Showing posts with label kairali books _published by Akam magaznine 10/06/2015. Show all posts
Showing posts with label kairali books _published by Akam magaznine 10/06/2015. Show all posts

Thursday, June 11, 2015

മഴയോർമ്മകൾ .

ശീലക്കുടയിൽനിന്നൂർന്നു വീഴുന്ന മഴത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു കണങ്കാലുകളും പാവാടയും നനഞ്ഞു വിറച്ചു സ്കൂളിൽ നിന്നും വീട്ടിൽ കയറി വരുമായിരുന്ന ബാല്യം .വീട്ടിലിരുന്നാൽ അകലെ നിന്നും മഴ ആകാശ ഊഞ്ഞാലിൽ ആടി വരുന്നതുകാണാമായിരുന്നു ...ചിലപ്പോൾ അക്കരക്കുന്നിൽ അവർ ഊഞ്ഞാലു താഴ്ത്തിക്കെട്ടി അവിടെത്തന്നെ നിന്ന് പെയ്യും, അപ്പോൾ ഇക്കരെ ഇളവെയിൽക്കല്യാണം !മഴയുടെ ചെപ്പടി വിദ്യയിൽ വെയിലും മഴയും ഒന്നായ്ത്തീരും. ഞങ്ങളതിനെ ഓമനപ്പേരിൽ 'കുറുക്കന്റെ കല്യാണം' എന്ന് പറഞ്ഞുപോന്നു.സങ്കൽപ്പത്തിൽ കുറുക്കനും കുറുക്കത്തിയും കൊഴിയെക്കൂട്ടിയുള്ള സദ്യ ഉണ്ണും ! സന്ധ്യക്ക്‌ ഇല്ലിമുളം കാട്ടിൽ നിന്നും ഒരു  കുറുക്കൻ ഓരിയിടും. തുടരെത്തുടരെ അക്കരെയിക്കരെ വയലോരം കുളക്കടവ് കാട്ടുപോന്ത ഒക്കെ ഇളകിമറിയും വിധം അവരൊന്നിച്ചോരിയിടും അപ്പോഴും മഴപെയ്യുന്നുണ്ടാകും.ഇരുട്ടിനെ കൂടുതൽ കറുപ്പിച്ചുകൊണ്ട്‌ അവൾ രാത്രിയുടെ മാറിലൂടെ പതഞ്ഞൊഴുകും .അത്തരം രാത്രികളിൽ റേഡിയോയിൽ നിന്നും സിലോണ്‍ സംഗീതം കേട്ടുകൊണ്ടിരിക്കുന്ന എന്റെ നട്ടെല്ലിലൂടെ പേടിയുടെ ഉറുമ്പുകൾ അരിച്ചിറങ്ങും .കതകടച്ച് സുരക്ഷിത മേഖലയായ കട്ടിലിൽ കറുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് തലയിണയിൽ മുഖമാഴ്ത്തിക്കിടക്കുമ്പോൾ ഓടിൻ മുകളിൽ മഴ നനുത്ത് പെയ്യുന്നുണ്ടാകും .ഓടിറമ്പിൽക്കൂടി മഴവെള്ളം ര്ര്രർർർ സംഗീതത്തോടെ താഴേയ്ക്ക് വീഴുന്ന താരാട്ടിൽ ഉറക്കം ലോകത്തിൽ വച്ചേറ്റവും സുഖമുള്ള അനുഭവമാകും !

സ്കൂള്‍ ദിനാരംഭങ്ങള്‍ എന്നും ഇടവപ്പാതിയിലായിരുന്നല്ലോ! പുത്തന്‍ ഉടുപ്പിന്റെ ഭംഗി കാണിക്കും മുന്‍പേ മഴ എല്ലാം നനച്ചു ചെളി തെറുപ്പിച്ച് ഒരു പരുവം ആക്കിയിരിക്കും! ഇടവപ്പാതിയിലെ കളികള്‍ നനഞ്ഞ ഓര്‍മകളാണ്.ടാര്‍ ഇളകിയ വഴിയിലെ കുഴികളില്‍ മാക്കാന്‍ തവളകള്‍ നീന്തി തുടിക്കും.. ഈര്‍ക്കില്‍ വളച്ചു കെട്ടി അറ്റത്ത്‌ കുടുക്കിട്ടു നീളമുള്ള ചൂണ്ടല്‍ കുടുക്കുകള്‍  പണിയും.അനങ്ങാതെ മഴ പോലുമറിയാതെ ഞങ്ങള്‍ ആ കുടുക്കുകള്‍ പോണ്ണന്‍ തവളകളുടെ തലയില്‍ക്കുടുക്കി വലിക്കും ..അവ പിടഞ്ഞുണരുംബോഴെക്ക് കുടുക്കില്‍പ്പെട്ടിരിക്കും..അവയെ അന്തരീക്ഷത്തില്‍ കറക്കി ഞങ്ങള്‍ പാട്ടുണ്ടാക്കും..

"ആ തവള പിന്നീത്തവള ഒത്തിരി ഒത്തിരി തവളകള് ..മാക്രോ പോക്രോം ..പാടിപ്പാടി ഞങ്ങടെ ചൂണ്ടെല്‍ വീണും പോയ്‌ ..ഹ ഹ ഹാ ..'

ചിരിയുടെ അവസാനം തവളകളെ അടുത്ത കിണറ്റിലോ കുളത്തിലോ വയലിലോ ഭദ്രമായി ഇറക്കി വിട്ടിരിക്കും..ചില മഹാ എമ്പോക്കികള്‍ അവയെ നിര്‍ത്തിയിട്ട വണ്ടിയുടെ ടയറിനടുത്തു വച്ച് അകലെ മാറി കുത്തിയിരുന്ന് സാകുതം വീക്ഷിക്കും.ഇതൊന്നുമറിയാതെ ഡ്രൈവര്‍ വണ്ടിയെടുക്കുമ്പോള്‍ തവളകള്‍ 'ടൊ ..ഡോ  ' എന്ന് പൊട്ടിത്തകര്‍ന്നു അരഞ്ഞു ചാകും! "ദുഷ്ടന്മാര്‍.." സജിതയും ഞാനും ഒന്നിച്ചു നിലവിളിക്കും.
ദേവര്‍ഗദ്ധയെന്ന എന്റെ കൊച്ചുഗ്രാമം നിറയെ ജീപ്പുകള്‍ ആയിരുന്നു അന്നെല്ലാം ,ഇന്നുമതെ! വല്ലപ്പോഴും കടന്നു വരുന്ന ചരക്കു ലോറികള്‍ ഞങ്ങള്‍ കുട്ടികളുടെ പേടി സ്വപ്നമായിരുന്നു! അവയുടെ ഭീമാകാര രൂപവും മുന്‍പിലുള്ള SANTHOSHKUMAR എന്നപോലുള്ള പേരും അതിനിരുവശത്തും വരച്ച ധംഷ്ട്രയുള്ള പെണ്ണുങ്ങളും ഞങ്ങളെ കൂടുതല്‍ കലുഷിതരാക്കി! മഴയുള്ളപ്പോള്‍ അച്ഛയും അമ്മച്ചിയും ഞങ്ങളോട് വിളിച്ചു പറയും :

"വലതു വശം ചേര്‍ന്ന് റോഡരുകിലൂടെചേര്‍ന്ന് നടക്കണം ട്ടോ ..ലോറി വന്നാല്‍ മാറി നിന്നോളണം.. "

ഈ മുന്‍കരുതലുകള്‍ പേടിയുടെ ആക്കം കൂട്ടിയതെയുളളൂ..!പാവപ്പെട്ട രക്ഷിതാക്കള്‍, അകാരണമായി പേടിക്കുന്ന കുഞ്ഞു മന്സുകളെപ്പറ്റി അവരെങ്ങനെ അറിയും..! ലോറിയില്‍ നിന്നും വല്ലകാലത്തും തല പുറത്തേയ്ക്കിട്ട് ഞങ്ങളെ നോക്കി ചുവന്ന കറുത്ത പല്ലുകാട്ടി ചിരിക്കുന്ന "അണ്ണാച്ചികള് "ഞങ്ങളെ കൂടുതല്‍ ഭയചകിതരാക്കിയിരുന്നു..ഞങ്ങളെ അവര്‍ പിടിച്ചു കൊണ്ട് പോയി കണ്ണ് പൊട്ടിച്ചു ഭിക്ഷയ്ക്കു വിടും എന്ന് ജിഷ ആവര്‍ത്തിച്ചു പറയുമായിരുന്നു.ഞങ്ങള്‍ ലോറി വരുമ്പോള്‍..കയ്യാലക്കെട്ടിനോട് ചേര്‍ന്ന് കണ്ണുകള്‍ ഇറുക്കെ അടച്ചു പേടിച്ചു നിന്നു..!പേടിക്കുമ്പോൾ ഞങ്ങൾ ചൊല്ലും:

' അർജ്ജുനെ ..ഫത്ഗുനെ ജിഷ്ണു ,കിരീടീ ശ്വേതവാഹന ,വിവത്സു വിജയപാർത്ഥ സവ്യസാചി ധനുൻ ജയ !'

മഴയത്ത് കുടയുടെ കബിയില്‍ക്കൂടി വാര്‍ന്നു വരുന്ന വെള്ളം ഞാന്‍ കൈയ്ക്കുംബിളിലാക്കി രസിച്ചിരുന്നു..വിരലിനറ്റത്തൂടി ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍എന്‍റെ സ്വകാര്യ സന്തോഷങ്ങളിലൊന്നായിരുന്നു ..!
ഇനിയുമൊരു രസകരമായ മഴക്കളിയുണ്ട്.മഴ നനഞ്ഞ വഴികളില്‍ക്കൂടി പശു പോയ പാടുകളായ ചാണക കഷ്ണങ്ങളില്‍ ഒരു കോല് കുത്തി നാട്ടുകയും ഒരു കല്ല്‌ പതിപ്പിക്കയും ചെയ്യും.. കോല് ക്രിസ്ത്യാനിററി യുടെ പ്രതീകം അഥവാ മെഴുകുതിരി ! കല്ല്‌ ഉണ്ണിയപ്പമത്രേ.. ഉണ്ണിയപ്പം ഹിന്ദുവിന്റെ പ്രതീകം !! എന്തൊരു മത സൗഹാര്‍്ദദം !കുട്ടികളാണെന്നോര്‍ക്കണം.വഴി നീളെ ഉണ്ണിയപ്പവും  മെഴുകുതിരിയും ..ഒരു പശുവിനെത്ര മത സൗഹാര്‍്ദദം തരാമോ അത്രയും!! ഓർമ്മകൾ പൊട്ടിച്ചിരിക്കുന്നു !

മഴയെപ്പറ്റി എത്ര പറഞ്ഞാലാണ് തീരുക ?വയലിറബിൽക്കൂടി മഴതോർന്നു നിൽക്കുമ്പോൾ , നെൽക്കതിരുകൾ കുതിർന്നു തൂങ്ങിക്കിടക്കുന്നുണ്ടാകും.നെല്ലോലകളിൽ തട്ടി പാവാടയുടെ അറ്റം നനഞ്ഞു കുതിരും .കുളക്കോഴിക്കുഞ്ഞുങ്ങളും അമ്മയും കൂടി വയൽ മുറിച്ചു കടന്ന് എങ്ങോ ഓടിയൊളിക്കും .തണുതണുത്ത ഈറൻകാറ്റിൽ ഉടലാകെ കുളിരും .എവിടെയോ ഒരാൾ ഇതെല്ലാം കണ്ടുനില്ക്കുംപോലെ ഹൃദയത്തിലൊരു ദ്രുതതാളം പെയ്തിറങ്ങും .വരാനിരിക്കുന്ന പ്രണയം പൂക്കളായി വഴിയിൽ എന്നെയും കാത്ത് വിരിഞ്ഞു നിൽക്കുന്നുണ്ടാകും.വയലു കടന്നാൽ അമ്പലമായി .മഴനനഞ്ഞ ഒരുകൂട പൂക്കളുമായി ഏടത്തി അവളുടെ സമൃദ്ധമായ കേശഭാരമുലച്ചു മുൻപേ നടക്കും .ചന്തത്തിലുള്ള ആ പോക്ക് നോക്കി മഴ നിർവൃതിയോടെ ചാറ്റൽ മഴ ചൊരിയും .അവളുടെ ഇളം റോസ് കാലടികളിൽ മഴ മണ്ണ് തെറുപ്പിച്ച് കളിക്കും .ചില നേരങ്ങളിൽ കുളിപ്പിന്നലിൽ നിന്നുമൊരു ചെമ്പകപ്പൂ ഉതിർന്നു മണ്ണിൽ വീഴും .മഴ പൂവിന്മേൽ അസൂയയോടെ താളം തുള്ളും.ഇലയിൽ കുതിർന്ന ചന്ദനവുമായി ഞങ്ങൾ ശിവനെത്തൊഴുതു തിരിച്ചു പോരും .

മഴ സങ്കടമായി പെയ്തു തോർന്നിട്ടുണ്ട്‌ .ചെറുപ്പത്തിൽ വീട് അപൂർണ്ണമായിരുന്നു.  മച്ചിടുകയോ ഓടുവയ്ക്കുകയോ തറ സിമന്റു ചാർത്തുകയൊ ചെയ്യുന്നതിനും മുൻപ്, കച്ചിമേഞ്ഞ ചാണകം മെഴുകിയ തറകളുള്ള കുറെ മുറികളുള്ള മേൽക്കൂര കെട്ടിയ വലിയൊരു കൂടാരമായിരുന്നു അത് .ഏക്കറുകണക്കിന് കൃഷിയിടങ്ങൾക്കിടയിൽ ഒരുവീട് എന്നതായിരുന്നു അന്നത്തെ അനുപാതം . ഒരു കർക്കിടക സന്ധ്യയിൽ മഴ കോരിച്ചൊരിയുകയും കൂടെ അതിശക്തമായ കാറ്റ് വീശുകയും ചെയ്തു .മലയോരമേഖലയായ വയനാടിനന്ന് പഞ്ഞക്കണക്കുകൾ മാത്രമേ  കൈമുതലായിട്ടുണ്ടായിരുന്നുള്ളൂ .ജീവിതം പച്ച പിടിപിച്ചു വരുന്ന സാധാരണക്കാരാണ് ഭൂരിഭാഗവും .അതുകൊണ്ടുതന്നെ നല്ല ജീവിതസൌകര്യങ്ങൾ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷകളാണ് മിക്കവർക്കും . കാറ്റിൽ നനഞ്ഞ കച്ചി പതിയെ പൊന്തിമാറുന്നിടത്തേയ്ക്കു മഴവെള്ളം അടിച്ചു കയറും .താഴെ പാത്രങ്ങൾ നിരത്തും എങ്കിലും മുറി പുഴപോലാകും .പൊടുന്നനെ കാറ്റ് അതിഭീകരമായി .അക്കരെക്കുന്നിൽ നിന്നും നിലവിളികൾ പൊങ്ങുന്നത് കേട്ട് ഞങ്ങൾ മക്കൾ രണ്ടും അച്ഛനെ ഇറുകെപ്പിടിച്ചു പൊട്ടിക്കരഞ്ഞു .'പേടിക്കേണ്ട മക്കളെ.. പേടിക്കെണ്ട 'യെന്നു തലയിൽത്തടവി അച്ഛ ഞങ്ങളെ ആശ്വസിപ്പിക്കും .അമ്മ ചോർച്ചയോടു മല്ലടിച്ച് തളർന്നു കണ്ണീരൊഴുക്കി നിന്നപ്പോൾ, പൊടുന്നനെ മേൽക്കൂര ഒരുഭാഗം മുഴുവനോടെ  കാറ്റെടുത്തു പൊക്കി നിലത്തെറിഞ്ഞു!ഞങ്ങൾ പേടിച്ചു വിറച്ചു .അച്ഛനുമമ്മയും ഞങ്ങളും അച്ഛമ്മയുമെല്ലാം ഒറ്റശബ്ദത്തിൽ  നിലവിളിച്ചു .തെങ്ങുകൾ കാറ്റിൽ കടപുഴകി വീണു .ചെറുമരങ്ങൾ ആടിയുലഞ്ഞു ,മഴ തന്റെ സംഹാരതാണ്ഡവം പുറത്തെടുത്തു .തല്ലിത്തകർത്തുകളഞ്ഞു വയലേലകളും ,കൃഷിയിടങ്ങളുമെല്ലാം.ഏകദേശം പാതിരാവടങ്ങും വരെ അവൾ തന്റെ നൃത്തം തുടർന്നു പിന്നെ അടങ്ങി .പിറ്റേന്ന് പല മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു .കുടിലുകളേ ബാക്കി വയ്ക്കാതെ തൂത്തു മാറ്റിയിരുന്നു അവൾ സംഹാരരൂപിണി മഴ !

കൂടെയാരുമില്ലാതെ അന്യദേശങ്ങളിൽ മഴയിൽ അഴുക്കു പൊഴിയുന്ന ഇടുക്കു വഴികളിലൂടെ അടുക്കിപ്പിടിച്ച ആത്മനൊംബരങ്ങളുമായി ജോലികഴിഞ്ഞ് കൂടണയാനോടുമ്പോൾ മഴ പേടിയായിട്ടാണ് അവതരിച്ചിരുന്നത് .ബാംഗ്ലൂർ വാസം തുടങ്ങിയ വർഷം, 2003 ലാണ് ഇത് നടന്നത് ,വളരെ പേരുകേട്ട കമ്പനിയിലെ ആദ്യ ജോലി ചില ഇഷ്ടക്കേടുകളാൽ ഉപേക്ഷിച്ച് തനിയെ ജോലിതേടി നടക്കുന്ന സമയം .ജീവിതം ബുദ്ധിമുട്ടുകളാൽ നിറഞ്ഞിരിക്കുമ്പോഴും  വീട്ടിലൊന്നും അറിയിക്കാതെ ഇന്റർവ്യൂകളിൽ പങ്കെടുത്തു പങ്കെടുത്തു പരിക്ഷീണകളായി ഞാനുമെന്റെ കൂട്ടുകാരിയും ഓരോ വൈകുന്നേരങ്ങളും വാടകമുറിയിൽ വന്നുകയറും .അത്തരമൊരു പൊരിവെയിൽ പ്രഭാതത്തിൽ കേട്ടുകേൾവിയില്ലാത്തൊരു കമ്പനിയിലേയ്ക്ക് തീർത്തും അപരിചിതമായ പട്ടണ പ്രാന്തപ്രദേശത്തിലെയ്ക്കു ഞങ്ങൾ ഒരു ഓട്ടോയിൽ പോയിറങ്ങി .ചോദിച്ചു ചോദിച്ച് ഒരു നാലുനില ഷോപ്പിംഗ്‌ കോമ്പ്ലെക്സിന്റെ ഏറ്റവും മുകളിൽ ഒരു ഒറ്റമുറിയിൽ എത്തി.വലിയ പത്രപ്പരസ്യം കണ്ടു വിളിച്ചു ചോദിച്ച് ഇറങ്ങിയതാണ് ഞങ്ങൾ! ഒരു കസേരയും മേശയും അതിന്മേലൊരു കംബ്യുട്ടെരുമായി  ആ ഓഫീസിന്റെ എം ടിയും ജോലിക്കാരനും പ്യുണും ഒക്കെയായ ആ മനുഷ്യനിരിക്കുന്നു  ! ഭ്രാന്തിന്റെ വക്കിലെത്തുന്ന ചോദ്യോത്തര നാടകം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഓടി രക്ഷപ്പെടുമ്പോൾ സമയം നാല് മുപ്പതു കഴിഞ്ഞിരുന്നു .പൊടുന്നനെ മഴ തന്റെ വികൃതിമുഖത്തോടെ ഞങ്ങളെ കൊഞ്ഞനം കുത്തി .പിന്നെ ഉഷാറായിപ്പെയ്യാനും തുടങ്ങി .കുടയോ തിരികെപ്പോകാൻ ഒരു ബസ്സോ ഓട്ടോയോ ഞങ്ങൾക്ക് കിട്ടിയില്ല .അന്തരീക്ഷം കനത്തുകറുത്തു.അവസാനം അവിടെ നില്ക്കുന്നത് കൂടുതൽ ആപത്തുകളെ ക്ഷണിക്കലാകുമെന്നു നിനച്ച് ഞങ്ങൾ മഴയിലേയ്ക്കിറങ്ങി .ഓടുകയും നടക്കുകയും കാണുന്നവരോട്

 'ബി ടി എം ഹോഗ്ബേക്കു,ബസ്‌ നമ്പർ ഗൊത്താ കണോ ?? ..ബസ്‌ എല്ലി ബർത്താരാ അജ്ജി ??..'

തുടങ്ങിയ പൊട്ടിക്കീറിയ കന്നടയിൽ കേണും വിളിച്ചും ഞങ്ങളുടെ സമയം നാലിൽ നിന്നും എഴായിത്തീർന്നു !മഴയിൽ റോഡുകൾ മുങ്ങിക്കിടന്നു .ഓടയിലെ കറുകറുത്ത ജലം അതിലേയ്ക്ക് കലർന്ന് കുറുകിഒഴുകിപ്പരന്നു .ഞങ്ങളാ മുട്ടൊപ്പം ചെളിവെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങുകയാണ് .ബസ്സുകളോ വാഹനങ്ങളോ തീരെ വാരാതായി .ഞങ്ങൾ കിലോമീറ്ററുകൾ നടപ്പ് തുടർന്നു .അവസാനം ഒരു ബസ്‌ സ്റ്റാന്റിലെത്തുകയും ഈച്ച പോലെ പൊതിഞ്ഞ ജനങ്ങൾക്കിടയിൽ രണ്ടു പുഴുക്കളായിത്തീരുകയും ചെയ്തു .കിട്ടിയ ബസ്സിൽ കയറി രക്ഷപ്പെട്ട ഞങ്ങൾ ബസ്സിറങ്ങി  നിൽക്കുമ്പോൾ ആളുകൾ ഞങ്ങളെക്കണ്ട് അമ്പരന്നു !അവിടെ മഴയുമില്ല കുടയുമില്ല ! സുഗന്ധം പൂശിയ പുതു വസ്ത്രങ്ങളുമണിഞ്ഞ്‌   എവിടെയൊക്കെയോ പോകുവാനായി അ ണിഞ്ഞൊരുങ്ങിയവർ  .അവർക്കിടയിൽ ചെളിയിൽ കുളിച്ച രണ്ടുപന്നിക്കുട്ടികൾ പോലെ ഞങ്ങൾ ഈറനിറ്റിച്ചു നിന്നു !

മഴ ഹൃദയം തോട്ടുപോയ എണ്ണിയാലൊടുങ്ങാത്ത ഒത്തിരി നിമിഷങ്ങളുണ്ട്‌  ജീവിതത്തിൽ .അരികു കരിഞ്ഞ സൽവാറുമായൊരു കുഞ്ഞുപെണ്‍കുട്ടി മഴനനഞ്ഞ് വിളക്കുകാലിൻ ചോട്ടിൽ ഒറ്റയ്ക്കിരുന്നു പഠിക്കുന്നത് കണ്ടപ്പോൾ.. .മഴയിൽ ഏതോ വഴികളിലൂടെ പാഞ്ഞോടുന്ന ബസ്സിലിരുന്ന് റോഡിൽ ചതഞ്ഞരഞ്ഞ ആ പൂച്ചക്കുട്ടിയുടെ മുഖം കാണുമ്പോൾ,ജീവിതത്തിൽ തീരെ തനിച്ചായിപ്പോയി എന്ന് തോന്നിയ മഴപ്രഭാതങ്ങളിൽ .. അങ്ങനെയങ്ങനെ എത്ര !

ഒരുകപ്പ് കട്ടൻകാപ്പിയും പശ്ചാത്തലത്തിൽ അല്പ്പം സംഗീതവും,  അതെന്തുമാകാം കർണാട്ടിക്കൊ,ഹിന്ദുസ്ഥാനിയോ,കഥകളിപ്പദങ്ങളോ ,നാടൻപാട്ടോ,പുല്ലാങ്കുഴലോ അങ്ങനെ കർണ്ണപുടത്തിന് അസ്വാരസ്യം തരാത്ത എന്തും, കൂടെ പ്രിയപ്പെട്ട ഒരു പുസ്തകവും മഴയ്ക്ക്‌ എന്നും മേബൊടിയാണ്‌ ! പ്രിയമുള്ള എഴുത്തുകാർ എന്നൊന്ന് പറയാമോ എന്നെനിക്കറിയില്ല കാരണം ഹൃദയത്തോട് സംവദിക്കാനാകുന്ന എല്ലാ എഴുത്തുകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വായന ഒരു സ്വർഗ്ഗമാണ് .അവിടെ കഥയും കവിതയും ലേഖനങ്ങളും ,യാത്രാക്കുറിപ്പുകളും ,ജീവനും, ജീവിതവും എനിക്ക് മുകളിൽ തണൽ വിരിക്കുന്ന മഹാ വൃക്ഷം പോലെയാണ് .അതിലിരുന്നു കഥ പറയാനും പാട്ടുപാടാനും കാക്കത്തൊള്ളായിരം കിളികൾ വരും .അതിൽ ചിലർ വർണ്ണ വിസ്മയം തീർക്കും .ചിലര് വന്നു പോകുന്നതുപോലും ഞാനറിയില്ല !വേറെ ചിലർ വരുവാനായി ഞാൻ പ്രിയത്തോടെ കാത്തിരിക്കും അത്രമാത്രം .വായനപോലെ തന്നെ എഴുത്തും പ്രിയതരമാക്കാൻ മഴയ്ക്ക്‌ ചില മാജിക്കുകൾ അറിയാം.മഴ ജനാലയിൽ ഈറനടിക്കുമ്പോൾ അകമുറിയിലെ നേരിയ വെട്ടത്തിലിരുന്നു പൈതഗോറസ് സിദ്ധാന്തങ്ങൾ ഉരുവിട്ട് പഠിക്കുകയും ,പിന്നെ രാത്രിയിൽ ജീരക വെള്ളം കുടിച്ച് ഉറങ്ങാതെ പരീക്ഷപ്പനികളെ എതിരിടുമ്പോൾ പുറത്ത് മഴ ഈണത്തിൽ പദ്യം ചൊല്ലിപ്പഠിക്കുന്നുമുണ്ടാകും . ഇളം തിണ്ണകളിൽ ഇരുന്ന് ഈറനടിച്ച്  എത്ര മഷി കലങ്ങിയ കത്തുകൾ ഞാൻ പ്രിയപ്പെട്ടവർക്കോരോരുത്തർക്കുമായി എഴുതിക്കൂട്ടിയിരിക്കുന്നു! ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമോ അതിലൊന്നെങ്കിലുമിപ്പോൾ ?

പണ്ട് അമ്മവീട്ടിൽ കർക്കിടക വാവ് ആഘോഷിക്കുമായിരുന്നു .പിതൃ തർപ്പണവും ബലിയുമെല്ലാം കഴിഞ്ഞു കാരണവൻമാർ വരും .പിടിയും കോഴിക്കറി ഉൾപ്പടെ  രണ്ടോ മൂന്നോ ഇറച്ചികൾ ,മീൻ പറ്റിച്ചത് വേറെയും .കൂടാതെ വട്ടയപ്പം ,കള്ളപ്പം ,ഉണ്ണിയപ്പം ,അച്ചപ്പം ,അവലോസ് പൊടി ,പഴങ്ങൾ അങ്ങനെ ആകെ മൊത്തം അപ്പങ്ങളും പലഹാരങ്ങളും തന്നെ .മുതിർന്നവർ കലവറയിലും അടുക്കളയിലും ,പൂമുഖത്തുമായി വറപൊരികൊച്ചു വർത്തമാനം ചീട്ടുകളി കള്ളുകുടി പാർട്ടികൾ തകർക്കുമ്പോൾ ഞങ്ങൾ കുട്ടികൾ ,നിലവറയിലെ പഴം തിന്നും മച്ചിൻ പുറത്തേയ്ക്കൊടിയും അവിടുന്ന് ചാടിയും അടിമേടിച്ചും കൊടുത്തും കരഞ്ഞും ആർത്തുചിരിച്ചും സാറ്റുകളിച്ചും പിന്നെ വൈകുന്നേരങ്ങളിൽ ഇത്തിരി കാര്യഗൌരവത്തോടെ  നാടകങ്ങൾ കെട്ടിയാടിയും സമയം പോക്കും .അപ്പോഴെല്ലാം മഴ പല താളത്തിൽ പുറത്തു പെയ്യും .രാത്രി വാവ് വിരുന്ന് പിതൃക്കൾക്ക് വിളമ്പി ,കള്ള് സ്പെഷ്യൽ നേദിച്ച് അമ്മയുടെ അച്ഛൻ ഉണ്ണാൻ വിളിക്കും വരെ കളിയും മഴയും തുടരും .പിന്നെ ഒന്നുകിൽ മഴ ഊക്കോടെ പെയ്യും .അല്ലെങ്കിൽ മിഴിയടച്ചു കരച്ചിലൊതുക്കി ഉറങ്ങാൻ പോകും .വാവുകൾ പ്രിയമുള്ളതാക്കിയതിൽ മഴയ്ക്കുള്ള പങ്കു പറയാനെനിക്കറിയില്ല. കാരണം മഴ ഇവിടെ ജീവിതത്തോടു ഇഴുകിച്ചേർന്നാണ് പെയ്യുന്നത് അതിനു മനുഷ്യന്റെ വികാരങ്ങളുടെ മുഖമായിരുന്നു അന്ന് !

ഒരു മഴയിലാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡ് തുടങ്ങുന്നത് . ജീവിതത്തിലെയ്ക്കുള്ള ഒരു ഫോണ്‍ വിളി ആയിരുന്നു അത് .പിന്നീട് എന്നെ കാണുവാൻ ഒരുകുടന്ന മഴപ്പൂക്കളുമായി കുന്നുകയറി ചുരം കയറി എന്റെ പ്രിയപ്പെട്ടവൻ വന്നു .ഒരു പെരുമഴയിൽ ഞങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു .മഴ പെയ്യേണ്ടുന്ന നേരമല്ലെങ്കിലും എനിക്ക് പുടവതന്നു താലികെട്ടുമ്പോഴും മഴ കൂടെനിന്ന് ചിരിച്ചു .നാടിറക്കി കാടിറക്കി കുന്നിറക്കി കായലോരം എത്തും വരെ മഴ എന്റെ കൂടെത്തന്നെ വന്നു .പിന്നെ ഒരു ചിരിയോടെ തിരികെപ്പോന്നു .ഞങ്ങൾക്ക് പക്ഷെ മഴപോലൊരു മകൾ പിറന്നപ്പോൾ മഴ ഘനീഭവിച്ചു മഞ്ഞായിരുന്നു .അവൾക്കു നെറ്റിയിൽ തണുതണുത്തൊരു ഉമ്മ നൽകി മഴ മാറിനിന്നു .കുഞ്ഞിക്കണ്ണുരുട്ടി അവൾ നോക്കുമ്പോൾ ആ ഡിസംബറിൽ പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു .

ഞാനും മോളും മഴത്തുള്ളികളെ കൈകളിലാക്കി കണ്ണിൽപ്പൊത്തിയൊരു കളികളിക്കും .അവളുടെ കുഞ്ഞിക്കൈയ്യിൽ വീണ ഒരുതുള്ളി മഴ എത്ര സന്തോഷിക്കുന്നുണ്ടാകും അവളെപ്പോലെ തന്നെ !ഓരോ പച്ചകളിലൂടെയും മഴ ആഹ്ലാദിച്ചൊഴുകുന്നുണ്ടാകും.പച്ചപ്പില്ലാത്ത വിണ്ടുകീറലുകളിലേയ്ക്ക് നനവിന്റെ കനിവു കോരിച്ചൊരിഞ്ഞ് എത്ര പുൽനാമ്പുകളെ ഉണർത്തിയൊരുക്കിയിട്ടുണ്ടാകുമീ മഴ !എത്ര കുന്നിൻ ചെരിവുകളിൽ കല്ലുകൾ അമ്മാനമാടിക്കളിക്കവേ കാലുതെറ്റി പിടിവിട്ട് പാഞ്ഞൊഴുകി എത്ര പേരെ അറിയാതെ കൊന്നൊടുക്കി ദുഷ്പ്പേര് നേടിയിട്ടുണ്ടീ മഴ !പരിദേവനങ്ങളിൽ പതംപറയലുകളിൽ പ്രാക്കുകളിൽ.. തലയിലൊരു വെള്ളിടിവെട്ടി തുള്ളിക്കൊരു കുടം കോരിച്ചൊരിഞ്ഞ്  എത്രവട്ടം സ്വയം മരിച്ചിട്ടുണ്ടാകുമീ  മഴ ! എന്നിട്ടും തീരാതെ വേനലിൽ പൊള്ളുന്ന ചൂടിലെയ്ക്ക് പറന്നു പെയ്യുന്നുണ്ടിപ്പോഴും അതേ മഴ ! സ്വയമുലയാൻ സാന്ത്വനിപ്പിക്കാൻ.. പറന്നുപൊങ്ങുന്ന ഓരോ ധൂളിയെയും എന്റെയെന്റെയെന്ന് ആശ്ലേഷിച്ചമർത്തി മണ്ണിലേയ്ക്കമരാൻ .