ചില സ്വപ്നങ്ങൾ വിരിയിക്കാൻ
ഒരു പൂമ്പാറ്റയുണ്ടാകുന്നതുപോലെ
അത്രതന്നെ സൂക്ഷ്മതവേണം ..
ഏതോ മുള്ളിലകൾക്കും താഴെ
ആരുംകാണാതെ സൂക്ഷിച്ചു
സൂക്ഷിച്ചിരുന്ന് മുട്ടകളിടണം
അത് ഉറുമ്പുതിന്നാതെ കിളികൾ
കാണാതെയൊരു യോഗം
അവർക്കുമുകളിൽ കാവൽവേണം
വിരിഞ്ഞുവരുമ്പോൾ പുളച്ചുതിന്നാൻ
പച്ചിലകളുടെ കൂമ്പാരം വേണം
തിന്നുതിന്നുതിന്നു മടുക്കുമ്പോൾ
കയറിക്കിടക്കാൻ കുംഭകർണ്ണനെ-
പ്പോലുറങ്ങാൻ പ്യൂപ്പപോലൊരു
കൊട്ടാരം കെട്ടണം
അതിനുള്ളിലിരുന്നു ലോകത്തുള്ള
സകല നിറങ്ങളെയും മനമുരുകി
ധ്യാനിച്ചുണർത്തണം
ആ ധ്യാനസ്ഥലികളിൽ ചിറകുകളിൽ
വർണ്ണം വരയ്ക്കാൻ നിയതിതന്നെ
തൂലികയുമായെത്തണം
പിന്നെ ഉള്ളിലെ അടരുകൾ തള്ളിമാറ്റി
വെളിച്ചത്തിന്റെ ആദിരൂപത്തിലേക്ക്
ഇതുവരെ ആരും കാണാത്തൊരു
മായാജാലം പോലെ നിറങ്ങളുടെ
മായികമായ വർണ്ണചിറകുകൾ വിടർത്തി
സ്വപ്നമേ നീ സത്യമായിത്തീരണം !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !