Friday, July 7, 2017

"നല്ല കഥ ! തുടരട്ടെ " എന്ന് പറഞ്ഞയാളോട് " "എന്ത് കഥ? " എന്ന് ഞാൻ ചോദിച്ചത് ആക്ഷേപമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് .മറുപടിയായി "your charity works" എന്ന് മറുപടി തന്ന ബഹുമാനപ്പെട്ട ടിയാന്റെ പ്രൊഫൈലിൽ ആദ്യമായി കയറി നോക്കിയ ഞാൻ അദ്ദേഹവും ചാരിറ്റി ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കി .ഉമ്മൻ ചാണ്ടിയുടെ വലതുഭാഗം ചാരി നിൽക്കുന്നു ! പൊന്നുടയതെ ഞാൻ ജീവിച്ചു പൊക്കോട്ടെ എനിക്ക് രാഷ്ട്രീയമില്ല (നിങ്ങൾ ആക്ഷേപിച്ചതല്ല എങ്കിൽ ഇനിമേൽ എഴുതുമ്പോൾ വായിക്കുന്നവന് നോവും എന്നറിയുക )ഞാൻ ഒരു ആക്ടിവിസ്റ്റോ ചാരിറ്റി പ്രവർത്തകയോ അല്ല .അഥവാ ആയിരുന്നെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ അതെഴുതുകയില്ലായിരുന്നു .അഥവാ അതെഴുതാൻ മുതിരുകയായിരുന്നെങ്കിൽ പത്തു വർഷം മുൻപ് ഞാൻ ഇതെഴുതി ഒരു പുളകിണി ആയേനെ ! ഇനി ,

അന്ന് വെറും  തുച്ഛമായ 500 രൂപമതിയായിരുന്നു എനിക്ക് രണ്ടു മാസത്തേയ്ക്കായി ഒരു കുട്ടിക്ക് നൽകാൻ .റൂറൽ ഏരിയയിൽ നിന്ന് ഒരു മാർഗ്ഗവുമില്ലാതെ പഠിപ്പിക്കാനോ ഭക്ഷണം നൽകാനോ വഴിയില്ലാതെ ഓർഫനേജിൽ എത്തിപ്പെട്ട അച്ഛനും അമ്മയുമുള്ള അഞ്ചു കുട്ടികളെയാണ് ഞാൻ പഠിപ്പിച്ചത് .അവർ വെറും സാധാരണക്കാർ പഠിപ്പിക്കുന്ന സർക്കാർ വക സ്‌കൂളുകളിൽ ആണ് പഠിച്ചിരുന്നതും .നിങ്ങൾ ആക്ഷേപിക്കുന്നതുപോലെ അതൊരു ചാരിറ്റി ആയിരുന്നില്ല എന്നെ സംബന്ധിച്ച്. എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്ന ഒരു സുഹൃത്തുമൊന്നിച്ചായിരുന്നു താമസം .അവൾ ജോലിസ്ഥലത്തിനടുത്തായി തനിയെ വീടെടുത്തു മാറണം ഒറ്റയ്ക്ക് ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി .ആ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് സഹനീയമായിരുന്നില്ല .ജോലി കഴിഞ്ഞെത്തുമ്പോഴും അവധി ദിനങ്ങളിലും അതെന്നെ വല്ലാതെ തനിച്ചാക്കി .ബംഗളുരിൽ ഒൻപതു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതം എന്നൊന്ന് ഉണ്ടായിട്ടില്ല .കൂട്ടുകാരുണ്ടെങ്കിലും അവരും മിതത്വം ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു .വല്ലപ്പോഴും ഒരു സിനിമ .കോഫീ ഡേ യിലോ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലോ ഒന്നിച്ചൊരു ഭക്ഷണം .ആരതി വലിച്ചുകൊണ്ടുപോകുന്ന ഷോപ്പിംഗുകളിൽ അവളുടെ ഇഷ്ടങ്ങളിലെല്ലാം അലഞ്ഞു തിരിയിൽ എന്റെ ഏകാന്ത യാത്രകളിലെ കാഴ്ചകൾ എന്നിവയിൽ എനിക്കെന്നെ തളച്ചിടേണ്ടി വന്നു .ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡിസൈനർ ആയിരുന്ന എനിക്കന്നു തുടക്ക ശമ്പളം ഇരുപത്തിഅയ്യായിരം രൂപയാണ് .എന്നെ സംബന്ധിച്ച് അത് വലിയ തുകയാണന്ന്.ഇന്നും !ഈ കാശിൽ നിന്നും വീട്ടുവാടകയായ അയ്യായിരം രൂപയും എന്റെ ഭക്ഷണ വകയിൽ രണ്ടായിരം രൂപയും മാറ്റി വച്ചാൽ ബാക്കി ഞാൻ പതിവുപോലെ വീട്ടിലേയ്ക്കു അച്ഛന്റെ അക്കൗണ്ടിൽ ബാങ്കിൽ അയക്കുകയാണ് പതിവ് .അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അച്ഛയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .എന്റെ കൈയ്യിലുള്ള ഭക്ഷണക്കാശ് മിച്ചം പിടിച്ചിട്ടാണ് ഞാൻ കുട്ടികൾക്കുള്ള  വക കണ്ടെത്തിയത് .അത് തികഞ്ഞില്ലെങ്കിൽ എന്റെ പ്രിയ സുഹൃത്ത് കവിത എന്നെ സഹായിക്കുമായിരുന്നു . സുഹൃത്ത് ആരതി വഴിയായിരുന്നു ഞാൻ ഈ കുട്ടികളെ കണ്ടെത്തുന്നത് .അതിനു കാരണക്കാരി ആയതു മുംതാസ് ഹിരേമണി എന്ന കൂട്ടുകാരി ആയിരുന്നു .പക്ഷെ അവൾ തന്ന ഡീറ്റെയിൽസ് വഴി പോയ  ഓർഫനേജിലെ പ്രവർത്തനങ്ങളും മറ്റും ഇഷ്ടപ്പെടാത്തതിനാൽ അവിടെ നിന്നും പോന്ന എന്നെ ആരതി രംഗസ്വാമി എന്ന എന്റെ എക്സ് സഹപ്രവർത്തകയും ആത്മമിത്രവും കൂടിയായ കൂട്ടുകാരി ഒരു NGO യിൽ എത്തിക്കുന്നത് .അവരുടെ കൈയ്യിൽ നിന്നുമാണ് ഈ കുട്ടികളുടെ വിവരങ്ങൾ അറിഞ്ഞതും  മെമ്പേഴ്സിനെ പരിചയപ്പെടുന്നതും. തുച്ഛമായ ഈ തുക മതിയാകും ഇപ്പോഴും നമ്മുടെ താഴെക്കിടയിൽ ഒന്നുമില്ലാത്ത കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും എഴുത്തു സാമഗ്രികളും വാങ്ങി ലോകത്തെ  അറിയുവാൻ സഹായിക്കാൻ .പക്ഷെ ആ എൻ ജി ഓ നടത്തുവാനുള്ള സാമ്പത്തിക പരാധീനതയാൽ നിർത്തിപ്പോവുകയും  അവർ ദത്തെടുത്തിരുന്ന 25 കുട്ടികളെ ഗവൺമെന്റ് ഓർഫനേജിൽ ആക്കുകയുമാണുണ്ടായത് .അതിനെത്തുടർന്ന് എനിക്കും മുൻപോട്ടു പോകാനായില്ല .ഞാൻ ചെയ്തതിനെ ഒരു ചാരിറ്റി ആയിട്ടല്ല ഞാൻ പറഞ്ഞത് .അതങ്ങനെ അല്ല ..കുറച്ചു കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മാത്രമായിരുന്നു അത് .കർണാടകയുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കേരളത്തിലേതിനേക്കാൾ പരിതാപകരമായിട്ടാണ് അന്നെനിക്ക് തോന്നിയത് .വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കൾ ,ഒരു വീട്ടിൽ മിനിമം നാല് കുട്ടികളെങ്കിലും !ഭക്ഷണമില്ല ,ജീവിക്കാനുള്ള ചുറ്റുപാടുകളില്ല .ചാണക വരളി ഉണക്കിയെടുത്ത അടുപ്പു കത്തിക്കുന്ന ചായ്പുകളിൽ  ഗോതമ്പോ അരിപ്പൊടിയോ നനച്ചു ചുട്ടെടുത്ത റൊട്ടികൾ വെയിലത്തിട്ടുണക്കി ചാക്കിൽ കെട്ടിവച്ചതാണ് ഭക്ഷണം .കുട്ടികൾ അതുണ്ടെങ്കിൽ നാലുനേരവും അത് കടിച്ചുപറിച്ചു തിന്നു വെള്ളവും കുടിക്കും .അതുപോലുമുണ്ടാകില്ല മിക്കപ്പോഴും.അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട് .

സുഹൃത്തേ അല്ല ,സുഹൃത്തുക്കളെ  നിങ്ങളിൽ എത്രയോ പേർ ധനികരാണ്. നിങ്ങൾക്കെല്ലാം ആലോചിക്കാവുന്നതാണ് നിങ്ങൾ ഒരുനേരം നല്ലൊരു ഹോട്ടലിൽ ഭക്ഷണത്തിനു ചിലവാക്കുന്നത് മതിയാകും ആ കുഞ്ഞുങ്ങളെപ്പോലുള്ള പല കുട്ടികൾക്കും ഒരു വർഷം പഠിക്കുവാനായിട്ട് . ചിലതെല്ലാം നെഞ്ചിലുണ്ട് ..ചെയ്യാൻ കഴിയുമായിരിക്കും ! നിശബ്ദമായൊരു പ്രാർത്ഥന നിയതിയോടുണ്ട് എപ്പോഴും ! പിന്നെ സുഹൃത്തേ താങ്കളുടെ ക്ഷമാപണം ഉൾക്കൊണ്ടുകൊണ്ട് തന്നെ, ഞാൻ ഇതെല്ലാം വച്ച് കഥ തന്നെയെഴുതാം വെറും കഥയല്ല നല്ല തിരക്കഥ ഒന്ന് .





No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...