Monday, August 20, 2012

കര്‍ഷകര്‍


ഇന്നലെ  കുമാര വര്‍മ സാറിന്റെ വീട്ടില്‍ നിന്നും എനിക്കും ശ്രീയ്ക്കും മോളെ വലിച്ചു തൂക്കി കൊണ്ട് പോരേണ്ടി വന്നു ! അവിടെ തൊടിയിലാകെ പൂക്കളും പഴങ്ങളും മണ്ണും കല്ലും എല്ലാം അവളെ തിരിച്ചു വിളിച്ചു ..കനൂ  കണ്മണീ  നീ പോകേണ്ട ..നമുക്ക് കളിക്കാം ..
അവളെ എടുക്കുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ചു :അമ്മേ..റ്റാ റ്റ ..മേണ്ട..
തൂക്കി കാറിലേയ്ക്കു എടുക്കുമ്പോള്‍ ചിരിയോടൊപ്പം തെല്ലു വേദനയും തോന്നി..
തനിച്ചാകുന്നതിന്റെ ..കുഞ്ഞിനു മണ്ണ് കളിയ്ക്കാന്‍ നഷ്ടപ്പെടുന്നതിന്റെ ..ഓടി നടക്കാന്‍ ധാരാളം തൊടിയുണ്ടെങ്കിലും അവള്‍ക്കു കളിയ്ക്കേണ്ട സമയത്ത് അത് കിട്ടാത്തതിന്റെ നൈരാശ്യം !അവളുടെ കുഞ്ഞിക്കൈയില്‍ ഒരു കാട്ടു പൂവ് തിരികെ വീട്ടിലെത്തും വരെ ഉണ്ടായിരുന്നു ..കുഞ്ഞിക്കൈയിലിട്ടു അവള്‍ അതിനെ കളിച്ചു കൊണ്ടേയിരുന്നു ..
സമൃദ്ധ മായി പൂക്കളമിട്ട ബാല്യകാലം എന്നെ ഓണത്തിന്റെ ഒര്മാകളിലെതിക്കുന്നു ഒളിച്ചു കളിച്ചു കൊണ്ട് ഒളിച്ചിരിക്കുമ്പോള്‍ പറിച്ചു തിന്നുമായിരുന്ന വെള്ളരിക്കകള്‍..പുറത്തുള്ള മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ കൈ കൊണ്ട് തൂത്തു കളഞ്ഞു കറുമുറു എന്ന് തിന്നുമ്പോള്‍ ആയിരിക്കും :മുത്തിനെ കണ്ടേ ...എന്നുള്ള കൂക്ക് വിളിയും സാറ്റ് എന്നുള്ള അലര്‍ച്ചയും !
പക്ഷെ ഇന്നത്തെ സിറ്റ് ആന്‍ഡ്‌ സാറ്റ് വീട്ടിനുള്ളിലെ അലമാര യുടെ പിറകിലും കബോര്‍ഡിന്റെ താഴെയും വാതില്‍ വിരികളുടെ മറവിലും ഒതുങ്ങും..അവരോടു ഞാന്‍ ഓണത്തിന് പൂവിറുക്കാന്‍ പോയി കൈ നിറയെ കാക്കപ്പഴവുമായി വന്ന ബാല്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഒന്നും മനസിലാവില്ല ..അവര്‍ അതിനൊന്നും വല്യ കാര്യം കൊടുക്കാനും പോവില്ല !

ഇന്ന് വയനാട്ടിലേയ്ക്ക് പോയാല്‍ എല്ലാവരില്‍ നിന്നും മഴയില്ല വെള്ളമില്ല നെല്ല് കരിഞ്ഞു പോയി..കുരുമുളകിന് ദ്രുധ വാട്ടം ..വാഴകൃഷി നശിച്ചു ..ലോണെടുത്ത കാശ് എങ്ങനെ തിരിച്ചടയ്ക്കും ..ജോസും കുടുംബോം ആത്മഹത്യ ചെയ്തു ..പാട്ടത്തിനെടുത്ത വയലില്‍ ഇഞ്ചിയ്ക്ക് മാഹാളി !തുടങ്ങിയ കൊച്ചു വര്‍ത്തമാനങ്ങളാല്‍ മനം നിറയും! എത്രയും പെട്ടന്ന് നാട് വിട്ടു ഓടിപ്പോവുക എന്നുള്ള മുദ്രാവാക്യമാണ് ഇന്ന് ഏറ്റവും അഭികാമ്യം !

അതിജീവനത്തിനായി  എന്റെ ജനത എന്ത് ചെയ്യണം ?തൂങ്ങി മരിക്കണോ ?അതോ വിഷം കഴിക്കണോ? ആരാണ് ശരിക്കും ദുരിത ബാധിതര്‍ ?കാര്‍ഷിക കടങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് പറയുമ്പോഴും എത്ര കര്‍ഷകരാണ് ബാങ്ക് കളില്‍ കുടുങ്ങിക്കിടക്കുന്നത് ?കര്‍ഷകര്‍ എന്നും എല്ലാവരാലും അപമാനിക്കപ്പെടുന്നവരാണ് !ചോര നീരാക്കി ഉണ്ടാക്കിയെടുക്കുന്ന വിളകള്‍ വെറും തുച്ഛമായ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങിയ ശേഷം പിടിയാ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു ..കര്‍ഷകരുടെ കുട്ടികള്‍ക്ക് മറ്റേതൊരു തൊഴില്‍ ചെയ്യുന്നവരുടെതില്‍ നിന്നും ഒരു വ്യത്യാസവുമില്ല !പക്ഷെ what is your father/mother ? എന്ന ചോദ്യത്തിനുള്ള മറുപടി farmer എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛരസം കൂടാതെ നോക്കിക്കാണുന്നവര്‍ ഇന്നും തുലോം കുറവാണ് !അദ്ധ്യാപകരില്‍ പോലും ഇത് പ്രകടമാണ് !! (ഇത് ധാരാളം അനുഭവിച്ചിട്ടുള്ള ആളെന്ന നിലയില്‍ ഞാന്‍ പറയുന്നത് )കര്‍ഷകര്‍ക്ക് എന്താണ് അഭിമാനത്തിന് കുറവുള്ള ഘടകം ?അവര്‍ കൃഷി ചെയ്യുന്നതിലോ ?അവര്‍ മെയ്യനങ്ങി അധ്വാനിക്കുന്നതിലോ ?അവരുടെ ദേഹത്തു മണ്ണ് പറ്റുന്നതിലോ ?അതോ അവര്‍ വിദ്യാഭ്യാസവും വിവരവുമില്ലാത്തവര്‍ ആയിരിക്കും എന്ന അറിവില്ലായ്മയോ ? ആഹാരം കഴിക്കുന്നവരല്ലേ ഈ പരിഹസിക്കുന്നവര്‍ ആരും??! കര്‍ഷകര്‍ക്ക് എന്ന് നീതി ലഭിക്കും ?ആരെങ്കിലും ഓര്‍ക്കാറുണ്ടോ നാം കഴിക്കുന്ന ഭക്ഷണം ഉല്പാദിക്കുന്നവരെപ്പറ്റി ?എല്ലാവരും ഭക്ഷിക്കുന്നു അവരവരുടെ ദിവസങ്ങളിലെയ്ക്ക് കടക്കുന്നു ..ജോലി ചെയ്യുന്നു,ചെയ്യാതിരിക്കുന്നു ,അങ്ങനെ അങ്ങനെ..കര്‍ഷകരെല്ലാം കൃഷി നിര്‍ത്തി വച്ചാലുള്ള ഭീകര ഭക്ഷ്യ ക്ഷാമത്തെ കുറിച്ച് ഗവണ്മെന്റ്  ശ്രദ്ധിക്കുന്നുണ്ടോ ? അതുമൂലം തകരാന്‍ പോകുന്ന സാമ്പത്തിക നിലയെപ്പറ്റി കേന്ദ്രം അറിയുന്നുണ്ടോ?

എന്‍റെ  അച്ഛന്‍ ഒരു സമ്പൂര്‍ണ്ണ കര്‍ഷകനാണ് ..പക്ഷെ നിലവിലുള്ള കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചുമന്നു തളരുന്ന ഒരാള്‍ കൂടിയാണ് ..കൃഷിയോടുള്ള താല്പര്യം മൂലം ആര്‍മിയിലെ ഉദ്യോഗവും പിന്നീട് കിട്ടിയ തപാല്‍ വകുപ്പിലെ ഉദ്യോഗവും വേണ്ടെന്നു വച്ച അദ്ദേഹത്തിന് ഇന്ന് തിരിഞ്ഞിരുന്നു ചിന്തിക്കുമ്പോള്‍ എങ്ങനെ വേദന വരാതിരിക്കും ! വരണ്ട ഭൂമി..കരിഞ്ഞുണങ്ങിയ തോട്ടങ്ങള്‍..എത്ര ജൈവ വളം ചെയ്താലും ഉണരാത്ത മണ്ണ് ..കീടങ്ങള്‍ പെരുകി വിളകള്‍ നശിക്കുന്ന അവസ്ഥ .. ഇതൊക്കെ സംഭവിക്കുന്നത്‌ പ്രകൃതിയിലെ രൂക്ഷമായ മാറ്റം കൊണ്ടാണ്..എന്‍ഡോ സള്‍ഫാനും  മറ്റും കര്‍ഷകര്‍ ഉപയോഗിക്കുന്നത് ഇത്തരം സന്ദര്‍ഭത്തിലാണ് !എന്‍ഡോ സള്‍ഫാന്‍ ഉപയോഗത്തിനെതിരെ എല്ലാവരും ബോധവാന്മാര്‍ ആകുമ്പോള്‍ തന്നെ അതുപയോഗിക്കെണ്ടുന്നതായ അവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതിനാണ് ഊന്നല് കൊടുക്കെണ്ടുന്നത് .സര്‍ക്കാര്‍ കര്‍ഷകരുടെ കൂടെയ്യാണ് ഏറ്റവും ചേര്‍ന്ന് നില്‍ക്കെണ്ടുന്നത്..അവര്‍ക്ക് -രാഷ്ട്രീയ കൃഷി വികാസ് യോജന- യുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്നും അധവാ അതിനു സജ്ജരായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും സര്‍ക്കാര്‍ കൂടുതല്‍ ഊന്നല് കൊടുക്കേണ്ടതുണ്ട് .ഈ ബജറ്റിനായി കേന്ദ്രം നീക്കിയിരിക്കുന്നത്  INR 380 billion ആണ് ! ഇത് യഥാര്‍ത്ഥത്തില്‍ ജനങ്ങളില്‍ എത്തുന്നുണ്ടോ ആവോ ??