Sunday, August 12, 2012

പരിണാമ സിദ്ധാന്തം


     
എന്താണ്   modern evolutionary synthesis?? നിങ്ങള്‍ ഞാന്‍ ഇതെന്താ genetics പറയുകയാണോ എന്ന് തെറ്റിദ്ധരിക്കേണ്ട..അല്ല! ഞാന്‍ എന്റെ കണ്മുന്‍പില്‍ എന്റെ തലമുറയില്‍ വന്നിരിക്കുന്ന പരിണാമം എന്താണ് എന്ന് നോക്കിക്കാണുകയാണ് !
 പച്ചയായി പറഞ്ഞാല്‍എന്റെ തലമുറ പരിണാമപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ ആണോ ?അതില് ഞാനുമുണ്ടോ ? എന്നൊരു ആത്മ പരിശോധന ..
പുതു തലമുറയ്ക്ക് എന്തിനോടും ഏതിനോടും പ്രതിരോധിക്കാനുള്ള ഒരു പ്രേരണ ഉണ്ട് അവര്‍ ആരെയും എന്തിനെയും ഹനിക്കും !അതൊരു തരത്തില്‍ പറഞ്ഞാല്‍ എന്റെ വാക്കുകളിലൂടെ ഇങ്ങനെ സംഗ്രഹിക്കാം :
വ്യക്തി ഹത്യ(നീയെന്റെ ആത്മാര്‍ത്ഥ   സുഹൃത്തോ പങ്കാളിയോ അല്ല എന്ന് തുറന്നടിക്കല്‍!)കുടുംബഹത്യ (കുടുംബത്തിലെ മുഴുവന്‍ ആളുകളെയും  സ്വന്തം പ്രവൃത്തിയാല്‍ വേദനിപ്പിക്കല്‍) സ്വയംഹത്യ(പണ്ടെപ്പോഴോ വികാരം മുളച്ചു തുടങ്ങിയ നേരത്ത്കുടുംബം,കുട്ടികള്‍,വീട് ,സ്നേഹം,മതം,വര്‍ണ്ണം,വര്‍ഗ്ഗംതുടങ്ങിയ വിചാര വികാരങ്ങളാല്‍ പ്രകമ്പനം കൊണ്ടിരുന്നവര്‍ വികാരങ്ങള്‍ മൂത്ത് വളര്‍ന്നപ്പോള്‍ മൃഗമായി ജീവിക്കുന്ന അവസ്ഥ ! അതായത്പൂര്‍ണ്ണ സ്വാതന്ത്ര്യം- തിന്നാന്‍,കുടിക്കാന്‍,രമിക്കാന്‍,ലഹരിയിലാകാന്‍  ,ആത്മരതി ചെയ്യാന്‍..ഉറങ്ങാന്‍,ഉണരാന്‍,ഓടിപ്പോകാന്‍.. ജീവിക്കാന്‍ കൊല്ലാന്‍,സ്വമേധയാ മരണത്തെ പുല്‍കാന്‍. അങ്ങനെ അങ്ങനെ ..!!അതിനായി അവര്‍ ഗൌതമ ബുദ്ധനെപ്പോലെ ആരും കാണാതെയോ ഒരു നിഷേധിയെപ്പോലെ എല്ലാരും കാണ്‍കെയോ വീടെന്ന മാളം ഉപേക്ഷിച്ചു നടന്നു പോകുന്നു ..വളരെ പതിയെ ഓരോ കാല്‍വെയ്പ്പുകളിലും ആനന്ദം അറിഞ്ഞുള്ള യാത്ര ! 

ഈ അവസ്ഥയില്‍ അവര്‍ക്ക് പേരും ഊരും ഉടുപ്പും വേണമെന്നില്ല .അവര്‍ ജിപ്സികളുടെത് പോലെ കാല ദേശാന്തരങ്ങളില്ലാതെ അലയുകയും പാട്ട് പാടുകയും നൃത്തം ചവിട്ടുകയും ലിംഗ ഭേദമില്ലാതെ ഒന്നായി നടക്കുകയും കുടിക്കുകയും കൂവുകയും ചെയ്തു !the eternal freedom from the soul!! അവര്‍  എക്കാലത്തെയും ഉന്മാദികളായി നമുക്ക് മുന്‍പിലുണ്ട് നിങ്ങള്‍ കാണുന്നില്ലേ ?ചിന്താശേഷിയുള്ള ഒരേ ഒരുമൃഗം മനുഷ്യനായത് കൊണ്ട് ഈ അവസ്ഥയില്‍ ആകൃഷ്ടരാകുന്നവര്‍ ഇന്ന് ഏറെ ആണ് ..(ഇന്നുള്ള തലമുറയില്‍ മാത്രമല്ല പണ്ടും കാണാം ഈ ഇറങ്ങിപ്പോക്ക് !)

പക്ഷെ ഒരു ജനവിഭാഗത്തിന് ഇതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകാതെയുമുണ്ട് !അവര്‍ക്ക് ഈ മാനസികാവസ്ഥ ഒരിക്കലും ചിന്തനീയമല്ല !അവരതിനെ പുച്ഛത്തോടെ മാത്രമേ വീക്ഷിക്കു..നമ്മുടെ socio economic status symbols ആയി അറിയപ്പെടുന്ന നാടുവാഴികളും,മേലാളന്മാരും  ആണ് കൂടുതലായും ഈ ഗണത്തില്‍പ്പെടുന്നവര്‍.
പക്ഷെ അവര്‍ ചെയ്യുന്നത് എന്തെന്നറിയാമോ ?ആകാശം മുട്ടുന്ന മതിലുകള്‍ കെട്ടിപ്പൊക്കി അതിനു പുറത്തു super specialty security system വച്ചതിനു ശേഷം അകത്തിരുന്ന്  അവര്‍ക്ക് തോന്നുന്നതൊക്കെ ചെയ്യും !കുടിക്കും രസിക്കും ,കൊല്ലും ,കൊല്ലുവാനായി വേണ്ടതൊക്കെ ചെയ്യും !പുറത്തിറങ്ങുമ്പോള്‍ അവര്‍ വെളുവെളുത്ത വെള്ള ഉടയാടകളില്‍ പൊതിഞ്ഞ നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട പരിപാവനരായദേവകള്‍ ആയി നിലകൊള്ളും !!അവര്‍ പരസ്യമായി പട്ടിണി പാവങ്ങളുടെ ഉന്തിയ എല്ലുകള്‍ എണ്ണി നോക്കിക്കൊണ്ട്‌  അവരുടെ ദാരിദ്ര്യ രേഖയില്‍ ചുംബിച്ചു മൊഴിയും:

'ഈ രേഖകള്‍ ഞങ്ങള്‍ ഉന്മൂലനം ചെയ്യും അത് വഴി മോടിയാര്‍ന്ന സമത്വ  സുന്ദര രാഷ്ട്രം ഞാന്‍ വിഭാവനം ചെയ്യുന്നു !'

പിന്നീടു അടുത്ത നാടുവാഴി തിരഞ്ഞെടുപ്പ് വരുമ്പോഴേയ്ക്കും അത് സത്യമാകും ! പട്ടിണിപ്പാവം  ഒന്നുകില്‍ മരിച്ചിട്ടുണ്ടാകും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും !!സമത്വ സുന്ദര രാഷ്ട്രം !!
ഇവിടെ ഞാന്‍ ഉള്‍പ്പെടുന്ന അനേകം കലാകാരന്മാര്‍ ഉണ്ട് ,പക്ഷെ അവരെ ഒരേ വര്‍ഗ്ഗ ത്തി ലോ രൂപത്തിലോ ഭാവത്തിലോ പെടുത്തുക എളുപ്പമല്ല ..!
മൌലികമായി രക്തത്തില്‍ കലര്‍ന്ന കലയെ പല രൂപത്തില്‍ പുറത്തു വിടുന്നവരുണ്ട് ..അവരില്‍ ചിലര്‍,എനിക്ക് തോന്നുന്നു അവരാണ് പരിണാമ സിദ്ധാന്തം ഡാര്‍വിന്‍ കണ്ടെത്തിയതിന്റെ നേര്‍ വിപരീതം എന്ന് തെളിയിക്കുന്നവര്‍ ! അതായത് ഞാന്‍ ആദ്യം പറഞ്ഞത് പോലെ മനുഷ്യനില്‍ നിന്നും മൃഗത്തി ലെയ്ക്കുള്ള പരിണാമം !അവര്‍ ഹവ്വ യുടെ കൈയില്‍ നിന്ന് ആപ്പിള്‍ വാങ്ങി പാമ്പിനു തിരിച്ചു കൊടുക്കും എന്നിട്ട് പറയും :
മോനെ നിന്‍റെ  വേല കൈയിലിരിക്കട്ടെ ഇത് നീ തിന്നോ..ഞങ്ങള്‍ക്ക് നാണവും മാനവും ഒന്നും തിരിച്ചറി യണ്ട ഈ അവസ്ഥയില്‍ ഞങ്ങള്‍ പരമ സന്തുഷ്ടര്‍ ആണ് !
പിന്നീടവര്‍ ഭൂമിയുടെ മാതൃകയില്‍ വീട് പണിതു അതിനുള്ളിലിരുന്നു ഭൂമി പരന്നതാണെന്നു വരച്ചു ഫലിപ്പിക്കും .പാട്ടുപാടി അതുറപ്പിക്കും ,നൃത്തം ചെയ്തു അതിന്റെ ഉര്‍ജ്ജ തന്തുക്കളെ എല്ലാവരിലുമെത്തിക്കും.. അതിന്റെ ഉണര്‍വില്‍ അവര്‍ വലിക്കും കുടിക്കും അത്യുഗ്രന്‍ രതികളില്‍ ഏര്‍പ്പെട്ടു പൊട്ടിച്ചിരിക്കും ..!അവരെ തടയാന്‍ ആരുമില്ലെന്ന പൂര്‍ണ്ണ ബോധത്തോടെ അവരുടെ നഗ്നത പുറത്തു കാണിച്ചു ആനന്ദമടയും !ജീവിതത്തെ ഭൂമിയിലെന്നോ ആകാശത്തെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒരു നീളന്‍ തുണിക്കഷ്ണം പോലെ വലിച്ചി ഴ്യ്ക്കും !പെട്ടന്നുണ്ടായ ഒരു ഉള്‍വിളിയില്‍ അവരാ തുണിക്കഷ്ണത്തെ വെട്ടി വെടുപ്പാക്കി ആര് കണ്ടാലും കൊതിക്കുന്ന ശില്പ്പമാക്കും !അവര്‍ അത് ജീവനുള്ള  പൂച്ചയാണെന്നു പറഞ്ഞു ലോകം മുഴുവന്‍ ചുറ്റി നടന്നു അതിനെ കുട്ടിയും പട്ടിയുമാക്കി കാശുണ്ടാക്കി ജീവിക്കും !അതിനെ ചൊല്ലി മാധ്യമങ്ങളും അനുവാചകരും ഊറ്റം കൊള്ളും ! ഈ ദാര്‍ശനീകതയില്‍ ലോകം ഞെട്ടും പൊട്ടും വിങ്ങിക്കരയും, വിമര്‍ശിക്കും !ഭോഗിക്കാന്‍ കിട്ടുമോ എന്ന് രഹസ്യമായി ചോദിക്കും !ഇനിയും ചില കലാകാരന്മാര്‍ മരിച്ചു വീഴും വരെ കലയില്‍ ജീവിക്കും ..ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും കല!കല മാത്രം !അവര്‍ അമ്മയെ മറക്കും ഭാര്യയെ മറക്കും,ഭര്‍ത്താവിനെ മറക്കും,അച്ഛനെ മറക്കും ..കുഞ്ഞിനെ മറക്കും !അങ്ങനെ ശാശ്വതമായ ആ കലയില്‍ മരിച്ചു വീഴുന്ന മഹനീയ വ്യക്തികള്‍..അവര്‍ നാളേയ്ക്കു വേണ്ടി അവരുടെ മഹത്തായ കൃതികള്‍,ശില്പങ്ങള്‍,ചിത്രങ്ങള്‍,സംഗീതങ്ങള്‍,അങ്ങനെ എല്ലാം സംഭാവന  ചെയ്യും !പക്ഷെ അവിടെയും ആരുമറിയാതൊരു യശോദര ജനിച്ചു മരിക്കും..ചിലത് ത്യജിക്കാതെ മോക്ഷം കിട്ടുകയില്ലല്ലോ !

ഇന്നത്തെ തലമുറയ്ക്ക് ഇതിലൊരു പുതുമയുമില്ല പക്ഷെ മക്കളെ വളര്‍ത്തി വലുതാക്കാനായി ഓടി നടന്നു പകലന്തിയോളം ചോര വിയര്‍പ്പാക്കി നടു  തളര്‍ന്നു നില്‍ക്കുന്ന പാവപ്പെട്ട ആ പഴയ തലമുറയിലെ ചിലരുടെയെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവര്‍ കൊതിച്ച ഒരു പിടി സങ്കല്പങ്ങളുണ്ട്..അതില്‍  വീണു മരിക്കുന്ന ഇന്നത്തെ ഈയാം പാറ്റകളുണ്ട്.സ്വപങ്ങള്‍ മരിച്ചെങ്കിലും അവയുടെ ഓര്‍മ്മകള്‍ മണക്കുന്ന കാപട്യം വാരിപ്പൂശുന്ന പുഞ്ചി രികളുണ്ട്..
(ഈ കലയുടെ വെള്ളി വെളിച്ചം വീശുന്ന സൌരഭ്യത്തില്‍ കുളിച്ചു കണ്ണും പൂട്ടി നില്‍ക്കുന്നവരുമുണ്ട് !)

ഈ പരിണാമ സിദ്ധാന്തത്തില്‍ ഞാന്‍ മധ്യത്തിലാണ്‌ !എനിക്കീ രണ്ടു വശങ്ങളും കാണാനാകുന്നുണ്ട് അത് കൊണ്ട് തന്നെ modern evolutionary synthesis എന്നത് ഇനിയും എഴുതപ്പെടാനുള്ള എന്തോ ഒരു genealogical  കോഡ് ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.