Wednesday, August 15, 2012

രക്തസാക്ഷികള്‍!


കൊലപാതകം അതും വെട്ടും കുത്തും കൊടുത്തു നീചമായ കൊലപാതകം!,ഇന്ത്യന്‍ പീനല്‍ കോഡില്‍ 300 ? 307 ? അതോ 302 ?ഏതാണ് ശിക്ഷാ  നിയമം ?അതിനെപ്പറ്റി വിശദമായി പറയാന്‍ എനിക്ക് കഴിയില്ല ,അറിയില്ല.എങ്കിലും ചിലത് കാണുമ്പോള്‍ പറയാതിരിക്കാനും കഴിയുന്നില്ല.മരണം എന്നത് അത്ര സുന്ദരമെന്നു പറയാന്‍ ചിലപ്പോള്‍ കവികള്‍ക്കും അതുപോലെ കാവ്യാത്മക മനസുകള്‍ക്കും മാത്രം പറ്റുന്ന കാര്യമായിരിക്കാം ,അതി ക്രൂരമായി വധിക്കപ്പെട്ട ആ ജീവന് പിന്നില്‍ ഇതിനെ പറ്റി  പറയാന്‍ കരയാന്‍ പിന്നീടുള്ള കാലം മുഴുവന്‍ നെഞ്ചിലിട്ടു പഴുക്കാന്‍ കുറെ ബാക്കിപത്രങ്ങളുണ്ടാവും അവര്‍ക്കിത് മരണത്തിന്റെ കറുത്ത ചട്ടവാറടികളാണ് .ഞാന്‍ ടി പി വധത്തെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ അതിനാണ് മുഖ്യത !

1960 കളുടെ അവസാന പാദത്തിലെ  പുല്പള്ളി പോലീസ് ആക്രമണവും മറ്റും എല്ലാപേര്‍ക്കും കാണാപാഠ മായിരിക്കും! അതിലെ ധീര വനിതയെയും കൂട്ടാളികളെയും പറ്റി എല്ലാവരും ഊറ്റം കൊള്ളും.കേരളത്തില്‍ മലബാറില്‍ നടന്ന നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്നും പല കാരണങ്ങളാല്‍ പ്രസിദ്ധമാണ് .
ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്നറിയില്ല 'ആള് മാറിപ്പോയി സംഭവിച്ചതാണ് ' എന്ന വെറുമൊരു ക്ഷമാപണത്തോടെ രാഷ്ട്രീയ പിശാശുകള്‍ കുത്തിക്കെടുത്തിക്കളഞ്ഞ  ഒരു തീപ്പൊരിയെ ?അനാവശ്യമായി ആരെയും കൂസാത്ത ,പേടിയ്ക്കാത്ത ,ധീരനായ,തന്‍റെ  വാക്ധോരണിയാലും ധിക്ഷണ ശക്തിയാലും  എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ,സഖാവ് അജിതയുടെ പ്രസ്ഥാനത്തിലെ "തീപ്പൊരി "എന്ന ഓമന പേരിട്ടു വിളിച്ചിരുന്ന ടി കെ സുകുമാരന്‍ നെ?അദ്ദേഹം എന്റെ അച്ഛന്റെ അനുജനായിരുന്നു !ഞാന്‍ കാണുന്നതിനും മുന്‍പ് രാഷ്ട്രീയം കൊന്നുകളഞ്ഞ എന്‍റെ കുഞ്ഞിച്ചാഛന്‍.1960 കളുടെ ഓര്മ എന്റെ അഛയ്ക്ക് തിരുവിതാം കൂറില്‍ നിന്നും മലബാറിലെയ്ക്ക്  നടത്തിയ കുടിയേറ്റവും വീടും കുടുംബവും പടുത്തുയര്‍ത്തി യതിന്റെ  കഷ്ട നഷ്ടങ്ങളും മാത്രമല്ല..മരം കോച്ചുന്ന തണുപ്പില്‍ അനുജനെ തേടിയെത്തുന്ന പോലീസിന്‍റെ അതി മര്‍ദ്ദനം നല്‍കിയ ചോര മണക്കുന്ന ചിന്തകള്‍ കൂടിയാണ്!ആ ഓര്‍മകളുടെ ചോരത്തുള്ളികള്‍ കനത്ത ചുമയിലൂടെ  ഇന്നും അച്ഛയെ  തേടി ഇടയ്ക്കിടെ എത്താറുണ്ട് !
ആദ്യമെല്ലാം അച്ഛയെ തേടി എത്തുമായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് അച്ഛ കര്‍ക്കശക്കാരനാകുമായിരുന്നു..
'എനിക്കൊന്നും പറയാനില്ല !അവന്റെ സ്മാരകത്തില്‍ എല്ലാ വര്‍ഷവും പൂക്കളര്‍പ്പിക്കുന്നവരോട് ചൊദിക്കൂ ..എനിക്കതിന്റെ ആവശ്യമില്ല ,അവന്‍ എന്റെ ഹൃദയത്തിലുണ്ട് മരിച്ചിട്ടില്ല.'
(കണ്ണൂര്‍ കുടിയാന്മലയില്‍ കുഞ്ഞിച്ഛയിക്ക് വേണ്ടി രക്ത സാക്ഷി മണ്ഡപം ഉണ്ട്..അച്ഛയെ പോലെ തന്നെ അവിടം സന്ദര്‍ശിക്കാന്‍ എനിക്കും മനസ് വന്നിട്ടില്ല ഇത് വരെ )
ഇന്നത്തെ ചോരയൊഴുകുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്മ വരുന്നത് എന്നും ഇതാണ്.ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അച്ഛ കുഞ്ഞിഛ യുടെ ഒരു ഡയറി (അതില്‍ കുറച്ചു ചിത്ര ങ്ങളും എഴുത്ത് കുത്തുകളും മാത്രമേ ഉള്ളു എങ്കിലും ) ഒരു മകനെ എന്ന പോലെ സൂക്ഷിക്കുന്നുണ്ട്..'അവന്റെ അക്ഷരങ്ങള്‍' എന്ന ഹൃദയച്ചൂട് അദ്ദേഹത്തില്‍ നിന്നും ഒരിക്കലും വിട്ടകലില്ല !

late 1960 കളില്‍  മാര്‍ക്സിസം നക്സലേറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ട രായതിനോട് അനുബന്ധിച്ചാണ് അന്നുള്ള അരും  കൊലകളില്‍ പലതും നടന്നിട്ടുള്ളത്,എങ്കില്‍ പോലും അതില്‍ രാഷ്ട്രീയ ഗൂഡാലോചനകള്‍ ശ ക്തമായിത്തന്നെ നില നിന്നിരുന്നു എന്നു നമുക്ക് ഇപ്പോഴും നടക്കുന്ന അന്വേഷണങ്ങളുടെ കുത്തൊഴുക്കില്‍ക്കൂടി   കാണാം ! 

ഇവിടെ ഓരോരുത്തരും അരും കൊല ചെയ്യപ്പെട്ടു രക്തം വാര്‍ന്നു മരിച്ചു കിടക്കുമ്പോഴും അത് ചെയ്തവനും ചെയ്യിപ്പിക്കുന്നവനും വിജഗീഷുക്കളായി
കൈയുമുയര്‍ത്തി അണികളെ അഭിവാദ്യം ചെയ്തു രാജകൊട്ടാരത്തി ലെയ്ക്കെന്നപോലെ കോടതിയിലേയ്ക്ക് ആനയിക്കപ്പെടുമ്പോള്‍ എനിക്ക് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു..നിങ്ങള്ക്ക് നാണമില്ലേ ,അന്തസില്ലേ,അഭിമാനമില്ലേ അണികളെ? എന്തിനു ഈ രക്ത രക്ഷസ്സുകള്‍ക്ക് ജയ് വിളിക്കണം? നിങ്ങള്ക്ക് എന്താണ് പാരിതോഷികം കിട്ടുന്നത്?ലക്ഷങ്ങള്‍?കോടികള്‍?അതോ നേതാക്കന്മാരുടെ ഭീഷണിയോ?!

ന്യായപീഠത്തിനോടൊരു ചോദ്യം ?എന്തുകൊണ്ട് ഇത്രയും നീചവും വൃത്തികെട്ടതും മാപ്പര്‍ഹിക്കാതതുമായ പ്രവൃത്തി ചെയ്യുന്നവര്‍ക്ക് Capital punishment കൊടുക്കുന്നില്ല?ഇവിടെ എത്ര പേര്‍ യഥാര്‍ത്ഥ ശിക്ഷ അനുഭവിക്കുന്നുണ്ട്?സിങ്കപ്പൂര്‍,അറബ്  പോലുള്ള രാജ്യങ്ങളില്‍ നിയമം കര്‍ക്കശമായത് കൊണ്ട് അവിടെ നിന്നും നാം ഇത്തരം കൊലകള്‍ അതും കൂടെക്കൂടെ   കേള്‍ക്കാറില്ല. ഉണ്ടോ?!!

വരൂ സുഹൃത്തുക്കളെ നമുക്ക് ഒരു രാഷ്ട്രീയേതര രാഷ്ട്രം പടുത്തുയര്‍ത്താം! വോട്ടില്ലാത്ത,മത്സരമില്ലാത്ത ,രാഷ്ട്രത്തെ എന്നേയ്ക്കുമായി നശിപ്പിക്കുന്ന രാഷ്ട്രീയ കൊലവെറികള്‍ ഇല്ലാത്ത ഒരു പുതിയ ഭാരതം! വന്ദേ മാതരം !
 





No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...