Sunday, January 15, 2017

കേമനായ ആ നായ അഥവാ മനുഷ്യൻ !

വിദ്വേഷം പടർന്നുകത്തുമ്പോൾ,
ജനങ്ങൾ ജനങ്ങളുടെ സ്വന്തം താത്പര്യത്താൽ
പടുത്തുയർത്തിയ ജനാധിപത്യം
അവർക്കു മേൽത്തന്നെ ബോംബ് വർഷിക്കുമ്പോൾ
എരിഞ്ഞു ചാമ്പലായിക്കൊണ്ടുതന്നെ നമുക്കവർക്ക്
ജയഭേരി മുഴക്കാം !
ഹാ ..അന്തസ്സായി മരിക്കാം ..!

ചൂണ്ടു വിരലിൽ കുത്തിയ നീലമഷിയടയാളം
കത്തിപ്പോകാതെ വിരല് മുറിച്ചു
ഫോർമാലിൻ മുക്കി മ്യുസിയങ്ങളിൽ
സൂക്ഷിച്ചു വയ്ക്കാം !
കത്തിപ്പോയ മക്കളുടെ കുഞ്ഞുടലുകളെ
പെറുക്കിയെടുത്തു  താലോലിച്ചു
ഉറക്കെയുറക്കെച്ചിരിക്കാം ..

ഇനിവേണമെങ്കിൽ,
ദളിതരേ ദളിതരേ ..എന്നുറക്കെവിളിച്ച്
നമുക്ക് നമ്മുടെ രാഷ്ട്രീയം കൂടുതൽ
ശക്തമാക്കാം ! അതും പോരായെങ്കിൽ ,
മറ്റൊരു ഹിറ്റ്ലറെ നിർമ്മിച്ചെടുത്തു
കൂട്ടം ചേർന്ന് ഗ്യാസ്‌ചേമ്പറിൽ കേറാം !
ഗോഡ്‌സെ ചമഞ്ഞു പുതിയ പേരുകേട്ട
രാഷ്ട്രപതിയെ (പിതാവൊരാളല്ലേയുള്ളൂ  )
വെടിവച്ചു കൊല്ലാം ..
പന്തീരാണ്ടുകൊല്ലം ജയിലിൽക്കിടന്നു
പള്ളവീർപ്പിച്ചു സുഖമായി വാണശേഷം
ഒരുപക്ഷെ വീണ്ടുമൊരു വിധിക്കായി
കാത്തിരിക്കാം ! "നമ്മുടെ വേഗം
തീർപ്പാക്കുന്ന നിയമവിധികൾ "എന്നൊരു
പുസ്തകം രചിച്ചു അവാർഡുകൾ വാങ്ങിക്കൂട്ടി
പിന്നീടെപ്പോഴെങ്കിലും
കേമനായി മരിക്കാം ..!
(ശ്യോ അതിനും മുൻപ് കിട്ടിയ അവാർഡുകൾ
തിരികെ കൊടുത്ത് നമുക്കാ ബുക്കുകൾ
കൂട്ടിയിട്ടു കത്തിക്കാം ..മരിക്കും മുൻപ്
തീവ്രവാദികൂടിയാകണം എന്നാലേ ഒരിത്‌ കിട്ടൂ ..
ആ..അതുതന്നെ !!)

ഓ ..മനുഷ്യനായാൽ മാത്രം മതിയായിരുന്നു
എന്ന് നായയെക്കൊണ്ട് വരെ നമുക്ക്
തോന്നിപ്പിക്കണം കൂട്ടുകാരാ ..
അതെ അന്തസ്സുള്ള ആ നായയെക്കൊണ്ടുവരെ !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...