Thursday, July 31, 2014

കണ്ണുനീരല്ല സ്വപ്നങ്ങളല്ല നിൻ
നെഞ്ചിലേയ്ക്കിന്നു തുപ്പുന്നു തോക്കുകൾ
ഗാസ നീയിന്നു കത്തുന്നു കണ്ണുനീർ
ഉപ്പുകൊണ്ട് തിളയ്ക്കുന്നു ഭൂതലം !
ചോരിവായിലെയ്ക്കിന്നു നീ നല്കുന്നു
ചോരകൊണ്ട് നിറഞ്ഞൊരു മാറിടം
പെറ്റ കൈയ്കൾക്കു നല്കുവാനുണ്ടൊരു
കെട്ടുകെട്ടിയ തുണ്ട് ഖബറിടം !
എത്ര പൂക്കളിൽ തേൻ ചൊരിയുന്നൊരു 
ഹർഷ ഹേമന്തമിന്നെന്റെ പാട്ടുകൾ
എത്ര മോഹനമായിപ്പറയുന്നു
പൊന്നിലഞ്ഞിയിൽ ആടുമാ പൈങ്കിളി !

Tuesday, July 29, 2014

ജല്പ്പനങ്ങൾ

ഉന്മാദം പിടിച്ച ജല്പ്പനങ്ങൾക്കാണ്
കൂടുതൽ ചെവികൾ എത്തുക!

'പറങ്കിമാവിൻ ചോട്ടിൽ
കാറ്റു കൊള്ളാൻ പോയി
മാങ്ങയണ്ടി തലയിൽ വീണപ്പോൾ
നിന്റെ ഊഷരമായ ചുണ്ടുകൾ
തേക്കാത്ത വായിൽ നിന്നുമുള്ള
ഈറ ഒലിപ്പിക്കുന്ന ചുംബനങ്ങൾ
ഊറ്റിയെടുക്കുകയായിരുന്നു എന്റെ
വിറകൊള്ളുന്ന ചുണ്ടുകൾ '

എന്നെല്ലാം പറയുന്ന വൃത്തിയിൽ
ഒതുങ്ങാത്ത വൃത്തമെത്താത്ത
അലങ്കാരങ്ങളുടെ അടിവസ്ത്രങ്ങൾ പോലും
ചൂളി വിറയ്ക്കുന്ന നാണം കെട്ട ജല്പ്പനങ്ങൾ !
ഒറ്റക്കവിയിൽ തുടങ്ങി ഒറ്റവായനക്കാരിൽ-
ത്തുടങ്ങി എണ്ണമെത്താത്ത മുപ്പത്തി
മുക്കോടി ഇഷ്ടങ്ങൾ പറങ്കിമാങ്ങ വീണു
ചുനതട്ടി പൊള്ളലേറ്റ് ഉന്മാദം പങ്കിടുന്നു !

അവിടെയ്ക്ക് പഴമയുടെ മൃതഭംഗി വീശി
പ്രായം മണക്കുന്ന ചുണ്ടിൽ  

'സരസിജ നയനെ
മമ ജീവനിൽ മൃദുരാഗമായ്
ബിംബാധരി ചേർന്നമരു '

എന്നും പറഞ്ഞൊരു കവി .
ഒറ്റക്കവിയുമില്ല കൂടെ  അനുവാചകരുമില്ല
അയാളുടെ വിറയ്ക്കുന്ന താടിയിലൂടെ
ഒഴുകിയിറങ്ങുന്നൊരു കണ്ണീർത്തുള്ളി
താഴെവീണ് പൊട്ടിച്ചിതറി നൂറുപേരാകുന്നു
വന്നതുപോലെ തന്നെ വീണ്ടും അപ്രത്യക്ഷരാകുന്നു


Saturday, July 26, 2014

ഒരു പിതൃക്കൾക്കും ഏറ്റുവാങ്ങുവാനാകില്ല
വിശന്ന വയറിനാൽ നൽകുന്ന പിണ്ഡം !

Thursday, July 24, 2014

പരിഹൃതി എന്തിഹ !
പരിചൊടു ചൊല്ലുക
പരിഹസി കൂടാതെ ..

പരീക്ഷ്യൻ പരീണാഹൻ !
പരീക്ഷണകുതുകി  നീ
പരീക്ഷ അതെന്താകും!!

Wednesday, July 23, 2014

എന്നെയും നിന്നെയും നമ്മളാക്കുന്നത്

തനിച്ചിരിക്കലുകൾ ഏകാന്തതകൾ
പല  നേരങ്ങളിലെയും  പിടിവള്ളികൾ ..
അതിലിരുന്ന് നീയും ഞാനും ഊഞ്ഞാലാടും
അതിലൂടെ നീണ്ട നീണ്ട യാത്രകൾ പോകും

മനസ്സിന്റെ ഇനിയും തുറക്കാത്ത വാതിലുകൾ
ഓടാമ്പൽ നീക്കി അകത്തുകയറി
കുറ്റിയിട്ടു ചിക്കിച്ചികഞ്ഞു
 പൊട്ടിക്കരയുകയൊ
പൊട്ടിച്ചിരിക്കുകയോ മരണം പോലെ
വിങ്ങി വീർത്ത് ചീഞ്ഞു നാറുകയോ ചെയ്യാം

ഇനിയും കൊതിക്കുന്ന കൈയ്യുകൾ
തേടിപ്പിടിച്ച് അതിരുകളില്ലാത്ത
കുന്നിൻ മുകളിലേയ്ക്ക്
പാറിപ്പാറി പറന്നു പോകാം

ആകാശത്തിനു കീഴെ
നക്ഷത്രപ്പൂക്കൾ വിതറി
ഒരലട്ടലുകലുമില്ലാതെ
കരിനാഗങ്ങൾ പോലെ
ആഞ്ഞുയർന്നു അയഞ്ഞുലഞ്ഞ്
അമരത്വത്തിന്റെ ക്ഷണഭംഗി നുകരാം

കാറ്റെവിടെ കടലെവിടെയേന്നു
ഓർക്കുകപൊലുമില്ലാതെ 
തന്റെയുള്ളിലെ തിരമാലകളിൽ
ആലോലമാടി നീണ്ട ഉറക്കങ്ങളുടെ
ധ്യാനസ്ഥലികളിൽ ബുദ്ധന്മാരാകാം

ഒരു കണ്ണാടിയുമില്ലാതെ മുഖഭംഗി
 നോക്കിനോക്കി ഊറിച്ചിരിക്കും
എന്റെതന്നെ  പാതിമെയ്യുകളിൽ
അർദ്ധനാരീശ്വര അർത്ഥതലങ്ങൾ തേടാം

കട്ടിപ്പുതപ്പുകളേതുമില്ലാതെ
ശീതകാറ്റിൽ കാഴ്ച്ചകാണാനിറങ്ങാം 
പട്ടുറുമാല് പോലെ മേഘത്തേരേറി
പാറിപ്പറന്നു പോകാൻ
സ്വപ്നങ്ങളുടെ കെട്ടഴിക്കാം

തനിച്ചിരിക്കലുകളാണ്
ഇനിയും തനിച്ചിരിക്കലുകളാണ്
ഒരേ മാലയുടെ നൂല് പോലെ
കോർത്തിണക്കി 
എന്നെയും നിന്നെയും നമ്മളാക്കുന്നതല്ലേ ..!




Friday, July 18, 2014

മാനസേ മനസ്വിതെ സുന്ദരീ
മധുജമാണോ മനസ്സിലും മാനിനീ
നിനദമൊന്നുമുയർത്താതെ നിമ്നതാ 
നിയതിയെ ഭജിച്ച്ദ്വാരാ നില്പ്പതോ .

Wednesday, July 16, 2014

ആഹോരവം ആളുകയാണ് ഹൃത്തെ
കഷ്ടം !ആവൃതി കെട്ടിയുള്ളിൽ
വാഴുക മൂഡസ്വർഗ്ഗെ !

Sunday, July 13, 2014

രാത്രിയിലെപ്പോഴോ ഞാനും ദൈവവും ഉറങ്ങിയപ്പോൾ
മഴ പെറ്റിട്ടു പോയതാണോ പ്രഭാതത്തിലെ ഈ പച്ചക്കുരുന്നുകൾ !

Saturday, July 12, 2014

അമ്മേ എന്നുള്ള നിലവിളി
നാടും വീടും നിറവുമില്ലാതെ
രാജ്യവും അതിരുകളും
കാലവും ദേശവുമില്ലാതെ
ഓരോ അമ്മയിലും വന്നു
പതിക്കയാണെൻറെ പൊന്നു മക്കളെ !
ചാരുഹാസവദനെ ബിംബാധരി
ചായുക ചാരുതനു ചാരെ.
കുതൂഹലി കന്ദളം തൊട്ട -
മവരുവതൊന്നുമാത്രമോർച്ച !
ഓജസ്സൊഴിഞ്ഞു പോയി ചൊല്ലാ
നാവതുമില്ലത്ത്രാസം !

Thursday, July 10, 2014

വീടുകൾ !

കണ്ണീര് നിരാശ ഏകാന്തത
അട്ടഹാസം വിഷാദം വെയിൽ
പട്ടികൾ കുട്ടികൾ കടിപിടികൾ
വീർപ്പുമുട്ടുന്നു വീടുകൾ

കുട്ടികളുടെ കരച്ചിൽ
കുട്ടികളില്ലാത്തവരുടെ കരച്ചിൽ
കുട്ടികൾ വേണ്ടാത്തവരുടെ കരച്ചിൽ
വീർപ്പുമുട്ടുന്നു വീടുകൾ

ഉറക്കമില്ലാത്ത രാവുകൾ
ഉറക്കം നടിക്കുന്ന രാവുകൾ
വെറിപിടിച്ച താളങ്ങളിൽ
ഉള്ളുലയ്ക്കുന്ന രാവുകൾ
വീർപ്പുമുട്ടുന്നു വീടുകൾ

കണ്ണീരും ചിരിയും
നിലാവും കുട്ടികളും
കൂട്ടിമുട്ടിപ്പൊട്ടിച്ചിരിക്കുന്ന
വീടുകളെനോക്കി വീർപ്പുമുട്ടുന്നു വീടുകൾ

കട്ടകളും കട്ടിളയും പൊട്ടിത്തെറിച്ച്
വീർപ്പുമുട്ടലുകളുടെ ദീർഘ നിശ്വാസങ്ങൾ
വാതായനം വഴി പുറത്തേയ്ക്കൊഴുക്കാൻ
വീർപ്പുമുട്ടുന്ന വീടുകൾ !

Tuesday, July 8, 2014

സുവനൻ  ധ്വാന്തം പകുത്തിഹ
യണഞ്ഞിടുമ്പോൾ നക്ത നങ്കപോ-
ലല്ലോ സുമുഖീ സൂര്യകാന്തി നില്പ്പൂ !


Monday, July 7, 2014

മരമെന്നോ മനുഷ്യനെന്നോ എന്തു പേരിലും വിളിക്കാം.

പച്ച ഞരമ്പുകൾ പതിഞ്ഞ
പച്ച ഹൃദയമുണ്ടെനിക്ക് !
ഇനിയും പച്ച വറ്റാത്തവർക്ക് തണലായ്‌
പച്ചിലമൂടിയ ശിരസ്സുമുണ്ടെനിക്ക്
നിനക്ക് മരമെന്നോ മനുഷ്യനെന്നോ
എന്തു പേരിലും വിളിക്കാം ..
കടയ്ക്കു വെട്ടുവാൻ വരുമ്പോൾ
ആവതില്ല ഓടാൻ
കാലുകൾ പതിനായിരം തീറ്റ തേടി
മണ്ണിൽ യാത്ര പോയതല്ലേ !

Sunday, July 6, 2014

മരണങ്ങളിലെ കറുപ്പും വെളുപ്പും ('ശൂന്യമനുഷ്യർ' എന്ന പി സുരേന്ദ്രന്റെ നോവലിനെ ആസ്പദമാക്കി എഴുതിയത് .)

വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിന്റെ ആഴത്തിലേയ്ക്ക് സഞ്ചരിക്കാനുള്ള അന്തർവാഹിനിയാണ് ഓരോ ശിലാലിഖിതമെന്നും  അതിന്റെ വാതിൽ തുറന്നെത്തുന്നത് സല്ലേഖനം എന്ന ആത്മബലിയുടെ വെളുത്ത ശിഖരങ്ങളിലാണെന്നും 'ശൂന്യ മനുഷ്യർ 'എന്ന നോവലിലൂടെ പി.സുരേന്ദ്രൻ പറയുകയാണ്‌ .ഇവിടെ മരണമെന്നത്‌ മഹാ അനുഭൂതിയാണ് .ആത്മബലി  കറുത്തൊരു ചീളുപോലെ മരിക്കുന്ന ഓരോ ജീവനിലും നിലനിന്ന് അവരെ എക്കാലത്തെയ്ക്കുമായി  കറുത്ത മുദ്രകൾ പോലെ അവശേഷിപ്പിക്കുന്നില്ല ! പകരം, വെളുത്ത പഞ്ഞിപ്പുതപ്പിലേറ്റി അവരെ നിത്യതയുടെ താഴ്വരയിലെയ്ക്ക് പറത്തിക്കൊണ്ടു പോകുന്നു ,കൂടെ ഈ കൃതി വായിക്കുന്ന ഓരോരുത്തരും ഓരോ വെളുത്ത അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിലൂടെ പാറിപ്പാറി എങ്ങോ പോയ്മറയും .പിന്നെ വെറും ശൂന്യതമാത്രമായിരിക്കും അവശേഷിക്കുന്നത് .

ഗൃഹസ്ഥനും സന്യാസിയും ഒരുപോലെ ജീവിതത്തെ ആഴത്തിലും പരപ്പിലും അറിയുന്നുണ്ടെന്ന് ഇതിലെ ഓരോ കഥകളും നമ്മെ ഓർമ്മപ്പെടുത്തുന്നു .ധ്യാനമെന്നത് ജീവിതത്തിന്റെ സൂക്ഷ്മതലത്തിലെയ്ക്കുള്ള ഒഴുകിപ്പോക്കാവുബോള്‍ ഗൃഹസ്ഥനും സന്യാസത്തിലെന്നപോലെ അവന്റെ ജീവിതത്തിലൂടെ സ്വത്വത്തെ കണ്ടെത്തുകയാണ് അതൊരുപക്ഷെ വല്ലാത്തൊരു തിരിച്ചറിവാകാം .അതിൽപ്പെട്ട് പ്രാണനെ ഊരിയെറിഞ്ഞ് നിർവാണമടയാൻ അവരോരോരുത്തരും ശ്രമിക്കുകയാണ് .ആത്മബലി എന്നത് ഇവിടെ ഒരുതരം ആത്മരതി തന്നെയായി മാറുന്നു ,അവനവനോട് മാത്രമുള്ള ഇണചേരലാകുന്നു .അതാണിവിടെ സല്ലേഖനം അഥവാ വെളുത്ത മരണം .അവനവന്റെ ജീവിതത്തിന്റെ പരിമിതമായ വട്ടത്തിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ അർത്ഥം തേടുകയും അതിന്റെ അവസാനം പൂർണ്ണത മാത്രം തേടി,പൂർണ്ണമാക്കപ്പെടാൻ വേണ്ടി ആരോരുമറിയാതെ മരണത്തെ ക്ഷണിച്ച് സ്നേഹിച്ച് അതിലൂടെ ഇറങ്ങി പോകുന്നതുമാണെന്ന് എഴുത്തുകാരൻ വാക്കുകളിലൂടെ വരച്ചു കാണിക്കുകയാണ് .

സല്ലേഖനം ചെയ്യാൻ നിർഭയനാകണം സഹിഷ്ണുവാകണം ആഴമേറിയ മറവിയിലേയ്ക്ക് എല്ലാവരെയും ഉപേക്ഷിക്കണം അകത്തും പുറത്തും അപാര ശൂന്യതും നിശബ്ദതയും അറിയുവാനുള്ള ധീരതയും വേണം എന്നദ്ദേഹം ഓർമ്മപ്പെടുത്തുന്നു .കർമ്മബന്ധങ്ങളിൽ നിന്നുമുള്ള സമ്പൂർണ്ണ മുക്തി !അതിനാൽ ആത്മഹത്യകൾ എല്ലാം സല്ലേഖനങ്ങൾ അല്ല . പലതും വീർപ്പുമുട്ടിക്കുന്ന കറുകറുത്ത മരണങ്ങൾ മാത്രമാണ് .അതൊരിക്കലും വെളുപ്പിനെ അശ്ലെഷിച്ചണയ്ക്കുന്ന പരിശുദ്ധ മരണങ്ങളല്ല .അത്തരം മരണങ്ങളെയും എഴുത്തുകാരൻ കാണിച്ചു തരുന്നു .ആത്മഹത്യാ മുനമ്പുകളിൽ നിന്നും അവർ ജീവിതങ്ങളിലെയ്ക്ക് തിരിച്ചോടാത്തതെന്തെന്ന ഹൃദയവ്യഥയോടെ വായനക്കാരൻ അവരോടൊപ്പം കൊല്ലപ്പെടുന്നു !

മഹാനായ വിപ്ലവകാരിയായ ഭൂപൻ ദാ യുടെ ആത്മഹത്യയെപ്പറ്റി വിവരിക്കുന്നിടത്ത് പ്രത്യശാസ്ത്രങ്ങളും ആശയങ്ങളും എത്രമേൽ മഹത്തരങ്ങളും ലോകത്തെ കീഴ്മേൽ മറിക്കാൻ കെല്പ്പുള്ളതുമാണെങ്കിലും അവനവനിലെ പ്രാണന്റെ ചെറിയ തുടിപ്പിനുള്ളിൽ ഒതുങ്ങുന്ന ഒന്നുമാത്രമാണ് ജീവിതമെന്നു വായനക്കാരൻ ഞെട്ടലോടെ തിരിച്ചറിയും .സൂക്ഷ്മ പ്രത്യശാസ്ത്രത്തെക്കുറിച്ചു നക്സലൈറ്റുകൾ തർക്കിക്കുന്നത്‌ അടുത്തു നില്ക്കാനല്ല പിളർന്നു മാറാൻ വേണ്ടിയാണ് എന്ന് പറയുമ്പോൾ  അത് പ്രത്യയശാസ്ത്രങ്ങളുടെ ആത്മഹത്യകളാണ് . !എത്രതന്നെ മാറാൻ ശ്രമിച്ചാലും നക്സലൈറ്റുകൾക്കൊരു കുഴപ്പമുണ്ട് ജനാതിപത്യ രാഹിത്യത്തിന്റെ ഏതെങ്കിലുമൊരു കാട്ടുവള്ളി അവരുടെ കാലിൽ ചുറ്റിപ്പിണഞ്ഞു വീഴ്ത്തിക്കളയും എന്നദ്ദേഹം പറയുന്നു .ഇത്  1960 കളിൽ കേരളത്തിൽ രൂപപ്പെട്ട നക്സലൈറ്റു പ്രസ്ഥാനങ്ങളുടെ ആളിക്കത്തലും  വീഴ്ച്ചയും ഒരുപോലെ ഓർമ്മപ്പെടുത്തുന്നു .കെട്ടുപോയ ചില കനൽക്കാഴച്ച്കൾ വീണ്ടും നമ്മുടെ ഹൃദയത്തെ തൊട്ടുപോകുന്നത് എന്തിനാണെന്നും നാം വൃഥാ ചിന്തിച്ചു പോകും !

 സൈറാബാനു മനുഷ്യബോംബായി ചിതറിത്തെറിക്കുന്ന കബീർ സരായിൽ പറയാൻ സൂഫികളുടെ പോലും മനം കവർന്ന പട്ടുവസ്ത്രങ്ങളുടെയും ആത്മീയതയുടെയും സംഗീതത്തിന്റെയും മാസ്മരിക ലോകമുണ്ട് ,എത്ര മനോഹരമായാണ് എഴുത്തുകാരൻ ചില കാലഘട്ടങ്ങളോട് സംവദിക്കുന്നത് .പ്രണയം തോന്നുന്ന മിനാരങ്ങളും പട്ടുറുമാലും നമ്മെ കാട്ടിത്തരുന്നത് ആത്മബലിയിലേയ്ക്കെത്തിക്കുന്ന ഉന്മാദമാണ്‌ .ഇവിടെ പക്ഷെ അതിസന്തോഷത്തിന്റെ ഉന്മാദമല്ല മറിച്ച് ജീവിതം കെട്ടിപ്പൂട്ടുന്ന അതിസംഘർഷങ്ങളുടെ ഉന്മാദമാണ്‌ .അധികാരവ്യവസ്ഥയ്ക്കകത്ത് മനുഷ്യർ അനുഭവിക്കുന്ന പ്രതിസന്ധികൾക്കുള്ള ഉത്തരമാണ് അത്തരം ചില ആത്മഹത്യകൾ !അവിടെ ച്ഛിന്നഭിന്നമാക്കപ്പെടുന്നത് സ്വന്തം ശരീരം മാത്രമല്ല ,അധികാര വ്യവസ്ഥയോടുള്ള ഒരു ജനതയുടെ മുഴുവൻ രോക്ഷമാണ്‌ .

കവി നാരായണവാര്യരെക്കുറിച്ചുള്ള അദ്ധ്യായം  അത്യന്തം ഭ്രമാത്മകമാണ് .സത്യമോ മിഥ്യയോ എന്നുള്ള സന്ദേഹം ഓരോ വായനക്കാരനിലും ഒരു മാജിക്കൽ റിയലിസത്തിന്റെ കൈയ്യൊപ്പു ചാർത്തിത്തരും .എങ്കിൽക്കൂടി ഏറ്റവും മനോഹരമായ ചില സ്വപ്നങ്ങളിൽക്കൂടി സംഭവങ്ങളിൽക്കൂടി അനുഭവങ്ങളിൽക്കൂടി അവസാനം അദ്ദേഹത്തിന്റെ കൂടെത്തന്നെ ഒരു വഴുക്കലോടെ മരണം കടന്നു വന്നു കയറിട്ടു കുരുക്കി നമ്മളെയും കൊന്നുകളയും !പലതരം മരണങ്ങളുടെ ഗുഹാമുഖത്ത്‌ നിന്നും അറകളിലെയ്ക്ക് നയിക്കപ്പെട്ട ആത്മഘാതകരെക്കുറിച്ചെഴുതുമ്പോൾ ഒരു എഴുത്തുകാരന്റെ ആത്മസംഘർഷം എത്രത്തോളമാകാം എന്നിവിടെ ചിന്തനീയമാണ് .ആരുടെ മുന്പിലും തോല്ക്കാത്ത ദമയന്തിയുടെ പുരുഷഭാവം അവളുടെ മരണത്തിന്റെ മുഖം തന്നെയാണ് !

ജീവിക്കാൻ പ്രേരിപ്പിക്കാൻ ആത്മബലികളുടെ ഒരു കുടന്ന വെളുത്ത പൂക്കൾ നമ്മുടെ മുൻപിൽ വിതറിയിട്ടുകൊണ്ടാണ് പി സുരേന്ദ്രൻ നോവൽ അവസാനിപ്പിക്കുന്നത് .കാറ്റ് കടന്നു പോകും വരെ ഓടക്കുഴൽ അനാഥമാണ് ,കാറ്റിനെ സന്ഗീതമാക്കുന്നത് ഓടക്കുഴലിലെ ശൂന്യമായ ആത്മാവിലെ സുഷിരങ്ങളാണ്‌ ,ശൂന്യതയും ഒരു ദർശനം തന്നെയാണെന്ന് അദ്ദേഹം പറയുന്നു .അപ്പോൾ ശൂന്യ മനുഷ്യർ തീർച്ചയായും പകർന്നു തരുന്നത് ചില മഹത്തായ ദർശനങ്ങൾ തന്നെയാണ് .കറുകറുത്ത ജീവിതാനുഭവങ്ങളിൽ നിന്ന് വെളുവെളുത്ത ശൂന്യതയാകുന്ന പ്രകാശത്തിലേയ്ക്ക് അസാധാരണമായൊഴുകുന്നൊരു ആഖ്യാനമാണ് ഈ കൃതി .

Friday, July 4, 2014

ഒരു സ്ത്രീയായ ഞാൻ പറയുന്നു ,ഒരു പെണ്‍ജന്മത്തിലെ ഏറ്റവും അസഹനീയമായ (വളരെ കുറച്ചു പേർക്ക് മാത്രം സഹനീയമായ ) ഒന്നാണ് ആർത്തവം .പക്ഷെ സ്ത്രീ ശരീരത്തിലെ ഓരോ അണുവും സുഗമമായി പ്രവർത്തിക്കുവാൻ അത് കൂടിയേ മതിയാകൂ താനും !അതിനെ ഏറ്റവും മ്ലേഛവും തോട്ടുകൂടാത്തതുമായി കാണുന്നവരാണ് ഇന്നും ബഹുഭൂരിപക്ഷം വീടുകളും ! അടുത്ത തലമുറയെ ഉത്പാദിപ്പിക്കുക എന്ന ജൈവ പ്രക്രിയയുടെ ഭാഗം മാത്രമാണിതെന്നും അതിലുപരി ഏറ്റവും സ്നേഹത്തോടെയും പരിഗണനയോടെയും കാണേണ്ടുന്ന ഒന്നാണിതെന്നും സ്കൂൾ തലത്തിൽ അധ്യാപകർ എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബോധവത്കരിക്കേണ്ടുന്ന സമയം എന്നെ കഴിഞ്ഞു ! ഒരു സ്കൂളിലെങ്കിലും ഒരു തുറന്ന സമീപനം ഇതിനായി കൈക്കൊണ്ടിട്ടുണ്ടോ ആവോ !!? ഏതെങ്കിലും ഒരാണ്‍കുട്ടിയെങ്കിലും തുറന്നു ചോദിച്ചിട്ടുണ്ടാകുമോ കൂട്ടുകാരീ നീ എന്താണ് സഹിക്കുന്നതെന്ന് ??! അത് കേൾക്കുന്ന രക്ഷിതാവോ സഹപാഠിയോ അധ്യാപകരോ അതിനെ എന്നെങ്കിലും പ്രോത്സാഹിപ്പിക്കയോ തോളിൽ തട്ടി അഭിനന്ദിക്കയൊ ചെയ്തിട്ടുണ്ടാകുമോ ? എനിക്കറിയാം ഇല്ല എന്നെ ഉത്തരമുണ്ടാകൂ ! അതൊരു പാപമല്ല മറിച്ച് അസ്വസ്ഥതയോടെ ആ വേദന സഹിക്കുന്ന അനേകമനേകം പെണ്‍കുട്ടികൾ നാളെ ഒരമ്മ ആകേണ്ടുന്നവൾ അല്ലെങ്കിൽ അത്തരമൊരു മാനസിക ഘട്ടത്തിലൂടെ കടന്നു പോകേണ്ടുന്നവൾ ആണ് .അല്പം ബഹുമാനം അല്ലെങ്കിൽ സ്നേഹം കരുതൽ നിങ്ങൾക്കെല്ലാം അവൾക്കു നല്കാം .വസ്ത്രത്തിൽ അബദ്ധത്തിൽ അല്പം രക്തം പുരണ്ടാൽ അവളെ കളിയാക്കാതെ സഹകരിക്കാം .ഒരു സാദാ പെണ്‍ജന്മത്തിൽ അല്പ്പം രക്തം കറയായി പുറത്തു വരാത്ത ഒരാളും കാണില്ല .ഒന്നുകിൽ അടിയുടുപ്പിൽ അല്ലെങ്കിൽ പുറമേയ്ക്ക് എങ്ങനെയും .അതുകൊണ്ട് ആണ്‍ കൂട്ടുകാരെ നിങ്ങൾ നിങ്ങളുടെ സഹധർമ്മിണിയെ ,മകളെ സഹോദരിയെ ,അമ്മയെ ,കൂട്ടുകാരിയെ ഈ അവസ്ഥയിൽ കണ്ടാൽ ഒരു തുണ്ട് സ്നേഹം പരിഗണന എന്നും കൊടുക്കണം .ആർത്തവം ഒരു തെറ്റോ,വിശുദ്ധിയില്ലായ്മയോ  ഒളിച്ചുകളിയോ ഒന്നുമല്ല സ്ത്രീയെ നിലനിർത്തുന്ന ജൈവ പ്രക്രിയ മാത്രമാണ് .

Wednesday, July 2, 2014

ആരു നീ ഹന്ത കാന്തിക താരമേ
ആരുടെ ജീവ  മുഗ്ദാനുരാഗമെ
കാണുവാൻ കൊതിച്ചേറെയലഞ്ഞു ഞാൻ
കണ്ടതേയില്ല കാണാൻ കൊതിച്ച നാൾ !

ആനമിക്കുകയാണു ഞാൻ ദേവതേ
ആനുരക്തി ശമിക്കുവാനെന്തിഹ !
ആടകം പോലെ ദേഹം തിളങ്ങവേ
ആജ്യമെന്ന പോലാഹരിക്കട്ടെ ഞാൻ .


Tuesday, July 1, 2014

Solipsism holds that knowledge of anything outside one's own mind is unsure;the mind to be the only god and all actions in the universe are thought to be a result of the mind assuming infinite forms,saying Upanishad,concepts are similar isn't it?

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...