Monday, September 18, 2017

ജോക്കര്‍ (തമിള്‍ സിനിമ ) _ ഇന്ത്യന്‍ സിനിമയുടെ അന്തസ്സ് !

         സിനിമ കാണുകയായിരുന്നു .സിനിമ കാണുക എന്നതിന് ഇന്ന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട് .വെറുതെ നേരം കൊല്ലാന്‍ ,ചുമ്മാ രസിക്കാന്‍ ,പോയിരുന്ന് നന്നായൊന്നുറങ്ങാന്‍ ഇതൊന്നുമല്ലാതെ സിനിമ നന്നായിരിക്കണേ എന്ന പ്രതീക്ഷയോടെ നല്ലൊരു കഥ കാണുവാന്‍ കേള്‍ക്കുവാന്‍,ചിരിക്കുവാന്‍ ,രസിക്കുവാന്‍ ,സങ്കടപ്പെടാന്‍ അങ്ങിനെ  അതിന്‍റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് .ഞാനാ ഗണത്തില്‍ പെടുന്ന ഒരാളാണ് . അതുകൊണ്ടുതന്നെ  സിനിമ കാണുമ്പോള്‍ കിട്ടുന്ന യഥാര്‍ത്ഥ സുഖം അതില്‍ എന്തെങ്കിലും ഓര്‍ത്തിരിക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് .ഇന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ഞാനും ഭര്‍ത്താവും കൂടി ഒരു സിനിമ കാണുവാന്‍ ഇരുന്നു .പേര് ജോക്കര്‍.2016 ലേ തമിഴ് സിനിമയാണ് .ഡ്രീം വാരിയര്‍ പിക്ചേര്‍സ് നിര്‍മ്മിച്ച രാജു മുരുഗന്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണിത് .ഒരുപക്ഷെ നിങ്ങളില്‍ പലരും കണ്ടിരിക്കും .ഞാന്‍ ഇപ്പോള്‍ കണ്ടതിനാല്‍ വൈകി എത്തുന്ന ഈ ആസ്വാദനക്കുറിപ്പ്‌ ഇത് കാണാത്തവര്‍ക്കായി നല്‍കുന്നു .നിങ്ങള്‍ കാണണം .ഇതൊരു വെറും സിനിമയല്ല .ഇതില്‍ എനിക്കെന്താണ് അനുഭവിക്കാനായത് അത് ഞാന്‍ പറയട്ടെ 

              സിനിമ എന്നതിനേക്കാള്‍ ഉപരി നിങ്ങള്‍ക്കിതിലൂടെ ജീവിക്കാനാകും .ഒരു ദേശത്തിന്റെ ഉള്‍നാടുകളിലെ ഹൃദയത്തുടിപ്പിലൂടെ നിങ്ങള്‍ക്ക് ജീവിതത്തെയും ദേശത്തെയും കാലത്തെയും രാഷ്ട്രീയത്തെയും പണത്തെയും പട്ടിണിയെയും വ്യഥയെയും പ്രണയത്തെയും മരണത്തെയും തൊട്ടുരുമ്മാനാകും .അഭിനയം എന്നാല്‍ എന്താണെന്നും അതിനെ സാക്ഷാത്ക്കരിക്കരിക്കുന്നത് എങ്ങിനെയെന്നും ഓരോ കഥാപാത്രങ്ങളിലൂടെ കഥയിലൂടെ സംഗീതത്തിലൂടെ അങ്ങിനെ കലയുടെ അന്തസത്തയിലൂടെ ഒരു സംവിധായകന്‍ നിങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു തരും .പ്രിയ സംവിധായകന്‍ ശ്രീ രാജുമുരുഗനെ എത്രകണ്ട് പ്രകീര്‍ത്തിച്ചാലും ഈ സിനിമയില്‍ അധികമാകില്ല .(ഇത് തികച്ചും വ്യക്തിപരമായ എന്‍റെ അഭിപ്രായമാണ് വീക്ഷണവും )

          ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നതെന്തെന്ന് ,കക്കൂസ് പോലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ ഒരു വലിയ വിഭാഗം ജനത നമുക്കൊപ്പം ഇതേ പകലും സന്ധ്യകളും പങ്കിടുന്നുണ്ട്‌ എന്നും തിരിച്ചറിയുന്നത്‌ അത്ര വലിയ പാപമല്ല .തമിഴില്‍ നിന്നു തന്നെ ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ഡോക്യുമെന്ടറി നമുക്ക് നല്‍കിയ ഷോക്ക് എത്രകണ്ട് വലുതാണ്‌ ! അതിനും മുന്‍പ് നമ്മുടെ തകഴിയുടെ തോട്ടിയുടെ മകന്‍ പറഞ്ഞുതന്ന നഗനസത്യങ്ങളുടെ വില എത്രയാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല കാരണം ഈ സൃഷ്ടികള്‍ എല്ലാം സത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ് ഇതൊക്കെ എന്ത് വൃത്തികെട്ട സിനിമ എന്ന് പുച്ഛം അവശേഷിപ്പിക്കുന്നവരോട് ഇത്രനല്ല ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് എവിടെയും പറയാന്‍ എനിക്ക് കഴിയും .ഓരോ കാസ്റ്റിങ്ങും സംവിധായകന്‍ എത്ര മികവോടെയാണ് നടത്തിയതെന്ന് നിങ്ങള്‍ക്ക് അത് കാണുമ്പോള്‍ മനസ്സിലാകും .പ്രധാന നടനായ ഗുരു സോമസുന്ദരം നാടകത്തില്‍ നിന്നും ഉരുവായ നടനാണ്‌ അതുകൊണ്ടുതന്നെ അഭിനയത്തിന്റെ വേറിട്ട മുഖം എന്ന് വേണമെങ്കില്‍ നമുക്കിദ്ദേഹത്തെപ്പറ്റി പറയാം ,അത്രകണ്ട് വേറിട്ട ഭാവങ്ങളുടെ അഭിനയ തീക്ഷ്ണതയുടെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ പകര്‍ന്നു നല്‍കുന്നുണ്ട് അദ്ദേഹത്തിലൂടെ .അദ്ദേഹം മാത്രമല്ല നടി രമ്യ പാണ്ട്യനും അതുപോലെ ഓരോ കഥാപാത്രങ്ങളും ഉഗ്രനായിത്തന്നെ അവരുടെ വേഷങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ട് .
                ഈ സിനിമ മുന്‍പോട്ടു വയ്ക്കുന്ന രാഷ്ട്രീയം പൊള്ളിക്കുന്നതാണ് .അത് ഇക്കാലത്തെയും കഴിഞ്ഞകാലത്തെയും ഒരുപക്ഷെ വരാനിരിക്കുന്ന കാലത്തെയും ഒരുപോലെ വരച്ചിടുന്നു .ഏതു കാലമെടുത്താലും ഏതു രാഷ്ട്രീയമെടുത്താലും ദരിദ്രന് കുമ്പിളില്‍ തന്നെയായിരിക്കും കഞ്ഞി നല്‍കുന്നത് .കാരണം ഒരു രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അളവിലാണ് ഒരുവലിയ വിഭാഗം ഗവര്‍ന്മെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനുയായികളും സമ്പന്നരും ധനികരും ആകുന്നത് .അതുവച്ച് നോക്കുമ്പോള്‍   രാഷ്ട്രീയ അരാജകത ഇതില്‍ക്കൂടുതല്‍ നന്നായി എങ്ങനെ പറയാനാകും ?

         ഇനി സംഗീതത്തിലേയ്ക്ക് വരാം സിയാന്‍ റോള്‍ഡന്‍ എക്കാലവും കണ്ട മികച്ച സംഗീതം ചെയ്തു എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ ആ കഥയോട് സാഹചര്യങ്ങളോട് കഥാപാത്രത്തോട് വളരെ മനോഹരമായി നീതിപാലിച്ചു എന്നുതന്നെ  പറയും.  അതില്‍ 'ഓല ഓല കുടിസയിലെ ഒന്ട വന്ത സീമാട്ടി '  എന്ന ഗാനം എത്ര മനോഹരമാണ് വരികളും സംഗീതവും! കഥാതന്തുവിനോട് എത്ര ലയിച്ചാണ് കമ്പോസ് ചെയ്തിരിക്കുന്നത് .അതുപോലെ 'ജാസ്മിനെ' എന്ന പതിവ് തമിള്‍ ഗാന രീതിയും സംവിധായകന്‍ ഉപേക്ഷിച്ചിട്ടില്ല .

                      ആദ്യ പകുതിയിലെ നമ്മുടെ അസ്വസ്ഥമായ ചിന്തകള്‍ ഒരുപക്ഷെ 'എന്താണീ സിനിമ ഇങ്ങനെ പോകുന്നത് ? 'എന്ന ചോദ്യത്തിന് അവസാനപകുതി മനോഹരമായി മറുപടി നല്‍കും .നിങ്ങള്‍ നല്ലൊരു കഥാസ്വാദകന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ മനസ്സാക്ഷി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന കൂട്ടത്തിലെങ്കില്‍ സിനിമ തീരുമ്പോള്‍ നിങ്ങള്‍ എന്തിനൊക്കെയോ അസ്വസ്ഥത പേറും .നമ്മുടെ രാഷ്ട്രീയത്തോട് വ്യവസ്ഥിതിയോട് ദാരിദ്ര്യത്തോട് നീതിവ്യവസ്ഥയോട് പ്രാണന്‍ പോകുന്ന പോലെ നിങ്ങള്‍ സ്നേഹിക്കുന്ന പ്രണയത്തോട് ഇനി കോമാളിയെപ്പോലെ പതുങ്ങിയെത്തുന്ന ആ മരണത്തോടും ! കാണാത്തവരോട് നിങ്ങള്‍ കാണണം .ഈ സിനിമയിലെ ഓരോ ചെറിയ വലിയ ആര്‍ടിസ്റ്റ്കളോടും നിര്‍മ്മാതാക്കളോടും നന്ദി പറയട്ടെ നല്ലൊരു സിനിമ ഇന്ത്യക്ക് തമിഴിനു സമ്മാനിച്ചതില്‍ ,ഒരു എളിയ ആസ്വാദകയുടെനന്ദി .

Wednesday, August 2, 2017

ആരാണ് സമയം കണ്ടെത്തിയത് ?!! മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ /കണ്ടുപിടിക്കാനുള്ളതില്‍ വച്ചേറ്റവും വലിയൊരു കണ്ടുപിടുത്തമാണ് സമയം, ഏറ്റവും നല്ല നുണയും ! ജീവിതം തള്ളിനീക്കുന്നതിന്റെ വിരസത അകറ്റാനായി കഴിഞ്ഞകാലം എന്ന വികാരവും വരാനിരിക്കുന്ന കാലം എന്ന പ്രതീക്ഷയും അതിന്റെ മണിക്കൂറും മിനിട്ടുമായി മാറിയിരിക്കുന്നു !സെക്കന്റ് സൂചിയാണ് ഇന്ന് നാം അനുഭവിക്കുന്ന വര്‍ത്തമാനകാലം ..! ഈ മൂന്നുകാര്യങ്ങളില്‍ ലോകം കറങ്ങിക്കൊണ്ടേയിരിക്കുന്നു .ഹിസ്റ്ററിയും ജോഗ്രഫിയും ഫിസിക്സും കെമിസ്ട്രിയും അതിന്റെ ഉപോത്പന്നങ്ങളും കണക്ക് അതിന്റെ സ്ഥായിയായ ഉത്പന്നവും ആയിത്തീര്‍ന്നിരിക്കുന്നു .അപ്പോള്‍ സമയം തന്നെയാണ് ജീവിതവും വിവാഹവും കുടുംബവും പണവും വ്യവഹാരങ്ങളും എല്ലാം എല്ലാമല്ലേ!.ജീവിതത്തില്‍ സമയം എന്നൊന്നില്ല എന്ന് തിരിച്ചറിയുന്നവന്‍ ഒന്നുകില്‍ ഭ്രാന്താശുപത്രിയിലോ അല്ലെങ്കില്‍ നിതാന്തസുന്ദരമായ ഗിരിശൃംഗ്ങ്ങളിലോ ആയിരിക്കും !

Monday, July 17, 2017

ഇന്നത്തെ മാധ്യമ ധര്‍മ്മം ശരിയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ എന്ന് ജനങ്ങള്‍ തന്നെ പറയണം .കാരണം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്ന് തന്നെ പറയാവുന്ന വിധം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെപ്പോലും ജാതീയത കൊണ്ട് നിറച്ച ഒന്നാണ് കഴിഞ്ഞുപോയത്‌ .മതേതര ജനാധിപത്യം എന്നുമുതലാണ് ദുഷിച്ച ജാതിയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയത് ,അന്നുമുതല്‍ ഭാരതം വിഭജിച്ചു തുടങ്ങിയിരിക്കുന്നു .നമ്മുടെ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ രാഷ്ട്രപതിസ്ഥാനത്തെയ്ക്ക് മത്സരിക്കുമ്പോള്‍ ഇങ്ങനെയൊന്നു കണ്ടില്ല 'അദ്ദേഹം ദളിതനാണ് 'എന്നകാര്യം മുഖ്യമായി മാധ്യമങ്ങള്‍ വിളിച്ചുകൂവിയതായി ഓര്‍മ്മയില്ല .ഇന്നിതാ രാംനാഥ് കോവിന്ദയും മീരാകുമാറും ദളിതരാണ് എന്നതിനാണ് മുഖവില ! കഷ്ടം എന്‍ ഡി എ ദളിതനായ രാംനാഥിനെ ഇറക്കിയപ്പോള്‍ കോണ്ഗ്രസ്സ് അതേ നാണയത്തില്‍ ദളിതായ മീരാകുമാറിനെഇറക്കി എന്നൊക്കെ പറയുന്നതില്‍ രാഷ്ട്രത്തിന്റെ ഏറ്റം പരമോന്നത വ്ക്തിത്വങ്ങളാകുവാന്‍ പുറപ്പെടുന്നവരെ, ഇന്ത്യന്‍ സംസ്കാരത്തിന്റെ രക്തം എടുത്തുമാറ്റി വെറും മാംസം അവശേഷിപ്പിച്ചത് പോലെ അന്തസ്സുകെട്ട ജീവനില്ലാത്ത ഒന്നാക്കിയില്ലേ എന്ന് നമ്മള്‍ ചിന്തിക്കണം .ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ജയിക്കുമ്പോള്‍ 'മതേതര ജനാധിപത്യം 'എന്ന നമ്മുടെ ഏറ്റം അടിസ്ഥാന രാഷ്ട്രമൂലകം ഇളകിപ്പറിഞ്ഞു ദൂരെപ്പോയില്ലേ എന്ന് രാഷ്ട്രം മുഴുവന്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കണം .അത് ചിന്തിപ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മവും എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു !

Saturday, July 8, 2017

വന്യ

ഞാനൊരു മൃഗഭംഗിയാണ്
മുളക്കൂട്ടങ്ങൾ തമ്മിലുരസിയപ്പോൾ
പൊട്ടിവീണതിലൊന്ന് 

നിങ്ങളൊരു കടലിലേയ്ക്ക് നോക്കി
അതിന്റെ അപാരമായ ഉള്ളഴക് ദർശിക്കുമ്പോലെ
ഞാനെന്റെ വന്യഭംഗിയിൽ ആറാടുകയാണ്

ഞാനൊരു കാട്ടാറുപോലെ തട്ടിത്തിമിർത്ത്
നൃത്തമാടുകയാണ്  കാടുലയുംവരെ

ഞാനൊരു സിംഹിണിപോലെ
കാട്ടുപൊന്തകൾക്കു പിറകിൽ
സൂക്ഷ്മതയോടെ മുന്നോട്ടു പദങ്ങൾ വയ്ക്കുന്നു
ഇരയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങുന്ന
ദന്തങ്ങളെപ്പറ്റി എനിക്കെന്തു വ്യാകുലത
ഇരപിടിക്കുന്ന കാട്ടുനീതിയെന്നല്ലാതെ

ഒരു കാട്ടുദേവതയെപ്പോലെ
ഓരോപുല്ലിനോടും പൂവിനോടും
മൃഗങ്ങളോടും മണ്ണിനോടും
ഞാൻ ഇണചേരുകയാണ്
ഒടുവിലൊടുവിൽ
കുണ്ഡലിനി ഭേദിച്ചോരാത്മപ്രകാശം
ശതകോടി സൂര്യനെത്തോൽപ്പിക്കുന്നു

നിങ്ങൾ കേൾക്കുന്നുണ്ടോ
എന്റെ സ്വരങ്ങളെപ്പേറിയൊരു കാറ്റ്
ഉൾവനങ്ങളിലേയ്ക്ക് പാറിപ്പറക്കുന്നു
ഞാൻ പാടിക്കൊണ്ടേയിരിക്കുന്നു

ഹാ ഞാൻ അമ്മയാണ്
മുലകുടിക്കുന്ന എത്രകുഞ്ഞുങ്ങളാണെന്റെതായി 
എത്രപൂമ്പാറ്റകളാണെന്നേ ഉമ്മവച്ചു
പാറിപ്പറക്കുന്നതു ചുറ്റും

ഞാനൊരു മൃഗഭംഗിയാണ്
വസ്ത്രാഞ്ചലമെന്തെന്നറിയാത്ത
നഗ്നമേനിയാൽ ആദിദിനം മുതലിങ്ങോട്ട്
ഓരോ വൃക്ഷത്തലപ്പുകൾക്കും മീതെ
അനാദിയായൊരു നൃത്തം ചവിട്ടുന്നവൾ
അനങ്ങാത്തൊരില മരിച്ചുവീഴും മുൻപ്
നിങ്ങൾ കണ്ടിട്ടുണ്ടോ
അതിലെല്ലാം എന്റെ വന്യഭംഗിയുണ്ട്






Friday, July 7, 2017

"നല്ല കഥ ! തുടരട്ടെ " എന്ന് പറഞ്ഞയാളോട് " "എന്ത് കഥ? " എന്ന് ഞാൻ ചോദിച്ചത് ആക്ഷേപമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് .മറുപടിയായി "your charity works" എന്ന് മറുപടി തന്ന ബഹുമാനപ്പെട്ട ടിയാന്റെ പ്രൊഫൈലിൽ ആദ്യമായി കയറി നോക്കിയ ഞാൻ അദ്ദേഹവും ചാരിറ്റി ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കി .ഉമ്മൻ ചാണ്ടിയുടെ വലതുഭാഗം ചാരി നിൽക്കുന്നു ! പൊന്നുടയതെ ഞാൻ ജീവിച്ചു പൊക്കോട്ടെ എനിക്ക് രാഷ്ട്രീയമില്ല (നിങ്ങൾ ആക്ഷേപിച്ചതല്ല എങ്കിൽ ഇനിമേൽ എഴുതുമ്പോൾ വായിക്കുന്നവന് നോവും എന്നറിയുക )ഞാൻ ഒരു ആക്ടിവിസ്റ്റോ ചാരിറ്റി പ്രവർത്തകയോ അല്ല .അഥവാ ആയിരുന്നെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ അതെഴുതുകയില്ലായിരുന്നു .അഥവാ അതെഴുതാൻ മുതിരുകയായിരുന്നെങ്കിൽ പത്തു വർഷം മുൻപ് ഞാൻ ഇതെഴുതി ഒരു പുളകിണി ആയേനെ ! ഇനി ,

അന്ന് വെറും  തുച്ഛമായ 500 രൂപമതിയായിരുന്നു എനിക്ക് രണ്ടു മാസത്തേയ്ക്കായി ഒരു കുട്ടിക്ക് നൽകാൻ .റൂറൽ ഏരിയയിൽ നിന്ന് ഒരു മാർഗ്ഗവുമില്ലാതെ പഠിപ്പിക്കാനോ ഭക്ഷണം നൽകാനോ വഴിയില്ലാതെ ഓർഫനേജിൽ എത്തിപ്പെട്ട അച്ഛനും അമ്മയുമുള്ള അഞ്ചു കുട്ടികളെയാണ് ഞാൻ പഠിപ്പിച്ചത് .അവർ വെറും സാധാരണക്കാർ പഠിപ്പിക്കുന്ന സർക്കാർ വക സ്‌കൂളുകളിൽ ആണ് പഠിച്ചിരുന്നതും .നിങ്ങൾ ആക്ഷേപിക്കുന്നതുപോലെ അതൊരു ചാരിറ്റി ആയിരുന്നില്ല എന്നെ സംബന്ധിച്ച്. എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്ന ഒരു സുഹൃത്തുമൊന്നിച്ചായിരുന്നു താമസം .അവൾ ജോലിസ്ഥലത്തിനടുത്തായി തനിയെ വീടെടുത്തു മാറണം ഒറ്റയ്ക്ക് ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി .ആ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് സഹനീയമായിരുന്നില്ല .ജോലി കഴിഞ്ഞെത്തുമ്പോഴും അവധി ദിനങ്ങളിലും അതെന്നെ വല്ലാതെ തനിച്ചാക്കി .ബംഗളുരിൽ ഒൻപതു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതം എന്നൊന്ന് ഉണ്ടായിട്ടില്ല .കൂട്ടുകാരുണ്ടെങ്കിലും അവരും മിതത്വം ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു .വല്ലപ്പോഴും ഒരു സിനിമ .കോഫീ ഡേ യിലോ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലോ ഒന്നിച്ചൊരു ഭക്ഷണം .ആരതി വലിച്ചുകൊണ്ടുപോകുന്ന ഷോപ്പിംഗുകളിൽ അവളുടെ ഇഷ്ടങ്ങളിലെല്ലാം അലഞ്ഞു തിരിയിൽ എന്റെ ഏകാന്ത യാത്രകളിലെ കാഴ്ചകൾ എന്നിവയിൽ എനിക്കെന്നെ തളച്ചിടേണ്ടി വന്നു .ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡിസൈനർ ആയിരുന്ന എനിക്കന്നു തുടക്ക ശമ്പളം ഇരുപത്തിഅയ്യായിരം രൂപയാണ് .എന്നെ സംബന്ധിച്ച് അത് വലിയ തുകയാണന്ന്.ഇന്നും !ഈ കാശിൽ നിന്നും വീട്ടുവാടകയായ അയ്യായിരം രൂപയും എന്റെ ഭക്ഷണ വകയിൽ രണ്ടായിരം രൂപയും മാറ്റി വച്ചാൽ ബാക്കി ഞാൻ പതിവുപോലെ വീട്ടിലേയ്ക്കു അച്ഛന്റെ അക്കൗണ്ടിൽ ബാങ്കിൽ അയക്കുകയാണ് പതിവ് .അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അച്ഛയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .എന്റെ കൈയ്യിലുള്ള ഭക്ഷണക്കാശ് മിച്ചം പിടിച്ചിട്ടാണ് ഞാൻ കുട്ടികൾക്കുള്ള  വക കണ്ടെത്തിയത് .അത് തികഞ്ഞില്ലെങ്കിൽ എന്റെ പ്രിയ സുഹൃത്ത് കവിത എന്നെ സഹായിക്കുമായിരുന്നു . സുഹൃത്ത് ആരതി വഴിയായിരുന്നു ഞാൻ ഈ കുട്ടികളെ കണ്ടെത്തുന്നത് .അതിനു കാരണക്കാരി ആയതു മുംതാസ് ഹിരേമണി എന്ന കൂട്ടുകാരി ആയിരുന്നു .പക്ഷെ അവൾ തന്ന ഡീറ്റെയിൽസ് വഴി പോയ  ഓർഫനേജിലെ പ്രവർത്തനങ്ങളും മറ്റും ഇഷ്ടപ്പെടാത്തതിനാൽ അവിടെ നിന്നും പോന്ന എന്നെ ആരതി രംഗസ്വാമി എന്ന എന്റെ എക്സ് സഹപ്രവർത്തകയും ആത്മമിത്രവും കൂടിയായ കൂട്ടുകാരി ഒരു NGO യിൽ എത്തിക്കുന്നത് .അവരുടെ കൈയ്യിൽ നിന്നുമാണ് ഈ കുട്ടികളുടെ വിവരങ്ങൾ അറിഞ്ഞതും  മെമ്പേഴ്സിനെ പരിചയപ്പെടുന്നതും. തുച്ഛമായ ഈ തുക മതിയാകും ഇപ്പോഴും നമ്മുടെ താഴെക്കിടയിൽ ഒന്നുമില്ലാത്ത കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും എഴുത്തു സാമഗ്രികളും വാങ്ങി ലോകത്തെ  അറിയുവാൻ സഹായിക്കാൻ .പക്ഷെ ആ എൻ ജി ഓ നടത്തുവാനുള്ള സാമ്പത്തിക പരാധീനതയാൽ നിർത്തിപ്പോവുകയും  അവർ ദത്തെടുത്തിരുന്ന 25 കുട്ടികളെ ഗവൺമെന്റ് ഓർഫനേജിൽ ആക്കുകയുമാണുണ്ടായത് .അതിനെത്തുടർന്ന് എനിക്കും മുൻപോട്ടു പോകാനായില്ല .ഞാൻ ചെയ്തതിനെ ഒരു ചാരിറ്റി ആയിട്ടല്ല ഞാൻ പറഞ്ഞത് .അതങ്ങനെ അല്ല ..കുറച്ചു കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മാത്രമായിരുന്നു അത് .കർണാടകയുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കേരളത്തിലേതിനേക്കാൾ പരിതാപകരമായിട്ടാണ് അന്നെനിക്ക് തോന്നിയത് .വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കൾ ,ഒരു വീട്ടിൽ മിനിമം നാല് കുട്ടികളെങ്കിലും !ഭക്ഷണമില്ല ,ജീവിക്കാനുള്ള ചുറ്റുപാടുകളില്ല .ചാണക വരളി ഉണക്കിയെടുത്ത അടുപ്പു കത്തിക്കുന്ന ചായ്പുകളിൽ  ഗോതമ്പോ അരിപ്പൊടിയോ നനച്ചു ചുട്ടെടുത്ത റൊട്ടികൾ വെയിലത്തിട്ടുണക്കി ചാക്കിൽ കെട്ടിവച്ചതാണ് ഭക്ഷണം .കുട്ടികൾ അതുണ്ടെങ്കിൽ നാലുനേരവും അത് കടിച്ചുപറിച്ചു തിന്നു വെള്ളവും കുടിക്കും .അതുപോലുമുണ്ടാകില്ല മിക്കപ്പോഴും.അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട് .

സുഹൃത്തേ അല്ല ,സുഹൃത്തുക്കളെ  നിങ്ങളിൽ എത്രയോ പേർ ധനികരാണ്. നിങ്ങൾക്കെല്ലാം ആലോചിക്കാവുന്നതാണ് നിങ്ങൾ ഒരുനേരം നല്ലൊരു ഹോട്ടലിൽ ഭക്ഷണത്തിനു ചിലവാക്കുന്നത് മതിയാകും ആ കുഞ്ഞുങ്ങളെപ്പോലുള്ള പല കുട്ടികൾക്കും ഒരു വർഷം പഠിക്കുവാനായിട്ട് . ചിലതെല്ലാം നെഞ്ചിലുണ്ട് ..ചെയ്യാൻ കഴിയുമായിരിക്കും ! നിശബ്ദമായൊരു പ്രാർത്ഥന നിയതിയോടുണ്ട് എപ്പോഴും ! പിന്നെ സുഹൃത്തേ താങ്കളുടെ ക്ഷമാപണം ഉൾക്കൊണ്ടുകൊണ്ട് തന്നെ, ഞാൻ ഇതെല്ലാം വച്ച് കഥ തന്നെയെഴുതാം വെറും കഥയല്ല നല്ല തിരക്കഥ ഒന്ന് .





Wednesday, July 5, 2017

നാലുവർഷം ഞാൻ അഞ്ചു കൊച്ചു കുട്ടികളുടെ പഠനച്ചിലവ് നടത്തി .പക്ഷെ ആ കുട്ടികൾക്കെന്നെയോ എനിക്കവരെയോ അറിയില്ലായിരുന്നു .അവരുടെ മുഴുവൻ ഡീറ്റൈൽസും സാമ്പത്തിക ചുറ്റുപാടും അറിഞ്ഞ ശേഷമാണ് ഞാൻ അന്ന് (കല്യാണത്തിന് മുൻപാണ് .ബാംഗ്ലൂരിൽ ജോലിചെയ്യുന്ന കാലം ) അതിനായി ഇറങ്ങിപ്പുറപ്പെട്ടത് .അതെന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയില്ലായിരുന്നു .പിന്നെന്തിനാണ് ഇന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഇന്നവർ എന്റെ സംരക്ഷണത്തിലല്ല .ആ കുട്ടികളെ തുടർന്ന് പഠിപ്പിക്കാൻ എനിക്കായതുമില്ല .ഒരു NGO യുടെ നേതൃത്വത്തിൽ നിരത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ പോയിട്ടുണ്ട് .ബ്രിഡ്ജിനു താഴെ വലിച്ചുകെട്ടിയ ടാർപോളിനു കീഴിൽ രാജകൊട്ടരത്തിലെന്നപോലെ വലിയവരുടെ പാകമാകാത്ത ഷർട്ടും ട്രൗസറും കുപ്പായവുമിട്ടു കണ്ണ് നിറയെ ആകാംക്ഷയുമായി അവർ പഠിക്കാൻ നിരന്നിരുന്നപ്പോൾ നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയിട്ടുണ്ട് .ഞാൻ കരയുന്നതെന്തിനാണെന്ന് മനസ്സിലാകാതെ അവർ അതിശയത്തോടെ എന്നെ നോക്കിയിരുന്നത് എന്റെ നെഞ്ചിൻ കോണിലുണ്ട് .ഇനി നിങ്ങൾ പറയരുത് എനിക്ക് മനസ്സാക്ഷിയില്ല എന്ന് .പണമില്ല പദവിയില്ല എന്ന് വേണമെങ്കിൽ പറഞ്ഞുകൊള്ളൂ .പത്തുവർഷങ്ങൾക്കിപ്പുറം ഞാനിതു പറയുമ്പോൾ മുംതാസ് എനിക്ക് നിന്നോട് നന്ദിയുണ്ട് .എന്റെ കൂടെ നിന്നതിന് ..

Monday, July 3, 2017

അരുതു പശുവേ ..വിഴുങ്ങാതെ കളയത് ആരുടെയോ മയ്യത്തതാകുന്നു !!

നഗരവാതിലിൽ കാറ്റടിക്കുന്നു
നരകം പോലെ  മണക്കുന്ന തെരുവുകൾ ..
മഴയിറുക്കിയ കാനകൾക്കുള്ളിലായ് 
തെരുവുപിള്ളേർ കുളിക്കുന്ന കാഴ്ച്ചകൾ

അമ്പതു പൈസ കൊടുത്തുവാങ്ങിച്ചോരു
പ്ലാസ്റ്റിക് കൂടിലെ ഛർദിച്ച ഇഡ്ഢലി
കൂടിനൊപ്പം  വിഴുങ്ങുന്നതേപോലെ
തെണ്ടിവന്നോര്  ഗോമതിപ്പശുവത്

അരുതു പശുവേ ..വിഴുങ്ങാതെ കളയത്
ആരുടെയോ മയ്യത്തതാകുന്നു !!
തൊട്ടരികിൽ അലറുന്ന ഭ്രാന്തനാം
മമ്മദ്ക്കയ്ക്ക് നേരേയ്യ്ക്കു നോട്ടങ്ങൾ

കൊല്ലവനെ തൊടുന്നോ മാതാവിനെ
കൊല്ലവനെയാക്കല്ലിനാൽ തന്നെടോ
കാലൊടിക്കണം കഷ്ണമാക്കീടണം
പന്നിക്കൂട്ടിൽ കൊണ്ടൊന്നു തള്ളണം

ബസ്സിലിരുന്നു വെറുതെനോക്കുന്നവർ
ചിലരിരുന്നു പിടിക്കുന്നു വീഡിയോ
ചിലരുടെയുള്ളിലെ ആന്തലിൽ കാണുന്നു
അവരും തിന്നൂ പശുവിനെ അന്നെന്ന് !

ഭാരതമാതാ കീജെയ് വിളിക്കുന്നു
തല്ലിക്കൊല്ലുന്നു ഭ്രാന്തനെപ്പിന്നതാ
ഗോമാതാവിനെ കൊല്ലുവാൻ നോക്കിയോൻ
നാളെ നിങ്ങളെ കൊല്ലില്ലേ മാളോരേ !

സ്വന്തം മെയ്യിലെ  ചോരയിൽ മുങ്ങുന്നു
പശുവെ സ്നേഹിച്ച ഭ്രാന്തന്റെ നിലവിളി
അരുതു പശുവേ ..വിഴുങ്ങാതെ കളയത്
 ആരുടെയോ മയ്യത്തതാകുന്നു !!





എ ടി എം കാർഡ് ,ഡെബിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ,സൂപ്പർമാർകെറ്റ് കാർഡ് ,പാൻകാർഡ് ,ആധാർ കാർഡ് എന്നിത്യാദി കാർഡുകൾക്കിടയിൽ റേഷൻ കാർഡ് മാത്രം പഴമയോടെ താഴ്മയോടെ രണ്ടു രൂപയ്ക്കുള്ള അരി വാങ്ങുന്നവരുടെ (യഥാർത്ഥ ഇല്ലായ്മക്കാരുടെ ) എളിമയോടെ മാറി നിൽക്കുന്നു !  കാർഡുകളില്ലാത്ത ഒരു സ്വതന്ത്ര  ഇന്ത്യയെ ഈ ജി ടി എസ് യുഗത്തിൽ സ്വപ്നം കാണുന്ന ഞാൻ ഈ യുഗത്തിന് ചേർന്നവളല്ലുത്തമാ ! വെറുത്തുപോകുന്നു കാർഡ് കൂട്ടങ്ങളെ .പേഴ്സിൽ  ഇടമില്ലാതെ ട്രാവൽ ബാഗ് ഒരെണ്ണം വാങ്ങിയാലോന്നാ ..

Friday, June 30, 2017

എന്താണ് രമണാ നിരാശയുള്ള പാട്ടുകൾ ..ആകെ മൊത്തം മരണപ്പാട്ടുകൾ ..എഴുതുന്നില്ല വായിക്കുന്നില്ല ചിത്രം വരയ്ക്കുന്നില്ല പേരിൽ ഭർത്താവിന്റെ പേരിനുപകരം ആരുടെയോ പേര് എന്നൊക്കെ സംശയപൂർവ്വം എനിക്ക് മെസെന്ജറിൽ ഒരുപാട് സുഹൃത്തുക്കൾ ആകാംക്ഷയോടെ ചോദിക്കുന്നു അതിനുള്ള പൊതു മറുപടി :
1 )  ശ്യോ ഒന്ന് മനഃസമാധാനത്തോടെ  നല്ല നാല് പാട്ടു കേട്ടതിൽ  മരണവും പ്രണയവും കടന്നുവന്നത് എന്തുമനോഹരമായാണെന്നോ ! നിങ്ങള്ക്ക് കേട്ടിട്ട് മനസ്സിലായില്ലേ ? നിലവിൽ മരിക്കാൻ പോകുന്ന ഒരവസ്ഥയും എനിക്കില്ല .ഒരു 'ചെറിയപനി ' ഒരൊന്നൊന്നര പണിതന്നു .അതിന്റെ ബാക്കിയായി ചെറിയൊരു ലോ ബ്ലഡ് പ്രഷർ എന്നെ ഇപ്പോഴും ആക്രമിക്കുന്നു തലകറങ്ങുന്നു കിടക്കുന്നു  അത്രമാത്രം .

2 ) പേരിന്റെ കൂടെയുള്ള തുളസീധരൻ എന്റെ സ്വന്തം പിതാശ്രീ ആണ് .എന്റെ നോവൽ ഇറങ്ങുന്നതും ഇനിയുള്ള റൈറ്റ് അപ്കളും ഈ പേരിൽ ആയിരിക്കും എസ്റ്റാബ്ലിഷ്‌ ആകുക .അതെനിക്ക് ജന്മം തന്നവരോടുള്ള കടപ്പാടാണ് .അതുകഴിഞ്ഞാണ് ജീവിതം തുടങ്ങിയവരോടുള്ളത് വരുന്നത് .അതിനർത്ഥം എന്റെ ഭർത്താവെനിക്കാരുമല്ല എന്നല്ല അതാണ് നെക്സ്റ്റ് .

3 ) എന്റെ കുടുംബജീവിതം ഞങ്ങൾ ഒന്നിച്ചാണ് തിരഞ്ഞെടുത്തത് .തിരഞ്ഞെടുപ്പിൽ കുടുംബങ്ങൾക്കല്ല ഞങ്ങൾ ഞങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നർത്ഥം .ഒന്നിച്ചു ജീവിക്കേണ്ടുന്നവർ എന്ന നിലയിൽ ,സ്വാതന്ത്ര്യ വ്യക്തികൾ എന്ന നിലയിൽ ,സ്വത്തും പണവുമല്ല നോക്കിയതെന്ന അർത്ഥത്തിൽ ,കലാഹൃദയർ എന്ന നിലയിൽ അങ്ങനെ ഞങ്ങളുടേതായ പല സ്വകാര്യതകളുടെയും പേരിൽ അത് ഞങ്ങൾക്ക് സ്വന്തമാണ് .രണ്ടുപേരും ശക്തമായ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരുമാണ് അത് നിങ്ങൾക്കറിയുകയും ചെയ്യാം .അതുകൊണ്ടുതന്നെ ഉത്തമാ, ഞങ്ങൾ തമ്മിൽ ഈ ലോകത്തിലാരും വഴക്കിടാത്തപോലെ ഒരു അണുബോംബിനും കിടപിടിക്കാൻ കഴിയാത്തതുപോലെ വഴക്കിടാൻ കഴിയും .സ്വന്തമായി അഭിപ്രായമുള്ളവർക്കതു സ്വാഭാവികം !അതുപോലെ തന്നെ ഈ ലോകത്തിലൊരു വ്യക്തിക്കും ഞാൻ എന്റെ ആളിന് കൊടുക്കുന്ന സ്ഥാനം സ്നേഹം പരിഗണന എന്നെത്തന്നെ സമർപ്പിച്ചുള്ള നൂറ്റൊന്നു ശതമാനം ആത്മാർത്ഥത എന്നുള്ളത്  കൊടുത്തിട്ടില്ല , ഈ ലോകത്തൊരാൾക്കും വന്ന് അത് അങ്ങിനെയല്ല ഇവൾ നുണപറയുന്നു എന്ന് പറയാനാകില്ല .അതെന്റെ തീരുമാനമാണ്. എന്റെ ജീവിതമാണ്. എന്റെ കുടുംബവും അനുഭവങ്ങളുമാണ് .അത് വേണ്ട എന്ന് വയ്ക്കുവാൻ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമേ കഴിയു .അതിനു  വേണ്ടുന്ന പരസ്പര ബഹുമാനവും ഞങ്ങളിൽ ഉണ്ട് .അതിലേയ്ക്ക് കാടൻ ചിന്തകൾ കൊണ്ട് നിങ്ങൾ ഞങ്ങളെ വലിച്ചിഴയ്‌ക്കേണ്ട .ഈ ബന്ധം, എന്റെ താലി വെറും കെട്ടുപാടുകളുടെ വിലങ്ങായിട്ടല്ല ഞാൻ കാണുന്നത് .അതിനൊരുപാട് മൂല്യങ്ങളുള്ള എന്റെ കുഞ്ഞിനു ജന്മം നൽകിയ ഞങ്ങളുടെ ചോരയും നീരിന്റെയും ആഴമുള്ള ആത്മാർത്ഥതയുണ്ട് .ദൃഢബന്ധങ്ങളിലേയ്ക്ക് ഒളിഞ്ഞുനോട്ടക്കാരന്റെ വികല ചിന്തകളോടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക .ശ്രീജിത്ത് എന്റെ പ്രാണനാണ് .ഞാൻ മരിച്ചുകഴിഞ്ഞു മാത്രം എന്നിൽ നിന്നും  പിരിയുന്ന എന്റെ ഊർജ്ജമാണ് .അതിനു വിവാഹമെന്നോ ,വേർപിരിയലെന്നോ  ഒന്നിച്ചുള്ള ജീവിതമെന്നോ ഉള്ള മനുഷ്യ  വിചാരങ്ങളിലൂടെയല്ല ഞാൻ വിലയിടുന്നത് .എനിക്ക് എന്റെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ എന്നുള്ള ബൃഹത്തായ അർത്ഥമാണ് .വികാരങ്ങൾ ഉണരുന്ന കൊച്ചുപ്രായത്തിലെ കൗമാര പ്രണയചിന്തകളെ   ജീവിതവുമായി  കൂട്ടിക്കുഴച്ചു ദോശ ചുടാൻ എനിക്കെന്താണ് നട്ടപ്പിരാന്തോ !! ഒന്നുമില്ല എന്റെ വീക്ഷണങ്ങളെ ജീവിതമൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരാൾക്കും സാധ്യമല്ല. എന്തിനു അഥവാ എന്നെങ്കിലും വിവാഹമെന്ന ഉടമ്പടി ലംഘിച്ചാൽ വേർപിരിഞ്ഞാൽ ശ്രീജിത്തിന് പോലും അത് സാധ്യമാകില്ല !! ഞങ്ങൾ അത്രമേൽ  പരസ്പരം സ്വാതന്ത്ര്യം അർഹിക്കുന്നവർ കൂടിയാണ് .അപ്പോൾ ഉത്തമാ ഞാൻ ന്റെ സ്വന്തം അതിയാനുമായി കടുത്ത പ്രേമത്തിലാണ് കേട്ടല്ലോ ഇനി ആവശ്യമില്ലാത്ത ചോദ്യം കൊണ്ട് വരരുത് !

Tuesday, May 30, 2017

സന്തോഷത്തിന്റെ വലിയകടലിൽ പെട്ടുപോയിട്ടുണ്ടോ ? അതിന്റെ ആഴങ്ങളിൽ നമ്മൾ ശ്വാസംമുട്ടി മരിക്കുമോ എന്ന് സംശയിക്കും .അതിന്റെ ചുഴികളുടെ അഗാധത നമ്മെ വട്ടംചുറ്റി വട്ടംചുറ്റി സ്ഥലകാലബോധത്തിന്റെ തരിപോലും അവശേഷിപ്പിക്കാതെ എങ്ങോ എത്തിക്കും ! ഇനിയും അലകൾ ശാന്തമാകുമ്പോൾ അടിത്തട്ടിലെ മുത്തും പവിഴവും സ്വർണ്ണമത്സ്യങ്ങളും കണ്ട് നാം വാപൊളിക്കും ! അതുപോലെയാണ് ഓരോ നല്ല ശിഷ്യരും ഗുരുജനങ്ങൾക്ക് ! ഇതെന്റെ മൂത്തമകൾ പൗർണ്ണമി :) എന്റെ സഹപ്രവർത്തകർ അരുമയോടെ കളിയാക്കിയിരുന്നതാണ് പക്ഷെ അക്ഷരാർത്ഥത്തിൽ അവൾ ചെയ്തുപോരുന്നതും അത് തന്നെ .സ്‌കൂളിൽ നിന്നും പിരിഞ്ഞുപോന്നതിനുശേഷമായിരുന്നു അവരുടെ പന്ത്രണ്ടാംക്ളാസ്സ് പരീക്ഷ .ഒരുദിനം രാത്രി ഇരുളുന്നതേയുള്ളൂ ..പരിചിതമല്ലാത്ത നമ്പറിൽ നിന്നുള്ള വിളി .
'അനിതമിസ്സല്ലേ ..?'
 ' അതേ !'
'ഉം..ആരാണെന്നു പറയൂ ..'
'അതിനെന്താ സംശയം അഞ്ജന തന്നെ '
'ഉം ..ഹും ..അല്ലല്ലോ ..ഒന്നൂടെ ഒന്നോർത്തു നോക്ക് ..'
(-ഏഹ് ! അഞ്ജന അല്ലെ ??! അതെ ഒച്ച ! എന്നെ ഇടയ്ക്കും പിടയ്ക്കും വിളിച്ചു പരിഭവം കൊണ്ട് കൊല്ലുമവൾ !
'ഈ മിസ്സെന്ത് മിസ്സാ മിസ്സ് ..ഈ ലോകത്തു വാട്സ്ആപ് ഇല്ലാത്ത ഒരേ ഒരാളെ ഉള്ളൂ ..മിസ്സ്‌ മാത്രം ! എന്താ മിസ്സ് ..മിസ്സിനെ ഞങ്ങൾക്കെല്ലാം എന്തുമാത്രം മിസ്സാകുന്നുവെന്നോ ..എന്ന് തുടങ്ങി പരാതിയുടെ കെട്ടഴിക്കും .വിളിച്ചാൽ വയ്ക്കാതെ അമ്മയുടെ  കാശുമുഴുവൻ തീർക്കും .അവരുടെ കൊച്ചു ഗ്രുപ്പിൽ എല്ലാവരും ഒന്നിനൊന്നു സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കാറുണ്ട് .അവരുടെ കൊച്ചുപോക്കറ്റുമണികൾ കൂട്ടിവച്ചു മാലയും കമ്മലും വളയും വാങ്ങി അയച്ചു തരും .ഓരോ രൂപകൾ ഇട്ടു കോയിൻ ബോക്സിൽ നിന്നും മാറിമാറി വിശേഷങ്ങൾ പറയും .എന്റെ കുഞ്ഞു അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ നിങ്ങളാണ് മക്കളെ !)
ആ പറഞ്ഞുവന്നത് മുഴുവനാക്കിയില്ല !
ഈ ഒച്ചയക്കുടമയും എന്നോട് പരിഭവിച്ചു .

'മിസ്സ് മറന്നു അല്ലെ ?'
ഞാൻ സത്യത്തിൽ പരിഭ്രമിച്ചു !മറന്നു എന്ന് പറയാൻ വയ്യ .ഇല്ല എന്ന് പറയാൻ ആളെ മനസ്സിലാകുന്നുമില്ല !
'സോറി മോളെ ..മിസ്സിന് ശബ്ദം മനസ്സിലാകുന്നില്ല !'
പക്ഷെ അവൾ സീരിയസ്സായി സംസാരിക്കുന്നതു എന്തുകൊണ്ടാണ് ഞാൻ തിരിച്ചറിയാൻ വൈകിയതെന്നറിയില്ല ..പ്രായത്തിന്റെ പക്വതയിലുപരി ഞാൻ അവളിൽ നിന്നും അറിഞ്ഞിട്ടുണ്ട് .ചില വൈകാരിക ക്ഷോഭങ്ങളിൽ എന്നെക്കാളുപരി പക്വതയോടെ എന്നെ സംനയിപ്പിച്ചിട്ടുണ്ടവൾ .അവളോട്‌ മാത്രമായി പങ്കുവച്ച ചില നന്മ നിമിഷങ്ങളുമുണ്ടെനിക്ക് .എന്നിട്ടും എനിക്കവളുടെ ശബ്ദത്തെ തിരിച്ചറിയാനായില്ല എന്നതെന്നെ തെല്ലല്ല വിഷമിപ്പിച്ചത് !
'ഞാൻ പൗർണ്ണമി '
'ഒഹ് ..മൈഡിയർ ..! '
എന്നാണാദ്യം വിളിച്ചത് !അങ്ങനെയാണ് തോന്നിയതും .എന്നെ ഒരുപാട് വിളിച്ചുവെന്നും റിങ് ചെയ്താലും ഞാൻ എടുക്കില്ല എന്നും പരാതി പറഞ്ഞു .(അതെന്റെ പഴഞ്ചൻ സാംസങിന്റെ വികൃതിയാണെന്ന് ഞാനവളോട് പറഞ്ഞു അവൾ വിശ്വസിച്ചു കാണില്ല ! സത്യമാണ് .ഇപ്പോഴും അതെ അറുപഴഞ്ചനുമായി ലോഹ്യം പറഞ്ഞിരിക്കുന്ന ഒരു പാവം മിസ്സാണവളുടേതെന്നു അവൾക്കറിയില്ലായിരിക്കാം .അവളും ഫോണും തമ്മിൽ ബന്ധമേതുമില്ലല്ലോ !)

അന്ന് 12 ന്റെ ഫൈനൽ പരീക്ഷ കഴിയുകയായിരുന്നു .എന്റെ വിഷയത്തിൽ അഥവാ ആർട്സിൽ അവളുടെ മൂന്നു പേപ്പറുകളും അവൾക്ക് നന്നായിരുന്നു എന്നും ബാക്കി വിശേഷങ്ങളും പറഞ്ഞു .ഞാൻ സ്‌കൂളിൽനിന്നും പിരിഞ്ഞപ്പോൾ 'മിസ്സിന്റെ മനസ്സിന്റെ സന്തോഷമാണെന്റെ സന്തോഷം .പോകുന്നതിൽ വിഷമമുണ്ട് എങ്കിലും ' എന്ന് എന്നോട് പറഞ്ഞ ഒരേയൊരു കുട്ടിയാണവൾ .ബാക്കിയെല്ലാവർക്കും കുട്ടിത്തത്തിന്റെ സ്നേഹവും പരാതിയും സങ്കടവും മുന്നിട്ടു നിന്നപ്പോൾ എനിക്കീ കുട്ടി ഹൃദയത്തിലൊരു ഒപ്പായിരുന്നു !
ഇന്നിതാ ആർട്സിൽ 90 ശതമാനം മാർക്കുവാങ്ങി ബാക്കി എല്ലാത്തിലും ഉന്നതമായ മാർക്കോടെ അവളെന്നെ വിളിച്ചു .എനിക്കറിയാം മാർക്കല്ലിവിടെ പ്രാധാന്യം .പഠിപ്പിച്ച ഒരു കുഞ്ഞുങ്ങളെയും എന്റെ സ്വന്തം കുഞ്ഞിനേയും ഞാൻ അങ്ങനെയല്ല കാണുന്നത് .അവർ ഓരോരുത്തരും ഓരോ വ്യക്തികളാണ് .നാളെയുടെ പൂക്കളാണ് .നിങ്ങൾ വിടർന്നു പരിലസിക്കുക .അതിൽ ആ നറുമണത്തിൽ ലോകമാകെ നിറഞ്ഞു തുളുമ്പട്ടെ . പൗർണ്ണമീ മോൾക്കും ബാക്കി എല്ലാ കുഞ്ഞുങ്ങൾക്കും ഭാഗ്യം കൂടെയുണ്ടാകട്ടെ .ദിശാബോധത്തോടെ തലയുയർത്തി ധൈര്യമായി ജീവിതത്തെ നേരിടുക .തിരികെ ജീവിതംതരുന്ന മൂല്യങ്ങൾ കളയാതെ സൂക്ഷിക്കുക .ലോകത്തിൽ അടയാളങ്ങൾ ആയിത്തീരുക .സ്നേഹം .നന്മകൾ !

Wednesday, May 10, 2017

ഉലയാത്ത ഉൾത്തടംകൊണ്ട് എന്റെ അമ്മ വരച്ചിട്ട ജീവിതം പോലൊന്ന് എനിക്കൊരിക്കലും വരയ്ക്കാനാകില്ല ..എഴുതാനും .എന്റെ ആദ്യ നോവൽ എന്റെ അമ്മയ്ക്കാണ് ! എന്റെയും ചേച്ചിയുടെയും അമ്മയ്ക്ക് ..ഇഷാന്റെയും അക്ഷതിന്റെയും കനിഷ്‌കയുടെയും അമ്മമ്മയ്ക്ക് ..ഞങ്ങളുടെ അമ്മിണിക്കുട്ടിക്ക് !

Tuesday, May 9, 2017

പിറവി !


ചില സ്വപ്നങ്ങൾ വിരിയിക്കാൻ
ഒരു പൂമ്പാറ്റയുണ്ടാകുന്നതുപോലെ
അത്രതന്നെ സൂക്ഷ്മതവേണം ..

ഏതോ മുള്ളിലകൾക്കും താഴെ
ആരുംകാണാതെ സൂക്ഷിച്ചു
സൂക്ഷിച്ചിരുന്ന് മുട്ടകളിടണം

അത് ഉറുമ്പുതിന്നാതെ കിളികൾ
കാണാതെയൊരു യോഗം
അവർക്കുമുകളിൽ കാവൽവേണം

വിരിഞ്ഞുവരുമ്പോൾ പുളച്ചുതിന്നാൻ
പച്ചിലകളുടെ കൂമ്പാരം വേണം
തിന്നുതിന്നുതിന്നു മടുക്കുമ്പോൾ
കയറിക്കിടക്കാൻ കുംഭകർണ്ണനെ-
പ്പോലുറങ്ങാൻ പ്യൂപ്പപോലൊരു
കൊട്ടാരം കെട്ടണം

അതിനുള്ളിലിരുന്നു ലോകത്തുള്ള
സകല നിറങ്ങളെയും മനമുരുകി
ധ്യാനിച്ചുണർത്തണം

ആ ധ്യാനസ്ഥലികളിൽ ചിറകുകളിൽ
വർണ്ണം വരയ്ക്കാൻ നിയതിതന്നെ
തൂലികയുമായെത്തണം

പിന്നെ ഉള്ളിലെ അടരുകൾ തള്ളിമാറ്റി
വെളിച്ചത്തിന്റെ ആദിരൂപത്തിലേക്ക്
ഇതുവരെ ആരും കാണാത്തൊരു
മായാജാലം പോലെ നിറങ്ങളുടെ
മായികമായ വർണ്ണചിറകുകൾ വിടർത്തി
സ്വപ്നമേ നീ സത്യമായിത്തീരണം !



Thursday, May 4, 2017

വിപ്ലവോന്മുഖ കല എന്നത് രാജ്യത്തിന്റെ പരിവർത്തനമാകുന്നു _അനിത ഉവാച :

Sunday, April 30, 2017

'നിങ്ങൾ ആശാനേയും വള്ളത്തോളിനെയും വായിച്ചിട്ടില്ലേ' എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ അൺഫ്രണ്ട് ചെയ്ത മഹാനുഭാവൻ എന്നോട് തിരിച്ചു പറഞ്ഞത് .'നിങ്ങൾ ആശാനെയും വള്ളത്തോളിനെയും നിങ്ങളോടു താരതമ്യം ചെയ്തത് ബഹുകേമമായിട്ടുണ്ടല്ലോ' എന്നാണ് ! ഞാൻ സാഹിത്യത്തിലെ അവരെയാണ് ഉദ്ദേശിച്ചത് അല്ലാതെ അവരെപ്പോലെ ഉള്ള ഞാൻ എന്നല്ല !!.അവരുടെ കൃതികളിലെ ഭാഷാ ഉപമകളെയും ! എന്നോട് ആരോപണങ്ങൾ ഉന്നയിക്കുന്ന സുഹൃത്തുക്കളോട്, ഞാൻ ആശാനും വള്ളത്തോളും എന്നല്ല ഈ ഭൂമിമലയാളത്തിലെ ഒരു വ്യക്തിയുടെയും പകർപ്പാകാനോ അവരെപ്പോലെ ആകാനോ  ഇഷ്ടപ്പെടുന്നില്ല ! ഏതൊരു മഹോന്നതവ്യക്തിയെയും പോലെ ഏതൊരു സാധാരണക്കാരനെപ്പോലെയും അവനവന്റെ വ്യക്തിത്വത്തിൽ സന്തോഷവാൻ ആകുന്നവനേ  സ്വയം എന്തെങ്കിലും ആയിത്തീരാൻ കഴിയൂ .എനിക്ക് എന്റെ പ്രവർത്തികളിൽ ജീവിതത്തിൽ, ചിത്രരചനയിൽ, എഴുത്തിൽ, ഭാര്യയും, അമ്മയും സഹോദരിയും മകളും എന്ന നിലയിൽ എന്റേതായ നിലപാടുകൾ ഉണ്ട് .ഞാൻ ഇന്നുവരെയും ആരുടേയും കോപ്പി അല്ല .ആകാൻ തെല്ലുപോലും ആഗ്രഹമില്ല .എനിക്ക് ലഭിച്ച നിമിഷങ്ങളെ എങ്ങനെ എന്റെ രീതിയിൽ മുൻപോട്ടുകൊണ്ടുപോകാം എന്ന് ചിന്തിക്കുന്ന വ്യക്തിത്വമാണ് ഞാൻ .എനിക്ക് അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തിൽ വിശ്വാസമില്ല .ധിഷണാബോധത്തിൽ നിന്നും എന്റെ ചിന്തയിൽനിന്നും ഉരുവാക്കപ്പെടുന്ന അച്ചടക്കത്തിലെ വിശ്വാസമുള്ളൂ .മറ്റൊരാളെപ്പോലെ ആക്കിത്തീർക്കാൻ ആരുനോക്കിയാലും നടപ്പില്ല എന്നർത്ഥം !ഒരാളും മറ്റൊരാളെ അച്ചടക്കം പഠിപ്പിക്കാതിരുന്നാൽ തന്നെ ഇവിടെ അച്ചടക്കം ഉണ്ടായിവരും.  എന്നെ ഞാനായിത്തീരാൻ അനുവദിക്കുക .മറ്റൊരാളാവണമെന്ന് ശഠിക്കുന്നവർ ദയവുചെയ്ത് സുഹൃത്തുപട്ടികയിൽ നിന്നും പൊയ്ക്കോളുക .എന്റെ ചിന്തകൾ നിങ്ങളുടേതുമായി സമരസപ്പെടാൻ സാധ്യതയില്ല പക്ഷെ നിങ്ങൾക്കെന്നെ അതിലൂടെ മനസിലാക്കാം .സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ ആയ ആ സുഹൃത്തിനോട് താങ്കളുടെ സിനിമയിലെ മുഴുവൻ ഡയലോഗുകളും നേരായി ചിന്തനീയമായി മുഴുവൻ ജനങ്ങളെയും പ്രബുദ്ധരാക്കിമാറ്റിയ ഒന്നാണോ എന്ന് ഞാൻ ചോദിച്ചില്ല !അതുപോലെ എല്ലാഗാനങ്ങളും ഒന്നിനൊന്നു മികച്ച വരികളാൽ സമ്പുഷ്ടമാണോ എന്നും ! അതിനുമാത്രം വിഡ്ഢിയല്ല ഞാൻ .സ്വന്തം തട്ടകത്തിലെ തെറ്റ് തിരുത്താതെ തെറ്റില്ലാത്തവനെ തെറ്റുകാരാക്കാൻ ആഞ്ഞു ശ്രമിക്കുന്ന ജീവികൾ മനുഷ്യരിൽ മാത്രമേയുള്ളൂ ..കപടവിജ്ഞാനത്തെ സ്വീകരിക്കാൻ എനിക്ക് മനസ്സില്ല .കാലം എന്തെങ്കിലും എനിക്കായി വച്ചിട്ടുണ്ടെങ്കിൽ സമയം കഴിഞ്ഞിട്ടില്ല എങ്കിൽ ഞാൻ എന്നിലൂടെ അതിലെത്തിയിരിക്കും .ചിന്തയുടെ, ധിഷണയുടെ, തുറന്നിട്ട എന്നിലൂടെ മാത്രം !

Thursday, April 20, 2017

വീട്ടിലെ വിഷു എന്നാൽ എനിക്ക് അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള നേർത്ത ദൂര വ്യത്യാസവുമാണ് ..നിറയെ മിന്നാമിനുങ്ങുകളുള്ള സന്ധ്യകളാണ് ..ഒന്നിച്ചിരുന്നുള്ള സ്നേഹ സായന്തനങ്ങളാണ് ..! വയനാടിന് മാത്രം നല്കാനാകുന്ന തണുത്ത പൊതിഞ്ഞു പിടിക്കലുകളാണ് ..

Tuesday, April 18, 2017

എന്റെ ആദ്യ സ്‌കൂളിൽ നിന്നുമുള്ള സ്നേഹാദരങ്ങൾ എഴുത്തുകാരി എന്ന നിലയിൽ കഴിഞ്ഞ ഏപ്രിൽ 8 നു ഹൃദയപൂർവ്വം സ്വീകരിച്ചപ്പോൾ .സ്‌കൂളിന്റെ 36 മത് വാർഷികാഘോഷത്തിൽ വച്ചായിരുന്നു ചടങ്ങ് .എന്റെ അദ്ധ്യാപകനും കൂടിയായിരുന്ന ഇപ്പോൾ പിരിഞ്ഞു പോകുന്ന ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്ററിൽ നിന്നുമാണ് ആദരവ് ഏറ്റുവാങ്ങിയതെന്നതിൽ അഭിമാനിക്കുന്നു . ഞാൻ പഠിക്കുമ്പോൾ കാപ്പിസെറ്റ് ഗവ യുപി സ്‌കൂൾ. ഇപ്പോൾ മുതലിമാരൻ മെമ്മോറിയൽ എച്ച്  എസ് കാപ്പിസെറ്റ് ,പുൽപ്പള്ളി വയനാട് .

Wednesday, April 5, 2017

കാണരുത് ..കേൾക്കരുത് ..മിണ്ടരുത് !!
ശ്..ശ്ശ്..!
ആരാ നമുക്ക് പറഞ്ഞുതന്നത് ???
മൂന്നു കുരങ്ങന്മാർ !!(എന്റെ പിഴ എന്റെ പിഴ എന്റെ വലിയപിഴ ഇതുവരെ ഗാന്ധിജിയാണെന്നോർത്തു :( )
അമ്മയാണെങ്കിലും മിണ്ടരുത് ..!!
അമ്മയുടെ കൊന്നുകളഞ്ഞ മോനാണെങ്കിലും
ഒന്നും ഒരിക്കലും കാണരുത് ..!!!
പോലീസിനെപ്പറ്റിയാണേൽ ..
യ്യോ !! ഒന്നും കേട്ട് പോകരുത് !!!!

Monday, March 27, 2017

കോയിക്കോട് പോവേണു..ങ്ങള് ബരിനിണ്ടാ ?? ന്റെ കെട്ട്യോന്റെ നാടകം 'മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകള് '..നാളെ കൃത്യം ഏഴു മണിക്ക് കോയിക്കോട് യൂണിവേഴ്സിറ്റിലുണ്ട് ..ഹാ ബരീനെന്ന് ..മ്മക്ക് ഒപ്പരം കാണാല്ലോ !

Sunday, March 26, 2017

ഞാൻ!

എന്തിനാണ് ഞാൻ എന്നെ ഇത്ര സ്നേഹിക്കുന്നതെന്നോ ..?
സ്നേഹത്തിന്റെയും തിരസ്കാരത്തിന്റെയും വഴുവഴുക്കലുകൾക്കിപ്പുറം
തെന്നിപ്പോകാത്ത 'ഞാൻ ' എന്ന സ്നേഹം എന്റെ ശരീരത്തിനും അപ്പുറം നിന്നെന്നെ ഒടുങ്ങാത്ത സ്നേഹത്തോടെ പരിചരിക്കുന്നുണ്ട് ! എന്റെ മുറിവുകൾക്കു മുകളിലൂടെ സ്നേഹത്തിന്റെ പട്ടുറുമാൽ പതിയെ തഴുകി നീക്കുന്നുണ്ട് .ഒരു പ്രവാചകനെപ്പോലെ 'നിനക്കാവും എന്തുവേണമെങ്കിലും ' എന്ന് കൂടെക്കൂടെ ആർക്കും കേൾക്കാനാകാത്ത മൃദു മൊഴികളിൽ ഇമ്പത്തിൽ മൊഴിയുന്നുണ്ട് .നിനക്കുള്ളത്ര അഴക് നിനക്കുമാത്രമെന്നെന്നെ ഒരാളുമറിയാതെ ഊറ്റം കൊള്ളിക്കുന്നുണ്ട് .ഒരു പൂവിരിയുമ്പോലെ സന്ധ്യകളും പ്രഭാതങ്ങളും ആരെയും കാണിക്കാതെ വിടർന്നു കൊഴിയുമെന്നും അതിലെവിടെയോ ഒരു നീർക്കണം പോലെ നീ ലയിച്ചില്ലാതെയാകുമെന്നും ഒരാളോടും പറയാനാകാത്ത വിശാലതയിൽ മൗനമായി എന്നിലേക്കിറ്റിച്ചു നൽകുന്നുണ്ട് ! ഞാൻ ഞാൻ എന്ന് എന്നെ ഞാൻ ഓമനത്തത്തോടെ ചേർത്തണയ്ക്കുന്നു, നെറുകയിൽ കണ്ണിൽ കനവിൽ സ്വർഗീയമായ ആനന്ദത്തോടെ ഉമ്മവയ്ക്കുന്നു !

Wednesday, March 22, 2017

എന്ത് രസമാണല്ലേ സ്നേഹത്തിന്റെ ശീതീകരണികൾ ..ഉച്ചവെയിലിലെ മധുരനാരങ്ങകൾ.. കിലുകിലെപ്പൊട്ടിച്ചിരികൾ ..ഉത്തരമില്ലാത്ത പൊട്ടത്തരങ്ങൾ ..വെറുതെയുള്ള അലഞ്ഞുതിരിയലുകൾ ..പ്രായമേറാത്ത ഓർമ്മക്കുറിപ്പുകൾ

Monday, March 20, 2017

നെല്ലിയാമ്പതിയിൽ നിന്നും ഞാൻ കൊണ്ടുപോന്ന ന്റെ സുന്ദരിചെമ്പരത്തി  രാവിലെ വെള്ളമൊഴിക്കുമ്പോൾ  പറഞ്ഞു : 'നീ അമ്പലത്തിപ്പോയി കണ്ണനെ കണ്ടുവാ ഒരു സൂത്രം തരാനുണ്ട്' എന്ന് .മഞ്ഞ നിറത്തിൽ അവളുടെ പൂമൊട്ട് ആലസ്യഭാവത്തിൽ എന്നെയൊന്നു കടക്കണ്ണിട്ടു നോക്കി .ശരിയെന്നും പറഞ്ഞു മോളെ വാനിൽ കയറ്റി പരീക്ഷയ്ക്ക് വിട്ടശേഷം ഞാൻ അമ്പലത്തിലെത്തി. എന്റെ പ്രിയപ്പെട്ടവന്റെ എല്ലാ നാടകങ്ങൾക്കും മുൻപ് ഞാൻ അവിടെത്താറുണ്ട് ഇത്തവണയുമെത്തി. അപ്പോൾ രാവിലെ കുളിച്ചീറനണിഞ്ഞ ഉണ്ണിക്കണ്ണനും ഞങ്ങൾ ഒന്നോ രണ്ടോ പേരും മാത്രം പരസ്പരം നോക്കി നിന്നു .കുസൃതിയുടെ കണ്ണാടിത്തിളക്കത്തോടെ ശൈശവമായ സഹജഭാവത്തോടെ എൻെറ പൊന്നുമോളെപ്പോലെ ഞാൻ അവനെ വെറുതെ നോക്കി നിന്നു .ഞാൻ ഒരിക്കലും ഒന്നും ചോദിക്കാനല്ല പോകാറുള്ളത്. വെറുതെ നിൽക്കുമ്പോൾ എന്നെപ്പൊതിയുന്ന ഏതോ ഒരു ഉൾവിളിയിൽ പ്രകൃതിയുടെ മുഴുവൻ ഊർജ്ജവും പകുത്തുതന്ന് അവനെന്നെ തിരികെ അയക്കും .ഇത്തവണ ക്ഷേത്ര നടയിൽ ഇടയ്ക്ക കൊട്ടിപ്പാടാൻ ഒരു യുവാവും ഉണ്ടായിരുന്നു ."അറിയരുതടിയന് ഗുണവും ദോഷവും ..അരുളുക ശുഭമാർഗ്ഗം .." എന്ന് കരുണാർദ്രമായ ശബ്ദത്തിൽ അയാൾ പാടുമ്പോൾ അവൻ വെറുതെ മണ്ണുവാരിക്കളിച്ചുകൊണ്ടെന്നെ ഒന്ന് നോക്കി .ചിരിയോടെ ഞാൻ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ വണ്ടിയുടെ തൊട്ടുതാഴെ ഒരു മഞ്ചാടിച്ചുവപ്പുണ്ടായിരുന്നു ഞാൻ ചിരിയോടെ അത് പെറുക്കിയെടുക്കുമ്പോൾ എന്റെ മോളുടെ ആവശ്യമോർത്തു : "അമ്മ തിരികെ വരുമ്പോൾ അവിടെ മഞ്ചാടി ഉണ്ടാകും എടുക്കണേ " .വീട്ടിലെത്തി ഗേറ്റ് കടക്കുമ്പോൾ കാണാമായിരുന്നു അവളുടെ, ചെമ്പരത്തിയുടെ സ്നേഹസമ്മാനം ! വലിയ ഇതളുകളിൽ സ്നേഹത്തിന്റെ ചുവപ്പുരാശി തൂകിയ ചിരിയുമായി വിടർന്നു വിലസി നിൽക്കുന്ന അവളുടെ ആദ്യ പുത്രി ! എന്റെ സുന്ദരീ എന്ത് ഭംഗിയാണെന്നോർത്തു ഞാൻ ഇവിടില്ലാത്ത ഒരാളെ നീട്ടി വിളിക്കുന്നു : "ശ്രീ ..ന്റെ ചെമ്പരത്തി പൂത്തല്ലോ, നോക്ക് സുന്ദരി തന്നെ അല്ലെ ? "

Sunday, March 19, 2017

എഴുത്തിലൂടെ എന്റെ കാലഘട്ടം രേഖപ്പെടുത്തണം എന്നാഗ്രഹമുള്ളയാളാണ് ഞാൻ .ഇന്ന് ജീവിതം കൊണ്ടുകൂടി അതാഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു ! എന്റെ കൂടെ നിന്ന സ്നേഹങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .ഇന്നലെ സായന്തനം ധന്യമാക്കിയ 40 ഓളം വരുന്ന ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ളവരുടെ അനുഭവങ്ങളും അറിവുകളും ആഗ്രഹങ്ങളും നമ്മെ ഒന്നിച്ചു മുൻപോട്ടു കൊണ്ടുപോകുവാൻ പ്രാപ്തരാക്കുകയാണ് .ഇതിനായി തുടക്കം മുതൽ എന്റെ കൂടെത്തന്നെ നിന്ന് താങ്ങും തണലുമായ വയലാ സാറിന്റെ ധർമ്മപത്നി വത്സല ടീച്ചർക്കും, ലീഗൽ കാര്യങ്ങളിലും അല്ലാതെയും എനിക്കറിവു പകർന്നുതന്നുകൊണ്ടിരിക്കുന്ന ഏട്ടൻ ആർഷൽ വിശ്വത്തെയും ,സ്‌കൂൾഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളും ആർട്ടിസ്റ്റുകളുമായ ദിവ്യ ഗോപിനാഥിനും ബിനീഷിനും എന്തിനും ഒപ്പമുള്ള വിദ്യ അനൂപിനെയും, ഹൃദയത്തോട് ചേർത്തുപിടിക്കുന്നു .

ഇന്നലെ എത്തിച്ചേർന്ന ഓരോരുത്തരും ഇതിനായി അവരുടെ മുഴുവൻ സഹകരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്നത് എന്നെ അഭിമാനം കൊള്ളിക്കുന്നു .നമ്മൾ തുടങ്ങുന്ന ഈ സംരംഭം ഈ രാജ്യത്തിലെ ആയിരക്കണക്കിന് സംഘടനകളിൽ ഒന്നായിരിക്കാം .അല്ലാതാവാം ,ഏതാണെങ്കിലും നന്മ ചെയ്യുന്ന ഓരോ വ്യക്തികളെയും സംരംഭങ്ങളെയും നമുക്ക് ആദരവോടെ കാണാം .നാം തുടങ്ങിവയ്ക്കുന്നതെന്തോ അത് ആഴത്തിൽ വേരോടണമെന്നു ഞാൻ ആഗ്രഹിക്കുന്നു .ഞാൻ എന്ന വ്യക്തി ഇല്ലാതായാൽപ്പോലും ആശയങ്ങൾ ഇല്ലാതാകുന്നില്ല എന്നും അത് പ്രാവർത്തികമാക്കാൻ നമ്മൾ ഓരോരുത്തരുമുണ്ടെന്നുമുള്ളത് തന്നെയാകണം ഇതിന്റെ മോട്ടിവേഷൻ എന്നും ഞാൻ ആഗ്രഹിക്കുന്നു .വന്ന എല്ലാവരെയും  നന്ദിയോടെ സ്മരിക്കുന്നു .വരാൻ ആഗ്രഹിച്ചവരെയും പിന്തുണ അറിയിച്ചവരെയും എന്തിനു കളിയാക്കിയവരെ പോലും നന്ദിയോടെ ഓർക്കുന്നു .നിങ്ങളാണെന്റെ ഉള്ളുണർത്തിയവർ .."നമ്മളാണ്" ഇത് മുൻപോട്ടു നയിക്കുന്നവർ!  നന്ദി പറയേണ്ടുന്നതല്ലാതെ ഒരാൾ എന്റെ പ്രതിബിംബമാണ്, എന്റെ ഭർത്താവ് അദ്ദേഹമാണെന്റെ ഊർജ്ജം ,ഞാൻ എന്തോ അതാകാൻ ഒപ്പമുള്ള സ്നേഹം,പിന്നെ എന്നെത്തന്നെ ഞാൻ അർപ്പിച്ച ഒരാളുണ്ട് നിശബ്ദയെങ്കിലും എന്റെ ശബ്ദമായവൾ എന്റെ ചേച്ചി സുനിത വിനോദ്  എന്റെ ഉൾക്കരുത്ത് ,എന്റെ സ്വാതന്ത്ര്യം !
-ഒരിക്കൽ കൂടി ഏവർക്കും നന്ദി സ്നേഹം !

Thursday, March 16, 2017

സുഹൃത്തുക്കളെ ,
നമ്മൾ മുൻപോട്ടു വയ്ക്കുന്ന ആശയം
വീടകങ്ങളിൽ നിന്നുമാണ് !
നമ്മൾ മുൻപോട്ടു വയ്ക്കുന്ന ഭാവി
വിദ്യാലയങ്ങളിൽ നിന്നുമാണ് !
നമ്മൾ മുൻപോട്ടു വയ്ക്കുന്ന മാറ്റം
രാജ്യത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നുമാണ് !
നമ്മൾ തേടുന്ന നീതി നടപ്പാക്കേണ്ടത്
നമ്മളിലൂടെയാണ് !
വരൂ പങ്കാളികളാകൂ ..അഭിമാനമുള്ള
അന്തസ്സുള്ള ശരിയായ ജനതതിയെ വാർക്കുന്നതിൽ
നിങ്ങൾക്കുള്ള പങ്ക് സന്തോഷപൂർവ്വം പകരൂ .
19 മാർച്ച് ,ഞായറാഴ്ച , 3 PM
വയലാ കൾച്ചറൽ സെന്റർ, അയ്യന്തോൾ, തൃശ്ശൂർ .
ശ്രമിക്കുകയാണ് സമൂഹത്തെക്കൂടി എന്നിലൂടെക്കാണുവാൻ .അതൊരു തോൽവിയല്ല .ഒരുകാര്യത്തിനായി ആത്മാർഥമായി ശ്രമിച്ചാൽ പ്രകൃതിപോലും കൂടെനിൽക്കുമെന്ന് പൗലോ പറഞ്ഞതുപോലെ ..ഗാന്ധിജി തോറ്റുപോയിരുന്നെങ്കിൽ നമ്മളിപ്പോഴും ചെരുപ്പുകൾ നക്കിത്തുടക്കുന്ന അതേ പാദസേവകർ ആയേനെ .അതുപോലാണോ ഇത് ..!! ബലാത്‌സംഗം ..പീഢനം ..കുട്ടികളുടെ കുഞ്ഞുടലുകൾ കശക്കിയുടച്ചു തൂക്കികൊല്ലുന്നത് !! അല്ലേയല്ല ! എന്ത് രസമുള്ള കാഴ്ചകളാണെന്റെ പെണ്ണുങ്ങളെ ഇതൊക്കെ  ! ടിവി അടയ്ക്കാൻ തോന്നുന്നില്ല !പത്രം കൈയീന്ന് വയ്‌ക്കേണ്ട ..അടുക്കളയുടെ വാതിൽ പോലും ചാരേണ്ട ..നിന്നെ വന്നു ബലമായി അയാൾ കൊന്നുകളയുമ്പോൾ ഹാ..നിനക്കെന്തൊരാനന്ദം ..ഹോ ..എന്തൊരാനന്ദം ! നമുക്ക് പള്ളിയിൽ പോയി മിശിഹാ ചരിതം ചൊല്ലാം ..അമ്പലത്തിലിരുന്ന് ഗീതാഗോവിന്ദം ഉച്ചത്തിൽ വിളിക്കാം (ദൈവമെങ്ങാൻ ഉറങ്ങിപ്പോയാലോ ..)അല്ലേൽ വേണ്ട അഞ്ചുനേരം നിസ്കാരമെന്നതിന്റെ എണ്ണമങ്ങു കൂട്ടാം ..ഈ പീഢനം അങ്ങ് കുറയാതിരിക്കണമേ ..എന്തതിശയമേ ദൈവത്തിൻസ്‌നേഹം എത്ര മനോഹരമേ !!! അപ്പൊ ചങ്ക് ബ്രോസ് ..എന്നെ വിളിച്ചു വരുന്നൂ എന്നുപറഞ്ഞ നിങ്ങളോടു ഞാൻ പറയുന്നു ..അപ്പൊ 19 നു വൈകുന്നേരം 3 മണി .നമ്മൾ കൂടിയിരിക്കും !

Tuesday, March 14, 2017

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ നടക്കുന്ന പീഢനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ നിലവിലുള്ള നിയമവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിലേക്കായി നടത്തുന്ന സംയോജിത കൂട്ടായ്മ രൂപീകരണത്തിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുകയാണ് .ഇതിൽ നമ്മുടെ തീരുമാനമാണ് നമ്മുടെ സ്ത്രീകളുടെ മുൻപോട്ടുള്ള സുരക്ഷയുടെ കാതൽ എന്ന തീരുമാനത്തോടെ നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുകയാണ് .തൃശ്ശൂർ ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്ററിൽ ഈ വരുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3  മണിക്കാണ് നമ്മുടെ കൂട്ടായ്മ നടക്കാൻ പോകുന്നത് .യാതൊരുവിധ പാർട്ടി സ്വാധീനങ്ങളോ വ്യക്തി പ്രസ്ഥാന താത്പര്യങ്ങളോ ഈ കൂട്ടായ്മയ്ക്ക് പിന്നിലില്ല .ഈ ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായിട്ടുള്ള നിയമങ്ങൾ ഇന്ത്യയിൽ നടപ്പിൽ വരുത്തുക എന്നുള്ള നിലപാടുകൾ മാത്രമാണ് ഇതിനു പിന്നിൽ .കർശന നിയമപിന്തുണ ഇല്ലെങ്കിൽ ഒരിക്കലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ,നിർഭയയും ,ജിഷയും ,പാലക്കാടും എന്നുമിവിടെ ആവർത്തിച്ചു കൊണ്ടിരിക്കും .അണിചേരൂ സുഹൃത്തുക്കളെ .ഒന്നായി വരൂ .നിങ്ങളിൽ ഉറപ്പായും എത്തിച്ചേരുന്നവർ ഒന്ന് അറിയിക്കുമല്ലോ .ഇത് തുടർനടപടികളുടെ ഭാഗമായുള്ള ഒരു അന്വേഷണമാണ് ."സപ്പോർട്ട്" എന്ന വാചകമല്ല ചോദിക്കുന്നത് .എത്തിച്ചേരുന്നവരെത്ര എന്ന അന്വേഷണമാണ് .സംഘടിക്കുവിൻ ശക്തരാകുവിൻ .
ഫേസ്ബുക്കിലുള്ള പ്രമുഖ വ്യക്തിത്വങ്ങളോട് ,നിങ്ങളിൽ ആരെയും പ്രത്യേകമായി ഞങ്ങൾ 19 ലെ മീറ്റിംഗ് ലേക്ക് വിളിച്ചിട്ടില്ല .കാരണം ഞാൻ ആദ്യമേ പറഞ്ഞു ഇതിൽ വലിയവനും ചെറിയവനുമില്ല ,പ്രമുഖരും അപ്രമുഖരുമില്ല ,സമ്പന്നരും  ദരിദ്രരുമില്ല എന്ന് .ഇത് മനുഷ്യത്വമുള്ളവരുടെ കൂടിച്ചേരൽ മാത്രമാണെന്നും .കുറ്റവാളികൾക്ക് മുൻപിൽ വേർതിരിവുകളില്ല .അവർക്കു കൈയിൽ തടയുന്ന പീസുകൾ മാത്രമേ ഉള്ളൂ .വെറും മാംസക്കഷ്ണങ്ങൾ .അതിലൊരുപക്ഷേ നിങ്ങൾ ഉൾപ്പെടാം ! നിങ്ങളുടെ കുഞ്ഞുങ്ങൾ,സഹോദരിമാർ ,അമ്മമാർ ..! നിങ്ങൾക്ക് വേദനിക്കുമോ ? എനിക്കറിയില്ല ! അത് തീർച്ചയായും വ്യക്തിയിൽ ആപേക്ഷികമാണ് .നിങ്ങളിതിനെ " ഓ ..അങ്ങനെ പലതും സംഭവിക്കും അതിനിപ്പോൾ നമുക്കെന്താ " എന്ന് കരുതുന്നുവെങ്കിൽ ഓർക്കുക നിങ്ങളും അവരോടൊപ്പമാണ് .മനുഷ്യരോടൊപ്പമല്ല ! ഇതു ഭാരതമൊട്ടാകെ ആളിപ്പടരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു .അതെ "ഞങ്ങൾ " ആഗ്രഹിക്കുന്നു . "നിങ്ങളോ " എന്ന ചോദ്യം വേണമോ ??

Monday, March 13, 2017

ഓ എന്തിനാണ് നിയമം മാറ്റിയെഴുതുന്നത് എന്ന് ചിലർ ചോദിക്കും .നിയമം മാറ്റിയെഴുതാനുള്ള നൂലാമാലകളിൽ പെട്ട് മാറ്റിയെഴുതാൻ പറ്റാതെ ഉറച്ചുപോയി നമ്മുടെ നിയമ നിർമ്മാണം എന്ന് വാദിക്കും .ഞാനൊന്ന് ചോദിക്കട്ടെ ? ആരെഴുതിയതാണ് നിയമം ? അലിഖിതമാണോ ഇത് ? അതായത് ഭൂമിയും സൂര്യനും പ്രപഞ്ചവും പോലെ ഒരുനാൾ എന്നോ ഒരുനാൾ ഉയിർത്തു വന്നവ ??! അല്ലല്ലോ ? ഇത് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ എഴുതപ്പെട്ട ഒന്നല്ലേ ? ഇത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്ന് ഇപ്പോൾ കിറുകൃത്യമായി തെളിയിക്കപ്പെടുകയല്ലേ ? ഇനിയിതിനെന്തു വിലയാണുള്ളത് ? മാറ്റുവിൻ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ പീഢനം നടത്തുന്ന ആരായാലും അർഹിക്കുന്ന ശിക്ഷ ഉടനടി ഉണ്ടാകണം .എന്തുകൊണ്ടാണ് യൂറോപ്പും അറബ് രാജ്യങ്ങളിലും സ്ത്രീ പീഢനങ്ങൾ കുറവാകുന്നത് ? അവിടെ ആർക്കും പീഢിപ്പിക്കാൻ തോന്നുന്നില്ല അല്ലെ ? എന്തുകൊണ്ട് ? അവിടെ നിയമമാണ് മറുപടി പറയുന്നത് ഇതുപോലെ നിലവിളിക്കുന്ന ജനതതി അല്ല ! നിലവിളിക്കുന്നവർക്കു വീണ്ടും വീണ്ടും അതാകാം .ഒത്തൊരുമിക്കാം ജാഥ നയിക്കാം .കലമ്പലുണ്ടാക്കാം .സമരം ചെയ്യാം ..എത്രനാളുകൾ ? ഒരു മാസം ? ഒരുവർഷം ? അതുകഴിഞ്ഞു എല്ലാവരും പാട്ടുപെട്ടിയും മടക്കി വീട്ടിൽ പോകും .എല്ലാ വർഷവും മരിച്ചവരെ ആദരിക്കും പൂക്കളിടും കണ്ണീരൊഴുക്കും ! ആർക്കു പോയി ? പറയൂ ആർക്കെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുമോ മരിച്ചവരുടെ ഉറ്റവർക്കല്ലാതെ ? ഈ നശിച്ച വ്യവസ്ഥിതി മാറണമെങ്കിൽ നിയമം മാറിയേ തീരൂ .എഴുതപ്പെട്ട ഒന്നിനെ വലിച്ചുകീറി ദൂരെക്കളഞ്ഞു മറ്റൊന്ന് അതെ കഠിനമായ മറ്റൊന്ന് എഴുതിച്ചേർക്കണം .നിയമം കണ്ണുമൂടിത്തന്നെയാണ് എടുക്കേണ്ടത് കണ്ണുതുറന്നു കാശുവാങ്ങി ജനങ്ങളെപ്പിഴിഞ്ഞു ..അബലരെ ചൂഷണം ചെയ്തു പേടിപ്പിച്ചു പീഢിപ്പിച്ചല്ല ! ഞാനൊരു സ്ത്രീയാണ് എനിക്ക് സ്ത്രീയായി തന്നെയിരിക്കണം .പുരുഷനെപ്പോലെ ബലം വയ്ക്കുവാൻ കളരിയും കരാട്ടെയും പഠിച്ചു പൊരുതി നേടേണ്ടതല്ല സ്ത്രീത്വം .അത് സ്ത്രീയായി ജന്മനാ ഉള്ള ഒന്നിനെ അതുപോലെ അംഗീകരിക്കലാകണം .എനിക്കും വേണം ഈ പകൽ ഈ രാത്രി ,ഈ ആകാശം .ഈ കടൽ ..ഈ ജീവിതം ! അതിനെ മനോഹരവും ശാന്തവും സൗഹാർദ്ദവുമായ എല്ലാ വശങ്ങളും .എന്തിനാണ് ഞങ്ങൾക്ക് മാത്രം അടച്ച ശരീരം ? അടഞ്ഞ വാതിലുകൾ ? അടച്ചിട്ട ആകാശം ? അടച്ചിട്ട രാത്രികൾ ? അടച്ചിട്ട സന്തോഷങ്ങൾ ? ഒതുക്കിയ ചിരികൾ ? കെട്ടിപ്പൂട്ടിയ ബന്ധങ്ങൾ ? മാറ്റുവിൻ നിയമങ്ങളെ അല്ലെങ്കിൽ ഞങ്ങൾ മാറ്റുവാനായി വരികയാണ് .അതെ വരികയാണ് !

ഭാരതം എന്തുകൊണ്ടാണതിന്റെ മനോഹര മുഖം വെളിപ്പെടുത്താതെ ചീഞ്ഞഴുകുന്നത് ? എന്തുകൊണ്ടാണ് നമ്മുടെ റോഡരികുകൾ മൂത്രവും തുപ്പലും വിസർജ്ജ്യവും കൊണ്ടളിഞ്ഞു നാറുന്നത് ?എന്തുകൊണ്ടാണ് നമ്മുടെ തെളിനീരുറവകളുടെ കേദാരമായ നദികൾ ചീഞ്ഞൊഴുകുന്നത് ? അവ വറ്റി നശിച്ചു മഴയില്ലാ മരുഭൂമിയാകുന്നത് ? നിയമം കർക്കശമാകുന്നില്ല അതുകൊണ്ടുതന്നെ .നദിയിലേക്കു തള്ളാൻ മാലിന്യങ്ങൾ നിങ്ങൾ ഒരുക്കുന്നതിന് കാരണം ഇവിടുള്ള കരുത്തില്ലാത്ത നിയമവ്യവസ്ഥിതിയാണ് .എന്നിട്ട് പറയും സ്വച്ഛന്ദ ഭാരതം എന്ന് ! വേണ്ടാത്ത നിയമങ്ങളെ അള്ളിപ്പിടിക്കുന്നവർ അവിടിരിക്കട്ടെ കൂട്ടുകാരെ സിരകളിൽ ഭാരതത്തിന്റെ കരുത്തുറ്റ രക്തം പതയുന്നവരെ ഇത് നിങ്ങൾക്കുള്ള വിളിയാണ് ..കടന്നു വരിക .ഒന്നിച്ചു നിൽക്കാം പറയാം : "മാറ്റുവിൻ നിയമങ്ങളെ ..അല്ലെങ്കിൽ മാറ്റുന്നത് ഭാരതത്തെ ,നമ്മുടെ മതേതരത്വത്തെ ..ജനാധിപത്യത്തെ ..മനുഷ്യത്വത്തെ !" വരൂ ഈ മാർച്ച് 19 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്റർ അയ്യന്തോൾ തൃശ്ശൂരിലേയ്ക്ക് .നമുക്കവിടെ ഒന്നിച്ചുകൂടി മുന്പോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം .സു സ്വാഗതം !
സുഹൃത്തുക്കളെ സ്നേഹിതരെ സ്ത്രീകളെയും കുട്ടികളെയും അതിഭീകരമായി പീഢിപ്പിക്കുകയും,തട്ടിക്കൊണ്ടു പോവുകയും ബലാത്‌സംഗം ചെയ്തു കൊന്നുകളയുകയും ചെയ്യുന്നതിനെതിരെയുള്ള നിയമം അതി കർശനമായി മാറ്റിയെഴുതുന്നതിലേക്കായി നാം ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി (ഇവിടെ കേരളത്തിൽ മാത്രമിതു മാറ്റിയെഴുതാനല്ല ആവശ്യപ്പെടുന്നത് ഭാരതമൊട്ടാകെയാണ് ) ഒരു തീപ്പൊരിയിൽ നിന്നും പടർന്നുകയറുന്ന കാട്ടുതീയാകാൻ താത്പര്യമുള്ള അഭിമാനമുള്ള ചങ്കൂറ്റമുള്ള ഓരോ വ്യക്തിയെയും അതിനുള്ള ആദ്യപടിയായ മീറ്റിങ്ങിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ് .ഇവിടെ നമ്മൾ  ഓരോരുത്തർക്കും നമ്മുടേതായ ആത്മാഭിമാനമുണ്ട് അതാണ് നമ്മൾ മുൻപോട്ടു വയ്ക്കുന്ന മുദ്രാവാക്യം .അല്ലാതെ ഇതൊരു ഫെമിനിസ്റ്റ് പ്രസ്ഥാനമോ പ്രവർത്തനമോ അല്ല .യാതൊരു പാർട്ടി അജണ്ടകളുമില്ല .ജാതിയോ മതമോ വർഗ്ഗമോ ലിംഗമോ പ്രസ്ഥാനമോ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നില്ല .ഞങ്ങൾ മനുഷ്യരാണ് ഏതൊരു മനുഷ്യനും വേണ്ട സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ സ്വന്തം നാട്ടിൽ വീട്ടിൽ സമൂഹത്തിൽ കഴിയാനുള്ള അവസ്ഥ സംജാതമാക്കുവാനുള്ള ഒന്നിച്ചുള്ള മനുഷ്യത്വ പ്രവർത്തനം മാത്രമാണിത് .ഇതിലേക്കായി നിങ്ങൾ താത്പര്യപ്പെടുന്നുവെങ്കിൽ ഈ വരുന്ന ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ,തൃശ്ശൂർ അയ്യന്തോളിലുള്ള വയലാ കൾച്ചറൽ സെന്ററിൽ എത്തിച്ചേരുക .അവിടെ വച്ച് നടക്കുന്ന ലളിതമായൊരു ഒത്തുകൂടലിൽ നാം പരസ്പരം അറിയുകയും നമ്മുടെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതും ആയിരിക്കും .നിങ്ങളുടെ തീരുമാനമാണ് നമ്മുടെ തീരുമാനമായി വളരുന്നത്. അതാണ് നമ്മുടെ ഭാവിയെ മാറ്റിയെഴുതുന്നതും .ഇവിടെ വലിയവനും ചെറിയവനുമില്ല .ദരിദ്രനും സമ്പന്നനുമില്ല .നമ്മൾ മനുഷ്യർ മാത്രമാണുള്ളത് .വരിക സഹകരിക്കുക നമുക്ക് തരികയില്ലെങ്കിൽ പോരാടി നേടിയെടുക്കേണ്ടതുണ്ട് നമ്മുടെ സുരക്ഷ സ്വാതന്ത്ര്യം ആത്മാഭിമാനം ! ( ദയവായി വാക്കുകൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക നമ്മൾ ഒന്നാണെന്ന് തിരിച്ചറിയുക )

Saturday, March 11, 2017

ജീവിതത്തിൽ കിട്ടിയതിൽ വച്ചേറ്റവും സുന്ദരമായ പിറന്നാൾ സമ്മാനമാണ് എനിക്കിത് ! എന്റെ ആറുവയസ്സുകാരി അവളെക്കൊണ്ട് പറ്റുന്നതിൽ വച്ചേറ്റവും ഹൃദ്യമായി തന്ന സമ്മാനം .ഇരുപുറവും വരച്ച ചിത്രങ്ങൾ ! അവളുടെ പപ്പയ്ക്ക് മൊമെന്റോ കിട്ടിയ പെട്ടി എടുത്ത് അതിൽ രണ്ടു റോസാപ്പൂക്കൾ സംഘടിപ്പിച്ചു വച്ച് അതിൽ ഈ ചിത്രങ്ങളും വച്ച് ഇന്ന് രാവിലെയാകാൻ കാത്തിരിക്കാൻ വയ്യാതെ ഇന്നലെ രാത്രിയിലേ കൈയ്യിൽ തന്നു .എന്നിട്ടൊരു പറച്ചിൽ : "'അമ്മ ഇപ്പൊ കണ്ടോ പക്ഷെ രാവിലെ വിചാരിക്കണം ഇത് കണ്ടിട്ടേയില്ല ഇപ്പോഴാണ് കാണുന്നതെന്ന് " എന്ന് ! പൊട്ടിച്ചിരിച്ചുപോയ എനിക്ക് അതില്പരം എന്ത് സന്തോഷം കിട്ടാൻ !! പപ്പ അടുത്തില്ലാത്തതിന്റെ വിഷമം ഒന്നും വേണ്ട എന്ന് ഒരുപദേശവും .പാപ്പയ്ക്കിന്നു വയനാട്ടിൽ ഒരു കോളേജിൽ സെമിനാർ ആണ് .അമ്മയ്ക്ക് പകരം അമ്മമ്മയെ കാണട്ടെ എന്ന് ഞാനും പറഞ്ഞു ..കുംഭമാസത്തിലെ 28 നു പൂരം പിറന്ന പെണ്ണാണ് ഞാൻ .അന്നൊരു പൗർണ്ണമി ..ഇന്നുമൊരു പൗർണ്ണമി ..ജനനങ്ങൾ അത്ഭുതങ്ങളാണല്ലേ !!?


Thursday, March 9, 2017

ഒരു സാധാരണ വിവാഹ നിശ്ചയം എന്നതിൽക്കവിഞ്ഞു നിങ്ങൾ നൽകുന്ന ഓരോ ആശംസകളും ഓരോ സർകാസങ്ങളാണ് ! ആപത്ഘട്ടങ്ങളിൽ കൂടെനിന്നും ഓടിപ്പോകുന്ന ഭീരുവായ മനുഷ്യന്റെ സർകാസങ്ങൾ ! നട്ടെല്ലുള്ള ഒരുവനും ഒരുവളും ഒന്നിച്ചിരുന്നാൽ അതൊരു കേവലമായ ഒന്നിച്ചുചേരൽ മാത്രമേ ആകുന്നുള്ളൂ .അതിലെന്തു പ്രത്യേകത ! ആശംസിക്കണോ ? 'മംഗളാശംസകൾ 'എന്ന് സ്നേഹപൂർവ്വം ആശംസിക്കുക ! മറിച്ച് "ധീരനായ പുരുഷൻ ..അഭിവന്ദ്യനായ മഹാൻ ! ആദരപൂർവ്വം നിന്നെ നമിക്കട്ടെ ..എനിക്കഭിമാനം കൊണ്ട് ഇക്കിളി വരുന്നു .."എന്നെല്ലാം കേൾക്കുമ്പോൾ സത്യത്തിൽ ആ ചെറുക്കനിറങ്ങിയോടിപ്പോകും ! അയാൾക്ക് സ്വയം തോന്നിപ്പോകും അയാളെന്തോ മഹത്തായ കാര്യമാണ് ചെയ്യുന്നതെന്ന് ! അതിനവൾക്കെന്താണ് സംഭവിച്ചത് !!? ഡെറ്റോളിട്ടു കഴുകിയാൽ പോകാത്ത കാര്യമല്ല ഇതൊന്നും എന്ന് പണ്ടേ മാധവിക്കുട്ടി പറഞ്ഞതാരും മറക്കേണ്ട .ഈ മനുഷ്യന്മാർക്കു ചിന്താശേഷി കൊടുത്ത ആ അദ്ദേഹത്തെ കിട്ടിയാൽ ആ കാലുപിടിച്ചു പറയാമായിരുന്നു : "വേണ്ട പ്രഭോ അതങ്ങു തിരിച്ചെടുത്തു മൃഗമാക്കൂ " എന്ന് !

Wednesday, March 8, 2017

kiss of love നടത്തുകയോ ഇല്ലാതിരിക്കുകയോ ആവാം പക്ഷെ ഇവിടെ നടക്കുന്ന കൊടിയ ക്രൂരതകൾക്കുവേണ്ടി നിങ്ങൾ ഒരു പ്രതിക്ഷേധക്കൂട്ടായ്മയും നടത്താതെ ചുംബിച്ചു പ്രതിക്ഷേധിക്കുമ്പോൾ  ഉള്ള അശ്ലീലത്തെ എനിക്ക് സഹിക്കാനാവുന്നില്ല .പരസ്യമായ ചുംബനം നൈസർഗീഗമായി നടത്തുന്ന ഒരു സംസ്കാരത്തിലേക്ക് കടന്നു വരുത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട് .അണമുട്ടി നിൽക്കുന്ന മനുഷ്യവികാരങ്ങളെ തടഞ്ഞു നിർത്തുന്ന കേരളീയ സാഹചര്യങ്ങളിൽ ഇത് വിലപ്പോവുകയില്ല .ഇവിടുള്ള വളർന്നുവരുന്ന തലമുറയ്ക്ക് വേണ്ടുന്ന ലൈംഗിക വിദ്യാഭ്യാസവും അവരുടെ തൃഷ്ണയെ അടക്കുവാനുള്ള സാഹചര്യങ്ങളായ വിവാഹം ,ഇഷ്ടമുള്ളവരുടെ കൂടെയുള്ള ജീവിതം തുടങ്ങി മനുഷ്യവികാര ശമന പ്രക്രിയകൾക്കു മുൻ‌തൂക്കം നൽകണം. അപ്പോൾ തന്നെ മനുഷ്യന് എതിർലിംഗത്തോടുള്ള അമിതമായ ഭോഗാസക്തി ശമിക്കുകയും പീഢനങ്ങൾ കുറയുകയും സദാചാര പൊലീസിന്റെ ആവശ്യം ഇല്ലാതാവുകയും ചെയ്യും .മറിച്ച് കുറേപേർ ചുംബിക്കുന്നു ..കുറേപ്പേർ അടിച്ചോടിക്കുന്നു, പോലീസ് കൂടെയോടുന്നു ,വീഴുന്നു തള്ളുന്നു കൊല്ലുന്നു മാധ്യമങ്ങൾ ചൂടപ്പമാകുന്നു .ആക്ടിവിസ്റ്റുകൾ മാറിമാറിച്ചുംബിക്കുന്നു! എന്നിട്ടെന്തു സംഭവിക്കും ?? വീണ്ടും വീണ്ടും ഒന്നിച്ചിരിക്കുന്ന പ്രണയികൾക്കു മേൽ സദാചാരത്തിന്റെ വാൾ തൂങ്ങി നിൽക്കും  ! അവർക്കുമേൽ ശിവസേന ഓടിക്കേറുന്നു  പോലീസ് ചാടിക്കേറുന്നു വീട്ടുകാർ അടച്ചുവെക്കുന്നു .കുട്ടികൾ ഓടിപ്പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു ! സഹതപിക്കാതെ എന്ത് ചെയ്യും!

 പ്രണയം മനുഷ്യവികാരങ്ങളിൽ ഏറ്റവും ഉദാത്തവും ജൈവീകവുമാണ് നിങ്ങളുടെ കുട്ടികൾ പ്രണയിക്കുവാനുള്ള ത്വര ഇല്ലാത്തവരല്ല ആണെങ്കിൽ അവർക്കു കാര്യമായ പ്രശ്നങ്ങളുണ്ട് എന്ന് നാമോരോത്തരും മനസ്സിലാക്കുക .ശരീരത്തിന്റെ ഉന്മാദവിളികളിൽ മുങ്ങിപ്പോകുവാൻ അവരെ അനുവദിക്കുക എന്നത് ,വ്യക്തികളുടെയും കുടുംബങ്ങളുടെയും ഒക്കെ നാനാതരം കടുംകെട്ടുകളിൽ ചുറ്റപ്പെട്ട ഒന്നാണ് (നമ്മുടെ സദാചാര പരിധികൾക്കുള്ളിൽ !) പറ്റുമെങ്കിൽ സകലരും ഒന്നിച്ചു കൂടി എല്ലാ ജില്ലയിലും ഒന്നിച്ച് ഒരേ സമയം ഈ കാടൻ വെറിപിടിച്ച ലൈംഗിക അതിക്രമങ്ങളിൽ പെട്ടുപോയവർക്കായി വൻ പ്രതിക്ഷേധ മാർച്ചുകൾ ഉയരട്ടെ .എല്ലാ നിയമപ്രസ്ഥാനങ്ങളും സ്തംഭിപ്പിക്കണം ആകുമോ ? ഇവിടെ തൃശ്ശൂരിൽ ഞാനുമുണ്ടാകും. നിങ്ങള്ക്ക് ചങ്കുറപ്പുണ്ടെങ്കിൽ അതുപോലൊന്നു ചെയ്യിൻ കൂട്ടരേ ..! എവിടേ? ചുംബനം പോലല്ലോ മാധവാ ഇപ്പറഞ്ഞതൊന്നും ! 

Tuesday, March 7, 2017

ലോക പീഢിത ദിനാശംസകൾ ! ( പുച്ഛം മേമ്പൊടി )
എല്ലാ പീഢിതകൾക്കും പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും വേണ്ടി എഴുതുന്നത് !
ജനങ്ങളുടെ കോടാനുകോടി വനിതകളുടെ കൂടി വോട്ടുവാങ്ങി ഭരണത്തിലേറിയതും ഭരണത്തിൽ നിന്നിറങ്ങിയതുമായ ഓരോ കഴുതകളോടും (ഇതിൽ പാർട്ടിയിലെ വേർതിരിവില്ല . ജനാതിപത്യ വിശ്വാസം എന്ന ഒന്ന് മാത്രം ) അതെ പരസ്യമായി വിളിക്കുകയാണ്' കഴുതകൾ' എന്ന് കാരണം മൃഗങ്ങൾക്കറിയില്ലല്ലോ ജനാതിപത്യ വ്യവസ്ഥിതിയെപ്പറ്റി. അവർ ഒന്നുകിൽ സ്വയം മുൻപോട്ടു പിറകോട്ടോ പോകും .തിന്നും ഉറങ്ങും ജീവിക്കും .നിങ്ങളും അവരും തമ്മിലെന്താണ് വ്യത്യാസം?സ്ത്രീ ഭരണാധികാരികളോടും കൂടിയാണ് .?? നമ്മുടെ കുഞ്ഞുങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു .നമ്മുടെ സ്ത്രീകൾ കുടഞ്ഞെറിയപ്പെടുന്നു ! എവിടെയാണ് നീതി ? നിയമം ? നിങ്ങൾ പറയുന്ന ഈ നശിച്ച വ്യവസ്ഥ എന്നെ മാറേണ്ട കാലം കഴിഞ്ഞു .പ്രതികളെ കണ്ടെത്തണമെങ്കിൽ നാലുമാസം .കോടതിയിൽ പന്ത്രണ്ടു വർഷം .സുഖവാസ ജയിലിൽ അഞ്ചു വർഷം .ജീവിതം സുഭിക്ഷം സുരഭിലം ! നാണമില്ലേ ഭരണകൂടമേ ?
സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങരുത് .സ്ത്രീകൾ കണ്ണുപോലും പുറത്തുകാട്ടാത്ത ബുർഖകൾ മാത്രം ധരിക്കുക .പിഞ്ചു കുഞ്ഞുങ്ങൾ മുതലിങ്ങോട്ട് പടു വൃദ്ധകൾ വരെ കരാട്ടെ കളരി കുങ്ഫു തുടങ്ങി അവർക്കു വേണ്ടാത്തതും അവരുടെ മനസ്സും ശരീരവും പ്രതികരിക്കാത്തതുമായ സകല കുണ്ടാമണ്ടികളും പഠിച്ചു വാളും പരിചയും തോക്കും തൊങ്ങലുമായി ജീവിതം തുടരുക !അല്ലാതെ ഈ നശിച്ച വ്യവസ്ഥിതിയെയോ പുരുഷനെയോ അല്ല മാറ്റേണ്ടത്!! (വീണ്ടും പരമ പുച്ഛം രേഖപ്പെടുത്തുന്നു ) ഞങ്ങൾ ഇനി എന്തൊക്കെ പഠിക്കണം?? ശരീരം ഇരുമ്പു കവചത്താൽ മൂടി ,യോനി പൂട്ടി ലോക്ക് ചെയ്തു ,മാറിടം കരിച്ചുകളഞ്ഞു ജീവിക്കാം എന്താ ?? എന്നാലും പുരുഷന്റെ  പേ പിടിച്ച വികാരങ്ങൾ എവിടെക്കൊണ്ടു കളയും ?

 ഭരണകൂടമേ ,ഉടുതുണി പറിച്ചെറിഞ്ഞു റേപ് മീ എന്നലറി പ്രതികരിച്ച അമ്മമാരുണ്ട് നമ്മുടെ ഇന്ത്യയിൽ .മുലക്കരം കൊണ്ട് പൊറുതിമുട്ടിയപ്പോൾ മുല മുറിച്ചെറിഞ്ഞു പൊട്ടിത്തകർന്നവർ ഉണ്ടിവിടെ ? നിങ്ങൾ എന്താണ് വിചാരിക്കുന്നത്? അവർക്കു നാണവും മാനവും വേദനയും ഇല്ലയെന്നോ ?! നിങ്ങൾ ഇനി ഈ നാട്ടിൽ എന്ത് നിയമം ആണ് നടത്തുന്നത് ? നിങൾ എത്രയോ കോടി ജനപ്രതിനിധികളാണ് കമാ എന്നൊരക്ഷരം ഉരിയാടാതെ ഇത് കണ്ടു കെട്ടും സായൂജ്യമടഞ്ഞു ജീവിക്കുന്നത് ? നിങ്ങൾക്കെന്തിനാണ് പാർട്ടി ?പോയി മരിച്ചുകൂടെ നേതാക്കന്മാരെ ! ഒരു നൂറായിരം പാർട്ടികൾ .നൂറായിരം നിയമങ്ങൾ ..ഭരിക്കുന്നവർ, ഭരിക്കാത്തവർ ..എന്തിനാണിവരെല്ലാം ? സ്ത്രീകളെ നിങ്ങൾ വോട്ടു ചെയ്യാതിരിക്കുക. നമുക്ക് ജനാതിപത്യം വേണ്ടിനിമേൽ .ഞങ്ങൾക്ക് ജീവിക്കണം ഇവിടെത്തന്നെ അന്തസ്സായി അഭിമാനത്തോടെ ഏതൊരു പുരുഷനും ലഭിക്കുന്ന അതെ സ്വാതന്ത്ര്യത്തോടെ .കളരിയും കരാട്ടെയും പഠിക്കാതെ ഒരു സാധരണ പൗരനായി .നിങ്ങൾ മറുപടി പറഞ്ഞെ തീരൂ .ഈ ലോക വനിതാ ദിനത്തിൽ അന്തസ്സുള്ള ഒരു വ്യക്തി സ്ത്രീ ഭാര്യ അമ്മ എന്ന നിലയിൽ എന്റെ എന്നെപ്പോലെയുള്ള നൂറുകണക്കിന് സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ ആവശ്യമാണിത് .നിങ്ങൾ മറുപടി പറഞ്ഞെ തീരൂ .നിങ്ങൾ അപരനോടല്ലേ പറഞ്ഞത് എന്നോടല്ലലോ എന്ന് കൈ കഴുകരുത് .നിങ്ങൾ ഒന്നിച്ചു നിന്നാൽ മാറാത്ത നിയമമില്ല .മാറ്റുവിൻ ചട്ടങ്ങളെ ,അല്ലെങ്കിൽ മാറ്റുവതതിനി നിങ്ങളെ മേൽ ! (എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടു വരാൻ പോകുന്ന ഓരോ നേതാക്കന്മാരോടും ഞാൻ പറയും താനും ഒരു ക്രിമിനൽ ആണെന്ന് കാര്യങ്ങളെ നിസ്സാരമായി കാണുന്ന വെറും ആറാംകിട കുറ്റവാളി എന്ന് .അതുതന്നെ !)

Monday, March 6, 2017

അഞ്ചു വയസ്സുകാരിക്ക് മഞ്ചു വാങ്ങിക്കൊടുത്തു കാമിക്കുന്നു ! പതിനൊന്നും പത്തും വയസ്സുള്ള കുഞ്ഞുങ്ങളെ കാമിച്ചു പ്രാപിച്ചു കെട്ടിത്തൂക്കുന്നു ! പത്തും പന്ത്രണ്ടും പ്രായമായ ഏഴോളം അനാഥ ജന്മങ്ങളെ ഒരു വർഷത്തോളമായി പീഢിപ്പിക്കുന്നു !! ഇത്രയും ലൈംഗിക അരാജകത നിറഞ്ഞ ഒരു നാട്ടിൽനിന്നും  എന്താണിനി ഒരു സ്ത്രീക്ക് പ്രതീക്ഷിക്കുവാനുള്ളത് ? ഞങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം ..?ചന്ദ്രനിലേക്കയക്കണോ?!! അതോ ചൊവ്വയിൽ ?വ്യാഴത്തിൽ ??യുറാനസ്സിൽ ???? അല്ലെങ്കിൽ വേണ്ട ഈ പീഡിപ്പിക്കുന്ന എല്ലാവരെയും കൂട്ടി ഒരു സ്‌കൂള് തുടങ്ങാം ബാക്കിയുള്ളവർക്കും കൂടി എങ്ങനെ പീഡിപ്പിക്കാൻ പഠിപ്പിക്കാം എന്ന് എന്താ ?? ഇവിടെ അതി കർശനമായ നിയമം സർക്കാർ കൊണ്ടുവന്നേ മതിയാകൂ ..ഈ ആരുമില്ലാത്ത അനാഥ ജന്മങ്ങൾക്കു ആരും ചോദിക്കാനില്ലെന്ന വഷളൻ ചിന്താഗതി മാറ്റിയേ തീരൂ ..എന്താണിത് ഭ്രാന്തു പിടിക്കുന്നു !

Thursday, March 2, 2017

എന്റെ കുഞ്ഞിന് അഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു ! ഒരു മഞ്ചു വാങ്ങിക്കൊടുത്താൽ സന്തോഷത്തോടെ കൈനീട്ടി വാങ്ങുന്ന പിഞ്ചു കുഞ്ഞുതന്നെയാണവൾ .അവളുടെ ആ നിഷ്കളങ്കതയിൽ സന്തോഷിക്കുന്നവൻ /വർ മാത്രം മഞ്ചും കൊണ്ട് വന്നാ മതി .അല്ലെങ്കിൽ മഞ്ചലിൽ തിരിച്ചു പോകേണ്ടി വരും എന്നന്നേയ്ക്കുമായി ! 

Wednesday, March 1, 2017

ഞാൻ പറഞ്ഞുവന്നത് ദളിതർക്കു ലഭിക്കുന്ന സംവരണമോ ആനുകൂല്യങ്ങളോ ഒഴിവാക്കാനല്ല .ദളിതർ എന്ന് ആക്ഷേപത്തോടെ പറയുന്ന വ്യവസ്ഥിതിയെ ഭാവിയിലെങ്കിലും ഉന്മൂലനം ചെയ്യുക അതിനു പകരം മനുഷ്യർ എന്നുള്ള ലളിത സമവാക്യത്തിലേയ്ക്ക് കൊണ്ടുവരാനുള്ള നമ്മുടെ സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്തത്തിലേക്കാണ് .അതൊട്ടും എളുപ്പമല്ല എന്നും ഞാൻ പറഞ്ഞു കഴിഞ്ഞു .കാരണം നൂറ്റാണ്ടുകളായി നമ്മൾ അടിച്ചേല്പിക്കപ്പെട്ട സന്തോഷപൂർവ്വവും നിരാകരിച്ചും സഹതപിച്ചും അടിമത്തത്തോടുകൂടിയും ഏറ്റെടുത്ത മതം എന്ന വിഷത്തെ എളുപ്പം ശരീരത്തിൽ നിന്നും നീക്കുവാൻ സാധ്യമല്ല .ഈ എഴുതുന്ന ഞാൻ ഉൾപ്പടെ അങ്ങനെ തന്നെയാണ് പക്ഷെ ,നമുക്ക് സാധ്യമാകുന്ന ചിലതുണ്ട് അന്യനോട് ഏതാ നിന്റെ മതം എന്ന അടിസ്ഥാന ചോദ്യത്തെ ഒഴിവാക്കാം .മതത്തിനപ്പുറം അവരിലെ  നന്മയെ അളക്കാം .അതിലൂടെ അവരുടെ  ചങ്ങാതിയാകാം എന്നിങ്ങനെ വളരെ ലളിതമായ എന്നാൽ ശ്കതമായ മാറ്റങ്ങൾ .കുട്ടികളെയാണിത് പഠിപ്പിക്കേണ്ടത് .മുതിർന്നവർക്ക് അത് സാധ്യമല്ല കാരണം അവർ പഠിച്ചതേ പാടൂ .നമ്മുടെ കേരളത്തിൽ തന്നെ 400 മാണ്ടിൽ നിലനിന്നിരുന്ന ബുദ്ധമതത്തെ അടിച്ചൊതുക്കി പാടെ നശിപ്പിച്ചശേഷമാണ് ബ്രാഹ്മണ്യം നിലവിൽ വന്നതെന്ന് ഞാൻ മനസിലാക്കുന്നു .കേവലം ഒരു പുസ്തകത്തിൽ നിന്നോ അറിവിൽനിന്നോ അല്ല അനേകമനേകം തെളിവിൽക്കൂടിയാണ് കാലമതിനെ തിരിച്ചുതരുന്നത് .മഹത്തായ ആ പാരമ്പര്യത്തെ പിഴുതെറിഞ്ഞു മറ്റൊന്നിനെ പ്രതിഷ്ഠിച്ച ശേഷം വരേണ്യരെന്നും ശൂദ്രരെന്നും തരാം തിരിച്ചു നമുക്ക് അഭിമാനിക്കുകയും നിലവിളിക്കുകയും ആകാമെങ്കിൽ ഇനിയൊരു നാനൂറു വർഷത്തിനപ്പുറമെങ്കിലും എന്തുകൊണ്ട് മതം / ജാതി എന്ന വിഷത്തിനെ നമുക്ക് ഉന്മൂലനം ചെയ്തുകൂടാ??

Tuesday, February 28, 2017

ദളിതരെ ദളിതരേ എന്ന് വിളിച്ചുകൂവിയാൽ ദളിതർക്കെന്തെങ്കിലും കിട്ടുമെന്ന് വിചാരിക്കുന്നവരോട് !! ഈ ദളിതർ ദളിതർ എന്ന് ഉള്ള വിളിയേ ഉപേക്ഷിച്ചിട്ട് ദളിതർ എന്നുള്ള സംവരണ പട്ടികയും ഉപേക്ഷിച്ചിട്ട് ജാതിയും ജാതകവും ഉപേക്ഷിച്ചിട്ട് ഒരൊറ്റ മനുഷ്യകുലത്തിനു കീഴിൽ മനുഷ്യരെ വെറും ആണും പെണ്ണും എന്നുള്ളവരാക്കാൻ ഉള്ള ചങ്കുറപ്പുള്ള 'ശരിയായ മനുഷ്യരെ ' നിങ്ങളോട് !!അതിൽ നിങ്ങൾ ജനിച്ച ഉന്നതകുലം താഴ്ന്ന കുലം മധ്യകുലം എന്നിങ്ങനെ ഒന്നും വേണ്ട വെറും മനുഷ്യകുലം മതി എന്ന് തീരുമാനിക്കാൻ ധൈര്യമുള്ളവരെ , തീക്കൊള്ളി പോലെ കത്തിനിൽക്കുന്ന കൊച്ചുപ്രായത്തിലെ കുട്ടികളേ , മക്കളെ വിപ്ലവം എന്നുള്ളത് ദളിതരെ ദളിതരെ എന്നുള്ള നിലവിളിയല്ല ദളിതരിൽ ഒരാളാകാനുള്ള ചങ്കുറപ്പുമല്ല മറിച്ച് ദളിതർ എന്ന വാക്കേ ഉച്ഛരിക്കാതെ ഈ സാമൂഹിക വ്യവസ്ഥിതിയെ പടിപടിയായി മാറ്റിയെടുത്തു മതത്തെയും ജാതിയെയും ജാതകത്തെയും പള്ളിയെയും പട്ടത്തെയും ഉപരി മനുഷ്യനായി ജീവിക്കാനുള്ള ഉൾക്കരുത്ത് നിങ്ങൾ കാണിക്കണം .ഇഷ്ടമുള്ള പെൺകുട്ടിയെ /ആൺകുട്ടിയെ ജാതിയോ മതമോ നോക്കാതെ പണമോ പദവിയോ നോക്കാതെ കൈപിടിക്കാൻ കഴിയണം .സമൂഹത്തിന്റെ ചലനങ്ങൾക്കൊത്തു ദളിത് വിപ്ലവങ്ങൾ സൃഷ്ടിക്കുമ്പോൾ "ദളിതർ " എന്നുള്ള ഒരു ജനവിഭാഗത്തിന് കൂടുതൽ കൂടുതൽ ഊന്നൽ കിട്ടുകയും അവർ അതായി എന്നത്തേയ്ക്കുമായി മുദ്ര കുത്തപ്പെടുകയുമാണ് ഇന്ന് ചെയ്യുന്നത് .മറിച്ച് സവർണ്ണർ ദളിതർ എന്നുള്ള ഒരു വീതംവയ്പ്പില്ലാതെ കാര്യങ്ങളെ നോക്കിക്കാണാൻ പഠിച്ചാൽ സഹജീവി എന്നുള്ള വികാരത്തിന് മുൻ‌തൂക്കം ലഭിക്കുകയും ക്രമേണ അതെ ഈ "ക്രമേണ " എന്ന വാക്കിനു വലിയ അർത്ഥമുണ്ടിവിടെ .ഒരു സുപ്രഭാതത്തിൽ ദളിതർ എന്ന് മുദ്രകുത്തപ്പെട്ടവർ അതല്ലാതാകുന്നില്ല പക്ഷെ ഒന്നുണ്ട് നീ വികാരിച്ചാൽ അതെ ഞാൻ വിചാരിച്ചാൽ അവർ ദളിതരോ സവർണ്ണരോ അല്ലാതായിത്തീരും .അവരോടു നീയും ഞാനും ഉൾപ്പെടുന്ന സമൂഹം ചെയ്യുന്ന കനത്ത അടികൾ അവഗണനകൾ ആക്രോശങ്ങൾ പീഢനങ്ങൾ എല്ലാം എല്ലാം ഈ വിളിയിൽ നിന്നുമാണ് തുടങ്ങുന്നത് .മറിച്ച് നമ്മൾ സമർഥമായി ഒരു സുഖ ചട്ടക്കൂടിനുള്ളിൽ ഇരുന്നിട്ട് "ദളിതരെ ..ഓ ദളിതരേ " എന്നാക്രോശിച്ചിട്ടോ കുറെ ബഹളമുണ്ടാക്കി നാലുപേരെ കൂട്ടിയിട്ടോ ദളിതരോടുള്ള മനോസ്ഥിതി സമൂഹത്തിൽ നിന്നും മാറുകയില്ല മറിച്ചു് നാം നന്നാക്കുക എന്ന ലളിത വാക്യമാണ് പിന്നീട് മഹത്തായ മാറ്റങ്ങൾ ഉണ്ടാക്കി തീർക്കുക .അപ്പോൾ പ്രിയപ്പെട്ടവരേ നമുക്ക് ഈ ദളിതരെ ദളിതരേ എന്നുള്ള വിളികളെ ഉപേക്ഷിക്കാം എന്താ ? 

Saturday, February 25, 2017

ഇറ്റ്ഫോക്കിലെ അതിഗംഭീരം എന്ന് പലരും ഇന്നലെ വാഴ്ത്തിയ ഒരു നാടകത്തിൽ ,അഭിനയത്തിനും ഡിജിറ്റൽ ടെക്നൊളജിക്കും ഇടയിലിരുന്നു നാടകം കാണുന്ന എനിക്ക് പ്രൊഫഷണലി ഒരു ഡിജിറ്റൽ ഡിസൈനർ  എന്ന നിലയിൽ അതിലെ ടെക്നൊളജിക്കും ഒരു കാണി എന്ന നിലയിൽ നാടകത്തിനും വിലയിടാൻ തോന്നിയില്ല .എന്തോ അറിയില്ല ! കാരണം ടെക്‌നോളജി എന്ന് പറയാൻ അതിലൊന്നുമില്ല. വെറും ഷൂട്ട് ആൻഡ് ഷോ മാത്രമേ ഉള്ളൂ ..പക്ഷെ അത്രയും ഗംഭീരമായ സെറ്റ് നാടകത്തിനായി കെട്ടിയുണ്ടാക്കിയവരെ ഞാൻ അതിശയത്തോടെ നോക്കുന്നു ! അതിനു ചിലവഴിച്ച തുകയെപ്പറ്റി അന്തം വിടുന്നു!! അതിൽ സെനോഗ്രഫിയുടെ മനോഹാരിതയും നല്ല കിടിലൻ മ്യൂസിക് നോട്സും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു .അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല !! ആളായിരുന്നുവെങ്കിൽ അതിഗംഭീരമെന്നു പറയാൻ അത്രകണ്ട് മെയ്യും കയ്യും മനവും മാസങ്ങളുടെ കഠിന പ്രയത്നവും സമയവും അർപ്പിച്ചുരുക്കഴിച്ച ഒരു മഹായജ്ഞം കഴിഞ്ഞൊരു മനുഷ്യൻ എന്റെ സമീപത്തിപ്പോൾ ശാന്തനായി ഉറങ്ങുന്നുണ്ട് .അദ്ദേഹത്തിന്റെ നാടക പ്രയത്നത്തിന് ഒരു ഭാര്യ എന്ന നിലയിലല്ലാതെ ഒരു കാണി എന്ന നിലയിൽ ഞാൻ നൂറിൽ നൂറ്റൊന്നു മാർക്ക് കൊടുക്കും .അതുകണ്ട് അദ്ദേഹത്തെ നെഞ്ചോടു ചേർത്ത ഓരോരുത്തരെയും ഞാൻ സ്നേഹപൂർവ്വം നമിക്കുന്നു .കൂടെ നിന്ന ഓരോരുത്തരെയും നെഞ്ചോടു ചേർക്കുന്നു. നിങ്ങൾക്കെന്റെ പ്രാണന്റെ പേരിൽ നന്ദി പറയുന്നു .

Sunday, February 19, 2017

  
 ആക്രമിക്കപ്പെട്ട പെണ്ണിനോട് പറയുന്നു : " മുറിവേറ്റ ഒരു സിംഹമാണ് നീ ..അപമാനിക്കപ്പെട്ടവൾ എന്ന അലങ്കാരം നമുക്ക് വേണ്ട .ഏതു സിംഹത്തെയും കൂട്ടത്തോടെ കുറെ നായകൾക്ക് (പട്ടികൾ ആണിവിടെ ചേരുക )നേരിടാം .പക്ഷെ കൂട്ടത്തോടെ സിംഹങ്ങൾ വന്നാലോ ? " പെണ്ണുങ്ങളെ, ഉണർന്നെഴുനേൽക്കുവിൻ .നമുക്കീ ലോകം ഒന്നേ നൽകുന്നുള്ളൂ .."നീ പെണ്ണാണ് "എന്ന നിരന്തര ആക്രോശം മാത്രം .ഇനി നമ്മളാണ് നേരിടേണ്ടത്. നമ്മൾ പെണ്ണ് തന്നെയാണ് എന്ന് കാണിക്കുവാൻ എല്ലാ സ്ത്രീകളും മുൻപോട്ടുവരണം .പെണ്ണിനെക്കൊണ്ടു സാധിക്കാത്തത് ബീജാധാനം മാത്രമാണ് .വേറൊന്നുമല്ല ,വേറൊന്നുമില്ല .കൂട്ടത്തോടെ ഒരാണിന്റെ ആക്രമിക്കുക പീഢിപ്പിക്കുക എന്നത് പെണ്ണത്തമായി ഒരു പെണ്ണും ഉദ്‌ഘോഷിക്കില്ല അവൾക്കറിയാം ഏറ്റവും കഴിവുകെട്ടവരുടെ ആഘോഷം മാത്രമാണതെന്ന് !

Monday, February 13, 2017

അസൂയപ്പെടുത്തുന്ന ..
മൊഴികളില്ലാത്ത ..
ആ സ്നേഹം ഞാനുമായി പങ്കിട്ടെടുത്ത
എല്ലാവർക്കും ..


Sunday, February 12, 2017

പിരിഞ്ഞുപോകുന്ന പൂമ്പാറ്റകൾക്ക് !

കത്തിത്തീർന്നതാ  മുളങ്കാടുകൾക്കുമപ്പുറത്ത്
കരിഞ്ഞ അസ്ഥിപൂക്കൾ പോലവേ കിടക്കുന്നൂ
ചിതറികടന്നുപോം സന്ധ്യക്ക്‌ തൊട്ടിപ്പുറം
 ഇണചേരുവാനായി പറന്നങ്ങോട്ടെക്കെത്തി
 ഉരുമ്മിപ്പറക്കുമാ രണ്ടുപൂ പതംഗങ്ങൾ !

ഇരിക്കാനൊരു പച്ചപ്പുതപ്പുതേടീയവർ
 ഇളം തെന്നൽപോലെ പാറിപ്പോകുന്നിതാ
എത്രയോ ദൂരം തെന്നിനീങ്ങിയാ
 ഇണയുടെ ഗന്ധമൂറും മൃദുമേനിയിൽ 
തൊടുവാനായ് !
അകന്നുപോകുന്നല്ലോ ആഗ്രഹമത്
മാത്രം ,എങ്ങുപോയിരിക്കും പച്ചപ്പില്ലാ
മരുഭൂവിതിൽപ്പിന്നെ !

കരിഞ്ഞ പുല്ലിൻതുമ്പും
കൊഴിഞ്ഞ മരശാഖയും
വീണ്ടുപോയീടുന്നല്ലോ  മൺനുറുങ്ങുകൾ ചൂടിൽ
 പൂക്കളും മൃഗങ്ങളും ആനത്താരകളും
ചേർന്നാഘോഷമാടും  കാടാം വീടേതോ കാൺപതില്ല
പൂമ്പാറ്റകൾ ,നമ്മൾ
ജീവന്റെ വസന്തക്കൂടൊരുക്കും
ചിറകതിൽ  പൂക്കാലമൊരുക്കിയ
മണ്ണിന്റെ മാലാഖമാർ !


ഇത്തിരിത്തലപ്പത്തായ്  പച്ചനീർത്തൊരാ
ക്കൊമ്പിൽ അഗ്നിയെക്കടത്താതെ
 പൂത്തതിന്നല്ലോ നമ്മൾ !
മുഗ്ദാനുരാഗം വേണ്ടാ
കള്ളനാട്യംപേറാൻ മർത്യരല്ലല്ലോ നമ്മൾ
കാട്ടിൻ സ്വർണ്ണരേതസ്സാൽ
പൊട്ടിവിടർന്ന പൂമ്പാറ്റകൾ ..
പുഷ്പങ്ങൾ തേടീ ..
കാടിൻ പച്ചപ്പുമാത്രം തേടി ..
കാണ്മതീലല്ലോ പ്രിയേ കാടതുമാത്രം കണ്ണിൽ !
 ഒന്നിരിക്കാൻ ചേർന്നാ ജീവന്റെ തുടിപ്പേകാൻ
വീണുചാകാൻ പിന്നെ മണ്ണിനു വളമാകാൻ !


പിരിഞ്ഞു പോകുന്നല്ലോ വരണ്ട ചാരക്കാറ്റിൽ
പൊങ്ങിയ പടലത്തിൽ പെട്ടുപോകുന്നല്ലോ അവർ !
പച്ചമേനിയിലായ് മുദ്രകുത്തുന്നൂ കാടും
പട്ടുപോകുക നീയും ഞങ്ങളെപ്പോലെത്തന്നെ !
ചാരമാകുക മൃദുമോഹങ്ങൾ വെടിയുക
കാറ്റുപോലും മൂകമതുതന്നെ ചൊല്ലീ ..
പിരിഞ്ഞുപോകുന്നല്ലോ ഒരുകാറ്റിൻകരം
പലതായ്പ്പിരിച്ചൊരാ വഴികൾതോറുംപിന്നെ .. 


Monday, February 6, 2017

ഇന്നലെയായിരുന്നു  സംഭാഷണം ഞാനും മോളും തമ്മിൽ :
മോൾ : അമ്മേ ഈ ദൈവം എന്നാൽ എന്താ ?
ഞാൻ : ഉം ..ദൈവം എന്നുവച്ചാൽ പ്രകൃതി ..
മോൾ :  പ്രകൃതീന്നു വച്ചാ ..?
ഞാൻ: സൂര്യൻ,മരം ,മനുഷ്യൻ ..മൃഗങ്ങൾ ..എന്നിങ്ങനെ കാറ്റും മഴയും എല്ലാം !
മോൾ : നുണ ! അപ്പോൾ പിന്നെ 'അമ്മ വിളക്കു കൊളുത്തി പാർത്തിക്കുന്നതാരെയാ ?? ഗണേശനേം ദേവീയെം ,കൃഷ്നനേം ,ശിവനേം ??
ഞാൻ : അതോ ..നോക്ക് ഗണേശനെക്കണ്ടാൽ ആരെപ്പോലെയാ ?
മോൾ:  ആനപോലെ !
ഞാൻ:ദേവിയും കൃഷ്ണനും ?
 മോൾ: മനുഷന്മാര് ..
ഞാൻ:അപ്പോൾ ഞാൻ പറഞ്ഞത് ശരിയല്ലേ? പ്രകൃതിയെ അല്ലെ അമ്മ പ്രാർത്ഥിക്കുന്നത് ? ആനയെയും മനുഷ്യനെയും ??
 മോൾ: അയ്യേ പ്രകൃതീന്നുവച്ചാ മനുഷ്യനില്ല !മരം സൂര്യൻ കാറ്റ് ..ഇതൊക്കെവച്ചു പാർത്തിച്ചാ പോരെമ്മേ ??!
ഞാൻ തകർന്നു നുറുങ്ങിത്താഴെ !
ഉവ്വ് അതുമതി അതുതന്നെയാകണം പ്രാർത്ഥന എന്ന് ഞാനും ! സുല്ലിട്ടു മക്കളെ സുല്ല് ! എന്റെ ന്യു ജനറേഷൻ ഇങ്ങനെത്തന്നെ മുന്നോട്ടുപോണേ ന്റെ പ്രകൃതി മുത്തപ്പാ ! എങ്കിൽ നമ്മൾ രക്ഷപെട്ടു !

Tuesday, January 31, 2017

കവിതയോളം വലിയ രാഷ്ട്രീയമില്ല തന്നെ ! കൂടെനിൽക്കാൻ അണികൾ ഇല്ലെങ്കിൽ അരാഷ്ട്രീയം ..എടുത്തുപൊക്കാൻ ആളുകൾ കൂടുമ്പോൾ സുരാഷ്ട്രീയം .വളർന്നുപോയാൽ കുപ്പിയും വെള്ളവുമായി ഓടിക്കൂടുന്ന അരാജകരാഷ്ട്രീയം .തനിയെ നട്ടെല്ലുയർത്തിനിന്നാൽ അടിച്ചൊതുക്കുന്ന ആളെക്കൊല്ലിരാഷ്ട്രീയം .പോരാത്തതിന് പരദൂഷണം അപരദൂഷണം മൊത്തത്തിൽ രാഷ്ട്രീയ ദംശനം ! ഇതിലൊന്നും പെടാതെ നിൽക്കുന്ന ചില ലളിതവാക്‌സൂചികകൾ ഉണ്ട് .അത് ചാക്രികമായി കറങ്ങിക്കൊണ്ടിരുന്നു ചില നേരങ്ങളിൽ നിശ്ശബ്ദമാകും ! നിമിഷ സൂചികൾ ഇല്ലാതായിക്കഴിയുമ്പോഴായിരിക്കും അയാളുടെ  പന്ഥാവ് നിറയെ രത്നവും പവിഴവുമായി മലയാളദേവത നമ്മളെ മാടിവിളിക്കുന്നത് .നോക്കൂ എത്ര നല്ല രചനകൾ എന്ന് !

Monday, January 30, 2017

യാത്രികർ !

കണ്ടുവോ നീ നിശായാത്രികാ
ഞെട്ടറ്റു വീണ നിശാ-
പുഷ്പ ഗന്ധത്തിനപ്പുറം
വീണു കരയുന്ന പെണ്ണിനെ ?
ഗന്ധമില്ലെങ്കിലും ഗന്ധകമാക്കുവാൻ
കെൽപ്പുള്ള ചങ്കിലെ പൊട്ടിത്തെറികളെ ?
കാണാനഴകില്ല എങ്കിലും കീറിയ
പത്രത്തിനുള്ളിൽ തുടിക്കുന്ന ചങ്കിനെ ?
കൂട്ടുകാരാ എന്ന് കേണുകരയുവാൻ
കൂട്ടിനതാരുമേ കൂടാത്ത പെണ്ണിനെ ?

നിങ്ങളോ കേട്ടുവോ യാത്രികാ
തെണ്ടുവാൻ തേടിക്കരയുവാൻ
തള്ളുന്ന കുഞ്ഞിനെ ?
പൊള്ളിപ്പിടയുന്ന ചുണ്ടിൽ ഇറ്റിക്കുവാൻ
തുള്ളിപോലും മുല ഇല്ലാത്തൊരമ്മയെ ?
തൂക്കിയെടുത്തതാ പോകുന്നു രാവിന്റെ
കൂർത്ത നഖങ്ങളാൽ കീറിപ്പറിക്കുവാൻ
മാനുഷനാണോ അറിവീലതിൻമുഖം
കണ്ടാൽ മനുഷ്യന്റെ മാതിരി തന്നെടോ !

ശരിതന്നെ യാത്രികാ
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!
തെണ്ടാതെ കാക്കുവാൻ കെൽപ്പുണ്ടതെങ്കിലും
നമ്മുടേതല്ലവൻ ! പോട്ടെ പിച്ചക്കാരൻ ..
വീട്ടിലെത്തുമ്പോൾ പിടക്കുമോ നംകരൾ
കാണാതെയായി കുരുന്നിനെ ഒന്നിനെ !
പേർത്തു പേർത്തുച്ഛരിക്കില്ലേ  മനസ്സിനെ
കീറിമുറിച്ചു നാം പാഞ്ഞോടുമാവഴി !
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!

ഒന്നോർക്കുകിൽ നാം പറഞ്ഞെന്നാൽ
പതിരില്ല !പക്ഷെ പറഞ്ഞുകൊണ്ടിങ്ങനെ
നിന്നെന്നാൽ എന്ത് ഗുണം പിന്നെയെന്തു കാര്യം ?
നീ പോണവഴിയിൽ ഞാൻ കേണുകൂടാ
നിനക്കാവഴി പിന്നെനിക്കീവഴി
നമ്മളാ പാതിവഴിയിലെ പ്രാണികൾ തന്നെടോ
ചുമ്മാ ഇഴഞ്ഞും കുഴഞ്ഞും പരതിയും
മെല്ലവേ നീങ്ങുന്ന നിർഗുണ ബ്രഹ്മങ്ങൾ !




Sunday, January 29, 2017

വളരെ അപൂർവ്വമായി മാത്രം കാണുന്നവരാണ് ഞങ്ങൾ .പക്ഷെ ഇത്രയേറെ ഞാൻ ബഹുമാനിക്കുന്നവർ ചുരുക്കമാണ് .അത്രയേറെ കാര്യങ്ങൾ നമുക്കായി പ്രകൃതിക്കായി പറഞ്ഞുതരുന്നൊരു സ്നേഹമാണ് ഇക്ക(എൻ എ .നസീർ ) .എന്റെ ആദ്യബുക്ക് ആ കൈയ്യിൽ നിന്നുകൂടിയാണ് പ്രകാശിതമായത് .കൂടാതെ എന്റെ കടുംപച്ച വഴികളുടെ പുറംചട്ട അദ്ദേഹത്തിന്റെ ചിത്രമായിരുന്നു ..ഹരിതാഭയിൽ അദ്ദേഹം നടന്ന വഴികളിൽക്കൂടി നടക്കാൻ കൊതിച്ചുപോകുന്നവരാണ് പ്രകൃതിസ്നേഹികൾ എല്ലാം .ക്ഷണം സ്വീകരിച്ചു പോകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നൊരു പ്രകാശനമാണ് വരുന്നത് .ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകുന്നേരം 5 മുപ്പതിന് പറ്റുന്നവർ എല്ലാം കൊച്ചി മറൈൻ ഡ്രൈവിൽ എത്തിച്ചേരുക .'കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും ', 'വ്രണം പൂത്ത ചന്തം' എന്നിങ്ങനെ രണ്ടു ബുക്കുകളാണ് മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്നത് .പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാമീപ്യവും സന്തോഷവും ഉണ്ടാകുന്ന ചടങ്ങിലേക്ക് എല്ലാവരും എത്തുമല്ലോ ? ആശംസകൾ സൗമ്യസാമീപ്യമേ , സ്നേഹാശംസകൾ പ്രിയ മിത്രമേ ..

Saturday, January 28, 2017

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും കൂടെ മഹാകവി അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങും പങ്കെടുക്കുവാനുള്ള ഭാഗ്യം ഡോക്ടർ വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ മാത്രം കിട്ടിയ സൗഭാഗ്യമാണ് .ഒരെഴുത്തുകാരി എന്ന് പറയുവാൻ ഒന്നുമാകാത്ത എനിക്ക് മഹാകവി അക്കിത്തത്തിന്റെ കാൽ തൊട്ടുവന്ദിക്കുമ്പോൾ എന്തോ ശരീരത്തിലൂടെ ഒരു ഊർജ്ജപ്രവാഹം ഒഴുകും പോലെ തോന്നി .എത്ര പ്രൗഢഗംഭീരമായ എന്നാൽ ലളിതമായ ചടങ്ങായിരുന്നു അത് .പ്രൊഫസ്സർ കെ പി ശങ്കരൻ സാർ സംസാരിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു അറിവിന്റെ അഗാധമായ ജ്ഞാനസ്ഥലികൾ ആ തലമുറയോടെ വംശനാശം സംഭവിക്കുമോ എന്ന് !! കാരണം നമ്മുടെ ഇന്നത്തെ സാഹിത്യചർച്ചകളിലും ചടങ്ങുകളിലും കാര്യമാത്ര പ്രസക്തങ്ങളായ സംഭാഷണങ്ങളേക്കാളുപരി (ഭാഷയുടെ സംശുദ്ധി കൂടിയാണ് പറയുന്നത് ) നമ്മുടെ ഉപരിപ്ലവമായ കാര്യങ്ങളുടെ നീർച്ചാലുകളിൽ പായലുകൾ പോലെ പൊങ്ങിക്കിടക്കുന്ന 'വർത്തമാനങ്ങൾ ' മാത്രമാണ് നടക്കുന്നത് .അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുകയല്ല മറിച്ച് ഊന്നിപ്പറയുക തന്നെയാണ് .ഭാഷാപരമായ ഉയർച്ച ഉണ്ടാകണമെങ്കിൽ ഭാഷയുടെ മുഴുവൻ സത്തയെയും കാച്ചിക്കുറുക്കി കവിത എഴുതണമെന്നോ സംഭാഷണം നടത്തണമെന്നോ അല്ല ഞാൻ പറയുന്നത് .മറിച്ച് കേൾവിക്കാരനോ വായനക്കാരനോ ആകുന്നവരിൽ എന്തെങ്കിലും മൂല്യം അല്ലെങ്കിൽ അറിവ് പകരുക എന്നത് ഇനിയുള്ള അല്ലെങ്കിൽ ഇന്നുള്ള എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും അത്യന്താപേക്ഷിതമാണ് ഇല്ലെങ്കിൽ നാളെ നമുക്ക് എടുത്തുകാണിക്കാൻ മലയാളം തീരെയില്ലാത്ത പുതുതലമുറയുടെ ഭാഗിക മലയാള സാഹിത്യമേ ബാക്കിയുണ്ടാകൂ എന്നതിൽ എനിക്ക് സംശയമേതുമില്ല .

 ഡോ. കെ എം അനിൽ നടത്തിയ' ഇടശ്ശേരിയുടെ മനുഷ്യസങ്കല്പം ' എത്ര അർത്ഥവത്തായ സംഭാഷണമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു .കേവലമായ, അനാവശ്യമായ യാതൊരു ഉപമകളെയോ കളിയാക്കലുകളെയോ അപരനെ ആക്ഷേപിക്കുന്നതരമുള്ള യാതൊരു ചേഷ്ഠകളുമില്ലാതെ സംസാരിക്കാൻ ഇന്നുള്ള എത്രപേർക്ക് സാധിക്കുമെന്നതിൽ എനിക്ക് സംശയമുണ്ട് .അത് ഒരാളുടെ കൃതികളുടെ പഠനമാണെങ്കിൽ പോലും നാം പലരെയും അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതും കാണാം .അത് വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുവാൻ പോലും കേട്ടിരിക്കുന്ന നമുക്ക് സമയമില്ലതാനും ! ചർച്ചകളിൽ തന്നെ അവസാനം തീർപ്പുകളില്ലാതെ വ്യക്തമായ ശേഷിപ്പുകളില്ലാതെ വഴക്കടിച്ചു തനിക്കു താന്പോരിമ കാട്ടി ഇറങ്ങിപ്പോരുവാനാണ് സാധ്യതയും .കാരണം എളിമ എന്നത് അറിവിന്റെ ആത്മാശം ആണെന്നും അത് സ്വാഭാവികമായി ഉത്പ്പാദിപ്പിക്കപ്പെടുമെന്നും നമുക്ക് തെളിയിക്കാനാകുന്നില്ല ,അത് ഇന്നത്തെ സമൂഹത്തിൽ നിന്നും കൈമോശം വന്നിരിക്കുന്നു .യഥാ രാജാ തഥാ പ്രജാഃ !

വിഷാദിയുടെ ചുംബനം !


തനു തളർന്നു തൂങ്ങിയിരുന്നു
ഉരഞ്ഞുരഞ്ഞു തേഞ്ഞ ചെരുപ്പടികളിൽ
അയഞ്ഞുകറുത്ത കാലടികൾ .
ആകാശത്ത് പാതി കീറിയ ചന്ദ്രബിംബം
താഴെ നിയോണ്‍ബൾബുകൾ
മിന്നിമിന്നിക്കത്തിപ്പടർന്നു
സൂര്യവെളിച്ചം മാഞ്ഞുപോകും മുൻപേ ചന്ദ്രൻ
ആകാംക്ഷയോടെ  തെരുവോരത്തെ ചുവന്ന പുഷ്പങ്ങളെ
തേടിയിറങ്ങിയിരിക്കുന്നു
ഹും !അയാൾ അറപ്പോടെ ചന്ദ്രബിംബത്തെ നോക്കിക്കാറിത്തുപ്പി
'ഒരുംബെട്ടോൻ .'അയാളുടെ അമർഷം ചെന്ന് നിന്നത്
അവളുടെ ഇടിഞ്ഞു തൂങ്ങിയ ബ്ലൗസിന്റെ ഹുക്കിലായിരുന്നു
'ഓ വന്നല്ലോ നിശാപുശ്പങ്ങൾ ..'
അയാൾ ശബ്ദമില്ലാതെ അമറി !
'ചുമന്ന സാരിയല്ലാതെ ഒന്നും കിട്ടിയില്യോടീ ?'
അയാൾ പരസ്യമായി അവളെ പിടിച്ചുലച്ചു .
ഭാവമില്ലാത്ത അവളുടെ മുഖം
പുഞ്ചിരി വരച്ചുചേർത്തത്തിൽ
ചെമപ്പുചായം കൂടിക്കുഴഞ്ഞു കിടന്നിരുന്നു .

അയാളുടെ കണ്ണിലെ വിഷാദഭാവത്തിൽ
യേശുവിന്റെ ച്ഛായ കടംകൊണ്ടിരുന്നു
പക്ഷെ അയാളുടെ വിരലുകൾ
ഒരുസ്വപ്നവും കാണാത്ത
അവളുടെ തലമുടിക്കകത്തെ തലയോടിനെ
പരതിപ്പരതി മുഖവും കടന്ന് കൈകളെ
വലിച്ചെടുത്തുകൊണ്ട് അങ്ങാടിക്കടവിലെ
വറീതിന്റെ നാലുമുറിപീടികയുടെ
പിന്നാമ്പുറ ചായ്പ്പിന്റെ
തണുത്ത കറുത്ത കോണിലേയ്ക്കു പോയ്മറഞ്ഞു .

പാതിനഗ്നമായ ചുമലെല്ലുകൾ
അയാളോട് കുഞ്ഞമ്മിണിക്കുട്ടിയുടെ
കഥകൾ പറഞ്ഞു
അറ്റം കറുത്ത മുലത്തണ്ടുകൾ
അമ്മമ്മയുടെ രോഗം വിവരിച്ചു
എല്ലുന്തിയ നെഞ്ഞിൻ കൂട് 
വീട്ടാനുള്ള ചിട്ടിക്കാശു ചോദിച്ചു !
അയാളുടെ അറച്ചു നിന്ന
ആദ്യചുംബനം മാറാല മൂടിയ
തണുത്ത ഭിത്തിയിലേയ്ക്ക്‌
ഏറ്റിയെറിഞ്ഞ് വിഷാദി ഉയർത്തെഴുനേറ്റു !
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ
അവരെ കല്ലെറിയുക !


Thursday, January 19, 2017

അടുത്ത പറമ്പിലെ മരം ഫ്ലാറ്റ് പണിയാൻ വെട്ടിയതിന് ദാ സ്കൂളീന്ന് വന്ന എന്റെ മോളു പൊട്ടിക്കരയുന്നത് .ഇത് പോസ്റ്റ് ചെയ്തതിനു കാരണം മറ്റൊന്നുമല്ല അവരെ കുഞ്ഞുങ്ങളെ മരങ്ങളും പ്രകൃതിയും  ഓമനിക്കുന്നത് എത്ര സത്യമാണെന്നു കാണിക്കാനാണ് .മരിച്ചു കിടക്കുന്ന മരം നോക്കി ഇപ്പോഴും അവൾ കരയുകയാണ് ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല .ആ മരം നട്ടുവെക്കണം എന്നതാണ് ആവശ്യം !ആകാശം കരയുന്നു കിളി കരയുന്നു അവളുടെ ശങ്കരി കാക്ക ഇനി എവിടെയാ ഇരിക്കുക.. ആ മരം പറഞ്ഞിട്ടുണ്ടാകും വെട്ടരുതേ വെട്ടരുതേന്നു ..അത് ശരിക്കു മരിച്ചു പോയോ അമ്മെ ..തുടങ്ങി  പതംപറച്ചിലുകൾ ..! ഞാൻ എന്ത് പറയാൻ !

Tuesday, January 17, 2017

 എന്നിലെത്തുന്ന സൗഹൃദങ്ങളുടെ നേർരേഖയിലുള്ള ചെറുവികാരങ്ങൾ പോലും തഴയപ്പെടരുതെന്ന എന്നിലെ സൗഹൃദം ആഴത്തിൽ വിശ്വസിക്കുന്നതുകൊണ്ടു തന്നെയാണ് ഞാൻ സൗഹൃദങ്ങളുടെ കടലിലേയ്ക്ക് എന്നെ വലിച്ചെറിയാത്തത് കാരണം ചില നേരങ്ങളിൽ പലനേരങ്ങളിലും എനിക്ക് ഞാനായിരിക്കാൻ കഴിയാത്തവിധം പല കടമകളുടെ നൂലിഴയിൽക്കൂടി ഇഴഞ്ഞിഴഞ്ഞെത്തുന്ന മുത്തുമണി മാത്രമായിരുന്നു ഞാൻ ! എനിക്ക് മാറ്റിവയ്ക്കാൻ പറ്റുന്നത് എന്റെ സന്തോഷങ്ങളെയും നിമിഷങ്ങളെയും സമയത്തെയും മാത്രമായിരുന്നു .ചുരുക്കം പറഞ്ഞാൽ എനിക്കുവേണ്ടിയല്ല മറ്റു പലതിനും വേണ്ടി .അനാവശ്യ സൗഹൃദങ്ങളിലെ ആവർത്തന വിരസത എന്നെപ്പോലെ ഏകാന്തത ധ്യാനമാക്കിയവൾക്കു തടസ്സമായതിനാലും ഞാൻ മെരുങ്ങാത്ത ഒരു കാട്ടുമൃഗമായി എന്നെത്തന്നെ സൂക്ഷിച്ചു വച്ചിരിക്കയാണ് .എന്നിട്ടുപോലും പിടികൊടുക്കാത്ത, സ്നേഹിച്ചു കൂടെനിൽക്കാത്ത ,സ്നേഹംകൊണ്ട് അക്ഷരങ്ങൾ കൊരുക്കാത്ത, എന്നെ സ്നേഹിക്കാനും നിങ്ങളെത്രപേരാണ് !! നോക്കൂ ..!

അപ്പോൾ ഞാൻ പുറത്തെ കാട്ടുമൃഗത്തിന്റെ തോലുമാറ്റി ഞാനായി നിന്നാൽ
എനിക്ക് സൗഹൃദങ്ങൾ ഇല്ല എന്നാരോപിക്കുന്നവരെ നിങ്ങൾ ബോധമറ്റുവീഴും തീർച്ച !

37 വർഷമായിരിക്കുന്നു ഞാൻ ജനിച്ചിട്ട് .(വയസ്സിനെ പുറത്തു പറയാൻ പേടിക്കുന്ന എഴുത്തുകാരോടെനിക്ക് സഹതാപമാണ് . അത് പുറത്തുപറയാൻ മടിക്കുന്ന അവർ പിന്നെ എങ്ങനെ കാലത്തെ രേഖപ്പെടുത്തും എന്ന് ഞാൻ അതിശയിക്കുന്നു!! ഇപ്പോഴുള്ള പുസ്തകങ്ങളിൽ ഒന്നും അവർ ജനിച്ചിട്ടേയില്ല വെറുതെ ജീവിക്കുന്നതും മരിക്കുന്നുമേ ഉള്ളൂ !ശരി..അതവരുടെ കാര്യം ) അതിൽ നാലുവർഷത്തെ ഓർമ്മകൾ ഓടിയൊളിച്ച കുഞ്ഞുകുട്ടിയെ മാറ്റി നിർത്തിയാൽ 33 വർഷത്തെ ഓർമ്മയെത്ര!കൂട്ടുകാരെത്ര !കൂടാരങ്ങളെത്ര !അനുഭവങ്ങളും ആരവങ്ങളും ആവർത്തനങ്ങളും വിരസതകളുമെത്ര!ഇനി ഞാൻ ആരെ ഭയക്കാൻ ? അച്ഛനെ ? അമ്മയെ ? സഹോദരിയെ ? ഭർത്താവിനെ ? മകളെ? സമൂഹത്തെ ? പ്രകൃതിയെ? ആരെ ? ഭയന്ന നിമിഷങ്ങൾക്ക് ഒരറുതിയില്ല! ആ ഭയത്തിൽ നിന്നുമാണ് ഞാൻ കുരുത്തുവന്നത് .ഇനി ഭയക്കാനെനിക്ക് മനസ്സില്ല! ഭയപ്പെടുത്തേണ്ടവർ ഭയന്ന്കൊൾക! എന്നിൽനിന്നാ വികാരം ഒഴിഞ്ഞു പോയിരിക്കുന്നു ! ഇനിയെങ്കിലും ആമത്തോടില്ലാതെ തെളിഞ്ഞു കത്തട്ടെ ഞാൻ! അനുവദിച്ചേക്കുക .
പണ്ട് ..
അതെ പണ്ട്പണ്ട് എന്ന് പറഞ്ഞു പറഞ്ഞു
ഞാൻ പാണ്ടാക്കുകയാണ് !
'നീയില്ലാതെനിക്ക് വയ്യ അനൂ '
എന്ന് കേണ ദുർബലചിത്തയായ
ഒരുകൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്  ..
അവളുടെ തകർന്ന ചിത്തം നോക്കാനെനിക്ക്
പേടിയായിരുന്നു !
എന്റെ മാന്ത്രികവലയത്തിൽ നിന്നും
മോചനമില്ലാത്ത ആ ചിത്തത്തെ ഞാനുപേക്ഷിച്ചു
കടന്നുകളഞ്ഞു ..
മുറിവേൽക്കുമെന്നറിയാമായിരുന്നു ..
പക്ഷെ അവൾ അതിജീവിക്കണമെന്ന അവബോധം !
ഇന്നവൾ നിറയെ ഉണർവ്വുള്ള
ആരെയും തോൽപ്പിക്കുന്ന
ആരുമില്ലെങ്കിലും അവളായി നിൽക്കുന്ന
വന്മരമാണ് !
ചെറുചില്ലയിൽ വന്നിരുന്നു
നിനക്ക് സുഖമാണോ എന്ന് ചോദിക്കുമ്പോൾ
നീയെന്നെ അപരിചിതയെപ്പോലെ ,
കണ്ണിൽ ചിരിയില്ലാതെ നോക്കരുത്
എനിക്ക് ഒന്നും വേണ്ട !
നമുക്കിടയിലെ അപരിചിതത്വം പേറുന്ന
മണമില്ലാത്തതൊന്നും !

നീ ചിരിക്കുക
ഞാനും ചിരിക്കാം ..
പണ്ടത്തെപ്പോലെ ..
ഞാനവൾ തന്നെയാണ് നീയും അവൾതന്നെയാണ്
നമ്മൾ ആ പഴയ പൊട്ടിച്ചിരികൾ മാത്രമാണ് !

Sunday, January 15, 2017

കേമനായ ആ നായ അഥവാ മനുഷ്യൻ !

വിദ്വേഷം പടർന്നുകത്തുമ്പോൾ,
ജനങ്ങൾ ജനങ്ങളുടെ സ്വന്തം താത്പര്യത്താൽ
പടുത്തുയർത്തിയ ജനാധിപത്യം
അവർക്കു മേൽത്തന്നെ ബോംബ് വർഷിക്കുമ്പോൾ
എരിഞ്ഞു ചാമ്പലായിക്കൊണ്ടുതന്നെ നമുക്കവർക്ക്
ജയഭേരി മുഴക്കാം !
ഹാ ..അന്തസ്സായി മരിക്കാം ..!

ചൂണ്ടു വിരലിൽ കുത്തിയ നീലമഷിയടയാളം
കത്തിപ്പോകാതെ വിരല് മുറിച്ചു
ഫോർമാലിൻ മുക്കി മ്യുസിയങ്ങളിൽ
സൂക്ഷിച്ചു വയ്ക്കാം !
കത്തിപ്പോയ മക്കളുടെ കുഞ്ഞുടലുകളെ
പെറുക്കിയെടുത്തു  താലോലിച്ചു
ഉറക്കെയുറക്കെച്ചിരിക്കാം ..

ഇനിവേണമെങ്കിൽ,
ദളിതരേ ദളിതരേ ..എന്നുറക്കെവിളിച്ച്
നമുക്ക് നമ്മുടെ രാഷ്ട്രീയം കൂടുതൽ
ശക്തമാക്കാം ! അതും പോരായെങ്കിൽ ,
മറ്റൊരു ഹിറ്റ്ലറെ നിർമ്മിച്ചെടുത്തു
കൂട്ടം ചേർന്ന് ഗ്യാസ്‌ചേമ്പറിൽ കേറാം !
ഗോഡ്‌സെ ചമഞ്ഞു പുതിയ പേരുകേട്ട
രാഷ്ട്രപതിയെ (പിതാവൊരാളല്ലേയുള്ളൂ  )
വെടിവച്ചു കൊല്ലാം ..
പന്തീരാണ്ടുകൊല്ലം ജയിലിൽക്കിടന്നു
പള്ളവീർപ്പിച്ചു സുഖമായി വാണശേഷം
ഒരുപക്ഷെ വീണ്ടുമൊരു വിധിക്കായി
കാത്തിരിക്കാം ! "നമ്മുടെ വേഗം
തീർപ്പാക്കുന്ന നിയമവിധികൾ "എന്നൊരു
പുസ്തകം രചിച്ചു അവാർഡുകൾ വാങ്ങിക്കൂട്ടി
പിന്നീടെപ്പോഴെങ്കിലും
കേമനായി മരിക്കാം ..!
(ശ്യോ അതിനും മുൻപ് കിട്ടിയ അവാർഡുകൾ
തിരികെ കൊടുത്ത് നമുക്കാ ബുക്കുകൾ
കൂട്ടിയിട്ടു കത്തിക്കാം ..മരിക്കും മുൻപ്
തീവ്രവാദികൂടിയാകണം എന്നാലേ ഒരിത്‌ കിട്ടൂ ..
ആ..അതുതന്നെ !!)

ഓ ..മനുഷ്യനായാൽ മാത്രം മതിയായിരുന്നു
എന്ന് നായയെക്കൊണ്ട് വരെ നമുക്ക്
തോന്നിപ്പിക്കണം കൂട്ടുകാരാ ..
അതെ അന്തസ്സുള്ള ആ നായയെക്കൊണ്ടുവരെ !

Friday, January 13, 2017

മാധവിക്കുട്ടിയാകാൻ ഓരോ എഴുത്തുകാരികളും മത്സരിക്കുന്നു
ഇപ്പോൾ അഭിനയിക്കാനും ..! ചിരിക്കാതെന്തു ചെയ്യും ഗോവിന്ദാ അല്ല കമലാസനാ !
പച്ചരക്തം തുടിക്കുന്ന ധമനികൾ ..
കാവ്യ ഭംഗിയിൽ നീലിച്ച കവിതകൾ ..
കോടി കാവ്യം ചമയക്കുന്ന കൈയ്യുകൾ
മണ്ണിൽ നിന്നും ഉയരുന്ന ധന്യത !

Thursday, January 12, 2017

എഴുത്തുകാരിൽ ഞാൻ കാണാൻ കൊതിച്ച ആദ്യ ആൾക്ക് ..വന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ കണ്ണുരുട്ടി വേണ്ടാ എന്നുപറഞ്ഞെന്നെ കരച്ചിലിൻ വക്കിലെത്തിച്ചയാൾക്ക്  വീടിനു തൊട്ടടുത്ത് അക്കാദമിയിൽ സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വന്നു കാണണം എന്ന് സ്നേഹപൂർവ്വം എന്നെ ക്ഷണിച്ചന്തം വിടുവിച്ചയാൾക്ക് പനിച്ചൂടിൽ നിന്നുമിറങ്ങിയോടി ഞാൻ കൺനിറയെക്കണ്ട സൂര്യതേജസ്സിന് എന്റെ എന്നെത്തെയും ദുനിയാവോളം ഞാനാദരിക്കുന്ന സ്നേഹിക്കുന്ന സുൽത്താന്റെ അവാർഡ് ലഭിക്കുമ്പോൾ ഞാൻ കടുകുമണിയോളം ചെറുതായി നിന്ന് നോക്കൂ മാനത്തേക്ക് നോക്കൂ ..ദാ അത്രയോളം മിന്നുംനക്ഷത്രങ്ങൾ വാരിയെറിഞ്ഞു സന്തോഷിച്ചുകൊണ്ടു പ്രണമിക്കുന്നു ..കോടിയാശംസകൾ ..അഷിത ടീച്ചർക്ക് ന്റെ പ്രിയ എഴുത്തുകാരിക്ക് നിറഞ്ഞ സ്നേഹം !

Tuesday, January 10, 2017

ഒരാളുടെ മുഴുവൻ സർഗാത്മകതയെയും തകർത്തുകളയാൻ ചില വാക്കുകൾക്കു കഴിയുമോ ? ചില ഒടുങ്ങാത്ത മുറിവുകൾക്ക് നമ്മളെ ആകെ തകർത്തുകളയാൻ കഴിയുമോ ? ചില ആരോപണങ്ങൾക്ക് അതിൽ അൽപ്പം പോലും കഴമ്പില്ലെങ്കിലും ആരോപിക്കുന്ന ആൾ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാൾ ആയിരുന്നാൽ നിങ്ങൾ ജഡമായി പോകുന്നതിൽ അത്ഭുതമില്ല അല്ലെ ??!പിന്നീടയാളെ പഴയതുപോലെ സ്നേഹിക്കാൻ ഈ 'മനോരോഗി'കൾക്കു കഴിയണമെന്നേ ഇല്ല കാരണം അവർ അത്രയ്ക്കും ലോലഹൃദയർ ആയിരിക്കാം! ഒരാളെ മനോരോഗി ആക്കുന്നത് അയാളുടെ മുഴുവൻ ചുറ്റുപാടും ആണെന്നത്  സത്യം തന്നെയാണ് ..ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർ ആത്മഹത്യ ചെയ്യുമ്പോൾ അതിനുത്തരവാദികളായതിനെ തച്ചുടയ്ക്കുക അല്ല ചെയ്യേണ്ടത് ! ആണോ ?ചുറ്റുപാടുകൾ തകർക്കുന്നതിലൂടെയോ അവരെത്തന്നെ തകർക്കുന്നതിലൂടെയോ എന്ത് നേടാൻ ?? നേടേണ്ടത് മനുഷ്യന്റെ ഉള്ളിലൂടെയുള്ള പരിവർത്തനം മാത്രമാണ് .

Wednesday, January 4, 2017

സ്നേഹിക്കുക എന്നാൽ കുറേ സൗകര്യങ്ങൾ
ഒരുക്കുക എന്നതാണെന്ന് തെറ്റിദ്ധരിക്കരുതാരും !
സ്നേഹിക്കുക എന്നാൽ അവിടെ ശരീരമില്ലാതിരിക്കുക
എന്നതിലാണ് കാര്യം ..
സ്നേഹം അനുഭവിക്കുന്നത് ആത്മാവുകൊണ്ടാണ്
ശരീരംകൊണ്ടു സ്നേഹിക്കപ്പെടുന്നതിനേക്കാൾ
നൂറിരട്ടി അനുഭൂതി നിങ്ങൾ സ്നേഹിക്കപ്പെടുന്നയാളിന്റെ /
സ്നേഹിക്കുന്നയാളിന്റെ മനസ്സിലുണ്ട് എന്നറിയുമ്പോഴാണ്
ലഭിക്കുന്നത് !നിസ്വാർത്ഥത മനസിലുണ്ടാകുക എളുപ്പമല്ല
അത് മനസ്സിലുള്ളവന് സ്നേഹം കെട്ടുപാടുകളിൽ
ബന്ധിതമായ ഒന്നായിത്തീരുന്നില്ല ..!
അതിന് ആയിരം ചിറകുകൾ ഉണ്ടാകും
ആരും കാണാതെ പറന്നണയാൻ ..പറന്നു പോകാനും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...