Tuesday, October 28, 2014

ആത്മംഭരി


അകലെയാകാശമാത്മവേഗങ്ങളെ
ത്തഴുകി നീർക്കുന്നു പച്ചിലത്തുംബുകൾ ..
തരുവിലല്ലോ പുണരുന്നു മേഘങ്ങൾ
കനവു തുന്നിപ്പറപ്പിച്ച കാറ്റുകൾ !


അകലെ അകലെയാണിന്നിന്റെ പച്ചയും
അകലെയകലെയാണിന്നിന്റെ പ്രാണനും
ഉരുകിയുള്ളം കലങ്ങുമാറിങ്ങനെ
തപന സൂര്യന്റെ ആഗോള താപനം !


എവിടെനിന്നോ തപസ്വിത സ്വപ്‌നങ്ങള്‍
തപുഷി പൊട്ടിത്തെറിച്ചു പായുന്നിതെ !
എരിക മര്‍ത്ത്യാ ! നീ സ്വയം തീര്‍ത്തതീ
തപനി വറ്റിച്ച ഗൂഡ പ്രവൃത്തികള്‍ !


തപിതരാകുന്നു ഭൂമിയും വാനവും
ഒരു കിളിപോലുമില്ലെ പറക്കുവാന്‍!
തനിമ വറ്റാത്തതൊന്നുമേ ഇല്ലയോ
ജ്വലക കെട്ട തനുസ്സതുംബാക്കിയായ് !


ജൈവജ്ഞാതേയമെല്ലാം ഉലഞ്ഞുപോ-
യിന്നു വാര്‍ക്കുന്നു ജീവനെക്കുപ്പിയില്‍
അമ്മവേണ്ടച്ഛനത്രയും പോലുമേ
എന്തിനിന്നു കുടുംബമേ വേണ്ട മേ!


മരണവായു വലിച്ചുകൊണ്ടിന്നു നാം
മരുവി മേവുന്നു ആഗോള വലകളില്‍
ക്ഷണിക ഭംഗിയില്‍ മാത്രം ജനിക്കുന്നു
ക്ഷണിക ബന്ധന മംഗല്യമെന്നതും!


കാമമേറെ ജ്വലിച്ചതില്‍ പുത്രിതൻ
മുലയുറുഞ്ചുമാ പാപിയെക്കാണുക!
എവിടെയോ കൊണ്ട് തള്ളുന്നു പാപത്തിന്‍
പലിശ കൊണ്ട് പിറന്നൊരാക്കുഞ്ഞിനെ!


അഗതിയഗതിയെന്നാട്ടുന്നു പിന്നെച്ചെന്ന
തിനെയും കാമ കേളിക്കൊടുക്കുന്നു
ലിംഗഭേദങ്ങളേതെന്നു പോലുമേ
ലിംഗ നീതിയ്ക്കു പാത്രമാക്കീടുവാൻ !


ഉന്മദം ഉന്മാർഗ്ഗമെന്നതെ ഇന്ന് കാണുവാൻ
ഭാംഗും ലഹരിയും,കള്ളു കഞ്ചാവ്-
കേറിക്കിടക്കുവാൻ തെല്ലു വേണ്ടും കടത്തിണ്ണ
എന്നതിലില്ല ഉണ്മ മണക്കുവാൻ പോലുമേ !


ആനമിക്കുന്നു ഭൂമിയെ നിന്നെ ഞാൻ
ആഗ്രഹിക്കുമ്പോൾ ആകാശമാകുവാൻ
ദേഹമെന്നതിൻ അർത്ഥമങ്ങേശാത്ത
ദേഹിയായി പരിഗണിച്ചീടുവാൻ


ആനമിക്കുന്നു ആകാശമിന്നു ഞാൻ
ആഗ്രഹിക്കുമ്പോൾ ഭൂമിയായീടുവാൻ
പ്രാണനെന്നതിൻ ഭാരമങ്ങേശാത്ത
പ്രാണിയാകുവാനെന്നെങ്കിലും മുദാ !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...