Saturday, December 15, 2012

ഹൃദയദര്‍പ്പണം !


എനിക്കു നിന്നെ വേര്‍പിരിയണം
നിന്‍റെ വിളര്‍ത്ത കണ്ണുകള്‍
കുതിര്‍ന്നൊഴുകി ഞാനതിലലിഞ്ഞലി-
ഞ്ഞകന്നു പോകണം .

എവിടെ നമ്മുടെ നനുത്ത സന്ധ്യകള്‍?
ഒക്കെ ഒരു കിനാവുപോല്‍
അടര്‍ന്നു വീഴണം..
കിനാവു പൂത്തൊരീ നരച്ച യാമങ്ങള്‍
അകന്നു പോയി ഞാനകലെയാകണം..

എനിക്കു നിന്നെ വേര്‍പിരിയണം
അതിന്‍ ഹൃദയച്ചൂടില്‍ ഞാനുരുകിത്തീരണം!
നിറഞ്ഞ സ്നേഹത്താല്‍ നീ എനിക്ക് നീട്ടിയ
മധുചഷകം ഞാനെറിഞ്ഞുടയ്ക്കണം

ഒരു ബലത്തിനായെനിക്കു നീട്ടിയ
കരതലം ഞാനകറ്റിമാറ്റണം ..
എനിക്ക് വയ്യ ,ഈ ഹൃദയ വേദന
ഇനിയുമേന്തുവാന്‍,അകന്നു പോവുക !

ഒരു വിഷാദവും പകരം വയ്ക്കാതെ
തിരിഞ്ഞൊരിക്കലും മിഴികള്‍ നീട്ടാതെ
ഒരിക്കലെങ്കിലും ഇടറിവീഴാതെ
എനിക്ക് നിന്നെ വേര്‍പിരിയണം !

കഴിഞ്ഞമാത്രകള്‍ നിന്‍റെ സ്നേഹത്തിന്‍റെ
കനത്ത കാരാഗൃഹത്തിലായി ഞാന്‍ !
എനിക്ക് മേലെ നീ വിശാലമാകാശം
എനിക്ക് കീഴെ നീ വിടര്‍ന്ന ഭൂമിയും !

ഒരു വ്യവസ്ഥയും പകരം വയ്ക്കാതെ
ഒരിക്കലെങ്കിലും മുഷിഞ്ഞു നോക്കാതെ
പരസ്പര സ്നേഹ വിശുദ്ധമാകുമീ
പകല്‍ വെളിച്ചത്തില്‍ പടിയിറങ്ങി
എനിക്കു നിന്നെ വേര്‍പിരിയണം !

 

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...