Friday, November 27, 2015

സയൻസു ടീച്ചറെ ..ഈ വരപ്പു ടീച്ചറെ എവിടെക്കെട്ടണം ?

സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരച്ചു വരച്ചു കുട്ടികളെയൊക്കെ
വരിയിൽ നിരത്താതെ
ലോകത്തിന്റെ മുക്കിലും മൂലയിലും
പാറിനടന്നു വലുതാക്കാൻ
വരച്ചു വരച്ചു കൈയ്യിലെ മടിമാറ്റി
മനസ്സിലെ മടുപ്പുമാറ്റി
കരളിന്റെ കനപ്പുമാറ്റി ..
ലോകത്തിലേയ്ക്ക് ചങ്കുറപ്പോടെ
ഇറക്കിവിടാൻ പോയ വരപ്പു ടീച്ചറെ
നാണക്കേടിന്റെ പട്ടികയിൽ തള്ളി
ഇനിയും സ്കൂളിന്റെ
നാണംകെട്ട പിന്നാമ്പുറത്തു നിർത്തി
നാണം കേടുത്തണോ ?

ക്രിയാത്മകതയെ നിങ്ങൾ
കൃമിപോലെയാണോ കാണുന്നത് ..?
അത് വളർന്നു വളർന്നു മാനം മുട്ടുന്ന
മാന്ത്രികവടിയാണ് ടീച്ചറേ ..!
അതിനെ വെല്ലാൻ നിങ്ങളുടെ
ആൽക്കെമി മണക്കുന്ന ഒരു മരുന്നിനുമാകില്ല !
നിങ്ങളുടെ ആറ്റോമിക് നമ്പറും മാസ്സും
വരപ്പുകടലാസിലെ കുറെ വരകളും
കുറികളും കുമിളകളുമാണ് ടീച്ചറേ ..!
വരപ്പു മേശയിലെ ഏത് ചായത്തിനെ വെല്ലാൻ
കഴിയും ആ കുമിളകൾക്ക് ?
ശൂ ..എന്ന് പൊട്ടിപ്പോകാനല്ലാതെ !!!

ഇനിയും ,
സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരപ്പിച്ചു വരപ്പിച്ചു കുട്ടികളെയൊക്കെ
ചിന്തയുടെ വാതായനങ്ങൾ തുറപ്പിക്കാൻ
എഴുത്തിന്റെ മനോഹര തീരത്തേയ്ക്കടുപ്പിക്കാൻ
വായിക്കാൻ സ്വപ്നം കാണാൻ..
സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ
പഠിപ്പിച്ചുകൊണ്ടെയിരിക്കുന്ന
വരപ്പുടീച്ചറെ പിയൂണിന്റെ
വിലപോലുമില്ലാതെ
തറതുടയ്ക്കുന്ന തുണിയുടെ വില
പോലുമില്ലാതെ ആൾക്കൂട്ടത്തിൽ
ആരുമല്ലാതെ  നിർത്തണമോ ?

ഇനിയും ,
വരപ്പു കുട്ടികളെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?
നിങ്ങൾ പറയണം ,
സ്കൂളിനും മതിലിനും നിങ്ങൾക്കും
വേണ്ടാത്ത ഈ വരപ്പു ടീച്ചറെ ?


 


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...