Saturday, November 28, 2015

നീ കരഞ്ഞത് ആദ്യം കേട്ടത് അർദ്ധരാത്രിയുടെ അന്ത്യം വെടിഞ്ഞു പുലർകാലത്തിന്റെ വരവേൽപ്പിലെയ്ക്കാണ് .. അർദ്ധബോധത്തോടെ ഓപറേഷൻ ടേബിളിൽ കിടക്കുമ്പോൾ പൊക്കിൾക്കൊടി മുറിക്കാതെ നിന്നെ ഉയർത്തിയെടുക്കുന്ന മിന്നായം ഞാൻ മൂടിയ കണ്ണിന്റെ ഇടയിലൂടെ കണ്ടു ..ശരിക്കും കണ്ടത് പിറ്റേന്ന് നേരം പുലർന്നപ്പൊഴും ..!ആ മഞ്ഞുറഞ്ഞ വയനാടൻ തണുപ്പിലേയ്ക്ക് കൈകാൽ കുടഞ്ഞു പിറന്നുവീണ എന്റെ തങ്കക്കുടം അഞ്ചു വർഷങ്ങൾക്കിപ്പുറം അമ്മയോട് ഒരു മുഴുനീള കഥ പറയാറായിരിക്കുന്നു ! ആരാകുമെന്നൊ എന്താകുമെന്നൊ അമ്മയ്ക്കറിയേണ്ട !എന്നും നീ അമ്മയുടെ കിലുക്കാംപെട്ടി ആയാൽ മാത്രം മതി .ഒരുകോടി മന്ത്രണം നിനക്കുവേണ്ടി അമ്മ ഉരുക്കഴിക്കുന്നുണ്ട്. രാവും പകലും നീയേ എന്നുള്ള പ്രാർത്ഥന കൂടെയുണ്ട് .. അതുതന്നെ മതിയല്ലോ അമ്മയുടെ ജന്മം സാർത്ഥകമാകാൻ ! നേരം പുലരുമ്പോൾ  എന്റെ പൊന്നുമോൾക്ക് (കനിഷ്ക ) അഞ്ചു വയസ്സ്

Friday, November 27, 2015

സയൻസു ടീച്ചറെ ..ഈ വരപ്പു ടീച്ചറെ എവിടെക്കെട്ടണം ?

സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരച്ചു വരച്ചു കുട്ടികളെയൊക്കെ
വരിയിൽ നിരത്താതെ
ലോകത്തിന്റെ മുക്കിലും മൂലയിലും
പാറിനടന്നു വലുതാക്കാൻ
വരച്ചു വരച്ചു കൈയ്യിലെ മടിമാറ്റി
മനസ്സിലെ മടുപ്പുമാറ്റി
കരളിന്റെ കനപ്പുമാറ്റി ..
ലോകത്തിലേയ്ക്ക് ചങ്കുറപ്പോടെ
ഇറക്കിവിടാൻ പോയ വരപ്പു ടീച്ചറെ
നാണക്കേടിന്റെ പട്ടികയിൽ തള്ളി
ഇനിയും സ്കൂളിന്റെ
നാണംകെട്ട പിന്നാമ്പുറത്തു നിർത്തി
നാണം കേടുത്തണോ ?

ക്രിയാത്മകതയെ നിങ്ങൾ
കൃമിപോലെയാണോ കാണുന്നത് ..?
അത് വളർന്നു വളർന്നു മാനം മുട്ടുന്ന
മാന്ത്രികവടിയാണ് ടീച്ചറേ ..!
അതിനെ വെല്ലാൻ നിങ്ങളുടെ
ആൽക്കെമി മണക്കുന്ന ഒരു മരുന്നിനുമാകില്ല !
നിങ്ങളുടെ ആറ്റോമിക് നമ്പറും മാസ്സും
വരപ്പുകടലാസിലെ കുറെ വരകളും
കുറികളും കുമിളകളുമാണ് ടീച്ചറേ ..!
വരപ്പു മേശയിലെ ഏത് ചായത്തിനെ വെല്ലാൻ
കഴിയും ആ കുമിളകൾക്ക് ?
ശൂ ..എന്ന് പൊട്ടിപ്പോകാനല്ലാതെ !!!

ഇനിയും ,
സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരപ്പിച്ചു വരപ്പിച്ചു കുട്ടികളെയൊക്കെ
ചിന്തയുടെ വാതായനങ്ങൾ തുറപ്പിക്കാൻ
എഴുത്തിന്റെ മനോഹര തീരത്തേയ്ക്കടുപ്പിക്കാൻ
വായിക്കാൻ സ്വപ്നം കാണാൻ..
സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ
പഠിപ്പിച്ചുകൊണ്ടെയിരിക്കുന്ന
വരപ്പുടീച്ചറെ പിയൂണിന്റെ
വിലപോലുമില്ലാതെ
തറതുടയ്ക്കുന്ന തുണിയുടെ വില
പോലുമില്ലാതെ ആൾക്കൂട്ടത്തിൽ
ആരുമല്ലാതെ  നിർത്തണമോ ?

ഇനിയും ,
വരപ്പു കുട്ടികളെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?
നിങ്ങൾ പറയണം ,
സ്കൂളിനും മതിലിനും നിങ്ങൾക്കും
വേണ്ടാത്ത ഈ വരപ്പു ടീച്ചറെ ?


 


Tuesday, November 24, 2015

ഡോക്ടർ മൊകേരി രാമചന്ദ്രൻ

ഒരു കൗതുകം കൊണ്ട് തുടങ്ങിവച്ച നിരീക്ഷണമാണെനിക്ക്‌ ഡോക്ടർ മൊകേരി രാമചന്ദ്രൻ എന്ന മൊകേരി മാഷ് .എന്റെ ഭർത്താവ് പറഞ്ഞുള്ള അറിവാണെനിക്ക് അദ്ദേഹത്തെപ്പറ്റിയുള്ള  അന്വേഷണത്തിന്റെ തുടക്കം .ഭർത്താവിന്റെ വാക്കുകളിൽ പറഞ്ഞാൽ 'രാഷ്ട്രീയമായി കേരള ചരിത്രത്തിൽ സമൂഹത്തിന്റെ അനീതികൾക്കെതിരെ സ്വന്തം ശരീരംകൊണ്ടും ഭാഷകൊണ്ടും ഒരു ബദൽ നാടകരീതി മുന്നോട്ടു വച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്‌  മൊകേരി മാഷ്‌ .' ഇത് കേട്ടപ്പോൾ വെറുതെ കൊടുത്ത ഒരു ഫ്രണ്ട് റിക്വസ്റ്റ് മാഷ് സ്വീകരിക്കുകയും ഞാൻ പ്രൊഫൈൽ വഴി ഒന്നോടി നോക്കാൻ ശ്രമിക്കുകയും ചെയ്തു .നടന്നില്ല !! ഓടാൻ പോയിട്ട് ഒരടി മുന്നോട്ടു വയ്ക്കണമെങ്കിൽ എനിക്ക് നൂറാവർത്തി ചിന്തിക്കേണ്ടി വന്നു ! അന്ന് മുതൽ ഇന്നുവരെ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന ചെറിയ ഒരുറുംബാണ് !കാരണം എനിക്കുമുൻപിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാപർവ്വതം കടന്ന് അപ്പുറം പോകാൻ എളുപ്പമല്ല ! ഒട്ടും എളുപ്പമല്ല !

അദ്ദേഹം നിർമ്മിച്ചെടുത്തിരിക്കുന്ന ആക്ഷേപ ഹാസ്യം എളുപ്പം മനസ്സിലാകുന്ന ഒന്നല്ല .അതിനാൽതന്നെ അത് പഠനവിധേയമാക്കപ്പെടെണ്ടുന്ന ഒന്നാണ് .അത് നാളെ ചർച്ചചെയ്യപ്പെടുന്ന ഏറ്റവും മികച്ച നാടകഭാഷയിൽ ഒന്നാകുമെന്ന് എന്റെ നിരീക്ഷണം ഉറച്ചു പറയുന്നു .സ്വയം പേരിൽ അദ്ദേഹം ഒരു നായയെ ആണ് മുന്നിർത്തുന്നത് !! ഡോഗ്-റ്റർ മൊകേരി !! ഡോക്റ്ററേറ്റ് എന്ന "മഹാ-സംഭവത്തെ " പൊളിച്ചെഴുതുന്ന ഈ എഴുത്ത് പോൽ എത്രപേർക്ക് നിവർന്നു നിന്ന് സ്വയം കളിയാക്കാനുള്ള കെൽപ്പുണ്ട് !! ഞാൻ അതിശയിക്കുന്നു മാഷെ !! അദ്ദേഹം പറയുകയാണ്‌ :
dog's-opera-indhiyan
acting-lesson

...acting-with-corpses-is-dangerous-baby...!
and-i-do-it-often...badly...haha..!
a-dangerous-acting-exercise-my-baby...!
and-sometimes-corpses-get-up-
they-stand-up...!
and-they-sometimes-howl-my-baby...!
like-unni-kohinoor...!
becomes-a-howl-of-hunger
a-howl-of-freedom:

"...ഇതെന്റെ-രക്തമാ-
ണിതെന്റെ-മാംസമാ-
ണെടുത്തു-കൊള്ളുക ......"
holding-a-corpse
like-a-wild-guitar-dear-my-baby....!
banging-aflame...!
my-body-my-manifesto
of-my-radical-acting...!
and-to-be-radical-means...
to-get-at-the-root-of-things-baby...!
actors-of-the-world-unite...!
and-be-free...!
in-our-own-way-dear-my-baby...!
the-theatre-of-slavery-shall-fall-baby...!
get-up-stand-up

"...ഇതെന്റെ-രക്തമാ-
ണിതെന്റെ-മാംസമാ-
ണെടുത്തു-കൊള്ളുക ......"
.ഇത് -നാറും
മൂന്നാം -ലോക -തെണ്ടി -പട്ടി -കൂത്ത്‌ ...!
ഞാനൊരു
നാറും-മൂന്നാം-ലോക-തെണ്ടി-പട്ടി-കിഴവൻ-കൂത്താടി...!
കൈയിൽ-കാടൻ-ഗിത്താർ...!
The-Stray-Dogs'-Opera-indhiyan. ..!

ഇത് മനസ്സിലാകുന്നവർ കൈപോക്കുക !! ഔ !!എന്ന അതിശയത്തിൽ ഞാൻ വീണ്ടും അന്തം വിടുകയാണ് .ഇത് നാടകം മുഴുവൻ അരച്ചുകലക്കി കുടിച്ചവളുടെ അന്തം അല്ല !നാടകമേ ഉലകം എന്ന ജീവനുമായി നടക്കുന്ന എന്റെ നല്ലപാതിയുടെ ജീവിതത്തെ നിരീക്ഷിക്കുമ്പോൾ ഞാൻ കൂടെ പഠിക്കുന്ന ചില പാഠങ്ങൾ ഉണ്ട് .അത് വെറുതെ ഉണ്ടും ഉറങ്ങിയും ഉള്ള ഒന്നല്ല .മറിച്ച് ഞാൻ  ഇതുവരെ കടന്നുപോയിട്ടില്ലാത്ത ചില മേഘലകളിലൂടെയുള്ള ചില കടന്നുപോക്കുകൾ ആണ് .അപ്പോൾ അതിനെ അറിയുവാനുള്ള കൗതുകം വളർന്നു പഠനം ആകുമ്പോഴുള്ള സന്തോഷം പങ്കുവയ്ക്കലാണ് !
my-body-my-manifesto
A-PowerPoint-acting-script
dog's-opera-indhiyan   
ഇത് അദ്ദേഹം സ്വന്തം സെമിനാറിനെപ്പറ്റി എഴുതിയിട്ടിരിക്കുന്നതാണ് ! 

"നിരോധിച്ച -ഒരിടത്ത്
ഒറ്റയ്ക്ക് -കിടക്കുന്ന 
ഒരു-ദളിതാണ് -കവിത " 

എന്ന് അദ്ദേഹം പറയുന്നു എങ്കിൽ തീർച്ചയായും അതിനേക്കാൾ വലിയ ആക്ഷേപം ഇന്നിന്റെ ഹൃദയത്തിന് കേൾക്കാനില്ല ! ഇതിനേക്കാൾ വലിയ ആക്ഷേപഹാസ്യം എത്ര കാർട്ടൂനിസ്റ്റുകൾ ഇന്ത്യയിൽ ഇന്നത്തെ സമകാലീന സംഭവ പരമ്പരകളിൽ വരച്ചിട്ടുണ്ട് ??

"ഏനിന്നലെ -ഒരു- ചൊപ്പനം -കണ്ടപ്പാ ..!
കൂനനുറുബണി-ചേർന്നോ -രാനയെ -കൊന്നെന്നു !!"

എനിക്കറിയില്ല എന്റെ ചെവിയിൽ മുഴങ്ങുന്നത് എഴുപതുകളിൽ പാടിപ്പതിഞ്ഞ കറുത്ത മനുഷ്യന്റെ -മനുഷ്യരുടെ നൂറായിരം മുഷ്ടികൾക്കുള്ളിൽ നിന്നും പതഞ്ഞുയരുന്ന വിപ്ലവ ഗാനമാണ് ..ഇതായിരിക്കുമോ മാഷേ താങ്കൾ ഉയർത്തിവിടുന്ന ഒറ്റയാൾ വിപ്ലവ പ്രസ്ഥാനത്തിന്റെ തായ് വേരുകൾ!?? !!

..അവർ -നിയമം 
നിർമ്മിക്കുകയാണ് 
ഭാവിയുടെ 
ജീവിപ്പിക്കുന്ന -നിയമം !
രണ്ടു-പേർ -ചുംബിക്കുമ്പോൾ 
ലോകം-മാറുന്നു ..!
അവർ-നിയമം 
ലംഘിക്കുകയാണ് !
വർത്തമാനത്തിന്റെ കൊല്ലുന്ന -നിയമം !

ഇപ്പോൾ ഞാൻ പറയുന്നു ..നാടകം മാറ്റിയെഴുതപ്പെടുകയാണ് സ്വന്തം ഭാഷയിലൂടെ- നിവർന്ന -നട്ടെല്ലിലൂടെ-സ്വന്തം -രൂപത്തിലൂടെ !അങ്ങനെ നാളത്തെ- ചരിത്രത്തിലൂടെ ..Howl dear my actor....!...howl-at-top-my-actor-comrade...acting-becomes-howling-at-it's-best-my-actor-comrade...!?  സല്യുട്ട് യു !

പൂക്കളെവിടെപ്പോയ് -പൂക്കളെവിടെപ്പോയ്  
അവർ -ഉണ്ണികളായിപ്പോയ് !
ഉണ്ണികളെവിടെപ്പോയ് -ഉണ്ണികളെവിടെപ്പോയ് 
അവർ -യോദ്ധാക്കളായിപ്പോയ് -അവർ -പോരാളികളായിപ്പോയ് 
 യോദ്ധാക്കളെവിടെപ്പോയ് !
അവരെല്ലാം ശവംനാറി-പ്പൂക്കളായിപ്പോയ് !
 
  

Monday, November 16, 2015

ഇപ്പെണ്ണിനെ ഞാൻ പരിചയപ്പെടുന്നത് കൈരളി ബുക്സ് ന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് ..പുതിയ ബുക്കുകൾ ചെയ്യുന്ന ഞങ്ങൾ എല്ലാവരും കൂടി കാണുന്നു .ഞാൻ ഏറ്റം  പുതിയ മുഖമാണ് .ആകെ പരിചയം പി സുരേന്ദ്രൻ മാഷെയും കൈരളിയിലെ ആളുകളെയും മാത്രം .ഏതാ ഈ സുന്ദരി എന്ന് ഞാൻ കണ്ണുരുട്ടി നോക്കി .ഘടി മിണ്ടുന്നില്ല ..!പക്കാ ഗൌരവം ! നോക്കുന്നെയില്ല ..പക്കാ ജാഡ ! കാണുന്നേയില്ല ..പക്കാ ...പക്കുവട ! (ഇവിടൊന്നും കിട്ടുന്നില്ല പ്രാസം ഒപ്പിക്കാൻ അതാ ഈ പക്കുവട !) അന്ന് ഇത്ര വലിയ സെലിബ്രിറ്റി ആയിട്ടില്ല .അതായതിനു കാരണം ഞാൻ ആണെന്നാ ദീപയുടെ ഒരു ഇത് ..(ഏത് ?) മർമരിങ്ങ് ..ഹഹ അല്ലെ സഖാവേ !(ക്ഷമിക്കണം പാർട്ടി സഖാവല്ല ഇത് തോളോട് തോൾ ചേർന്നിരിക്കുംബം വിളിക്കാൻ തോന്നുന്ന ഏറ്റവും ഹൃദ്യമായ വിളികളിൽ ഒന്ന് മാത്രം !) ആ.. എന്നിട്ട് ബാക്കി പറയട്ടെ ചർച്ചകൾ പൊടിപാറിയപ്പോൾ ഘടി ചില്ലറ ഘടിയല്ല സാക്ഷാൽ മലയാളം ടീച്ചർ ആണെന്നും കേരളവർമ്മയിൽ ആണെന്നും ഈ സ്കൂൾ വാധ്യാത്തിയാരും  മനസ്സിലാക്കുന്നു .ജാഡ എന്ന് തെറ്റായി ധരിച്ചത് ഞാൻ മാറ്റിയില്ല! അത് ദാ  ഇന്നലെമിനിയാന്ന് പെണ്ണ്‍ എന്നെ വിളിച്ചു കുടുകുടാ വർത്തമാനം പറഞ്ഞപ്പോൾ ആണ് മാറ്റിയത്  .ഞാൻ തനി അച്ചായൻ ശൈലിയിൽ :"അല്ല ദീപേ ഇയാള് ഇത്ര വലിയ തമാശക്കാരിയാന്നു ഞാൻ അറിഞ്ഞില്ലാരുന്നല്ലോ !കാര്യം താൻ വലിയ വലിയ തമാശകൾ കുറിക്കുന്നത് കണ്ടെങ്കിലും അന്ന് നമ്മൾ ഒന്നും മിണ്ടിയില്ലാരുന്നു അല്ലെ !? " എന്ന് ഞാൻ പൊട്ടിച്ചപ്പോൾ ,"അല്ലെടോ ഇയാളുടെ ബുക്കിലേയ്ക്ക് എഴുതിയത് മുതൽ തുടങ്ങിയ പുകിലുകളാ എന്നെ സെലിബ്രിറ്റി ആക്കിയത് " എന്ന് പറയുകയും (വെറുതെ !!അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഞങ്ങൾ രണ്ടുപെര്ക്കും അറിയാം ) ഈ സെലിബ്രിറ്റിയും ഞാനും ഏതാണ്ട് ചിരകാല പരിചിതരെപ്പോലെ പൊട്ടിച്ചിരിക്കുകയും ഏറ്റവും ലളിതമായി പറഞ്ഞാൽ  ഇവളെന്റെ സുഹൃത്തല്ലേ എന്ന് ലക്ഷം ഫോളോവേര്സ് എല്ലാം ചിന്തിക്കും പോലെ ഈയുള്ളവളും ചിന്തിച്ചു പോയി ദീപേ പോയി ! അടുത്ത ശനിയാഴ്ച കൂട്ടിമുട്ടിയാലോ എന്ന് ചോദിച്ചു ഫോണ്‍ പിരിയുമ്പോൾ (അല്ല വയ്ക്കുമ്പോൾ )ഞാൻ ബുക്ക്‌ പ്രകാശനത്തിന് വരുമെന്ന് ഉറപ്പു നൽകുമ്പോഴും ആ ഒരു സൗഹൃദ സ്പർശം നമുക്കിടയിൽ നനഞ്ഞു നില്ക്കുന്നുണ്ട് .ആ നനവ്‌ ഒരുറവ ആകട്ടെ ..!
ദീപ നിശാന്തിന്റെ പുതിയ പുസ്തകം 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍' പുറത്തിറങ്ങുകയാണ്.ഈ വരുന്ന നവംബർ 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ വെച്ചാണ് പുസ്തക പ്രകാശനം..... ഡോ.തോമസ് ഐസക് പ്രകാശനം നിർവഹിക്കുന്നു. ശ്രീ. വി.ടി.ബൽറാമാണ് ഏറ്റുവാങ്ങുന്നത്. , കോഴിക്കോട് ജില്ലാകളക്ടർ പ്രശാന്ത്, വൈശാഖൻ, ബാലചന്ദ്രൻ ചുള്ളിക്കാട്,കെ.രേഖ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ,ഡോ.എൻ.അനിൽ കുമാർ ഡോ.പി.ഭാനുമതി, ഡോ.ഗ്രാമപ്രകാശ്, ഡോ.കെ.കൃഷ്ണകുമാരി, ഡോ.പി.ഗോപിനാഥൻ, ഇ.എം.സതീശൻ, പി.എസ്.ഇക്ബാൽ, ഒ.അശോക് കുമാർ, നവീൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുന്നു.എന്റെ സുഹൃത്തുക്കൾ എല്ലാവരും പങ്കെടുക്കണം .

എഴുത്തിലേയ്ക്കു വളരുന്ന എല്ലാവരും ഉയർന്നു മാനം മുട്ടണം എന്ന എളിയ സ്നേഹത്തോടെ എഴുത്തിൽ ദീപമാകട്ടെ സ്നേഹാശംസകൾ കൂട്ടുകാരീ ..പൊലിക പൊലിക നീ പൊലിക !

Friday, November 13, 2015

കിളിപ്പാട്ട് മാസികയിൽ (  തുഞ്ചൻ സ്മാരക സമിതി തിരുവനന്തപുരം ) വന്ന എന്റെ കവിതാസമാഹാര പ്രകാശന വാർത്ത .നിറഞ്ഞ സന്തോഷം


Wednesday, November 11, 2015

ഈ വരുന്ന വെള്ളിയാഴ്ച അതായത് 13 നവംബർ, ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ ശ്രീ പി സുരേന്ദ്രന്റെ "പ്രണയം രതി വിഷാദം 'എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയാണ് .എനിക്കേറെ അഭിമാനം തരുന്ന മുഹൂർത്തമാണത്‌.  പെണ്‍ഭാവങ്ങളുടെ ഈ പതിനെട്ടുകഥകൾ നിങ്ങൾക്ക് പകരുന്ന അനുഭവം എന്താകുമെന്ന്  എനിക്കൂഹിക്കാൻ ആകുന്നുണ്ട്. കാരണം അത് അനുഭവിച്ചറിഞ്ഞ ശേഷമാണ് ഞാൻ ആ കഥകൾക്കായി പതിനെട്ടു ചിത്രങ്ങൾ വരച്ചതും ആമുഖം കുറിച്ചതും .അതുകൊണ്ടുതന്നെ ഈ ബുക്ക്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട ബുക്ക് കൂടിയാകുന്നു .എന്റെ പ്രിയ പ്രവാസി സുഹൃത്തുക്കൾ ഷാർജയിലും പരിസരത്തുമുള്ളവർ ആ ചടങ്ങിനു പറ്റിയാൽ പോകണം .മാഷെ കാണണം .പറ്റുമെങ്കിൽ ആ ബുക്ക്  വാങ്ങി വായിച്ചശേഷം സ്നേഹപൂര്വ്വം നിങ്ങളുടെ അഭിപ്രായം മാഷെയും എന്നെയും അറിയിക്കണം .എല്ലാവരെയും സാദരം ക്ഷണിക്കുന്നു .

Sunday, November 8, 2015

എണ്ണത്തിലല്ല ഉള്ളത്തിലാണ് കാര്യം !

സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഇന്നത്തെ ചിന്താവിഷയം 'യഥാർത്ഥ സൗഹൃദങ്ങളെ തിരിച്ചറിയുക ' എന്ന് പറഞ്ഞു കൊടുത്തപ്പോൾ മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു യഥാർഥത്തിൽ അങ്ങനെ ഒന്നുണ്ടോ എന്ന് .ആകെ തിരഞ്ഞപ്പോൾ വളരെ ശക്തമായി ഉണ്ട് അത് വിരലിൽ എണ്ണാവുന്ന ഒന്ന് എന്ന ഉത്തരത്തിലും നിൽക്കുന്നു !! ആ ഒന്ന് ആരെന്നു പറയുന്നില്ല പക്ഷെ ആലോചിച്ചപ്പോൾ കണ്ടെത്തുന്ന വസ്തുതകൾ വളരെ ഖേദകരമാണ് .എന്റെ ഓർമ്മയിൽ ഞാൻ കൂട്ടുകാരെ ആരെയും വെറുത്തതായി ഓർമ്മയില്ല ! അവരെ ആരെയും വ്യക്തിപരമായി ഉപദ്രവിച്ചതായോ അവരുടെ ആരുടേയും വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ഇടപെട്ടതായോ ,അവരെ നീ നല്ലവഴിക്കു നടക്കണം എന്ന് തിരുത്തെണ്ടാതായോ വന്നതായി ഓർമ്മയില്ല !കാരണം ഇപ്പോഴും എപ്പോഴും ഓരോ വ്യക്തിയെയും അയാളായി കണ്ട് പെരുമാറിയ ശീലമേ ഉള്ളൂ .അതിൽ തന്നെ ക്ഷണിക സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട് .വർഷങ്ങൾ നീണ്ട പഠനത്തിനിടയിൽ സൗഹൃദത്തിൽ വീണവർ ഉണ്ട് .കൂടെ പഠിച്ച ആരെയും ഞാൻ പ്രണയിച്ചിട്ടില്ല ..പ്രണയം ഒരു ക്ലാസെങ്കിലും മൂത്തവരോടെ തോന്നിയിട്ടുള്ളൂ എന്നതൊരു തമാശയായി തോന്നുന്നു .കൂടെ പഠിച്ചവരിൽ പ്രണയം തലയ്ക്കു പിടിച്ച് എന്നെ ഭീഷണിപ്പെടുത്തിയവർ ഉണ്ട് ..പ്രണയത്തിൽ മുങ്ങി ചിത്രം വരച്ച് ഭിത്തിയിൽ ഒട്ടിച്ച് അതിൽ നോക്കി ക്രോധവും സങ്കടവും തീർത്തവർ ഉണ്ടെന്നറിഞ്ഞിട്ടുണ്ട് .പ്രണയവും സൗഹൃദവും കൂട്ടിക്കലർത്തി വീഞ്ഞ് കുടിക്കും പോലെ വേദനിക്കുന്ന ചില കൂട്ടുകാർ എനിക്കുണ്ടായിരുന്നു ..കൈച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ അവർ നെഞ്ചിൽ കെട്ടിയ സങ്കടങ്ങൾ എന്നോട് പറഞ്ഞു പൊട്ടിക്കരഞ്ഞിട്ടുണ്ട് .അവനെന്നോട് പ്രണയമുണ്ടെന്ന് ഉറപ്പായിട്ടും അറിയാം എന്ന് പറഞ്ഞ കൂട്ടുകാരിയുടെ അവൻ തുണ്ട് കടലാസിൽ പ്രണയം എഴുതി അറിയിച്ചപ്പോൾ കുനുകുനെ കീറി അവന്റെ മുഖത്തെറിഞ്ഞിട്ടു അവളോടുള്ള കൂറ് ഞാൻ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് ! ഇന്നും അവൾക്കതറിയില്ല എന്നോർത്ത് ഞാൻ എന്തിനോ ആശ്വസിക്കുന്നു ! എന്തിനാണത് ?? അറിയില്ല ..ഈ സൗഹൃദങ്ങൾ ആഴത്തിലുള്ളതാണെന്ന് വർഷങ്ങളോളം ഉണ്ടും ഉറങ്ങിയും സ്വപ്നങ്ങളും ജീവിതവും വ്യഥകളും പങ്കുവച്ച് വീടും വീട്ടുകാരും കൂട്ടുകാരും എല്ലാം ഒരേപോലെ ഒന്നായി തിരിച്ചറിയുകയും എന്തിന് അടുത്തതെന്താണെന്നു പറയാതെ തന്നെ ചിന്തിക്കുവാൻ മാത്രം അടുപ്പമുണ്ടെന്നു ഞാൻ നിരൂപിച്ച (അതെന്റെ മാത്രം തെറ്റായിരുന്നു സുഹൃത്തെ ) സൗഹൃദം എന്തായിരുന്നു ഞാൻ ചെയ്ത തെറ്റെന്നു പോലും തിരുത്താതെ നീ വെറും ഒരു സുഹൃത്ത് മാത്രമാണ് ഒരിക്കലും ഒരാത്മാർത്ഥ സുഹൃത്ത് ആയിരുന്നില്ല എന്ന് പറഞ്ഞ് പൊടുന്നനെ മടങ്ങിപ്പോയപ്പോൾ ഞാൻ ചിന്തിച്ച കാര്യങ്ങൾ ഉണ്ട് :അപ്പോൾ എന്താണീ ആത്മാർഥത എന്ന് ?? സഹായങ്ങൾ അമിതമായി കടം പറ്റുന്നവരോടുള്ള വെറുപ്പായിരിക്കുമോ ..ജീവിതത്തിലെ കടുത്ത ഏകാന്തതയിലെ ക്ഷണികമായ നിമിഷങ്ങളിൽ പങ്കുവച്ചിരുന്ന കാര്യങ്ങളിലെ അർത്ഥരഹിതമായ ആവലാതികൾ ആയിരുന്നുവോ എന്തായിരുന്നു അത് ? ആ പോകുന്ന പോക്കിൽ അവർ ഒരിക്കലും തിരിച്ചുതരാതിരുന്ന വൈകാരികതയുടെ ഓർമ്മക്കുറിപ്പിൽ  എവിടെയായിരുന്നു നമ്മൾ പങ്കിട്ട നല്ല നിലാവുകളും ഒന്നിച്ചു പാടിയ പടുപാട്ടുകളും കൂട്ടിരുന്ന വൈകുന്നേരങ്ങളും ആശ്വസിപ്പിച്ച വിഷമ മുഹൂർത്തങ്ങളും പങ്കിട്ടുവായിച്ച ശുദ്ധ സാഹിത്യവും ഒരെകോപ്പയിൽ പങ്കിട്ടെടുത്ത സാഹോദര്യവും ?!! പിന്നെന്താണീ സൗഹൃദം ?

ഒരാളുടെ ഹൃദയത്തെ വൃണപ്പെടുത്താതെ ഇറങ്ങിപ്പോകുക എന്നത് വളരെ വിഷമം ഏറിയ ഒന്നാണ് .അതിനു വിശാലമായ ഒരു കാഴ്ച്ചപ്പാടിന്റെ പിൻബലം വേണം .കാരണം പിഞ്ഞിപോകുന്ന ഫോണ്‍ വിളികളോ ചാറ്റിന്റെ നിമന്ത്രണങ്ങളോ അല്ല മറിച്ച് ഒരാളുടെ മനസ്സിൽ എന്നും തങ്ങി നിർത്താൻ നമുക്ക് നല്കാൻ കഴിയുന്ന ചിത്രങ്ങളാണ്, അനുഭങ്ങളുടെ ഊഷ്മളത മാത്രമാണ് സ്നേഹം .ചുംബിക്കുമ്പോൾ ലഭിക്കുന്ന വൈകാരികതയുടെ മൃദുലതയോ സ്നിഗ്ദതയോ പോലെയൊന്ന് .കെട്ടിപ്പിടിക്കുമ്പോൾ കൈമാറുന്ന ഉറപ്പിന്റെ കരുതൽ പോലൊന്ന് !ഓർത്തിരുന്ന് തീരെ ഫോണ്‍ ചെയ്യാത്ത എന്നെ ..ഓടിപ്പോയി കാണുവാൻ കൈയ്യിൽ എന്നും പണമില്ലാതിരുന്ന എന്നെ ഏതു കൂട്ടുകാർക്ക് വേണമായിരുന്നു !!? അറിയില്ല !പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ചില സൗഹൃദങ്ങൾ ഫിനിക്സ് പക്ഷിയെപ്പോലെ ഉമിയിൽ നിന്നും ഉയിർത്തു വന്നിട്ടുണ്ട് .ഓർത്തിരുന്ന് എന്നെ സ്നേഹം കൊണ്ട് വിശ്വാസം കൊണ്ട് ആരാധന കൊണ്ട് വിശുദ്ധമായ ഹൃദയത്തിന്റെ നൈർമല്യം കൊണ്ട് കണ്ണുകൾ ഈറൻ അണിയിച്ചിട്ടുണ്ട്‌ !! അതൊന്നും ഞാൻ എന്നും ചെന്നിട്ടോ സംസാരിച്ചിട്ടോ ഒന്നുമല്ല .ആ ബന്ധം പവിത്രമായ കാണാൻ കഴിയാത്ത ചില കൈവഴികളിലൂടെ ഒഴുകുന്ന സ്നേഹത്തിന്റെ പളുങ്ക് മുഖമാണ് .തീർത്തും സുതാര്യവും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതുമായ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയാത്ത ഔന്നിത്യത്തിൽ ഉള്ള ഒന്ന് .അതിനെയാണോ നിർമ്മമത എന്ന് പറയുന്നതാവോ !! അറിയില്ല .ഞാൻ വരും എന്ന് ഞാൻ ആരോടെങ്കിലും എന്തിനെങ്കിലും പറഞ്ഞാൽ  ഇത്തരം ചില നേരറിവുകൾ ഉള്ളതിനാൽ ഞാൻ ചെന്നിരിക്കും .കാരണം ഒരാളിലെയ്ക്ക് നമ്മൾ എത്തുക എന്നത് അയാൾക്ക്‌ നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് .അതുകൊണ്ടുതന്നെ വരാൻ കഴിയില്ല എന്ന് ഞാൻ തുറന്നു പറയുന്നത് അപ്രിയ സത്യമാകുന്നു .എഴുത്തുലോകത്തിലെ മലയാളത്തിലെ പ്രമുഖനായൊരു സാഹിത്യകാരൻ എന്റെ എഴുത്തിൽ ആകൃഷ്ടനായി എന്നോട് ആഴത്തിലുള്ളോരു സൌഹൃദത്തെപ്പറ്റി വാചാലനാകുകയും അതിൽ അദ്ദേഹത്തിനുള്ള ആഗ്രഹങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു ,പക്ഷെ അതിനെ എന്റെ ഭാഗത്ത് നിന്നും എങ്ങിനെ നോക്കിക്കാണാൻ കഴിയുമെന്നും എനിക്ക് സാധ്യമാകുന്ന സൗഹൃദത്തിന്റെ ആഴത്തെ എങ്ങനെ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയുമെന്നും ഞാൻ പറഞ്ഞതിനെ കേൾക്കുവാൻ ഉള്ള സാവകാശം പോലും തരാതെ അദ്ദേഹത്തെ ഞാൻ സംശയിച്ചു എന്നാരോപിച്ച് വന്നപോലെ തന്നെ പിൻവലിഞ്ഞു !! എനിക്കിപ്പോഴും അതിൽ ലവലേശം വിഷമം ഇല്ല കാരണം ആളുടെ കൃതികളെ ആണ് ആളെ അല്ല ഇന്നും ഞാൻ വായിക്കുന്നത് അതിനു മുന്പും അതെ .നല്ല ആഴത്തിലുള്ള എഴുത്തുള്ള ആൾ പക്ഷെ വ്യക്തിയും എഴുത്തും കൂട്ടിക്കലർത്തനാകില്ല എന്ന് നമ്മൾ ഒരോരുത്തരും തെളിയിക്കുകയാണ് അല്ലെ ?
 ഇഷ്ടമില്ലായ്മയെ തുറന്നു പറയുന്നത് സൗഹൃദങ്ങളുടെ എണ്ണം പാടെ കുറയ്ക്കും .നുണകളിലൂടെ ഉള്ള നിലപാടുകൾ ആണ് ആളുകൾക്ക് എന്നും താത്പര്യം .ഞാൻ നിന്റെകൂടെയുണ്ട് എന്ന് പറയുകയും പിറകിൽ നിന്നും നമ്മെ ആക്ഷേപിക്കുകയും ചെയ്യുന്ന കൂടലുകൾ ! സൗഹൃദങ്ങളുടെ എണ്ണം കുറയുമ്പോൾ ഇന്ന് ഞാൻ സന്തുഷ്ടയാണ് !എനിക്ക് എന്നോട് നീതി പാലിക്കാൻ കഴിയുന്നതോടൊപ്പം സമൂഹത്തിനോടും ഞാൻ നീതി പാലിക്കുന്നുണ്ട് .എന്റെ എഴുത്ത് ജീവിതത്തിലും എനിക്ക് ഇത് തന്നെയാണ് അനുഭവം !സത്യങ്ങൾ പറയുക എന്നത് സത്യത്തിലൂടെ ജീവിക്കുക എന്നത് നല്ല സൗഹൃദങ്ങൾ ഉണ്ടാകുക എന്നത് വളരെ അപൂർവ്വമായ കാര്യമാണ് .അതുകൊണ്ടുതന്നെ സൗഹൃദങ്ങളുടെ എണ്ണം കുറയുന്നവരെ നിങ്ങൾ വേവലാതിപ്പെടരുത് കാരണം എണ്ണത്തിലല്ല  ഉള്ളത്തിലാണ് കാര്യം !
ജീവിതം മരീചികയല്ലെന്നു പറഞ്ഞു കൂടെത്തുഴയുന്ന
നമ്മുടെ വഞ്ചിയുടെ അമരക്കാരന് ..
എന്റെ കണ്ണടയുംവരെ നിന്നെക്കാണണം എന്ന വാശിയിൽ
ഞാനും ഒരു കൊച്ചുകുട്ടിയാകുന്നു ..നമ്മുടെ മോളെപ്പോലെ ..
എന്റെ വെളിച്ചവും ഇരുളും ഭൂമിയും ആകാശവും
കോപവും താപവും കിനാവും കണ്ണീരും നീ തന്നെയാകുന്നു ..
അപ്പോൾ പിന്നെ നിന്റെ പിറന്നാൾ എന്റെ അല്ലാതാകുന്നതെങ്ങനെ ??