Wednesday, November 19, 2014

അതാണല്ലോ ഈ ജീവിതം !

ശരീരം തൊടണം തലോടണം
ഉമ്മവയ്ക്കണം പുണരണം
അതാണല്ലോ ജീവിതം !
ചുംബന സമരത്തോടെ ,
 പുനർവിചിന്തനം കൊണ്ട
അതേ പഴയ ജീവിതം !

ഇനി ,
തൊടാത്തവരോട് :
നിങ്ങൾ ഒന്നുകിൽ മഹാരോഗിയാണ്
സഹോദരിയെ സ്നേഹത്തോടെ
പൊത്തിപ്പിടിക്കാനാകാത്ത ,
സഹോദരനോടൊപ്പം  കെട്ടിമറിയാത്ത ,
അമ്മയോട് കൊഞ്ചിക്കളിക്കാത്ത,
അച്ഛനുമേൽ കുത്തിമറിയാത്ത,
സ്നേഹം പ്രകടിപ്പിക്കാനറിയാതെ
കുപ്പിയിലടച്ച്‌ രോഗിയാക്കി വളർത്തിയ
ചിക്കിച്ചികയാനറിയാത്ത,
കൊത്തിപ്പെറുക്കാനറിയാത്ത ,
ചിറകു ചെരുക്കി പ്രേമിക്കാനറിയാത്ത  
ബ്രോയിലർ രോഗി !

അല്ലെങ്കിൽ നിങ്ങൾ മാറാ രോഗിയാണ് !
നിങ്ങളുടെ കരളിനു മന്ത് ബാധിച്ചിരിക്കുന്നു
അത് അസൂയമൂലം വീർത്തു വീർത്തു തൂങ്ങിക്കിടക്കുന്നു !
നിങ്ങളുടെ രോഗം മാറില്ല !
അത് സ്നേഹപ്രകടനമെന്നാൽ കാമപൂരണം
എന്ന് തിരുത്തിവായിക്കുന്നു !
ആണും പെണ്ണുമെന്നാൽ കിടപ്പറ എന്ന്
കൂട്ടിവായിക്കുന്നു !
ചുംബനം എന്ന് കേട്ടാൽ രതിമൂർച്ഛ
വന്നു വിറയ്ക്കുന്നു !
അല്ലെങ്കിലും  നിങ്ങൾ മാറാ രോഗിയാണ് 
നിങ്ങൾക്ക് കത്തിയും വടിവാളുമില്ലാതെ
ഉറങ്ങാനാകില്ല ,ഉറക്കത്തിലെങ്ങാൻ
രണ്ടുപേർ ചുംബിച്ചാലോ ??!

ശരീരം തൊടാനും കെട്ടിപ്പിടിക്കാനും
ചുംബിച്ചു മരിക്കാനുമുള്ളതാണ്
അതാണല്ലോ ഈ ജീവിതം !


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...