Monday, December 10, 2012

മുഖപുസ്തകം !


ബ്രിഗേഡിയര്‍ കുഞ്ഞവറാന്‍
റിട്ടയേഡ് ജനറല്‍ !
ഭാര്യ രണ്ടു കുട്ടികള്‍
അച്ഛനില്ല അമ്മയും
ഞാന്‍ മാന്യന്‍
ഒരു ദുരുദ്ദേശവുമില്ലാ ,
ഇവിടെക്കറങ്ങുന്നതില്‍.
- ഇത് ജനിതകക്കുറിപ്പ് -അയാളെ ഴുതിയത്‌  !

 പട്ടാള മീശയും ഗൌരവവും
ആ പടത്തിനു വേണ്ടി
തുന്നിച്ചേര്‍ത്തത് !
അതിനു പിറകില്‍
അതേയാള്‍ ..ഉറക്കം തൂങ്ങിയ
വീര്‍ത്ത മിഴിപ്പോളകളുള്ള
കണ്ണുകളില്‍ കൗടില്യത്തിന്റെ
കായല്‍ ഒളിപ്പിച്ച,
പേരില്‍ LLB ,LLM ,MBA
പേറുന്ന വെറുമൊരു കച്ചവടക്കാരന്‍
അഴകിയ രാവണൻ !

ആരുമറിയുന്നില്ലെന്ന
ഉത്സാഹത്തില്‍ അയാൾ
പേജുകളില്‍ നിന്നും പേജുകളിലേയ്ക്ക്
കൂപ്പുകുത്തി
എത്ര രൂപങ്ങള്‍ ഭാവങ്ങള്‍
ലിംഗ-ലിംഗേതര വര്‍ണ്ണങ്ങള്‍
അയാൾ  വാരിക്കൂട്ടിയ കൂട്ടുകാര്‍!

കൂട്ട് കൂട്ടത്തിൽ കവികള്‍,
പാട്ടുകാര്‍,നാട്യക്കാര്‍
സ്വവര്‍ഗ്ഗ ദ്വിവര്‍ഗ്ഗ പരിവേഷങ്ങള്‍,
സ്വദേശികൾ വിദേശികൾ..
അവര്‍ക്കെല്ലാം അയാൾ  പഴകി-
പ്പഴക്കം മുറ്റിയ
ആഡംബരം നെഞ്ജത്തു
തുന്നിച്ചേര്‍ത്ത ബ്രിഗേഡിയര്‍
ജനറല്‍ !

പക്ഷെ അയാളുടെ വിരല്‍ത്തുമ്പുകളില്‍
സത്യം ഉടുപുടവകള്‍
വലിച്ചെറിഞ്ഞു തീര്‍ത്തും
നഗ്നനായ് പുറംകാഴ്ചകള്‍
കാണാനിറങ്ങി !
ഇപ്പോള്‍,
വാക്കുകളുടെ  തടവില്‍ നിന്നും
രക്ഷപെട്ടോടിവന്ന-
അയാളുടെ  പ്രണയം നാലുകാലില്‍
തുള്ളിക്കുതിക്കുന്നൊരു
പശുക്കുട്ടി !!
അയാൾ  കേള്‍ക്കുന്നത്
കാതുപോളിപ്പന്‍
റോക്കും റാപ്പും!
പറയുന്നത് അഴുകിയ രാവണ
മര്യാദകൾ !

അടച്ചുവച്ച മാന്യത
കാറ്റില്‍ പറത്തിയ
അപ്പൂപ്പന്‍ താടികള്‍..!
സുന്ദരികള്‍ ബ്രിഗേഡിയറുടെ
കനത്ത സംസാര ചുംബനങ്ങളില്‍
 ഉടല്‍ പൊതിയുന്ന
കുഞ്ഞു കാമുകികള്‍..!
ബ്രിഗേഡിയര്‍ക്കാവാമെങ്കില്‍.. ??
അവര്‍ കൂട്ടുകാർ  അനുവാചകര്‍
അനുയായികള്‍..!

നിന്‍റെ ഒളിത്താവളത്തിനിപ്പുറം
നിന്‍റെ വേലിപ്പത്തല്‍
തിന്നുന്നൊരു പശുവുണ്ടെന്ന്
നീ മറന്നു !
അത് കാര്‍ന്നു തിന്നു
തുള വീണു തുടങ്ങിയ
നിന്‍റെ പൊള്ളത്തരത്തിനിപ്പുറം
പൊട്ടിച്ചിരിച്ചുകൊണ്ട്
അവള്‍ നിന്‍റെ
പഴയ കാമിനി !
നീണ്ടൊരു തളിർവെറ്റില
ഞെരടി ചുണ്ണാമ്പ് തേച്ച് പതം വരുത്തി ,
അടയ്ക്ക പുകയില മേമ്പൊടി വച്ച് ,
കുങ്കുമത്തരി  കൂടെത്തിരുകി ,
ചവച്ച് ചവച്ച് ..
രണ്ടുവിരൽ ചുണ്ടിനു കുറുകെ വച്ച് ..
 മുറുക്കിത്തുപ്പല്‍ നീട്ടി
കള്ളക്കച്ചവടക്കാരാ  നിന്‍റെ
മുഖത്തേയ്ക്ക് ..
ത്ഫു ..!










No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...