയോ ഒന്നുമല്ല സ്ത്രീയെ നിലനിർത്തുന്ന ജൈവ പ്രക്രിയ മാത്രമാണ് .

Wednesday, July 2, 2014

ആരു നീ ഹന്ത കാന്തിക താരമേ
ആരുടെ ജീവ  മുഗ്ദാനുരാഗമെ
കാണുവാൻ കൊതിച്ചേറെയലഞ്ഞു ഞാൻ
കണ്ടതേയില്ല കാണാൻ കൊതിച്ച നാൾ !

ആനമിക്കുകയാണു ഞാൻ ദേവതേ
ആനുരക്തി ശമിക്കുവാനെന്തിഹ !
ആടകം പോലെ ദേഹം തിളങ്ങവേ
ആജ്യമെന്ന പോലാഹരിക്കട്ടെ ഞാൻ .


Tuesday, July 1, 2014

Solipsism holds that knowledge of anything outside one's own mind is unsure;the mind to be the only god and all actions in the universe are thought to be a result of the mind assuming infinite forms,saying Upanishad,concepts are similar isn't it?

Monday, June 30, 2014

വയലറ്റ്

തടാകത്തിന്റെ അങ്ങേത്തലയ്ക്കൽ
ഒരു വളഞ്ഞ വഴി പോകുന്നുണ്ട്
ഇങ്ങേക്കരയിൽ നിന്നും മഴയിലൂടെ നോക്കുമ്പോൾ
വെളുത്ത കുടയുടെ കീഴിൽ
പതുങ്ങി നീങ്ങുന്ന നിന്റെ
ഭംഗിയുള്ള നനുത്ത ശരീരം കാണുന്നതെയില്ല
ഇളം വയലറ്റ് സാരിയുടെ നിറം
മഴയോട് ചേർന്ന് ഒലിച്ചുപോകും പോലെ ..
നിന്റെ കണങ്കാലിന്റെ മുകളിലെ
നീല ഞരമ്പുകൾ നീയുയർത്തിപ്പിടിച്ച
സാരിത്തുംബിന്നു താഴെ ആരും കാണാതെ
ഒളിഞ്ഞു നോക്കിയാസ്വദിക്കാതെ
വെറുതെ മഴ നനഞ്ഞു നനഞ്ഞ് അങ്ങനെ ..
ഓ അറ്റം വെട്ടി അരുമയോടെ നിരത്തി
ചീകിയിട്ട നേർമ്മയിൽ സുഗന്ധം പരത്തുന്ന
നിന്റെ മുടിയ്ക്ക് മുകളിൽ അരുമയിൽ
പതിഞ്ഞൊഴുകുന്ന വെള്ളത്തുള്ളികൾ ..
ചേർത്തു നിർത്തി ഇടം കഴുത്തിലൂടെ
കൈയിട്ട് മുടിയുൾപ്പടെ പുറം തഴുകാൻ
ആരും ചിന്തിക്കുന്നത് പോലുമില്ല .
മഴയിലൂടെ നോക്കുമ്പോൾ
വെളുത്ത കുടയുടെ കീഴിൽ
പതുങ്ങി നീങ്ങുന്ന നിന്റെ
ഭംഗിയുള്ള നനുത്ത ശരീരം കാണുന്നതെയില്ല
ഇളം വയലറ്റ് സാരിയുടെ നിറം
മഴയോട് ചേർന്ന് ഒലിച്ചുപോകും പോലെ ..
തടാകത്തിന്റെ അങ്ങേത്തലയ്ക്കലെ
ഒരു വളഞ്ഞ വഴിയിലെവിടെയോ
മഴയത്ത് തെറിച്ചു പൊകാനാഞ്ഞ്
ഒരു ടാക്സി കാറിന്റെ ചക്രം ഉരഞ്ഞുലഞ്ഞ്
അതിന്റെ ഒടുക്കത്തെ നട്ടും അഴിച്ചെടുക്കുന്നുണ്ട്
നീയും കാറും തമ്മിൽക്കാണുന്ന
ഒരവസാന കാഴ്ചയുണ്ട് .
നിന്റെ സൗന്ദര്യത്തിൽ മയങ്ങി മയങ്ങി
ചക്രത്തിന്റെ ചില കയറ്റിറക്കങ്ങളുണ്ട്
വയലറ്റ് നിറം മാത്രമേ നിനക്കിഷ്ടമുള്ളോ ?
സാരിയാകെ ചെമന്നു പോയല്ലോ ..

Monday, June 23, 2014

എവിടെയോ മഴ നനഞ്ഞ പൂവിന്റെ
പരശതം നോവറിഞ്ഞ കാറ്റിന്റെ
ഇടയിലെപ്പോഴോ തെറിച്ച മണ്ണു-
പോലാരുമറിഞ്ഞിടാതെ വന്നു
ദിച്ചതാണു ഞാൻ!
ഒരുസ്വപ്നത്തിന്റെ സ്വനപേടകത്തിലിരുന്നു
പൊട്ടിക്കരയുന്നുണ്ടെന്റെ ശബ്ദം !


Thursday, June 19, 2014

അക്ഷരങ്ങൾ പോലും വേണ്ടാത്ത നിനവുകൾ
ഉത്തരങ്ങൾ ഏതും വേണ്ടാത്തുടുപ്പുകൾ
ഇതിന്നിടയിലെ  ഞെങ്ങി ഞെരുങ്ങലിൽ
ഉടലെന്ന നീയും ഞാനും !

Monday, June 16, 2014

കല്പ്പാന്തര പ്രേമ കാവ്യം ചമച്ചൊരു
വൃത്തത്തിലാണ് വസിക്കുന്നതിപ്പൊഴും
വൃത്തം മുറിച്ചൊരു പാലമിട്ടപ്പുറം
വൃത്തം വരച്ചു നടക്കുന്നു കുട്ടികൾ  !

Sunday, June 15, 2014

.വലിച്ചു മാറ്റീട്ടും  കള്ളം
പിടിച്ചു കേറുന്നു നാക്കിൽ
നിനക്ക് നാണമുണ്ടെങ്കിൽ
തൊഴിച്ചകറ്റെടോ നാവേ !

Friday, June 13, 2014

കരഞ്ഞു തീർക്കാനാകാത്ത
എത്രയോർമ്മകളാണ്
പട്ടടയിൽ എരിഞ്ഞു തീരുന്നത് !
ഇനിയും
പറഞ്ഞു തീരാത്ത
എത്ര മോഹങ്ങളാണ്
പട്ടടയിൽ വീർപ്പുമുട്ടി
പൊട്ടിത്തെറിക്കുന്നത് !
ഒരേപോലുള്ള രണ്ടു നക്ഷത്രങ്ങൾ മക്കളായി വന്നെന്ന്
ആകാശം സ്വാഭിമാനം !
ഒരേപോലുള്ള രണ്ടു മക്കൾ നക്ഷത്രങ്ങളായോയെന്ന്
ഇനി ഒരിക്കലുമുറങ്ങാതെ
മാനം നോക്കിയിരിക്കയാണ്
ഒടുങ്ങാത്ത ഹൃദയവ്യഥയോടെ ഒരമ്മ !

Friday, May 23, 2014

HOW OLD ARE YOU !

 HOW OLD ARE YOU !  മഞ്ജു വാര്യർ തിരിച്ചു വന്ന സിനിമ എന്ന രീതിയിലല്ലാതെ ഇതിനെ ഒന്ന് നോക്കിക്കാണുമ്പോൾ ഒരു സ്ത്രീപക്ഷ സിനിമ എന്നതിലുപരി ഒരു സ്ത്രീപക്ഷ ഉൾക്കാഴ്ച ഇതിലുടനീളം കൊണ്ടുവന്നു എന്നത് ഏറെ സന്തോഷിപ്പിക്കുന്നു ! ബോബിയും സഞ്ജയ്‌ യും സ്ത്രീ മനസ്സിനെ മനസ്സിലാക്കിയത് എന്നെ തെല്ല് അമ്പരപ്പിക്കുകയും ചെയ്തു എന്ന് പരസ്യമായിത്തന്നെ പറയട്ടെ. കാരണം മഞ്ജു വാര്യർ അവതരിപ്പിക്കുന്ന 36 കാരി സ്ത്രീ നേരിടുന്ന അവസ്ഥകൾ ഇന്നത്തെ മധ്യവർഗ്ഗ കുടുംബങ്ങളിലെ ഒട്ടുമിക്ക കുടുംബിനികളും നേരിടുന്ന ഒന്ന് തന്നെയാണ് .കാരണം അവളുടെ സ്വപ്‌നങ്ങൾ കുടുംബത്തിന്റെ മൊത്തം സ്വപ്നമായി പരിണമിക്കുന്നത് ഇന്ന് മിക്ക ഭർത്താക്കന്മാരും തിരിച്ചറിയുന്നില്ല .അവർക്ക് വേണ്ടത് സുന്ദരിയായ ,സുഹൃത്തായ ,കാര്യപ്രാപ്തിയുള്ള എന്തിനും പോന്ന അഭിമാനം തുളുംബാൻ പോന്ന ഇരുപതുകാരിയെ ആയിരിക്കും .അവിടെ നരകയറിയ, സ്വപ്നങ്ങൾ എന്നത് കുടുംബം മാത്രമാകുന്ന , ഭർത്താവിനും കുടുംബത്തിനും വേണ്ടി പുറത്തു പോയി ജോലിചെയ്യുകയോ വീട്ടിലെ പണികളിൽ മുഴുകി ചോറും കറിയും വച്ച് വല്ലപ്പോഴും അയലത്തെ പെണ്ണുങ്ങളെ നിരീക്ഷിച്ചു താൻ അതിലും മിടുക്കിയല്ലേ എന്ന് ചോദിക്കുന്ന ,സീരിയൽ കണ്ടു കണ്ണ് നനയ്ക്കുന്ന ഒരു പാവം വിഴുപ്പിനെ ആർക്കു വേണം ? എന്നാൽ ഈ വിഴുപ്പു ഭാണ്ഡങ്ങൾ ഒന്ന് മാറി നിന്ന് നോക്കട്ടെ ചോറിനും കറിയ്ക്കും സ്വാദു കുറയട്ടെ ..മക്കൾക്ക്‌ നേരാം വണ്ണം തേച്ചു മിനുക്കിയ കുപ്പായങ്ങളും ,ഭക്ഷണവും പരിരക്ഷയും സാന്ത്വനവും കുറയട്ടെ അപ്പോൾ അവർക്ക് സ്വാഭാവികമായും എന്തോ ഒന്ന് ജീവിതത്തിൽ നിന്നും പോയപോലെ തോന്നും .'ആ എന്തോ ഒന്ന് ' മാത്രമാണിന്ന് മിക്ക കുടുംബങ്ങളിലും അമ്മമാർ ! അല്ലാതെ അവർ വ്യക്തികളാണെന്നോ അവർക്ക് സ്വന്തമായി വ്യക്തിത്വം ഉണ്ടെന്നോ തിരിച്ചറിയാൻ പങ്കാളികളോ മക്കളോ സ്വന്തമായി ആ സ്ത്രീകൾ പോലും മറന്നു പോകുന്നു !അപ്പോഴാണീ സിനിമയ്ക്കുള്ള പ്രാധാന്യം !

പ്രസിഡണ്ട്‌  ഒരു സാദാ  സ്ത്രീയെ കാണുവാൻ ആഗ്രഹിക്കുന്നതിലെ യുക്തി അവളുടെ മങ്ങിമറഞ്ഞു പോയ ചെറുപ്പത്തിന്റെ പ്രസരിപ്പ് ഇന്നും ബാക്കി നിൽക്കുന്നുവെന്ന കാട്ടിത്തരലുകൾ ആണെങ്കിലും മുപ്പത്തിയാറ് വയസ്സ് ഒരു സ്ത്രീയെ വയസ്സിയാക്കുന്നതിലെ അമ്പരപ്പ് വിട്ടുമാറ്റുന്നില്ല ! സ്ത്രീ സ്വാതന്ത്ര്യം ,പുരുഷനൊപ്പമുള്ള സ്വാതന്ത്ര്യം ,വീട് വിടാനുള്ള സ്വാതന്ത്ര്യം ,വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ,പ്രായമാകാനുള്ള സ്വാതന്ത്ര്യം ,പ്രായത്തെ അന്ഗീകരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നും മറ്റും പറഞ്ഞു പറഞ്ഞ് സ്ത്രീ എന്നത് ഒരു വൃത്തത്തിലൊതുങ്ങുന്ന ഏക കോശം മാത്രമാകുന്നു .അത് സിനിമയിലായാലും ജീവിതത്തിലായാലും ! സ്ത്രീകൾക്കെന്തിനാണ് പുരുഷനൊപ്പം സ്വാതന്ത്ര്യം ? എന്തിനാണ് ഒരതിരിടുന്നത് ?സ്വാതന്ത്ര്യം എന്നതിന് ആരുടേയും ഒന്നിന്റെയും ഒപ്പം നില്ക്കുക എന്ന അർത്ഥമല്ല ഉള്ളതെന്ന് എന്തുകൊണ്ടാണ് നമ്മളിനിയും തിരിച്ചറിയാത്തത് ! സ്വപ്നങ്ങൾ കാണുന്ന ഉൾത്തടങ്ങളെ ചേർത്തു നിർത്തി അത് മനസ്സിലാക്കുന്ന അവ പൂർത്തിയാക്കുവാൻ കൂടെ നിന്ന് പിന്തുണയ്ക്കുന്ന ഭർത്താക്കന്മാർ ,മക്കൾ ഇന്ന് തുലോം കുറവാണ് പക്ഷെ അവർ തിരിച്ചറിയാതെ പോകുന്നത് ഭാര്യ/ അമ്മ അവരുടെ കൂടെനിന്ന് അവർക്കുവേണ്ടിയാണ് നല്ലൊരു കുടുംബം മുന്നോട്ടു കൊണ്ടുപോകാനാണ്‌ കാളയെപ്പോലെ ഒന്നും പറയാതെ പണിതുകൊണ്ടേ ഇരിക്കുന്നതെന്ന് !അതുകൊണ്ടാണ് സുസ്ഥിരമായ ഒരു ഭവനം സംജാതമാകുന്നതെന്നും .

ഇന്ന് സ്ത്രീകൾ സ്വയം പര്യാപ്തകളാകുമ്പോൾ ഒന്നുകിൽ അവർക്ക് പിറകിൽ ഐക്യമുള്ള സുദൃഡമായ ഒരു കുടുംബമുണ്ടാകും അല്ലെങ്കിൽ അവർ വിവാഹിതരാകാതെ സ്വയം മുന്നേറും അതുമല്ലെങ്കിൽ അവർക്ക് പിന്നിൽ പൊട്ടിപ്പൊളിഞ്ഞു പോയ ഒരു കുടുംബ ജീവിതത്തിന്റെ കൈപ്പേറിയ വാശിയുണ്ടാകും.ഇതൊന്നുമല്ലാതെ എന്നായിരിക്കും സ്വമേധയാ സ്ത്രീകൾ വളർന്നു വരികയും അവരെ സ്ത്രീപുരുഷ വേലിക്കെട്ടുകളുടെ അകത്തിടാതെ സ്വയം പൂത്തുലയാൻ വളർന്നു പന്തലിക്കാൻഅനുവദിക്കുന്ന യഥാർത്ഥ സ്വാതന്ത്ര്യം ജീവിതങ്ങളിൽ സംജാതമാകുന്നതാവോ ?!

ഇവിടെ ഒരു സുഹൃത്തിന്റെ കരുത്തുറ്റ ഓർമ്മപ്പെടുത്തലുകളും മനസ്സിലാക്കലുകളുടെ കൈപ്പുനീരിൽ നിന്നുമാണ് അവളിലെ സ്ത്രീ തനിക്കു കഴിയും എന്ന പഴയ സമവാക്യത്തിലെയ്ക്ക് തിരിച്ചു നടക്കുന്നത് .മഞ്ജുവിനെ മേക്കപ്പ്‌ ചെയ്തു ചിലയിടങ്ങളിൽ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുകയും, കൂട്ട ഓട്ടത്തിൽ നിന്നുമുള്ള ഭാഗം കൂട്ടിയിണക്കിയതും വേറിട്ട്‌ നില്ക്കുന്നു .ചിത്രത്തിൻറെ സൗന്ദര്യം അതിന്റെ കഥാതന്തു മാത്രമാണ്, പിന്നെ മഞ്ജുവിന്റെ താരസാമീപ്യവും. അല്ലാതെ എടുത്തുപറയാൻ സിനിമയിലെ നിറക്കൂട്ടുകൾക്കായിട്ടില്ല .കുഞ്ചാക്കോ ബോബന് കാര്യമായി ചെയ്യേണ്ടതൊന്നുമില്ല രംഗത്ത്. അതുകൊണ്ടുതന്നെ എടുത്തുപറയേണ്ടുന്ന അഭിനയ മുഹൂർത്തങ്ങൾ ഇല്ലതന്നെ .അതുപോലെ തന്നെ മറ്റുള്ളവർക്കും .പക്ഷെ പലഹാരം ഉണ്ടാക്കി വിൽക്കുന്ന ആ അമ്മരംഗം അതിമനോഹരമായി അവർ ചെയ്തിരിക്കുന്നു എന്ന് പറയാതെ വയ്യ .ഇന്ത്യൻ പ്രസിഡണ്ട്‌ വരുന്നതും വിവിഐപി കളെ കാണുവാനുള്ള ബദ്ധപ്പാടുകളും ,ചോദ്യം എതായിരിക്കുമെന്നുമുള്ള ആകാംക്ഷ രംഗങ്ങളും നന്നായിത്തോന്നി.പച്ചക്കറിത്തോട്ടത്തിൽ അല്പ്പം കൂടി പച്ച ആകാമായിരുന്നു എന്ന പരദൂഷണത്തോടെ നല്ലൊരു സിനിമ കാണിച്ചു തന്ന റോഷൻ ആണ്ട്രൂസിനൊരു കൈയ്യടിയോടെ നന്ദി ബോബി സഞ്ജയ്‌ .വീണ്ടും എഴുതുക നിങ്ങൾക്ക് മാജിക്‌ ചെയ്യാനാകും .


Sunday, May 11, 2014

ഒരുനൂറു കനവിലകൾ!

നീ കാണുന്നുവോ എന്ന്
ആകാശം നോക്കി ആയിരമായിരം
നക്ഷത്രങ്ങളെ നോക്കി ..
ആകാശച്ചെരുവിലെ നീലക്കറുപ്പിനുള്ളിലെ
വജ്രത്തിളക്കം നോക്കി അരുമയോടെ
നീ കാണുന്നുവോ എന്ന് ..

കാറ്റ് പറഞ്ഞുകേട്ട്
മൊട്ടക്കുന്നിലെയ്ക്ക്
കാട്ടുമുല്ല പൂത്തകാട്ടുവഴികളിലൂടെ
പതിയെ ഏറെപ്പതിയെ
ആരും കാണാതെ സൂക്ഷിച്ച്
ഓരോ പാദവും എടുത്തുവച്ച്
നിനക്ക് കിട്ടുന്നുവോ പൂമണം
എന്നാനന്ദിച്ച് മെല്ലെക്കുനിഞ്ഞൊരു
പൂമണം പൊട്ടിച്ചു
കാറ്റ് പറഞ്ഞത് കേട്ട് ..

ഓരോ അടുക്ക് വെള്ളത്തുണികൾ
നനച്ച് പൂവെയിലത്തുണക്കി
അടുക്കിയൊതുക്കി വയ്ക്കുമ്പോൾ
ഓരോ തുണിയിലും
നീ കിടന്നു കാലിളക്കുന്നതോർത്തു
വീണ്ടും വീണ്ടും ചിരിച്ചു ചിരിച്ച്
ഓരോ അടുക്ക് വെള്ളത്തുണികൾ..

ഓരോ പഴങ്ങളും സൂക്ഷിച്ചു
നോക്കിനോക്കിത്തിന്നവേ
നിനക്ക് നിറഞ്ഞോ ..നിറഞ്ഞുവോ
എന്നോമനിച്ച് വീണ്ടും
മുറിച്ചു മുറിച്ച്
ഓരോ പഴങ്ങളും സൂക്ഷിച്ചു .

ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ
നീ കളിക്കയാണോ കുളിക്കയാണോ
എന്നു കളിപറഞ്ഞു പറഞ്ഞ്
നിനക്ക് തണുക്കുന്നോ എന്നടുക്കിപ്പിടിച്ച്
കാറ്റുകൊള്ളാതെ നനുനനുത്തൊരു
ചിരിയൊഴുക്കി  ജാഗ്രതയോടെ
ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ

 അങ്ങനെയങ്ങനെ
ആർക്കു  കിട്ടും
ഒരു ഗർഭവതിയുടെ മാത്രം
നിനച്ചിരിക്കലുകളിലെ
ഒടുങ്ങാത്ത
അമ്മവികാരങ്ങളെ
അങ്ങനെയങ്ങനെ
ആർക്കു  കിട്ടും....!

 






Friday, May 9, 2014

പൊയ്ക്കുതിരകളെപ്പോലെ ,പൊയ്ക്കാളകളെപ്പോലെ പൊയ് ആനകൾ നിരന്നു നിന്ന് കുടമാറ്റം നടത്തുന്ന അതിസുന്ദരമായൊരു പൂരം ഇനി എന്നായിരിക്കും വരിക !!ഈ തൃശ്ശൂരിൽ നിന്നുമുയരുന്ന മനുഷ്യ ചെകിടുകൾക്കും അതീതമായ ഈ കൂട്ട മൃഗവിളിയിൽ കാടിറങ്ങി കാടായ കാടുകളും ചെടികളും ഓടിവരുന്ന നാൾ എന്നായിരിക്കും ഉദിച്ചുയരുക ! (സൂര്യൻ പൊട്ടിച്ചിതറി ഒക്കെ കെട്ടുപോകട്ടെ ഹും  ! )

Wednesday, May 7, 2014

ചില നേരങ്ങളിൽ ബോധമില്ലാത്തൊരു കാട്ടാനയെപ്പോലെ
ഇഷ്ടങ്ങളിൽ കൊമ്പ് കുത്തിമലർത്തുകയാണ്..
തിരിഞ്ഞു നോക്കുമ്പോൾ പരിഹസിച്ചു ചിരിക്കുകയാണ്
കൂട്ടത്തോടെ ഇഷ്ടങ്ങളെല്ലാം ..!
അവർക്കാനയെ  ഇഷ്ടമല്ല പോലും
വെറും കുത്തിമലർത്തലുകളെ മാത്രമാണത്രേ പ്രിയം !

Friday, April 25, 2014

കാലാതിവർത്തിയായി ഓരോ നാടിനും നിലനിന്നു പോരുന്ന ചരിത്രമുണ്ട് .എത്ര കണ്ണടച്ചാലും കണ്ണിന്റെയുള്ളിലെ കാഴ്ച പോലെ അത് തന്നെയാണ് സത്യവും !കണ്ണടച്ചാൽ കാഴ്ച മറയുമെങ്കിലും കാഴ്ച എന്തായിരുന്നു എന്നത് ഉള്ളിൽ നിന്നും മറയുന്നില്ല .ഇന്നലെ 'നിലം നാടകവേദി'യുടെ പ്രഥമ നാടകമായ 'യാഗൂര് ' കണ്ടപ്പോൾ എന്തൊക്കെയോ നഷ്ടബോധങ്ങൾ ഉള്ളിലിരുന്നു തിക്കുമുട്ടി .അത് വേറൊന്നുമല്ല നമ്മുടെകൂടെ നടന്നു മറയുന്ന മണ്ണിന്റെ യഥാർത്ഥ മണവും ഗുണവും തന്നെയാണല്ലോ എന്ന തിരിച്ചറിവ് തന്നെയാണ് .മഹാത്മജി വന്ന മനോഹരമായ യാഗൂര് എങ്ങനെ അവശിഷ്ടങ്ങൾ കൊണ്ട് തള്ളി വിഷ പങ്കിലമായ ലാലൂര് ആയി എന്ന് കുഞ്ഞുങ്ങൾ അവർക്കാവും പോലെ കള്ളമില്ലാതഭിനയിച്ചു. നിലം എന്ന മനോഹരമായ പേര് പോലെ തന്നെ അർത്ഥവത്തായി കുട്ടികൾക്കുവേണ്ടിയുള്ള ഈ നാടകവേദിയും മുൻപോട്ടു പോകട്ടെ കൂടെ നമ്മുടെ കുഞ്ഞുങ്ങളും !അഭിനന്ദനങ്ങൾ !

Thursday, April 24, 2014

പാലുകാച്ച് !

സ്നേഹിക്കുന്നതും കാമിക്കുന്നതും
സ്നേഹത്തിന്റെ കൂടപ്പിറപ്പായ
വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്നിടയിൽ
സംശയം സിമന്റു പോലെ
ഇടയ്ക്കിടയ്ക്കിട്ടു കൊടുക്കുന്നതും
കൊണ്ടാണ് തെക്കേലെ ശാരദയെ
അയാൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചത് !

വിവാഹമെന്ന കെട്ടുപണി
പാലുകാച്ചു വരെ എത്തിക്കണമെങ്കിൽ
സംശയം വരാതെ കാക്കണമെന്നയാൾക്കറിയില്ലായിരുന്നു !
അയാൾ പതിവുപോലെ
കക്കാ വാരാൻ നീറ്റിലിറങ്ങുകയും
ഞണ്ട് കടിയും മീൻകൊത്തും വാങ്ങി
കാലുകളിൽ ചോരപാകി കയറി വരും .
അയാളുടെ നഗ്നമായ കാൽപാദത്തിലെ
ചോര ആരുടെതെന്ന് അവൾ ചുഴിഞ്ഞു നോക്കുന്നു ..
'എന്റെതെ'ന്നയാൾ ആയത്തിലലറുമ്പോൾ
അവൾ ഉള്ളിൽ ചിരിക്കുന്നു !
മുറിവ് കെട്ടിയ തുണി ആരുടെതെന്നവൾ വീണ്ടും ..
'നിന്റെ അപ്പന്റെ ..'എന്നയാൾ കഞ്ഞിക്കലം
അടിച്ചു ചളുക്കുന്നു,
അവൾ ഉള്ളിൽ ചിരിക്കുന്നു .
'നെനക്ക് നട്ടപ്പിരാന്താ 'എന്ന് പിറുപിറുത്തു
കൊണ്ടയാൾ പായിലെയ്ക്ക് മറിഞ്ഞുവീണുറങ്ങുന്നു  ..
അവൾ സംശയം തേച്ചുറച്ച ഭിത്തിയിൽ
ചാരിയിരുന്ന് അഭിമാനത്തോടെ  ഉള്ളിൽ പറയുന്നു
'നിങ്ങളെ എനക്ക് സംശ്യോ ന്റെ മനുഷ്യാ!!
ഇയാളിത്ര പൊട്ടനായിപ്പോയല്ലോന്റെ ദേവ്യേ '!!

Wednesday, April 23, 2014

ആത്മഹത്യ !

അമ്പത്തിനാല് ഡിഗ്രി ഉഷ്ണത്തിൽ
വീണ്ടും ഉഷ്ണം കൂട്ടി ആത്മാവിനെ
പുറത്തു ചാടിക്കാൻ ഒരു കോപ്പ
കട്ടൻ കാപ്പി കൂടി കുടിക്കാം.
അതുമല്ലെങ്കിൽ മുകളിലെ ഫാനിൽ നിന്നോ
വീടിന്റെ പാരപ്പറ്റിൽ നിന്നോ
കൂകിക്കിതച്ചു ട്രെയിൻ ഓടിവരുന്ന
ആറാം നമ്പർ പ്ലാട്ഫോമിൽ നിന്നോ
താഴേയ്ക്കൊന്നു ചാടി നോക്കാം .
പൊങ്ങിപ്പറന്ന് ഉല്ലാസം തുടിക്കുന്ന
രൂപമില്ലായ്മയെ അന്തരീക്ഷത്തിലൊന്നു
വട്ടംകറക്കി ഉന്മാദിക്കാം.
അതുമല്ലെങ്കിൽ ചേരാത്ത രൂപത്തിനുള്ളിൽക്കിടന്ന
അറപ്പു തീർക്കാൻ തെക്കേക്കരയിലെ
അരുവിയിലൊന്ന് മുങ്ങാം കുഴിയിടാം
പിന്നെ വന്ന് വെടിവട്ടത്തോടെ
ചാവുചോറു വാരി വിഴുങ്ങി
കണ്ണിറുക്കി അർമാദിക്കുന്നവർക്കിടയിൽ
വെറുപ്പോടെ ഇരുന്ന് ദേഷ്യം തീർക്കാം .
അകത്ത് നെഞ്ച് പൊട്ടിക്കരയുന്നവരുടെ
ഹൃദയം പൊട്ടാതെ ചേർത്തു പിടിച്ച്
മിണ്ടാതിരിക്കാം .
അതുമല്ലെങ്കിൽ തെക്കും പുറത്തെ
കുഴിയിലേയ്ക്കിറക്കുന്ന 
ഉറയൂരിയ നിന്റെ ശരീരം നോക്കി
ഏറ്റവും പിറകിലെ തെങ്ങിൽ ചാരി നിന്ന്
ഒരു കവിൾ പുകവലിച്ച് ചിറി കോട്ടി
ഒരു പുച്ഛച്ചിരി ചിരിക്കാം .


ചില നേരങ്ങളിൽ നദി ആകാശത്തിലൂടെ  പറക്കുകയാണെന്ന് തോന്നും വിധം
ആകാശത്തെയും വഹിച്ചുകൊണ്ട് ഭൂമിയിലൂടെ  പറക്കാറുണ്ട് ..അപ്പോൾ വെള്ളിമേഘങ്ങൾ പോലെ ചുറ്റിനും നുര പരത്തി കാറ്റ് കൂടെപ്പോകാറുമുണ്ട്. ആ പറക്കലിൽ കൂടെപ്പോയപ്പോഴാണ് ചിറകുകളില്ലാതെയും പറക്കാമെന്നു പഠിച്ചതും എനിക്ക് മുകളിൽ നദികൾ ആകാശത്തുകൂടിയും ഒഴുകുമെന്നറിഞ്ഞതും !

Saturday, April 19, 2014

ഒരു മഞ്ഞുരുകും കാലത്തെ നീർത്തുള്ളികൾക്കുള്ളിൽ ഒളിച്ചിരിക്കയായിരുന്നു ആ പ്രണയം .ഒരു ഇലയനക്കത്തിലൂടെ ഊർന്നു വീണ് വിത്തിന്റെ ആഴുമാത്മാവിനെ തൊട്ടു വിളിച്ചു ആ പ്രണയം .എന്നിട്ടുമുണരാതെ ആ വിത്ത് പ്രണയത്തെയും നെഞ്ഞിലേറ്റി കാത്തിരുന്നു ..ഒരു കുന്നുകയറി മഴനനഞ്ഞ് ഒരാൾ വന്ന് ആ വിത്തിനെ പൊതിഞ്ഞെടുത്തു കൊണ്ടുപോയി ..അനേകമനേകം യാത്രകളിലൂടെ ആ വിത്ത്‌ പ്രണയം പൊതിഞ്ഞ് കുതിർന്ന് മുളപൊട്ടാനായി കാത്തിരുന്നു ..പൊടിഞ്ഞ കരുത്തുറ്റ കറുത്ത മണ്ണിൽ അയാളതിനെ നട്ടുറപ്പിച്ചു ..നാണത്തോടെ വിത്ത്‌ പൊട്ടിമുളച്ചു ! പ്രണയം മണക്കുന്ന ഒരു സുന്ദരിപ്പൂവ്‌ അയാൾക്ക്‌ വേണ്ടി വിത്ത്‌ കാത്തുവച്ചിരുന്നു .

Friday, April 4, 2014

പൂമ്പാറ്റ

പതിരു കാണാത്ത പാരിജാതങ്ങളിൽ
പതിവു തെറ്റിപ്പറന്നു പോകുന്നു ഞാൻ ..
അതിരുകാണാത്ത ആകാശവീഥിയിൽ
അതിഥി നക്ഷത്രമെന്നപോലോമനെ ..!


Tuesday, April 1, 2014

ഏറ്റവും നിശബ്ദതയുടെ അങ്ങേത്തലയ്ക്കൽ നിന്നും ഉണർന്നു വരുമ്പോൾ നീ ഉച്ചത്തിൽ പാട്ടുപാടുകയായിരുന്നു പക്ഷീ !അതിന്നിടയിലൂടെ ഞാൻ വീണ്ടും നിശബ്ദതയിലെയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പള്ളിമണികളുടെയും പത്രക്കാരന്റെ സൈക്കിൾ മണിയൊച്ചയും കടന്ന് ഭാവയാമി രഘുരാമം ഏതോ ദിക്കിൽ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു.വീണ്ടും വീണ്ടും ഇറങ്ങിച്ചെന്നപ്പോൾ ഇലയനക്കങ്ങളും കാക്കക്കരച്ചിലുകളും ഏതോ അമ്മയുടെ ശകാരവും കടന്നു അകലെ വളരെ അകലെനിന്നും ട്രെയിനിരംബം അകന്നു പോകുന്നുണ്ടായിരുന്നു ..അതും കടന്നു വീണ്ടും വീണ്ടുമിറങ്ങിയപ്പോൾ മാത്രമാണെനിക്ക് എന്റെ ശ്വാസ ശബ്ദം മനസ്സിലായത് !കേട്ടതിലേറ്റവും ഇംമ്പമില്ലാത്തത് !അവനവനിലെയ്ക്കുള്ള ദൂരം എത്ര അകലെയാണല്ലേ !!

Sunday, March 30, 2014

വിഭ്രാന്തമായ വിശുദ്ധിയുടെ അങ്ങേച്ചെരുവിലാണ് സൂര്യനെന്നും മുങ്ങി മരിക്കുന്നത്!അതുകൊണ്ടാണ് പിറ്റേ ദിവസം പുലർച്ചേ എന്നും ഉയർത്തെഴുനേല്ക്കുന്നതും പകൽ മുഴുവൻ തിളച്ചുമറിഞ്ഞു കോപം തീർക്കുന്നതും !

Saturday, March 29, 2014

പ്രിയപ്പെട്ട നാട്ടുകാരെ വോട്ടഭ്യർഥിക്കുന്നവരെ..നിങ്ങൾ മെസ്സേജ് ബോക്സിലൂടെ വോട്ടു ചോദിക്കുന്നത് കൊള്ളാം പക്ഷെ നാടിന്റെ ജീവനറിയാത്ത,ഫ്ലക്സ് ഉം വോട്ടുചോദിക്കലും കൊണ്ട് നാടിന്റെ ഓരോ മുക്കും മൂലയും കുളമാക്കിയ ശേഷം വോട്ടും വാങ്ങി കീശയിലിട്ടു അവനവന്റെ സ്വാർത്ഥ താത്പര്യങ്ങൾ മാത്രം നടപ്പിലാക്കുന്ന ,മണ്ണിനെയും പരിതസ്ഥിതിയെയും ഉറച്ചു സ്നേഹിക്കാനറിയാതെ വെറും വീമ്പടിക്കുന്ന ,വ്യവസായവത്കരണം ,ആഗോളവത്കരണം എന്നൊക്കെപ്പറഞ്ഞു പാവപ്പെട്ട പൊതുജനങ്ങളുടെ ചെവിട് കല്ലാക്കുന്ന എന്നാൽ അതെന്താണെന്ന് അറിയുക പോലുമില്ലാത്ത ,മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ആണിക്കല്ലെന്ന കേട്ടറിവ് പോലുമില്ലാത്ത ഒരുത്തർക്കും ,വോട്ടുചെയ്യുന്നതിൽ ഒരു രാഷ്ട്രീയ സ്വാധീനങ്ങളിലും വശംവധയാകാത്ത എന്റെ വോട്ടില്ല .ഇനി അഥവാ ഇപ്പറഞ്ഞതിലൊക്കെ ജീവിക്കുന്ന  ഒരു സ്ഥാനാർഥി എന്റെ വോട്ടർ പരിധിയിലുണ്ടെങ്കിൽ ഒരു രാഷ്ട്രീയവും നോക്കാതെ അയാൾക്ക്‌/ അവൾക്ക് വോട്ടു ചെയ്തിരിക്കും .

Monday, March 17, 2014

കുറ്റവും കുറവുകളുടെയും മാത്രമായ ഈ മനുഷ്യലോകത്ത് ,മനുഷ്യന്റെ 'കുറവുകൾ ' എന്നാലെന്താണ് ?? കെട്ടുപോകുന്ന പച്ചയെ വീണ്ടും പാകി മുളപ്പിച്ച് മണ്ണോടു ചേർത്ത് നട്ടുറപ്പിച്ച് വലിയൊരു പച്ചപ്പാക്കുന്നത് മനുഷ്യന്റെ ഹൃദയം കൊണ്ടായിരിക്കണം അല്ലേ ? മനസ്സിനുള്ളിലെ ഓരോ സംശയത്തിരിവുകളിലും ഒളിക്ക്യാമറകളുമായി അന്യന്റെ ശരീര ചലനങ്ങളിലെയ്ക്ക് കണ്ണ് തുറിച്ചിരിക്കയാണ് മനുഷ്യർ !തിരക്കുകളുടെ വെപ്രാളപ്പാച്ചിലുകൾക്കിടയിൽ നാം ഏറ്റവും ക്ഷമയോടെ പതിയെ നമ്മെത്തന്നെ തിരിച്ചറിഞ്ഞ് നടക്കുവാൻ പോലും മറന്നു പോകുമ്പോൾ ,എന്താണ് ആന്തരികമായ ഹരിതാഭയെന്നും സ്നേഹത്തിന്റെ ഏറ്റവും ഊഷ്മളമായ ഇഴുകിച്ചേരലെന്നും  'വളരെ ചെറിയ യാത്രക്കാരൻ ' എഴുതിപ്പകർന്നു തരുന്നു .അടുത്തിടെ വായിച്ചതിൽ ഏറ്റവും ഹൃദ്യമായ കഥ ഇന്നത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ അർഷാദ് ബത്തേരി നൽകുന്നു .സ്നേഹം സുഹൃത്തെ .
മറവികളുടെ കടൽക്കരയിൽ നിന്നുകൊണ്ട്
കളഞ്ഞുപോയൊരു മുത്തിനെ തേടുകയാണ്
പൊട്ടിപ്പിളർന്നു പോയൊരു ചിപ്പി !

Wednesday, March 12, 2014

അലസയായോരാത്മാവ് വെറുതെ കാറ്റും കൊണ്ട് തെക്കുവടക്ക് നടക്കുമ്പോൾ അതാ ഒരു പൂർണ്ണഗർഭിണിയുടെ പൂർണ്ണ ഗർഭം !ശരി ഇത് സംഭവം കൊള്ളാമല്ലോ എന്ന് കരുതി നൂഴ്ന്നു കടന്നു ഉള്ളിൽ !പിന്നെ തിരിച്ചിറങ്ങാൻ നോക്കിയപ്പോഴേക്കും ഉണ്ണി പിറന്നും പോയ്‌ !! അങ്ങനെ കുടുങ്ങിപ്പോയൊരു ആത്മാവാണെന്റെ ഉള്ളിൽ ..ഒരു മാർച്ച് 13 നു പെട്ട് പോയതാണ്, ഇതെന്തൊക്കെയാണീ  രൂപം കൊണ്ട് സംഭാവിക്കുന്നതെന്നത്ഭുതപ്പെടുന്നു,സന്തോഷിക്കുന്നു ,പേടിക്കുന്നു,ഇപ്പോഴും രക്ഷപ്പെടാനുള്ള വഴി നോക്കുന്നു ! അല്ലാതെന്തു പിറന്നാള് !

Sunday, March 9, 2014

 മണ്ണുകുഴച്ചു ,കട്ടകെട്ടി ചുകക്കെ
 വെന്തുവേവിച്ചുണക്കി-
കെട്ടിയുണ്ടാക്കുന്നൊരു  സ്വപ്നത്തിന്റെ 
കെട്ടുപണിക്കാരിയാണ്  ഞാൻ.

Wednesday, March 5, 2014

അച്ഛനുമമ്മയും

ആശയക്കുഴപ്പത്തിന്റെ
അക്കരയും ഇക്കരയുമാണവർ
ഭാര്യയും ഭർത്താവും .
അയാൾ പറയുമ്പോൾ അവൾക്കു കുറ്റം
അവൾ പറയുമ്പോൾ അയാൾക്കും
രണ്ടുപേരുമൊന്നായ് പറഞ്ഞാൽ
വീട്ടിലെ കുട്ടികൾക്കും കുറ്റം !

ഇനി കുറ്റമില്ലാതിരുന്നാലൊ
ഭാര്യക്കും മൗനം ഭർത്താവിനു മദ്യം
രണ്ടുപേരുമൊന്നായ് ഇരുന്നാൽ
കുട്ടികൾക്കന്ന്  കണക്കുപരീക്ഷ !

ആശയത്തിന്റെ അപ്പുറവുമിപ്പുറവുമാണവർ
ആശ അടക്കുവാൻ മനസ്സില്ലാതെ
ഭാര്യയും ഭർത്താവും
രണ്ടുപേരുമൊന്നായ് നിന്നാൽ
കുട്ടികൾക്കൊരു വീട് !

ഇഷ്ടങ്ങളുടെ സമാന്തര രേഖകളാണവർ
ഇഷ്ടപ്പെടാതെ വിവാഹം കഴിച്ചവർ
രണ്ടുപേരുമൊന്നായ് തീർന്നാൽ
കുട്ടികൾക്കൊരു ജീവിതം !

ഭാര്യയും ഭർത്താവുമില്ലാത്തിടത്ത്
കുട്ടികൾ അച്ഛനുമമ്മയും
കളിക്കുകയായിരുന്നു .

Monday, March 3, 2014

കാറ്റിൽ നിന്നും കാറ്റാടിയിൽ നിന്നും
സൂര്യൻ ചിതറിത്തെറിക്കുന്നു !
രോമകൂപങ്ങൾ ഉഷ്ണം പെയ്യുന്നു ..
മഴ ചുരത്തുന്ന മേഘങ്ങളെ
സൂര്യൻ കുടിച്ചു വറ്റിക്കുന്നു !
ചില നേരങ്ങളിൽ പൊട്ടിച്ചിരിക്കുന്നു
മഴയും വെയിലും മുറ്റത്തെ മുല്ലപ്പൂവും .

Sunday, March 2, 2014

ഒഴുകിപ്പോയൊരു തൂവാല പോലെ സങ്കടം ..
ചിലപ്പോൾ അലയടിച്ചു കയറിവരും
വന്നപോലെ തിരിച്ചും പോകും ..

Saturday, March 1, 2014

മനോജ്‌ മുരളിയുടെ സംവിധാനത്തിൽ രജീഷ് രചന നിർവ്വഹിച്ചിരിക്കുന്ന 'ലിവ് എ ലൈഫ് 'എന്ന ഷോർട്ട് ഫിലിം അവതരണത്തിലും രംഗ സംവിധാനത്തിലും പിന്നണി സംഗീതത്തിലും മികച്ചു നില്ക്കുന്നു .വീഗാലാന്റില്‍ നിന്നും വീണു പരിക്കേറ്റ വിജേഷ് വിജയന്‍ ആണ് ഇതില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്,അദ്ദേഹം അത് മനോഹരമാക്കുകയും ചെയ്തിരിക്കുന്നു .ഇന്ന് പൊതുവെ കാണുന്ന ഷോർട്ട് ഫിലിമുകളിൽ എടുക്കുന്ന വിഷയങ്ങൾ കൊള്ളാമെങ്കിലും അവതരണം പൊതുവെ നന്നാകാറില്ല .സംഭാഷണങ്ങൾ വ്യക്തിത്വം അവശേഷിപ്പിക്കാതെ ചുരുങ്ങിപ്പോകുകയാണ് പതിവ് .പക്ഷെ ഇതിൽ അതിനു വിപരീതമായി രംഗങ്ങളിലെ ആളുകളുമായി സംഭാഷണങ്ങൾ ലയിക്കുന്നതിനാൽ അതിനു സ്വാഭാവികത തോന്നുന്നത് ഈ ചിത്രത്തിൻറെ വിജയമാണ് .

പൊതുവെ അംഗവൈകല്യമുള്ളവരെയും അപകടത്തിൽ അംഗവൈകല്യം  സംഭവിക്കുന്നവരെയും സമൂഹം സഹതാപത്തോടെ നോക്കുന്നത് സ്വാഭാവികമാണ് കാരണം നമുക്കുള്ളത് അന്യരിൽ ഇല്ല എന്ന വികാരം ജനിപ്പിക്കുന്ന കേവലം അർത്ഥമില്ലാത്തൊരു പ്രകടനം മാത്രമാണത് .മറിച്ച് തികച്ചും സ്വാഭാവികമായി അതിനെ നോക്കിക്കാണുന്ന ചെറിയൊരു വിഭാഗം ആളുകളും നമുക്കിടയിലുണ്ട് .അതുപോലെ തന്നെയാണ് കോർപറേറ്റ് മനോഭാവങ്ങളും നിലനിൽക്കുന്നത് .ചില കമ്പനികളുടെ പോളിസി തന്നെ വികലാംഗരെ ഉൾപ്പെടുത്താത്ത വികലാംഗ മനസ്ഥിതിയായിരിക്കും! പക്ഷെ ആളുകളിലെ കഴിവുകളെ മാനിക്കുന്ന പല വൻകിട സ്ഥാപനങ്ങളും ഇന്ന് എല്ലാ തൊഴിലാളികളെയും സമന്മാരായി കാണുകയും അർഹിക്കുന്നത് നല്കുകയും ചെയ്യുന്നു .അതിനെ സമർത്ഥമായി കാണിച്ചിട്ടുണ്ട് ചിത്രത്തിൽ .പെണ്‍കുട്ടിയുടെ അഭിനയം ഒന്നുകൂടി നന്നാക്കാമായിരുന്നു .പ്രത്യേകിച്ച് ഇന്റർവ്യൂ സമയത്ത് പെണ്‍കുട്ടി പറയുന്ന മറുപടികളിൽ സ്വാഭിമാന നിലവാരം (self confidence level ) അല്പ്പം കൂടി ഉയർത്തെണ്ടുന്നതുണ്ട് കാരണം മാനേജർ നിലയിലുള്ള അവർ ഒരു ഉയർന്ന  ഉദ്യോഗാർഥി ആയിട്ടാണ് പങ്കെടുക്കുന്നത് .ആ ഒരു നിലവാരം അവരുടെ ഇരിപ്പിലോ സംഭാഷണ ശൈലിയിലോ പ്രകടമല്ല   .പശ്ചാത്തല സംഗീതവും ,ഫോട്ടോഗ്രഫിയും നന്നായിട്ടുണ്ട് .മൊത്തത്തിൽ ഒരു നല്ല സന്ദേശം നല്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട് ,ഈ ടീമിൽ നിന്നും നല്ല നിലവാരമുള്ള സിനിമകൾ ഇറങ്ങുമെന്ന് തുടര്ന്നും പ്രതീക്ഷിക്കാം.

Monday, February 24, 2014

കണ്മണീ കണ്ണുവച്ചാലുള്ളം
കത്തുന്നതെന്റെയൊ നിന്റെയോ ?!

Thursday, February 20, 2014

എന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസം കൊണ്ട് വ്യക്തിത്വ വികസനം ആണ് വേണ്ടത് ,നല്ല വ്യക്തികൾക്ക് രാജ്യത്തിനു വേണ്ടി നൽകാൻ കഴിയാത്തതെന്താണ്‌ ?  ഒരു കുഞ്ഞിനു മാനസികവും ശാരീരികവുമായ ആരോഗ്യം നൽകാൻ കഴിഞ്ഞാൽ നമ്മുടെ രാജ്യം നന്നാകും .

Wednesday, February 12, 2014

വിഷാദിയുടെ ജന്മഗേഹം വിട്ടു പറന്നു പോവുകയാണ്
ജന്മ നക്ഷത്രങ്ങൾ.
അവയ്ക്കിനിയും  കല്യാണമായില്ലത്രെ !

Friday, February 7, 2014

സ്ത്രീ ശരീരങ്ങൾ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളെ സ്ത്രീകൾ തന്നെ നേരിടാൻ പഠിക്കണം .കാരണം ടെക്നോളജീസ് ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് പറയാതെ തന്നെ നമുക്കറിയാം അതിനാൽ വികല ചിന്തകൾ ക്യാമറ രൂപത്തിലും മൈക്രോഫോണ്‍ രൂപത്തിലും മറ്റു പലരൂപത്തിലും നഗ്നതയെ ആവാഹിക്കും ,പിന്നീട് ഈ നഗ്നതയെ ആഘോഷിക്കും .അതിനെ മോർഫു ചെയ്തെന്നു വരും ,കൂടെ ആളെ ചേർത്തെന്ന് വരും അങ്ങനെ ഒരുവന്റെ ചിന്ത എത്രത്തോളം വൈകൃതം നിറഞ്ഞതാണോ അത്രത്തോളം അത് വികലമാക്കപ്പെടും .ഇതിനെപ്പറ്റി നല്ല ധാരണയോടെ വേണം സ്ത്രീകൾ ജീവിക്കുവാൻ .പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ !

ദൃശ്യം സിനിമ മുന്നോട്ടു വച്ചത് നല്ലൊരു ചിന്ത  ആണ് .അതിനെ ദൃശ്യ വത്കരിചിരിക്കുന്നതു തികച്ചും മനോഹരമായൊരു നാട്ടിൻപുറത്തെ ജീവിതങ്ങളിലൂടെ തന്നെയും .ദൃശ്യത്തിലെ ഇതിവൃത്തത്തെ ഒന്ന് പഠിച്ചാൽ ,സാധാരണ ജനങ്ങളിൽ ഇപ്പോഴും ഈ പ്രശ്നങ്ങൾ കൊലപാതകവും ആത്മഹത്യയുമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കവേ ബോധവത്കരണം തീർച്ചയായും വേണം .പക്ഷെ അത് നിങ്ങൾ മൊബൈൽ നെ പേടിക്കൂ ,അതിലെ സാങ്കേതികതയെ  പേടിക്കൂ ,പുരുഷന്മാരെ പേടിക്കൂ എന്ന് പറഞ്ഞു കൊണ്ടാകരുത് .മറിച്ച് ഓരോ സ്ത്രീയും പെണ്കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളുമെല്ലാം തിരിച്ചറിയേണ്ടത് അവനവന്റെ ശരീരത്തെ പറ്റി ആയിരിക്കണം .ഒരാൾ മനപ്പൂർവ്വമല്ലാതെ ഒരു ചതിയിൽ പെടുമ്പോൾ അതിനെ ,അതായത് ഉദാഹരണത്തിനു ഒരാൾ കുളിമുറിയിൽ ഒളിച്ച ക്യാമറ അറിയാതെ കുളിക്കുകയും പിന്നീട് ഈ ചിത്രങ്ങൾ പുറത്തിറങ്ങിയെന്നും കരുതുക ,നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുന്നവനോട് നീ പോയി പണി നോക്കെടാ എന്ന് പറയാനുള്ള ചങ്കൂറ്റം ഓരോ സ്ത്രീയും കാണിക്കണം ,അയാള് അത് നെറ്റിൽ ലോകം മുഴുവൻ കാണിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല ,അത് അയാളുടെ മാനസിക പ്രശ്നം മാത്രമാണ് ,നഗ്നത ഒരു തെറ്റല്ല ,ഏതൊരു മൃഗത്തെയും പോലെ നമ്മളും നഗ്നരാണ് അതിനു പുറമേ വാരിപ്പുതച്ചിരിക്കുന്ന തുണികൾ മനുഷ്യ നിർമ്മിതമാണ്. അതുകൊണ്ട് തന്നെ ഈ ചങ്കൂറ്റത്തോടെ നിൽക്കുന്നുവെങ്കിൽ ,നമുക്ക് നമ്മെപ്പറ്റി അറിയാമെങ്കിൽ ഇന്ന് നീതിയും നിയമവുമുണ്ട് നിമിഷ നേരംകൊണ്ട്‌ അതിടുന്നവന്റെ അതിക്രമം അവസാനിപ്പിക്കാൻ .

ഓരോ അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഇതിനെ ലളിതവത്കരിക്കണം. അല്ലാതെ മനസ്സറിയാതെ പെടുന്ന ഇത്തരം പ്രവൃത്തികളെ ന്യായീകരിച്ച് ജീവിതങ്ങൾ തച്ചുടയ്ക്കുന്നതിൽ എന്തർത്ഥം ? മറിച്ച് കുട്ടികളോട് ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവനെ നിസ്സാരന്മാരെന്നും ,അവരുടെ പ്രവൃത്തികളെ നിസ്സാരവത്കരിക്കണമെന്നും പറഞ്ഞു മനസ്സിലാക്കുക .ഒരാളുടെ നഗ്നത വളരെ സാധാരണമായ കാര്യമായി തീരുമ്പോൾ മാത്രമേ അതിനോടുള്ള മനുഷ്യന്റെ ആസക്തിക്ക് ഭ്രംശം വരികയുണ്ടാകൂ .നമ്മുടെ പുരാതന ക്ഷേത്രങ്ങളിലെ പുറം ചുമരുകളിലെ ശില്പങ്ങളിലെ രതിഭാവങ്ങൾ ഇതേ മാനസിക വ്യാപാരങ്ങളിലൂടെ നിർമ്മിക്കപ്പെട്ടിട്ടുള്ളവ ആയിരിക്കാം ,ഇതിനർത്ഥം തന്നെ മനുഷ്യന്റെ നിസ്സാരങ്ങളായ ലൗകിക ആഗ്രഹ പൂരണങ്ങൾക്കും അപ്പുറമാണ് യഥാർത്ഥ ബ്രഹ്മം സ്ഥിതി ചെയ്യുന്നത് .അതുകൊണ്ട് ദൈവത്തെ ദർശിക്കുക മനുഷ്യന്റെ കാമനകൾക്കും അപ്പുറമുള്ള ഒന്നിനെ ദർശിക്കുക എന്നത് തന്നെയാണ്.അതുകൊണ്ട് അവനവന്റെ നഗ്നത പാപമല്ലെന്നും ,നഗ്നതയെ മറ്റൊരാൾ അബദ്ധത്തിൽ കണ്ടു എന്ന് വച്ച് മരിക്കേണ്ടുന്ന യാതൊന്നും അതിലില്ലെന്നും പറഞ്ഞു മനസ്സിലാക്കുകയും എന്നാൽ കരുതലോടെ ആപത്തുകളിൽ പെടാതിരിക്കുവാനുള്ള മാനസിക ശാരീരിക ആരോഗ്യം കൊടുക്കുകയും വേണം. ഓരോ സ്ത്രീയും ധൈര്യമുള്ളവർ ആയിരിക്കട്ടെ ,അതിനായി ഓരോ അച്ഛനും ,ഭർത്താവും ,സഹോദരനും അവൾക്കൊപ്പം ചങ്കൂറ്റത്തോടെ നില്ക്കട്ടെ .അങ്ങനെ ദൃഡമായ കുടുംബവും സുസ്ഥിരമായ രാജ്യവുമുണ്ടാകട്ടെ . ഒരു സ്ത്രീ ആയതിൽ ഞാൻ എന്നും അഭിമാനിക്കുന്നു ,കൂടാതെ എനിക്കൊരു മകൾ ഉള്ളതിൽ അതിലേറെയും .

Tuesday, February 4, 2014

ഹാ പെയ്യാതെ പോകുന്ന മഴകൾക്ക്‌

ജലപ്പിശാചുകൾ വന്നു കൂട്ടത്തോടെ
തേകിത്തെറിപ്പിക്കാത്തതെന്താകും
ഈ കണ്ണാടി വച്ച കത്തുന്ന പകലുകളെ!!
(ഉടയാടകൾ വെള്ളിമേഘങ്ങൾ പോലെ തെന്നി നീങ്ങട്ടെ ..മന്ദമാരുതൻ ഇക്കിളിയിടട്ടെ ,ആകാശത്തൊരുപൊട്ട് കാറുരുണ്ടുകൂടി നഗ്നദേഹങ്ങളിൽ  നനവിന്റെ കൊയ്ത്തുപാട്ടുതിരട്ടെ  )

Monday, February 3, 2014

ചില നേരങ്ങളിൽ അസൂയയുടെ കണ്ണാടി പൊട്ടിച്ച് അന്യരുടെ അച്ഛനെ ആക്ഷേപിക്കുന്നവരോട് നിങ്ങളുടെ മുറിഞ്ഞ ചോര പൊടിക്കുന്ന കൈകളിലൂടെ ഊർന്നൊഴുകുന്നത് മറ്റൊന്നുമല്ല ! നിങ്ങളുടെ തന്നെ അച്ഛന്റെ രക്തമാണ് .
ഒരാളുടെ വസ്ത്രധാരണം മറ്റു വ്യക്തികളിൽ ഉളവാക്കുന്ന സ്വാധീനം എത്ര എന്നത് അയാളുടെ സമ്പത്തിനെയോ സംസ്കാരത്തെയോ ഒന്നുമല്ല പ്രതിഫലിപ്പിക്കുന്നത് മറിച്ച് കാണുന്ന വ്യക്തിയിൽ ഉളവാക്കുന്ന സന്തോഷത്തെ മാത്രമാണ് .എത്ര ഇല്ലാത്തവനും ഉള്ള വസ്ത്രം അലക്കി വെളുപ്പിച്ച് വൃത്തിയായി ധരിച്ചു കാണുന്നത് എനിക്കെന്നും സന്തോഷമാണ് ,അത് ആ വ്യക്തിക്ക് സ്വയം അവനവനോടുള്ള മതിപ്പിനെ അഥവാ സന്തോഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത് ,(എഴുനേൽക്കാൻ വയ്യാത്ത മാറാരോഗികളെയോ  വ്യക്തികളെപ്പറ്റിയോ  അല്ല പറയുന്നത് ) ഒരു വസ്ത്രത്തിലെന്തിരിക്കുന്നു എന്ന് ചോദിക്കാം പക്ഷെ എന്നെ സംബന്ധിച്ച് വൃത്തിയായി വസ്ത്രം ധരിക്കുന്നത് വൃത്തിയായി സംസാരിക്കുന്നത് പോലെയാണ് .വാക്കുകളിലുടനീളം അശ്ലീലം കലർത്തി സംസാരിക്കുന്നത് ,എഴുതുന്നത്‌ .തെറിയുൾപ്പെടുത്തി സംസാരിക്കുന്നത് ,എഴുതുന്നത്‌ ,വായിച്ചിട്ട് അത് മഹത്തരമാണെന്ന് ഉദ്ഘോഷിക്കുമ്പോൾ  എനിക്ക് അത്ര മഹാനീയമാണെന്നൊന്നും വിശ്വസിക്കാനാകുന്നില്ല .കാരണം എന്റെ എളിയ മനസ്സ് എന്നും നല്ല ഭാഷയോട് ,വൃത്തിയുള്ളോരു വസ്ത്രത്തോട് ഉടൽ ചേർന്നിരിക്കുന്നപോലെ ചേർന്ന് നില്ക്കുന്നു .അത് മഹനീയം തന്നെയെന്നു ഉറച്ചു വിശ്വസിക്കയും ചെയ്യുന്നു .

Thursday, January 30, 2014

മഞ്ഞുകാലം കഴിഞ്ഞ് വണ്ണാത്തിപ്പുള്ളുകൾ
സ്വർണ്ണ നൂലുകൾ കൊണ്ട്
കൂടുകെട്ടിത്തുടങ്ങിയിരിക്കുന്നു.
ഇനി ഗൃഹസ്ഥാശ്രമം .

Tuesday, January 21, 2014

അവനവനിൽ ഉള്ള വിശ്വാസം(ആത്മ വിശ്വാസം ) ആയുധം പോലെയാണ് .അത് നന്മയ്ക്കും തിന്മയ്ക്കും ഒരേ പോലെ ഉപയോഗി ആണ് .മറ്റുള്ളവർ ഓങ്ങുന്ന വാൾ ഒരുപക്ഷെ ഇതിൽത്തട്ടി തെറിച്ചു പോയേക്കാം ,അപ്പോൾ ആത്മവിശ്വാസം കവചം ആയിരിക്കണമെന്ന് മാത്രം .
(അനിത ഉവാച .)

Sunday, January 19, 2014

അപരാധി ഞാൻ

ഒരു കവിതയാണെന്നെ തകർത്തുകളഞ്ഞതും
എവിടെയോനിന്ന് ,
അപരാധി നീ എന്ന് പാട്ടുപാടുന്നതും

കത്തുന്ന വെയിലിന്റെ വഴിയെ
മറഞ്ഞുവോ ?
പാതിയായല്ല മുഴുവനായെത്തിയാൽ
പാട്ടുപാടാം  എന്ന് കൂടെച്ചിരിച്ചു  ഞാൻ .

ഇല്ല നിശാഗന്ധി പൂക്കും രജനിയിൽ
ഇല്ല നിൻ ഗന്ധം പടർന്നതേയില്ലതും !
എത്തറ കൂട്ടിക്കിഴിച്ചിട്ടുമില്ല നീ
എങ്ങുപോയ്ക്കാണും കവിതേ ,പ്രിയതമേ !

വാക്കുകൾ ചേരാത്ത കോണിൽ-
പ്പിണങ്ങി നീ
വാർത്തയാകാൻ വേണ്ടി
നിൽക്കാതെ പോയതോ ?

നോക്കിലുറയ്ക്കാത്ത അക്ഷരക്കൂട്ടങ്ങൾ
ചേർക്കവെയെങ്ങാൻ,
പിണങ്ങിപ്പിരിഞ്ഞതോ ?

വാഗ്ദേവി വന്നു കരംഗ്രഹിച്ചോ
നിങ്ങളൊത്തുചേർന്നെങ്ങാൻ
പടികടന്നോ ?!

ഒരു കവിതയാണെന്നെ തകർത്തുകളഞ്ഞതും
എവിടെയോനിന്ന് ,
അപരാധി നീ എന്ന് പാട്ടുപാടുന്നതും .





Friday, January 17, 2014

അവൾക്കവനോടും അവനവളോടും
പറയാനാകാത്ത  പ്രണയം
ഒരു താലിയുടെ,
അപ്പുറവുമിപ്പുറവുമിരുന്നു
വീർപ്പുമുട്ടുന്നു .


ചില പ്രണയങ്ങൾ
പല രൂപത്തിൽ ഭാവത്തിൽ
ശബ്ദത്തിൽ പതുങ്ങിപ്പുറകെ നടന്ന്
ഞാൻ ഇവിടെയുണ്ട് അവിടെയുണ്ട്
തൂണിലും തുരുംബിലുമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു .
തൂണ് തകർത്തൊരു പ്രണയം ചങ്കു കീറിപ്പിളർന്നു
രക്തം കുടിക്കാനെത്തുമോ എന്ന് പേടിച്ചിവിടെ
ചില പ്രാണികൾ സ്വമേധയാ ജീവൻ  വെടിയുന്നു !

Thursday, January 16, 2014

അങ്ങനെയിങ്ങനെ നാത്തൂനേ
ചക്കടെ  മടലോണ്ടുപ്പേരീം
സർക്കാരിന്നോ സോഷ്യലിസോം  -മ്മടെ കുഞ്ഞുണ്ണി മാഷ്‌ അല്ലാണ്ടാരെഴുതാൻ

Wednesday, January 15, 2014

'അശ്യോ !! എന്തൂട്ടാ കുട്ടീ കാലുംമെല് ഇത്ര്യക്കു നീര് ?? പോയില്യെ ഇനീം ഥ്‌ ??
സൂക്ഷിക്കണം ട്ടാ എന്തൂട്ടാണെന്ന് പറയാമ്മേല .'

'അല്ല അത് ഞാൻ സ്കൂട്ടെറീന്നു വീണതല്ലേ അത് പൊയ്ക്കോളും '

'ഹ്മ് ..മം ..നിക്ക് തോന്നണില്യാ അത് പോകുംന്നു .വല്ലാത്തൊരു നീര് തന്യേ ..!
എന്റെ അമ്മയ്ക്കെ, ദു  പോലെ ഒരു മുള്ള് കുത്തീതാ .തൊടീമ്മേലോക്കെ ഓടിനടന്നു പണ്യെണ ആളാർന്നു .കാച്ചിലും കപ്പേം മഞ്ഞളും ഒക്കെ നടും ,പട്ട ഒക്കെ ഓടിച്ചു മടക്കി അടുക്കി വയ്ക്കും ,തിണ്ടുമെലോക്കെ ഓടിയങ്ങട് കേറും .ഉഷാറു അല്ലാതെന്തു ? പ്രായം 75 ! ഈ മുള്ളുകുത്യേടം നീരാങ്ങഡ് വെച്ചു .ഓടിവന്നു  ദാ ഈ  ഹോസ്പിറ്റലിൽ. കുട്ട്യേ കാണിച്ച അതെ ഡോക്ടറാ നോക്യേ .അവര് മുകളിൽ കീറിക്കളയണം എന്ന് പറഞ്ഞു .അടീൽ മുള്ളിരുപ്പുണ്ടേ ,ആര് കേക്കണ് അവര് കീറി മാറ്റി ഒരു പത്തുപൈസ വട്ടത്തി .എന്നിട്ടോ മഞ്ഞയൊന്നും കുത്തിക്കളഞ്ഞുമില്ല .വീട്ടിലെത്തീപ്പം കാലുമുഴുവൻ പഴുത്തു .നേരെ വീണ്ടും ഇവിടെ .അയാള് നോക്കിപ്പറഞ്ഞു പഴുപ്പുകേറി നാശായി ഈ കാലു ദാ ബ്ടുന്നങ്ങ് മുറിച്ചു കളയേണ്ടി വരും ന്നു !

(എന്റെ മുഖത്തു വിരിഞ്ഞ നവ രസങ്ങൾ കഴിഞ്ഞുള്ള രസങ്ങൾ ജഗതി ശ്രീകുമാർ പോലും വരുത്തിയ രസങ്ങളായിരുന്നില്ല !)

'എന്നിട്ടെന്താ ഞങ്ങ വിടുന്നു വിട്ടു അമലേ കൊണ്ടുപോയി കീറി പഴുപ്പ് മുഴോനും കളഞ്ഞു വന്നു ,കുറഞ്ഞു സുഗായി.അപ്പൊ ധാ ആള് കിടപ്പിലായി .വീണ്ടും തണ്ടെല്ലിനു വേദന വന്നു കാലു നീര് വച്ച് നാശമായി ,കൊണ്ട് ചെന്നപ്പോ കുറേശ്ശെ ബ്ലഡ്‌ ക്യാൻസർ ഉണ്ടാരുന്നത്രേ !പത്തു ദിവസം തികച്ചു കിടന്നില്ല ,അമ്മേടെ വയറിനകത്ത്‌ വിഷമം എന്ന് പറഞ്ഞപ്പോ ഞാൻ പിടിച്ചു നോക്കി ,മുഴുവൻ വെള്ളം കെട്ടിക്കിടക്കും പോലെ ..അന്നുരാത്രി അമ്മ രക്തം ചർദ്ദിച്ചു നിർത്താതെ ,രണ്ടീസം തികഞ്ഞില്ല അമ്മ പോയി .'

'കുട്ടിയ്ക്ക് ഒക്കാനിക്കാനെങ്ങാനും വരണിണ്ടോ ??'

ഞാൻ വിളറിയ മുഖത്തോടെ ആലോചിച്ചു.. വരുന്നുണ്ടോ ?? അടിവയറീന്നു ഗളഗള ഒച്ച കേട്ടോ ??

'സൂക്ഷിചോള്വ ട്ടാ ..'എന്റെ കൈയിൽ നിന്നും 150 രൂപ കേബിൾ കാശ് വാങ്ങി ഒപ്പിട്ടു തന്നു ആ ചേച്ചി. എന്റെ വീർത്തുകെട്ടിയ കാലിലേയ്ക്ക് സഹതാപത്തോടെ നോക്കി ,വീണ്ടും തിരിഞ്ഞു നോക്കിപ്പറഞ്ഞു: ' സൂക്ഷിക്കണം നിക്ക് കണ്ടിട്ടെന്തോ ആവണ് ..'
വാൽ :കണ്ടു കണ്ടങ്ങിരിക്കും അനിതയെ കണ്ടില്ലെന്നും വരുത്തുന്നിതും  ചിലർ !


Friday, January 10, 2014

ഒരു കൃഷ്ണപ്പരുന്ത് പോൽ
മുകളിൽ നിന്നും താഴേയ്ക്ക്
വീണ്ടും താഴേയ്ക്ക്
നോക്കുകയാണ് മോഹം
താഴെയാണിര ജീവൻ ജീവിതം .

Tuesday, January 7, 2014

സന്ധ്യതൻ സീമന്ത രേഖ കഴുകി
കാറ്റിൽ പറത്തുന്നു വാനം
ദുഖാർത്തനായി മറയുന്ന സൂര്യൻ

Monday, January 6, 2014

നക്ഷത്രം തന്നെന്ന്നീ പറഞ്ഞപ്പോൾ
ഞാനല്ലെന്നൊരു നക്ഷത്രം
നിന്റെ മൂക്കൂത്തിയിൽ !
ജീവസറ്റ അരുവികൾ
പറയുന്നുണ്ടാവാം
എന്നെ സ്നേഹിക്കൂ
വറ്റാതൊഴുകട്ടെ  നിന്നിലേയ്ക്കെന്ന് 

Sunday, January 5, 2014

എവിടെയാണ് ജന്മബന്ധങ്ങളുടെ സൂചിയിൽ കാലം ഓർമ്മകളുടെ നൂല് കോർത്ത്‌ ചിത്രങ്ങൾ തുന്നുന്നത് ? അറിയില്ല .ഇടവിട്ട്‌ പോകുന്ന ഓർമ്മച്ചിത്രങ്ങളിൽ തുന്നൽ വീഴ്ത്തുന്നതും കാലം തന്നെയാണ് .രണ്ടും തമ്മിൽ പച്ചിലയും ഉണക്കിലയും പോലെ വൈജാത്യവും !ഒരു മകരക്കാറ്റിൽ പാറിപ്പോകുന്ന കരിയിലകൾ പോലെ ഓർമ്മകളുടെ ചിതറിത്തെറിക്കൽ !സൗമ്യമായതെല്ലാം പാറിപ്പോകുന്നു ..ചിലപ്പോൾ  തിരിച്ചു വരുന്നു ,കൂടുതൽ കനം പിടിച്ചവ പോകാതെ മനസ്സകങ്ങളിൽ തൂങ്ങിക്കിടന്നു കരിപിടിക്കുന്നു നിറം മങ്ങുന്നു .

Thursday, January 2, 2014

പ്രാർഥന.


കാമസൂത്രം കണ്ണുകളിൽ
ഒളിപ്പിച്ചു വച്ച മനുഷ്യാ
പ്രിയം തോന്നുന്ന ഓരോ
സ്ത്രീലിംഗങ്ങളിലും
നീ പുല്ലിംഗങ്ങൾ ചേർത്തുവയ്ക്കുന്നു .
കടന്നു പോകുന്ന ഓരോ
വസന്തത്തെയും നീ
ആശ്ലേഷിച്ചമർത്തുന്നു
ഒരു പൂപോലും സ്നിഗ്ധതയോടെ
അവശേഷിപ്പിക്കാതെ
നിന്റെ കണ്ണുകൾ കാർന്നു തിന്നുന്നു ..
ഈ വസന്തത്തിലെ ഓരോ പൂക്കളിലും
നീ പുഴുക്കുത്തേൽപ്പിച്ചുവല്ലോ !
നിന്റെ കണ്ണുകളിലാണ് കാമം.
അതുകൊണ്ട് പിഴുതെറിയുക,
നിന്റെ ഉടലിലെയ്ക്ക്
മഹാമാരിപോലെ പടരും മുൻപ്
ചുഴന്നെറിയുക.
ഇവിടെ വസന്തം പൂത്തുലയുമ്പോൾ
നിന്റെ കണ്ണുകളിലേയ്ക്ക്
ഒരുകുടന്ന സുഗന്ധവും പേറി
നന്മയുടെ വെളിച്ചമെത്തും വരെ
നീ അന്ധനായി തപ്പിത്തടഞ്ഞ്
ഓരോ തരുവിലും
പ്രാർഥനയോടെ ഉമ്മവയ്ക്കുക .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...