Saturday, April 25, 2015

ജനമാലിന്യങ്ങള്‍ അഥവാ ജനങ്ങളെ പിഴിയുന്നവര്‍

 ജനമാലിന്യങ്ങള്‍ അഥവാ ജനങ്ങളെ പിഴിയുന്നവര്‍

ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു നാഴിക അകലം എന്നുമുണ്ട് .അതില്‍ അന്തസ്സും ആഭിജാത്യവും സൗന്ദര്യവും എല്ലാം പണം പോലെതന്നെ വേറിട്ട്‌ നിന്നാണ് പരസ്പരം നോക്കിക്കാണുക .പക്ഷെ ഉള്ളവന്‍ വീണ്ടും വീണ്ടും ആരുമറിയാതെ പട്ടിണിപ്പാവങ്ങളുടെയും മധ്യവര്‍ഗ്ഗത്തിന്റെയും പണം ഊറ്റിയെടുത്ത് തങ്ങളുടെ ഖജനാവിന്റെ പള്ള വീണ്ടും വീണ്ടും വീര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് അതിക്രമമല്ല വലിയൊരു അപകടം തന്നെയാണ് .ഇപ്പോള്‍ പത്രമാധ്യമങ്ങളും ചാനലുകളും സൈബര്‍ ഇടങ്ങളും ഇത്തരം വാര്‍ത്തയാല്‍ മുഖരിതമാണ് .അനധികൃത ധനം ,കോഴ ,കൂട്ടിക്കൊടുപ്പ് എന്നുവേണ്ട സകല കൊള്ളരുതായ്മകളിലും അടിസ്ഥാനപരമായി തട്ടിക്കൊണ്ടു പോകുന്ന പണം പാവപ്പെട്ട ഇത്തരം ജനത കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കുന്നതില്‍ നിന്നും മാത്രമാണെന്ന് പൊതുജനമെന്ന കഴുതകള്‍ തിരിച്ചറിയണം !

എങ്ങനെയാണ് ബാര്‍കോഴ നടപ്പിലാകുന്നത് ??!ജനങ്ങള്‍ അല്‍പ്പനേരത്തെ സുഖത്തിനായി വാങ്ങിക്കഴിക്കുന്ന മദ്യത്തില്‍ നിന്നും  അത്രമാത്രം പണമാണ് ഉടമകള്‍ക്ക് നല്കിക്കൊടുക്കുന്നതെന്ന് എന്താണ് നാം തിരിച്ചറിയാത്തത് ? ഇത്തരം പണം അടുത്ത മധ്യസ്ഥതയിലൂടെ എങ്ങനെയാണ് നമ്മുടെ ഭരിക്കുന്ന കേന്ദ്രങ്ങളില്‍ എത്തപ്പെടുന്നത് ? രാഷ്ട്രീയം ഏതുമാകട്ടെ അതിലൂടെ കോഴ ഒഴുകുന്നത്‌ എന്തിനാണെന്ന് പൊതുജനം ചിന്തിച്ചിട്ടുണ്ടോ ? കോഴകള്‍ പലവഴിയിലൂടെ പലതരത്തില്‍ ഇന്നലെയും ഇന്നും നാളെയും ഒഴുകിക്കൊണ്ടെയിരിക്കുകയാണ് പക്ഷെ അത് ഏതില്‍ നിന്നാണെങ്കിലും ഒരാളെയോ ഒരു സ്ഥാപനത്തെയോ ഒരു സംഘടനെയേയോ തൃപ്തിപ്പെടുത്തുക എന്ന ഒരേയൊരു ലക്‌ഷ്യം മാത്രം ഊന്നിയാണ് നടപ്പിലാക്കുന്നത് .അതിലൂടെ തൃപ്തപ്പെടുന്നത് ഒരുപക്ഷെ ഒരു വ്യക്തി മാത്രമായിരിക്കും അപ്പോള്‍ ഒരുപാടുപേരുടെ ഒരുനേരത്തെ അന്നത്തിനുള്ള വകയില്‍ നിന്നും അലക്ഷ്യമായോ ലക്ഷ്യമായോ മാറ്റപ്പെടുന്ന തുക ഒരു വ്യക്തിയിലെയ്ക്ക് പരോക്ഷമായി നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത് !അപ്പോള്‍ രാജ്യം ജനാതിപത്യത്തിലല്ല നിലനില്‍ക്കുന്നത് വ്യക്ത്യാധിഷ്ടിത താത്പര്യങ്ങളിലാകുന്നു ! അതിനാൽത്തന്നെ  'ജനങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍' എന്നുള്ളതു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! ജനങ്ങളെ കുബുദ്ധികളാല്‍ ചുറ്റപ്പെടുന്ന ഒരു രാജ്യത്താണ് നമ്മുടെ വാസം !നമ്മുടെ രാജ്യം ഇപ്പോഴും ദരിദ്രരാല്‍ മൂടപ്പെട്ടത്‌ തന്നെയാണ് .ചുറ്റുപാടും നോക്കൂ ,ഇപ്പോഴും യാചകര്‍ കൈനീട്ടുന്നു .ഇപ്പോഴും തെരുവിലെ കുഞ്ഞുങ്ങള്‍ വഴിയരുകില്‍ സ്വതന്ത്ര്യ പതാക വിറ്റ് പണമുണ്ടാക്കുന്നു .ഇപ്പോഴും കുഞ്ഞുങ്ങളെ വളർത്താനും അവർക്ക് കൊടുക്കാനുള്ള ഒരുനേരത്തെ അന്നത്തിനും  അനേക സ്ത്രീകള്‍ അവളുടെ തുണിയഴിച്ച് കേവലം ഒരു ലൈംഗിക ഉപകരണം മാത്രമാകുന്നു ! ഇവിടെയാണ്‌ ഒരാള്‍ പറയുന്നത് ഒരുകോടി രൂപ ഒരാള്‍ക്ക്‌ കോഴ കൊടുത്തു എന്ന് !! സത്യമോ അസത്യമോ എന്നതിലല്ല ആ ഒരുകൊടിയിലാണ് നമുക്ക് ലജ്ജ തോന്നേണ്ടത് .

എന്തുകൊണ്ടാണ് സത്യസന്ധരായ ധീരോത്തന്‍മാരായ അന്യരുടെ ദുഖങ്ങളില്‍ സ്വയം ദുഃഖം തോന്നുന്നവരുടെ പക്കല്‍ പണമില്ലാതാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?അവര്‍ രാപകല്‍ അന്യരുടെ സുഖത്തിനായും പണിയെടുക്കുകയാകും .എത്രപേരുണ്ടാകും കൈലാഷ് സത്യാർഥി യെപ്പോലെ നിസ്വാർഥരായി ? ഒരുപക്ഷെ ഒരുപാടുപേർ .കാരണം അവർ കുന്നുപോലെ പണം എവിടെയും നിക്ഷേപിക്കുന്നില്ല ,എല്ലാ നഗരങ്ങളിലും ഫ്ലാറ്റുകളും കൊട്ടാരങ്ങളും വാങ്ങിക്കൂട്ടുന്നില്ല അവർ ആർക്കും കൊഴകൊടുക്കുന്നില്ല അതുകൊണ്ടുതന്നെ അവരെ ആരും അറിയുകയുമില്ല !അന്യരുടെ പണം അത്യാർത്തിയോടെ കൈക്കലാക്കുന്നവന് എന്തിന് അന്യന്റെ ദുഖം അറിയണം ? അവനു വറുതിക്കാലം അരുകിലില്ലല്ലൊ !പക്ഷെ ഇവിടെ പണം ഒഴുകിവരുന്നത്‌ പണക്കാരുടെ കൈകൾ തൊട്ടു മാത്രമല്ല പാവപ്പെട്ടവരുടെ കൈകളിലൂടെ കൂടിയാണ് .പുതിയപുതിയ ചൂഷണങ്ങൾ എന്നും അവരിലൂടെയാണ്‌ നടപ്പിലാക്കുന്നതും .അയ്യായിരം രൂപയ്ക്ക് ഡയമൊണ്ട് പണ്ട് ചിന്തിക്കാൻ ആവുമായിരുന്നില്ല ,ഇന്ന് അയ്യായിരത്തിനും പതിനായിരത്തിനുമായി അവ ചുരുങ്ങിവരുന്നത്‌ മധ്യവർഗ്ഗത്തിന്റെ വയറ്റത്തടിച്ച് കൊള്ള ലാഭമുണ്ടാക്കാനാണ് കാരണം എന്നും പുതുമയിലെയ്ക്കു ഒരാന്തൽ ഉള്ളത് അവർക്കാണ്. കാണം വിറ്റും ഓണം ഉണ്ണുന്നതും അവര് മാത്രമാണ് ,കാരണം ഒരുപാടുള്ള സമ്പന്നന് ഇതിൽ യാതൊരു പുതുമയുമില്ല ,ഇല്ലാത്തവൻ അതിനെച്ചൊല്ലി വ്യാകുലപ്പെടുന്നുമില്ല .വിവാഹക്കബോളത്തിലെ ,ജീവിതത്തിലെ അനാവശ്യ ആഗ്രഹങ്ങളെയാണ് എന്നും ചൂണ്ടകൾ ഇരകൾ കാട്ടി കൊതിപ്പിക്കാറു് .ഈ പണമാണ് കച്ചവടക്കാരന്റെ ഖജനാവിലേയ്ക്ക് മറിയുന്ന കൊള്ളപ്പണം !ഇതിനു വഴിയൊരുക്കുന്നത് നമ്മളാണെന്നോർക്കണം.

ഇത്തരം ഭിന്നമാക്കപ്പെടുന്ന കോടാനുകോടി ധനം നമുക്കോ രാജ്യത്തിനോ ഒരുപകാരവുമില്ലാതെ സ്വകാര്യവത്കരിച്ചു പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ട വിഷയമാണ് .ഒരു വ്യക്തിയിൽ ക്രമാനുഗതമായി അയാളുടെ കച്ചവടത്തിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉണ്ടാകുന്ന പണം അയാളുടെ സ്വത്ത് തന്നെയാണ് പക്ഷെ ആ സ്ഥാപനങ്ങളുടെ മൂല്യം അതിന്റെ സ്വത്ത് എങ്ങനെ സമ്പാദിക്കുന്നു എന്നതിനെ ആപേക്ഷികമാണ് .ജനങ്ങളോട് ആഗ്രഹങ്ങൾ അടക്കാൻ പറയുന്നത് വെള്ളത്തിൽ വരയ്ക്കുന്ന വരപോലെയാണ് .അതുപോലെതന്നെയാണ് സ്ഥാപനങ്ങളോട് നീതിപൂര്‍വ്വം മാത്രംമുന്നോട്ടു പോകുവാന്‍ പറയുന്നതും .പരസ്യം കള്ളങ്ങളുടെ ലോകമാണ് അതിലൂടെയാണ് ഇന്ന് ജീവിതങ്ങളും ഒഴുകി നീങ്ങുന്നത്‌ .അവനവന്‍ അവനവനോടുള്ള നീതി നടപ്പാക്കുക എന്നതില്‍ മാത്രം അര്‍ത്ഥം അവശേഷിക്കുമ്പോള്‍ കോഴയും കള്ളപ്പണവും സ്വര്‍ണ്ണക്കടത്തും നികുതി വെട്ടിപ്പും എല്ലാം അത് നടപ്പിലാക്കുന്നവന്റെ മാത്രം കുതന്ത്രമാകുന്നു ! അതില്‍ പെടാതിരിക്കാനുള്ള മനശാസ്ത്രമാണ് അടുത്ത ജീവിതതന്ത്രം എന്നെനിക്കു തോന്നുന്നു ! അതിലേയ്ക്ക് വളരാന്‍ നമ്മുടെ ഭാവിയെ വളര്‍ത്താന്‍ മനുഷ്യന്‍ കൂടുതല്‍ കര്‍മ്മനിരതരും സ്വതന്ത്ര്യരും സത്യസന്ധരും ആകേണ്ടതുണ്ട് ."അതാ ആ കാണുന്നതാണ് ഗള്‍ഫ് " എന്നുകേള്‍ക്കുമ്പോഴേ ചാടി കടലില്‍ നീന്തുന്ന സിനിമയിലെപ്പോലുള്ള പാവപ്പെട്ട പൊട്ടന്മാര്‍ ആകരുത് ജനതതി .






Saturday, April 11, 2015

ഉയർന്നു പൊങ്ങുന്ന മൌനം കൊണ്ട് നിന്നെ
മറച്ചൊതുക്കണം എന്നുണ്ട് ..പക്ഷെ ,
പറന്നു പാറി വരുന്നുണ്ടല്ലോ നിന്റെ
ഒതുക്കാനാകാത്ത ശബ്ദമിങ്ങനെ ..എവിടെനിന്നോ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...