Thursday, October 16, 2014

ചില വായനകള്‍ അബോധതലത്തില്‍ ഉള്ളവ ആയിരിക്കും .വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ബോധാവസ്ഥയില്‍ നിന്നും തെന്നി നീങ്ങിപ്പോകും ,അവിടെ നമ്മുടെതായ ചില ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നുകില്‍ കിനാവിലെയ്ക്കോ അല്ലെങ്കില്‍ ഉറക്കത്തിലെയ്ക്കോ ബോധപൂര്‍വ്വമല്ലാതെ നീങ്ങിപ്പോകും .അത് ഉത്കൃഷ്ടമായ വാനയുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്നല്ല .വായിക്കുമ്പോള്‍ നമ്മെ കൃതികള്‍ അവയുടെ ലോകത്തിലേയ്ക്ക് സുഖകരമായൊരു തെന്നല്‍ പോലെ കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് കൃതിയുടെ സ്വഭാവം നമ്മള്‍ ആകുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥമായ വായന പരിണമിക്കപ്പെടുന്നത്.വായന നന്നാകുക എന്ന് പറയുമ്പോള്‍ കൃതി നമ്മളുമായി നടത്തിയ സംവാദം നമ്മുടെ മനസ്സുമായി താദാത്മ്യം പ്രാപിച്ചു എന്നും  ആ കൃതി നന്ന് എന്ന് നാം സ്വയം വിലയിരുത്തുകയും ചെയ്യുമല്ലോ .ഇവിടെ വായനയുടെ സുഖം ചിന്തനീയമാകുന്നൊരു കൃതിയാണ് ബി .സുദേവ് ന്‍റെ 'നമുക്കിറങ്ങി നടന്നേക്കാം ' എന്ന കവിതാസമാഹാരം .തേടുന്നത് വേരുകള്‍ ആണെന്ന് അദ്ദേഹം പറയുന്നു .ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കതയോടെ വായനക്കാരന്റെ വലിയലോകത്തിലെയ്ക്ക് എനിക്ക് പ്രവേശനമുണ്ടോ എന്ന് എഴുതിക്കൂട്ടിയ വാക്കുകളുടെ ഘനനീലിമയ്ക്കിപ്പുറം നിന്നുകൊണ്ട് വിശുദ്ധമായി ചോദിക്കുകയാണ് വെറുതെ .വെറുതെ എന്നത് പറയുവാന്‍ കാരണം ആ ചോദ്യം ഇവിടെ അപ്രസക്തമാണ് .നമ്മെ നൂണ്ടു പിടിച്ചുലയ്ക്കുന്ന കവിതകളാണ് സുദേവിന്റെത്. പലതും കാലികപ്രസക്തവും അനുകരണങ്ങള്‍ അശേഷം ഇല്ലാത്തതുമായ സംശുദ്ധ രചനകള്‍ തന്നെയാണ് .നഗരം എന്ന കവിത എടുക്കുകയാണെങ്കില്‍

'ഉടലില്‍ കാടിന്റെ ഓര്‍മ്മയ്ക്കായ് കുത്തിയ പച്ച .
ഇരയുടെ മാംസത്തിലിറക്കിയ ലോഹകഷണങ്ങള്‍ '

എന്നൊരു പ്രയോഗമുണ്ട് കാടിന്റെ ഓര്‍മ്മയ്ക്കായ് കുത്തിയ പച്ച !അതും ഉടലില്‍ .കാട് ഓര്‍മ്മയാകുന്നിടത്തു മനുഷ്യന്‍ മൃഗമായി പരിണമിക്കുന്നത് എത്ര സുന്ദരമായിട്ടാണ് പറഞ്ഞുവയ്ക്കുന്നത് .കൊത്തിപ്പറിക്കാന്‍ ചോദ്യങ്ങള്‍ വട്ടമിട്ടു പറക്കുമ്പോള്‍ കയറി ഒളിക്കാന്‍ ഒരൊളിത്താവളം നിങ്ങള്‍ തരുമോ ? എന്നു കവി ചോദിക്കുകയാണ് .ചോദ്യങ്ങള്‍ എത്താത്ത ,സ്വയം ചോദ്യങ്ങളില്‍ പെടാത്ത ഒരുസ്ഥലം നമുക്ക് കൊടുക്കാനുണ്ടോ എന്ന് ഒരു ഞെട്ടലോടെ വായനക്കാര്‍ സ്വയം ചോദിക്കും .താഴ്വര എന്ന രചനയില്‍ ഏകാന്തതയെ ,മരണത്തെ അതിമനോഹരമായി വരച്ചിട്ടിരിക്കുന്നു .
'ശരിക്കൊന്നുറങ്ങാന്‍
ഏറെനാളായൊരു കൊതി
ജനലുകള്‍ തുറന്നിട്ട്‌
കണ്ണുകളടച്ച്
തണുത്ത് തണുത്ത് ..'
ആ തണുപ്പിന്റെ കാഠിന്യത്തില്‍ ആസ്വാദകര്‍ക്കും കൂടെ തണുക്കാം,തണുത്തു തണുത്ത് മരിച്ചു പോകുകയുമാകാം .അതുപോലെ 'വട്ടത്തിലുരുട്ടിയെഴുതാത്ത ഇതിവൃത്തങ്ങള്‍ ' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്‌

'നടക്കുമ്പോള്‍ ഗാന്ധിയെപ്പോലെ
ഓടാന്‍ എനിക്കിഷ്ടമല്ല ,
മാനം നോക്കണം ,
മരത്തിന്റെ തടിയന്‍ വേരിലിരിക്കണം,
കണ്ട പൂവിനോടും പൂച്ചയോടും തലയാട്ടണം ,
സംസാരിക്കണം ,
മനുഷ്യരോടുമാത്രം ഒന്നും മിണ്ടാതെ
എല്ലാം അറിഞ്ഞു പറയുന്ന ഒരു ചിരി ,
അത് തന്നെ ധാരാളം .'
ഇവിടെ നമുക്ക് തലപുകയ്ക്കേണ്ട, ചിന്തിച്ചലയേണ്ട. പറയുന്ന കാര്യങ്ങള്‍ വളരെ ലളിതവും എന്നാല്‍ അഗാധവുമാണ് അതുതന്നെയാണ് ബി സുദേവിന്റെ ഈ കൃതിയുടെ അക്ഷരഘടനയും എന്നെനിക്കു തോന്നുന്നു .

'കാലവേദിയില്‍ പ്രപഞ്ചനടനം നടക്കട്ടെ
നമുക്കിറങ്ങി നടന്നേക്കാം
നീ കടലാസില്‍ കുറിച്ചവ
കൊറിക്കാനെടുക്കുക
വരു
വാക്കുവന്ന വഴിയെ നടക്കാം .'  എന്ന് നിസ്സംശയം പറയുന്ന സുദേവിനെ അറിയാത്തവര്‍ ഇനിയെങ്കിലും തിരിച്ചറിയണം .ഈ കവി നിശബ്ദനായൊരു മഴയാണ്, പെയ്തുകൊണ്ടിരിക്കുന്നപെയ്യാനുള്ള ഒരു കടല്‍ നിറഞ്ഞ മഴ .

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...