റോസാ മറിയയുടെ ഓര്‍മകളില്‍ പ്രണയം ഒരു പഴങ്കഞ്ഞിയല്ല! പക്ഷെ അതൊരു പൂത്ത വികാരവുമല്ല! അതൊരു കൊട്ടാരം പോലെ അങ്ങനെ...അതിന്‍റെ ഉള്ളറകള്‍ പൊതു ജനങ്ങള്‍ക്ക് കാണാനവകാശമില്ലല്ലോ!എന്നാലും റോസാ കുറച്ചെങ്കിലും തുറന്നു തരാതിരിക്കില്ല;കാരണം റോസാ മറിയയുടെ മനസൊരു സാധാരണ ക്കാരിയുടെത് ആണല്ലോ! പക്ഷെ റോസയെ കാണുന്നവര്‍ ഒരിക്കിലും വിചാരിക്കില്ല അവള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്ന്!!
അതെങ്ങനെ പറയാനാകുംന്നാണോ?
എല്ലാ പെണ്‍കോന്തന്മാരോടും അവള്‍ പോടാ എന്ന് പറയാറുണ്ട്,പോരാത്തേന് ആണുങ്ങളുടെ ആണത്തം എന്നുപറഞ്ഞു നടക്കുന്ന ആ ഹുങ്കില്ലേ ? തരം കിട്ടുമ്പോഴെല്ലാം അവളതു വലിച്ചൊടിക്കാറുണ്ട് .പക്ഷെ കഴമ്പുള്ള ആണ്‍സുഹൃത്തുക്കള്‍ റോസാ മറിയയ്ക്ക് ഇല്ല എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം !
അവളങ്ങനെ ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞു വരുന്നത് കാണുമ്പോഴെ നമ്മുടെയാള്‍ക്കാര്‍ക്ക് ചൊറിച്ചില് വരും..അവളതുമിടും അതിനപ്പുറവും ഇടും!പക്ഷെ അവള്‍ ആണാണ് എന്നെങ്ങാനുമൊന്നു പറഞ്ഞു നോക്ക്, റോസാ മറിയയുടെ ചൂട് നിങ്ങളെ എരിച്ചു കളയുംപുല്ലുപോലെ!
അവള്‍ പറയും:
"ഞാനൊരു പെണ്ണാ ,പെണ്ണ് ആയതില്‍ അഭിമാനം കൊള്ളുന്നവള്‍..ഒടെതമ്പുരാന്‍ ഈ ഡ്രസ്സ് ആണിന് ഇത് പെണ്ണിന് എന്ന് വീതിച്ചു തന്നിട്ടുണ്ടോ സൃഷ്ടിച്ചപ്പോള്‍?" അവളുടെ കോപത്തിന്‍ തുംബില്പ്പെട്ട് ഉരുകിയൊലിച്ചവര്‍ എത്ര!
എന്നലുമീ റോസാ മറിയക്കൊരു പ്രണയമോ?ഇത് പൊട്ടി മുളച്ചത് എന്നാണെന്നോ?
ഒരു ദിവസം റോസാ മറിയ ഒരു കവിത എഴുതുന്നു.. കവിത എഴുതിക്കൂടെന്നല്ല എന്നാലും..ഹോ ഒരു കാര്യം മറന്നു ! റോസാ ഒരു നല്ല ചിത്രകാരിയാണ്.അപ്പോള്‍പിന്നെ സ്വല്‍പ്പം സാഹിത്യമായതില്‍ അതിശയമില്ലല്ലോ..റോസായുടെ കവിതയുടെ ശകലം കണ്ടിട്ട് പറയൂ ;
"ചങ്ങാതീ,
നെല്ലിക്ക തിന്നിട്ടില്ലേ?
ഇത്തിരിപ്പുളിയും കുറച്ചേറെ ചവര്‍പ്പും
ഒടുവിലൊരു സാന്ത്വനമെന്നപോ;
ലല്‍പ്പം മധുരവും ...
ഞാന്‍ ഓര്‍ക്കുമ്പോള്‍ ,
പ്രണയം നെല്ലിക്കയാണ്
നീയത് തിന്നുമ്പോള്‍ ഞാന്‍ കൊതിക്കും;
ഞാനെടുക്കുമ്പോള്‍ നീയും!"
ഈ കവിത കണ്ടെടുത്തവരെ നമുക്ക് അഭിനന്ദിക്കാതെ പറ്റുമോ?അതവരുതന്നെ റോസയുടെ വിശാലവും കുഞ്ഞന്നയും .അന്ന് റോസയുടെ മുഖം ചുവന്നു ! അതും ഒരു പുരുഷനെയോര്‍ത്ത്!! പിന്നെപ്പോഴോ കുഞ്ഞന്ന പറഞ്ഞു :
"നീ ഒരു പെണ്ണ് ആയിട്ട് എനിക്ക് പോലും തോന്നിയത് അന്നാ നീ പ്രണയിക്കുന്നെന്ന് അറിഞ്ഞപ്പോള്‍!"
റോസാ യ്ക്ക് പ്രണയം തോന്നാനുള്ള കാരണം അവള്‍ക്കു സ്വന്തമായി വിട്ടു കൊടുക്കാം മുറത്തില്‍ കയറി കൊത്തരുതല്ലോ!അത് കഴിഞ്ഞിട്ടോ ..?
റോസാ മറിയയുടെ ആട ആഭരണങ്ങളില്‍ നീളം കൂടിയവയും വര്‍ണം കൂടിയവയും കൂടി വരുന്നു!തെറ്റിദ്ധരിക്കരുത്..സല്‍വാരിന്റെയും മറ്റും കാര്യം പറഞ്ഞതാണേ..വളയിടാത്ത കൈയ്കളില്‍ വള വീഴുന്നു..പൊട്ടു കാണാത്ത നെറ്റി ഒരേ സമയം അഞ്ചാറെണ്ണത്തിനെ ഒന്നിച്ചു വഹിക്കുന്നു.ഇതൊന്നും പോരാത്തേന് ഒരു ദിവസം വിശാലത്തിനോട് മന്ത്രിക്കുന്നു:
"ഞാനൊരു പെണ്ണാ..തൊട്ടാല്‍ മഞ്ഞുപോലെ ഉരുകുന്നവള്‍..എന്നെയറിയാന്‍ വയ്യാത്തവര്‍ വിചാരിക്കും ..."
വിശാലത്തിനു ചിരി വന്നു മൂടി അവള്‍ മാഞ്ഞു പോയി.
റോസാ മറിയയുടെ പ്രണയിതാവിന്റെ പരിപാടി നടക്കുന്ന ദിനം ..റോസാ എല്ലാം മറന്നു സ്വപ്നത്തിലെന്ന പോലെ.വേദിയില്‍ ചടുല താളം.ഒഴുകി വീഴുന്ന വിയര്‍പ്പുതുള്ളികള്‍ക്കിടയിലൂടെ ഒരു മുഖം.ക്യാമറ ഔട്ടോഫ് ഫോക്കസ് ലേക്ക്.
റോസാ മറിയയെ ആണ്‍പട പെണ്ണായി അന്ഗീകരിക്കുന്നത് കേട്ട് റോസയ്ക്ക് പുച്ഛം !കുഞ്ഞന്ന മുറുമുറുത്തു:
"വിഡ്ഢി ക്കോമരങ്ങള്‍..പെണ്ണെന്തെന്നു പോലും അറിയാത്ത അസുരഗണങ്ങള്‍..ഇവന്മാർക്കറിയാമോ എത്ര വംബത്തം പറഞ്ഞാലും എല്ലാ ഹൃദയത്തിനും ഒരാത്മാവുണ്ടെന്ന് !?"
റോസാ മറിയയുടെ ഒഴിവു ദിനങ്ങള്‍ വേലിയേറ്റത്തില്‍പ്പെട്ട കടല്‍ പോലായിരുന്നു..അവളുടെ തോളൊപ്പം വെട്ടിയിട്ട മുടി വളര്‍ന്നു നിതംബത്തിനടുത്തെത്തി ..അവളതു മെടഞ്ഞു പൂ തിരുകി ..ഡയറി ക്കുറിപ്പുകളിലേക്ക് മൂന്നു മയില്‍പ്പീ ലി തുണ്ടുകള്‍ തിരുകി അവള്‍ പറഞ്ഞു :
"ഒന്ന് വിശാലത്തിനു ഒന്ന് കുഞ്ഞന്നയ്ക്ക് ഒന്ന്..ഒന്ന്..അവളുടെ ഹൃദയ താളം ചടുലമാകാന്‍ തുടങ്ങി.."
റോസയിലെ മാറ്റം കണ്ടു ആത്മസുഹൃത്ത് ദാമു പറഞ്ഞു :
"ആ എല്ലാവര്‍ക്കും എല്ലാം മനസിലാകും,ഞാന്‍ കണ്ണ് പോട്ടനൊന്നുമല്ല..നിന്നെ ഞാന്‍ കാണാന്‍ തുടങ്ങീതു ഇന്നലെ അല്ലല്ലോ!" റോസയുടെ ചിരിയില്‍ പവിഴമല്ലി ആര്‍ത്തുലഞ്ഞു .
പുസ്തക ലോകത്ത് നിന്നും ഒരു പ്രണയ കവിത തിരയുന്നത് കണ്ടു കുഞ്ഞന്ന അവളെ സൂക്ഷിച്ചു നോക്കി !ഉപന്യാസങ്ങളെയും കഥകളെയും ഒരുപാട് സ്നേഹിച്ചിരുന്നവള്‍..!? കുഞ്ഞന്നയ്ക്ക് ഓര്‍മ മാഞ്ഞുപോയി !അവള്‍ യാഥാര്‍ത്ഥ്യത്തിന്റെ വക്കില്‍ നിന്നും താഴേക്ക് ഒളിഞ്ഞു നോക്കിയപ്പോള്‍ റോസാ മറിയ എഴുതുകയാണ്..
"......എന്ന് സ്വന്തം റോസാ മറിയ "
കുഞ്ഞന്നയുടെയും വിശാലതിന്റെയും മനസ്സില്‍ ആധി മുളച്ചു വളര്‍ന്നു മരമായി നിന്നു..അതിലൂഞ്ഞാല് കെട്ടി റോസാ മറിയ ആടാന്‍ തുടങ്ങി!!
ഒന്ന്..രണ്ട്..മൂന്ന്...നാലാമത്തെ ദിവസം റോസാ മറിയ ആ കവിത കൊടുക്കുക തന്നെ ചെയ്തു!
" എന്തിനാ ഇത് തന്നത് "
എന്നാ ചോദ്യത്തില്‍ സത്യത്തില്‍ റോസാ മറിയ ആടിയുലഞ്ഞു .പക്ഷെ അതെ നിമിഷം തന്നെ റോസാ മറിയയുടെ പവിഴമല്ലി ആര്‍ത്തു ചിരിക്കാനും തുടങ്ങി!
റോസാ മറിയ തിരിച്ചൂഞ്ഞാലില്‍ കയറിയത് എന്നാണെന്ന് നിങ്ങളെന്തിന്നു അറിയണം? റോസാ മറിയക്കു പ്രണയം ഓട്ടപ്പിഞാണത്തില്‍ ഒഴിക്കാനുള്ള ദിവ്യ ജലമല്ല!അതെവിടെ നിറയ്ക്കണമെന്നു അവള്‍ക്കറിയാം!
അതാണല്ലോ റോസാ മറിയയുടെ പ്രണയവും!