Saturday, December 29, 2012

ദൈവമേ കൈതൊഴാം
കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം 
-എന്ന് ഒരു മരിച്ചു പോയൊരു പെണ്‍കുട്ടി 

Friday, December 28, 2012

ഒരു പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ അത് ചെയ്തവര്‍ക്കുള്ള ശിക്ഷ വിധിക്കാനുള്ള  പ്രജ്ഞ അവള്‍ക്കില്ലെങ്കില്‍ അതിനേറ്റവും അര്‍ഹത അവളുടെ അമ്മയ്ക്കാണ് ,അവളെ ശാരീരികവും മാനസികവും ഹൃദയപരവുമായി ഏറ്റവും അടുത്തറിയാന്‍ പറ്റുന്നത് അവളുടെ എല്ലാ വികാരങ്ങളുമുള്ള ആ സ്ത്രീയ്ക്ക് മാത്രമാണ്..(സംശുദ്ധിയുള്ള അമ്മയെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്, മകളെ വില്‍ക്കുന്നവളെപ്പറ്റിയല്ല  )അമ്മയില്ലാത്തപ്പോള്‍ അത് അച്ഛന് നല്‍കാം ..അതില്‍ വേറൊരു കോടതിയ്ക്കും നിയമത്തിനും നല്‍കാന്‍ കഴിയില്ലാത്ത നീതിയുണ്ട് !(ഏതു തരത്തിലുള്ള മരണമാണെന്ന് മാത്രം സ്വീകരിക്കേണ്ടവര്‍ക്ക് ചിന്തിക്കാം )

Thursday, December 27, 2012

അക്ഷരം!


എനിക്കൊന്നും പറയാനില്ല !
ഞാന്‍ സിംഹമെന്നു നടിക്കുന്ന
കവിയോട്..ലേഖകരോട്..എഴുത്തുകാരോട്. .
അവിടെ ,
ഞാന്‍ വെറുമൊരക്ഷരം !
എനിക്ക് പലതും പറയാനുണ്ട് !
ഞാനൊന്നുമല്ലെന്നു നടിക്കുന്ന
ശ്രോതാവിനോട്..അനുവാചകരോട് ..അറിവിനോട്..
അവിടെ,
ഞാന്‍ കഥയും കവിതയും സംഗീതവും
സ്നേഹവുമാണല്ലോ !

Wednesday, December 26, 2012

പറന്നു പോകുന്നൊരു തുമ്പി!!


ആകാശം നിറയെ മേഘക്കിടാവുകള്‍
വാനില്‍ നിറം മാറ്റുന്ന ഇന്ദ്രജാലം !
ഇങ്ങുതാഴെ സ്വപ്നം നിറയുന്ന
രണ്ടു കുഞ്ഞിക്കണ്ണുകള്‍..
എനിക്ക് കണ്ണീരൊഴുകുന്നു..
നിങ്ങള്‍ സ്വപ്നങ്ങള്‍ക്ക്
വിശുദ്ധി തേടുന്നവര്‍!!

എന്‍റെ കാതില്‍ കടലിരമ്പം ..
ഞാന്‍ കടലില്‍ മുഖം ചെര്‍ത്തുറങ്ങുന്നവള്‍..
ആ തിരയിലൂഞ്ഞാലാടി എന്‍റെ
ഹൃദയം പോയ്മറയുന്നു.. !

നീ വേദനിപ്പിക്കാതെ മുറിവേല്‍പ്പിക്കുക
എന്‍റെ തണ്തണുത്ത നാഡിയിലൂടെ
പതഞ്ഞ്ഴുകുന്ന  നിന്‍റെ ക്രൂരാവേശം
എനിക്ക് തണുക്കുന്നു !

കാക്കത്തൊള്ളായിരം കഥകളില്‍
ഭ്രമിച്ചുറങ്ങിയ ഇന്നലെകള്‍..
ഞാന്‍ രാജകുമാരി..എന്‍റെ
വര്‍ണ്ണ ഉടുപ്പുകള്‍..മഞ്ഞു മൂടിയ
മലനിരകള്‍..നീ എന്നെ ഒരു ചുംബനത്താല്‍
ഉണര്‍ത്തിയ സുന്ദരന്‍..!

ഹോ ആര്‍ക്കിമിഡീസ്
നീ കണ്ടെത്തിയത് എനിക്കിനിയും
കണ്ടെത്താനായിട്ടില്ല !
അസ്ഥിരമായ എന്‍റെ ഓര്‍മ്മകളില്‍
നിനക്ക് പ്രഥമ സ്ഥാനം..!

ഓ.. ഹാ ഞാന്‍ പറന്നു
പോകുന്നൊരു തുമ്പി!!
എന്‍റെ ചിറകില്‍ പറ്റിയിരി-
ക്കുന്നൊരു പ്രഭാതം !

ആകാശം നിറയെ
തുള്ളികുത്താനിടമില്ലാത്തിടത്തോളം
നക്ഷത്രങ്ങള്‍..!
അതിനും പിറകില്‍
തിരിച്ചുകിട്ടാത്ത അതേ നീല വാനം !

എന്‍റെ ഉടലിനെ തൂത്തെറിഞ്ഞ
ഉന്മാദ നൃത്തം !!
പ്രപഞ്ചത്തിലെല്ലാം ഞാന്‍..,
ഞാന്‍ മാത്രം !!

നീ പകര്‍ന്നു തന്ന മുളന്കുഴല്‍
സംഗീതത്തില്‍ ഞാന്‍ ബാംസുരി!
ഒഴുകിപ്പോകുന്ന വൃന്ദാവന സീമകള്‍..
നീ കണ്ണന്‍..കള്ളന്‍ !

 ഈ കട്ടിലില്‍,
ഒരിക്കലും എഴുനേല്‍ക്കാനാകാതെ
തളര്‍ന്നുപോയൊരെന്‍റെ
തണുതണുത്ത ഉടലിനു
ഇനിക്കാണുവാന്‍
കിനാക്കളെത്ര  ബാക്കി!!   


Monday, December 24, 2012

ഒരു സ്ത്രീ പറയുന്നത്..

ഇനി സ്ത്രീ പക്ഷത്തു നിന്നും ഞാന്‍ സംസാരിക്കാം ..പീഡിപ്പിക്കാനും പീഡിപ്പിച്ചവര്‍ക്കെതിരെ അണിനിരക്കാനും എല്ലാം പുരുഷന്മാരുള്ള ഈ കാലത്ത്, ആര്‍ക്ക് ആരെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം എന്നറിയില്ലാത്ത ഈ കാലത്ത്, സ്വ സഹോദരന്മാര്‍ കളിക്കും ബലം പ്രയോഗിച്ചും സഹോദരിയെ പ്രാപിക്കുന്ന ഈ ലോകത്ത്, സ്വന്തം അച്ഛന്‍ ഭോഗിക്കുവാനായി മാത്രം വീടിനു താഴെ നിലവറ പണിതു കെട്ടിയിട്ട് ഭോഗിച്ചു ഭോഗിച്ചു അതില്‍ കുഞ്ഞുങ്ങളുണ്ടായി കെട്ടിയിടപ്പെട്ട നിലയില്‍ തിന്നുകയും,കുടിക്കുകയും,പ്രസവിക്കുകയും ചെയ്ത് മരിക്കാന്‍ പോലും അവകാശമില്ലാതെ, ഒരു ജന്മം മുഴുവന്‍ വെറും ജീവനുള്ള ജഡമായി ജീവിക്കേണ്ടി വരുന്ന അല്പ്പപ്രാണികളുള്ള  ഈ ലോകത്ത് എവിടെച്ചെന്നു കിട്ടും നീതിയെന്നാണ് എല്ലാവരുമീ പറയുന്നത് ??!

മൃഗ വാസനയാണ്,ജെനിറ്റിക്കല്‍ ഡിസോര്‍ഡറാണ്,മണ്ടാന് മങ്ങിണിയാണ് എന്ന് പറഞ്ഞു എല്ലാരും ആര്‍ത്തലയ്ക്കും! നീതിയ്ക്കു വേണ്ടി പരക്കം പായും ,കൂട്ടം തിരിഞ്ഞു മെഴുകുതിരി കൊളുത്തും ,പ്രാര്‍ഥിക്കും ,നിയമ ഭേദഗതി വരുത്തും! എന്നിട്ടെന്തു സംഭവിക്കും ? മാസം നാല് തികയും മുന്‍പേ സംഗതി കെട്ടാറി  വെറും ചാരം മൂടിയ ഓര്‍മ്മകളാകും. എല്ലാവരും തിരിഞ്ഞിരുന്നു ചാറ്റ് ചെയ്യും ,ജോഗ്ഗിങ്ങിനു പോകും, പട്ടിയെക്കുളിപ്പിക്കും ,ഉണ്ണും ഉറങ്ങും ജനിക്കും,മരിക്കും ഭോഗിക്കും ..!പെണ്ണ് വീണ്ടും അതേ പെണ്ണായി മൂക്കും മുലയും വളര്‍ന്നു ചില പുരുഷന്‍റെ പീഡിത ആയി അവശേഷിക്കും !

എവിടെയാണ് നമുക്ക് തെറ്റുന്നത് ?ഞാനുള്‍പ്പടെ സ്ത്രീകള്‍ എത്രകണ്ട് ഉപദേശങ്ങളുടെ,കളിയാക്കലുകളുടെ,വേദനിപ്പിക്കലിന്റെ,ആക്ഷേപങ്ങളുടെ ,തോണ്ടലുകളുടെ,ആഭാസങ്ങളുടെ ഇരകളാകുന്നുണ്ട് ?ഉന്നത അര്‍ബന്‍ ജീവിതങ്ങളെ മാറ്റി നിര്‍ത്തിയാല്‍(അവരുടെ പറുധീസയില്‍ ഉറുംബരിക്കാറില്ല ) മദ്ധ്യ വര്‍ഗം തൊട്ടു താഴേയ്ക്കുള്ള പെണ്‍കുട്ടികളില്‍/സ്ത്രീകളില്‍ പൊതു നിരത്തുകളിലൂടെ നടക്കുമ്പോള്‍ അസഭ്യം കേള്‍കാത്ത സ്ഥാനങ്ങളില്‍ (അസ്ഥാനമില്ല തന്നെ! ) തോണ്ടോ പിച്ചോ കിട്ടാത്ത എത്ര പേരുണ്ടാകും ?? ടി സഹോദരിമാരെ നമുക്ക് തോണ്ടുവാന്‍ തോന്നാത്തതെന്ത്?? (exceptional കേസ് ഇവിടെയില്ലെന്നല്ല )

വളര്‍ത്തു ദോഷം എന്ന് നമ്മള്‍ പറയുമ്പോള്‍ തന്നെ അത് പുരുഷന്മാരെ മാത്രം വളര്‍ത്തുന്നതിന്‍റെ ദോഷമല്ല .പെണ്‍കുട്ടികള്‍ ഋതു ആയിക്കഴിയുമ്പോള്‍ ഇപ്പോഴും പല വീടുകളിലും അവരെ തൊടാന്‍ പാടില്ലാത്ത അസംസ്കൃത വസ്തുവിനെപ്പോലെ ദൂരെ മാറ്റി ഒരു പായോ തലയിണയോ നല്‍കി ഒഴിവാക്കുന്നത് കാണാം !!തിന്നുവാനും കുടിക്കുവാനും വേറെ പാത്രങ്ങള്‍ !!അവള്‍ തൊടാന്‍ പാടില്ല ,അവളെ കാണാന്‍ പാടില്ല !നാല് കഴിഞ്ഞു കുളി കഴിഞ്ഞാല്‍ അവളെ തൊടാം,പിടിക്കാം,ഉമ്മ വയ്ക്കാം ..ബലാല്‍ക്കാരം ചെയ്യാം !ഇതിനു നേതൃത്വം കൊടുക്കുന്നത് സ്വന്തം അമ്മമാരും !! പണ്ട് തുണി ഉണ്ടാകുന്നതിനും മുന്‍പ് ഋതു ആകുമ്പോള്‍ വരുന്ന രക്തത്തെ എല്ലായിടവും പരത്താതിരിക്കുവാന്‍ ബുദ്ധിമതിയായ ഏതോ ഒരു പെണ്ണ് പറഞ്ഞു കാണും നമുക്ക് ഒരു സ്ഥലത്ത് സ്വസ്ഥമായി ഈ പ്രവാഹം നിലയ്ക്കുന്നതു വരെ ഇരിക്കാം എന്ന്.ആ ഇരുപ്പിനെ തൊടാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതും ആയി മാറ്റിയതിനു ഹേതു ഈ പെണ്ണുങ്ങള്‍ തന്നെയാണ് ..അവര്‍ തന്നെ അവര്‍ക്ക് ബലിയിട്ടു ! (ആണുങ്ങള്‍ മാസം തോറും വളര്‍ന്നു വരുന്ന ഒരേ ഒരു ബീജത്തിന്‍റെ തന്ത ആയിരുന്നെങ്കില്‍.. ഈ മാസമുറ അവരിലും ഉണ്ടായിരുന്നെങ്കില്‍.. ഒരു കാലഘട്ടത്തില്‍ ഒരു ബലാല്‍സംഗം എന്നായി ഒരു പക്ഷെ ഇത് കുറഞ്ഞിരുന്നേനെ എന്ന ബാലിശമായൊരു തോന്നലില്‍ ഞാന്‍ കുളിര്‍ക്കുന്നു ! )ഈ പാടില്ലയ്മകള്‍ കൂടിക്കൂടി അച്ഛനെ കാണുമ്പോള്‍ ഓടി ഒളിക്കണം അമ്മാവനെക്കാണുമ്പോള്‍ എഴുനേറ്റു തൊഴണം അടുക്കള കാണുമ്പോള്‍ അമ്പലമാക്ക്ണം .സഹോദരന്റെ വിഹിതം കൂടി നീ പാത്രം മോറണം ,തുണി കഴുകണം,വച്ച്ണ്ടാക്കണം ,വിളംബിക്കോടുക്കണം ,എച്ചില്‍ വാരണം എന്ന് തുടങ്ങി നൂറു നൂറു സംഗതികള്‍ വളര്ച്ചയുടെ കൂമ്പ് പൊടിയുംബോള്‍ തൊട്ടു പെണ്മക്കളുടെ തലയിലിറ്റിച്ചു കൊടുക്കുന്നത് സ്വന്തം അമ്മമാര്‍ തന്നെയാകും !ഇതിനു ഒരു അപവാധമുണ്ടെങ്കില്‌ ആ അമ്മയെ 'തേവിടിച്ചി അവള്‍ ഒരു നിഷേധി യാണ് മകളെ പഠിപ്പിച്ചിരിക്കുന്ന കണ്ടോ !!ആ കൊച്ച് എന്‍റെ മോനോട് പറഞ്ഞു നീ തിന്ന പാത്രം കഴുകാന്‍ !!യെവളെയൊക്കെ ഒരു കുടുമ്മത്ത് കേറ്റാന്‍  കൊള്ളുമോ ?? ' എന്ന് ആര്‍ത്തലയ്ക്കുന്നതും ഈ അമ്മമാര്‍ തന്നെയാകും !!
എങ്ങനെ മാറും ഈ സംസ്കാരം പിന്നെ ??  

ഇനി പുറത്തു നിന്നും നാല് ആണ്‍കുട്ടികളുടെ കൂടെ കണ്ടാലോ ?'ആരാടീ അവന്‍..' ആങ്ങളയും അച്ഛനും അമ്മയും എല്ലാവരും രംഗത്ത് !കഷ്ടപ്പെട്ടു പഠിച്ചു ദൂരെ എവിടെയെങ്കിലും ഒരു ജോലികിട്ടി അതിനു പോകുവാനുള്ള ആര്‍ത്തിയില്‍ ചോദിച്ചാലോ ?നീ അവിടൊക്കെപ്പോയി ജോലിചെയ്താല്‍ കല്യാണം കഴിക്കാന്‍ ആരേലും വരുമോ?അഥവാ വന്നാലും പുറത്തോക്കെപ്പോയി ജോലി ചെയ്തകൊണ്ട് കൂടുതല്‍ സ്ത്രീധനം ചോദിക്കും !! (അങ്ങനെയുള്ള കൊന്തനെ എനിക്ക് വേണ്ട ,ആരും വന്നില്ലെങ്കില്‍ വരേണ്ട എന്ന് പറയാനുള്ള ധൈര്യത്തെ വരെ അടച്ചു മൂടി വയ്ക്കുകയാണീ പെണ്‍ജന്മങ്ങള്‍! ആര് വായിട്ടലച്ചാലും എവിടെ നന്നാകാന്‍??) തുല്യത എന്ന് എത്രയൊക്കെ ആക്രോശിച്ചാലും ഏതു മൃഗങ്ങളിലും ഉള്ള സഹാജവാസനയായ ആണ്മേല്‍ക്കൊയ്മ ഇവിടെയും ഉണ്ടാകും.അതൊരു തെറ്റാല്ലാത്തിടത്തോളം കാലം ഒരു സ്ത്രീയും അതിനെ കുറ്റപ്പെടുത്തില്ല അത് തീര്‍ച്ച !

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നമ്മുടെ തലമുറ മുതലെങ്കിലും ഒരുപോലെ വളര്‍ത്തു ..നിനക്കുള്ള അതെ സ്വാതന്ത്ര്യം അതെ ഭക്ഷണം,അതെ നിലവാരം അതെ ചുറ്റുപാട് എല്ലാം നിനക്കുമുണ്ടെന്നു അവനോടും അവളോടും ഒരുമിച്ചു പറയൂ .അവരെ ഒരുമിച്ചു സ്വയം പര്യാപ്തരാക്കൂ ..അറിവുള്ള നാമുള്‍പ്പെടുന്ന തലമുറ, ചേരികളിലും  മറ്റു പാവപ്പെട്ട ആള്‍ക്കാര്‍ തിങ്ങിപ്പര്‍ക്കുന്നിടങ്ങളിലും,ഗ്രാമങ്ങളിലും,വീട് വീടാന്തരവും  ബോധവത്ക്കരണ ക്യാമ്പുകളും campaign കളും സംഘടിപ്പിച്ചാല്‍ ..ഒരു ചെറിയ പരിധിവരെ മാറ്റം വന്നേയ്ക്കും..ഈ മാറ്റം ഒരു തുടര്‍ച്ച ആകുമ്പോള്‍ ഒരുപക്ഷെ അടുത്തൊരു തലമുറയില്‍ അന്വോന്യം തിരിച്ചറിവുള്ള, 'നീ ഒരു പെണ്‍കുട്ടി, എന്‍റെ കാമം തീര്‍ക്കാനുള്ള വസ്തു അല്ല..'എന്നത് ഒരു പക്ഷെ അവന്‍ തിരിച്ചറിയുമായിരിക്കും.

Sunday, December 23, 2012

മരണം !


മനുഷ്യന്‍ മനുഷ്യനായ്ത്തീരുന്ന
വേളതന്‍ മതിഭ്രമമാണ് മരണം !

ഞാനിന്നുരിഞ്ഞിട്ടു പോകുന്ന
മാത്ര തന്‍
ഞാണൊലിയാണ് മരണം !

അന്തിയില്‍ താഴുന്ന
സൂര്യന്‍റെ നേര്‍ത്ത കിരണം
പോലെന്‍ മോഹ മരണം

കാറ്റത്തു പാറുന്ന
കരിയിലക്കൊഞ്ചലിൻ 
ഈണമാണിന്നും മരണം

മാറാത്ത പീഡതൻ
വേദന പോകുന്ന
നേരമാണെന്നും  മരണം

മന്മദ മോഹന മാണിക്യ
വീണതന്‍
മര്‍മ്മരമാണ് മരണം

ഞാനെന്ന ഭ്രാന്തു നിലയ്ക്കുമ്പോൾ
നീ ചിരിച്ചോതുന്ന
വാക്കു തന്നാണു മരണം ! 




Saturday, December 22, 2012

പ്രണയിക്കുന്നത്‌ ..


ഒരു ചിരിയിലെന്നെത്തുറക്കുവാന്‍
ഒരു തിരിയിലെന്നെത്തെളിക്കുവാന്‍
ഒരു കണ്ണിലൊന്നിച്ചു കാണുവാന്‍...
 

Thursday, December 20, 2012

ജീവതൃഷ്ണ !


കുട്ടി ഫ്രിഡ്ജ്‌ വലിച്ചു തുറന്ന് ക്രുദ്ധനായി ഉള്ളിലേയ്ക്ക് നോക്കി .ഉടഞ്ഞ സ്ക്വാഷിന്റെ അടപ്പവന്‍ തട്ടിമാറ്റിയപ്പോള്‍ പരന്ന മണം ചീമുട്ടയെ വെല്ലുന്നതായിരുന്നു !മുട്ടയുടെ കുഴിയന്‍ പാത്രത്തില്‍ രണ്ടു മുട്ടകള്‍ ജീവന്‍ കൈയിലെടുത്ത് പേടിയോടെ ഒതുങ്ങിപ്പതുങ്ങി അവനെ നോക്കി ഇരുന്നിരുന്നു .അവന്‍റെ കൈയ്കള്‍ അതിവേഗത്തില്‍ അടഞ്ഞിരുന്ന പാത്രങ്ങളില്‍ പരതിക്കൊണ്ടിരുന്നു ,അപ്പോഴെല്ലാം വിവരിക്കാന്‍ വയ്യാത്ത വാടകള്‍ ആ മുറിയെ കൂടുതല്‍ കൂടുതല്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു.അവസാനം തുറന്ന പാത്രത്തിലേയ്ക്ക്  അവന്‍ ഓക്കാനിച്ചു കുനിഞ്ഞു: ബ്ഹാ ..ഗ്ല ..ക്

ഫ്രിട്ജവന്‍ ആകാവുന്നാത്ര ശക്തിയില്‍ വലിച്ചടച്ചു.അതിനു മുകളില്‍ വച്ചിരുന്ന കേടുവന്ന റ്റൈം പീസ്‌ ഉച്ചത്തില്‍ അലാറമടിച്ചു :ക്രീീീീീീീീീന്‌ !!!

ഞെട്ടിപ്പോയ കുട്ടി അതെടുത്തു നിലത്തടിച്ച് തന്‍റെ കട്ടിക്കണ്ണടയുടെ സ്റ്റൈലന്‍ ഫ്രെയിം മൂക്ക് തുളയും വിധം അമര്‍ത്തിത്തള്ളി, വീര്‍ത്തുരുണ്ട മുഖത്തേയ്ക്കു പാറി വീണ മുടി മാടിയൊതുക്കി പുറം കൈ കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.പിന്നെ ത്രീ ഫോര്‍ത്ത് പാന്‍സിന്റെ തൂങ്ങിക്കിടക്കുന്ന പല വള്ളികളിലൊന്നില്‍ കൈ കുരുക്കി വലിച്ചു തിരിഞ്ഞു രൂക്ഷമായി അവരെ നോക്കി !

ശ്രീധറിന്റെയും സജീവന്റെയും ചങ്ക് തുളച്ച് ആ നോട്ടം പുറത്തേയ്ക്ക് ചീറിപ്പോയി !അവര്‍ക്ക് അവനെ നേരിടാന്‍ ഭയം തോന്നി.കുട്ടി വലതു വശത്തിട്ടിരുന്ന കസേര കാലുകൊണ്ട്‌ തൊഴിച്ചു മാറ്റി മുറിയില്‍ തലങ്ങും വിലങ്ങും കിടന്നിരുന്ന തുണികള്‍ ചവുട്ടിമെതിച്ച് അവര്‍ ഇരിക്കുന്നിടത്തെയ്ക്ക് വന്നു.
അവര്‍ പുറത്തു നിന്നും വാങ്ങി വന്ന നാല് ഡോളറിന്റെ ബര്‍ഗര്‍ കുട്ടിയെ നോക്കി ഒരു വഷളച്ചിരിയോടെ  ആവി പറത്തി ..കുട്ടി അത് ശ്രദ്ധിക്കാതെ അവരെക്കടന്നു പുറത്തേയ്ക്ക് പോയി.അവന്‍റെ വയറിനുള്ളില്‍ നിന്നുമുയര്‍ന്ന ഗുറോ ..ഗുറോ ശബ്ദങ്ങള്‍ അവരെ കൂടുതല്‍ പേടിപ്പിച്ചു.

അവരുടെ സ്വകാര്യ സ്വത്തായിരുന്നു അപരിചിത നാട്ടിലെ ആ മുറി ,പക്ഷെ അവരെ ഞെട്ടിപ്പിച്ച്കൊണ്ട് ഒരു ദിവസം അവരുടെ വീട്ടുടമ ആ മുറിയിലേയ്ക്ക് സാധങ്ങള്‍ ഓരോന്നോരോന്നായി കൊണ്ടിടുവാന്‍ തുടങ്ങി .
ആദ്യം ഫ്രിഡ്ജിന്റെ നീലവെളിച്ചം അവരെ സന്തൊഷിപ്പിച്ചുകൊണ്ട് കടന്നു വന്നു. പിന്നീട് മേശ, കസേര, പാത്രങ്ങള്‍, കാര്‍ബോര്‍ഡ്   പെട്ടികള്‍, അലമിറ, ചെക്കന്‍റെ ട്രൌസറുകള്‍,ജെട്ടികള്‍,നൈറ്റ്‌ ഗൌണുകള്‍,ബ്രാകള്‍, കൗപീനം പോലെ നീളന്‍ വാലുകളുള്ള തിരിച്ചറിയാന്‍ പറ്റാത്ത തുണിത്തരങ്ങള്‍, നീളന്‍ കോട്ടുകള്‍,നാറുന്ന കാലുറകള്‍ അങ്ങനെ അങ്ങനെ ആ മുറി നിറഞ്ഞ് കവിഞ്ഞു.
വാടകയ്ക്ക് എടുത്തതാണോ എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത വിധം  അവരെ ജനാലകളില്ലാത്ത ആ മുറി അമര്‍ത്തിപ്പിടിച്ചു.പഠിക്കുവാന്‍ പോകാന്‍ മാത്രം കൈയില്‍ക്കിട്ടുന്ന സ്കൊളെര്‍ഷിപ് എന്ന മഹാ ധനത്തില്‍ നിന്നും ആളോഹരി കൊടുത്ത് അവര്‍ വാചകമടിച്ചു നേടിയെടുത്തതാണീ മുറി.വേറൊന്നു തേടിപ്പിടിക്കാന്‍ ഇതിലും കുറവ് വാടകയുള്ള ഒരു വീട് പോലും ആ നഗരത്തില്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ
'sorry for the disturbances 'എന്ന് കിളിമൊഴിഞ്ഞ്  ഷമ്മി മദാമ്മ കടന്നു കയറി  അവരുടെ സ്ഥാവര ജന്ഗമ വസ്തു വകകള്‍ അവിടെത്തട്ടുമ്പോള്‍ നെഞ്ജത്തുരുണ്ട് കയറുന്ന കോപം ഒരു ചെറു ചിരിയുടെ അകമ്പടിയോടെ  'with pleasure madam ' ആയി പുറത്തു വന്നുകൊണ്ടിരുന്നു! ഇതിനൊക്കെപ്പുറമെ അവരുടെ മകന്‍ ആ അസുരവിത്തിന്റെ പ്രകടനം ആയിരുന്നു  ഏറേ വെറി പിടിപ്പിക്കുന്ന ഘടകം.

ഇതൊക്കെപ്പോരാഞ്ഞിട്ട് അന്നവര്‍ ക്ലാസ്സ്‌ കഴിഞ്ഞു മുറിയിലേയ്ക്ക് വന്നപ്പോള്‍ കണ്ട കാഴ്ച അതി ഭീകരമായിരുന്നു .അവര്‍ക്ക് ആ മുറിയിലുണ്ടായിരുന്ന ഒരേ ഒരു ആഡംബരമായിരുന്ന  bathroom കം toilet ഇടിച്ചു പൊളിച്ചിട്ടിരിക്കുന്നു ! അതില്‍ നിന്നുമുള്ള പൊട്ടിയ ഷൊവെര്‍,കമ്പി, കട്ട മുതലായവയെല്ലാം മുറിയുടെ ഒരു മൂലയില്‍ കൂട്ടി ഇട്ടിരിക്കുന്നു  !!
ഇങ്ങേ മൂലയ്ക്ക് പ്രതിഷ്ഠിച്ചിരുന്ന അവരുടെ ഏകമുഖ ഗ്യാസ് സ്റ്റവ് നു മുകളില്‍ പലക നിരത്തിയിരിക്കുന്നു ! അതില്‍ മുഴുവന്‍ കഴുകി ആറാനിട്ടിരിക്കുന്ന  ഷമ്മി മദാമ്മയുടെ പാന്റീസ് കള്‍..പല നിറത്തിലും തരത്തിലും പൂക്കളിലും അവ അവിടമാകെ ഒരു മുശ്ട് വാട പരത്തി നനഞ്ഞ് തരളിതകളായി കിടന്നിരുന്നു !
സജീവനും ശ്രീധറിനും കിടക്കുവാനുള്ള കിടക്കകള്‍ ഭിത്തിയില്‍ കുത്തിച്ചാരി വച്ചിരുന്നു ,അത് കിടന്നിരുന്ന സ്ഥലത്തുംകൂടി മദാമ്മ  തുണികള്‍ ഉണങ്ങുവാനായി വിരിച്ചിട്ടിരിക്കുന്നു !
ശ്രീധറും സജീവനും ഒരു കോല് കൊണ്ട് അത് തള്ളി മാറ്റി അവരുടെ കിടക്കകള്‍ പാകമാകും വിധത്തില്‍ രണ്ടു ചതുരക്കള്ളികള്‍ ഉണ്ടാക്കിയെടുത്ത് അതിലേയ്ക്ക് കിടക്കകളെ പായ്ക്ക് ചെയ്തു !ഒന്ന് നടു നിവര്‍ത്താന്‍ പെട്ട പാടേ !!
'എങ്ങനെ കുളിക്കേം കക്കൂസില്‍ പോകേം ചെയ്യുമെടാ സജീ ??'
പൊളിഞ്ഞു കിടക്കുന്ന കുളിമുറിയിലെയ്ക്ക് ചങ്കിടിപ്പോടെ നോക്കി ശ്രീധരന്‍ ചോദിച്ചു .
'ആ..ആ മുടിഞ്ഞ തള്ള വരട്ടെ നാല് തെറി പറഞ്ഞിട്ട്തന്നെ കാര്യം..ഇങ്ങനേമുണ്ടോ ആള്‍ക്കാര് ..ഗതികെട്ടവന്റെ തലയില്‍ കല്ലുമഴ പെയ്തപോലാണല്ലോ കാര്യങ്ങള്‍ !!'സജീവന്‍ പുകഞ്ഞു തുടങ്ങി .
കൈയിലൊരു കൂറ്റന്‍ ഭക്ഷണപ്പൊതിയുമായി  ഷമ്മി മദാമ്മയുടെ ഭര്‍ത്താവ് അത് വഴി വന്നു.അയാള്‍ക്ക്‌ ആ നാടിന്‍റെ ഭാഷ കൂടാതെ  പിന്നെ തിന്നുവാനും മാത്രമേ അറിയുമായിരുന്നുള്ളൂ .ഒരു ജോലിയും അയാള്‍ ചെയ്തു കണ്ട ഓർമ്മ  അവര്‍ക്ക് രണ്ടു പേര്‍ക്കുമില്ല.ഏകദേശം ആറര അടി പൊക്കം വരുന്ന ഒരു ഭീമാകാര രൂപം !നീണ്ട കോട്ടും നീളന്‍ ബൂട്സുകളും അയാളെ കൂടുതല്‍ ഭീകരനാക്കിയിരുന്നു.
എവിടെനിന്നോ അലച്ചു വന്ന കുട്ടി ഭക്ഷണപ്പൊതി തട്ടിപ്പറിച്ചെടുത്ത് അവരുടെ മുറിയിലെ മേശപ്പുറത്തെയ്ക്ക് ചാടിക്കയറി ഇരുന്നു വലിച്ചു വാരി  തീറ്റ തുടങ്ങി !ടര്‍ക്കിക്കോഴിയുടെ തുട എല്ലുകള്‍ ചെക്കന്‍റെ വായിലിരുന്നു ഞെരിഞ്ഞമര്‍ന്നു കരഞ്ഞു :
'ക്ടപ് ..കിര്‍..സ്ലും ..ഗ്ലക് !'

സജി വാച്ചിലെയ്ക്കും ചെക്കനേയും നോക്കിയിരുന്നു ..അഞ്ചു മിനിട്ട് ഒന്‍പതു സെക്കന്റ്‌ കൊണ്ട് ചെക്കന്‍ ഒരു ടര്‍ക്കിക്കോഴിയെ മുഴുവനായി അമുക്കി !ശേഷം ഫ്രിഡ്ജ്‌ വലിച്ചു തുറന്ന്  ആ കറുകറുത്ത കൊക്കക്കോള കുപ്പിയോടെ കമിഴ്ത്തി,ചുണ്ടു  തുടച്ചു വലിയൊരു ഏമ്പൊക്കം വായുവിലേയ്ക്ക്‌ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി !അവന്‍ ഇരുന്ന മേശയ്ക്കു താഴെ എല്ലിൻ കഷ്ണങ്ങള്‍ ചതഞ്ഞരഞ്ഞു ചിതറിക്കിടന്നു..ആ ഭീമാകാരനും കുട്ടിയും അവരുടെ മുറിയില്‍ കടന്നു വാതിലടച്ചു .

ശ്രീധറിന് കൊച്ചുകുട്ടികള്‍ കരയും പോലെ ഉറക്കെ നിലവിളിക്കാന്‍ തോന്നി..അവന്‍ വൃത്തിയുടെ വരുതിയില്‍ അമര്‍ന്നുപോയ അവന്‍റെ അമ്മയുടെ നിലാവ് വീണ മുഖം ഓര്‍മയില്‍ നിര്‍ത്തി അവിടെ മുഖം ചേര്‍ത്തു കിടന്നു.
ഷമ്മി മദാമ്മ കൈയില്‍ ഒരുകെട്ട്‌ ഷോപ്പിന്‍ ബാഗുകളുമായി ഏന്തി വലിഞ്ഞു കടന്നു വന്നു ..അവരുടെ തടിച്ച നിതംബം കുലുങ്ങിക്കുലുങ്ങി വീണു പോകുമെന്ന് തോന്നും വിധം അവര്‍ ശക്തിയായി ശ്വാസം വിടുന്നുണ്ടായിരുന്നു ..'ഹായ് സീടരാ..'
അവര്‍ സന്തോഷത്തോടെ അയാളെ അഭിവാദനം ചെയ്തു .
മുഖം ആകുന്നത്ര കനപ്പിച്ചു അയാള്‍ അവരെ തിരിച്ചും :
'ഹായ് മം '
പിന്നീടൊരു പൊട്ടിത്തെറി ആയിരുന്നു ;
'ഞങ്ങള്‍ക്ക് നിങ്ങള്‍ മുറി വാടകയ്ക്ക് തന്നപ്പോള്‍ ഇതൊന്നും പറഞ്ഞിരുന്നില്ല ..ഇതെന്താ പന്നിക്കൂടോ ?ഞങ്ങള്‍ക്ക് അഡ്വാന്‍സ് തിരിച്ചു തരൂ ഞങ്ങള്‍ പോകട്ടെ '
'see mr .seedar,ഞാനൊരു പാവം വര്‍ക്കിംഗ്‌ വുമന്‍ ആണ്,എന്‍റെ ശമ്പളം എനിക്കൊന്നിനും തികയുന്നില്ല ,കുട്ടിയെ പഠിപ്പിക്കണം,ഭക്ഷണം വേണം അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ !നിങ്ങള്‍ മുപ്പതു ഡോളര്‍ കൂടി കൂട്ടിത്തരൂ ഞാന്‍ നിങ്ങളുടെ മുറിയില്‍ നിന്നും ഇതെല്ലാം എടുത്തു പൊയ്ക്കോളാം ..നിങ്ങള്‍ക്ക് ഞങ്ങളുടെ മുറിയിലെ കുളിമുറിയുപയോഗിക്കാം ..ഒരു വിരോധവുമില്ലതില്‍..എന്‍റെ ഭര്‍ത്താവിന്‍റെ കാലുകള്‍ക്ക് കോച്ച് വാതമായതിനാല്‍ അദ്ദേഹം മുറിക്കു പുറത്തിറങ്ങാറില്ല ..എന്‍റെ കുഞ്ഞു ഒന്നും കഴിച്ചിട്ടുണ്ടാകില്ല ,ഇതവനുള്ള ഭക്ഷണമാണ് ..നിങ്ങള്ക്ക് വേണോ ?ഇതാ ഈ പിസ കഴിച്ചു നോക്കു ..എന്തൊരു രുചി ആണെന്നോ ??'
മദാമ്മയുടെ വാക്കുകള്‍ ആഴമറിയാത്തൊരു  കുളത്തിന്റെ ഉപരിതലം പോലെ നിശ്ചലമായിരുന്നു ..അവരുടെ നീലക്കണ്ണുകളിലെ നീര്‍പൊടിച്ചില്‍  അവരെ ധര്‍മ്മസങ്കടമുള്ളവരാക്കി ഒതുക്കിക്കളഞ്ഞു ..അവര്‍ രണ്ടു കൈയും നീട്ടി ആ പിസ്സ ഏറ്റുവാങ്ങി. മദാമ്മയുടെ  ഞരമ്പുകള്‍ പിടയ്ക്കുന്ന കഴുത്തിലൂടെ വിയര്‍പ്പു തുള്ളികള്‍ തെറിച്ചു നില്‍ക്കുന്ന മാറിടങ്ങളുടെ സമൃദ്ധിയിലെയ്ക്ക് ഒഴുകി വീഴുന്നത് നോക്കി അവര്‍ നിശബ്ദരായപ്പോള്‍ മദാമ്മ തന്‍റെ തടിച്ചുമുറുകിയ ശരീരം താളത്തില്‍ കുലുക്കി പതിയെ.. വളരെപ്പതിയെ അവരെക്കടന്നു പോയി .. !

സജീവന് കുളിക്കണമെന്ന മോഹം കലശ്ശ ലായി..മദാമ്മയുടെ മുറുകിപ്പൊട്ടുമെന്നു തോന്നുന്ന തടിച്ച മാറിടത്തിലെയ്ക്ക് മുകളിൽ നിന്നും വെള്ളം ചിതറി വീഴുന്നത് എന്തിനോ അവൻ കൂടെക്കൂടെ ഓർക്കാൻ തുടങ്ങിയിരുന്നു .ശ്രീധരന് പതിവുപോലെ നൂറു ചോദ്യങ്ങൾ ചുറ്റിനും നിന്ന് മുറവിളി കൂട്ടി .അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറി കുളിക്കുന്നതെങ്ങനെ ?അപ്പിയിടുന്നതെങ്ങനെ ?എന്തിനു ഒന്ന് മുള്ളുന്നതെങ്ങനെ ??
നേരം ഇരുട്ടുന്നതിനനുസരിച്ചു പലതരം ശങ്കകളാല്‍ അവര്‍ മിണ്ടാട്ടമില്ലാത്തവരായി !

രണ്ടും കല്‍പ്പിച്ചു സജീവന്‍ ബക്കെറ്റ് എടുത്തു. തോര്‍ത്തു കഴുത്തില്‍ ചുറ്റിയിട്ട് ഇടുവാനുള്ള ബെര്‍മുഡയും കൈയില്ലാത്ത ബനിയനും എടുത്ത് ഒതുക്കിപ്പിടിച്ചു ..പതിയെ ആശങ്കയോടെ നടന്നുചെന്നു കതകില്‍ മുട്ടി ..
മനസ്സിലാകാത്ത ഏതോ ഒരു വാക്ക് അകത്തുനിന്നും ഉയര്‍ന്നു ..

'ഒന്ന് കുളിക്കണമായിരുന്നു ..'

നാടന്‍ മലയാളത്തില്‍ സജീവന്‍ ഉത്തരം നല്‍കി ..പരസ്പരം മനസ്സിലാകാത്ത രണ്ടു വാചകങ്ങൾ  കൊമ്പ് കോര്‍ത്ത്‌ നില്‍ക്കെ വാതില്‍ തുറന്ന് രൂക്ഷമായൊരു നോട്ടം അയാള്‍ക്ക്‌ കിട്ടി ..
ആ തടിച്ച രൂപത്തിന്‍റെ ശരിയായ ആകൃതി അപ്പോഴാണ്‌ സജീവന് പിടികിട്ടിയത്! അയാള്‍ നാട്ടിലെ കന്നുപൂട്ടുവാന്‍ കൊണ്ടുവരുന്ന കാളക്കൂറ്റനെ ബനിയനിടീപ്പിച്ചതുപൊലെ ഉണ്ടായിരുന്നു.

ബക്കെറ്റ് ഉയര്‍ത്തി അയാള്‍ അകത്തേയ്ക്ക് ചൂണ്ടി പറഞ്ഞു ..
'need to use your bathroom please ..'

അയാള്‍ അവനെ ചുഴിഞ്ഞു നോക്കി ..തല ഒരു വശത്തേയ്ക്ക് തിരിച്ചു വീണ്ടും ആ മനസ്സിലാകാത്ത ഭാഷ  പറഞ്ഞു .'dfhjaisioooooo '

'ശരി ശരി പണ്ടാരക്കാലാ '
താഴ്മയോടെ പറഞ്ഞുകൊണ്ട് സജീവന്‍ ഒന്നും നോക്കാതെ പാഞ്ഞു കുളിമുറിയിൽ  കയറി .

'ഹോ!' എന്നൊരു ആശ്വാസത്തോടെ കതകടച്ച് തിരിഞ്ഞ അയാള്‍ക്ക്‌ മുന്‍പില്‍ ഫ്ലഷ് ചെയ്യാത്ത ഒരു കഷണം അപ്പി ഒക്കാനിപ്പിക്കാനായി  കാത്തിരുന്നു !
ക്ലോസെറ്റ്‌നു മുകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പൊടിഞ്ഞൊരു സാനിട്ടറി പാഡ് പൊടിമൂടിക്കിടന്നിരുന്നു..ചുവരിലെ ഹാങ്ങിങ്ങില്‍ എല്ലാം  പലതരം തുണികള്‍..ഒരു വിധത്തില്‍ തന്‍റെ ഉടുപുടവകള്‍ അവയ്ക്കിടയില്‍ തിരുകി കണ്ണ് മൂടി സജീവന്‍ ഒരു കപ്പു വെള്ളം തല വഴി കോരി ഒഴിച്ചു ..

ഈ വിശേഷം കേട്ടതിന്റെ ആഘാധത്തില്‍ ശ്രീധറിനു കലശലായി   മൂത്രശങ്ക ഉണ്ടായി.പിടിച്ചു വച്ച മൂത്രം ഇപ്പോള്‍ ഒഴുകിപ്പോകുമോ എന്നൊരു തോന്നല്‍ !അപ്പോള്‍ സമയം ഏതാണ്ടൊരു രാത്രി ആയിരുന്നു ..നഗരത്തിലെ രാത്രികള്‍ പകലുകളായിട്ടെത്ര നാളുകള്‍..വേപഥുവോടെ അയാളോര്‍ത്തു.

ആ നഗരത്തിലെ വഴിയോരങ്ങളില്‍ മൂത്രം വീണാല്‍ വീഴ്ത്തുന്നവന്റെ അവസാന മൂത്രം ആകുമെന്നതിനാല്‍ നഗരം സുന്ദരിയും സുഭഗയുമായിരുന്നു !അതുകൊണ്ട് തന്നെ ശ്രീധറിനു തന്‍റെ വേദനിക്കുന്ന മൂത്രസഞ്ചിയെ എങ്ങനെ സ്വാന്തനിപ്പിക്കുമെന്നറിയില്ലായിരുന്നു!നൈറ്റ് പട്രോളിംഗ് നടക്കുന്നതിന്റെ നീണ്ട വിസിലുകൾ റോഡിൽക്കൂടി ഇടയ്ക്കിടെ ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു .

അവരുടെ ഉറക്കറയിലെയ്ക്ക് ഇടിച്ചുകയറി അവരെ ഞെക്കിക്കൊല്ലാന്‍ അയാള്‍ക്ക്‌ അദമ്യമായ ആഗ്രഹം തോന്നി..ജീവിതത്തിലാദ്യമായി ഒരു കൊലപാതകി ആകുവാൻ  അയാള്‍ ഒരുപാട് മോഹിച്ചു പോയി ..എങ്ങനെയാണ് കൊല്ലുവാന്‍ ഉള്ള ധൈര്യം ഉണ്ടാകുന്നതെന്ന് അയാള്‍ക്ക്‌ ഏറ്റവും ലളിതമായി മനസ്സിലായി.ആ ഇരു നിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേയ്ക്ക് മുള്ളുമെന്ന ദൃഡ നിശ്ചയത്തോടെ അയാള്‍ മുകളിലേയ്ക്ക് കയറി ..ഒരു പേടിയും കൂടാതെ ..!
അയാള്‍ തന്‍റെ ഗ്രാമത്തിലെ വീടിന്‍റെ മുറ്റത്ത് നിന്നും വിശാലമായ പറമ്പിലേയ്ക്ക് നീട്ടി മുള്ളുന്നതിന്‍റെ നിര്‍വൃതിയോടെ ആ 
പാരപ്പറ്റിന്റെ ഇളുംബില്‍ നിന്നും തന്‍റെ ട്രൌസറിന്‍റെ ഹുക്കില്‍ തൊട്ടു..പുറകില്‍ നിന്നുമുയര്‍ന്ന കടുത്തൊരു വിളിയില്‍ അയാളുടെ മൂത്രക്കുടുക്ക തിരിഞ്ഞോടിയൊളിച്ചു ..!
ഒരു പൂച്ച !നീണ്ട രോമങ്ങള്‍ക്കിടയില്‍ കത്തുന്ന രണ്ടു പച്ച ബള്‍ബുകള്‍..അത് അയാളെ സ്നേഹപൂര്‍വ്വം ഉരുമ്മി ..
ശ്രീധറിന്റെ കൈയുകള്‍ അസാധ്യമായി  ചലിച്ചു ..പൂച്ചയുടെ ഒടിഞ്ഞു തൂങ്ങിയ കഴുത്ത് പിടച്ചിലോടെ അയാളുടെ കൈയിലിരുന്നു വികൃതമായി കരഞ്ഞു ..അതിനെ താഴേയ്ക്ക് വലിച്ചെറിഞ്ഞ് തീരാത്ത ദേഷ്യം തീര്‍ക്കാനെന്നപോലെ അയാള്‍ താഴേയ്ക്ക് ചെന്നു.
വീണ്ടുമുണര്‍ന്ന മൂത്രശങ്ക അയാളെ ഭ്രാന്തു പിടിപ്പിച്ചു ..ഉറങ്ങിക്കിടക്കുന്ന സജീവിന്‍റെ ചന്തിയില്‍ ആഞ്ഞൊരു ചവിട്ടു കൊടുത്താലോ എന്ന് തോന്നി..
ഉറങ്ങുന്നു ..മാക്രി !
വീണ്ടും സജീവിനെ നോക്കിയപ്പോള്‍ കണ്ണിലുടക്കിയ നീല നിറമുള്ള ആ ബക്കെറ്റ് അവനെ ആകര്‍ഷിച്ചു ..ആരുമറിയാതെ അതില്‍ മുള്ളിയിട്ടു രാവിലെ ഒന്നുമറിയാത്തവനെപ്പോലെ ബക്കെറ്റുമെടുത്ത് കുളിക്കാന്‍ പോകാമെന്ന് തീരുമാനിച്ച് അയാള്‍ ഉന്മത്തനായി  ബക്കറ്റെടുത്തു..
അയാളുടെ ആദ്യതുള്ളി മൂത്രം എരിച്ചിലോടെ ബാക്കറ്റിലെയ്ക്ക് ശബ്ദത്തില്‍ പതിച്ചു :ശ്ദ്ട്രര്ര്ര്ര്ര്‍...

'നീയവിടെ എന്ത് ചെയ്യുവാടാ ..മനുഷ്യനെ ഒന്നുറങ്ങാനും വിടാതെ ...'
ഈര്‍ഷ്യയില്‍ പുളിച്ച കണ്ണുയര്‍ത്തി സജീവ്‌ അവനെ നോക്കി !

രണ്ടു കിഡ്നിയും വേദനിക്കും വിധം അവന്‍ മൂത്രത്തെ പിടിച്ചു നിര്‍ത്തിപ്പോയി !

ക്രൂരമായൊരു വിശ്വാസത്തോടെ ശ്രീധര്‍ ഷമ്മി മദാമ്മയുടെ വാതിലില്‍ യാതൊരു മര്യാദയുമേശാതെ ഇടിച്ചുകൊണ്ടിരുന്നു..വാതില്‍ തുറന്നതാരെന്നു പോലും നോക്കാതെ തറയിലെ മെത്തയില്‍ പത്തു പത്ത് എന്ന സമയം പോലുറങ്ങുന്ന ചെക്കനെ കവച്ചു വച്ചു അവന്‍ കക്കൂസിന്‍റെ കതകു തള്ളിത്തുറന്നു .. !





Wednesday, December 19, 2012

നൈവേദ്യം !


മുറിവേറ്റു കിടക്കുന്ന നിന്നെക്കാണാന്‍
ഒരിലക്കീറില്‍ ചന്ദനവും
കൈയിലിത്തിരി നൈവേദ്യവുമായി
തൂമഞ്ഞു പൊഴിയുന്ന ഇത്ര ദൂരം താണ്ടി
ഒരേടത്തിയുടെ സ്നിഗ്ദ്ധ സൗന്ദര്യമായ് ഞാന്‍ !
ഇതേതു ദൈവത്തിന്‍റെത് ?- നീ.
കണ്ണും വാക്കുമില്ലാത്ത
ഹൃദയം മാത്രം കേള്‍ക്കുന്ന
എന്‍റെ ദൈവത്തിന്‍റെത് -ഞാന്‍!






Tuesday, December 18, 2012

മനുഷ്യന്‍ !


ഇവിടിങ്ങനെ കാത്തിരുന്നാല്‍
നീ വരുമെന്നോര്‍ത്തു ഞാനീ
ഒരിലക്കീഴിലെ കുഞ്ഞുറുംബാകുന്നു !
കാറ്റത്താടുന്ന ലില്ലിച്ചെടിയിലെ
ഇത്തിരിത്തേനുണ്ട് ഞാനിവിടിരിപ്പു
തുടരുന്നു ..
തേന്‍ ലഹരിയില്‍
ഞാനൊന്ന് മയങ്ങിയപ്പോള്‍
നീയെന്നെ ചവിട്ടിക്കൊന്നതെന്ത് !?
ഞാനൊരു മനുഷ്യനായിരുന്നു !!


എന്‍റെ!


ചില ഉത്തരങ്ങളുടെ കെട്ടു വിടുമ്പോള്‍
പശ്ചാത്താപം !
ചില ചോദ്യങ്ങളുടെ നെഞ്ഞത്തു കേറുമ്പോള്‍
വിലാപം !
ചില ഉറക്കങ്ങളുടെ ഉള്ളറകളില്‍
ആത്മനിന്ദ  !
ചില വകയ്ക്കു കൊള്ളാത്ത ഫലിതങ്ങളില്‍
കൊച്ചുകുട്ടി !
ചില പിന്‍ വിളികളില്‍
അച്ഛന്‍  !
 ചില പകല്‍സ്വപ്നങ്ങളില്‍
കൊള്ളക്കാരി !
ചില വീട്ടുകാര്യങ്ങളില്‍
സ്വപ്നാടക !
ചില കൂട്ടുകാര്യങ്ങളില്‍
രാഷ്ട്രപിതാവ് !
ചില പഴംപുരാണങ്ങളില്‍
പാഞ്ചാലി !
ചില വിതുംബലുകളില്‍
മുത്തിയമ്മ !
ചില വീര്‍പ്പുമുട്ടലുകളില്‍
അമ്മ !
ചില പുന്നാരം പറച്ചിലുകളില്‍
കാമുകി!
ചില സത്യങ്ങളില്‍
കാളി !
ചില സന്ധ്യകളില്‍
രാധ  !
ചില ഏകാന്ത വഴിത്താരകളില്‍
തെണ്ടി !
ചില തോന്നലുകളില്‍
കൊലപാതകി !
ചില അമര്‍ത്തലുകളില്‍
നാട്ടുമൃഗം !
ചില വഴുവഴുപ്പുകളില്‍
കള്ളന്‍ !
അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത
എന്‍റെ എത്ര നിഴലുകള്‍...!




Saturday, December 15, 2012

ഹൃദയദര്‍പ്പണം !


എനിക്കു നിന്നെ വേര്‍പിരിയണം
നിന്‍റെ വിളര്‍ത്ത കണ്ണുകള്‍
കുതിര്‍ന്നൊഴുകി ഞാനതിലലിഞ്ഞലി-
ഞ്ഞകന്നു പോകണം .

എവിടെ നമ്മുടെ നനുത്ത സന്ധ്യകള്‍?
ഒക്കെ ഒരു കിനാവുപോല്‍
അടര്‍ന്നു വീഴണം..
കിനാവു പൂത്തൊരീ നരച്ച യാമങ്ങള്‍
അകന്നു പോയി ഞാനകലെയാകണം..

എനിക്കു നിന്നെ വേര്‍പിരിയണം
അതിന്‍ ഹൃദയച്ചൂടില്‍ ഞാനുരുകിത്തീരണം!
നിറഞ്ഞ സ്നേഹത്താല്‍ നീ എനിക്ക് നീട്ടിയ
മധുചഷകം ഞാനെറിഞ്ഞുടയ്ക്കണം

ഒരു ബലത്തിനായെനിക്കു നീട്ടിയ
കരതലം ഞാനകറ്റിമാറ്റണം ..
എനിക്ക് വയ്യ ,ഈ ഹൃദയ വേദന
ഇനിയുമേന്തുവാന്‍,അകന്നു പോവുക !

ഒരു വിഷാദവും പകരം വയ്ക്കാതെ
തിരിഞ്ഞൊരിക്കലും മിഴികള്‍ നീട്ടാതെ
ഒരിക്കലെങ്കിലും ഇടറിവീഴാതെ
എനിക്ക് നിന്നെ വേര്‍പിരിയണം !

കഴിഞ്ഞമാത്രകള്‍ നിന്‍റെ സ്നേഹത്തിന്‍റെ
കനത്ത കാരാഗൃഹത്തിലായി ഞാന്‍ !
എനിക്ക് മേലെ നീ വിശാലമാകാശം
എനിക്ക് കീഴെ നീ വിടര്‍ന്ന ഭൂമിയും !

ഒരു വ്യവസ്ഥയും പകരം വയ്ക്കാതെ
ഒരിക്കലെങ്കിലും മുഷിഞ്ഞു നോക്കാതെ
പരസ്പര സ്നേഹ വിശുദ്ധമാകുമീ
പകല്‍ വെളിച്ചത്തില്‍ പടിയിറങ്ങി
എനിക്കു നിന്നെ വേര്‍പിരിയണം !

 

Friday, December 14, 2012

രഹസ്യ കാമുകി !


രാത്രി തുറന്നിട്ട വാതായനത്തിലൂടെ
ഒരു കീറ് ചന്ദ്ര വെളിച്ചം പോലെ
നൂണ്ട് വരുന്നവള്‍ ..
എന്‍റെ വ്യഥയുടെ ചില്ലുപാത്രങ്ങള്‍
ലവലേശം പരിഭ്രമമേശാതെ
തട്ടിയുടയ്ക്കുന്നവള്‍..
ചിന്നിച്ചിതറിയ അവയ്ക്കു മുകളിലൂടെ
നനുനനുത്ത കാല്‍പ്പാദങ്ങളൂന്നി
നിശബ്ദമായി കടന്നുപോകുന്നവള്‍..
നീയുപേക്ഷിച്ച കാല്‍പ്പാടുകളില്‍
ഞാന്‍ ഭദ്രകാളി !
നീ കട്ടു തിന്ന മോദകം
പൊലെന്‍റെ തിളയ്ക്കുന്ന ഹൃദയം !
പുലര്‍കാലങ്ങളിലെ
എന്‍റെ ഉണര്‍വ്വുകളിലെയ്ക്ക്
പരിഭ്രമത്തിന്‍റെ ഒരു പിടി
രോമം പൊഴിച്ച് മേനിയൊതുക്കി
കടന്നു വന്ന അതേ വാതായനത്തിലൂടെ
നൂഴ്ന്നിറങ്ങി നീ അപ്രത്യക്ഷമാകുന്നു !
 
  

Wednesday, December 12, 2012

പ്രായമാകുന്നത് !


തൂവെള്ള പെറ്റിക്കോട്ടില്‍
ഓര്‍മകള്‍ക്ക് തുടക്കം..

തൊടിയിലെക്കാഴ്ചയില്‍
താമരത്തിളക്കം-ഏകാന്തത !
മുറ്റത്തെ ഉരുള്‍മണലില്‍
മലര്‍ന്നുള്ള കിടത്തം -സ്വാതന്ത്ര്യം !
ആകാശം നിറയെ
ഇടമില്ലാ നക്ഷത്രം -സ്വപ്‌നങ്ങള്‍!
പന്ത്രണ്ടില്‍ വിരിയുന്ന
പരിശുദ്ധ കിനാവുകള്‍-മോഹങ്ങള്‍ !
ഉടലിന്‍ തുടിക്കുന്ന 
പരല്‍മീന്‍ നാണം-ഉണര്‍വ്വ് !
തീവണ്ടിയുണര്‍ത്തിയ
ആദ്യന്ത  പരിഭ്രമം -യാത്ര !
അഴികള്‍ നാറുന്ന
സര്‍ക്കാരു വക വണ്ടി -മടുപ്പ് !
കഥയായുണര്‍ത്താത്ത
പുസ്തകക്കൂമ്ബാരങ്ങള്‍-പഠിപ്പ് !
ആല്‍ക്കെമി മണക്കുന്ന
കണ്ണേറു നിമിഷങ്ങള്‍ -കടിഞ്ഞൂല്‍ പ്രണയം !
കണ്ണീരു പതിയുന്ന
മനസ്സിന്‍ തിണര്‍പ്പുകള്‍-തോല്‍വി !
പായസം മധുരിക്കും
ഇള വെയില്‍ വരാന്തകള്‍-ജയം !

ചില കുഞ്ഞുപാട്ടുകളുടെ 
കുത്തഴിച്ചു വിട്ടതുപോലുള്ള
ചുങ്ങിച്ചുരുങ്ങലുകള്‍..
പൊടുന്നനെ ,
-എനിക്ക് പ്രായമേറിപ്പോയി ! 




Monday, December 10, 2012

മുഖപുസ്തകം !


ബ്രിഗേഡിയര്‍ കുഞ്ഞവറാന്‍
റിട്ടയേഡ് ജനറല്‍ !
ഭാര്യ രണ്ടു കുട്ടികള്‍
അച്ഛനില്ല അമ്മയും
ഞാന്‍ മാന്യന്‍
ഒരു ദുരുദ്ദേശവുമില്ലാ ,
ഇവിടെക്കറങ്ങുന്നതില്‍.
- ഇത് ജനിതകക്കുറിപ്പ് -അയാളെ ഴുതിയത്‌  !

 പട്ടാള മീശയും ഗൌരവവും
ആ പടത്തിനു വേണ്ടി
തുന്നിച്ചേര്‍ത്തത് !
അതിനു പിറകില്‍
അതേയാള്‍ ..ഉറക്കം തൂങ്ങിയ
വീര്‍ത്ത മിഴിപ്പോളകളുള്ള
കണ്ണുകളില്‍ കൗടില്യത്തിന്റെ
കായല്‍ ഒളിപ്പിച്ച,
പേരില്‍ LLB ,LLM ,MBA
പേറുന്ന വെറുമൊരു കച്ചവടക്കാരന്‍
അഴകിയ രാവണൻ !

ആരുമറിയുന്നില്ലെന്ന
ഉത്സാഹത്തില്‍ അയാൾ
പേജുകളില്‍ നിന്നും പേജുകളിലേയ്ക്ക്
കൂപ്പുകുത്തി
എത്ര രൂപങ്ങള്‍ ഭാവങ്ങള്‍
ലിംഗ-ലിംഗേതര വര്‍ണ്ണങ്ങള്‍
അയാൾ  വാരിക്കൂട്ടിയ കൂട്ടുകാര്‍!

കൂട്ട് കൂട്ടത്തിൽ കവികള്‍,
പാട്ടുകാര്‍,നാട്യക്കാര്‍
സ്വവര്‍ഗ്ഗ ദ്വിവര്‍ഗ്ഗ പരിവേഷങ്ങള്‍,
സ്വദേശികൾ വിദേശികൾ..
അവര്‍ക്കെല്ലാം അയാൾ  പഴകി-
പ്പഴക്കം മുറ്റിയ
ആഡംബരം നെഞ്ജത്തു
തുന്നിച്ചേര്‍ത്ത ബ്രിഗേഡിയര്‍
ജനറല്‍ !

പക്ഷെ അയാളുടെ വിരല്‍ത്തുമ്പുകളില്‍
സത്യം ഉടുപുടവകള്‍
വലിച്ചെറിഞ്ഞു തീര്‍ത്തും
നഗ്നനായ് പുറംകാഴ്ചകള്‍
കാണാനിറങ്ങി !
ഇപ്പോള്‍,
വാക്കുകളുടെ  തടവില്‍ നിന്നും
രക്ഷപെട്ടോടിവന്ന-
അയാളുടെ  പ്രണയം നാലുകാലില്‍
തുള്ളിക്കുതിക്കുന്നൊരു
പശുക്കുട്ടി !!
അയാൾ  കേള്‍ക്കുന്നത്
കാതുപോളിപ്പന്‍
റോക്കും റാപ്പും!
പറയുന്നത് അഴുകിയ രാവണ
മര്യാദകൾ !

അടച്ചുവച്ച മാന്യത
കാറ്റില്‍ പറത്തിയ
അപ്പൂപ്പന്‍ താടികള്‍..!
സുന്ദരികള്‍ ബ്രിഗേഡിയറുടെ
കനത്ത സംസാര ചുംബനങ്ങളില്‍
 ഉടല്‍ പൊതിയുന്ന
കുഞ്ഞു കാമുകികള്‍..!
ബ്രിഗേഡിയര്‍ക്കാവാമെങ്കില്‍.. ??
അവര്‍ കൂട്ടുകാർ  അനുവാചകര്‍
അനുയായികള്‍..!

നിന്‍റെ ഒളിത്താവളത്തിനിപ്പുറം
നിന്‍റെ വേലിപ്പത്തല്‍
തിന്നുന്നൊരു പശുവുണ്ടെന്ന്
നീ മറന്നു !
അത് കാര്‍ന്നു തിന്നു
തുള വീണു തുടങ്ങിയ
നിന്‍റെ പൊള്ളത്തരത്തിനിപ്പുറം
പൊട്ടിച്ചിരിച്ചുകൊണ്ട്
അവള്‍ നിന്‍റെ
പഴയ കാമിനി !
നീണ്ടൊരു തളിർവെറ്റില
ഞെരടി ചുണ്ണാമ്പ് തേച്ച് പതം വരുത്തി ,
അടയ്ക്ക പുകയില മേമ്പൊടി വച്ച് ,
കുങ്കുമത്തരി  കൂടെത്തിരുകി ,
ചവച്ച് ചവച്ച് ..
രണ്ടുവിരൽ ചുണ്ടിനു കുറുകെ വച്ച് ..
 മുറുക്കിത്തുപ്പല്‍ നീട്ടി
കള്ളക്കച്ചവടക്കാരാ  നിന്‍റെ
മുഖത്തേയ്ക്ക് ..
ത്ഫു ..!










Tuesday, December 4, 2012

വേശ്യാവിലാപം


ചെറുമണമുള്ള യൂക്കാലി-
 മരങ്ങള്‍ക്ക് താഴെ
കാട്ടുചെടികള്‍
തണുത്തുറഞ്ഞു നില്‍പ്പു ..
എവിടെയെന്നറിയാതെ
അയാളെക്കാത്തുള്ള എന്‍റെ
മരണപ്പിടച്ചില്‍..!
കാലില്‍ തടയുന്ന
വാടാമല്ലിപ്പൂക്കളുടെ
വാടാത്ത മഞ്ഞപ്പ് ..!
എന്നോടു പതിഞ്ഞിരുന്ന്
അടിവയര്‍ തുടിപ്പിക്കുന്ന
നിന്‍റെ കുഞ്ഞുപേടി !
നിനക്കു ഞാനമ്മയോ
അച്ഛനോ അതോ വെറും വേശ്യയോ ?!

തൊണ്ടയ്ക്കു കുടുങ്ങുന്ന
അര്‍ദ്ധ നിലവിളിയിലെവിടെയോ
കൊളുത്തിപ്പിടിച്ച
വേണ്ടാത്തൊരു മറുവിളി നീ !
ഹാ !
ഞാന്‍ നിലവിളിക്കുമ്പോള്‍
കൂടെ നിലവിളിക്കാന്‍
ഇവിടെത്ര കുന്നുകള്‍..!

ഈ മരണക്കുഴിക്കു താഴെ
നമ്മെക്കാത്ത് അവള്‍..
മരണ സുന്ദരി !
അവളെ തോല്‍പ്പിക്കാന്‍
മദിയുടെ കൊതിയടങ്ങി
എന്നെ വേണ്ടാത്ത
നിന്‍റെ അച്ഛന്‍ വരുമോ
എന്‍റെ കുഞ്ഞേ ??



മ്മടെ കാദര്‍ക്കാടെ ഭാഷേല് പറഞ്ഞു നോക്കിയാല്‍:

'അല്ല കുഞ്ഞിമ്മോനെ..ഞ്ഞി ആ മരുഭൂമീക്കെടന്നു നെലോളിക്കാതെ

ഞ്ഞി തോല്‍പ്പെട്ടീലോട്ടു കീഞ്ഞീന്ന് ..ന്നിറ്റാ കുട്ടപ്പോന്റെ ബീടിന്റെ കോലായില് കുത്തിരിക്കീന്ന്..ഒരെല പോലുമേങ്ങാത്ത മോവന്തീല്, അദ ആ ബൈക്കൊല് തുറൂന്റെ തായേ രണ്ടു പൂത്തിരിക്കണ്ണ്‍ കണ്ടാ പഹയാ ഞ്ഞി ? തെളതെലാന്നു ??

പുലിയാ പുലി !!ഞ്ഞി അങ്ങറ്റ് പോയി പാട് മോനേ ..

സന്കൃത പമഗരി തങ്ങ തുങ്ങ... ന്തേയ

്‌ പാടണ്ടേ ?

(ബ്ടെ മനുസ്സന് മുണ്ടാന്‍ പേടി ,കീയാന്‍ പേടി ,പണിയാന്‍ പേടി ..ഈ പേടിയാണെടാ ബലാലെ പുലി ..പേടി,അല്ലാണ്ട് ഞമ്മളെ പുലി തിന്നിറ്റാ ടാ എല്ലോരും നെലോളിക്കണത് !)

അല്ല ആണോ ജലാലേ ?? :)

Monday, November 26, 2012

സ്വപ്‌നങ്ങള്‍


ടി പദ്മനാഭന്‍ എന്‍റെ വളരെ പ്രിയപ്പെട്ട എഴുത്തുകാരനാണ്‌.ഞാന്‍ കത്തെഴുതി എന്‍റെ ആരാധന അറിയിച്ച ഒരേ ഒരു എഴുത്തുകാരന്‍ ! ആ കത്ത് ഒരു പക്ഷെ അദ്ദേഹം കണ്ടുപോലുമി ല്ലാതെ ഏതെങ്കിലും ചിതലുകള്‍ക്ക് ഭക്ഷണം ആയിരിക്കാം !എങ്കിലും ഇന്നും അതിലെ വരികള്‍ എനിക്ക് കാണാപാഠമാണ്.ഒരു പക്ഷെ അത് ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ രൂപം എന്‍റെ അച്ഛയുടെതിനു സമാനമായതിനാലാവാം അതുമല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാഗങ്ങളോടുള്ള പ്രണയത്തില്‍ നിന്നാവാം അതുമല്ലെങ്കില്‍ പ്രകാശം പരത്തി ഒരു പെണ്‍കുട്ടി എന്‍റെ സ്വപ്നങ്ങള്‍ക്ക് സമാനമായി നടന്നു പോകുന്നതില്‍ നിന്നുമുള്ള അതിശയമാകാം എന്തൊ എനിക്ക് തിരിച്ചറിയാന്‍ വയ്യാത്തൊരു ഇത്' ആണത് !
അദ്ദേഹത്തെക്കുറിച്ച് വെറുതെ പറഞ്ഞുവെന്നേയുള്ളു..

 ..സ്വപ്നങ്ങളെക്കുറിച്ച് വളരെ അതിശയകരമാകും വിധം ചില കണ്ടെത്തലുകള്‍ എനിക്കുണ്ട്. ചില സ്വപ്നങ്ങള്‍ എന്നെ വളരെ കുട്ടിക്കാലം മുതല്‍ ഇപ്പോഴും ഈ മുപ്പതുകളിലും പിന്തുടരുന്നു !തിരിച്ചറിയാനാകാത്ത വിധം ചില നൂലുകള്‍ കൊണ്ട് അതെന്നെ വലിച്ചുമുറുക്കി ഒരു സത്യവും അവശേഷിക്കാത്ത മിഥ്യയുടെ കുണ്ടു കിണറ്റിന്റെ അഗാധതയിലെയ്ക്ക് ഇടയ്ക്കിടെ വലിച്ചെറിയും ..!ചില ചില വിശേഷപ്പെട്ട ,ലോകത്തൊരിടത്തും കാണുവാന്‍ കിട്ടാത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ചു ശ്വാസം മുട്ടിച്ചു സന്തോഷിപ്പിക്കും ..!! ഇനിയും സങ്കടപ്പെടാനൊരിടമില്ലാത്തിടത്തോളം കണ്ണീരില്‍ മുക്കിക്കൊല്ലും ..!എനിക്കറിയില്ല എന്താണീ സ്വപ്‌നങ്ങള്‍ എന്ന് !!
ഇക്കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ഒരു സ്വപ്നമിതാ :
ഞാനും എന്‍റെ ചേച്ചിയും അച്ഛനും എന്‍റെ മോളും ഏതോ ഒരു കുന്നിന്റെ പുല്‍പ്പരപ്പില്‍ ഇരിക്കയാണ്..ആകാശം വരെ പച്ച പൂത്തു നില്‍ക്കുന്ന കുന്ന് !നേരിയ നീല നിറം വാരിപ്പൂശിയ ആകാശം.സന്തോഷമുള്ളവരായി ഞങ്ങള്‍ ..എന്റുണ്ണി അവിടെ ഓടിക്കളിക്കുന്നു ..പിന്നീടാണ് സംസാരത്തിലെ സന്തോഷത്തിലെയ്ക്ക് എന്‍റെ കാതു കേഴ്വിയുടെ തുള വീഴ്ത്തിയത്  !ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണ് സന്തോഷിക്കുന്നത് !!
അച്ഛ  പറയുന്നു:
 ഞാന്‍ മരിക്കാം ആദ്യം.. ശേഷം നിങ്ങള്‍ ..!മരിച്ച എന്നെ നിങ്ങള്‍ വലിച്ചു ദാ ആ കൊക്കയിലേയ്ക്ക് എറിയണം ..ശേഷമേ നിങ്ങള്‍ മരിക്കാവൂ ..

ഞങ്ങള്‍ സന്തോഷത്തോടെ കേട്ടിരിക്കയാണ്‌..!!ഒരുതരം ആത്മ ഹര്ഷത്തോടെ !

അത് കഴിഞ്ഞു ഞാന്‍ ഉത്സാഹത്തോടെയും നേരിയോരാശങ്കയോടെയും  പറഞ്ഞു: ..എന്‍റെ മോള്‍..?എനിക്ക് ..

അവളെ ഞാന്‍ വളര്‍ത്തും ..!എന്‍റെ ചേച്ചിയുടെ ഒച്ചയില്‍ ഉത്സാഹത്തള്ളല്‍..

അപ്പോള്‍ നിനക്ക് മരിക്കണ്ടേ?ഞാന്‍ വീണ്ടും ശങ്കയില്‍ ..!

ഇല്ല എനിക്ക് കുഞ്ഞുങ്ങളെ വളര്‍ത്തണ്ടേ ..??

ശരിയാണല്ലോ എന്ന് ഞാന്‍ മന്ദബുദ്ധിയായി  !
അച്ഛ കൈയിലിരുന്ന വിഷക്കുപ്പി മടുമാടാ അകത്താക്കി മരിച്ചു വീണു !!ഞങ്ങള്‍ യാതൊരു വിഷമവുമില്ലാതെ കൈയിലും കാലിലും തൂക്കി അദ്ദേഹത്തെ വലിച്ചിഴച്ചു കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ് തിരിച്ചു വന്ന് അശേഷം വികാരം തീണ്ടാതെ അടുത്ത മരണത്തിനായി ഒരുക്കം തുടങ്ങി ..പക്ഷെ എനിക്ക് മടി കയറിത്തുടങ്ങി ..ആത്യന്തികമായി ഞാന്‍ ഒരു മടിച്ചി ആണെന്ന് സ്വപ്നത്തിനു പോലും തിരിച്ചറിവ് വന്നപോലെ ഞാന്‍ മരണത്തില്‍ നിന്നും പിന്‍വാങ്ങി ഓടിപ്പോയി ജീവിക്കാന്‍ തീരുമാനിക്കുംബോഴെയ്ക്കും ചേച്ചി എന്നെ അതില്‍ നിന്നും വിലക്കി എന്‍റെ ആപ്പിളില്‍ വിഷം തേച്ചു തന്നു ..

നീ മരിക്കൂ എന്നിട്ട് വേണം എനിക്ക് മോളെയും കൊണ്ട് പോകാന്‍ ..കുട്ടികള്‍ എന്നെ കാത്തിരിക്കയാവും.. അവള്‍ അക്ഷമയുടെ തീപ്പന്തമായി !

ഇല്ല എനിക്ക് മരിക്കേണ്ട ..ഞാന്‍ !

നീ മരി- ചേച്ചി ! (ഇവിടെ ഏറ്റവും രസകരമായത് അവള്‍ എന്‍റെ ജീവന് തുല്യം ഞാന്‍ സ്നേഹിക്കയും എന്നെ സ്നേഹിക്കയും ചെയ്യുന്ന.. എന്‍റെ എന്‍റെ എന്ന് പരസ്പരം ചത്തു സ്നേഹിക്കുന്നവര്‍ ആണ് എന്നതാണ്! )
മരണം വൈകുന്നതില്‍ അവള്‍ക്കുള്ള അതെ അക്ഷമ അവള്‍ ജീവിക്കുന്നതില്‍ എനിക്കുമുണ്ടായിരുന്നു! മരിക്കുന്നതും ജീവിക്കുന്നതും എന്തിനെന്ന ഒരേ ഒരു ചോദ്യം ആണോ എന്നെക്കൊണ്ട് ഈ ഗതികെട്ട സ്വപ്നം കാണിച്ചതെന്നറിയില്ല !
ഉണര്‍ന്നു കഴിഞ്ഞു ഏറെ നേരത്തേയ്ക്കുള്ള അസ്വസ്ഥതകള്‍ (ചിരിയുള്പ്പെടെ ) ആണ് എനിക്കീ സ്വപ്‌നങ്ങള്‍..

വിചിത്രമായ ഈ ആത്മസംഘര്‍ഷത്തെ സ്വപ്നമെന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല..വിളിക്കാതിരിക്കാനും ! മരണാനന്തര കര്‍മങ്ങളില്‍ വലിയ താത്പര്യമില്ലാത്ത ആളാണ്‌ എന്‍റെ അച്ഛന്‍.മരിച്ചു കഴിഞ്ഞാല്‍ പിന്നീടു ചെയ്യുന്നതൊക്കെ  എന്തിനാണ് എന്ന് അദേഹം ഇപ്പോഴും ചോദിക്കാറുണ്ട് ..അതായിരിക്കാം കൊക്കയിലേയ്ക്ക് വലിച്ചെറിയാന്‍ പറയുന്നതിലെ കാര്യം..! Amos tutuola യുടെ Palm-Wine Drinkard പോലെ എന്‍റെ സ്വപ്നങ്ങളും എന്നെ വലിച്ചിഴച്ചു ഏതൊക്കെയോ ഇല്ലാത്ത ലോകത്തിന്‍റെ ഇല്ലാത്ത കഥകളിലൂടെ കൊണ്ട് നടക്കാറുണ്ട് ..!
Sri Aurobindo reviews the nature of sleep and dreams: 
 “What happens in sleep is that our consciousness withdraws from the field of its waking experiences; it is supposed to be resting, suspended or in abeyance, but that is a superficial view of the matter. What is in abeyance is the waking activities, what is at rest is the surface mind and the normal conscious action of the bodily part of us; but the inner consciousness is not suspended, it enters into new inner activities, only a part of which, a part happening or recorded in something of us that is near to the surface, we remember. There is maintained in sleep, thus near the surface, an obscure subconscious element which is a receptacle or passage for our dream experiences and itself also a dream-builder; but behind it is the depth and mass of the subliminal, the totality of our concealed inner being and consciousness which is of quite another order. “ 

പക്ഷെ ഇതില്‍ നിന്നും എനിക്ക് കൃത്യമായൊരു ഉത്തരം കിട്ടുന്നില്ല !അബോധ മനസ്സില്‍ വേറൊരു ബോധതലമുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളായിരിക്കുമോ അവിടെ നടക്കുന്നതെന്ന മണ്ടന്‍ ചോദ്യമാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്..!  നിങ്ങള്ക്ക് മനോഹരമായി സ്വപ്നങ്ങളെക്കുറിച്ചു പറയാമെങ്കില്‍ വിശദീകരിച്ചു തരൂ ദയവായി എന്താണ് ഉറക്കത്തിലുള്ള വിചിത്രമായ ഈ സ്വപ്‌നങ്ങള്‍ ? 

Saturday, November 24, 2012

ആദിവാസി


കാതിരംബം കേള്‍ക്കാത്ത
കറുത്ത നിലവിളി
കാടിളക്കി പെയ്യുന്ന
കറുകറുത്ത മഴവിളി..

കരി മണ്ണു മണക്കുന്ന
കുഞ്ഞിളം ശരീരങ്ങള്‍ ..
മണ്ണിനും എണ്ണം ചൊല്ലും
കറുത്ത പാദുകങ്ങള്‍..!

ചാക്ക് നൂല്‍ കൂട്ടിത്തുന്നും
ചെറിയ മുള വാതില്‍..
പലവഴി തുറക്കുന്ന
ചതുരമറപ്പുര..!

കള്ളതു  മണക്കുന്ന
കളിമണ്‍ കോലായുകള്‍..
വെളിച്ചം പരക്കംപായും
 ഒരു തുണ്ടു കിടപ്പിടം ..!

കാട്ടാന മണക്കുന്ന
കാട്ടില്ലിക്കടംബുകള്‍..
കടുവാ കളിക്കുന്ന
തേക്കിലക്കൂമ്ബാരങ്ങള്‍..!

പായാരം പറയുന്ന
കാതില ഇല്ലിത്തോട !
മുറുക്കിച്ചുവപ്പിച്ച
തടിച്ച കപോലങ്ങള്‍..

മുറുകിക്കിടക്കുന്ന
എത്താപ്പും അരയില്‍ക്കെട്ടും
കൂട്ടിനായ് എണ്ണിക്കൂട്ടും
ഒരുകെട്ട്‌ വിറകതും !

രാഷ്ട്രീയം പൊലിപ്പിച്ച
ഭൂമിവാഗ്ധാനം കൊണ്ട്
കണ്ണു കൂര്‍പ്പിച്ചവര്‍
ഉറങ്ങാതിരിപ്പുണ്ട് !

Wednesday, November 7, 2012

അമ്മയോട്


ഇരുട്ട് ഏതില്‍ നിന്നുത്ഭവിച്ച്
ഏതിലേയ്ക്ക് പോകുന്നു ?!
ബോധാവസ്ഥ പ്രകാശമാണ് ..
ഇരുട്ടില്‍ നിന്നും പിറവിയെടുത്ത
മൂലപ്രകൃതി !
എല്ലാ അര്‍ത്ഥങ്ങളും മറഞ്ഞിരുന്നപ്പോള്‍
ഞാന്‍ അമ്മയുടെ ഗര്‍ഭത്തിലായിരുന്നു ..
നീ എനിക്ക് ജീവനും ബോധവും
പ്രകാശവും തന്നു !
എല്ലാ മൂലകങ്ങളും അഴിച്ചിളക്കി 
നീ എന്നെ തിരിച്ചു വിടുക ..
ഞാന്‍ ഒന്നു പറന്നു പോകട്ടെ..!
14/09/2006

നീ..


നീ..
മൊഴിയറിയാത്ത കാക്കക്കുറുകലില്‍
ഇടനെഞ്ചു പിടഞ്ഞവള്‍ ..
വിളര്‍ത്ത മിഴികളില്‍
അന്ജനമെഴുതിക്കറുപ്പിച്ച്
ആരെയും കടാക്ഷിക്കാന-
റിവില്ലാത്തവള്‍!
ആദ്യ കിരണങ്ങളായ് കടന്നെത്തുന്ന
തന്‍റെ സൂര്യനെ ധ്യാനിച്ച്
മച്ചകത്തൊളിച്ച മേഘക്കറുപ്പ് ..!

നിനക്കറിയില്ല ..
ഇന്നലെ വെയിലായ് വന്നുപോയ
നിന്‍റെ സൂര്യനെ !
ഇടവഴികളില്‍ പൊങ്ങിയ
മനം മദിപ്പിക്കുന്ന മണ്‍ മണത്തെ !
കല്‍ക്കുഴി തിണ്ടുകളില്‍ മുളച്ചാര്‍ത്ത
തെരുവക്കുരുന്നുകളെ ..!

നീ തരുന്നതീ ..
ഇടനെഞ്ചു തകര്‍ക്കുന്ന
ഓര്‍മക്കുറിപ്പുകളെ ..
ഇനിയും മിഴിനീര്‍ തേടുന്ന
വേദനയുടെ വേരുകളെ ..!
കനവിന്‍റെ പേടകം നിറയെ
തണുതണുത്ത കിനാക്കളെ ..
അതുകൊണ്ട്
നീ മരിച്ചാലെന്ത് !ഇല്ലെങ്കിലെന്ത്‌!

15/07/2004





 

Tuesday, November 6, 2012


ഭാരതം നിറങ്ങളുടെ  രാജ്യമെന്നിരിക്കെ അവയുടെ സൗന്ദര്യത്തെപ്പറ്റി ഞാന്‍ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല എങ്കിലും നമ്മുടെ തെരുവുകളുടെ,വീഥികളുടെ ,വീടുകളുടെ ,നാടുകളുടെ നിറങ്ങള്‍ ഓരോരോ സ്ഥലങ്ങളില്‍ വ്യത്യസ്ഥമാണ്..സുന്ദരവും വിരൂപവുമാണ്..നമ്മുടെ അവബോധത്തില്‍ നിറങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ഞാന്‍ ഓര്‍ക്കുകയായിരുന്നു..
ഇന്നലെ ന്യൂസ്‌ ചാനലില്‍ ഞാന്‍ പച്ച നിറം കൈക്കൊണ്ടിരിക്കുന്ന രൂപ പരിണാമവും അതിന്‍റെ പരിണിത ഫലങ്ങള്‍ വരുത്തിയേക്കാവുന്ന വിനയെപ്പറ്റി ദീര്‍ഘനേരം ചിന്തിക്കയും  ചെയ്തു..നമ്മുടെ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കാന്‍ പഠിപ്പിക്കെണ്ടുന്ന പള്ളിക്കൂടങ്ങള്‍ അഥവാ സ്‌കൂളുകള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉദേശിക്കുന്നത് ?! നിറങ്ങള്‍ക്ക് മതം എന്നൊരു അര്‍ത്ഥമെയുള്ളോ ?? പച്ച നിറത്തില്‍ ഒരു സ്ട്രീറ്റ് ലൈറ്റ് വന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല ,അതിനു രാഷ്ട്രീയമല്ലെങ്കില്‍ ..മതമില്ലെങ്കില്‍ ..അത് ഹരിതാഭമായ പ്രകൃതിയുമായി തീര്‍ത്തും ഇണങ്ങി നില്‍ക്കുന്ന ഒന്നായിത്തീരും.മറിച്ചു അതിനു മുസ്ലീമെന്ന ഓമനപ്പേര് കൈവരുമ്പോള്‍ അത്
തീര്‍ത്തും പ്രകൃതിയ്ക്ക് അതീതമാണ് മനുഷ്യനു മാത്രം ചേരുന്ന വെറുമൊരു വിളക്ക് കാല്‍ !പള്ളിക്കൂടങ്ങളില്‍ അദ്ധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചു വരണമെന്നും മറ്റും പറയുമ്പോള്‍ അത് ഒരു പക്ഷെ ഭരണ പരിഷ്കരണത്തില്‍ വിദ്യാര്‍ഥികളോടൊപ്പം ഗുരുക്കന്മാരും ചിട്ടയായി എത്തുക എന്നുള്ളത് മാത്രമാണ് ഉദേശമെങ്കില്‍ നന്ന് ,പക്ഷെ അവിടെയും പകര്‍ന്നു നല്‍കുന്നത് മത വികാരവും രാഷ്ട്രീയ അംശവുമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന ഭാരതം വേറേതോ ഒരു രാഷ്ട്രമാകാന്‍ വഴിയുണ്ട് !

നിറങ്ങളാല്‍ ഇത്ര സമ്പന്നമായ വേറൊരു രാഷ്ട്രവും ഒരു പക്ഷെ കാണില്ല !നമ്മള്‍ ജീവിക്കുന്നത് തന്നെ നിറങ്ങളില്‍ മുങ്ങിക്കുളിച്ച്ചാണ്.നമ്മുടെ സംസ്കാരം തന്നെ നിറങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ..നമ്മുടെ മത വികാരങ്ങളില്‍ നാം പതിച്ചു വെച്ചിരിക്കുന്ന നിറങ്ങള്‍ ദൈവങ്ങളുടെ ശക്തിയിലും അവര്‍ അധിനിവേശിച്ച സങ്കല്‍പ്പങ്ങളിലും അധിഷ്ടിതമാണ്,വിശ്വാസി അല്ലാത്തവനെ സംബന്ധിച്ചു ഈ നിറ സങ്കല്പങ്ങള്‍ നിരത്തു വക്കിലെ കാഴ്ച്ച പ്പൂരങ്ങള്‍ മാത്രമാണ്.നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു  നിറങ്ങളെക്കാളുപരി നിറം പിടിപ്പിച്ച കോടികളാണ് എല്ലാവരുടെയും ലക്ഷ്യമെന്നിരിക്കെ നമുക്ക് നിറങ്ങളെ അവയുടെ പാട്ടിനു വിടുന്നതല്ലേ നന്ന് ?
നമ്മുടെ വിശ്വാസത്തിനും അഭിമാനത്തിനും ഒരുമയ്ക്കും മതങ്ങളും രാഷ്ട്രീയങ്ങളും ഒരു പരിധി വരെ നല്ലതാണ് ,ഓരോന്നിനും കാലങ്ങള്‍ക്ക് മുന്‍പേ പതിച്ചു കിട്ടിയ അല്ലെങ്കില്‍ പതിച്ചെടുത്ത നിറങ്ങളും സ്വന്തമായുണ്ട് .അതിനു വേറെ മുഖങ്ങള്‍ വരാതിരിക്കട്ടെ !നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും നമ്മുടെ കുട്ടികളെ കൂട്ടി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു കൂടാനുള്ള ഒരു മാധ്യമം ആകട്ടെ ..അവിടെയെന്തു സ്പര്‍ദ്ധ !!

നീലയും പച്ചയും പിങ്കും എല്ലാം കൂടിക്കലര്‍ന്നു നിറങ്ങളില്ലാത്ത അവസ്ഥയിലാണ് അഥവാ വെളുത്ത നിറത്തിലാണ് എല്ലാവരും വെള്ളരി പ്രാവിനെ പറത്തുന്ന പരമ സമാധാനം കാംഷിക്കുന്നത് ! എന്നിട്ട് ഞാന്‍ പച്ച നീ നീല അവര്‍ പിങ്ക് എന്നെല്ലാം പറഞ്ഞു കൊടി ഉയര്‍ത്തുകയും അതിനു ചുവപ്പ് നിറമടിക്കയും പിന്നെ അതിനെച്ചൊല്ലി ചങ്ക് കുത്തി പുറത്തിട്ടു വിപ്ലവം പ്രസംഗിക്കുകയും ചെയ്യുന്നതില്‍ എന്ത് സത്യമാണ്ഉള്ളത് ?

ഭൂമിശാസ്ത്രപരമായ നിറഭേദങ്ങള്‍ ലോകത്തെമ്പാടുമുണ്ട് .അത് മനുഷ്യരിലും മൃഗങ്ങളിലും പ്രകൃതിയിലും പല തരത്തില്‍ നിറയുന്നു ..കൊണ്ടാടപ്പെടുന്നു.ഒരു വിവാഹിത അവളുടെ തിരുനെറ്റിയിലണിയുന്ന ചുമന്ന കുങ്കുമം അവളുടെ കടപ്പാടിനെയും പരിപാവനതെയുമാണ് ഹിന്ദു വിശ്വാസത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഇവിടെ ചുവപ്പ് വിപ്ലവം അല്ല അവളുടെ ശരീരപരമായ സാധൂകരണത്തിന്റെ , പ്രത്യുല്പാതനതിന്റെ അവളുടെ പങ്കാളിത്തത്തിന്റെ ചിഹ്നമാണ് .ഇതേ സിന്ദൂരം തിലകക്കുറി ആയി അണിഞ്ഞു ആളുകള്‍ സെമിനാര്‍ നടത്തുന്നു ,മാര്‍ച്ചു ചെയ്യുന്നു,മുദ്രാവാക്യം മുഴക്കുന്നു ,പോരടിക്കുന്നു !! അവിടെ ചുവപ്പിനു മൂല്യങ്ങള്‍ക്കതീതമായി അര്‍ത്ഥം കൈവന്നിരിക്കുന്നു ..അതിനു സഘടിക്കുവാനും ശക്തരാകുവാനും കഴിവ് വന്നിരിക്കുന്നു ..നോക്കൂ നിറങ്ങളുടെ അര്‍ത്ഥം പോകുന്ന വഴികള്‍..!



അതുപോലെ പച്ച ,അത് പ്രകൃതിയാണ്..കൃഷിയാണ് ..പരിപൂര്‍ണ്ണതയാണ് അതുകൊണ്ട് തന്നെ അത് സന്തോഷവുമാണ് വേറെന്തു വേണം അതിനു ദൈവീക പരിവേഷം വരാന്‍!അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് എത്രപേര്‍ പോര്‍ വിളിക്കാന്‍ ഉണ്ടാകും ? ആ നന്മയെ സ്തുതിക്കുന്നവര്‍ക്ക് എങ്ങനെ നാവു പൊന്തും അതൊരു നിറമല്ല മതമാണ്‌ എന്ന് പറയാന്‍ ?അത് മതമല്ല ജീവിതത്തിന്‍റെ പച്ചപ്പാണ് എന്ന് കാണുന്നവരെ, മതമാണ്‌ പച്ചപ്പല്ല  എന്ന് ഓതിപ്പഠിപ്പിക്കുന്നതാകരുത് നമ്മുടെ സംസ്കാരം ,വിദ്ധ്യാഭ്യാസവും !


Monday, November 5, 2012

കുരങ്ങ്


ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും
കുരിശുമല  താണ്ടിയ ശേഷമാണ്
എനിക്കീ പുല്‍മേട്‌ കിട്ടിയത്..
ഞാനതിലിരുന്നൊന്ന്  ആനന്ദിക്കുന്നതിന്
നിനക്കെന്ത് ചേതം ?!!

ഞാന്‍ തിരിച്ചു പോയി
കരച്ചില്‍ തീരാത്ത ആ
പള്ളിമണിയുടെ കയററ്റത്ത്
മണിമുഴക്കിപ്പിടയണമെന്ന്
നിനക്കെന്താണിത്ര  നിര്‍ബന്ധം !!?

വെറും ചില്ലറപ്പണത്തിന്റെ
 പേരില്‍ എനിക്ക് 
കുരിശു മരണം വിധിച്ചവനാണ് നീ !
ഞാന്‍ തൂങ്ങിപ്പിടഞ്ഞപ്പോള്‍
നീ കാഴ്ച്ചക്കാരന്‍ !

അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും
പേരില്‍ നീ ഉമിത്തീയിലെരിയുക..
മണിമാളികയുടെ ഇരുട്ടില്‍
നീ തപ്പിത്തടയുക
എനിക്കെന്തു ചേതം ?!!

എനിക്കീ പുല്‍വീട് മതി
ചാണകം മെഴുകിയ സുഗന്ധം മതി
ഓലക്കീറിലെ സൂര്യന്‍ മതി ..
ഞാനിവിടെ സന്തുഷ്ടയാകുന്നതില്‍
നിനക്കെന്തു ചേതം !!?

കുഞ്ജനെ തൊട്ടു നമിച്ചു
ഞാന്‍ ചൊല്ലട്ടെ :
മാറെടാ-മാനുഷാ..
മാറിക്കിടാ ശ്ശടാ !
മാര്‍ഗ്ഗേ കിടക്കുന്ന
പീറക്കുരങ്ങു നീ !! 










Sunday, November 4, 2012

ദയ


ഹൃദയമുള്ളവര്‍ 
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം
എന്‍റെ ഹൃദയമൊന്ന-
ടയണേ   എന്ന് !
ചോറു പാത്രം മോറുവാന്‍ വരും
കുഞ്ഞു കൈയ്യിനെ ഞെരിച്ചുടച്ച,
കുന്തന്‍ കല്ലു കിളച്ചു മറിച്ചു
വെടിപ്പാക്കി നിരത്തി;
വെള്ളം പാര്‍ന്നു കൃഷി-
യുയര്‍ത്തിയ; നീര് വറ്റി
മെലിഞ്ഞ ഉടലിനു
ബാക്കിയായ കൊഴുപ്പതും
കാര്‍ന്നുതൂങ്ങിയ എന്‍റെ
ഹൃദയ ധമനികള്‍..!
ഹോ..!എന്‍റെ ഹൃദയം
അടഞ്ഞു വരണേ എന്ന്..
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം ..!

ചാഞ്ഞു തൂങ്ങിയ ചാക്കു
കീറിയ ഭിത്തി കെട്ടി
മറച്ച വീടിന്‍റെ ഉമ്മറം
നിരങ്ങി ഞാന്‍ വാങ്ങിയ
വോട്ടു കൊണ്ട് പടുത്ത,
ഈ പള പള മേനി കീറി
തുറന്നു വെച്ചൊരീ-
ചോര തുറിച്ച ഹൃദയം
അടഞ്ഞു മുറിവായ മൂടി
അടഞ്ഞു വരണേ എന്ന്‍..

കള്ളു കോരി നിറച്ചു
വച്ചോരീ പള്ള വീര്‍ത്തു
പതഞ്ഞു പൊങ്ങിയ ;
കള്ള നാണയമായോരീ
നുണ പൊന്തുമെന്റെ
ഹൃദയം തുറന്നൊരു
കീറലുണ്ടിന്നാശുപത്രിയില്‍..!
ഏറുമെന്‍റെ ഹൃദയ വ്യഥ-
ഏറ്റെടുത്തു നീ കേഴുക
ദയവായിനി , ഹൃദയ-
മൊന്നടയണേ എന്‍ കീറി
വച്ചൊരീ ഹൃദയം!

കീറുവാനിനി ഏറെയുണ്ടതിനോര്‍-
ക്കണം പല ജീവിതങ്ങള്‍..
അതിനായി നിങ്ങളില്‍
ഹൃദയമുള്ളവര്‍
ഓര്‍ത്തു വിളിക്കണം
കരുണാമയാ..ഹൃദയമൊന്നു
അടഞ്ഞു വേണമെന്‍
കീറി വച്ചൊരീ ഹൃദയം! 




Friday, November 2, 2012

നിഴല്‍


നീ നര്‍ത്തകന്‍,കവി ,
പാട്ടുകാരന്‍..നടന്‍,
നാട്യക്കാരന്‍ !
നിന്‍റെ  നൃത്തത്തിന്‍റെ
ചുവടുകള്‍ തുടങ്ങിയത്
നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ
കൂര്‍ത്ത വേരുകളില്‍ നിന്ന്..!
ഞാന്‍ ആ വേരിനു വെള്ളമൊഴിച്ച്
ഇല വരുവാന്‍ കാത്തിരുന്നവള്‍..!

നീ ഗുരുവില്ലാത്ത ഏകലവ്യന്‍ !
ഗുരുവിനെത്തേടിയലഞ്ഞ
സന്ധ്യയില്‍ കൈപിടിച്ചു
ബലം നല്‍കിയവള്‍ ..
ചാഞ്ഞിരുന്നു വിയര്‍പ്പൂതി
ഉമ്മകൊടുത്തവള്‍..
 രാവേറെ ചെല്ലും വരെ
നിന്‍റെ  നൃത്ത സപര്യയ്ക്കു
കൂട്ടിരുന്നവള്‍ ..
കൂടണയാന്‍ വൈകുമ്പോള്‍
കാത്തിരുന്നു നെഞ്ച് കഴച്ചവള്‍
ഞാന്‍ ..!

നീ പൂത്തിറങ്ങിയ
നൃത്ത സന്ധ്യയില്‍
പൂത്തുലഞ്ഞവള്‍..
പറക്കുന്ന നിന്‍റെ
കാലടിയില്‍ ചിലങ്കയാകാനായ് 
ഉറക്കത്തിനോട് 
കലംബിയെഴുനേറ്റവള്‍..
നീ  തെറ്റിയപ്പോള്‍
താളം തെറ്റിയവള്‍ ഞാന്‍ !

നീ തൊട്ടു നമിച്ചത് !
പൊലിഞ്ഞു പോയ നിന്നമ്മയെ..
അകലത്തകായിലുറങ്ങുന്ന അച്ഛനെ ..
കാലില്‍ ചിലംബുറഞ്ഞ ഗുരുവിനെ ..
എല്ലാം പുശ്ചിക്കുന്ന സാഹോദര്യത്തെ..
ഇന്നലെ വന്ന സുഹൃത്തിനെ ..
പിന്നെ നിന്നെയുറപ്പിച്ച മണ്ണിനെ ..
നന്ന് നന്നെല്ലാം നന്ന് !
ഒന്ന് മാത്രം  ഞാനറിഞ്ഞമ്ബരന്നു  !
നീ ഞാന്‍ തെല്ലുമറിയാത്ത
എന്‍റെ നിഴലായിരുന്നുവെന്ന് !!


 
  



ചില നേരുകള്‍ നോവുപാട്ടുകളാണ് ..
ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..!
ഏതു കണ്ണിലും നീര്‍ പടര്ത്തുന്നവ..
എപ്പോള്‍ വേണമെങ്കിലും
അടര്‍ന്നു വീഴുന്നവ ..!
അടര്‍ന്നു പോയാലും
പോറല്‍ വീഴ്ത്തുന്നവ ..!
അതുകൊണ്ട് ആ നേര് ഞാന്‍
വേണ്ടെന്നു  വെച്ചു..

Thursday, November 1, 2012

ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍
ഊറ്റം കൊള്ളുന്നവള്‍ ..
നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ ..
നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്‍റെ
ഓര്‍മ്മപ്പെടുത്തലുകള്‍..!
ഇന്നലെ കത്തിപ്പോയ
കമ്മ്യുണിസ്റ്റ് പച്ചയില്‍ പെട്ട്
കത്തിപ്പോയോ ഒളിച്ചിരുന്ന
നിന്‍റെ വിപ്ലവ വീര്യം !
അതോ ഭീരുവെപ്പോലെ
എന്‍റെ കുറിപ്പുകളുടെ
താളില്‍ നിന്നും ഇറങ്ങി
ഓടിപ്പോയോ ??
 

Tuesday, October 30, 2012

ജന്തു !


നീ ജന്തു !നീയും ജന്തു !
അതിന്നിടയിലിരുന്നൊരു ജന്തു ചിലച്ചു
ചില്‍ ചില്‍ ചില്‍..!
രണ്ടു ജന്തുക്കളും ഒരുമിച്ചു നോക്കി  'സത്യം ' !!

രണ്ടു പേരും വാളെടുത്തു
ചുവടു വെച്ചു
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും ഒരുമിച്ചു ചൊല്ലി 'സത്യം ' !!

രണ്ടു പേരും വാളുയര്‍ത്തി
ചുഴറ്റി മറിഞ്ഞു
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും കണ്ണ് കോര്‍ത്തു  'സത്യം ' !!


രണ്ടു പേരും ആഞ്ഞു വെട്ടി 
ചോര തെറിച്ചു ..
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും മനുഷ്യരായി   'സത്യം ' !!

Monday, October 29, 2012

ദൈവമാകുന്നത് !


ചില ജന്മങ്ങള്‍ മരണങ്ങളാണ് ..
പിറന്നു വീഴുമ്പോഴെ മരിക്കുന്നവര്‍..
ചില നേരങ്ങളില്‍
എനിക്ക് എന്നെത്തന്നെ
മരണത്തിന്റെ പതുങ്ങിയ
പുതലിച്ച മണം മണക്കും ..
അതു പിറകില്‍ വരും പോലെ
എന്നെ എന്‍റെ ഉടുപ്പിനെ
പിടികൂടും പോലെ ..
ഒക്കാനിച്ച് തൊണ്ട ഏങ്ങും ..!
ഒരു മരച്ച  ശൂന്യത
അതെന്‍റെ കണ്ണില്‍
കണ്മഷിയെഴുതും..
എന്തിനോ ഞാന്‍ എന്‍റെ
ഹൃദയത്തിലേയ്ക്ക്
സഹതാപത്തിന്റെ
വിത്തെറിയും ..
അതവിടെക്കിടന്നു മുളച്ചു
രക്തത്തിലൂടെ വളരും ..
 എന്‍റെ രക്തം കുടിക്കുന്ന
കൊതുകുകള്‍ സഹതാപത്തിന്റെ
സന്ദേശ വാഹകരാകും ..!
സഹതാപം അന്യര്‍ക്ക് കുത്തി വച്ചു
അവര്‍ വീണു മരിക്കും !!
 അതാണ്‌ ഞാന്‍ പറഞ്ഞത്
ചില ജന്മങ്ങള്‍ മരണങ്ങളാണെന്ന് ..
അങ്ങനെയാണത്രേ ഞാന്‍
മരണമില്ലാത്ത ദൈവമായത് !!



Friday, October 19, 2012

കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍
അപ്രത്യക്ഷ ആകുന്നു ..
എന്ന് സ്വന്തം ദൈവം...

Thursday, October 18, 2012

കത്തുന്ന പൂക്കള്‍


സന്ധ്യകള്‍ കത്തുന്ന പൂക്കളായ്
ഞാനതില്‍ കത്തിയമര്‍ന്നു പോയ്‌
ചാരമില്ലേതുമേ !!

നീ വരും വീഥിയില്‍
കത്തിത്തളര്‍ന്നു  പോയ്‌
നാമോമനിച്ചു വളര്‍ത്തിയ
മോഹങ്ങള്‍..!

ഏകാന്തതയില്‍ നീ അമ്പരക്കും
ഞാനിതെങ്ങു പോയ്‌ !
പിന്നെന്റെ ഗന്ധമേതായിരു
ന്നെന്നതും..

ഏറെ കറുത്തു കുറുകിയ
രാവിന്‍റെ മാറില്‍ 
നീ പാറി പരതുമെന്നെ !എന്‍റെ
ചൂടു ചുവയ്ക്കുന്ന ചുംബനത്തെ !

 




Wednesday, October 17, 2012


മറയാന്‍ പറക്കുന്ന പക്ഷികള്‍
മനസ്സിന്‍റെ മോഹങ്ങള്‍ ..
എനിക്കിന്ന് പറക്കണം
വിഹായസ്സിന്‍ ഇന്ദ്രനീലത്തില്‍ !
മറന്നുയരണം എല്ലാം
കുടഞ്ഞെറിഞ്ഞെങ്ങോ !

Monday, October 15, 2012

വിധി


അരിയണം നിന്നെയൊക്കെ
എന്‍റെ അക്ഷരത്തിന്‍
വാള്‍ത്തുംബിനാല്‍..പക്ഷെ,
അത് തന്നാകും നിന്‍റെ
വിധിയും മൂഡാത്മാവേ !
പറന്നു പോകും
പക്ഷിക്ക് പോലും കുറ്റം
പൊഴിഞ്ഞു വീഴും മഴ-
ത്തുള്ളിയ്ക്കതും കുറ്റം !
അയല്‍ക്കാര്‍ അരികത്തൂടെ
നടന്നാല്‍ കുറ്റം പിന്നെ,
അവരോ വരാഞ്ഞാല്‍
നീയാണതിന്‍ കുറ്റം !
ഇടുപ്പില്‍ വസ്ത്രം ഇല്ലാഞ്ഞാല്‍ കുറ്റം
ഇനി പൊതിഞ്ഞു ബുര്‍ക്കയിട്ടു
നടന്നാല്‍ ഏറ്റം  കുറ്റം !
വെയിലെറ്റൊന്നു വാടിക്കഴിഞ്ഞാല്‍
കുറ്റം, വെയില്‍ കൊള്ളാതെ-
യകത്തെങ്ങാന്‍ ഇരുന്നാല്‍
ഏറും  കുറ്റം !
ഇടവഴിയില്‍ പൈയ്യെ-
മേയ്ക്കാന്‍ പോയാലോ  കുറ്റം
പിന്നെ മേയ്ക്കാതെ തൊഴുത്തില്‍-
ത്തന്നെ നിര്‍ത്തിയാല്‍ കൊടും കുറ്റം !
നായത് കുരച്ചാല്‍പ്പിന്നെ നിന്നെ ഞാന്‍
കൊല്ലും നായേ ..
കുരയ്ക്കാതിരുന്നാലോ ഊച്ചാളി-
പ്പട്ടിയെന്നതും കുറ്റം !
കണ്ണാടിയൊന്നു നോക്കി
ഒരുങ്ങിയാല്‍ നിന്നെക്കാണാന്‍
ആരിങ്ങു വരുന്നെടീ
എന്നതേ കുറ്റം കുറ്റം !!
ഒരുങ്ങാതിരുന്നാലോ
നായ നക്കിയ മോന്ത!
ആര് കൊണ്ടുപോകാന്‍ -
പ്പോയ് ഒരുങ്ങെടീ ശവീ കുറ്റം  !!
പുസ്തകമെടുത്തങ്ങു
പഠിച്ചാല്‍  നീ കലക്ടറോ !!
ഇല്ലാഞ്ഞാല്‍ വായില്‍നോക്കീ ..
പെരും മണ്ടി,
കുറ്റമേ കുറ്റം കുറ്റം !

ഓടിയാലോ ഓടിപ്പോയി
ചാടിയാലോ ..തല
വച്ചാലോ ..തൂങ്ങിയാലോ..
അയല്‍ക്കാരനൊപ്പം  ചെന്ന്
കൂടിയാലോ..കൂസാതങ്ങ്
തീര്‍ത്താലോ  സ്വയം, അവള്‍...!

അരിയണം നിന്നെയൊക്കെ
അച്ഛനാണത്രേ നിങ്ങള്‍
അമ്മയാണത്രേ ..!ജന്മ ബന്ധമാണത്രേ !!
കൊല്ലാം  ഞാന്‍ എല്ലാരെയും..
വാളിനാല്‍, ഉണങ്ങാത്ത
ചോരയാല്‍ കുറിക്കാം 
നിനക്ക് സ്വാതന്ത്ര്യം കുഞ്ഞേ ..!
പക്ഷെ  നീ പഠിക്കേണം
തനിച്ചുറങ്ങാന്‍..ഉണരാനും..
ചിരിക്കാന്‍ ചിന്തിക്കാനും..
പറക്കാന്‍.. അഷ്ടിക്കു
വകയുണ്ടാക്കാന്‍ പോലും !!
ഇനി ഞാന്‍ കൊല്ലാം
അവരയെന്റെ അക്ഷരത്തിന്റെ 
ചുരികത്തുംബാല്‍ ഇതാ
ഈ നിമിഷത്തില്‍ തന്നെ !










Thursday, October 11, 2012

മൂന്നക്ഷരങ്ങള്‍ !


വെയിലിന്‍ വെള്ളി വിരിച്ച
വഴിയിലൂടെ പ്രണയം
ഒഴുകി വന്ന നാളുകള്‍ ..
നിന്‍റെ ചാരക്കണ്ണുകള്‍
തന്നിട്ട് പോയ കണ്ണുനീര്‍
തുള്ളികള്‍ ..!

മനസ്സിലെ പ്രണയം
അല്‍പ്പം പോലും
നീ കവര്‍ന്നെടുത്തില്ല !
വിങ്ങിവീര്‍ത്തു കല്ലായിപ്പോയ
എന്‍റെ ഹൃദയം !

നമ്മള്‍ പറയാതെ പോയത്
അതിന്റെ നൂറിരട്ടിയായി
ഇന്ന് ഞാന്‍ പറയുന്നു
എന്‍റെ പ്രണയം
അതു കേട്ട് പുഞ്ചിരിക്കുന്നു !

കവിളില്‍ തൊട്ടുപോയ
ചുംബനക്കാറ്റില്‍ ഒഴുകി-
പ്പോയ കുഞ്ഞുകൗമാരം!
ഈറന്‍ മിഴിയാല്‍
ഒഴുക്കിക്കളഞ്ഞ രക്തത്തുള്ളികള്‍ !

ഗുല്‍മോഹര്‍ പൂത്ത പോലെ 
എന്‍റെ കണ്പോള കള്‍!
കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ
നിന്‍റെ പ്രണയക്കുറിപ്പുകള്‍ !
വലിച്ചെറിഞ്ഞിട്ടും
തിരിച്ചു വരുന്ന നിന്റെ
കുനു കുനു നീലയക്ഷരങ്ങള്‍ !
വലിച്ചെറിഞ്ഞാലും  പോകാന്‍
കൂട്ടാക്കാത്ത എന്‍റെ ഹൃദയ-
ത്തുടിപ്പുകള്‍ !

ഒരല്‍പം ചിരിയോടെ
അതിലേറെ ഗര്‍വ്വോടെ 
സമാന്തരം  പറന്ന
രണ്ടു പുല്ലാനിക്കായുകള്‍..
മുള പൊട്ടിയ മൂന്നക്ഷരങ്ങള്‍ !
പ്രണയം !












Friday, October 5, 2012

രവിമുഖം


ഒരു ചൂട് കാപ്പിയും പണ്ഡിറ്റ്‌ ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !!

രവീന്ദ്രന്‍ എന്ന മനുഷ്യന്‍ ഞാന്‍ വളരെ വൈകി വായിച്ചു തുടങ്ങിയ ഇതിഹാസമാണ്‌ !എനിക്ക് അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങള്‍ വെറും അക്ഷരങ്ങള്‍ അല്ല! എന്നെ കൂടെ ആശ്ലേഷിച്ചു പറത്തി കൊണ്ട് പോകുന്ന അനുഭവങ്ങളാണ് !യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് അസൂയപ്പെടുത്തുന്ന ഈ വിവരണങ്ങള്‍ അവയുടെ മഹത്തായ ആ ഭാഷ !ഞാന്‍ അതില്‍ പൂഴ്ന്നിരിക്കാന്‍ ആഗ്രഹിക്കുന്നു !എന്‍റെ ഹൃദയത്തിലേയ്ക്ക് ഞാന്‍ എടുത്തു വച്ച എഴുത്താണ് ചിന്ത രവി എന്നറിയപ്പെടുന്ന രചയിതാവിന്റെത് . മനോഹരമായ ഭാഷ !അദേഹത്തെപ്പറ്റി -യാത്ര അനുഭവങ്ങളുടെ ഭൂമികയാക്കി തീര്‍ക്കുന്ന ആള്‍ എന്നു  തന്നെ പറയാം !

പൊതുവേ നിര്‍ജീവമായിക്കിടക്കുന്ന യാത്രാ വിവരണ മേഘലയില്‍ (കേരളം) അദ്ദേഹത്തിന്റെ സംഭാവന വളരെ ഉയര്‍ന്നതാണ് .വെറും യാത്രകളിലെ കാഴ്ച മാത്രമല്ല അത് .അദേഹത്തിന്റെ 'അകലങ്ങളിലെ മനുഷ്യര്‍' ഇന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ചു അവയുടെ ആവാസ വ്യവസ്ഥിതിയില്‍ ആദിമ നിവാസികള്‍ക്കുള്ള  പ്രാധാന്യത്തെ കുറിച്ച് ,യാത്രകളിലൂടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ ധാരണാ ശേഷിയുള്ള ഒരാള്‍ക്ക്‌ മാത്രം എഴുതാന്‍ കഴിയുന്ന മനോഹര ഗദ്യമാണ് അദേഹത്തിന്റെ രചനകള്‍.ഈ  ഒരൊറ്റ കൃതി മതി അതിലുള്ള ഘടനാ വൈഭവവും ഇന്ത്യന്‍ ഗ്രാമങ്ങളുടെ സൌന്ദര്യ ശാസ്ത്രവും ഏതൊരാളെയും മനസിലാക്കുവാന്‍ !

അദ്ദേഹം ഗ്രാമങ്ങിലൂടെ നഗരങ്ങളുടെ ഉല്പത്തിയെക്കുറിച്ച് സൂചിപ്പിക്കുന്നത് അല്ലെങ്കില്‍ നഗരങ്ങളുടെ വികാസത്തിനു കാരണവും ഗ്രാമങ്ങളുടെ പോയ പ്രതാപങ്ങളെക്കുറിച്ചു  സൂചിപ്പിക്കുന്നതും എന്ത് ശക്തമായ രീതിയിലാണെന്നോ ! ഇതാ:
'ആഴ്ചച്ചന്തകള്‍ കോര്‍പ്പറേഷനുകളിലേയ്ക്ക് പിന്‍വലിയുകയാണെങ്കില്‍ ആദിവാസികള്‍ക്ക് നഷ്ടമാവുക സാംസ്കാരിക വിനിമയത്തിന്റെയും സമ്മേളനത്തിന്റെയും ഒരരങ്ങാണ് '
എത്ര സത്യമാണത് ! നമ്മളില്‍ എത്രപേര്‍ക്ക് ഇങ്ങനെ ചിന്തിക്കാനാകും? ഇവിടെ യാത്രാവിവരണം അതില്‍ മാത്രമല്ല ഒതുങ്ങുന്നത് സാംസ്കാരിക വിവരണത്തില്‍ക്കൂടി വളരുകയാണ് ..
ഭോഗസ്ത്രീകള്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു സിനിമ കാണുന്നത് പോലെ തോന്നി !കൃഷ്ണ-ഗോദാവരി നദീതീരങ്ങളിലെ ദേവദാസി സംസ്കാരത്തിന് അതിന്‍റെതായ ആലങ്കാരിക പ്രൌഡി ഉണ്ടായിരുന്നു എന്നും വെറും വേശ്യകള്‍ എന്ന് അവരില്‍ ഒരാള്‍ പോലും മുദ്രകുത്തപ്പെടാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതും മനോഹരമായൊരു അറിവാണ് !പക്ഷെ അവ മാറി മറിഞ്ഞു സാധാരണ നാഗരിക വേശ്യാലയങ്ങള്‍ ആകുന്നതു നാം രവീന്ദ്രനോടൊപ്പം നടന്നു കാണുന്നു ! പെദ്ദാപുരത്തിന്റെ വശ്യ സൌന്ദര്യം ഇനിയും നശിച്ചിട്ടില്ലെന്നും അവര്‍ ചിലരെങ്കിലും താവഴികളുടെ തണുപ്പിലാണെന്നും നമുക്ക് പല തരത്തില്‍ ചിന്തിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വരികള്‍ വഴികള്‍ തുറന്നിട്ടിരിക്കുന്നു!

ഒറീസയിലെ ഖോണ്ട് ഗോത്ര വംശജരെപ്പറ്റി അവരുടെ നരമേധ സമ്പ്രദായത്തെപ്പറ്റി എല്ലാം എന്തെല്ലാം അറിവുകള്‍!!അവരുടെ വര്‍ഗത്തിന്റെ അധോഗതിയെപ്പറ്റിയും യാതനകളെപ്പറ്റിയും ഹൃദയസ്പര്‍ശിയായി  ചിത്രമെഴുതിയിരിക്കുന്നു !അരുണാചലിലെ   പദം വര്‍ഗക്കാരായ ആദികള്‍!ഇനിയും ആര്‍ക്കും തോല്പ്പിക്കാനാകാത്ത അവരുടെ മൂഡ വിശ്വാസങ്ങള്‍ ..!അങ്ങനെ എത്രയെത്ര !ഒരുപാടെഴുതിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ  കൃതികള്‍ക്കെല്ലാം സ്വത്വമുണ്ട് പോയ വഴികളുടെ ജീവനുണ്ട് .സുവ്യക്തമായ അര്‍ത്ഥ തലങ്ങളുമുണ്ട് .

യാത്രകള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട് ..യാത്രയിലൂടെ ജീവിക്കുന്നവരുണ്ട്‌ ,ജോലി ചെയ്യുന്നവരുണ്ട്,ഉറങ്ങുന്നവരും ഉണരുന്നവരുമുണ്ട്.യാത്രയേ ഭക്ഷണമാക്കുന്നവരുണ്ട്!ഒരുതരത്തില്‍ പറഞ്ഞാല്‍ ജനനം മുതലൊരു യാത്രയിലാണെല്ലാവരും..എങ്കിലും യാത്രയിലെ  അനുഭവങ്ങള്‍ എല്ലാവരുമായി അര്‍ത്ഥവത്തായി പങ്കു വെയ്ക്കുക  എല്ലാവര്ക്കും സാധ്യമായതല്ല ,ഇവിടെ രവീന്ദ്രന്‍ എന്ന മനുഷ്യന്‍ കുറിച്ചു വച്ചിട്ടു പോയത് അദ്ദേഹത്തിന്‍റെ വിലയേറിയ സമയങ്ങളുടെ അര്‍ത്ഥങ്ങളാണെന്നതും ആ അര്‍ത്ഥങ്ങള്‍ക്ക്‌ എത്ര മുഖങ്ങള്‍ ആണുള്ളതെന്നും  ഞാന്‍ അതിശയത്തോടെ തിരിച്ചറിയുന്നു ..!

 


Wednesday, October 3, 2012

പൊതിച്ചോറ്


സഹയാത്രികാ
എന്‍റെ മനസ്സു നിറയെ സ്നേഹമാണ്
നിനക്കതു മുത്തു പോലെ കോര്‍ത്ത്‌
മാലയാക്കിക്കൂടെ ?
വേണമെങ്കില്‍ കഴുത്തിലണിയാം
വേണ്ടയെങ്കില്‍ പൊട്ടിച്ചെറിയാം ..
എനിക്കീ സ്നേഹം ഒഴുക്കാനിടമില്ലാത്തത് പോലെ ..
ആഴ്ന്നിറങ്ങാന്‍ അതിനു കഴിയുന്നില്ലല്ലോ !
ഒക്കെ മരവിച്ച കോണ്‍ക്രീറ്റ്
പ്രതലങ്ങള്‍ !!
ചോദിച്ചവര്‍ക്കൊന്നും കൊടുക്കാതെ
ഞാനിത് കൂട്ടിവച്ചത്
ആര്‍ക്കു വേണ്ടിയായിരുന്നു ??
ഞാനീ പൊതിച്ചോറ് വലിച്ചെറിയട്ടെ ??
നീയത് ചെയ്യരുത് ,
എന്ന് പറയില്ലെങ്കില്‍ ?!

 (2002 )












Wednesday, September 26, 2012

നിഴല്‍


എനിക്ക് വെറുപ്പാണ്
അനാവശ്യങ്ങളായ ചോദ്യങ്ങളെ..
ഉത്തരങ്ങളെ..
ഇനിയും മനസ്സിലാകാത്ത
ഉത്തരമില്ലാത്ത സംശയങ്ങളെ !
അവയെ ഞാന്‍ ഒന്നുകില്‍
മൌനത്തിന്റെ കയറില്‍
തൂക്കി കൊല്ലും !
അല്ലെങ്കില്‍ എന്‍റെ ദേഷ്യത്തില്‍
മുക്കിക്കൊല്ലും !
രണ്ടായാലും ഞാന്‍
മരണപ്പെടുന്നൊരു
പാവം ആത്മാവിന്റെ
കറു കറുത്ത നിഴലാണ്!


'ഞാന്‍'

  

നീ എന്‍റെ നല്ല സുഹൃത്തല്ല എന്ന് ഞാന്‍ ഒരു സുഹൃത്തിനോടും
പറഞ്ഞില്ല, അത് കൊണ്ട് തന്നെ കഴിഞ്ഞകാലത്തിന്റെ ഊഷ്മളത
തെല്ലും പോകാതെ ഞാന്‍ നിന്നെയും ഈ ഓര്‍മകളെയും സ്നേഹിക്കുന്നു സുഹൃത്തെ !!
ആര്‍ത്തലച്ച് വന്നു കെട്ടിപ്പിടിക്കാതെ ,തിരിഞ്ഞിരുന്നു കണ്ണിറുക്കി കള്ളം പറയാതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു സുഹൃത്തേ ..

എന്നും നമ്പര്‍ കറക്കി ഫോണ്‍ വിളിക്കാതെ ,ഓര്‍മകള്‍ക്ക് തെല്ലും
മങ്ങല്‍ കൊടുക്കാതെ ഇന്നും ഞാന്‍ നിന്നെ എന്‍റെ ഭാഗമാക്കുന്നു സുഹൃത്തേ..!

കൂടെ ഇരുന്നു മദ്യപിക്കാതെ ,കൂട്ടിനിരുന്നു പുക വലിക്കാതെ ,കാട് കയറി കാമിക്കാതെ എന്നും ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു സുഹൃത്തേ ..!

നീ ചാണകമെന്നു വിളിച്ചു കൂകിയ ശേഷം
കാണുമ്പോള്‍ നിനക്ക് വേണ്ടി ചാകണം എന്ന് പറയുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും മാറ്റമില്ലാത്ത  'ഞാന്‍' എന്ന അഹന്ത ആണെന്ന്
ഒരു പക്ഷെ നീ എന്ന സുഹൃത്തിന്  മന്സിലാകുമായിരിക്കാം !!

Thursday, September 20, 2012

ഓര്‍മ മഴ !!



സ്വപ്നങ്ങള്‍ മഴ പോലെ ..
കണ്ണാടി ചില്ലില്‍ തെറിച്ച
മഴത്തുള്ളി  എവിടെയോ
ഊര്‍ന്നു പോയി !
മഴ നനഞ്ഞ പാവാടയ്ക്കു താഴെ
നിന്‍റെ തുടുത്ത പാദങ്ങള്‍ ..
മുള പൊട്ടുന്ന കര്‍ക്കിടക
കൂണുകള്‍..
കാറ്റില്‍ പാതി പറന്നു
നനഞ്ഞിറങ്ങുന്ന പുല്ലാനി വിത്തുകള്‍ ..
തുള്ളി കുതിച്ചോടുന്ന പശുക്കിടാവ്‌ ..
കണ്ണില്‍ ഇറ്റിക്കാന്‍ 
കണ്ണീര്‍ത്തുള്ളിച്ചെടി..
വയല്‍ വരമ്പിലെ
പച്ചത്തവളകള്‍..
കെട്ടു പിണയുന്ന
നീര്‍ നാഗങ്ങള്‍..
അമ്പലക്കുളത്തിലെ
വഴു വഴുത്ത തണുപ്പ്
ഈറന്‍ മുടി നനച്ച
ലോല നിതംബം ..
പൂക്കുട നിറയെ
മഴ നനഞ്ഞ പൂക്കള്‍ ..
ഇലക്കീറിലെ ഇത്തിരി
ചന്ദനം ..
കാവിലെ കല്ലില്‍
കുതിര്‍ന്ന മഞ്ഞള്‍പ്പൊടി ..
കറുക പുല്ലില്‍ പതിഞ്ഞ
നനഞ്ഞ വഴിത്താരകള്‍ ..
വയല്‍ തിണ്ടിലെ
പരല്‍ക്കുഞ്ഞുങ്ങള്‍..
നനഞ്ഞു നാണിക്കുന്ന
സില്‍വര്‍ ഓക്കുകള്‍..
മണ്ണില്‍ പതിഞ്ഞ
കിളിച്ചുണ്ടന്‍ മാമ്പഴം ..
പുതലിച്ച ചെമ്പക  മരം..പൂത്തുലഞ്ഞ
മുല്ലപ്പൂചെടി ..
  ഹോ !എന്തൊരു
സൌന്ദര്യം
എന്‍റെ ഓര്‍മ മഴേ !!


Friday, August 24, 2012

ആത്മരോദനം -അച്ഛന്‍റെ


ആര്‍ദ്രമാം മനസ്സിന്‍റെ
ആത്മ നൊമ്പരങ്ങളില്‍
അഞ്ചിതള്‍ പൂവായ് നില്പൂ
നിന്‍ പ്രിയ വദനവും ..

ഓമനേ ഓര്‍മ്മകള്‍ തന്‍
ചാരു സിംഹാസനത്തില്‍
നിന്നെ ഞാന്‍ പ്രതിഷ്ഠിച്ച-
തെന്തിനെന്നറിയുമോ ?

അമ്പല മണികള്‍ തന്‍
ഓട്ടിണ മുഴക്കത്തില്‍
ഞെട്ടിയങ്ങുണര്‍ന്നേയ്ക്കാം
നമ്മുടെ ദേവപ്പ്രീതി !

നഷ്ടങ്ങള്‍ മനസ്സിന്‍റെ
പതിഞ്ഞ കോണില്‍ വഴി
ഇടറും പാദം കുത്തി
ഇറങ്ങിപ്പോയീടട്ടെ !

ആര്‍ക്കുമേല്‍ അതിന്ദ്രീയ
ജ്ഞാനമുണ്ടെന്നോര്‍ത്തു നീ തേടി
ച്ചെന്നോ,ഇന്നവള്‍ക്കഹോ 
ജ്ഞാനമേ ഇല്ലെന്നല്ലോ !!

നന്മ തന്‍ മണമില്ലാ-
ക്കളങ്ങള്‍ ഉടലിലൂട -
ങ്ങിങ്ങു വെട്ടിക്കീറി
കളിക്കുന്നൂ  ചിലര്‍..

അച്ഛനിങ്ങെന്തു  ചെയ്‌വൂ
സൂക്ഷിച്ചു വയ്ക്കാം നിന്‍റെ
ഓര്‍മ്മകള്‍ മണക്കുന്ന
പുസ്തക കൂമ്പാരങ്ങള്‍..

അറിവില്ലാത്തോര്‍ ചെയ്യും
അറിവിന്നാഴം തേടി
ഇനി നീ പറക്കില്ല
ബന്ധുരം മണ്ണിന്‍ മണം !!

ഇനിയെന്‍ ശൈശവം താങ്ങാന്‍
നീയില്ല എനിക്കിനി
ആരുണ്ട്‌ മറുപടി
ആരായാന്‍ വന്നീടുവാന്‍ ??



 

Wednesday, August 22, 2012

കലയിലെ പ്രകൃതി


പി എന്‍ മേനോന്റെ- നേര്‍ക്ക്‌ നേരെ -ഞാന്‍ ടി വി യില്‍ കണ്ടു ഇന്നലെ..അതില്‍ പ്രകൃതിയെ ഇണക്കി ചേര്‍ത്തിരിക്കുന്നത് എനിക്കിഷ്ടപ്പെട്ടു !കലയില്‍ പ്രകൃതിയുമായുള്ള ലയനം മനോഹരമാണ് ..അത് വേറിട്ട്‌ നില്‍ക്കാതെ കൂടെ ഒഴുകുമ്പോള്‍ കലയ്ക്കു ജീവന്‍ വയ്ക്കുന്നു !!എന്തൊരത്ഭുതമാണല്ലേ അത് !! സത്യത്തില്‍ കേരളത്തില്‍ ജനിച്ചതില്‍ ഞാന്‍ ഏറ്റവും അഭിമാനിക്കുന്നത് നമ്മുടെ കലകളുടെ വൈവിധ്യത്തിലും അവയുടെ മൂല്യത്തിലുമാണ് ..500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവിടെ കഥകളി ഉണ്ടായിരുന്നു ..!ആദിശങ്കരന്‍ ജനിക്കുമ്പോള്‍ ഇവിടെ കൂടിയാട്ടം നിലവിലുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത് ! അതിനൊക്കെ മുന്‍പ് ഇവിടെ നമ്മുടെ ആദിവാസികളുടെ ഇടയില്‍ ഈ കലകളുടെ ഒക്കെ രൂപ ഭാവങ്ങളുള്ള കലാരൂപങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു !

പണിയര്‍-നായ്ക്കര്‍ വിഭാഗങ്ങളില്‍ വളരെ മനോഹരമായ നൃത്ത രൂപങ്ങളുണ്ട് ..അത് ഞാന്‍ കണ്ടത് എന്റെ സ്വന്തം വയനാട്ടില്‍ വച്ചാണ് .അവരുടെ കല്യാണം മരണം വയസ്സറിയിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് വ്യത്യസ്തങ്ങളായ തുടി കൊട്ടും പാട്ടും നൃത്തവും ഉണ്ട്.അവരുടെ ചുവടു വെയ്പ്പുകളുടെ ഭംഗിയും ദൃഡതയും നമുക്ക്  തെയ്യത്തിന്റെ വക ഭേദമായിട്ടു തന്നെ കാണാവുന്നതാണ് .എനിക്കിങ്ങനെ തോന്നുവാന്‍ കാരണം തെയ്യമെന്നത് ദൈവമാട്ടം തന്നെയാണ് .ഇവിടെ ആദിവാസികളും ആടുന്നത് ദൈവ ഭാവങ്ങള്‍ തന്നെയാണ് (ചുരുക്കം ചില അവസരങ്ങള്‍ ഒഴിച്ചാല്‍ )അവരുടെ തുള്ളലിന്റെ മൂര്ദന്യാവസ്ഥ എപ്പോഴും ഒരു മുടിയാട്ടതിന്റെത് പോലെ ഉറഞ്ഞുള്ളതാണ്.ഇവിടെയാണ്‌ പ്രകൃതി മനുഷ്യന്റെ രൂപം കെട്ടി ആടുന്നത്..മഞ്ഞളണിഞ്ഞു,കുങ്കുമം പൂശി ,അരിമാവിലെഴുതുന്ന..കരി അണിഞ്ഞ കോലങ്ങള്‍! ..നോക്കൂ പ്രകൃതി എന്തൊക്കെയാണ് നമുക്ക് പകരുന്നതെന്ന് !!

കഥകളി ഞാന്‍ അതിന്റെ മുഴുവന്‍ സത്തയോടെ കാണുന്നത് ഈ അടുത്ത കാലത്താണ് !എന്റെ ശ്രീ യുടെ യും മോളുടെയും  കൂടെ ..പിന്നീടെനിക്ക് കൂടിയാട്ടവും കാണുവാനുള്ള അവസരം വന്നു..പാവക്കഥകളി ..അങ്ങനെ പലതും !എനിക്കെന്റെ അച്ഛച്ഛന്റെ കൊച്ചു മകളെന്നു പറയാന്‍ ഇന്ന് അഭിമാനമുണ്ട് .അദ്ദേഹം ഒരു മഹാനായിരുന്നു !!ആരും അറിയാത്ത മഹാന്‍ !!എന്റെ അഛയുടെ വാക്കുകളിലൂടെ പറഞ്ഞാല്‍..എന്നും കാലത്തുണര്‍ന്നെഴുനേറ്റ് അതി ചിട്ടയോടെ പ്രാഥമിക കൃത്യങ്ങള്‍ ,പത്രപാരായണം,നടത്തം ,ഭക്ഷണം എന്നിവ കഴിഞ്ഞു അദ്ദേഹം തെങ്ങ് ചെത്തി കള്ളെടുക്കാന്‍ പോകും ..അത് കൃത്യമായി ഷാപ്പില്‍ ഏല്‍പ്പിക്കും ..ഒരു തുള്ളി മദ്യപിക്കാത്ത അദ്ദേഹം  ഈ പ്രവൃത്തിക്ക് ശേഷം അടുത്തുള്ള പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പോകും അതിനു ശേഷം അടുത്തുള്ള അമ്പലത്തിലോ ,കൂത്തമ്പ ലത്തിലോ ഇരുന്നു കഥകളി കാണും !അതിനൊത്തു മനോഹരമായി കഥകളി സംഗീതം പാടും !!കഥ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കും -അദ്ധ്യാപകന്‍,ചെത്ത്‌ തൊഴിലാളി,കലയുടെ നിറ  കുടം !!!!എന്തൊരു കടക വിരുദ്ധമായ കാര്യങ്ങള്‍!!ഇവിടെ പ്രകൃതി കളിച്ചിരുന്ന കളി എന്തായിരുന്നു !മണ്ണും കലയും അതി ജീവനവും എല്ലാം ഒന്നിച്ചുണരുന്ന മനോഹരമായ താഥാത്മ്യാവസ്ഥ !അതുകൊണ്ടാവാം അദ്ദേഹത്തിന്റെ മക്കള്‍ക്ക്‌ മണ്ണിനെയും മനുഷ്യനെയും കലയെയും വിപ്ലവത്തെയും ഒരു പോലെ നെന്ജിലേറ്റാന്‍  ആയത്  !!അവര്‍ നാടകം കളിച്ചു .സി ജെ യുടെയും മറ്റും നാടകങ്ങള്‍..!രാത്രികളെ അവര്‍ പെട്രോമാക്സുകളുടെ വെളിച്ചത്താല്‍ നിറച്ചു..കലയ്ക്കു നിറം വച്ച് അവര്‍ കളിച്ചു ..ചിരിച്ചു.. കരഞ്ഞു..ജീവിച്ചു !!കൈയില്‍ തീ തെളിയും ചൂട്ടുകളും,തഴപ്പായകളും ,തിന്നാന്‍ ഉഴുന്നാടകളു മായി അവരുടെ അച്ഛനും അമ്മയും കാമുകീകാമുകന്മാരും ഭാര്യയും,മക്കളും,വീട്ടിലെ നായയും ,പൂച്ചയും  അതിന്റെ ഭാഗങ്ങളായി ..അവര്‍ വിപ്ലവം പറഞ്ഞു ..അതില്‍ ജീവിച്ചു..ചോരയും,ആശയങ്ങളും കൂട്ടിമുട്ടി..മരിച്ചു..ജയിച്ചു..മറഞ്ഞു..ജീവിച്ചു   !!അവര്‍ വെട്ടിത്തെളിച്ച് മണ്ണില്‍ ചോര ഉതിര്‍ത്തി നനച്ചു ,വിത്തെറിഞ്ഞു,ജീവിതം പാറ്റി ക്കൊഴിച്ച് പതിരെല്ലാം ദൂരെയെറിഞ്ഞു ,മദി യും കൊതിയും ,കണ്ണീരും നിലാവും നിറഞ്ഞ ജീവിതങ്ങള്‍ !!അവിടെ ഞാന്‍ പിറന്നു !!എന്റെ സഹോദരി പിറന്നു..എന്റെ ബന്ധങ്ങളും ബന്ധനങ്ങളും പിറന്നു..!
പ്രകൃതിയുടെ ഇത്തരം  ലാസ്യ ഭാവങ്ങളില്‍ കല മനുഷ്യനോടു അമര്‍ന്നു കിടക്കുകയാണ്!! ഈ മൃഗ സൗന്ദര്യത്തില്‍ ഞാന്‍ എന്നും ഒരു ഭ്രാന്തിയായ ഒരു ആസ്വാദകയാണ്  ഏതു നല്ല കലയുടെയും!

Monday, August 20, 2012

കര്‍ഷകര്‍


ഇന്നലെ  കുമാര വര്‍മ സാറിന്റെ വീട്ടില്‍ നിന്നും എനിക്കും ശ്രീയ്ക്കും മോളെ വലിച്ചു തൂക്കി കൊണ്ട് പോരേണ്ടി വന്നു ! അവിടെ തൊടിയിലാകെ പൂക്കളും പഴങ്ങളും മണ്ണും കല്ലും എല്ലാം അവളെ തിരിച്ചു വിളിച്ചു ..കനൂ  കണ്മണീ  നീ പോകേണ്ട ..നമുക്ക് കളിക്കാം ..
അവളെ എടുക്കുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ചു :അമ്മേ..റ്റാ റ്റ ..മേണ്ട..
തൂക്കി കാറിലേയ്ക്കു എടുക്കുമ്പോള്‍ ചിരിയോടൊപ്പം തെല്ലു വേദനയും തോന്നി..
തനിച്ചാകുന്നതിന്റെ ..കുഞ്ഞിനു മണ്ണ് കളിയ്ക്കാന്‍ നഷ്ടപ്പെടുന്നതിന്റെ ..ഓടി നടക്കാന്‍ ധാരാളം തൊടിയുണ്ടെങ്കിലും അവള്‍ക്കു കളിയ്ക്കേണ്ട സമയത്ത് അത് കിട്ടാത്തതിന്റെ നൈരാശ്യം !അവളുടെ കുഞ്ഞിക്കൈയില്‍ ഒരു കാട്ടു പൂവ് തിരികെ വീട്ടിലെത്തും വരെ ഉണ്ടായിരുന്നു ..കുഞ്ഞിക്കൈയിലിട്ടു അവള്‍ അതിനെ കളിച്ചു കൊണ്ടേയിരുന്നു ..
സമൃദ്ധ മായി പൂക്കളമിട്ട ബാല്യകാലം എന്നെ ഓണത്തിന്റെ ഒര്മാകളിലെതിക്കുന്നു ഒളിച്ചു കളിച്ചു കൊണ്ട് ഒളിച്ചിരിക്കുമ്പോള്‍ പറിച്ചു തിന്നുമായിരുന്ന വെള്ളരിക്കകള്‍..പുറത്തുള്ള മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ കൈ കൊണ്ട് തൂത്തു കളഞ്ഞു കറുമുറു എന്ന് തിന്നുമ്പോള്‍ ആയിരിക്കും :മുത്തിനെ കണ്ടേ ...എന്നുള്ള കൂക്ക് വിളിയും സാറ്റ് എന്നുള്ള അലര്‍ച്ചയും !
പക്ഷെ ഇന്നത്തെ സിറ്റ് ആന്‍ഡ്‌ സാറ്റ് വീട്ടിനുള്ളിലെ അലമാര യുടെ പിറകിലും കബോര്‍ഡിന്റെ താഴെയും വാതില്‍ വിരികളുടെ മറവിലും ഒതുങ്ങും..അവരോടു ഞാന്‍ ഓണത്തിന് പൂവിറുക്കാന്‍ പോയി കൈ നിറയെ കാക്കപ്പഴവുമായി വന്ന ബാല്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഒന്നും മനസിലാവില്ല ..അവര്‍ അതിനൊന്നും വല്യ കാര്യം കൊടുക്കാനും പോവില്ല !

ഇന്ന് വയനാട്ടിലേയ്ക്ക് പോയാല്‍ എല്ലാവരില്‍ നിന്നും മഴയില്ല വെള്ളമില്ല നെല്ല് കരിഞ്ഞു പോയി..കുരുമുളകിന് ദ്രുധ വാട്ടം ..വാഴകൃഷി നശിച്ചു ..ലോണെടുത്ത കാശ് എങ്ങനെ തിരിച്ചടയ്ക്കും ..ജോസും കുടുംബോം ആത്മഹത്യ ചെയ്തു ..പാട്ടത്തിനെടുത്ത വയലില്‍ ഇഞ്ചിയ്ക്ക് മാഹാളി !തുടങ്ങിയ കൊച്ചു വര്‍ത്തമാനങ്ങളാല്‍ മനം നിറയും! എത്രയും പെട്ടന്ന് നാട് വിട്ടു ഓടിപ്പോവുക എന്നുള്ള മുദ്രാവാക്യമാണ് ഇന്ന് ഏറ്റവും അഭികാമ്യം !

അതിജീവനത്തിനായി  എന്റെ ജനത എന്ത് ചെയ്യണം ?തൂങ്ങി മരിക്കണോ ?അതോ വിഷം കഴിക്കണോ? ആരാണ് ശരിക്കും ദുരിത ബാധിതര്‍ ?കാര്‍ഷിക കടങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് പറയുമ്പോഴും എത്ര കര്‍ഷകരാണ് ബാങ്ക് കളില്‍ കുടുങ്ങിക്കിടക്കുന്നത് ?കര്‍ഷകര്‍ എന്നും എല്ലാവരാലും അപമാനിക്കപ്പെടുന്നവരാണ് !ചോര നീരാക്കി ഉണ്ടാക്കിയെടുക്കുന്ന വിളകള്‍ വെറും തുച്ഛമായ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങിയ ശേഷം പിടിയാ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു ..കര്‍ഷകരുടെ കുട്ടികള്‍ക്ക് മറ്റേതൊരു തൊഴില്‍ ചെയ്യുന്നവരുടെതില്‍ നിന്നും ഒരു വ്യത്യാസവുമില്ല !പക്ഷെ what is your father/mother ? എന്ന ചോദ്യത്തിനുള്ള മറുപടി farmer എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛരസം കൂടാതെ നോക്കിക്കാണുന്നവര്‍ ഇന്നും തുലോം കുറവാണ് !അദ്ധ്യാപകരില്‍ പോലും ഇത് പ്രകടമാണ് !! (ഇത് ധാരാളം അനുഭവിച്ചിട്ടുള്ള ആളെന്ന നിലയില്‍ ഞാന്‍ പറയുന്നത് )കര്‍ഷകര്‍ക്ക് എന്താണ് അഭിമാനത്തിന് കുറവുള്ള ഘടകം ?അവര്‍ കൃഷി ചെയ്യുന്നതിലോ ?അവര്‍ മെയ്യനങ്ങി അധ്വാനിക്കുന്നതിലോ ?അവരുടെ ദേഹത്തു മണ്ണ് പറ്റുന്നതിലോ ?അതോ അവര്‍ വിദ്യാഭ്യാസവും വിവരവുമില്ലാത്തവര്‍ ആയിരിക്കും എന്ന അറിവില്ലായ്മയോ ? ആഹാരം കഴിക്കുന്നവരല്ലേ ഈ പരിഹസിക്കുന്നവര്‍ ആരും??! കര്‍ഷകര്‍ക്ക് എന്ന് നീതി ലഭിക്കും ?ആരെങ്കിലും ഓര്‍ക്കാറുണ്ടോ നാം കഴിക്കുന്ന ഭക്ഷണം ഉല്പാദിക്കുന്നവരെപ്പറ്റി ?എല്ലാവരും ഭക്ഷിക്കുന്നു അവരവരുടെ ദിവസങ്ങളിലെയ്ക്ക് കടക്കുന്നു ..ജോലി ചെയ്യുന്നു,ചെയ്യാതിരിക്കുന്നു ,അങ്ങനെ അങ്ങനെ..കര്‍ഷകരെല്ലാം കൃഷി നിര്‍ത്തി വച്ചാലുള്ള ഭീകര ഭക്ഷ്യ ക്ഷാമത്തെ കുറിച്ച് ഗവണ്മെന്റ്  ശ്രദ്ധിക്കുന്നുണ്ടോ ? അതുമൂലം തകരാന്‍ പോകുന്ന സാമ്പത്തിക നിലയെപ്പറ്റി കേന്ദ്രം അറിയുന്നുണ്ടോ?

എന്‍റെ  അച്ഛന്‍ ഒരു സമ്പൂര്‍ണ്ണ കര്‍ഷകനാണ് ..പക്ഷെ നിലവിലുള്ള കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചുമന്നു തളരുന്ന ഒരാള്‍ കൂടിയാണ് ..കൃഷിയോടുള്ള താല്പര്യം മൂലം ആര്‍മിയിലെ ഉദ്യോഗവും പിന്നീട് കിട്ടിയ തപാല്‍ വകുപ്പിലെ ഉദ്യോഗവും വേണ്ടെന്നു വച്ച അദ്ദേഹത്തിന് ഇന്ന് തിരിഞ്ഞിരുന്നു ചിന്തിക്കുമ്പോള്‍ എങ്ങനെ വേദന വരാതിരിക്കും ! വരണ്ട ഭൂമി..കരിഞ്ഞുണങ്ങിയ തോട്ടങ്ങള്‍..എത്ര ജൈവ വളം ചെയ്താലും ഉണരാത്ത മണ്ണ് ..കീടങ്ങള്‍ പെരുകി വിളകള്‍ നശിക്കുന്ന അവസ്ഥ .. ഇതൊക്കെ സംഭവിക്കുന്നത്‌ പ്രകൃതിയിലെ രൂക്ഷമായ മാറ്റം കൊണ്ടാണ്..എന്‍ഡോ സള്‍ഫാനും  മറ്റും കര്‍ഷകര്‍ ഉപയോഗിക്കുന്നത് ഇത്തരം സന്ദര്‍ഭത്തിലാണ് !എന്‍ഡോ സള്‍ഫാന്‍ ഉപയോഗത്തിനെതിരെ എല്ലാവരും ബോധവാന്മാര്‍ ആകുമ്പോള്‍ തന്നെ അതുപയോഗിക്കെണ്ടുന്നതായ അവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതിനാണ് ഊന്നല് കൊടുക്കെണ്ടുന്നത് .സര്‍ക്കാര്‍ കര്‍ഷകരുടെ കൂടെയ്യാണ് ഏറ്റവും ചേര്‍ന്ന് നില്‍ക്കെണ്ടുന്നത്..അവര്‍ക്ക് -രാഷ്ട്രീയ കൃഷി വികാസ് യോജന- യുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്നും അധവാ അതിനു സജ്ജരായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും സര്‍ക്കാര്‍ കൂടുതല്‍ ഊന്നല് കൊടുക്കേണ്ടതുണ്ട് .ഈ ബജറ്റിനായി കേന്ദ്രം നീക്കിയിരിക്കുന്നത്  INR 380 billion ആണ് ! ഇത് യഥാര്‍ത്ഥത്തില്‍ ജനങ്ങളില്‍ എത്തുന്നുണ്ടോ ആവോ ??








Wednesday, August 15, 2012

രക്തസാക്ഷികള്‍!


കൊലപാതകം അതും വെട്ടും കുത്തും കൊടുത്തു നീചമായ കൊലപാതകം!,ഇന്ത്യന്‍ പീനല്‍ കോഡില്‍ 300 ? 307 ? അതോ 302 ?ഏതാണ് ശിക്ഷാ  നിയമം ?അതിനെപ്പറ്റി വിശദമായി പറയാന്‍ എനിക്ക് കഴിയില്ല ,അറിയില്ല.എങ്കിലും ചിലത് കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല.മരണം എന്നത് അത്ര സുന്ദരമെന്നു പറയാന്‍ ചിലപ്പോള്‍ കവികള്‍ക്കും അതുപോലെ കാവ്യാത്മക മനസുകള്‍ക്കും മാത്രം പറ്റുന്ന കാര്യമായിരിക്കാം ,അതി ക്രൂരമായി വധിക്കപ്പെട്ട ആ ജീവന് പിന്നില്‍ ഇതിനെ പറ്റി  പറയാന്‍ കരയാന്‍ പിന്നീടുള്ള കാലം മുഴുവന്‍ നെഞ്ചിലിട്ടു പഴുക്കാന്‍ കുറെ ബാക്കിപത്രങ്ങളുണ്ടാവും അവര്‍ക്കിത് മരണത്തിന്റെ കറുത്ത ചട്ടവാറടികളാണ് .ഞാന്‍ ടി പി വധത്തെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ അതിനാണ് മുഖ്യത !

1960 കളുടെ അവസാന പാദത്തിലെ  പുല്പള്ളി പോലീസ് ആക്രമണവും മറ്റും എല്ലാപേര്‍ക്കും കാണാപാഠ മായിരിക്കും! അതിലെ ധീര വനിതയെയും കൂട്ടാളികളെയും പറ്റി എല്ലാവരും ഊറ്റം കൊള്ളും.കേരളത്തില്‍ മലബാറില്‍ നടന്ന നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്നും പല കാരണങ്ങളാല്‍ പ്രസിദ്ധമാണ് .
ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്നറിയില്ല 'ആള് മാറിപ്പോയി സംഭവിച്ചതാണ് ' എന്ന വെറുമൊരു ക്ഷമാപണത്തോടെ രാഷ്ട്രീയ പിശാശുകള്‍ കുത്തിക്കെടുത്തിക്കളഞ്ഞ  ഒരു തീപ്പൊരിയെ ?അനാവശ്യമായി ആരെയും കൂസാത്ത ,പേടിയ്ക്കാത്ത ,ധീരനായ,തന്‍റെ  വാക്ധോരണിയാലും ധിക്ഷണ ശക്തിയാലും  എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ,സഖാവ് അജിതയുടെ പ്രസ്ഥാനത്തിലെ "തീപ്പൊരി "എന്ന ഓമന പേരിട്ടു വിളിച്ചിരുന്ന ടി കെ സുകുമാരന്‍ നെ?അദ്ദേഹം എന്റെ അച്ഛന്റെ അനുജനായിരുന്നു !ഞാന്‍ കാണുന്നതിനും മുന്‍പ് രാഷ്ട്രീയം കൊന്നുകളഞ്ഞ എന്‍റെ കുഞ്ഞിച്ചാഛന്‍.1960 കളുടെ ഓര്മ എന്റെ അഛയ്ക്ക് തിരുവിതാം കൂറില്‍ നിന്നും മലബാറിലെയ്ക്ക്  നടത്തിയ കുടിയേറ്റവും വീടും കുടുംബവും പടുത്തുയര്‍ത്തി യതിന്റെ  കഷ്ട നഷ്ടങ്ങളും മാത്രമല്ല..മരം കോച്ചുന്ന തണുപ്പില്‍ അനുജനെ തേടിയെത്തുന്ന പോലീസിന്‍റെ അതി മര്‍ദ്ദനം നല്‍കിയ ചോര മണക്കുന്ന ചിന്തകള്‍ കൂടിയാണ്!ആ ഓര്‍മകളുടെ ചോരത്തുള്ളികള്‍ കനത്ത ചുമയിലൂടെ  ഇന്നും അച്ഛയെ  തേടി ഇടയ്ക്കിടെ എത്താറുണ്ട് !
ആദ്യമെല്ലാം അച്ഛയെ തേടി എത്തുമായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് അച്ഛ കര്‍ക്കശക്കാരനാകുമായിരുന്നു..
'എനിക്കൊന്നും പറയാനില്ല !അവന്റെ സ്മാരകത്തില്‍ എല്ലാ വര്‍ഷവും പൂക്കളര്‍പ്പിക്കുന്നവരോട് ചൊദിക്കൂ ..എനിക്കതിന്റെ ആവശ്യമില്ല ,അവന്‍ എന്റെ ഹൃദയത്തിലുണ്ട് മരിച്ചിട്ടില്ല.'
(കണ്ണൂര്‍ കുടിയാന്മലയില്‍ കുഞ്ഞിച്ഛയിക്ക് വേണ്ടി രക്ത സാക്ഷി മണ്ഡപം ഉണ്ട്..അച്ഛയെ പോലെ തന്നെ അവിടം സന്ദര്‍ശിക്കാന്‍ എനിക്കും മനസ് വന്നിട്ടില്ല ഇത് വരെ )
ഇന്നത്തെ ചോരയൊഴുകുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്മ വരുന്നത് എന്നും ഇതാണ്.ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അച്ഛ കുഞ്ഞിഛ യുടെ ഒരു ഡയറി (അതില്‍ കുറച്ചു ചിത്ര ങ്ങളും എഴുത്ത് കുത്തുകളും മാത്രമേ ഉള്ളു എങ്കിലും ) ഒരു മകനെ എന്ന പോലെ സൂക്ഷിക്കുന്നുണ്ട്..'അവന്റെ അക്ഷരങ്ങള്‍' എന്ന ഹൃദയച്ചൂട് അദ്ദേഹത്തില്‍ നിന്നും ഒരിക്കലും വിട്ടകലില്ല !

late 1960 കളില്‍  മാര്‍ക്സിസം നക്സലേറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ട രായതിനോട് അനുബന്ധിച്ചാണ് അന്നുള്ള അരും  കൊലകളില്‍ പലതും നടന്നിട്ടുള്ളത്,എങ്കില്‍ പോലും അതില്‍ രാഷ്ട്രീയ ഗൂഡാലോചനകള്‍ ശ ക്തമായിത്തന്നെ നില നിന്നിരുന്നു എന്നു നമുക്ക് ഇപ്പോഴും നടക്കുന്ന അന്വേഷണങ്ങളുടെ കുത്തൊഴുക്കില്‍ക്കൂടി   കാണാം ! 

ഇവിടെ ഓരോരുത്തരും അരും കൊല ചെയ്യപ്പെട്ടു രക്തം വാര്‍ന്നു മരിച്ചു കിടക്കുമ്പോഴും അത് ചെയ്തവനും ചെയ്യിപ്പിക്കുന്നവനും വിജഗീഷുക്കളായി
കൈയുമുയര്‍ത്തി അണികളെ അഭിവാദ്യം ചെയ്തു രാജകൊട്ടാരത്തി ലെയ്ക്കെന്നപോലെ കോടതിയിലേയ്ക്ക് ആനയിക്കപ്പെടുമ്പോള്‍ എനിക്ക് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു..നിങ്ങള്ക്ക് നാണമില്ലേ ,അന്തസില്ലേ,അഭിമാനമില്ലേ അണികളെ? എന്തിനു ഈ രക്ത രക്ഷസ്സുകള്‍ക്ക് ജയ് വിളിക്കണം? നിങ്ങള്ക്ക് എന്താണ് പാരിതോഷികം കിട്ടുന്നത്?ലക്ഷങ്ങള്‍?കോടികള്‍?അതോ നേതാക്കന്മാരുടെ ഭീഷണിയോ?!

ന്യായപീഠത്തിനോടൊരു ചോദ്യം ?എന്തുകൊണ്ട് ഇത്രയും നീചവും വൃത്തികെട്ടതും മാപ്പര്‍ഹിക്കാതതുമായ പ്രവൃത്തി ചെയ്യുന്നവര്‍ക്ക് Capital punishment കൊടുക്കുന്നില്ല?ഇവിടെ എത്ര പേര്‍ യഥാര്‍ത്ഥ ശിക്ഷ അനുഭവിക്കുന്നുണ്ട്?സിങ്കപ്പൂര്‍,അറബ്  പോലുള്ള രാജ്യങ്ങളില്‍ നിയമം കര്‍ക്കശമായത് കൊണ്ട് അവിടെ നിന്നും നാം ഇത്തരം കൊലകള്‍ അതും കൂടെക്കൂടെ   കേള്‍ക്കാറില്ല. ഉണ്ടോ?!!

വരൂ സുഹൃത്തുക്കളെ നമുക്ക് ഒരു രാഷ്ട്രീയേതര രാഷ്ട്രം പടുത്തുയര്‍ത്താം! വോട്ടില്ലാത്ത,മത്സരമില്ലാത്ത ,രാഷ്ട്രത്തെ എന്നേയ്ക്കുമായി നശിപ്പിക്കുന്ന രാഷ്ട്രീയ കൊലവെറികള്‍ ഇല്ലാത്ത ഒരു പുതിയ ഭാരതം! വന്ദേ മാതരം !
 





ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...