Sunday, February 12, 2017

പിരിഞ്ഞുപോകുന്ന പൂമ്പാറ്റകൾക്ക് !

കത്തിത്തീർന്നതാ  മുളങ്കാടുകൾക്കുമപ്പുറത്ത്
കരിഞ്ഞ അസ്ഥിപൂക്കൾ പോലവേ കിടക്കുന്നൂ
ചിതറികടന്നുപോം സന്ധ്യക്ക്‌ തൊട്ടിപ്പുറം
 ഇണചേരുവാനായി പറന്നങ്ങോട്ടെക്കെത്തി
 ഉരുമ്മിപ്പറക്കുമാ രണ്ടുപൂ പതംഗങ്ങൾ !

ഇരിക്കാനൊരു പച്ചപ്പുതപ്പുതേടീയവർ
 ഇളം തെന്നൽപോലെ പാറിപ്പോകുന്നിതാ
എത്രയോ ദൂരം തെന്നിനീങ്ങിയാ
 ഇണയുടെ ഗന്ധമൂറും മൃദുമേനിയിൽ 
തൊടുവാനായ് !
അകന്നുപോകുന്നല്ലോ ആഗ്രഹമത്
മാത്രം ,എങ്ങുപോയിരിക്കും പച്ചപ്പില്ലാ
മരുഭൂവിതിൽപ്പിന്നെ !

കരിഞ്ഞ പുല്ലിൻതുമ്പും
കൊഴിഞ്ഞ മരശാഖയും
വീണ്ടുപോയീടുന്നല്ലോ  മൺനുറുങ്ങുകൾ ചൂടിൽ
 പൂക്കളും മൃഗങ്ങളും ആനത്താരകളും
ചേർന്നാഘോഷമാടും  കാടാം വീടേതോ കാൺപതില്ല
പൂമ്പാറ്റകൾ ,നമ്മൾ
ജീവന്റെ വസന്തക്കൂടൊരുക്കും
ചിറകതിൽ  പൂക്കാലമൊരുക്കിയ
മണ്ണിന്റെ മാലാഖമാർ !


ഇത്തിരിത്തലപ്പത്തായ്  പച്ചനീർത്തൊരാ
ക്കൊമ്പിൽ അഗ്നിയെക്കടത്താതെ
 പൂത്തതിന്നല്ലോ നമ്മൾ !
മുഗ്ദാനുരാഗം വേണ്ടാ
കള്ളനാട്യംപേറാൻ മർത്യരല്ലല്ലോ നമ്മൾ
കാട്ടിൻ സ്വർണ്ണരേതസ്സാൽ
പൊട്ടിവിടർന്ന പൂമ്പാറ്റകൾ ..
പുഷ്പങ്ങൾ തേടീ ..
കാടിൻ പച്ചപ്പുമാത്രം തേടി ..
കാണ്മതീലല്ലോ പ്രിയേ കാടതുമാത്രം കണ്ണിൽ !
 ഒന്നിരിക്കാൻ ചേർന്നാ ജീവന്റെ തുടിപ്പേകാൻ
വീണുചാകാൻ പിന്നെ മണ്ണിനു വളമാകാൻ !


പിരിഞ്ഞു പോകുന്നല്ലോ വരണ്ട ചാരക്കാറ്റിൽ
പൊങ്ങിയ പടലത്തിൽ പെട്ടുപോകുന്നല്ലോ അവർ !
പച്ചമേനിയിലായ് മുദ്രകുത്തുന്നൂ കാടും
പട്ടുപോകുക നീയും ഞങ്ങളെപ്പോലെത്തന്നെ !
ചാരമാകുക മൃദുമോഹങ്ങൾ വെടിയുക
കാറ്റുപോലും മൂകമതുതന്നെ ചൊല്ലീ ..
പിരിഞ്ഞുപോകുന്നല്ലോ ഒരുകാറ്റിൻകരം
പലതായ്പ്പിരിച്ചൊരാ വഴികൾതോറുംപിന്നെ .. 


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...