Monday, December 24, 2012

ഒരു സ്ത്രീ പറയുന്നത്..

ഇനി സ്ത്രീ പക്ഷത്തു നിന്നും ഞാന്‍ സംസാരിക്കാം ..പീഡിപ്പിക്കാനും പീഡിപ്പിച്ചവര്‍ക്കെതിരെ അണിനിരക്കാനും എല്ലാം പുരുഷന്മാരുള്ള ഈ കാലത്ത്, ആര്‍ക്ക് ആരെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം എന്നറിയില്ലാത്ത ഈ കാലത്ത്, സ്വ സഹോദരന്മാര്‍ കളിക്കും ബലം പ്രയോഗിച്ചും സഹോദരിയെ പ്രാപിക്കുന്ന ഈ ലോകത്ത്, സ്വന്തം അച്ഛന്‍ ഭോഗിക്കുവാനായി മാത്രം വീടിനു താഴെ നിലവറ പണിതു കെട്ടിയിട്ട് ഭോഗിച്ചു ഭോഗിച്ചു അതില്‍ കുഞ്ഞുങ്ങളുണ്ടായി കെട്ടിയിടപ്പെട്ട നിലയില്‍ തിന്നുകയും,കുടിക്കുകയും,പ്രസവിക്കുകയും ചെയ്ത് മരിക്കാന്‍ പോലും അവകാശമില്ലാതെ, ഒരു ജന്മം മുഴുവന്‍ വെറും ജീവനുള്ള ജഡമായി ജീവിക്കേണ്ടി വരുന്ന അല്പ്പപ്രാണികളുള്ള  ഈ ലോകത്ത് എവിടെച്ചെന്നു കിട്ടും നീതിയെന്നാണ് എല്ലാവരുമീ പറയുന്നത് ??!

മൃഗ വാസനയാണ്,ജെനിറ്റിക്കല്‍ ഡിസോര്‍ഡറാണ്,മണ്ടാന് മങ്ങിണിയാണ് എന്ന് പറഞ്ഞു എല്ലാരും ആര്‍ത്തലയ്ക്കും! നീതിയ്ക്കു വേണ്ടി പരക്കം പായും ,കൂട്ടം തിരിഞ്ഞു മെഴുകുതിരി കൊളുത്തും ,പ്രാര്‍ഥിക്കും ,നിയമ ഭേദഗതി വരുത്തും! എന്നിട്ടെന്തു സംഭവിക്കും ? മാസം നാല് തികയും മുന്‍പേ സംഗതി കെട്ടാറി  വെറും ചാരം മൂടിയ ഓര്‍മ്മകളാകും. എല്ലാവരും തിരിഞ്ഞിരുന്നു ചാറ്റ് ചെയ്യും ,ജോഗ്ഗിങ്ങിനു പോകും, പട്ടിയെക്കുളിപ്പിക്കും ,ഉണ്ണും ഉറങ്ങും ജനിക്കും,മരിക്കും ഭോഗിക്കും ..!പെണ്ണ് വീണ്ടും അതേ പെണ്ണായി മൂക്കും മുലയും വളര്‍ന്നു ചില പുരുഷന്‍റെ പീഡിത ആയി അവശേഷിക്കും !

എവിടെയാണ് നമുക്ക് തെറ്റുന്നത് ?ഞാനുള്‍പ്പടെ സ്ത്രീകള്‍ എത്രകണ്ട് ഉപദേശങ്ങളുടെ,കളിയാക്കലുകളുടെ,വേദനിപ്പിക്കലിന്റെ,ആക്ഷേപങ്ങളുടെ ,തോണ്ടലുകളുടെ,ആഭാസങ്ങളുടെ ഇരകളാകുന്നുണ്ട് ?ഉന്നത അര്‍ബന്‍ ജീവിതങ്ങളെ മാറ്റി നിര്‍ത്തിയാല്‍(അവരുടെ പറുധീസയില്‍ ഉറുംബരിക്കാറില്ല ) മദ്ധ്യ വര്‍ഗം തൊട്ടു താഴേയ്ക്കുള്ള പെണ്‍കുട്ടികളില്‍/സ്ത്രീകളില്‍ പൊതു നിരത്തുകളിലൂടെ നടക്കുമ്പോള്‍ അസഭ്യം കേള്‍കാത്ത സ്ഥാനങ്ങളില്‍ (അസ്ഥാനമില്ല തന്നെ! ) തോണ്ടോ പിച്ചോ കിട്ടാത്ത എത്ര പേരുണ്ടാകും ?? ടി സഹോദരിമാരെ നമുക്ക് തോണ്ടുവാന്‍ തോന്നാത്തതെന്ത്?? (exceptional കേസ് ഇവിടെയില്ലെന്നല്ല )

വളര്‍ത്തു ദോഷം എന്ന് നമ്മള്‍ പറയുമ്പോള്‍ തന്നെ അത് പുരുഷന്മാരെ മാത്രം വളര്‍ത്തുന്നതിന്‍റെ ദോഷമല്ല .പെണ്‍കുട്ടികള്‍ ഋതു ആയിക്കഴിയുമ്പോള്‍ ഇപ്പോഴും പല വീടുകളിലും അവരെ തൊടാന്‍ പാടില്ലാത്ത അസംസ്കൃത വസ്തുവിനെപ്പോലെ ദൂരെ മാറ്റി ഒരു പായോ തലയിണയോ നല്‍കി ഒഴിവാക്കുന്നത് കാണാം !!തിന്നുവാനും കുടിക്കുവാനും വേറെ പാത്രങ്ങള്‍ !!അവള്‍ തൊടാന്‍ പാടില്ല ,അവളെ കാണാന്‍ പാടില്ല !നാല് കഴിഞ്ഞു കുളി കഴിഞ്ഞാല്‍ അവളെ തൊടാം,പിടിക്കാം,ഉമ്മ വയ്ക്കാം ..ബലാല്‍ക്കാരം ചെയ്യാം !ഇതിനു നേതൃത്വം കൊടുക്കുന്നത് സ്വന്തം അമ്മമാരും !! പണ്ട് തുണി ഉണ്ടാകുന്നതിനും മുന്‍പ് ഋതു ആകുമ്പോള്‍ വരുന്ന രക്തത്തെ എല്ലായിടവും പരത്താതിരിക്കുവാന്‍ ബുദ്ധിമതിയായ ഏതോ ഒരു പെണ്ണ് പറഞ്ഞു കാണും നമുക്ക് ഒരു സ്ഥലത്ത് സ്വസ്ഥമായി ഈ പ്രവാഹം നിലയ്ക്കുന്നതു വരെ ഇരിക്കാം എന്ന്.ആ ഇരുപ്പിനെ തൊടാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതും ആയി മാറ്റിയതിനു ഹേതു ഈ പെണ്ണുങ്ങള്‍ തന്നെയാണ് ..അവര്‍ തന്നെ അവര്‍ക്ക് ബലിയിട്ടു ! (ആണുങ്ങള്‍ മാസം തോറും വളര്‍ന്നു വരുന്ന ഒരേ ഒരു ബീജത്തിന്‍റെ തന്ത ആയിരുന്നെങ്കില്‍.. ഈ മാസമുറ അവരിലും ഉണ്ടായിരുന്നെങ്കില്‍.. ഒരു കാലഘട്ടത്തില്‍ ഒരു ബലാല്‍സംഗം എന്നായി ഒരു പക്ഷെ ഇത് കുറഞ്ഞിരുന്നേനെ എന്ന ബാലിശമായൊരു തോന്നലില്‍ ഞാന്‍ കുളിര്‍ക്കുന്നു ! )ഈ പാടില്ലയ്മകള്‍ കൂടിക്കൂടി അച്ഛനെ കാണുമ്പോള്‍ ഓടി ഒളിക്കണം അമ്മാവനെക്കാണുമ്പോള്‍ എഴുനേറ്റു തൊഴണം അടുക്കള കാണുമ്പോള്‍ അമ്പലമാക്ക്ണം .സഹോദരന്റെ വിഹിതം കൂടി നീ പാത്രം മോറണം ,തുണി കഴുകണം,വച്ച്ണ്ടാക്കണം ,വിളംബിക്കോടുക്കണം ,എച്ചില്‍ വാരണം എന്ന് തുടങ്ങി നൂറു നൂറു സംഗതികള്‍ വളര്ച്ചയുടെ കൂമ്പ് പൊടിയുംബോള്‍ തൊട്ടു പെണ്മക്കളുടെ തലയിലിറ്റിച്ചു കൊടുക്കുന്നത് സ്വന്തം അമ്മമാര്‍ തന്നെയാകും !ഇതിനു ഒരു അപവാധമുണ്ടെങ്കില്‌ ആ അമ്മയെ 'തേവിടിച്ചി അവള്‍ ഒരു നിഷേധി യാണ് മകളെ പഠിപ്പിച്ചിരിക്കുന്ന കണ്ടോ !!ആ കൊച്ച് എന്‍റെ മോനോട് പറഞ്ഞു നീ തിന്ന പാത്രം കഴുകാന്‍ !!യെവളെയൊക്കെ ഒരു കുടുമ്മത്ത് കേറ്റാന്‍  കൊള്ളുമോ ?? ' എന്ന് ആര്‍ത്തലയ്ക്കുന്നതും ഈ അമ്മമാര്‍ തന്നെയാകും !!
എങ്ങനെ മാറും ഈ സംസ്കാരം പിന്നെ ??  

ഇനി പുറത്തു നിന്നും നാല് ആണ്‍കുട്ടികളുടെ കൂടെ കണ്ടാലോ ?'ആരാടീ അവന്‍..' ആങ്ങളയും അച്ഛനും അമ്മയും എല്ലാവരും രംഗത്ത് !കഷ്ടപ്പെട്ടു പഠിച്ചു ദൂരെ എവിടെയെങ്കിലും ഒരു ജോലികിട്ടി അതിനു പോകുവാനുള്ള ആര്‍ത്തിയില്‍ ചോദിച്ചാലോ ?നീ അവിടൊക്കെപ്പോയി ജോലിചെയ്താല്‍ കല്യാണം കഴിക്കാന്‍ ആരേലും വരുമോ?അഥവാ വന്നാലും പുറത്തോക്കെപ്പോയി ജോലി ചെയ്തകൊണ്ട് കൂടുതല്‍ സ്ത്രീധനം ചോദിക്കും !! (അങ്ങനെയുള്ള കൊന്തനെ എനിക്ക് വേണ്ട ,ആരും വന്നില്ലെങ്കില്‍ വരേണ്ട എന്ന് പറയാനുള്ള ധൈര്യത്തെ വരെ അടച്ചു മൂടി വയ്ക്കുകയാണീ പെണ്‍ജന്മങ്ങള്‍! ആര് വായിട്ടലച്ചാലും എവിടെ നന്നാകാന്‍??) തുല്യത എന്ന് എത്രയൊക്കെ ആക്രോശിച്ചാലും ഏതു മൃഗങ്ങളിലും ഉള്ള സഹാജവാസനയായ ആണ്മേല്‍ക്കൊയ്മ ഇവിടെയും ഉണ്ടാകും.അതൊരു തെറ്റാല്ലാത്തിടത്തോളം കാലം ഒരു സ്ത്രീയും അതിനെ കുറ്റപ്പെടുത്തില്ല അത് തീര്‍ച്ച !

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നമ്മുടെ തലമുറ മുതലെങ്കിലും ഒരുപോലെ വളര്‍ത്തു ..നിനക്കുള്ള അതെ സ്വാതന്ത്ര്യം അതെ ഭക്ഷണം,അതെ നിലവാരം അതെ ചുറ്റുപാട് എല്ലാം നിനക്കുമുണ്ടെന്നു അവനോടും അവളോടും ഒരുമിച്ചു പറയൂ .അവരെ ഒരുമിച്ചു സ്വയം പര്യാപ്തരാക്കൂ ..അറിവുള്ള നാമുള്‍പ്പെടുന്ന തലമുറ, ചേരികളിലും  മറ്റു പാവപ്പെട്ട ആള്‍ക്കാര്‍ തിങ്ങിപ്പര്‍ക്കുന്നിടങ്ങളിലും,ഗ്രാമങ്ങളിലും,വീട് വീടാന്തരവും  ബോധവത്ക്കരണ ക്യാമ്പുകളും campaign കളും സംഘടിപ്പിച്ചാല്‍ ..ഒരു ചെറിയ പരിധിവരെ മാറ്റം വന്നേയ്ക്കും..ഈ മാറ്റം ഒരു തുടര്‍ച്ച ആകുമ്പോള്‍ ഒരുപക്ഷെ അടുത്തൊരു തലമുറയില്‍ അന്വോന്യം തിരിച്ചറിവുള്ള, 'നീ ഒരു പെണ്‍കുട്ടി, എന്‍റെ കാമം തീര്‍ക്കാനുള്ള വസ്തു അല്ല..'എന്നത് ഒരു പക്ഷെ അവന്‍ തിരിച്ചറിയുമായിരിക്കും.