Friday, May 23, 2014

HOW OLD ARE YOU !

 HOW OLD ARE YOU !  മഞ്ജു വാര്യർ തിരിച്ചു വന്ന സിനിമ എന്ന രീതിയിലല്ലാതെ ഇതിനെ ഒന്ന് നോക്കിക്കാണുമ്പോൾ ഒരു സ്ത്രീപക്ഷ സിനിമ എന്നതിലുപരി ഒരു സ്ത്രീപക്ഷ ഉൾക്കാഴ്ച ഇതിലുടനീളം കൊണ്ടുവന്നു എന്നത് ഏറെ സന്തോഷിപ്പിക്കുന്നു ! ബോബിയും സഞ്ജയ്‌ യും സ്ത്രീ മനസ്സിനെ മനസ്സിലാക്കിയത് എന്നെ തെല്ല് അമ്പരപ്പിക്കുകയും ചെയ്തു എന്ന് പരസ്യമായിത്തന്നെ പറയട്ടെ. കാരണം മഞ്ജു വാര്യർ അവതരിപ്പിക്കുന്ന 36 കാരി സ്ത്രീ നേരിടുന്ന അവസ്ഥകൾ ഇന്നത്തെ മധ്യവർഗ്ഗ കുടുംബങ്ങളിലെ ഒട്ടുമിക്ക കുടുംബിനികളും നേരിടുന്ന ഒന്ന് തന്നെയാണ് .കാരണം അവളുടെ സ്വപ്‌നങ്ങൾ കുടുംബത്തിന്റെ മൊത്തം സ്വപ്നമായി പരിണമിക്കുന്നത് ഇന്ന് മിക്ക ഭർത്താക്കന്മാരും തിരിച്ചറിയുന്നില്ല .അവർക്ക് വേണ്ടത് സുന്ദരിയായ ,സുഹൃത്തായ ,കാര്യപ്രാപ്തിയുള്ള എന്തിനും പോന്ന അഭിമാനം തുളുംബാൻ പോന്ന ഇരുപതുകാരിയെ ആയിരിക്കും .അവിടെ നരകയറിയ, സ്വപ്നങ്ങൾ എന്നത് കുടുംബം മാത്രമാകുന്ന , ഭർത്താവിനും കുടുംബത്തിനും വേണ്ടി പുറത്തു പോയി ജോലിചെയ്യുകയോ വീട്ടിലെ പണികളിൽ മുഴുകി ചോറും കറിയും വച്ച് വല്ലപ്പോഴും അയലത്തെ പെണ്ണുങ്ങളെ നിരീക്ഷിച്ചു താൻ അതിലും മിടുക്കിയല്ലേ എന്ന് ചോദിക്കുന്ന ,സീരിയൽ കണ്ടു കണ്ണ് നനയ്ക്കുന്ന ഒരു പാവം വിഴുപ്പിനെ ആർക്കു വേണം ? എന്നാൽ ഈ വിഴുപ്പു ഭാണ്ഡങ്ങൾ ഒന്ന് മാറി നിന്ന് നോക്കട്ടെ ചോറിനും കറിയ്ക്കും സ്വാദു കുറയട്ടെ ..മക്കൾക്ക്‌ നേരാം വണ്ണം തേച്ചു മിനുക്കിയ കുപ്പായങ്ങളും ,ഭക്ഷണവും പരിരക്ഷയും സാന്ത്വനവും കുറയട്ടെ അപ്പോൾ അവർക്ക് സ്വാഭാവികമായും എന്തോ ഒന്ന് ജീവിതത്തിൽ നിന്നും പോയപോലെ തോന്നും .'ആ എന്തോ ഒന്ന് ' മാത്രമാണിന്ന് മിക്ക കുടുംബങ്ങളിലും അമ്മമാർ ! അല്ലാതെ അവർ വ്യക്തികളാണെന്നോ അവർക്ക് സ്വന്തമായി വ്യക്തിത്വം ഉണ്ടെന്നോ തിരിച്ചറിയാൻ പങ്കാളികളോ മക്കളോ സ്വന്തമായി ആ സ്ത്രീകൾ പോലും മറന്നു പോകുന്നു !അപ്പോഴാണീ സിനിമയ്ക്കുള്ള പ്രാധാന്യം !

പ്രസിഡണ്ട്‌  ഒരു സാദാ  സ്ത്രീയെ കാണുവാൻ ആഗ്രഹിക്കുന്നതിലെ യുക്തി അവളുടെ മങ്ങിമറഞ്ഞു പോയ ചെറുപ്പത്തിന്റെ പ്രസരിപ്പ് ഇന്നും ബാക്കി നിൽക്കുന്നുവെന്ന കാട്ടിത്തരലുകൾ ആണെങ്കിലും മുപ്പത്തിയാറ് വയസ്സ് ഒരു സ്ത്രീയെ വയസ്സിയാക്കുന്നതിലെ അമ്പരപ്പ് വിട്ടുമാറ്റുന്നില്ല ! സ്ത്രീ സ്വാതന്ത്ര്യം ,പുരുഷനൊപ്പമുള്ള സ്വാതന്ത്ര്യം ,വീട് വിടാനുള്ള സ്വാതന്ത്ര്യം ,വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ,പ്രായമാകാനുള്ള സ്വാതന്ത്ര്യം ,പ്രായത്തെ അന്ഗീകരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നും മറ്റും പറഞ്ഞു പറഞ്ഞ് സ്ത്രീ എന്നത് ഒരു വൃത്തത്തിലൊതുങ്ങുന്ന ഏക കോശം മാത്രമാകുന്നു .അത് സിനിമയിലായാലും ജീവിതത്തിലായാലും ! സ്ത്രീകൾക്കെന്തിനാണ് പുരുഷനൊപ്പം സ്വാതന്ത്ര്യം ? എന്തിനാണ് ഒരതിരിടുന്നത് ?സ്വാതന്ത്ര്യം എന്നതിന് ആരുടേയും ഒന്നിന്റെയും ഒപ്പം നില്ക്കുക എന്ന അർത്ഥമല്ല ഉള്ളതെന്ന് എന്തുകൊണ്ടാണ് നമ്മളിനിയും തിരിച്ചറിയാത്തത് ! സ്വപ്നങ്ങൾ കാണുന്ന ഉൾത്തടങ്ങളെ ചേർത്തു നിർത്തി അത് മനസ്സിലാക്കുന്ന അവ പൂർത്തിയാക്കുവാൻ കൂടെ നിന്ന് പിന്തുണയ്ക്കുന്ന ഭർത്താക്കന്മാർ ,മക്കൾ ഇന്ന് തുലോം കുറവാണ് പക്ഷെ അവർ തിരിച്ചറിയാതെ പോകുന്നത് ഭാര്യ/ അമ്മ അവരുടെ കൂടെനിന്ന് അവർക്കുവേണ്ടിയാണ് നല്ലൊരു കുടുംബം മുന്നോട്ടു കൊണ്ടുപോകാനാണ്‌ കാളയെപ്പോലെ ഒന്നും പറയാതെ പണിതുകൊണ്ടേ ഇരിക്കുന്നതെന്ന് !അതുകൊണ്ടാണ് സുസ്ഥിരമായ ഒരു ഭവനം സംജാതമാകുന്നതെന്നും .

ഇന്ന് സ്ത്രീകൾ സ്വയം പര്യാപ്തകളാകുമ്പോൾ ഒന്നുകിൽ അവർക്ക് പിറകിൽ ഐക്യമുള്ള സുദൃഡമായ ഒരു കുടുംബമുണ്ടാകും അല്ലെങ്കിൽ അവർ വിവാഹിതരാകാതെ സ്വയം മുന്നേറും അതുമല്ലെങ്കിൽ അവർക്ക് പിന്നിൽ പൊട്ടിപ്പൊളിഞ്ഞു പോയ ഒരു കുടുംബ ജീവിതത്തിന്റെ കൈപ്പേറിയ വാശിയുണ്ടാകും.ഇതൊന്നുമല്ലാതെ എന്നായിരിക്കും സ്വമേധയാ സ്ത്രീകൾ വളർന്നു വരികയും അവരെ സ്ത്രീപുരുഷ വേലിക്കെട്ടുകളുടെ അകത്തിടാതെ സ്വയം പൂത്തുലയാൻ വളർന്നു പന്തലിക്കാൻഅനുവദിക്കുന്ന യഥാർത്ഥ സ്വാതന്ത്ര്യം ജീവിതങ്ങളിൽ സംജാതമാകുന്നതാവോ ?!

ഇവിടെ ഒരു സുഹൃത്തിന്റെ കരുത്തുറ്റ ഓർമ്മപ്പെടുത്തലുകളും മനസ്സിലാക്കലുകളുടെ കൈപ്പുനീരിൽ നിന്നുമാണ് അവളിലെ സ്ത്രീ തനിക്കു കഴിയും എന്ന പഴയ സമവാക്യത്തിലെയ്ക്ക് തിരിച്ചു നടക്കുന്നത് .മഞ്ജുവിനെ മേക്കപ്പ്‌ ചെയ്തു ചിലയിടങ്ങളിൽ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുകയും, കൂട്ട ഓട്ടത്തിൽ നിന്നുമുള്ള ഭാഗം കൂട്ടിയിണക്കിയതും വേറിട്ട്‌ നില്ക്കുന്നു .ചിത്രത്തിൻറെ സൗന്ദര്യം അതിന്റെ കഥാതന്തു മാത്രമാണ്, പിന്നെ മഞ്ജുവിന്റെ താരസാമീപ്യവും. അല്ലാതെ എടുത്തുപറയാൻ സിനിമയിലെ നിറക്കൂട്ടുകൾക്കായിട്ടില്ല .കുഞ്ചാക്കോ ബോബന് കാര്യമായി ചെയ്യേണ്ടതൊന്നുമില്ല രംഗത്ത്. അതുകൊണ്ടുതന്നെ എടുത്തുപറയേണ്ടുന്ന അഭിനയ മുഹൂർത്തങ്ങൾ ഇല്ലതന്നെ .അതുപോലെ തന്നെ മറ്റുള്ളവർക്കും .പക്ഷെ പലഹാരം ഉണ്ടാക്കി വിൽക്കുന്ന ആ അമ്മരംഗം അതിമനോഹരമായി അവർ ചെയ്തിരിക്കുന്നു എന്ന് പറയാതെ വയ്യ .ഇന്ത്യൻ പ്രസിഡണ്ട്‌ വരുന്നതും വിവിഐപി കളെ കാണുവാനുള്ള ബദ്ധപ്പാടുകളും ,ചോദ്യം എതായിരിക്കുമെന്നുമുള്ള ആകാംക്ഷ രംഗങ്ങളും നന്നായിത്തോന്നി.പച്ചക്കറിത്തോട്ടത്തിൽ അല്പ്പം കൂടി പച്ച ആകാമായിരുന്നു എന്ന പരദൂഷണത്തോടെ നല്ലൊരു സിനിമ കാണിച്ചു തന്ന റോഷൻ ആണ്ട്രൂസിനൊരു കൈയ്യടിയോടെ നന്ദി ബോബി സഞ്ജയ്‌ .വീണ്ടും എഴുതുക നിങ്ങൾക്ക് മാജിക്‌ ചെയ്യാനാകും .


Sunday, May 11, 2014

ഒരുനൂറു കനവിലകൾ!

നീ കാണുന്നുവോ എന്ന്
ആകാശം നോക്കി ആയിരമായിരം
നക്ഷത്രങ്ങളെ നോക്കി ..
ആകാശച്ചെരുവിലെ നീലക്കറുപ്പിനുള്ളിലെ
വജ്രത്തിളക്കം നോക്കി അരുമയോടെ
നീ കാണുന്നുവോ എന്ന് ..

കാറ്റ് പറഞ്ഞുകേട്ട്
മൊട്ടക്കുന്നിലെയ്ക്ക്
കാട്ടുമുല്ല പൂത്തകാട്ടുവഴികളിലൂടെ
പതിയെ ഏറെപ്പതിയെ
ആരും കാണാതെ സൂക്ഷിച്ച്
ഓരോ പാദവും എടുത്തുവച്ച്
നിനക്ക് കിട്ടുന്നുവോ പൂമണം
എന്നാനന്ദിച്ച് മെല്ലെക്കുനിഞ്ഞൊരു
പൂമണം പൊട്ടിച്ചു
കാറ്റ് പറഞ്ഞത് കേട്ട് ..

ഓരോ അടുക്ക് വെള്ളത്തുണികൾ
നനച്ച് പൂവെയിലത്തുണക്കി
അടുക്കിയൊതുക്കി വയ്ക്കുമ്പോൾ
ഓരോ തുണിയിലും
നീ കിടന്നു കാലിളക്കുന്നതോർത്തു
വീണ്ടും വീണ്ടും ചിരിച്ചു ചിരിച്ച്
ഓരോ അടുക്ക് വെള്ളത്തുണികൾ..

ഓരോ പഴങ്ങളും സൂക്ഷിച്ചു
നോക്കിനോക്കിത്തിന്നവേ
നിനക്ക് നിറഞ്ഞോ ..നിറഞ്ഞുവോ
എന്നോമനിച്ച് വീണ്ടും
മുറിച്ചു മുറിച്ച്
ഓരോ പഴങ്ങളും സൂക്ഷിച്ചു .

ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ
നീ കളിക്കയാണോ കുളിക്കയാണോ
എന്നു കളിപറഞ്ഞു പറഞ്ഞ്
നിനക്ക് തണുക്കുന്നോ എന്നടുക്കിപ്പിടിച്ച്
കാറ്റുകൊള്ളാതെ നനുനനുത്തൊരു
ചിരിയൊഴുക്കി  ജാഗ്രതയോടെ
ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ

 അങ്ങനെയങ്ങനെ
ആർക്കു  കിട്ടും
ഒരു ഗർഭവതിയുടെ മാത്രം
നിനച്ചിരിക്കലുകളിലെ
ഒടുങ്ങാത്ത
അമ്മവികാരങ്ങളെ
അങ്ങനെയങ്ങനെ
ആർക്കു  കിട്ടും....!

 






Friday, May 9, 2014

പൊയ്ക്കുതിരകളെപ്പോലെ ,പൊയ്ക്കാളകളെപ്പോലെ പൊയ് ആനകൾ നിരന്നു നിന്ന് കുടമാറ്റം നടത്തുന്ന അതിസുന്ദരമായൊരു പൂരം ഇനി എന്നായിരിക്കും വരിക !!ഈ തൃശ്ശൂരിൽ നിന്നുമുയരുന്ന മനുഷ്യ ചെകിടുകൾക്കും അതീതമായ ഈ കൂട്ട മൃഗവിളിയിൽ കാടിറങ്ങി കാടായ കാടുകളും ചെടികളും ഓടിവരുന്ന നാൾ എന്നായിരിക്കും ഉദിച്ചുയരുക ! (സൂര്യൻ പൊട്ടിച്ചിതറി ഒക്കെ കെട്ടുപോകട്ടെ ഹും  ! )

Wednesday, May 7, 2014

ചില നേരങ്ങളിൽ ബോധമില്ലാത്തൊരു കാട്ടാനയെപ്പോലെ
ഇഷ്ടങ്ങളിൽ കൊമ്പ് കുത്തിമലർത്തുകയാണ്..
തിരിഞ്ഞു നോക്കുമ്പോൾ പരിഹസിച്ചു ചിരിക്കുകയാണ്
കൂട്ടത്തോടെ ഇഷ്ടങ്ങളെല്ലാം ..!
അവർക്കാനയെ  ഇഷ്ടമല്ല പോലും
വെറും കുത്തിമലർത്തലുകളെ മാത്രമാണത്രേ പ്രിയം !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...