Monday, June 30, 2014

വയലറ്റ്

തടാകത്തിന്റെ അങ്ങേത്തലയ്ക്കൽ
ഒരു വളഞ്ഞ വഴി പോകുന്നുണ്ട്
ഇങ്ങേക്കരയിൽ നിന്നും മഴയിലൂടെ നോക്കുമ്പോൾ
വെളുത്ത കുടയുടെ കീഴിൽ
പതുങ്ങി നീങ്ങുന്ന നിന്റെ
ഭംഗിയുള്ള നനുത്ത ശരീരം കാണുന്നതെയില്ല
ഇളം വയലറ്റ് സാരിയുടെ നിറം
മഴയോട് ചേർന്ന് ഒലിച്ചുപോകും പോലെ ..
നിന്റെ കണങ്കാലിന്റെ മുകളിലെ
നീല ഞരമ്പുകൾ നീയുയർത്തിപ്പിടിച്ച
സാരിത്തുംബിന്നു താഴെ ആരും കാണാതെ
ഒളിഞ്ഞു നോക്കിയാസ്വദിക്കാതെ
വെറുതെ മഴ നനഞ്ഞു നനഞ്ഞ് അങ്ങനെ ..
ഓ അറ്റം വെട്ടി അരുമയോടെ നിരത്തി
ചീകിയിട്ട നേർമ്മയിൽ സുഗന്ധം പരത്തുന്ന
നിന്റെ മുടിയ്ക്ക് മുകളിൽ അരുമയിൽ
പതിഞ്ഞൊഴുകുന്ന വെള്ളത്തുള്ളികൾ ..
ചേർത്തു നിർത്തി ഇടം കഴുത്തിലൂടെ
കൈയിട്ട് മുടിയുൾപ്പടെ പുറം തഴുകാൻ
ആരും ചിന്തിക്കുന്നത് പോലുമില്ല .
മഴയിലൂടെ നോക്കുമ്പോൾ
വെളുത്ത കുടയുടെ കീഴിൽ
പതുങ്ങി നീങ്ങുന്ന നിന്റെ
ഭംഗിയുള്ള നനുത്ത ശരീരം കാണുന്നതെയില്ല
ഇളം വയലറ്റ് സാരിയുടെ നിറം
മഴയോട് ചേർന്ന് ഒലിച്ചുപോകും പോലെ ..
തടാകത്തിന്റെ അങ്ങേത്തലയ്ക്കലെ
ഒരു വളഞ്ഞ വഴിയിലെവിടെയോ
മഴയത്ത് തെറിച്ചു പൊകാനാഞ്ഞ്
ഒരു ടാക്സി കാറിന്റെ ചക്രം ഉരഞ്ഞുലഞ്ഞ്
അതിന്റെ ഒടുക്കത്തെ നട്ടും അഴിച്ചെടുക്കുന്നുണ്ട്
നീയും കാറും തമ്മിൽക്കാണുന്ന
ഒരവസാന കാഴ്ചയുണ്ട് .
നിന്റെ സൗന്ദര്യത്തിൽ മയങ്ങി മയങ്ങി
ചക്രത്തിന്റെ ചില കയറ്റിറക്കങ്ങളുണ്ട്
വയലറ്റ് നിറം മാത്രമേ നിനക്കിഷ്ടമുള്ളോ ?
സാരിയാകെ ചെമന്നു പോയല്ലോ ..

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...