തനു തളർന്നു തൂങ്ങിയിരുന്നു
ഉരഞ്ഞുരഞ്ഞു തേഞ്ഞ ചെരുപ്പടികളിൽ
അയഞ്ഞുകറുത്ത കാലടികൾ .
ആകാശത്ത് പാതി കീറിയ ചന്ദ്രബിംബം
താഴെ നിയോണ്‍ബൾബുകൾ
മിന്നിമിന്നിക്കത്തിപ്പടർന്നു
സൂര്യവെളിച്ചം മാഞ്ഞുപോകും മുൻപേ ചന്ദ്രൻ
ആകാംക്ഷയോടെ തെരുവോരത്തെ ചുവന്ന പുഷ്പങ്ങളെ
തേടിയിറങ്ങിയിരിക്കുന്നു
ഹും !അയാൾ അറപ്പോടെ ചന്ദ്രബിംബത്തെ നോക്കിക്കാറിത്തുപ്പി
'ഒരുംബെട്ടോൻ .'അയാളുടെ അമർഷം ചെന്ന് നിന്നത്
അവളുടെ ഇടിഞ്ഞു തൂങ്ങിയ ബ്ലൗസിന്റെ ഹുക്കിലായിരുന്നു
'ഓ വന്നല്ലോ നിശാപുശ്പങ്ങൾ ..'
അയാൾ ശബ്ദമില്ലാതെ അമറി !
'ചുമന്ന സാരിയല്ലാതെ ഒന്നും കിട്ടിയില്യോടീ ?'
അയാൾ പരസ്യമായി അവളെ പിടിച്ചുലച്ചു .
ഭാവമില്ലാത്ത അവളുടെ മുഖം
പുഞ്ചിരി വരച്ചുചേർത്തത്തിൽ
ചെമപ്പുചായം കൂടിക്കുഴഞ്ഞു കിടന്നിരുന്നു .
അയാളുടെ കണ്ണിലെ വിഷാദഭാവത്തിൽ
യേശുവിന്റെ ച്ഛായ കടംകൊണ്ടിരുന്നു
പക്ഷെ അയാളുടെ വിരലുകൾ
ഒരുസ്വപ്നവും കാണാത്ത
അവളുടെ തലമുടിക്കകത്തെ തലയോടിനെ
പരതിപ്പരതി മുഖവും കടന്ന് കൈകളെ
വലിച്ചെടുത്തുകൊണ്ട് അങ്ങാടിക്കടവിലെ
വറീതിന്റെ നാലുമുറിപീടികയുടെ
പിന്നാമ്പുറ ചായ്പ്പിന്റെ
തണുത്ത കറുത്ത കോണിലേയ്ക്കു പോയ്മറഞ്ഞു .
പാതിനഗ്നമായ ചുമലെല്ലുകൾ
അയാളോട് കുഞ്ഞമ്മിണിക്കുട്ടിയുടെ
കഥകൾ പറഞ്ഞു
അറ്റം കറുത്ത മുലത്തണ്ടുകൾ
അമ്മമ്മയുടെ രോഗം വിവരിച്ചു
എല്ലുന്തിയ നെഞ്ഞിൻ കൂട്
വീട്ടാനുള്ള ചിട്ടിക്കാശു ചോദിച്ചു !
അയാളുടെ അറച്ചു നിന്ന
ആദ്യചുംബനം മാറാല മൂടിയ
തണുത്ത ഭിത്തിയിലേയ്ക്ക്
ഏറ്റിയെറിഞ്ഞ് വിഷാദി ഉയർത്തെഴുനേറ്റു !
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ
അവരെ കല്ലെറിയുക !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !