Tuesday, February 28, 2017

ദളിതരെ ദളിതരേ എന്ന് വിളിച്ചുകൂവിയാൽ ദളിതർക്കെന്തെങ്കിലും കിട്ടുമെന്ന് വിചാരിക്കുന്നവരോട് !! ഈ ദളിതർ ദളിതർ എന്ന് ഉള്ള വിളിയേ ഉപേക്ഷിച്ചിട്ട് ദളിതർ എന്നുള്ള സംവരണ പട്ടികയും ഉപേക്ഷിച്ചിട്ട് ജാതിയും ജാതകവും ഉപേക്ഷിച്ചിട്ട് ഒരൊറ്റ മനുഷ്യകുലത്തിനു കീഴിൽ മനുഷ്യരെ വെറും ആണും പെണ്ണും എന്നുള്ളവരാക്കാൻ ഉള്ള ചങ്കുറപ്പുള്ള 'ശരിയായ മനുഷ്യരെ ' നിങ്ങളോട് !!അതിൽ നിങ്ങൾ ജനിച്ച ഉന്നതകുലം താഴ്ന്ന കുലം മധ്യകുലം എന്നിങ്ങനെ ഒന്നും വേണ്ട വെറും മനുഷ്യകുലം മതി എന്ന് തീരുമാനിക്കാൻ ധൈര്യമുള്ളവരെ , തീക്കൊള്ളി പോലെ കത്തിനിൽക്കുന്ന കൊച്ചുപ്രായത്തിലെ കുട്ടികളേ , മക്കളെ വിപ്ലവം എന്നുള്ളത് ദളിതരെ ദളിതരെ എന്നുള്ള നിലവിളിയല്ല ദളിതരിൽ ഒരാളാകാനുള്ള ചങ്കുറപ്പുമല്ല മറിച്ച് ദളിതർ എന്ന വാക്കേ ഉച്ഛരിക്കാതെ ഈ സാമൂഹിക വ്യവസ്ഥിതിയെ പടിപടിയായി മാറ്റിയെടുത്തു മതത്തെയും ജാതിയെയും ജാതകത്തെയും പള്ളിയെയും പട്ടത്തെയും ഉപരി മനുഷ്യനായി ജീവിക്കാനുള്ള ഉൾക്കരുത്ത് നിങ്ങൾ കാണിക്കണം .ഇഷ്ടമുള്ള പെൺകുട്ടിയെ /ആൺകുട്ടിയെ ജാതിയോ മതമോ നോക്കാതെ പണമോ പദവിയോ നോക്കാതെ കൈപിടിക്കാൻ കഴിയണം .സമൂഹത്തിന്റെ ചലനങ്ങൾക്കൊത്തു ദളിത് വിപ്ലവങ്ങൾ സൃഷ്ടിക്കുമ്പോൾ "ദളിതർ " എന്നുള്ള ഒരു ജനവിഭാഗത്തിന് കൂടുതൽ കൂടുതൽ ഊന്നൽ കിട്ടുകയും അവർ അതായി എന്നത്തേയ്ക്കുമായി മുദ്ര കുത്തപ്പെടുകയുമാണ് ഇന്ന് ചെയ്യുന്നത് .മറിച്ച് സവർണ്ണർ ദളിതർ എന്നുള്ള ഒരു വീതംവയ്പ്പില്ലാതെ കാര്യങ്ങളെ നോക്കിക്കാണാൻ പഠിച്ചാൽ സഹജീവി എന്നുള്ള വികാരത്തിന് മുൻ‌തൂക്കം ലഭിക്കുകയും ക്രമേണ അതെ ഈ "ക്രമേണ " എന്ന വാക്കിനു വലിയ അർത്ഥമുണ്ടിവിടെ .ഒരു സുപ്രഭാതത്തിൽ ദളിതർ എന്ന് മുദ്രകുത്തപ്പെട്ടവർ അതല്ലാതാകുന്നില്ല പക്ഷെ ഒന്നുണ്ട് നീ വികാരിച്ചാൽ അതെ ഞാൻ വിചാരിച്ചാൽ അവർ ദളിതരോ സവർണ്ണരോ അല്ലാതായിത്തീരും .അവരോടു നീയും ഞാനും ഉൾപ്പെടുന്ന സമൂഹം ചെയ്യുന്ന കനത്ത അടികൾ അവഗണനകൾ ആക്രോശങ്ങൾ പീഢനങ്ങൾ എല്ലാം എല്ലാം ഈ വിളിയിൽ നിന്നുമാണ് തുടങ്ങുന്നത് .മറിച്ച് നമ്മൾ സമർഥമായി ഒരു സുഖ ചട്ടക്കൂടിനുള്ളിൽ ഇരുന്നിട്ട് "ദളിതരെ ..ഓ ദളിതരേ " എന്നാക്രോശിച്ചിട്ടോ കുറെ ബഹളമുണ്ടാക്കി നാലുപേരെ കൂട്ടിയിട്ടോ ദളിതരോടുള്ള മനോസ്ഥിതി സമൂഹത്തിൽ നിന്നും മാറുകയില്ല മറിച്ചു് നാം നന്നാക്കുക എന്ന ലളിത വാക്യമാണ് പിന്നീട് മഹത്തായ മാറ്റങ്ങൾ ഉണ്ടാക്കി തീർക്കുക .അപ്പോൾ പ്രിയപ്പെട്ടവരേ നമുക്ക് ഈ ദളിതരെ ദളിതരേ എന്നുള്ള വിളികളെ ഉപേക്ഷിക്കാം എന്താ ? 

Saturday, February 25, 2017

ഇറ്റ്ഫോക്കിലെ അതിഗംഭീരം എന്ന് പലരും ഇന്നലെ വാഴ്ത്തിയ ഒരു നാടകത്തിൽ ,അഭിനയത്തിനും ഡിജിറ്റൽ ടെക്നൊളജിക്കും ഇടയിലിരുന്നു നാടകം കാണുന്ന എനിക്ക് പ്രൊഫഷണലി ഒരു ഡിജിറ്റൽ ഡിസൈനർ  എന്ന നിലയിൽ അതിലെ ടെക്നൊളജിക്കും ഒരു കാണി എന്ന നിലയിൽ നാടകത്തിനും വിലയിടാൻ തോന്നിയില്ല .എന്തോ അറിയില്ല ! കാരണം ടെക്‌നോളജി എന്ന് പറയാൻ അതിലൊന്നുമില്ല. വെറും ഷൂട്ട് ആൻഡ് ഷോ മാത്രമേ ഉള്ളൂ ..പക്ഷെ അത്രയും ഗംഭീരമായ സെറ്റ് നാടകത്തിനായി കെട്ടിയുണ്ടാക്കിയവരെ ഞാൻ അതിശയത്തോടെ നോക്കുന്നു ! അതിനു ചിലവഴിച്ച തുകയെപ്പറ്റി അന്തം വിടുന്നു!! അതിൽ സെനോഗ്രഫിയുടെ മനോഹാരിതയും നല്ല കിടിലൻ മ്യൂസിക് നോട്സും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു .അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല !! ആളായിരുന്നുവെങ്കിൽ അതിഗംഭീരമെന്നു പറയാൻ അത്രകണ്ട് മെയ്യും കയ്യും മനവും മാസങ്ങളുടെ കഠിന പ്രയത്നവും സമയവും അർപ്പിച്ചുരുക്കഴിച്ച ഒരു മഹായജ്ഞം കഴിഞ്ഞൊരു മനുഷ്യൻ എന്റെ സമീപത്തിപ്പോൾ ശാന്തനായി ഉറങ്ങുന്നുണ്ട് .അദ്ദേഹത്തിന്റെ നാടക പ്രയത്നത്തിന് ഒരു ഭാര്യ എന്ന നിലയിലല്ലാതെ ഒരു കാണി എന്ന നിലയിൽ ഞാൻ നൂറിൽ നൂറ്റൊന്നു മാർക്ക് കൊടുക്കും .അതുകണ്ട് അദ്ദേഹത്തെ നെഞ്ചോടു ചേർത്ത ഓരോരുത്തരെയും ഞാൻ സ്നേഹപൂർവ്വം നമിക്കുന്നു .കൂടെ നിന്ന ഓരോരുത്തരെയും നെഞ്ചോടു ചേർക്കുന്നു. നിങ്ങൾക്കെന്റെ പ്രാണന്റെ പേരിൽ നന്ദി പറയുന്നു .

Sunday, February 19, 2017

  
 ആക്രമിക്കപ്പെട്ട പെണ്ണിനോട് പറയുന്നു : " മുറിവേറ്റ ഒരു സിംഹമാണ് നീ ..അപമാനിക്കപ്പെട്ടവൾ എന്ന അലങ്കാരം നമുക്ക് വേണ്ട .ഏതു സിംഹത്തെയും കൂട്ടത്തോടെ കുറെ നായകൾക്ക് (പട്ടികൾ ആണിവിടെ ചേരുക )നേരിടാം .പക്ഷെ കൂട്ടത്തോടെ സിംഹങ്ങൾ വന്നാലോ ? " പെണ്ണുങ്ങളെ, ഉണർന്നെഴുനേൽക്കുവിൻ .നമുക്കീ ലോകം ഒന്നേ നൽകുന്നുള്ളൂ .."നീ പെണ്ണാണ് "എന്ന നിരന്തര ആക്രോശം മാത്രം .ഇനി നമ്മളാണ് നേരിടേണ്ടത്. നമ്മൾ പെണ്ണ് തന്നെയാണ് എന്ന് കാണിക്കുവാൻ എല്ലാ സ്ത്രീകളും മുൻപോട്ടുവരണം .പെണ്ണിനെക്കൊണ്ടു സാധിക്കാത്തത് ബീജാധാനം മാത്രമാണ് .വേറൊന്നുമല്ല ,വേറൊന്നുമില്ല .കൂട്ടത്തോടെ ഒരാണിന്റെ ആക്രമിക്കുക പീഢിപ്പിക്കുക എന്നത് പെണ്ണത്തമായി ഒരു പെണ്ണും ഉദ്‌ഘോഷിക്കില്ല അവൾക്കറിയാം ഏറ്റവും കഴിവുകെട്ടവരുടെ ആഘോഷം മാത്രമാണതെന്ന് !

Monday, February 13, 2017

അസൂയപ്പെടുത്തുന്ന ..
മൊഴികളില്ലാത്ത ..
ആ സ്നേഹം ഞാനുമായി പങ്കിട്ടെടുത്ത
എല്ലാവർക്കും ..


Sunday, February 12, 2017

പിരിഞ്ഞുപോകുന്ന പൂമ്പാറ്റകൾക്ക് !

കത്തിത്തീർന്നതാ  മുളങ്കാടുകൾക്കുമപ്പുറത്ത്
കരിഞ്ഞ അസ്ഥിപൂക്കൾ പോലവേ കിടക്കുന്നൂ
ചിതറികടന്നുപോം സന്ധ്യക്ക്‌ തൊട്ടിപ്പുറം
 ഇണചേരുവാനായി പറന്നങ്ങോട്ടെക്കെത്തി
 ഉരുമ്മിപ്പറക്കുമാ രണ്ടുപൂ പതംഗങ്ങൾ !

ഇരിക്കാനൊരു പച്ചപ്പുതപ്പുതേടീയവർ
 ഇളം തെന്നൽപോലെ പാറിപ്പോകുന്നിതാ
എത്രയോ ദൂരം തെന്നിനീങ്ങിയാ
 ഇണയുടെ ഗന്ധമൂറും മൃദുമേനിയിൽ 
തൊടുവാനായ് !
അകന്നുപോകുന്നല്ലോ ആഗ്രഹമത്
മാത്രം ,എങ്ങുപോയിരിക്കും പച്ചപ്പില്ലാ
മരുഭൂവിതിൽപ്പിന്നെ !

കരിഞ്ഞ പുല്ലിൻതുമ്പും
കൊഴിഞ്ഞ മരശാഖയും
വീണ്ടുപോയീടുന്നല്ലോ  മൺനുറുങ്ങുകൾ ചൂടിൽ
 പൂക്കളും മൃഗങ്ങളും ആനത്താരകളും
ചേർന്നാഘോഷമാടും  കാടാം വീടേതോ കാൺപതില്ല
പൂമ്പാറ്റകൾ ,നമ്മൾ
ജീവന്റെ വസന്തക്കൂടൊരുക്കും
ചിറകതിൽ  പൂക്കാലമൊരുക്കിയ
മണ്ണിന്റെ മാലാഖമാർ !


ഇത്തിരിത്തലപ്പത്തായ്  പച്ചനീർത്തൊരാ
ക്കൊമ്പിൽ അഗ്നിയെക്കടത്താതെ
 പൂത്തതിന്നല്ലോ നമ്മൾ !
മുഗ്ദാനുരാഗം വേണ്ടാ
കള്ളനാട്യംപേറാൻ മർത്യരല്ലല്ലോ നമ്മൾ
കാട്ടിൻ സ്വർണ്ണരേതസ്സാൽ
പൊട്ടിവിടർന്ന പൂമ്പാറ്റകൾ ..
പുഷ്പങ്ങൾ തേടീ ..
കാടിൻ പച്ചപ്പുമാത്രം തേടി ..
കാണ്മതീലല്ലോ പ്രിയേ കാടതുമാത്രം കണ്ണിൽ !
 ഒന്നിരിക്കാൻ ചേർന്നാ ജീവന്റെ തുടിപ്പേകാൻ
വീണുചാകാൻ പിന്നെ മണ്ണിനു വളമാകാൻ !


പിരിഞ്ഞു പോകുന്നല്ലോ വരണ്ട ചാരക്കാറ്റിൽ
പൊങ്ങിയ പടലത്തിൽ പെട്ടുപോകുന്നല്ലോ അവർ !
പച്ചമേനിയിലായ് മുദ്രകുത്തുന്നൂ കാടും
പട്ടുപോകുക നീയും ഞങ്ങളെപ്പോലെത്തന്നെ !
ചാരമാകുക മൃദുമോഹങ്ങൾ വെടിയുക
കാറ്റുപോലും മൂകമതുതന്നെ ചൊല്ലീ ..
പിരിഞ്ഞുപോകുന്നല്ലോ ഒരുകാറ്റിൻകരം
പലതായ്പ്പിരിച്ചൊരാ വഴികൾതോറുംപിന്നെ .. 


Monday, February 6, 2017

ഇന്നലെയായിരുന്നു  സംഭാഷണം ഞാനും മോളും തമ്മിൽ :
മോൾ : അമ്മേ ഈ ദൈവം എന്നാൽ എന്താ ?
ഞാൻ : ഉം ..ദൈവം എന്നുവച്ചാൽ പ്രകൃതി ..
മോൾ :  പ്രകൃതീന്നു വച്ചാ ..?
ഞാൻ: സൂര്യൻ,മരം ,മനുഷ്യൻ ..മൃഗങ്ങൾ ..എന്നിങ്ങനെ കാറ്റും മഴയും എല്ലാം !
മോൾ : നുണ ! അപ്പോൾ പിന്നെ 'അമ്മ വിളക്കു കൊളുത്തി പാർത്തിക്കുന്നതാരെയാ ?? ഗണേശനേം ദേവീയെം ,കൃഷ്നനേം ,ശിവനേം ??
ഞാൻ : അതോ ..നോക്ക് ഗണേശനെക്കണ്ടാൽ ആരെപ്പോലെയാ ?
മോൾ:  ആനപോലെ !
ഞാൻ:ദേവിയും കൃഷ്ണനും ?
 മോൾ: മനുഷന്മാര് ..
ഞാൻ:അപ്പോൾ ഞാൻ പറഞ്ഞത് ശരിയല്ലേ? പ്രകൃതിയെ അല്ലെ അമ്മ പ്രാർത്ഥിക്കുന്നത് ? ആനയെയും മനുഷ്യനെയും ??
 മോൾ: അയ്യേ പ്രകൃതീന്നുവച്ചാ മനുഷ്യനില്ല !മരം സൂര്യൻ കാറ്റ് ..ഇതൊക്കെവച്ചു പാർത്തിച്ചാ പോരെമ്മേ ??!
ഞാൻ തകർന്നു നുറുങ്ങിത്താഴെ !
ഉവ്വ് അതുമതി അതുതന്നെയാകണം പ്രാർത്ഥന എന്ന് ഞാനും ! സുല്ലിട്ടു മക്കളെ സുല്ല് ! എന്റെ ന്യു ജനറേഷൻ ഇങ്ങനെത്തന്നെ മുന്നോട്ടുപോണേ ന്റെ പ്രകൃതി മുത്തപ്പാ ! എങ്കിൽ നമ്മൾ രക്ഷപെട്ടു !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...