Monday, October 8, 2018

തത്വമസി

അത് നീയാകുന്നു !ഏതു നീയാകുന്നു ? എങ്ങനെയാണത് നീയാകേണ്ടത് ? ഏതാണ് നീ ?


'വൃശ്ചിക മാസം വരാറായി .മണ്ഡലകാലം തുടങ്ങാന് പോകുന്നു മാലയിടണം..ഇത്തവണ എന്തായാലും മലചവിട്ടണം '

ഇതെല്ലാം കേട്ടുകൊണ്ടുള്ള ബാല്യമായിരുന്നു എന്റേത് .കഠിനമായ വയനാടന് തണുപ്പാണ് വൃശ്ചികത്തില് .കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന പ്രകൃതിയും ജനങ്ങളും .കാപ്പി പൂത്തു തുടങ്ങുന്ന സുഗന്ധം .തണുതണുത്ത വെള്ളത്തില് തൊടാന് മേല .ഐസുപോലെ തണുപ്പ് .അതിരാവിലെ കിണറു വെള്ളത്തിനു നേരിയ ചൂടുണ്ടാകും .ചൂടുന്നു പറയാനാകില്ല കോരിവച്ച വെള്ളവുമായി താരതമ്യം ചെയ്‌താല് പറയാം എന്നുമാത്രം .അതിരാവിലെ ഉണര്ന്നതിനു ശേഷം ഈ തണുത്ത വെള്ളത്തില് ഒരു കുളിയുണ്ട്‌ .പിന്നെ അവിടുന്ന് തന്നെ സ്വാമിയേ ശരണമയ്യപ്പ എന്ന് പറഞ്ഞാണ് കയറി വരിക .നിലവിളക്കിന് മുന്പിലെ സ്വമിചിത്രത്തില് വണങ്ങി ശരണം വിളിക്കും .മിതമായ സസ്യ ഭക്ഷണങ്ങള് അന്നന്ന് പാകം ചെയ്തത് മാത്രം കഴിക്കും .അലക്കിയ കറുപ്പുമുണ്ടുടുത്ത് ചെരുപ്പിടാതെ നഗ്ന പാദനായി കല്ലും മുള്ളും തട്ടി കാലുകള് പാകപ്പെടുകയാണ് ശബരിമല നടന്നു കയറുവാന് ! ഭക്ഷണം സസ്യമാകുമ്പോള് മനസും അതുപോലെയാകണമല്ലോ നൈഷ്ടിക ബ്രഹ്മചര്യം മനസ്സാ ആവാഹിക്കപ്പെടുകയാണ്, അതിനാണ് ശ്രമം എന്ന തിരിച്ചറിവിലെയ്ക്കാണ് ശരീരവും മനസ്സും പാകപ്പെടേണ്ടത് .സ്ത്രീ രജസ്വല ആകുന്ന നേരം അവര് പായും ചുരുട്ടിക്കെട്ടി വേറെ എവിടെക്കെങ്കിലും മാറും .എഴുകുളിച്ചേ തിരികെ എത്തൂ .കണ്മുന്പിലെ വരികയില്ല .നാല്പ്പത്തൊന്നു ദിവസം ഭജനകള് കേള്ക്കാം .അമ്പലപ്പറമ്പില് നിന്നും വൈകുന്നേരമാകുമ്പോള് ഭജനപ്പാട്ടുകള് ഉയരും .കടും തണുപ്പില് എല്ലാവരും സ്വെറ്ററും ഷാളും അണിഞ്ഞ് കൂടിയിരിക്കും .ഗെന്ജിറ ആണ് ഏറ്റവും വലിയ സംഗീത ഉപകരണം .കുടം കാണും തട്ടുവാന് കൂടെ .മനോഹരമായി നാടന് ഭജനകള് പാടി നാട്ടിലെ കൊച്ചുപിച്ചു ഗായകര് കണ്ഠം തെളിക്കും .ഇടയ്ക്കിടെ പളനിയപ്പാ ജ്ഞാനപളനിയപ്പാ എന്ന തമിഴ് ഗാനവുമെല്ലാം കടന്നു വരുമ്പോഴാണ് ശരിക്കുള്ള സുഖം .ഞങ്ങള് വീട്ടിലിരുന്ന് ഇതെല്ലാം ആസ്വദിക്കും .കുട്ടിയായിരുന്നപ്പോള് പോകുമായിരുന്നു കേള്ക്കാന് .അതൊരു വല്ലാത്ത ആസ്വാദനം തന്നെയായിരുന്നു .കരിപ്പെട്ടിക്കാപ്പിയും അവിലും മലരും കിട്ടും പാട്ടിനെത്തിയ എല്ലാവര്ക്കും .പുറത്തു മഞ്ഞു പെയ്യുമ്പോള് താത്ക്കാലികമായി കെട്ടിയ ഷെഡ്‌കളിലാണ് കോളാമ്പി മൈക്കുകള് വച്ച് പാടുക .പാടുമ്പോള് വായില് നിന്നും പുകമഞ്ഞു പൊങ്ങുന്നത് നോക്കിയിരിക്കും ഞാന് .തിരികെ അച്ഛയോടൊപ്പം ലൈറ്റും മിന്നിച്ച് പാടത്തെ മഞ്ഞുതുള്ളികളും തട്ടിത്തെറുപ്പിച്ചു മരച്ച കാലുകളുമായി വീടണയും .വിറകടുപ്പിലെ തീയില് കാലും കൈയ്യുമെല്ലാം കാണിച്ച് ചൂടുപിടിപ്പിച്ചാലെ മരച്ച കൈകള്ക്കും കാലിനും ജീവന് വീഴൂ .മനോഹരങ്ങളായ ബിംബങ്ങളാണ്‌ എനിക്ക്മണ്ഡലകാല ഓര്മ്മകള് എന്നും ഞാന് മരിക്കും വരെ അതങ്ങിനെ ഇരിക്കട്ടെ .ഇനി പറയാം .

സനാതനധര്മ്മങ്ങള് സാധാരണ മനുഷ്യനും പാലിക്കപ്പെടാനാകും എന്ന തിരിച്ചറിവിലെയ്ക്ക്മനുഷ്യന്റെ ലോഭ മോഹ വികാരങ്ങളെ അടക്കിപ്പിടിക്കാന് അല്ലെങ്കില് പാകപ്പെടുത്താനുള്ള ശ്രമമാണിവിടെ അവനവന് പോലും തിരിച്ചറിഞ്ഞില്ലെങ്കില് പോലും മനുഷ്യന് നടത്തുന്നത് .പട്ടിയെയും പൂച്ചയെയും ഉപദ്രവിക്കാതെ കാക്കയ്ക്കും പൂച്ചക്കുംതന്നോടൊപ്പം വിളമ്പി നല്കി നുണ പറയാതെ ലളിതമായി ജീവിച്ച് മാംസാനുരാഗങ്ങളെ അടക്കി സസ്യഭക്ഷണം കഴിച്ച് മനുഷ്യന് മാറ്റപ്പെടുകയാണ് .മല ചവിട്ടാന് ! എന്തിനായി ? " അത് നീ തന്നെ " എന്ന ജ്ഞാനം നേടാന് ! ഇവിടെ 'അത്' എന്നാല് എന്താണ് ? ?

അത് ദൈവമല്ല ! അത് നന്മയാണ് മനസ്സിന്റെ പാകപ്പെടലാണ് .അത് മനസ്സിന്റെ ഉള്ളിലേയ്ക്കുള്ള ഒരുവന്റെ തിരിഞ്ഞിരുപ്പാണ് .ഈശ്വരന് ധര്മ്മപ്പെടുത്തുന്ന കര്മ്മങ്ങളില്യ്ക്കുള്ള ഒരുവന്റെ അഗാധമായ നോട്ടമാണത് .എനിക്ക് ചെയ്യാനുള്ള കാര്യങ്ങള് അഹിംസാത്മകമായി ലാളിത്യത്തോടെ മനശുദ്ധിയോടെ ഒരുവന് എങ്ങനെ ചെയ്യാനാകും എന്ന തിരിച്ചറിവാണത് ! ഒരുവന് വൃതമെടുത്തശേഷം മലയ്ക്ക് പോകുവാനൊരുങ്ങുമ്പോള് നെയ്മുദ്ര നിറയ്ക്കുകയാണ് .എന്തായിരിക്കാം അതിനര്ഥം ? എന്റെ മനസ്സിങ്ങനെയാണ് പറയുന്നത് .എന്റെ എല്ലാ അഹന്തകളെയും വെടിഞ്ഞ് എന്നിലെ എന്നെ ഭഗവാനെ ഇതാ ഈ പകരുന്ന നെയ്യുപോലെ എന്റെ ആത്മാവിനെ അങ്ങേയ്ക്ക് മുന്പില് സംശുദ്ധമായി ഞാന് പകരുന്നു .അത് കത്തിത്തീരുമ്പോള് ഞാന് അങ്ങയില് ലയിക്കുകയാണ് .ഇപ്പോള് നമുക്ക് പരസ്പരം കാണാം ആ തിരിച്ചറിവ് ഞാന് എന്റെ ശരീരത്തിലൂടെ മനസ്സിലൂടെ കര്മ്മങ്ങളിലൂടെ മനസ്സിലാക്കുന്നതും .ധര്മ്മം ശരണം അയ്യപ്പാ എന്ന് !

ഇനി ഇതെഴുതിയ ഞാന് പുരുഷനല്ല സ്ത്രീയാണ് .എനിക്കിത് മനസ്സിലാക്കാന് കഴിയുമെങ്കില് കേവല സുഖങ്ങളെ വേണ്ടന്നു വയ്ക്കാന് കഴിയുമെങ്കില് ഒരുവനെ അവനവനെപ്പോലെ പരിപാലിക്കുവാനും സ്നേഹിക്കുവാനും കഴിയുമെങ്കില് എനിക്ക് എന്നെ തിരിച്ചറിയാന് എന്ത് പാട് ??! അവനവനെ തിരിച്ചറിയാന് ഏതു ദൈവമാണോ നിങ്ങളോട് പറയുന്നത് അത് തിരിച്ചറിയാന് എന്ത് ലിംഗ നീതി ?? എന്ത് ആര്ത്തവ അശുദ്ധി ? എന്താണീ ആര്ത്തവം ? പുരുഷന് ബീജം ഇല്ലാതെ കുട്ടിയുണ്ടാകുമോ ? സ്ത്രീക്ക് അണ്ഡമില്ലാതെ അത് സാധ്യമാണോ ? പിന്നെങ്ങനെയാണീ ആവശ്യമില്ലാത്ത അശുദ്ധി കടന്നുകയറി ? രക്തം വരുന്നതിനെ അത്ര സുഖകരമായി എന്നെപ്പോലെ ഒരുവള്ക്ക്‌ കാണാനോ എടുക്കാനോ കഴിയില്ല .ഞാനതില് നിന്നും അതുകൊണ്ട് തന്നെ യാത്രയും മറ്റു കാര്യങ്ങളെയും ഒഴിവാക്കും .അത് കേവല വൃത്തിയുടെതായകാര്യം മാത്രമാണ് അതിനു അശുദ്ധി എന്നോ വിശുദ്ധി എന്നോ അര്ഥം കൊടുക്കുന്നില്ല . പത്തു വയസിന് താഴെയുള്ള കൊച്ചു കുഞ്ഞിനു മനസ്സിലാകുമോ തത്വമസി എന്നതിനര്ത്ഥം ?? അന്പതും അറുപതും വയസ്സുകഴിഞ്ഞു ജീവിതത്തിന്റെ അവസാന കാലത്താണോ ഒരുവള് അവള് ആരാണെന്ന് തിരിച്ചറിയേണ്ടത് ? പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ളവള്ക്ക് മനസ്സിലാക്കാന് കഴിയുന്നത്ര മനോഹരമായി ,അവളെപ്പോലെ കാര്യങ്ങളെ വിശകലനം ചെയ്യുവാന് കെല്പ്പുള്ളവരായി, അവളെപ്പോലെ കുടുംബത്തെ അടുക്കിപ്പെറുക്കി വച്ചുണ്ടാക്കി തേച്ചുമിനുക്കി കൊണ്ടുപോകാന് എത്ര പുരുഷന്മാരുണ്ടിവിടെ ? നോക്കൂ അവനവനെ തിരിച്ചറിയാന് അവനവനോട് നീതി പുലര്ത്താന് അവനവന് തന്നെയാണ് ദൈവമായി പരിണമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് മലചവിട്ടാന് എത്ര പേര്ക്കറിയാം ? അല്ല എന്തിനാണ് മലയ്ക്ക് അഥവാ ദൈവത്തെ കാണാന് പോകുന്നത് ? കരഞ്ഞു കൂവുന്നവരെ ,കൊലവിളി നടത്തുന്നവരെ ,അവിടെ സ്വയം നീയല്ലാതെ ആരിരിക്കുന്നു മനുഷ്യാ !!


Friday, September 14, 2018

നവ മാനവ ഗീതം

കരുത്തരെ കറുത്തതായ് പടച്ചുവിട്ട നീതിയെ
സഹസ്രകൈകൾ കൂപ്പിഞാൻ വണങ്ങിടുന്നു സാദരം !
അടിമയാക്കി മാറ്റുവാൻ പടച്ച നീതിയെങ്കിലും
പടം പൊഴിച്ചു മാറ്റി നീ ഉയർന്നുവന്നു സത്യമേ !

കനം പിടിച്ച മാനവമനസ്സിനുള്ളിൽ നിന്നുമേ
ദുഷിച്ച ചിന്തയൊക്കെയും  തുടച്ചുനീക്കി മാറ്റിയാൽ
ഒരുമയാൽ  ജ്വലിക്കുമീ ജനിച്ചഭൂമിയൊക്കെയും
അതാണു വേണ്ടതെന്നുനാം അറിഞ്ഞിടേണമെന്നുമേ

അഹോ കറുപ്പ് താനെടോ വെളുത്ത കണ്ണിനുൾത്തടം
കറുത്ത മണ്ണ് താനെടോ വിളഞ്ഞനെല്ല് നിന്നിടം
കറുപ്പ് വീണ കൈകളെ അകറ്റിമാറ്റി നിർത്തുവോർ
അറിഞ്ഞതില്ല നിയതിതൻ കടുത്ത നീതിയൊന്നതും  !

സവർണ്ണനീതി എന്തിനായ് പടച്ചുകൂട്ടി മാനവാ
കറുത്ത രാത്രി നീന്തിടാതുദിക്കയില്ല സൂര്യനും !
സവർണ്ണനായി സൂര്യനില്ല അവർണ്ണനായി ചന്ദ്രനും
സവർണ്ണ മാമരങ്ങളില്ല അവർണ്ണനാഴിയെന്നതും !

സമത്വ സ്വത്വമൊന്നതേ നമുക്കുവേണ്ടതെന്നുമേ
മറന്നുപോയി എങ്കിൽ നീ മനുഷ്യനാകതെങ്ങനെ ?
കറുത്തതോ വെളുത്തതോ തൊലിപ്പുറങ്ങളല്ലയോ
തൊലിക്കകത്തു നമ്മളിൽ ഒരുമയാർന്ന ചെന്നിണം !

ഉയർന്നെണീക്ക മാനവാ ചേർന്നു നിൽക്ക സാദരം
സവർണ്ണജാതി വേണ്ടെടോ അവർണ്ണഭ്രഷ്ട് മാറ്റുവാൻ
മനുഷ്യജാതിയെന്നു നാം മനസ്സുകൊണ്ട് മാറണം
പുതിയ വംശമായത് കുതികുതിച്ചുയരണം !


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...