Saturday, March 30, 2019

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍
സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും
അകലെ വയലറ്റ് മലനിരകള്‍ക്ക്
മീതെ നീലസൂര്യന്‍ കത്തിക്കത്തി
ഉരുകിയുരുകി പുഴപോലെ
മലയില്‍നിന്നും അണപൊട്ടി ഒഴുകി
എങ്ങാണ്ടേക്കോ ഓടിപ്പോകും

ഒരു ചിത്രകാരി എഴുതുമ്പോള്‍
ചെന്ചോര ഒഴുകുന്നിടമെല്ലാം
ആര്‍ത്തനാദത്തിന് പകരം
ആലിംഗനമാകും
ചോര തൊട്ട ചുംബനങ്ങളെ
അവള്‍ കൈവിരല്‍ കൊണ്ട്
എഴുതിയെഴുതി നിറയ്ക്കും
കരച്ചിലിനെ അക്ഷരമാക്കുന്ന
മുടിഞ്ഞ മന്ത്രം
അവള്‍ക്കുമാത്രമറിയാം
ആം അറിയാമെന്നേ !
ഒരു ചിത്രകാരി എഴുതുമ്പോള്‍
അക്ഷരങ്ങള്‍ക്ക് നാണമില്ല
നോക്കൂ,
അവര്‍നഗ്നരാകുന്നത് കണ്ടോ
പളുങ്ക് പോലെ തിളങ്ങുന്ന
സത്യവചസ്സുകള്‍!
ആഹാ നാണമില്ലാത്ത സത്യങ്ങള്‍ !
ആഹഹാ അതാ പേടിച്ചോടുന്ന
കുറേ കപട വസ്ത്രങ്ങള്‍ !
........................അതേ ഒരു ചിത്രകാരി എഴുതിയത്

സദാചാര ഹൃദയം


പ്രണയം പാടാനറിയാത്തവളുടെ പാട്ട്

പ്രണയമേ
നീ വന്നതൊരു
സൂര്യോദയം പോലെയാണ്
ഇല്ലായിരുന്നുവെങ്കിൽ
ഇന്നു പൊഴിയുന്നൊരില പോലെ
എന്റെ ജൻമം തീർന്നു പോയേനെ
നിന്റെ കിരണങ്ങൾ
കാരണമേതുമില്ലാതെ
ഇതു വഴി കടന്നു പോകുന്നതു പോലും
എനിക്കു വേണ്ടിയെന്നു ഞാൻ
വെറുതെ മോഹിക്കുകയാണ്!

എവിടെ നിന്നു തുടങ്ങണം
എവിടെച്ചെന്നവസാനിക്കണം
ജീവന്റെ തളിരിലകൾ
ഉള്ളിൽ നിന്നും
പുറത്തേക്കെന്നപോൽ
നീ വരുന്ന വഴിയിൽ
എന്റെ പ്രാണനും
എത്തിനോക്കുകയാണ്
ഇന്നലെ വരെ
മണ്ണിലൊളിച്ചൊരു കുമിൾ പോലെ
ഇന്നിതാ നിന്റെയാഗമനത്തിൽ
പൊട്ടി മുളച്ച്
തല നീട്ടുകയാണ് ഞാൻ!
ഹാ എന്റെ മഴമേഘമേ
നീ ഉതിർന്നു വീഴുന്ന
മണ്ണാകട്ടെ ഞാൻ
നിന്നിലൂടെ മാത്രമൊലിച്ചു പോകാൻ
പിറവി കൊണ്ട മണ്ണ്
നിനക്കലിഞ്ഞു ചേരാൻ മാത്രം
ഉതിർന്നുലഞ്ഞ മണ്ണ്!
ഏതേതു പക്ഷിയുടെ
ചുണ്ടിലെപ്പാട്ടാണ് നീ
പാടുമ്പോൾ
മറുപാട്ട്‌ പാടുവാൻ
മറന്നു പോകുമോ ഞാൻ
ഏതോ, ഒരു തൂവലിൽ പാറി -
പ്പറന്നു പോകുമോ ഞാൻ!
................... പ്രണയം പാടാനറിയാത്തവളുടെ പാട്ട്
അതെ,
നിശബ്ദത കൊണ്ടളന്നു മുറിച്ചാണ്
ഞാനെന്നെ ഇത്രമേൽ
സ്നേഹിക്കുന്നത്
വ്യഥയുടെ ചില്ലു പാത്രങ്ങൾ
എപ്പോൾ വേണമെങ്കിലും
വീണുടയാം
ഒരുച്ചയുറക്കത്തിന്റെ
ലാഘവത്തോടെ
എനിക്കെന്നെ തൂത്തെറിയാം
ആത്മഹത്യ ചെയ്യുന്നവരെ
എനിക്കിഷ്ടമാണ്
അവർ സിംഹത്തേക്കാൾ
ധീരരാണ്
വേദനകളെ നോക്കി
കൊഞ്ഞനം കുത്താൻ
ജീവന്റെ സ്പന്ദമാപിനികളെ
ഒറ്റയമർത്തലിന് നിർത്തിക്കളയുവാൻ
കെല്പുള്ളവർ അവർ മാത്രമാണ്!

ഒളിച്ചു പ്രണയിക്കുന്നതെനിക്ക്
പുച്ഛമായതിനാൽ
ഞാൻ മറയില്ലാത്ത ആകാശമാകും
പ്രണയം മഴമേഘം പോലെ
എന്നിൽ തങ്ങിനിൽക്കണം
നാലാളു കാൺകേ
നമ്മൾ മഴയായിപ്പെയ്യണം
അല്ലാതെ ആരും കാണാതെ
ആരും കേൾക്കാതെ
അയ്യേ ജാര പ്രണയം!
നിനക്കു പോയി
ആത്മഹത്യ ചെയ്തു കൂടേ
പ്രണയിക്കാൻ പോലും
അറിവില്ലാത്തവൻ!
ധൈര്യമില്ലാത്തവനെ
പ്രണയിക്കുന്നവൾ
അബലയാണ്
അവളെ കല്ലെറിയുക!
................................. അഹം അഹങ്കാരാസ്മി! അനിതാസ്മി!
25/03/2019
ധൈര്യമില്ലാത്തവളാണ് ഞാൻ
ജിവിതം തന്ന നാരങ്ങാവെള്ളത്തിൽ
അരക്കഴഞ്ച് ധൈര്യം കലക്കി
ഒറ്റവീർപ്പിന് കുടിച്ച്
അല്പം ആത്മവിശ്വാസവും തൊട്ടു നക്കി
ചിറിയും തുടച്ച് ഒരേമ്പക്കവും വിട്ട്
നിവർന്നു സ്വന്തം കാലിൽ
നിൽക്കാന്നു വിചാരിച്ചപ്പോഴേക്കും
ആടിപ്പോയ കാലിന്
ആപ്പു വയ്ക്കുകയാണ് കാലം!
എന്റെ കാലെവിടെ കാലേ..
കാലമേ.. കാലനേ!!
..................... കാലുമില്ലാത്ത കാലം ! _ കലി - ത

25 /03/2019

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...