Tuesday, December 20, 2016

മഞ്ഞുകൂട്ടിലേക്ക്‌ തിരികെ പോകുന്നു ..
ഇല പൊഴിഞ്ഞ ഇലവുമരങ്ങളിലെ
പതുപതുത്ത ഇളം റോസ് പൂക്കളില്ല ..
മുരിക്കിൻ പൂവുകളുടെ തീക്ഷ്ണ
വിപ്ലവ നിറങ്ങളില്ല ..
മഞ്ഞുപൂത്തു കിടക്കുന്ന
പാടങ്ങളില്ല ..
വയൽവരമ്പത്തുകൂടി പാഞ്ഞോടുന്ന
പൊണ്ണൻ പച്ചത്തവളകളില്ല ..
എന്നാലും എല്ലാത്തിനും ഉപരിയായി
എന്നും നിറകണ്ണുമായി ..
കുട്ടികൾ ഞങ്ങളെ കാത്തിരിക്കുന്ന
ഞങ്ങളുടെ മുത്തശ്ശൻ വീടുണ്ട്
അതിൽ നിറയെ സന്തോഷം വിതറുന്ന
പൗരാണികമായ സ്‌മൃതിഗന്ധങ്ങളുണ്ട് ..
വഴിക്കണ്ണുമായി ഞങ്ങളെക്കാത്തിരിക്കാൻ
അച്ഛയും അമ്മച്ചിയുമുണ്ട് ..
പിന്നെ എന്നോ പൂത്തുവിരിഞ്ഞു മേലെനിന്ന്
ഇന്നും ഹൃദയത്തിനുമേൽ വഴികാട്ടുന്ന ആ
ദിവ്യനക്ഷത്രമുണ്ട് !
ക്രിസ്തുമസ് കാലത്തിനുമാത്രം നൽകാൻ
കഴിയുന്ന തണുത്തുറഞ്ഞ മൃദുലമായ
ഓർമ്മത്തൂവലുകളുണ്ട് ..
പോവുന്നു ..എന്റെ വയനാട്ടിലേയ്ക്ക് ..
ഏവർക്കും തണുപ്പുത്സവാശംസകൾ

Thursday, December 15, 2016

ഈ  ഭൂമിയുടെ ഓരോ കോണുകളിൽ യുദ്ധത്തിലും കലഹത്തിലും പെട്ട് കുഞ്ഞുങ്ങളും ആളുകളും നിസ്സഹായരായി മരിച്ചു വീഴുകയാണ് അപ്പോഴാണിവിടെ ഒരാവശ്യവുമില്ലാതെ ദേശീയഗാനവും കൊണ്ട് ആളുകൾ ഭ്രാന്ത് കളിക്കുന്നത് .നാണമില്ലേ ആർക്കും ? ദേശീയഗാനം ഓരോ പൗരന്റെയും ഉള്ളിലുണ്ടാകണം അത്  വെറും ഗാനമല്ല എന്നും കേൾക്കുമ്പോൾ നെഞ്ചിൻ തുടിപ്പുണരണം എന്നും ഓരോരുത്തരും മനസ്സിലാക്കുന്നിടത്തു തീരണം അനാവശ്യ മേലാപ്പുകൾ .

Friday, December 9, 2016

എന്റെ പുരുഷൻ

'എന്റെ പുരുഷന്റെ 'രണ്ടു പ്രതികൾ കൈരളി ബുക്സിൽ നിന്നും കൈപ്പറ്റിയിരിക്കുന്നു .ഒന്ന് റൈറ്റേഴ്‌സ് കോപ്പി ആകും .മറ്റൊന്ന് ദാനവുമാകും എന്ന് ഞാൻ തമാശിക്കുന്നു :)   ഈ തമാശ  പറയാനുള്ള കാരണം ഇതിനുപിന്നിൽ കുറേമാസങ്ങൾ ഞാൻ ഓടിയിരുന്നു .ഇതിൽ എഴുതിയിരിക്കുന്ന കുറെപ്പേരെ  ഞാൻ വിളിക്കുകയും എഴുതുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു ശരിയല്ലേ ??.വളരെ കുറച്ചുപേരെ പ്രതികരിച്ചുള്ളൂ കാരണം ചോദിച്ചത്‌ ഞാനല്ലേ ,എന്തുകൊടുക്കാൻ എന്ന് കരുതിയിട്ടുണ്ടാകും !സ്വാഭാവികം . എഴുതിത്തരുമോ എന്നുള്ള ചോദ്യങ്ങൾ മാത്രം അവശേഷിക്കുകയും ഇതിന്നിടയിൽ വന്നുപെട്ട  ഒരു മേജർ സർജറിയോടെ ഞാൻ ഇതിൽ നിന്നും പിൻവാങ്ങുകയും പിന്നീട് ഹണി ഏറ്റെടുക്കുകയും ചെയ്തു .വളരെ സന്തോഷപൂർവ്വമാണ് ഞാൻ എന്റെ കൈയിലുള്ള അഞ്ചോളം (എന്റെയും ഹണിയുടേതും ഉൾപ്പെടെ ) റൈറ്റപ്പുകൾ കൊടുത്തതും .പക്ഷെ ഒ അശോക് കുമാർ  സാറേ 'ഞങ്ങൾ സമീപിച്ച പലരും ആദ്യം അതിനു തയാറായില്ല' എന്നായിരുന്നില്ല പറയേണ്ടിയിരുന്നത് കാരണം ഞാൻ ഇതിനുവേണ്ടി കളഞ്ഞ മാൻപവറും സമയവും നിങ്ങൾ അംഗീകരിക്കാത്തതിൽ വിഷമമില്ല (അതാണ് ഈ ഒരു ബുക്ക് എങ്കിൽ ഞാൻ അത് നിരാകരിക്കുന്നു ) , പക്ഷെ എന്റെ വിഷമഘട്ടത്തിൽ കൂടെ നിൽക്കുമെന്ന് ഞാൻ കരുതി .പബ്ലിഷ് ചെയ്യുകയാണ് എന്ന് ഹണി പറയുമ്പോഴും ഞാൻ കരുതി കൈരളിബുക്സ് എന്നെ ഒന്നറിയിക്കുമായിരിക്കും എന്ന് ! സാരമില്ല മനുഷ്യന് മാത്രമേ മനുഷ്യത്വം പ്രതീക്ഷിക്കുവാൻ അർഹതയുള്ളൂ .കൈരളിയുടെ അകം മാഗസിനിൽ ഞാൻ പലവട്ടം എഴുതിയിട്ടുണ്ട് ചിത്രവും വരച്ചിട്ടുണ്ട് .എഡിറ്റർ എന്ന നിലയിൽ ഞാൻ എഴുതിയ ലേഖനം എഡിറ്റ് ചെയ്തതാണ് ആദ്യം അകം മാഗസിനിലും പിന്നീട് എന്റെ പുരുഷനിലും വന്നത് .എന്റെ കോൺസെപ്റ്റിൽ സ്ത്രീകളുടെ അനുഭവങ്ങൾ ആയിരുന്നില്ല ഓരോ സ്ത്രീകളിലെയും 'എന്റെ പുരുഷൻ ' എന്നുള്ള ആത്മഭാവത്തെ ആയിരുന്നു പുറത്തെടുക്കാൻ ഞാൻ ആവശ്യപ്പെട്ടത് .അതുകൊണ്ടുതന്നെ ഇത് തികച്ചും വേറൊന്നാണ് .അത് തികച്ചും ഹണിയുടെ പ്രയത്നവുമാണ് .ഹണി ഏറ്റെടുത്ത വലിയ ജോലിയുടെ വിജയമാണീ പുസ്തകം .വളരെ സ്നേഹപൂർവ്വം ഞാൻ ഇതിൽ ഒരാളാകുന്നു  .ഫേസ്ബുക്കിൽ എന്റെ പ്രൊഫൈലിൽ ഇരിക്കുന്ന പുതിയതല്ലാത്ത എല്ലാവർക്കും അറിയാം ഞാൻ ഈ ബുക്കിനുവേണ്ടി ഇട്ടിരുന്ന കുറിപ്പുകൾ .അവരുടെ എല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണിത് .സന്തോഷപൂർവ്വം അനിത .(പബ്ലിഷേഴ്സ്നെ പിണക്കണോ അനിത എന്നാണെങ്കിൽ എനിക്കെഴുതാൻ ഒരുതുണ്ടു കടലാസുമതി എന്ന് ഞാൻ പറയും. ആരും വായിക്കണമെന്നോ ഷെയർ ചെയ്യണമെന്നോ ഇന്നേ വരെ എന്റെ എഴുത്തിലൂടെ ഞാൻ ആവശ്യപ്പെട്ടിട്ടില്ല .അത് സ്വാഭാവികമായി ഉണ്ടാകേണ്ടതല്ലേ , ബ്ലോഗിൽ ഞാൻ എല്ലാം എഴുതുന്നതിന്റെ ലക്‌ഷ്യം തന്നെ എന്റെ കുഞ്ഞിന് വേണ്ടിയാണ് .കാരണം അവൾക്കു ഞാൻ പകർന്നു കൊടുക്കുന്നത് ഒരു കാലഘട്ടമാണ്. പിന്നീട് ഞാനില്ലാതെ ആയാലും അവൾ വായിക്കുമ്പോൾ ഒരു ചരിത്രം എന്നിലൂടെ അവളുടെ മുൻപിലുണ്ടാകും .പിന്നെ ആരും എടുത്തുപൊക്കിയില്ലെങ്കിലും അനിത നിവർന്ന് തന്നെ നടക്കും മരിക്കും വരെ. )

Friday, December 2, 2016

മതിലുകൾ നമ്മൾ മറന്നുപോയ നന്മകൾ !

ഓർക്കുന്നുണ്ടോ പണ്ട് മുള്ളുവേലിക്കു പുറമെ പൂത്തുലഞ്ഞു കിടക്കുന്ന കടും നീല കോളാമ്പിപ്പൂക്കളെ ? ആ വേലിയും കുതിച്ചു ചാടിക്കടന്ന് പാഞ്ഞോടിക്കളിക്കുന്ന പശുക്കിടാവിനെ.. അതിനെപ്പിടിക്കാൻ അന്തം മറഞ്ഞു പാഞ്ഞു വരുന്ന മൈമുനയെ ..മൈമൂനെക്കാണാൻ വേലിപ്പടർപ്പുകൾക്കിടയിലൂടെ കഷ്ടപ്പെടുന്ന രാമൻകുട്ടിയെ ?രാമൻകുട്ടിയെ കൈയ്യോടെ പിടിക്കുന്ന അമ്മയെ.. അമ്മയോട് വേലിക്കൽ നിന്നും "ഇച്ചിരെ തീകൊണ്ടാ കമലോപ്പുവേ "എന്ന് നീട്ടിപ്പറയുന്ന കള്ളുചെത്തുകാരൻ ശിവദാസിനെ .." ദാ നെന്റെ തീയ്യ് "എന്ന് ചിറി കോട്ടി കളിയാക്കി അതുകൊണ്ട് കൊടുക്കുന്ന കമലേടത്തിയെ ?? വേലിയിൽക്കൂടി പാഞ്ഞോടി നിറയെ മത്തങ്ങ കായ്ക്കുന്ന മത്തവള്ളിയെ അന്നാർക്കും വലിയ മതിപ്പൊന്നുമുണ്ടാകില്ല .മത്തപോലെ കുമ്പളവും വെള്ളരിയും ചതുരപ്പയറും എല്ലാം കയറിയിറങ്ങി കോലാഹലമില്ലാതെ വിളഞ്ഞു തൂങ്ങി കിടക്കുന്ന എത്ര വേലികളും കൈയ്യാലകളും മാത്രമായിരുന്നു നമ്മുടെ വീടിന്റെ അതിരുകളെ തിരിച്ചിരുന്നത് ! ഭൂമി എത്ര ആശ്വാസത്തോടെ സ്നേഹത്തോടെ ആയിരുന്നിരിക്കാം ഈ വേലിക്കെട്ടുകളുടെ ഭാരം വഹിച്ചിരുന്നത് ? മഴക്കാലത്തു തോരാനിടുന്ന തുണികൾ പോലെ ഇടനേരങ്ങളിൽ ആരും കാണാതെ കൈമാറുന്ന പ്രണയലേഖനങ്ങൾ പോലെ ചില ഒളികൺപാർക്കലുകളുടെ നൂറു നൂറു കഥകൾ പറയാൻ ഈ വേലികൾക്കുണ്ടായിരുന്നു .അയല്പക്കത്തൊരു കുട്ടി മറിഞ്ഞുവീണാൽ ഓടിയെത്തി എഴുനേൽപ്പിക്കുന്നത് ഇപ്പുറത്തുള്ളവരാകാം .മരണം നടന്നാൽ വിളിക്കാതെ തന്നെ ഓടിയെത്തി സങ്കടങ്ങളിൽ പങ്കാളിയാകാൻ മതിലുകളില്ലാത്തൊരു കാലം നമുക്കുണ്ടായിരുന്നു !കൈതയും കുറ്റിമൈലാഞ്ചിയും കയ്യാലകളും കഥപറഞ്ഞിരുന്ന അടുക്കളരഹസ്യങ്ങൾ എന്നോ നമുക്കന്യം വന്നിരിക്കുന്നു ! മതിലുകൾ കെട്ടിത്തിരിച്ച വീടകങ്ങൾ വെന്തു വെണ്ണീറാടിഞ്ഞാലും ആരും കേൾക്കാതെ കാണാതെ കണ്ണീരൊഴുക്കാതെ മതിലുകൾക്കുള്ളിൽ തന്നെ വേറൊരു ലോകമുള്ളതിൽ വീണടിയുന്നു !അരയാൾ പൊക്കത്തിൽ നിന്നും അത് ഉയർന്നുയർന്നു മാനം മുട്ടുന്നു അതിനിടയിലെ സൗധങ്ങൾ മൗനത്തിന്റെ വാത്മീകം പുതച്ചു മുനികളാകുന്നു .ആരോരും തമ്മിലറിയാതെ ഒരു ഭൂമിയിൽത്തന്നെ പലഭൂമികകൾ ഉയരുന്നു .കൈതോലയും മുരിക്കിൻമുള്ളുകളും വേലിക്കലെ കൊച്ചുവാർത്തമാനങ്ങളും പ്രണയങ്ങളും നിലവാരത്തകർച്ചയിൽ പെട്ട് കാലഹരണപ്പെട്ടിരിക്കുന്നു .അത്തരം കഥകളുടെ വിഡ്ഢിപ്പെട്ടി- സീരിയലുകളിൽ വീട്ടമ്മമാരും മുത്തശ്ശിമാരും സന്ധ്യാനാമം ചൊല്ലാൻപോലുമറിയാതെ വീണടിയുന്നു ! മതിലുകളുടെ ഗതികിട്ടാത്ത ശാപവചനങ്ങളുടെ ചൂടിൽ വീടകങ്ങൾ ചുട്ടുപൊള്ളുന്നു .കോൺക്രീറ്റ് മുറ്റങ്ങൾക്കിടയിൽ ഒരുതരി ഭൂമികാണാതെ പെയ്യുന്ന മഴകൾ വിങ്ങിപ്പൊട്ടി പുറത്തേക്കൊഴുകുന്നു .ജനമാലിന്യങ്ങൾ അടിഞ്ഞുകൂടിയ ഓടകൾക്കിടയിലെ വിഷവെള്ളം കുടിച്ചവർ ആത്മാഹുതി ചെയ്യുന്നു !മരിച്ച ജലങ്ങളുടെ തിരുശേഷിപ്പുകളും വഹിച്ചു നദികളും പുഴകളും കറുത്തു മരച്ചു മലീമസമാകുന്നു .കുളിനീർ പ്രവാഹം തൊട്ടുരുമ്മുന്ന മനോഹരസ്വപ്‌നം കാണുവാനായി അവർ കണ്ണടയ്ക്കുന്നു ..കണ്ണുകൾ തുറക്കാനാകാതെ ദുർബലരായി ഉറവ നശിച്ച് എന്നേയ്ക്കുമായി അവർ വറ്റിവരണ്ടുപോകുന്നു !

മതിലുകൾ എന്താണ് നമുക്ക് നൽകുന്നത് സുരക്ഷ ? സ്വകാര്യത ? അന്തസ്സ് ? സുരക്ഷയാണെങ്കിൽ അതിന്ന് ഒരു മതിലുകെട്ടിത്തിരിച്ചതുകൊണ്ട് ആർക്കും ലഭിക്കുന്നില്ല .പിന്നെ സ്വകാര്യത അതെ അത് എല്ലാവര്ക്കും വേണ്ട ഒന്ന് തന്നെയാണ് .അതിനു നമ്മുടെ മതിലുകളുടെ സ്വഭാവം പഠിക്കുകയാണെങ്കിൽ മാറി മാറി വരുന്ന വിപണികൾക്കനുസരിച്ചു മെറ്റീരിയലുകളുടെ ലഭ്യത അനുസരിച്ച് ഒരുവന്റെ വരുമാനം അനുസരിച്ചു മാറിയും തിരിഞ്ഞും ഇരിക്കും .പക്ഷെ വളരെ അപൂർവ്വം ആളുകൾ മാത്രം അത് മണ്ണിനെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ കൂടുതൽ ജൈവീകമായി നിർമ്മിക്കും. .വീട്ടുമുറ്റത്തെ മുഴുവൻ കോൺക്രീറ്റു തേച്ചു വെടിപ്പാക്കി കാലടികളിൽ പറ്റുന്ന മണ്ണിനെ അകറ്റുന്ന കൂടെ നാം ഭൂമിയോടുള്ള അടുപ്പമാണ് അകറ്റുന്നത് .നാലുചുറ്റും പടുകൂറ്റൻ മതിലുകളും നിലമാകെ കോൺക്രീറ്റും പൂശി നാം വേനൽക്കാലങ്ങളിൽ ചൂട് ചൂട് എന്താണീ ചൂട് എന്നലമുറ ഇടുന്നു .എസി വാങ്ങുന്നു, സ്വിമ്മിങ് പൂള് കെട്ടുന്നു ,കടൽത്തീരം തേടി സുഖവാസത്തിനായി പരക്കം പായുന്നു ! പക്ഷെ ചൂട് മാറുന്നില്ല .എങ്ങനെ മാറും ? മാറേണ്ടത് നമ്മുടെ സ്വഭാവമല്ലേ ?ഇന്നത്തെ യന്ത്രവത്കൃത യുഗത്തിൽ അതിനൂതന സുരക്ഷാലോകത്തിൽ ഇത്തരം മതിലുകളെപ്പറ്റി ചിന്തിക്കുന്നവർ തന്നെ അപൂർവ്വമായിരിക്കും .അഥവാ ചിന്തിക്കുന്നവർ പ്രവർത്തിച്ചാൽ തന്നെ അവരെ ഒന്നുകിൽ ഭ്രാന്തുള്ളവരാക്കും അല്ലെങ്കിൽ പിശുക്കരായി മുദ്രകുത്തും .പ്രകൃതിയിലെ അതിജീവനം നമുക്ക് ഈ കാലത്തിലേക്ക് മാത്രമായി ഒതുക്കുകയാണെങ്കിൽ ശരിയാണ് നാം ജീവിച്ചുപോകും പക്ഷെ നമുക്ക് മുൻപിൽ തലമുറകൾ രൂപം കൊണ്ടേ ഇരിക്കുകയാണ് .

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം"
എന്ന് അറിവുള്ള മഹത്തുക്കൾ എത്രയോ മുൻപ് പറഞ്ഞത്  തന്നെയാണ്! അത് നാം തിരിച്ചറിയണം എന്ന് മാത്രം !ആൽബ്രെട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ
" If we look at this tree outside whose roots search beneath the pavement for water, or a flower which sends its sweet smell to the pollinating bees, or even our own selves and the inner forces that drive us to act, we can see that we all dance to a mysterious tune, and the piper who plays this melody from an inscrutable distance—whatever name we give him—Creative Force, or God—escapes all book knowledge."

ഒരറിവ് നാം പകരുന്നതിലൂടെ ഒരാളെങ്കിലും പ്രകൃതിയുടെ മഹത്തരമായ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞാൽ അത് ഒരു വിജയം തന്നെയാണ് .നാളെയ്ക്കുള്ള ഒരു കാൽവയ്പ്പ് തന്നെയാണ് !

മതിലുകളെപ്പറ്റി പറയുന്നതിന് കാരണം വേറൊന്നുമല്ല അതൊരു കാലികമായ മനുഷ്യസ്‌നേഹത്തിന്റെ പ്രകൃതിസ്നേഹത്തിന്റെ അടയാളമായതിനാൽ തന്നെയാണ് .നമ്മുടെ മുള നല്ല ഒരു മതിലാക്കാൻ സാധിക്കുന്ന ചെടിയാണ് .വളരെ വേഗത്തിൽ വളരുന്ന ഈ ചെടി ഒരു ദിവസം ഒരടി വരെ വളരാറുണ്ട് അവയുടെ വർഗ്ഗത്തിന്റെ സ്വഭാവം അനുസരിച്ച് .(depending on the species) ഇവയെ നിരത്തി നട്ട് വെട്ടിയൊതുക്കി അസ്സൽ മതിലാക്കാവുന്നതാണ് .അതുപോലെ പ്രകൃതിയിലെത്തന്നെ കല്ലുകൾ കൊണ്ട് (പണ്ട് കൈയ്യാല കെട്ടിയിരുന്നത് ) ആലങ്കാരികമായി കലാഭാവനയോടെ മതിലുകൾ പണിയാം ഇതിനു പുറമെ പൂക്കുന്ന വള്ളിച്ചെടികൾ കൂടിയിട്ടാൽ വീടൊരു പൂങ്കാവനമാക്കാം .കുറ്റിമൈലാഞ്ചി എന്ന് നാട്ടിൻപുറത്ത് പറയുന്ന മൈലാഞ്ചി ചെടി നല്ല ഒരു മതിലാക്കാവുന്ന ചെടിയാണ് Scientific name:Eclipta alba/eclipta prostrata ഏതുരൂപത്തിലും വെട്ടിയൊതുക്കാവുന്ന ഇത് നല്ലൊരു മരുന്നുചെടി കൂടിയാണെന്ന് ഏവർക്കും അറിയാം .ഒന്നും വേണ്ട ഉരുളൻ കമ്പിക്കഷ്ണങ്ങൾ നീളത്തിൽ കുത്തിനിരത്തി കോൺക്രീറ്റ് ഇട്ടാൽ നല്ല വായുസഞ്ചാരമുള്ള എന്നാൽ നായ കോഴി മുതലായവ വീട്ടുവളപ്പിലേക്കെത്താതെ തടയാൻ കഴിയുന്ന നല്ല മതിലായി .അതുപോലെ പണ്ടുണ്ടായിരുന്ന മുള്ളുചെടികൾ പതിപ്പിച്ച മതിലുകൾ കാഴചയ്ക്കും സുരക്ഷയ്ക്കും ഒരുപോലെ നന്നായിരുന്നു .മതിലുകളുടെ അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ തന്നെ ഭൂമിയിലെ ഭാരം പകുതി കുറയും .നമ്മളെപ്പോലെ തന്നെ ഭൂമിയും ശ്വസിക്കും .ആ ശ്വസനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല നാളെ എന്നൊന്ന് ഉണ്ടാകൂ എന്ന് നാം ഓരോരുത്തരും തിരിച്ചറിയണം .നമ്മുടെ അയൽവീടുകളുമായി തെല്ലു സൗഹൃദം നമുക്കെന്നും വേണം .ഒരു കൊച്ചുവർത്തമാനം .ലോഹ്യം പറച്ചിൽ അവിടെ വിരിഞ്ഞ പൂക്കളെ നോക്കി തെല്ലു കുശുമ്പ് (എങ്കിലല്ലേ നിങ്ങൾക്കും അതിലും നല്ലൊരു ചെടി നടാൻ തോന്നൂ ) അതുപോലെ കല്ലുപാകിയ നടവഴികൾ പോരെ ബാക്കി ഭാഗം ഭൂമിയായി വിട്ടുകൂടെ ?അഥവാ പുല്ലുകയറിയാൽ അത് കളയുവാനുള്ള സമയം നിങ്ങൾക്കില്ല എന്നുണ്ടെങ്കിൽ അവിടെ വളർത്തുന്ന പുല്ലുതന്നെ വച്ച് പിടിപ്പിക്കൂ .അന്തസ്സുമാകും അലങ്കാരവുമാകും ഭൂമിയ്ക്ക് ആശ്വാസവുമാകും .പെയ്യുന്ന മഴ ഭൂമിയിലേക്കിറങ്ങിയാലല്ലേ നാളെ നമുക്ക് വെള്ളം കുടിക്കുവാൻ ഉണ്ടാകൂ ? അന്നം ഉണ്ടായെങ്കിലല്ലേ നമ്മൾ ഭക്ഷണം കഴിക്കൂ .ശുദ്ധവായു ഉണ്ടെങ്കിലല്ലേ ശ്വസിക്കൂ .ഡൽഹിയിലെ സ്ഥിതി നമ്മൾ വായിക്കുകയല്ലേ അല്ലെങ്കിൽ കാണുകയും അനുഭവിക്കുകയുമല്ലേ ? അതുപോലെ എത്രയെത്ര സ്ഥലങ്ങൾ ?ഇതിനൊക്കെ കാരണം വർദ്ധിച്ച ജനസംഖ്യയും വർദ്ധനവില്ലാത്ത മൂല്യങ്ങളുമാണ് .Good fences make good neighbors."  a proverb quoted by Robert Frost in the poem "Mending Wall" അതെ നല്ല മതിലുകൾ നല്ല അയൽക്കാരെ തരും !ആ നല്ല അയൽക്കാർ നാം കൂടിയാകണം എന്നുമാത്രം . നമ്മുടെ രാജ്യത്തിന്റെ നമ്മുടെ നാടിന്റെ നമ്മുടെ വീടിന്റെ നല്ല അയൽക്കാർ .അതിനൊക്കെ ഉപരി നമ്മുടെ ഭൂമിയാകുന്ന വീടിന്റെ നല്ല താമസക്കാർ  !

Monday, November 28, 2016

 മഞ്ഞുകാലം എനിക്കേറ്റവും പ്രിയപ്പെട്ട കാലമാണ് .നവംബർ ഡിസംബർ മാസങ്ങൾ .. ഒന്നും കിട്ടിയിട്ടല്ല പണ്ടേ ഇഷ്ടമായിരുന്നത് .ഇന്നിപ്പോൾ മഞ്ഞുകാലത്താണ് എനിക്കെന്റെ ജീവനും ജീവിതവും കിട്ടിയിരിക്കുന്നത് .നേർമ്മയുള്ള ഒരുമഞ്ഞു നൂലിൽ സൂര്യരശ്മികൾ തട്ടി തിളങ്ങുന്ന മഞ്ഞു തുള്ളികൾ  പോലെ ഈ സ്നേഹകണങ്ങൾ   ഞാൻ എന്റെ ഹൃദയത്തെ ചുറ്റിച്ചുറ്റി വയ്ക്കുകയാണ് എന്നുമെന്റെ നെഞ്ചകം തണുപ്പിക്കാൻ ..ഒരു നവംബർ മാസത്തിലാണ് നീയെന്നെ കാണാൻ വന്നത് ,നമ്മുടെ മംഗലം ഡിസംബറിലെ കൊടും തണുപ്പിൽ തണുതണുത്തായിരുന്നു ..! നീ പിറന്നതും നവംബർ മാസത്തിലെ കുളിരിലേയ്ക്കായിരുന്നല്ലോ !! പിന്നെ നമ്മുടെ മോൾ പിറന്നതും നവംബറിലെ മഞ്ഞുതൊട്ടിലിൽ തന്നെയായി ..അവളെ ചാഞ്ചക്കം പാടിയുറക്കിയ വയനാടൻ തണുപ്പിൽ നിന്നും കുടഞ്ഞിറങ്ങി പിച്ചവച്ചു നടന്നും വളർന്നും അഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു ..! ഇന്നവൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ് ..അമ്മയുടേം പപ്പയുടേം ഉമ്മ കണ്ണേ..നിയതിയോടുള്ള പ്രാർത്ഥനകൾ ..!

Friday, November 25, 2016

ഇപ്പോൾ ഞാൻ മരണത്തെ പേടിയില്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു !
അപാരമായ വാക്കുകൾക്ക് അതീതമായ ഇന്ദ്രിയാനുഭൂതിയാണ് മരണം നൽകുന്നതെന്ന വെളിപാട് പെട്ടന്നെത്തിയ സർജറി എന്നെ പഠിപ്പിച്ചുതന്നിരുന്നു .നശ്വരമായ കാട്ടിക്കൂട്ടലുകൾക്കിടയിലെ മനുഷ്യ ജന്മത്തെക്കാൾ എത്രയോ സുഖകരമായിരിക്കും ശരീരമില്ലാത്ത പ്രാണനിലൂടെയുള്ള സഞ്ചാരം എന്നും അതെന്നെ പഠിപ്പിച്ചു തന്നു ..ഇപ്പോൾ ജീവിക്കുന്ന ഒരോ നിമിഷവും അതിന്റെ അർത്ഥവ്യാപ്തി കൂട്ടിത്തരുന്നു ..പക്ഷെ ജീവിതത്തിന്റെ കർമ്മമണ്ഡലം അതിന്റെ ഒഴിഞ്ഞപാത്രം ചൂണ്ടി എന്നോട് പറയുന്നു : നിന്റെ കർമ്മം നീ പൂർത്തിയാക്കിയിട്ടില്ല ! അതെന്താണെന്നറിവില്ലാത്ത ഒരു വിഡ്ഢിയാണോ ഞാൻ ? അല്ല ഒരിക്കലുമല്ല !
പീഡോഫൈൽസൊ ..ഫീഡോ പൈൽസോ എന്താണെങ്കിലും എനിക്കതു പറയാൻ തോന്നുന്നില്ല  ! ബാല പീഡനം എന്ന് പറയാൻ മാത്രമല്ല അതുകേൾക്കുമ്പോൾ കൊല്ലാനും തോന്നാറുണ്ട് .ഇതിപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യമെന്നോ അഭിനയ മുഹൂർത്തമെന്നോ എനിക്ക് മനസ്സിലാകുന്നുമില്ല !(അഭിനയിക്കാൻ അറിയുന്നവർ അത് ആവിഷ്കരിക്കപ്പെടേണ്ട ഒന്നാണോ എന്ന്  ചിന്തിക്കുന്നത് എത്ര നന്നായിരിക്കും എന്ന് എന്റെ ആത്മഗതം .)പക്ഷെ ഒന്നുണ്ട് ഒരു കുഞ്ഞു മനസ്സിൽ നിങ്ങൾ വൈകൃതം ബാധിച്ച മനസ്സോടെ ഒന്ന് തൊട്ടുനോക്ക് അതൊരിക്കലും ഒരാനന്ദമായി അവർ കാണില്ല ! കാണാൻ സാധിക്കില്ല കാരണം ഈ വളർന്നു വലുതാകുന്നുവരെല്ലാം 8 വയസ്സും പത്തുവയസ്സും കഴിഞ്ഞിട്ട് തന്നെയാണ് വലുതായിതീരുന്നതല്ലോ അല്ലേ  !!? ഒരു തോണ്ടോ ആഭാസമോ വഷളത്തരമോ കാണാതെ കേൾക്കാതെ ഒരു കുഞ്ഞും വലുതായിട്ടുണ്ടാകില്ല ,ആണും പെണ്ണും !പീഡനത്തെ ആനന്ദമായി കാണാമെന്നും പിന്നീട് അതിൽ നിന്നും ആത്മരതിയിൽ അഭിരമിക്കാമെന്നും,അതേപോലെ പീഢനം പഠിപ്പിക്കാൻ കുറേപ്പേരെ സ്‌കൂളിലും പരിസരത്തും വളർത്തി പട്ടിയെ കെട്ടിയിടും പോലെ  (ക്ഷമിക്കണം ആനന്ദം പഠിപ്പിക്കാനായി ) നിർത്തണമെന്നും മനസ്സിലാക്കി തരുന്ന നല്ല ഒന്നാന്തരം നീല സിനിമ ! എല്ലാവരും കണ്ടു റെക്കോർഡ് ഭേദിക്കണം ..(ബ്ലീസ് ..) NP :ഞാൻ ആക്ഷേപിക്കുന്നത് സൃഷ്ടിയെ തന്നെയാണ് അല്ലാതെ കലയെ അല്ല !

Friday, November 18, 2016

പിരാക്കറസ്റ്റ് സംവദിക്കുന്നത് തീയാളുന്ന മനസ്സിൽ നിന്നുമാണ് .വിളിച്ചുപറയാൻ മടിയില്ലാത്ത പേടിയില്ലാത്ത ചങ്കുറപ്പുള്ള മനസ്സിൽ നിന്നും !അതുകൊണ്ടുതന്നെയാണ് കവേ താങ്കൾക്ക് മറ്റുള്ളവരുടെ എഴുത്തിനെയും കൂടി തൊട്ടറിയാനും കൂടെനിർത്താനും ചങ്കുറപ്പോടെ കഴിയുന്നത് .ഉദാഹരണം ഞാൻ തന്നെയാണ് ..ഇൻബോക്സിലെത്തി നമ്മുടെ തോളത്തുതട്ടി പലരും നമ്മോടു പറയും .'അത്യുഗ്രനായി എഴുതുവാൻ കഴിയുന്ന ഒരാളാണ് താങ്കൾ 'എന്ന് .അതിൽ ചിലരുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാൻ ചോദ്യം ചെയ്യില്ല .പക്ഷെ നമ്മെ നാലാള് മുൻപേ ചേർത്ത് നിർത്തി അംഗീകരിക്കുക എന്നത് തന്നെയാണ് ശരിയായ അംഗീകാരം .(ഒളിച്ചുവന്നു പറഞ്ഞാൽ രണ്ടുണ്ട് ഗുണം .ആളുടെ പ്രീതി കിട്ടുകയും ആവാം ,നാലുപേർ കാണുകയുമില്ല കഷ്ടം! ചിലർ രഹസ്യമായി ജന്മദിനാശംസകൾ പറയുംപോലെ ആണത് ) കാരണം ഇല്ലെങ്കിൽ നമുക്കീ ലഭിക്കുന്ന അവാർഡുകളും അംഗീകാരങ്ങളും ആവശ്യമില്ലാത്ത ഒന്നായിത്തീരും. അതിനൊക്കെയർത്ഥം  "ഇതാ അംഗീകരിക്കപ്പെടേണ്ട ഒരാൾ എന്നുതന്നെയാണ് " ഞാൻ പറഞ്ഞുവരുന്നത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഇഷ്ടക്കാർ തമ്മിൽ ഒരു എഴുത്ത്‌ഫോറം ഉണ്ടാക്കുകയും അല്ലെങ്കിൽ ഗ്രൂപ്പുണ്ടാക്കുകയും അതിലുള്ളവർ പരസ്പരം പുകഴ്ത്തുക എന്ന തരം  താഴ്ന്ന ഏർപ്പാടല്ല .ആര്‌തന്നെയായാലും എഴുത്തിൽ കാമ്പുള്ള പുതിയൊരാളെ കൂടി മുഖ്യധാരയിലേക്ക് കൂടെ നിർത്തുക എന്നതാണ് . .ഒരാളെ വെളിച്ചത്തേയ്ക്കു കൊണ്ടുവരാൻ പേടിക്കുന്നവർ അവനവനെ പേടിക്കുന്നവരാണ് .സ്വത്വമില്ലാത്തവർ ..ആഴ്ച്ചപ്പതിപ്പിലൂടെ അനേകം എഴുത്തുകാരെ വെളിച്ചത്തേക്ക് കൊണ്ടുവരുന്ന മലയാളത്തിലെ ഇന്നത്തെ കവികളിൽ പ്രമുഖനായ ഈ കവി എന്റെ പ്രിയ കൂട്ടുകാരൻ കൂടിയായതിൽ ഞാൻ അഭിമാനിക്കുന്നു ..ജയാ "തങ്കമണി "പോലൊന്നെഴുതാൻ നിനക്കെ പറ്റൂ ..അതുകൊണ്ടുതന്നെ പിരാക്കറസ്റ്റും !അതിക്കൂടുതൽ എന്തുപറയാൻ !!

Thursday, November 17, 2016

പൊട്ടൻ !

ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
ഒൻപതുമാസം മറന്നൊൻപതു ദിവസവും
ഒന്പതു നിമിഷവും ഓർമ്മയിൽ
നിൽപ്പതില്ല

നീപിറന്നന്നുതൊട്ടേ നോക്കുന്നു
നിൻകണ്ണിലായ് പൂക്കുന്നു
പൊന്നാതിര പൂക്കുന്നു നക്ഷത്രങ്ങൾ
എന്തുകൊണ്ടെന്നോ ഞാനീ
കൺകളിൽ വസന്തത്തിൻ
വർണ്ണമുദ്രകൾ തേടുന്നതു നീയറിയേണം
കണ്ണതു തെളിയാത്തോൻ അന്ധനാണത്രേ
ചൊൽവൂ അന്ധത കണ്ണിലല്ലന്നെ
ന്നാർക്കുമേ അറിവീല !
കത്തുന്ന കണ്ണാലവർ കുത്തുവാക്കുകൾ
ചൊൽവൂ കണ്ണവനറിവീല
കണ്ണുപൊട്ടനാ പൊട്ടൻ !

പെറ്റനാൾ തൊട്ടേയിവർ ചൊല്ലുന്നു
നിൻകണ്ണിലായ് പറ്റിനിൽപ്പതെയില്ല
ഇത്തിരി വെട്ടം പോലും !
വാപൂട്ടി വയ്ക്കാതുണ്ണീ കരഞ്ഞു-
കരഞ്ഞുനീ തിരികെ വിളിപ്പതോ
 തരൂ തരികെൻ വെട്ടം കണ്ണിൽ
പോയകാലത്തിൻ കടം കൂട്ടിയപ്പോൾ
 കണ്ടതാം കാഴ്‌ചകൾ
കൊടുംകാര്യങ്ങൾ അപകടം,
യുദ്ധവും കുത്തും വെട്ടും മാത്സര്യമതുപോലെ
മദി കൂട്ടാതൊന്നും ഉറങ്ങാൻ കഴിഞ്ഞീലേ !


ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
പിച്ചവെപ്പിച്ചൂ നിന്നെ
നടത്തി പിന്നെപ്പല പള്ളിക്കൂടത്തിൻ
പടിവാതിൽക്കൽത്തപ്പീ
'അന്ധർക്കു വേറെ സ്‌കൂളുണ്ടങ്ങോട്ടു
പൊയ്ക്കോണം ഇവിടാർക്കും
ഏറ്റെടുക്കാൻവയ്യ സ്പെഷ്യൽ
കുട്ടികളെ യെങ്ങും !'
അന്നുതൊട്ടിന്നോളം നീ സ്പെഷ്യലായ്
അമ്മയ്ക്കല്ല കാണുന്നവർക്കെല്ലാം
കേൾക്കുന്നവർക്കുമെല്ലാം !
പൊട്ടനെന്നല്ലല്ലോ അമ്മയ്ക്കതുമതി
മോനെ പൊട്ടിയ ലോകത്തിന്
സ്പെഷ്യലാണെല്ലാം സെപ്ഷ്യൽ !

കത്തുന്ന രോക്ഷത്താൽ അമ്മ
ചിലപ്പോൾ പൊട്ടിപ്പോകാം
'പൊട്ടാ നീ അങ്ങുപോകൂ 'എന്നെങ്ങാൻ
ചൊന്നുകേട്ടാൽ !
പൊട്ടനാകുന്നതെങ്ങനെ എൻ കുഞ്ഞെന്ന്
ചൊന്നുപോയാൽ ചൊല്ലും
'പിന്നെപ്പൊട്ടനല്ലേയവൻ
കണ്ണുപിടിക്കാ പൊട്ടൻ കാണാ-
പ്പൊട്ടകുണാപ്പനിവൻ !'
പൊട്ടിപ്പോമകത്താരും തേങ്ങുമാ
ക്കരളുമായ് അമ്മയാം ഞാനീ
പ്പടിവാതിലിൽ  വീഴുംപിന്നെ
അപ്പോഴും ചിരിക്കും നീ
അന്ധർക്കുമാത്രം കാണാം ഉത്ക്കട
സ്നേഹക്കടലാം വെളിച്ചത്താൽ !

തന്നെ ഞാൻ വിട്ടതില്ല
നിനക്ക് വടിവേണ്ട
അന്ധത നിനക്കില്ല
കണ്ണുഞാനുണ്ടല്ലോ കൂടെ
പോകുന്ന പോക്കിൽ നോക്കും
സഹതാപത്തെ ഞാനീ കത്തുന്ന
കണ്ണാൽ നോക്കി കരിച്ചു കളഞ്ഞല്ലോ !
ഒക്കെ ഞാൻ പഠിപ്പിച്ചു
ജീവിക്കാനുള്ള പാഠം ശാസ്ത്രവും
സംഗീതവും പാചക കലകളും
വർണ്ണനീലിമ കൊള്ളും
അങ്ങഗാധത തൻ വിസ്‌മയക്കടലിന്റെ
അന്തരാളങ്ങൾ പോലും !
കാറ്റടിക്കവേ ചൂളും പവിഴമല്ലിപ്പൂവിൻ
നേർത്തതാം സുഗന്ധവും
പറവകരച്ചിലും !
മണ്ണതിൽ വീഴും മഴത്തുള്ളികളും
നേർത്ത തണ്ടുനീട്ടും മുളന്തണ്ടിന്റെ
സംഗീതവും ..
ഉണ്ണീ നീകാഴ്ചകാണും ജനകോടികളിൽ
കണ്ടുപോകില്ലാക്കാഴ്ച
കൺകെട്ടിക്കാണുന്നവൻ !

നീയറിയാഗന്ധം നിന്റെവാസന
തേടുമാ വിശുദ്ധ പുഷ്പത്തെ
തേടുന്നു ഞാൻ
വാസരം കൊഴിയുന്നു കാഴ്ചതൻ
കണ്ണാടിതൻ ശക്തിയും നശിക്കുന്നു
തേടുന്നു നിങ്കണ്ണിന് ചേർന്നതാമൊരു
കാഴ്‌ച മാറുവാൻ സമയമായ്
മാറ്റമതനിവാര്യം
മുറതെറ്റിച്ചൂനീ ചിരിച്ചുകൊണ്ടേയിന്നു
മരിച്ചുകിടക്കുന്നു മടിയിൽത്തന്നെയെന്റെ
ഒടുവിൽ ജീവിതത്തിനമരത്തിരുന്നു നീ
പതിഞ്ഞുപാടും താരാട്ടാമർന്നു കേൾക്കുന്നു ഞാൻ
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
താഴെ മാമരമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
മേലെ  തിങ്കളുമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
ചാരേ ഉണ്ണിയുമുറങ്ങുന്നൂ ..

(ഒരുകവിതയും എഴുതി ഞാൻ കരഞ്ഞിട്ടില്ല ..പക്ഷെ ഇത് ..!)

 


 

അപ്പൊ ഞാനല്ലേ അത് ചെയ്തേ !!!?

ഹേ ..അതവൻ ചെയ്തതാകില്ല !
അതുചെയ്യാനുള്ള മൂള അവനില്ല
ഹോയ് ഒന്ന് പോടോ മാഷെ
അതവൻ ചെയ്യാനോ ..നെവർ !
ഹ ഒന്നുപോഡാവേ അതവൻ ചെയ്യാനോ
അതിനിച്ചിരെ പുളിക്കും !
അല്ലഗഡിയെ നീയാക്ടാവിനെപ്പറ്റിയാ ??
ഉം ..ഹും നീയെന്തൂട്ടണ് പറയുന്ന ..?
ഹ ബ്രോ ..നോ ബ്രോ ..
ഹി വോണ്ട് ..!

അല്ല എന്റീശ്വരാ ..!!
അപ്പൊ ഞാനല്ലേ അത് ചെയ്തേ !!!?

Wednesday, November 16, 2016

നിശബ്ദത
നിശ്ചലമായ ഭൂമിക
തണുതണുത്ത ഒരില
ഒന്ന് തൊട്ടുനോക്കൂ
ഒരുപാട് കഥകൾ പറയും
മണ്ണിന്റെ മരത്തിന്റെ
കിളികളുടെ വസന്തത്തിന്റെ
പഴങ്ങളുടെ ..
ഒടുവിൽ ..
മരണത്തിന്റെയും !

Tuesday, November 8, 2016

കുട്ടികളിലെ പരസ്പരബന്ധവും ആത്മവിശ്വാസവും സംഭാഷണ ചാതുരിയും കഴിവുകളും  വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വയലാ കൾച്ചറൽ സെന്ററിൽ 7 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നാടക പരിശീലന ക്‌ളാസ്സുകൾ ആരംഭിക്കുന്നു .എല്ലാ ശനിയാഴ്ച്ചയും ഉച്ചയ്ക്കുശേഷം  3 മണിമുതൽ 6 മണി വരെയാണ് പരിശീലനസമയം.നാലു മാസം നീണ്ടുനിൽക്കുന്ന പരിശീലനം  കുട്ടികളുടെ നാടകാവതരണത്തോടെയായിരിക്കും സമാപിക്കുക .നാടകരംഗത്തുള്ള പ്രമുഖരുടെ  നേതൃത്വത്തിൽ ആയിരിക്കും ക്ലാസ്സുകൾ നയിക്കപ്പെടുന്നത് .താത്പര്യമുള്ളവർ അയ്യന്തോൾ വയലാ കൾച്ചറൽ സെന്റർ ഓഫീസുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക .
നമ്പർ : 9526826434 ,9446466290

കടലുപോലൊരു സ്നേഹം
നിന്നെ ഉമ്മവയ്ക്കുന്നുണ്ടല്ലോ !
ഓരോ പിറന്നാളും ഇനിമുതൽ എന്നെക്കാളുമേറെ
അവൾ ആഘോഷിക്കുമല്ലോ ..
ഏതുറക്കത്തിലും അവൾ 'പാപ്പാ ..' എന്ന്
കൺതുറക്കാതെ പരതുന്നുണ്ടല്ലോ ..
അതുമതിയല്ലോ ഞാൻ നിനക്ക് എന്നേയ്ക്കുമായി
തരുന്ന പിറന്നാൾ സമ്മാനമായി ?  .. :)

Monday, November 7, 2016

ഡോ .വയലാ വാസുദേവൻപിള്ള ട്രസ്റ്റ് കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു .വിഷയം 'മാനവികത വയലായുടെ നാടകങ്ങളിൽ ' ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും  പ്രശസ്തി  പത്രവും  ലഭിക്കുന്നതായിരിക്കും .മികച്ച പ്രബന്ധങ്ങൾ തിരഞ്ഞെടുത്ത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ് .പഠിക്കുന്ന കോളേജിന്റെ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോട് കൂടിയായിരിക്കണം പ്രബന്ധങ്ങൾ  അയക്കേണ്ടുന്നത് .

ഒന്നാം സമ്മാനം : 10000  രൂപയും പ്രശസ്തി  പത്രവും
രണ്ടാം സമ്മാനം : 5000 രൂപയും പ്രശസ്തി  പത്രവും
മൂന്നാം സമ്മാനം : 3000 രൂപയും പ്രശസ്തി  പത്രവും

പ്രബന്ധങ്ങൾ താഴെപ്പറയുന്ന വിലാസത്തിൽ ലഭിക്കേണ്ടുന്ന അവസാന തീയതി ജനുവരി 31 .
ചെയർ പേഴ്സൺ ,ഡോ. വയലാ വാസുദേവൻപിള്ള ട്രസ്റ്റ് , 'സബർമതി', അയ്യന്തോൾ പി ഓ ,തൃശ്ശൂർ -680 003

Sunday, November 6, 2016

രാഗേഷ് എന്നോട് സംസാരിക്കുകയായിരുന്നു .നിങ്ങളിൽ ഒരുപാടുപേർക്ക്  എന്നെപ്പോലെ തന്നെ ഈ യുവാവ് തികച്ചും അപരിചിതൻ ആയിരിക്കും പക്ഷെ നമുക്ക് നമ്മിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്ന നിസ്സാരത ഈ യുവാവിന് തിരിഞ്ഞു നോക്കിയാൽ ഉണ്ടാകില്ല അതിനു കാരണം എണ്ണമറ്റ ആളുകളുടെ അതും നിരാലംബരുടെ അസുഖ ബാധിതരുടെ അനാഥരുടെ അന്നവും ആശ്വാസവുമാണിദ്ദേഹം .നമ്മളൊക്കെ കണ്ടാലും കാണാത്തഭാവത്തിൽ നടന്നു മറയുമ്പോൾ ഇദ്ദേഹം അവരെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് മരുന്ന് കൊടുത്ത് ഭക്ഷണം കൊടുത്തു സ്നേഹിച്ചു പരിപാലിക്കുന്നു ! ഏകദേശം ഒരാഴ്‌ചയെ എനിക്കിദ്ദേഹത്തെ പരിചയമായുള്ളൂ .സംസാരിക്കണമെന്ന് പറയുമ്പോൾ പോലും ഞാൻ നിരൂപിക്കുന്നില്ല ഇത്ര ഉന്നതനായ ഒരു മനുഷ്യനാണ് ഇത്രയും വിനയാന്വിതനായി സംസാരിക്കുവാൻ വിളിക്കുന്നതെന്ന് !നന്ദി എനിക്ക് പരിചയം തന്നതിന് !

ഇനി രാഗേഷ് ആരെന്നു പറയാം .പെരുവള്ളൂർ സ്വദേശിയായ ഇദ്ദേഹം ഏകദേശം 3000 ത്തിൽ പരം ആളുകളെയാണ് സ്വന്തം കൈയാൽ രക്ഷിച്ചിരിക്കുന്നത് .അതും ലാഭേച്ഛ ഏതുമില്ലാതെ ! ആരോടും കൈ നീട്ടി യാചിക്കാതെ .രാഗേഷിന്റെ ഭാഷയിൽ തന്നെ പറയാം " ജീവിതം കാണിച്ചു തന്ന പട്ടിണിയും വേദനയും ദുരിതവും രോഗവും തന്നെയാണ് എന്നെ വേദനിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണിച്ചു തന്നത് .അതുകൊണ്ടുതന്നെ എനിക്കിത് ആരും അനുഭവിച്ച ദുരിതങ്ങൾ വായിച്ചതിൽ നിന്നോ കേട്ടതിൽ നിന്നോ ഉള്ള അനുഭവമല്ല നേരിൽ അറിവുള്ളതാണ് .ഞാൻ ദൈവത്തിന്റെ പേരിൽ ആണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിനായി നമ്മൾ കാശ് ചോദിക്കരുതല്ലോ അറിഞ്ഞു തരുന്നവർ ആശ്വാസങ്ങളാണ് .ചോദിക്കാൻ തോന്നാറില്ല " നമ്മൾ എത്രയോ രോഗികൾക്കായി കാശുകൾ അയക്കാറുണ്ട് .അവരെ രക്ഷിക്കാറുണ്ട് ..ഇത്തരത്തിൽ അവനവന്റെ ജീവിതം മാറ്റിവച്ചു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരെ നമ്മൾ കണ്ടില്ല എന്ന് നടിക്കുന്നു അല്ലെങ്കിൽ 'ഓ ഓൻ വേണംന്ന് വച്ചിട്ട് ചെയ്യണതല്ലേ ഓൻ കണ്ടു പിടിക്കട്ടെ " എന്ന മനോഭാവം തന്നെയായിരിക്കും 90 ശതമാനം ആളുകളിലും വർത്തിക്കുന്നത് .അതെ നാളെ ഒരു ദിനം ആർക്കും വേണ്ടാതെ തെരുവോരത്ത് ദീനം പിടിച്ചു കിടന്നാൽ ഒരു പക്ഷെ ഈ പറഞ്ഞ 'ഓൻ ' വേണ്ടിവന്നാലോ നമുക്ക് ഒരിറ്റു വെള്ളം തരാൻ ?
രാഗേഷ് അനാവശ്യമായ യാതൊരു വിനയവും തന്റെ വാക്കുകളിൽ പകുത്തു വച്ചില്ല .അനാവശ്യമായി താൻ ചെയ്തത് വാഴ്ത്തിയില്ല .അനാവശ്യമായി ഒരു സഹായം പോലും ആവശ്യപ്പെട്ടില്ല .പാതിരാത്രികളിൽ പോലീസിന്റെ വിളിവരും ആക്സിഡന്റ് നടന്നു എന്നോ അപകടമരണം നടന്നു എന്നോ പറയാൻ .ഉറങ്ങാൻ പോലും നിൽക്കാതെ ആരുപോകും രാഗേഷിനെപ്പോലെ !!? ഞാൻ അതിശയിക്കുന്നതു വെറും ഉറക്കത്തെ ചൊല്ലി മാത്രമല്ല ഒരു മനുഷ്യൻ എന്നതിന്റെ യഥാർത്ഥ മൂല്യത്തെ ചൊല്ലി കൂടിയാണ് !താങ്കൾക്കു കരുതിവച്ചിരിക്കുന്നതു കാലം തന്നിരിക്കും അഭിമാനപൂർവ്വം അതിനായി ഞാനും കാത്തിരിക്കുന്നു

രാഗേഷ് ഇപ്പോൾ സ്‌കൂളുകളിൽ പാലിയേറ്റിവ് കെയർന്റെ ആവശ്യകതയെപ്പറ്റി ക്ലാസ്സുകൾ എടുക്കുന്നുണ്ട് .ഈ യുവാവിനെ നിങ്ങളിൽ സമ്പന്നർക്ക് സംശയമേതുമില്ലാതെ സഹായിക്കാം എന്നുതന്നെയാണ് അദ്ദേഹത്തിനെ പ്രവർത്തനങ്ങൾ പറയുന്നത് .മുക്കിലും മൂലയിലും അനാവശ്യമായ ആദരവുകൾ സംഘടിപ്പിക്കുമ്പോൾ ഇത്തരം മനുഷ്യസ്നേഹികളെ നാം മറക്കുന്നു ! വിളിക്കൂ ആദരിക്കൂ ഇദ്ദേഹത്തെ ഞാനുമുണ്ടാകും കൂടെ .രാഗേഷിനെ നിങ്ങള്ക്ക് ഈ നമ്പറിൽ വിളിക്കാം അനാവശ്യമായി സമ്മർദ്ദങ്ങളിൽ പെടുത്താനല്ല ,നന്മയിലേക്കുള്ള ഒരു ചെറിയ കൈത്താങ്ങു കൊടുത്ത് പറ്റുമെങ്കിൽ കൂടെ നിൽക്കാൻ .ഇത് ഞാൻ പറയുന്നതാണ് രാഗേഷ് ആവശ്യപ്പെട്ടതല്ല അത് മറക്കരുത് .ഒരു കൈത്താങ്ങ് അദ്ദേഹത്തിന് വലിയൊരു സഹായമാകും എന്നതുകൊണ്ട് തന്നെയാണ് പറയുന്നത് .രാഗേഷ് നമ്പർ :96 45 21 50 16

Friday, November 4, 2016

'ഭൂഭംഗികൾകൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെ നിങ്ങള്ക്ക് വിസ്മയിപ്പിക്കാനാവില്ല .ഏകാന്തത കൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെനിങ്ങള്ക്ക് വിഷമിപ്പിക്കാനാവില്ല !'-കോന്തല -കൽപ്പറ്റ നാരായണൻ .(വയനാടിന്റെ ആത്മകഥ )

എത്ര ശരിയാണ് ! വയനാട്ടിൽ കഴിഞ്ഞ ഒരാൾക്ക് മാത്രമേ ഇതെത്ര ശരിയാണെന്നു പറയാനാകൂ ..ഞാനും എഴുതിയിട്ടുണ്ട് പല തവണ ..പക്ഷെ എന്റെ അനുഭവങ്ങൾ തികച്ചും വേറെ ഒരു തലമാണ് ഒരുപക്ഷെ ഭൂപ്രകൃതി ഒരുപോലെ ഊട്ടി ഉറക്കുമെങ്കിലും നാടിന്റെ തന്നെ നാട്ടുരീതികൾ പലതായിരിക്കാമല്ലോ അല്ലെ ? ഞാൻ എഴുതിയ ഒരു ഭാഗം ..

"
മഞ്ഞിൽക്കുളിച്ച  പ്രകൃതിയ്ക്ക് നനഞ്ഞ നാടൻ സൗന്ദര്യമാണ് .എത്ര കണ്ടാലും മതിവരാത്ത നനുത്ത കുളിരുന്ന സൗന്ദര്യം ! പണ്ട് വീട്ടിൽ വയനാട്ടിൽ എന്നും തണുപ്പായിരുന്നു ..ഏതു സമയത്തും വെളിച്ചെണ്ണ ഒക്കെ ഉറച്ചു കട്ടിയായിരിക്കും .മഞ്ഞുകാലത്ത് പറയുകയും വേണ്ട !പുലർകാലേ വെട്ടം വീഴും മുൻപ് ഇലകളിൽ നിന്നും മഞ്ഞുകണം ഊർന്നു വീഴുന്ന ശബ്ദം ഇടതടവില്ലാതെ കേൾക്കാം ..കരിയിലകളിലെയ്ക്കും ,മണ്‍കട്ടകളിലെയ്ക്കും ഉതിരുമ്പോഴുള്ള നേർത്ത റ്റപ് തപ് ഒച്ചകൾ ..തലയിണയിൽ മുഖം ആഴ്ത്തി കമ്പിളിയിൽ മൂടി സുഖദമായ് ഉറങ്ങുമ്പോൾ അതിനൊരു താരാട്ടിന്റെ ഈണം വരും .മൂക്കിൻ തുമ്പ് നനുത്ത് തണുത്തിരിക്കും .അടുത്തുറങ്ങുന്ന ചേച്ചിയുടെ മുഖത്ത് ഞാൻ തണുപ്പുകൊണ്ട് ഒരു വര വരയ്ക്കും ,പിന്നെ ചിരിച്ചുകൊണ്ട് പ്രഭാതത്തിലേയ്ക്ക് ഉണർന്നു വരും .തണുതണുത്ത വെള്ളം കൈയ്യിട്ടാൽ സൂചി കുത്തും പോലെ വേദനിപ്പിക്കും.എങ്കിലും കോരി മുഖത്തൊഴിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തേയ്ക്കുള്ള ഉന്മേഷമായി ..ഈറൻ കാറ്റ് തൊട്ടുഴിഞ്ഞു പോകും മുറ്റമടിക്കുമ്പോൾ ,തണുപ്പ് മാറി ചൂടിലെയ്ക്കുള്ള പ്രഭാത വ്യായാമം !കരിയിലകൾ കൂട്ടിയിട്ടു തീയിടും പ്രായം ചെന്നവർ ,അതിനു ചുറ്റും നിന്ന് കൈ കാട്ടി ചൂട് പിടിപ്പിക്കും .പിന്നെ പല്ല് തേച്ചു ചൂട് കട്ടൻകാപ്പി  ആവി പടർത്തി കുടിക്കും !കുളി ,പഠനം ,യുണിഫോം തേയ്ക്കൽ ,പുസ്തകങ്ങൾ അടുക്കി ഇടംകൈയ്യിൽ തിരുകി അതിനു മുകളിൽ ചോറ്റു പാത്രവും വച്ച് ഒരു പോക്കുണ്ട് ബസ്‌ കയറാൻ ! അപ്പോഴും മഞ്ഞു ചുറ്റും നിന്ന് ആലിംഗനം ചെയ്യും ,ചിലപ്പോൾ മുടിയിൽ ചൂടുന്ന ഒരു തുളസിക്കതിരിൽ അവ ഉമ്മവച്ചിരിക്കും, അതിൽത്തട്ടിത്തടഞ്ഞ് ഒരു കൊച്ചു സൂര്യൻ പൊട്ടിച്ചിരിക്കും,ചില കണ്ണുകൾ പ്രണയത്തോടെ ഇത് കണ്ടു പുറകിൽ മാറി നടക്കുന്നുണ്ടാകും..കാലവും ദേശവും സമയവുമറിയാതെയുള്ള പ്രയാണം !

ഈ മഞ്ഞു കാലത്ത് നിലാവുള്ള രാത്രിയിൽ അങ്ങ് താഴെ വയലിൽ ഉള്ള കിണറിന്റെ കരയിൽ ഇട്ടിരിക്കുന്ന വലിയ അലക്കു കല്ലിൽ (വലിയ വെണ്ണക്കല്ല് എന്ന് പറയുന്ന വെളുത്ത കല്ലാണത്‌ ) നെടുങ്ങനെ കിടന്ന് അശോകൻ ചേട്ടായി (വലിയച്ഛന്റെ മകൻ )പാട്ട് പാടും, 'പൂ മാനമേ ..ഒരു രാഗ മേഘം താ ..!'ഞാനും ചേച്ചിയും അരികത്തു മാനം നോക്കിയിരിക്കും.. ശശിമലക്കുന്നിനു മുകളിൽ ആകാശം പൂത്തുലഞ്ഞു കിടക്കും ഒരുകോടി കാക്കത്തൊള്ളായിരം നക്ഷത്രപ്പൂക്കൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കും !ഹാ അതാ പറക്കുന്നൊരു ഉൽക്ക ! മുകളിലേയ്ക്ക് പോയാ നമുക്ക് ഭാഗ്യം വരും,അങ്ങനാണ് ചൊല്ല് ഞങ്ങൾ പരസ്പരം കണ്ണിറുക്കും ! ചേട്ടായി പറയും 'കുന്തമാ രണ്ടും കൂടി വാങ്ങും ഓരോ കുത്ത് ..മണ്ണുണ്ണികൾ ..' ഞങ്ങൾ പൊട്ടിച്ചിരിക്കും .'കറുംബീ..ചേട്ടായി എന്നെ നീട്ടി വിളിക്കും ,ഞാൻ പതിവ് പോലെ പിണങ്ങും! പിന്നെ കിണുങ്ങിക്കൊണ്ടാക്കൈയ്യിൽ തൂങ്ങി വീട്ടിലേയ്ക്ക് പോകും.അതുകൊണ്ട് തന്നെ സ്വന്തം സഹോദരനില്ലല്ലോഎന്ന് ഒരിക്കൽപോലും തോന്നിയിട്ടേയില്ല അന്നൊന്നും  ! രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ നിലാവിൽ കാണാൻ മനോഹരമാണ് ,നിറം മങ്ങിയ സ്വർണ കണങ്ങൾ മൂടിയ പ്രകൃതി ..അനക്കമില്ലാത്ത ഇലകളും മരങ്ങളും ,കുളക്കടവിൽ നിന്നും വല്ലപ്പോഴും ഒരു കുളക്കോഴി നീട്ടിക്കൂകും ,സ്വപ്നം കണ്ടിട്ടെന്നു പറഞ്ഞു ഞങ്ങൾ പുഞ്ചിരിക്കും ,റേഡിയോയിൽ നിന്നും റൈനാ ഭി റൈനാ.. എന്നുള്ള പാട്ട് അർത്ഥമറിയിക്കാതെ ഞങ്ങളെത്തൊട്ടു കടന്നു പോകും ഹാ എത്ര സുന്ദര നിമിഷങ്ങളായിരുന്നു !

അതിരാവിലെ മഞ്ഞിൽക്കൂടി വെളുത്ത ചട്ടയും മുണ്ടും തലമൂടി കവണിയുമിട്ട് ശോശാമ്മ ചേടത്തി മുൻപിലും പെണ്‍മക്കളെല്ലാം പിന്നിലുമായി പള്ളിയിലേയ്ക്ക് പോകും !ഓ ക്രിസ്മസ് !അല്ല ക്രിസ്തുമസ് എത്തിപ്പോയി !എന്നെസംബന്ധിച്ചു കരോൾ എന്നാൽ ഉറക്കമില്ലായ്മ എന്നതായിരുന്നു !ദൂരെ നിന്നും കരോൾ ബാന്റ് മുഴങ്ങുമ്പോൾ ഞാൻ ചങ്കിടിപ്പോടെ ഉറങ്ങാതിരിക്കും !എന്തിനെന്നറിയാതെ, ഞാൻ പോകാതെതന്നെ അവരുടെകൂടെ വീടുകൾ കയറിയിറങ്ങിപ്പാടും ,'ഉണ്ണി ഉണ്ണീ രാരോ ..ഹാ ഹല്ലേലൂയ പാടാം ,നാട്ടുകാർക്കും വീട്ടുകാർക്കും നല്ല തിരുന്നാള് ..' അവർ വരുമ്പോഴേയ്ക്കും കുരച്ചു തളർന്ന ലോതർ (വീട്ടിലെ മറ്റൊരംഗം അൽസേഷ്യൻ നായ.ഇന്നുമുണ്ട് ലോതർ മൂന്നാമൻ ! )കൂട്ടിൽ പതുങ്ങിക്കിടന്നു മുറുമുറുക്കും !ഉണർന്നു വരുന്ന ഞങ്ങൾക്ക് മുന്നില് ഉണ്ണിയേശുവിന്റെ പ്രതിരൂപം താലത്തിൽ കാണിച്ചു തരും ,മുട്ടുകുത്തി നിന്ന് തൊഴുതു മുത്താൻ പറയുമ്പോൾ ലജ്ജയോടെ അത് ചെയ്യും ,രണ്ടു പാട്ടൂടെ പാടെടാവേ ..എന്ന് അച്ഛ പറയുമ്പോൾ എന്റെ നെഞ്ചിടിപ്പു കൂട്ടിക്കൊണ്ട് അവർ പാടും ,'തന്നതും സ്വീകരിച്ചു സന്തോഷത്തോടെ ഞങ്ങൾ നന്ദി പറഞ്ഞുകൊണ്ട് പോകുന്നു ...' താഴെ നെല്ലിമരത്തിനും കീഴിലൂടെ ഡും ഡും ഡും അകന്നകന്നു പോകുമ്പോൾ മഞ്ഞു പൊഴിഞ്ഞൊരു വഴിത്താര നിറയെ ഒരു സ്വർഗീയ വെളിച്ചം നിറഞ്ഞു നില്ക്കും !മുകളിൽ ഒരു കെടാനക്ഷത്രം, വീടിന്റെ ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന അച്ഛയുണ്ടാക്കിത്തന്ന, വർണ്ണക്കടലാസുകൾ ഒട്ടിച്ച് അകത്തു മെഴുകുതിരി കെട്ടുപോയ ഒരു പാവം നക്ഷത്രത്തെ നോക്കി പുഞ്ചിരിച്ചു പറയും: നമ്മുടെ നാഥൻ പിറന്നു ! (തുടരും )"

Tuesday, October 18, 2016

പ്രിയ സുഹൃത്ത് സുദേവിന്റെ പുസ്തക പ്രകാശനത്തിന് പോയിരുന്നു ..കവി തിരക്കിലായതിനാൽ അദ്ദേഹവും പ്രിയതമയുമായി ചെറിയ സംസാരത്തിനു ശേഷം കൂടുതൽ കാത്തു നിൽക്കാതെ പുസ്തകവുമായി ഞാൻ കോഴിക്കോട് കടന്ന് വയനാട്ടിലേക്ക് പറന്നുപോയി ..പോകുന്ന പോക്കിൽ സുദേവിനെ വായിക്കുകയായിരുന്നു .മടിയിൽ മോളുറങ്ങുന്നു ...അവളെ ചാരിവച്ചു വായനയിലാണ്ടു .."ഓരോ പൂവിലും " എന്ന കവിതാസമാഹാരം എന്നെനോക്കി പൂവുപോലെ ചിരിക്കുന്നു !

താള സമൃദ്ധമായും അർത്ഥപുഷ്ടമായും കവിതകൾ രചിക്കാൻ മനോഹരമായ കഴിവുള്ള വ്യക്തിയാണ് സുദേവ് എന്നെനിക്കറിയാം .കവിതകളിലെ ഈ ചാരുതയാണ് അദ്ദേഹത്തെ എന്റെ സുഹൃത്താക്കിയതും .

"ഇല്ല പുരോഹിത,നർച്ചനകൾ
പൂക്കാലമാകുന്നു നിഷ്കളങ്കം
മണ്ണിലായൂതിയ ജീവശ്വാസം
മണ്ണിലടങ്ങുന്നുയിർത്തെണീക്കാൻ "

മനോഹരമായ കാവ്യ ബിംബങ്ങൾ നിറഞ്ഞിരിക്കുന്ന കവിതകൾ ..

"കുഞ്ഞേ ജലാഞ്ജലി വാക്കിൻ തിലോദകം
വന്നു നുകർന്നാലുമന്യനെയല്ല ഞാൻ"

ഓരോ വരികളിലും അർത്ഥ ധ്യാനങ്ങളുടെ നിമന്ത്രണങ്ങൾ ചേർത്തുവച്ചിരിക്കുന്നു നീ കൂട്ടുകാരാ ..

"വരുന്നുണ്ട് രാത്രി വരുന്നുണ്ട് വെട്ടം
വരുന്നുണ്ട് കാലം പൊയ്ക്കാലുമായി "

ഓരോ കവിതയിലും ബിംബകല്പനയുടെ പൂക്കാലം തീർത്തുകൊണ്ട് മലയാളത്തിന് ഭാരതത്തിന് ലോകത്തിന് പ്രപഞ്ചത്തിന് അക്ഷരങ്ങളുടെ പൂക്കൾ തീർക്കുക ..ഓരോ പൂവിനും ഹൃദ്യമായ വസന്തമൊരുക്കുവാനുള്ള കഴിവുണ്ട് അറിയുക ..സ്നേഹാശംസകൾ ഹൃദയപൂർവ്വം

Monday, October 17, 2016

 സാഹിത്യവും സംഗീതവും ചിത്രകലയും എല്ലാം മനുഷ്യന്റെ ബോധമണ്ഡലത്തെ ഉണർത്തുന്നതും കൂടുതൽ ആഴത്തിൽ സ്പർശിക്കുന്നതും നമുക്കെല്ലാം അനുഭവവേദ്യമാണ് .അതിനെപ്പറ്റി ആഴത്തിലുള്ള അറിവ് ഒരാളുടെ ജീവിത വീക്ഷണങ്ങളുടെ മൊത്തത്തിലുള്ള മാറ്റത്തിനാകും നാന്ദി കുറിക്കുന്നത് .അതിനായി ആഗ്രഹിക്കുന്നവർക്കായി 8 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും  പഠിക്കാൻ അറിയാൻ കഴിയും വിധത്തിൽ ലളിതമായ ഫീസ് ഉൾപ്പെടുത്തി  വയലാ കൾച്ചറൽ സെന്റർ അയ്യന്തോൾ  ഈ വരുന്ന ദീപാവലി ദിനത്തിൽ-29 th ഒക്‌ടോബർ ( സംഗീതം (കർണ്ണാട്ടിക് വോക്കൽ ) ചിത്രരചന (പെൻസിൽ  ,പെയിന്റിങ് ) തബല ,കീബോർഡ് ,തായ്ചി (ചൈനീസ് ആയോധനകല ) എന്നിവയിൽ വീക്കെൻഡ് ക്‌ളാസ്സുകൾ ആരംഭിക്കുകയാണ് .അതിൽ ചിത്രരചന ഞാൻ ആയിരിക്കും പഠിപ്പിക്കുന്നത് .തീരെ സാമ്പത്തികമില്ലാത്ത ചിത്രരചനയിൽ കഴിവുള്ള കുട്ടികളെ അവരുടെ സാമ്പത്തികനില തെളിയിക്കുന്ന രേഖകളുമായി വന്നാൽ ഞാൻ ഫീസില്ലാതെ പഠിപ്പിക്കുന്നതായിരിക്കും. (കുട്ടികൾക്കുമാത്രമാണീ ഇളവ് ) രജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ : 9526826434  ,9446466290  അല്ലെങ്കിൽ നേരിട്ട് രാവിലെ പത്തിന് ശേഷം അയ്യന്തോൾ വയലാ കൾച്ചറൽ സെന്റർ ഓഫിസിൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യാവുന്നതാണ് .

Wednesday, October 12, 2016

ചില നീരൊഴുക്കുകൾ പ്രവഹിക്കുന്നത് നമുക്ക് ദൃശ്യമാകും .എന്നാൽ നദിയോ പുഴയോ തുടങ്ങുന്നിടം കണ്ടിട്ടുള്ളവർ ചുരുക്കമാണ് ! അതുപോലെ തന്നെയാണ് വിചാരങ്ങളും ..ഉദിക്കുന്നു മറയുന്നു ..അതിങ്ങനെ അനസ്യുത പ്രവാഹമാണ് ..ചില മോഹങ്ങൾ മാത്രമേ ശക്തമായി ഒഴുകിയൊഴുകി രൂപം വന്നു മോക്ഷം പ്രാപിച്ചു ലക്ഷ്യത്തിലെത്തുന്നുള്ളൂ ..

Friday, September 30, 2016

എന്റെ പുരുഷ സങ്കല്പം !

ജീവിതത്തിന്റെ കരുത്ത് അച്ഛനിൽ നിന്നുമാണ് പകർന്നു കിട്ടുന്നതെന്ന് എനിക്ക് തോന്നുന്നു .അച്ഛനില്ലാതെ ആരുംജനിക്കുന്നില്ലല്ലോ .അത് ജൈവപരമായി നമ്മിൽ സന്നിവേശിക്കുന്ന ഒന്നുതന്നെയാണ് .ഒരുപക്ഷെ നാം പോലുമറിയാതെ ഉറങ്ങിക്കിടക്കുന്നതോ നമ്മിൽ ഊർജ്ജമായി പ്രവർത്തിക്കുന്നതോ അതുതന്നെയാകും .അതിൽ അമ്മയില്ല എന്നല്ല പറയുന്നത് നമ്മിലെ ആൺ സ്വഭാവങ്ങളെ രൂപപ്പെടുത്തുന്നതിന്റെ ഹേതു എന്നത് അച്ഛനാകാം എന്നു ചിന്തിക്കുകയായിരുന്നു .അതൊരു ആഴത്തിലുള്ള അറിവാണ്. ജീവനോടെ അച്ഛനില്ലെങ്കിലും ഉണ്ടെങ്കിലും നമ്മെ ഉപേക്ഷിച്ചാലും സ്നേഹത്തോടെ വാരിയണച്ചാലും ഉള്ള ഒന്ന് .നമ്മിലെ ജനിതക ഘടനയിൽ എഴുതിച്ചേർത്തതെന്തോ അത് .നമ്മെ പാകപ്പെടുത്തുമ്പോൾ നമ്മിലേയ്ക്ക് പതഞ്ഞൊഴുകുന്ന ആ ജനിതകം തന്നെയാകാം നമ്മെ നട്ടെല്ലുള്ളവരും അല്ലാത്തവരും ആക്കിത്തീർക്കുന്നത് .പുരുഷൻ നമ്മുടെ ജീവിതത്തിലെന്തെല്ലാമോ ആകണമെന്ന ഓരോ സ്ത്രീയുടെയും ആഗ്രഹം തികച്ചും വ്യത്യസ്തമാണ് .അതിനനുസരിച്ച് ലഭിക്കുകയെന്നത്  തികച്ചും ആകസ്മികവും .അപ്പോൾ പ്രതീക്ഷകളും ലഭ്യതയും വെവ്വേറെ ഘടകങ്ങൾ മാത്രമാവുകയും ലഭ്യതയ്ക്കനുസരിച്ച് ശരീരവും മനസ്സും പാകപ്പെടുകയോ പെടാതെ മാറി നില്ക്കയോ ചെയ്യും .അതും വ്യക്തികൾക്കനുസൃതമായി ആപേക്ഷികമാണ് .

എന്റെ മനസ്സിലെ പുരുഷൻ സ്ത്രീയെ സ്ത്രീയായി മാത്രം കാണുന്ന ഒരാളാണ് .അതായത് എന്റെ അറിവുകളെ അറിവില്ലായ്മയെ ധൈര്യത്തെ സ്നേഹത്തെ വിശ്വാസത്തെ സ്വാതന്ത്ര്യത്തെ അയാൾക്കുള്ളതുപോൽ അന്ഗീകരിക്കുന്നയാൾ.അതായത് ശീലങ്ങളും താത്പര്യങ്ങളും എല്ലാം ഒരിക്കലും ഒരേപോലെ ആയിരിക്കുകയില്ല ആരിലും .ആ തിരിച്ചറിവിനെ അംഗീകരിക്കുക പറയും പോലെ എളുപ്പമല്ല .തിരിച്ചറിയപ്പെടുമ്പോൾ നമുക്ക് താങ്ങാവുന്നതിനെക്കാൾ അപ്പുറമോ ഇപ്പുറമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ് .ആ ചോദ്യത്തിലാണ് ഒട്ടുമിക്ക ബന്ധങ്ങളും തളിർക്കുകയും പൊലിയുകയും ചെയ്യുന്നത് .സൗന്ദര്യം ,സ്വഭാവം ,അറിവ് ,സമ്പത്ത് എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ വ്യക്തിബന്ധങ്ങളെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യും .സ്നേഹത്തിലൂന്നിയ മനസ്സിന് ബാക്കി ഘടകങ്ങളെ എളുപ്പത്തിൽ ത്യജിക്കാൻ കഴിയും .തമ്മിലൊരാൾക്കു രോഗം വന്നാലും ,എങ്ങനെ രൂപം മാറിയാലുമെല്ലാം അവർക്ക് എന്നത്തെയും പോലെയോ അതിലുപരിയോ സ്നേഹിക്കാൻ കഴിയും .എന്നാൽ ബാഹ്യഘടകങ്ങളിൽ താത്പര്യമുള്ളവരിൽ ജീവിതം ഓരോ ഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കും .അവരിൽ വെറുപ്പും അനാരോഗ്യകരമായ സംഘർഷങ്ങളും ഉടനീളം നിലനില്ക്കും .ബന്ധം താനേ നിന്നുപോകും .വേർപിരിയും .
ഓരോ മനസ്സും നിഗൂഡമാണ് അതിൽ സ്ത്രീമനസ്സ് അതി നിഗൂഡമാണ് എന്നു പറയപ്പെടുന്നു .അവൾ ചിലപ്പോൾ തനിയെ ഇരിക്കാൻ ആഗ്രഹിക്കും .ചിലപ്പോൾ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന ഒരപ്പൂപ്പൻ താടിവരെ അവളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിക്കും .അരുമയായി സൂക്ഷിച്ചുവെയ്ക്കുന്നത് ചിലപ്പോൾ ഒരു പൊട്ടിപ്പോയ വാൽക്കണ്ണാടിയോ ഒരു കുപ്പിവളയോ ആയിരിക്കും .അതിനെ പുശ്ചിക്കുന്ന ഒരു പുരുഷനെ അവൾ സ്നേഹിക്കണമെന്നില്ല.മറിച്ച് ആ നിസാരതയിലെ ആഴമേറിയ സ്നേഹം തിരിച്ചറിയാൻ കഴിയുന്ന പുരുഷൻ ഭാഗ്യവാനായിരിക്കും .അയാളുടെ ഓരോ കാര്യങ്ങളും അവൾ സൂക്ഷ്മതയോടെ കണ്ടറിയും  അന്ഗീകരിക്കും . അവളിലെ ഏറ്റവും കാര്യക്ഷമമായ സൂക്ഷ്മതയെയാണ് പുരുഷൻ അന്ഗീകരിച്ചിരിക്കുന്നത്‌ .അതും നിനക്ക് ഭ്രാന്തുണ്ടോ എന്ന ആവശ്യമില്ലാത്ത ആരോപണങ്ങളില്ലാതെ അവൾ അന്ഗീകരിക്കപ്പെടുന്നത് സ്നേഹത്തിലൂടെയാണ് .അത്തരം സ്നേഹത്തിലൂടെ മാത്രം പരിരക്ഷിക്കാൻ ,പരിഗ്രഹിക്കാൻ കഴിയുന്നൊരു പളുങ്ക് പാത്രമാണ് ഒട്ടുമിക്ക സ്ത്രീ ഹൃദയങ്ങളും ..ഈ ഞാനും .

സ്ത്രീകൾ കരുത്തുറ്റവരാകുന്നത് അവരിലെ കരുത്തിനെ പുരുഷൻ അന്ഗീകരിക്കുംബോഴാണ് .നിനക്ക് അടുക്കളയിൽ എല്ലാ സൗകര്യങ്ങളും തരുന്നില്ലേ ,നിന്നെ പുറത്തു കൊണ്ടുപോകുന്നില്ലേ ,നിന്നെ ജോലിക്ക് വിടുന്നില്ലേ ,നിനക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്നില്ലേ എന്ന് പുരുഷൻ ചോദിക്കുന്നു .അപ്പോൾ ഈ സ്വാതന്ത്ര്യമെന്നത് ആരെങ്കിലും നമുക്ക് തരേണ്ടുന്ന ഒന്നാണോ എന്ന് സ്വാഭാവികമായും സ്ത്രീയ്ക്ക് തിരിച്ചു ചോദിക്കാം .സ്വാതന്ത്ര്യം പുരുഷന് ആരാണ് നല്കുന്നത് ? പുറത്തു പോകുവാൻ, രാത്രിയിൽ നടക്കുവാൻ ,കള്ളുകുടിക്കുവാൻ ,ഇഷ്ടമുള്ളത് ഇഷ്ടമുള്ളിടത്ത് നിന്നും സ്വീകരിക്കുവാൻ ,വേണ്ടത് കൊടുക്കുവാൻ ,കാണാൻ ,പോകാൻ ??ആരും കൊടുക്കേണ്ട ഒന്നല്ല അവർക്ക് സ്വാതന്ത്ര്യം ! ഒരു പരിധി വരെ സ്ത്രീയ്ക്ക് നമ്മുടെ ദേശം ,രാഷ്ട്രം ,കുടുംബം ,പുരുഷൻ എല്ലാം നല്കിയിരിക്കുന്നത് ചില അടിമ വ്യവസ്ഥകളാണ് .അവൾക്കു അനുവാദം വേണം എന്തിനും ഏതിനും ! ഇതൊന്നുമില്ലാതെ  നമ്മൾ രണ്ടുപേരും മനുഷ്യരാണ് ,നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ വ്യക്തിത്വം സ്വാതന്ത്ര്യം ജീവിതം എന്ന് കരുതുന്ന എത്ര പുരുഷന്മാരുണ്ടാകും !? എത്ര കുഞ്ഞുങ്ങളെ നാം വളർത്തി വലുതാക്കുന്നുണ്ട് ഇപ്രകാരം ? അവിടെയാണ് സ്ത്രീകളുടെ തലയിൽവര മാറിമറിയുന്നത് .അവിടെയാണ് സ്നേഹവും പരസ്പര വിശ്വാസവും ഏറ്റക്കുറച്ചിലുകളോടെ സമൂഹത്തിൽ ,കുടുംബത്തിൽ ,വ്യക്തിയിൽ സംജാതമാകുന്നതും .

സ്ത്രീ ലൈംഗികത ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നും എപ്പോഴും .എത്ര പുരുഷന്മാർ നേടിയിട്ടുണ്ടാകും ഒരു നല്ല കാമിനിയെ .തനിക്കു മനസ്സിലുള്ള കാമനയെ തുറന്നു പ്രകടിപ്പിക്കാൻ നല്ലൊരു ഇണയെ ?സ്ത്രീയെ എല്ലാ അർത്ഥത്തിലും അറിയാനാകുന്നത് അവരിലെ ചിലരിൽ  തുറക്കാൻ കൂട്ടാക്കാത്ത ചില പ്രത്യേക അറകളുടെ താക്കോൽ കൈപ്പറ്റുംമ്പോൾ മാത്രമായിരിക്കും ,അതിനു ചിലപ്പോൾ കാലങ്ങൾ കഴിയേണ്ടി വരും .അവളിലെ വിശ്വാസ്യത അവളെക്കൊണ്ട് തന്നെ അതെടുപ്പിച്ചു തരുവിക്കും .അവൾ മനസ്സിലെ കല്ലിപ്പുകൾ മാറ്റുമ്പോൾ മനസ്സ് തുറക്കുമ്പോൾ ശേഷം കിടപ്പറ അനുഭൂതികളുടെ രാജകൊട്ടാരമായിത്തീരും .സ്വന്തം പുരുഷന് സ്ത്രീയിലെയ്ക്കെത്തുവാനായില്ലെങ്കിൽ ആ അറ നീറുന്ന ഉമി ആയിരിക്കും എന്നും .പുകച്ചിലുകളും വെറുപ്പും വിദ്വേഷവും കൂടുകൂട്ടും .അതിൽ നിന്നും പകയും വ്യഭിചാരവും പിറവിയെടുക്കും .കൊലപാതകങ്ങളും ബലാത്സന്ഗങ്ങളും നടക്കും .മനുഷ്യനെന്നല്ല ജീവ വർഗ്ഗങ്ങളിലെല്ലാം ഏറ്റവും അടിസ്ഥാനമായസൂക്ഷ്മ സത്യം രതിയും പിറവിയുമാണ്.ആ രതിയിലെയ്ക്കെത്തുവാനാണ് വളരുന്നത്‌ .എതിർ ലിംഗങ്ങൾ ആകർഷിക്കപ്പെടുന്നത് .അതിനെ മനുഷ്യൻ തടസ്സപ്പെടുത്തുന്നത് നൂറു നൂറ് കാര്യങ്ങൾ കൊണ്ടാണ് .ജാതി മതം വർഗ്ഗം വർണ്ണം എന്നിങ്ങനെ നൂറുനൂറു കാര്യങ്ങൾ !വിവാഹം പോലും ജീവിക്കാനുള്ള കേവല ഉടമ്പടി മാത്രമായിരിക്കെ വിവാഹശേഷമുള്ള കാര്യങ്ങൾ വ്യക്തിയിൽ നിക്ഷിപ്തമാണ്‌ .അവിടെയാണ് പുരുഷനുംസ്ത്രീയും മനസ്സ് തുറക്കെണ്ടുന്നതിന്റെ ആവശ്യകത .തുറക്കാത്ത വാതിലുകൾ കുത്തിത്തുറക്കുമ്പോൾ പൊട്ടിപ്പൊളിയും .വീണ്ടും ചേർത്തടയ്ക്കുവാനാകാതെ അവ വേറിട്ട ജാലകങ്ങൾ ആകും .സ്ത്രീയെ സ്നേഹിക്കാൻ ലൈഗികതയുടെ ആവശ്യം പോലുമില്ല .അവൾക്ക് സ്നേഹത്തിന്റെ ആധിക്യം ലൈംഗികതയിൽ എത്തുന്ന ഒന്നല്ല .തനിച്ചായാൽ ജീവിതത്തിൽ ഒറ്റപ്പെട്ടാൽ അനാഥയായാൽ അവൾ ചിന്തിക്കുന്നത് തേടുന്നത് തീർച്ചയായും ലൈംഗികത ആയിരിക്കില്ല .സുരക്ഷിതമായ ഒരു കരവലയം ഉണ്ടെങ്കിൽ സ്വസ്ഥമായ ഒരുറക്കം കിട്ടുമെങ്കിൽ, എന്തിന് അവനവന്റെ ശരീരത്തെപ്പറ്റി വേവലാതിയില്ലാതെ ഒന്നിരിക്കാൻ പറ്റുമെങ്കിൽ അവൾക്ക് അപാരമായി സ്നേഹിക്കാൻ കഴിയും,എന്തിനെയും !

പുരുഷനും സ്ത്രീയും തമ്മിലുള്ളത് പാരസ്പര്യ വ്യവഹാരമെന്നിരിക്കെ സൗഹൃദമാണ് സ്നേഹത്തിന്റെ അടിത്തറ .അവൻ അവളെ എത്രകണ്ട് സ്നേഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ബാക്കിയെല്ലാം ജീവിതത്തിൽ നിലനില്ക്കുന്നത് .പുരുഷന് സ്ത്രീയോട്  (മറിച്ചും ) തോന്നുന്ന ഈ വികാരത്തിലാണ് അവന് അവരുടെ കുഞ്ഞുങ്ങളോടും  അവളുടെ/ അവന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള അടുപ്പമിരിക്കുന്നത് .ജീവസറ്റ സ്നേഹങ്ങളിൽ നിന്നുമുള്ള ബന്ധങ്ങൾ വെറും കാട്ടിക്കൂട്ടലുകൾ മാത്രം ആയിരിക്കും.സൗഹൃദാന്തരീക്ഷത്തിൽ  ഒരാൾക്ക്‌ അപരനുമേൽ കൈയ്യൂക്ക് കാണിക്കാനാകില്ല .അവിടെയാണ് നിസ്വാർത്ഥത ഉടലെടുക്കുകയും പാരസ്പര്യത്തിന് അർത്ഥമുണ്ടാവുക ചെയ്യുന്നതും .

സ്ത്രീയുടെ പുരുഷ സങ്കല്പം എന്നാൽ അവരവരുടെ  തന്നെ സങ്കൽപ്പമെന്നിരിക്കെ നമ്മുടെ തന്നെ ശരീരത്തിന്റെ പാതി ആവശ്യമാണ്‌ നാം സങ്കല്പ്പത്തിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും നേടുകയോ നേടാതിരിക്കയോ ചെയ്യുന്നത് .ഇവിടെ അർദ്ധനാരീശ്വരൻ എന്ന സങ്കല്പം അതിസൂക്ഷ്മമായി ഓരോ സ്ത്രീയിലും പുരുഷനിലും ഉറങ്ങിക്കിടക്കുകയാണ് .അതിനെ പൂർണ്ണമാക്കുക എന്നത് ക്ലേശകരമെങ്കിലും ഓരോ ജീവിയും അത് തേടിക്കൊണ്ടേയിരിക്കുന്നു .നമ്മുടെ ശരീരത്തിന്റെ അർദ്ധ  ആവശ്യങ്ങളായി സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും തേടുന്നു.മനുഷ്യൻ തന്നെ നിർമ്മിച്ചെടുക്കുന്ന  ഒരുപാട് നിയമങ്ങൾക്കിടയിൽ നാം നമ്മെ കണ്ടുമുട്ടാതെയോ തിരസ്കരിച്ചോ കണ്ടുമുട്ടി സ്നേഹിച്ചോ കഴിയുന്നു .നിയമാവലികൾക്കപ്പുറം നമ്മുടെ തന്നെ പാതി ശരീരം ഉണ്ടെന്ന തിരിച്ചറിവ് തന്നെയാണെന്റെ പുരുഷ സങ്കല്പം .അത് നേടി പൂർണ്ണഗമന ആവുക എന്ന സങ്കല്പം മാത്രമാണ് സ്വസ്തിയും .പ്രകൃതിയാണ് സ്ത്രീ അതുകൊണ്ടുതന്നെ അവളിലേയ്ക്കുള്ള പ്രാണവായുവും ,ജലവും ,ലവണങ്ങളും എല്ലാം പുരുഷൻ തന്നെയാണ് .അതുതന്നെയാണ് ജീവനും ജനനവും മരണവും ജീവിതവും !

(എന്റെ പുരുഷൻ എന്ന വിഷയത്തിൽ അകം മാസികയിൽ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ എഴുത്ത്‌ .)

Wednesday, September 7, 2016

മന്ത്രി സുധാകരൻ അവർകളോട് !

എന്തരോ മഹാനുഭാവുലു ..
അന്തരീ ..കീ വന്ദനമുലു..
(രാഗം ശ്രീ ..[22 ഖരഹരപ്രിയ ജന്യ]
ആദിതാളം )
അർത്ഥം :ഒരുപാട് മഹാത്മാക്കൾ ഉണ്ട് ..അവർക്കെല്ലാം എല്ലാ അർത്ഥത്തിലും എന്റെ വിനീതമായ പ്രണാമങ്ങൾ !

ഇനി മന്ത്രി സുധാകരൻ അവർകൾക്ക് ..താങ്കൾ ഇനിയും എഴുതണം .എഴുത്തിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന താങ്കൾക്കു മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മഹാന്മാരും മഹതികൾക്കും ഉള്ളത്ര ഗുണം കാണുകയില്ല .എങ്കിലും ദയവായി അവരോടു ക്ഷമിക്കണം .എഴുതുവാൻ ആഗ്രഹമുള്ളവർ അത് ചെയ്തുകൊണ്ടേ ഇരിക്കണം .ഒരുപക്ഷെ താങ്കൾക്ക് ഉറക്കത്തിൽപ്പോലും 'ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരം ' എന്നൊന്നും ചിന്തിക്കുവാനോ എഴുതുവാനോ കഴിഞ്ഞെന്നു വരില്ലെങ്കിലും താങ്കളോട് കാലം കോപ്രായം വിളമ്പുകയില്ല ..താങ്കൾക്കുള്ള ഇല താങ്കളുടെ മുൻപിലെ വീഴൂ ..ക്ഷമിക്കൂ ഓരോ വ്യക്തിക്കും  ആവിഷ്കാര സ്വാതന്ത്യമുണ്ട്.എഴുത്തിലായാലും ശാസ്ത്രത്തിലായാലും എവിടെയാണെങ്കിലും .(Gusteau tries to convince Remy that "anyone can cook." Ratatouille-one of the beautiful animation movie :) ) നമ്മൾ എല്ലാവരും നൊബേൽ ജേതാക്കളാണോ എഴുത്തുകാരെ !! ഹാ കഷ്ടം !

Monday, September 5, 2016

ഓരോ കാര്യങ്ങളിലുമായി നമ്മെ വെറുക്കാൻ പഠിപ്പിച്ച ഓരോരുത്തരും നമുക്ക് അധ്യാപകർ ആണ് ! ഓരോ വിഷയങ്ങൾ കൊണ്ട് ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ച ഓരോരുത്തരും നമുക്ക് ഗുരു ആണ് ..ഒരിക്കലും ടീച്ചർ ആകാൻ ആഗ്രഹിക്കാതിരുന്ന എന്നെ ഈ വേഷം കെട്ടിച്ച വിധാതാവും വല്ലതുമൊക്കെ നിരൂപിച്ചിട്ടുണ്ടാകും ..!

Wednesday, August 24, 2016

എന്റെ അച്ഛയുടെ അച്ഛൻ അസ്സൽ കഥകളി സംഗീത വിദുഷിയായിരുന്നു എന്ന് അച്ഛ ഇപ്പോഴും പറയാറുണ്ട് .അദ്ദേഹത്തിന്റെ പാണ്ഡിത്യം മൂലം സദസ്സുകളിൽ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന ഔന്നിത്യവും .പക്ഷെ കേശവൻ പാറയിൽ എന്ന ആ ഈഴവന് കഥകളി സംഗീത രംഗത്തോ അതിന്റെ മേഖലയിൽ എവിടെയെങ്കിലുമോ സ്ഥാനം ഉണ്ടായിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട് .കാരണം അന്ന് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്ക് കാതുകൊടുത്തവർ അദ്ദേഹത്തിൻറെ ജാതിയ്ക്കു സ്ഥാനം നൽകിയോ എന്നകാര്യത്തിൽ  ഒരിക്കൽ പോലും അച്ഛച്ഛനെ കാണാൻ ഭാഗ്യം കിട്ടാതിരുന്ന അവസാന കണ്ണിയായ എനിക്ക് ഒരു സംശയവും ഇല്ല !എന്റെ അച്ഛന് ആ പാരമ്പര്യം ഒന്നും ലഭിച്ചില്ല .ഒരു പദം മൂളാൻ പോലും അദ്ദേഹത്തിന് അറിയുകയും ഇല്ല .പക്ഷെ കാര്യങ്ങളെ വളരെ ഭംഗിയായി വിവരിച്ചു തരുവാനുള്ള ശേഷി ഉണ്ടായത്അത് കൊണ്ട് മാത്രമാണ് എന്ന് ഞാ നിരൂപിക്കുന്നു .അതിനാലാവാം ഞാനും ചേച്ചിയും എഴുത്തു തുടങ്ങിയതും അത് ഞങ്ങളുടെ ചോരയിൽ ലയിച്ചു ചേർന്നതും .കുട്ടിക്കാല സ്മൃതികൾ അദ്ദേഹം പറഞ്ഞുതന്നിരുന്നത് ഒരു കഥാപുസ്തകം ആക്കി എഴുതണം എന്നുള്ള മോഹം എന്നിൽ എന്നുമുണ്ടായിരുന്നു .പക്ഷെ ഇന്നുമതു നടന്നിട്ടില്ല .നടന്നു തീർത്തവഴികളിലെ കഥകൾ വിവരിച്ചാൽ ഒരുപക്ഷെ അതൊരു ചരിത്രമായേക്കും .ഞാൻ എഴുതി തുടങ്ങുന്നു .ഈ വിവരണങ്ങൾ കേട്ട് വളർന്ന എനിക്കും ചേച്ചിക്കും എഴുതുന്ന കാര്യത്തിൽ മടി തോന്നിയിട്ടേയില്ല .(അവളാണ് ആദ്യം എഴുതിയിരുന്നത് ഇപ്പോൾ എഴുതാതിരിക്കുന്നതും !)ഓർക്കണം എവിടെനിന്നോ വന്നതല്ല ജീനുകൾ വഴി പകർന്നു കിട്ടുന്നതാണ് ജന്മവാസനകൾ !അച്ഛന്റെ യൗവ്വനം വരെ കോട്ടയം പാലാ നിവാസിയായിരുന്നു അദ്ദേഹം .ഞങ്ങൾ വയനാട്ടിലാണ് ജനിക്കുന്നതും വളരുന്നതും .1998 ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തും വരെ എന്റെ ജീവിതം മഞ്ഞും മഴയും വെയിലും ഉറക്കമുണർത്തുന്ന കാപ്പിപ്പൂക്കളുടെ നനുനനുത്ത സുഗന്ധം ഒഴുകുന്ന കാട്ടാനകൾ ആറുപോലെ ഒഴുകുന്ന എന്റെ നാട്ടിൽ തന്നെയായിരുന്നു .

ഡിഗ്രിയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലേക്ക് ചേച്ചിയുടെ ഭീമൻ കത്തുകൾ വരും .നാലും അഞ്ചും വലിയ പേജുകളിൽ അവൾ വീടിനെയും നാടിനെയും അവളെയും വരികളിലൂടെ നിറയ്ക്കും .ഞാനും അതുപോലെ ഹോസ്റ്റലും കോളേജും കൂട്ടുകാരെയും ഓരോ സ്വഭാവവും നിറവും മണവും പോലും എഴുതി നിറയ്ക്കുമായിരുന്നു .ഓരോ വൈകുന്നേരങ്ങളിലും ഞാൻ കൂട്ടുകാരോട് അച്ഛയുടെ കുസൃതികൾ എന്ന പേരിൽ അച്ഛന്റെ ബാല്യകാല സ്മരണകളുടെ കെട്ടഴിക്കുമായിരുന്നു .ലോ കോളേജിലെ കൂട്ടുകാരായ സന്ധ്യ ജെയിസും ലിനിപ്രിയയും ജയയും അഭിജയും അഞ്ജുവും ചില നേരങ്ങളിൽ വേറെ കൂട്ടുകാരും ഞാൻ പറഞ്ഞില്ലെങ്കിലും എന്നെക്കൊണ്ട് പറയിപ്പിക്കാനായി ചായയും കുടിച്ചിട്ട് ഓടി വരുമായിരുന്നു .എത്രയെത്ര സായന്തനങ്ങൾ ..! ജാതിയോ മതമോ നോക്കാതെ ഞങ്ങൾ ഒന്നിച്ചു പ്രാർത്ഥനകൾ ചൊല്ലി .നാമം ജപിച്ചു  വരച്ചു ..ചിരിച്ചു  കരഞ്ഞു .പ്രണയം പങ്കുവച്ചു ..വീടകങ്ങളിലെ നൊമ്പരങ്ങളിൽ ഞങ്ങൾ എല്ലാം ഭാഗഭാക്കായി ..പിന്നീടാണ് വളർന്നു വളർന്നു ഞങ്ങൾ എല്ലാവരും തമ്മിൽ തിരിച്ചറിയാൻ ആകാത്തവിധം വലിയവർ ആയിത്തീർന്നത് !

ഞാൻ ഓർക്കുന്നു ഞാൻ ചേച്ചിയ്ക്കെഴുതുന്ന വരികളിലൂടെ മാത്രമായിരുന്നു അന്ന് കാര്യങ്ങൾ വീട്ടിലേയ്ക്കു പകർത്താൻ കഴിഞ്ഞിരുന്നത് .അല്ലെങ്കിൽ ഇന്നത്തെ നവ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന 2G യോ 4Gയോ സ്വപ്നം കാണാതിരുന്ന ആ കാലത്തു ഫോൺ തന്നെ വിളിക്കാൻ കിട്ടുന്നത് ഞായറാഴ്ചകളിൽ വാർഡന്റെ റൂമിനു പുറത്തു മണിക്കൂറുകൾ കാത്തിരുന്നിട്ടാണ് .മൊബൈൽ എത്തിയിട്ടില്ല അന്ന് ഉള്ളവർ അപൂർവമാണ് ."വയനാട്ടിൽ നിന്നും വള്ളിയിൽ തൂങ്ങിയാണോ വന്നത് ? " "ഊരിൽ നിന്നും കാട്ടുജാതി വേറെ ആരെങ്കിലും ഉണ്ടോ ?" തുടങ്ങിയ റാഗിംഗ് ആയിരുന്നു എനിക്ക് കിട്ടിയതിൽ ഏറിയ പങ്കും .ചിരിച്ചും പരിഭവിച്ചും തീർത്തതിന് കണക്കില്ല .മൈലുകൾ താണ്ടി എന്റെ കൂട്ടുകാരും ക്ലാസ്‌മേറ്റ്സ് എല്ലാവരും എത്തിയപ്പോൾ ഒരിക്കൽപോലും അവരെ ഒന്ന് കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്തവരെയും കൂടി എന്റെ ചേച്ചി പേര് പറഞ്ഞു വിളിക്കുകയും അവരുടെ വീട്ടിലെ വിശേഷങ്ങൾ തിരക്കുകയും ചെയ്തതിനെ വളരെ അതിശയത്തോടെയാണ് അവർ സ്വീകരിച്ചത് .എന്റെ കത്തുകൾ അവരെ ഓരോരുത്തരെയും പകർത്തി വയ്ക്കുന്നതായിരുന്നു .ആണും പെണ്ണും എന്നുള്ള വേര്തിരിവിൽ ആയിരുന്നില്ല അതൊന്നും .എല്ലാവരെയും ഒരുപോലെ .ഓരോ ബന്ധങ്ങളും ഉരുത്തിരിയുന്നത് നമ്മെ കണ്ടു പരിചയിച്ചുനമ്മോടു് സ്നേഹംവന്നു നമ്മളിലെ നമ്മെ തിരിച്ചറിഞ്ഞ ശേഷം എന്നതൊക്കെ എന്നെ സംബന്ധിച്ച് ഇപ്പോഴും അത്രകണ്ട് പ്രാവർത്തികമല്ല .കാരണം ഇപ്പോഴാണ് സ്വയം ജീവിക്കുക കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തകികമായി അതൊരു വലിയ കാര്യമല്ലാതായി വരുന്നത് .എന്നെ സംബന്ധിച്ച് എന്റെ പ്രിയപ്പെട്ടവർക്ക് ഞാനാണ് വാക്ക് കാഴ്ച നിറം മണം അതുപോലെ തിരിച്ചും .ആരെയും കാണാതെ കാണാൻ അതുമൂലം കഴിയും ..അതിനെ ആത്മബന്ധം ഞാൻ എന്ന് പറയും . ഇപ്പോഴും ഞാൻ അത്തരം ഒരു ബന്ധത്തിലാണുള്ളത് 450-600 രൂപ മൊബൈൽ ബില്ലിൽ  എന്റെ വളരെ ചെറിയ വൃത്തത്തിൽ സംസാരിക്കുമ്പോൾ -ചേച്ചി,അച്ഛന്മാർ അമ്മമാർ -ഞാൻ കാശ് കളയുന്നത് ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെയുള്ള വലിയവലിയ കാഴ്ചകൾക്കാണ് .വേറെ ചാറ്റിങ്ങുകൾ ഒന്നും തന്നെയില്ലാത്ത, വാട്സ് ആപ് എന്തെന്നുപോലും നോക്കാതെ ഇരിക്കുന്ന ഒരാളാണ് ഞാൻ .(തെറ്റിദ്ധരിക്കരുത് ടെക്നോളജി കലക്കിക്കുടിച്ചിടത്തു നിന്നുമാണ് ഞാൻ വരുന്നത് .അതിന്റെ ഉസ്ദാത് ആയി വർക്ക്‌ ചെയ്യുന്ന ഒരു ടീമിന്റെ സീനിയർ നിലയിൽ നിന്നും ആണ് ഇറങ്ങിപ്പോന്നതും. എനിക്ക് ടെക്നോളജി ജീവിതത്തിലേയ്ക്ക് വേണ്ട എന്ന് തോന്നി അത്രമാത്രം ) പൊതുകാര്യസ്ഥലികളിൽ (എഫ് ബി ) ഞാൻ ചാറ്റിങ് ചെയ്യാത്തത് മൂലം എനിക്ക് ഗാഢ സൗഹൃദങ്ങൾ കുറവാണ് .അതിൽ ഖേദിക്കുന്നുമില്ല .കാരണം ഒന്നുമാഗ്രഹിച്ചിട്ടല്ല എഴുതുന്നത് .അവാർഡിനായി ബുക്ക് അയക്കാറുണ്ട് പക്ഷെ കിട്ടുമോ ഇല്ലയോ എന്നതിനെപ്പറ്റി തല പുകയ്ക്കുക ചർച്ച ചെയ്യുക ഖേദിക്കുക ഒന്നും ഇല്ല .അതിൽ നിന്നും ചില ആളുകൾ എന്നെ വിളിക്കുമ്പോൾ എനിക്ക് അതീവ സന്തോഷം തോന്നും .സത്യസന്ധമായി അഭിന്ദിക്കുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ സന്തോഷിക്കാൻ കഴിയാറുമുണ്ട് .അത് മതി .എഴുതും  മരിക്കും വരെ .ഓർമ്മയുണ്ടെങ്കിൽ കൈകൾ ചലിക്കുമെങ്കിൽ വരക്കുകയും ചെയ്യും ..

സൂക്ഷമായി ലോകത്തെ നിറച്ച് എന്നെ നിറച്ച് ഓരോ വാക്കിലും സത്യം നിറച്ച് ജീവിക്കുന്ന ഒരു പഴഞ്ചൻ ആണ് ഞാൻ .ശാരീരികമായി സ്വതന്ത്ര്യആണ് ഞാൻ മാനസികമായി സ്വതന്ത്ര്യ അല്ല .മനസ്സ് നിറയെ ഭർത്താവുണ്ട് മകളുണ്ട് അച്ഛനും അമ്മയും ഇൻലാസ് ഉം ചേച്ചിയും കുട്ടികളും ഞാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളും എഴുത്തും വരയും മണ്ണും മനസ്സും കിളികളും എന്നെ സ്നേഹിക്കുന്ന ഓരോ മനുഷ്യരും ഉണ്ട് .മറവി ധാരാളമുണ്ട് അതുപോലെ ഓർമ്മയും .എനിക്ക് നേരെ വരുന്ന വിമർശനങ്ങളെ നോക്കി ചിലപ്പോൾ ഞാൻ അലറും .ഓടെടാ എന്ന് പറഞ്ഞെന്നും വരും ചിലപ്പോൾ -ശരിയാണ് സർ- എന്ന് തല കുനിക്കും, ഒന്നും മിണ്ടാതിരിക്കും ..ഞാൻ മനുഷ്യനാണ് .വികാരങ്ങളെ പുകമറയ്ക്കിട്ടു മാറിയിരുന്നു പരദൂഷണം പറയാൻ അറിയാത്തവൾ .അല്ലെങ്കിൽ വിമർശനങ്ങളെ തത്വ ചിന്തകന്റെ ആത്മസംയമനത്തോടെ കണ്ട് എന്റെ പോസ്റ്റുകളെ ബാക്കിയുള്ളവർ ഗൗരവമായി എടുക്കും വരെ കാത്തിരുന്ന ശേഷം എനിക്കുള്ള ഔന്നിത്യം ലോകത്തിനില്ല എന്നുറക്കെ പ്രഖ്യാപിക്കാൻ താത്പര്യമില്ലാത്തവൾ ..നിങ്ങൾ ക്ഷമിക്കുക എന്റെ അച്ഛ പറയും പോലെ മരിക്കുമ്പോൾ എന്നെ വലിച്ച് ഏതെങ്കിലും മരത്തിനു കീഴിൽ കുഴിച്ചിട്ടു വളമാക്കുക ..മണ്ണാക്കുക .അതുകഴിഞ്ഞു കർമ്മമെന്നും മന്ത്രമെന്നും പറഞ്ഞു ആരെയും വിളിച്ചുകൂട്ടി ഭ്രാന്തു പിടിപ്പിക്കാതിരിക്കുക .ജീവിക്കുന്ന നിമിഷം മനുഷ്യനായി ഇരിക്കുവാൻ അനുവദിക്കുക .സന്തോഷം സ്നേഹം !

Sunday, August 21, 2016

ഡോക്ടർമാർ ചികിത്സയിലേയ്ക്ക് കടക്കും മുൻപ് അവർക്കു പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കണം എന്ന് പുതിയ നിരീക്ഷണം പ്രാവർത്തികമാക്കണമെന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത് .കാരണം ഒരു ഡോക്ടർ ആകണം എന്നുള്ള അമിതമായ മോഹത്തോടെ ഇത് പഠിക്കുന്ന നാമമായ കുട്ടികളിൽ അവർക്കുള്ള അഭിവാഞ്ജ പഠനത്തിലും അതുപോലെ സമൂഹ സേവനത്തിലും വളരെ മുന്പിലായിരിക്കും .അതേസമയം ഉന്തിയുരുട്ടി ഡോക്ടർമാർ ആകാൻ വിടുന്ന എൺപതു ശതമാനത്തോളം കുട്ടികൾ ഒന്നുകിൽ ആർക്കോ വേണ്ടി പഠിക്കുകയും അല്ലെങ്കിൽ പണം കൊടുത്തു ജയിപ്പിക്കയും എന്ന് വേണ്ട ആർക്കും വേണ്ടാത്ത ആളെ കൊല്ലുന്ന രീതിയിൽ പണം പണം എന്ന ആർത്തിയിൽ മുഴുകുന്ന ഡോക്ടർമാർ ആയിത്തീരുകയും ചെയ്‌താൽ പിന്നെ ഇതിനൊക്കെ എന്തർത്ഥം .ഇവിടെ പരീക്ഷയും പരീക്ഷണങ്ങളും നടത്തിയ ശേഷമേ എടുക്കാവൂ .(അല്ല ഉടെ തമ്പുരാനെ ഇനി ആ പരീക്ഷയിലും വരുമല്ലോ കോഴ എന്നോർക്കുമ്പോഴാ !!)

Friday, August 19, 2016

അനുഗ്രഹീത ഗായകനും അധ്യാപകനുമായ നന്ദൻ മാഷിന്റെ "പാട്ടുമാഷ് " എന്ന കഥ അക്ഷരാർത്ഥത്തിൽ അനുഭവവേദ്യമാണ് കാരണം ..

"ശാന്തടീച്ചറെ ,ലില്ലി മിസ്സെ ,ഡോളി മിസ്സെ ..ഈ ആർട്ട് ടീച്ചർ എവിടെപ്പോയി ?? ആർട്ട് ടീച്ചറെ ..എവിടെപ്പോയീന്ന് ??? കാണുന്നില്ലല്ലോ ? " ...എന്ന് !!

 (അയ് ..ഈ കലാ അധ്യാപകരൊക്കെ അധ്യാപകർ എന്ന് വിളിക്കാൻ പാടുണ്ടോ ശുംഭാ ..അശ്രീകരം ..അവരൊക്കെ ചുമ്മാ അടുക്കളപ്പുറത്തെ നായോൾ അല്യാന്നുണ്ടോ ..?? പഠിക്കാൻ പാങ്ങില്ലാത്ത ശുംഭന്മാരെ ഉന്തിയുരുട്ടിയെടുക്കാൻ വച്ചിരിക്കണ ...ശാന്തം പാപം നോം ഒന്നുമങ്ട് പറഞ്ഞിട്ടില്യാ ..നീ ഒന്നും കേട്ടിട്ടുമില്യാ ..ന്തെ ..മനസ്സിലായില്ലാന്നുണ്ടോ ..ഉം ..?? )

അട! മാറെടാ മാർക്കടാ മാറിക്കിട ശട !
മാർഗ്ഗേ കിടക്കുന്ന പീറക്കുരങ്ങു നീ !!
( നോമിന്റെ അച്ഛന്റെ അച്ഛൻ അതായത് എന്റെ അച്ഛച്ചൻ ,ഒന്നാന്തരം കഥകളി സംഗീത വിധ്വാൻ ആയിരുന്നൂ എന്ന് താൻ അങ്ട് മറക്കണ്ടാ ..ദു പോലെ നോമിന്റെ ചെറിയച്ഛൻ ഒരു ഒന്നാന്തരം നക്സലേറ്റ് ആയിരുന്നു എന്നും ! എന്താ ഒരു കോമ്പിനേഷൻ ..! പ്പോ നമുക്കും അൽപ്പസ്വൽപ്പം അതൊക്കെ ആവാം അല്യാന്നുണ്ടോ ?? ശുംഭാ ..)

Thursday, August 18, 2016

സ്നേഹിക്കാനും പരിരക്ഷിക്കാനും അരുമയോടെ എന്റെ പെങ്ങൾ എന്ന് ചേർത്തുപിടിക്കാനും ഞങ്ങൾക്ക് (എനിക്കും ചേച്ചിക്കും ) സ്വന്തമായി ആങ്ങളമാർ ആരും ഉണ്ടായില്ല .മറിച്ചു ഞങ്ങൾക്ക് ഇടവും വളവും ചുറ്റിനും അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെ മക്കൾ ഉണ്ടായിരുന്നു .അതിൽ എല്ലാവരെയും എത്ര ആത്മാർത്ഥമായിട്ടാണ് ഞങ്ങൾ സ്നേഹിച്ചിരുന്നത് എന്ന് ഇന്നും ഞാൻ ഓർക്കുന്നു ..ഒരു ദിവസം കിട്ടിയാൽ ഓടുമായിരുന്നു 'അമ്മ വീട്ടിലേയ്ക്ക് ..പക്ഷെ പിന്നീടാണ് ഞങ്ങൾ ആ സത്യം തിരിച്ചറിയുന്നത് .ഞങ്ങൾ ചന്തത്തിൽ വന്നില്ലെങ്കിൽ ..സ്വർണ്ണാഭരണങ്ങൾ അണിഞ്ഞില്ലെങ്കിൽ കൂടെ കൊണ്ടുനടക്കാൻ ഉള്ള ആഡംബരമോ അലങ്കാരമോ,നിറമോ , പണമോ ഇല്ലെങ്കിൽ ഈ പറഞ്ഞ ആരും ആങ്ങളമാരായി ഉണ്ടാകില്ല എന്ന് (എന്റെ സഹോദരന്മാർ പൊറുക്കണം അനിതയ്ക്കു ഇനി നുണ പറയാൻ മനസ്സില്ല .ചെറു പ്രായത്തിൽ ചങ്കിൽ തൊട്ടു സത്യം പറയാൻ പലതരം അങ്കലാപ്പായിരുന്നു .ഇന്ന് അത് അശേഷം ഇല്ല .സത്യമേ പറയൂ ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ) എത്രയോ വട്ടം അന്യരെപ്പോലെ മാറി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട് പാവം ഞങ്ങൾ .അതിനപവാദം വല്യച്ഛയുടെ മകൻ എന്റെ അശോകൻ ചേട്ടായി മാത്രമാണ് .കുടിച്ചു മരിക്കുന്ന എന്റെ പൊന്നാങ്ങളയോട് ,എവിടെയെന്നോ എന്തായി എന്നോ അറിയാതെ ഞങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന ഏട്ടനോട് എന്തിനാ ഇതെല്ലാം എന്നുള്ള കണ്ണീരു മാത്രമേ ഞങ്ങൾ അനിയത്തിമാർക്കു ഇപ്പോഴും ചോദിക്കാനുള്ളൂ ..ഏറ്റവും സ്നേഹത്തോടെ എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് എന്റെ ആ ഏട്ടൻ മാത്രമേയുള്ളൂ ..ബാക്കി എല്ലാവരിലും ഒന്നല്ലെങ്കിൽ വേറെ ഒരു കള്ളത്തരമോ ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നു ..ബന്ധങ്ങൾ ഉണ്ടാകുന്നതും അത് നില നിൽക്കുന്നതും അത് പരിപാലിക്കപ്പെടുന്നതും അതിന്റെ സത്യസന്ധമായ ഊഷ്മളതയിൽ നിന്നുമാണ് അല്ലാതെ ബാഹ്യമായ യാതൊന്നിൽ നിന്നുമല്ല അതുകൊണ്ടുതന്നെ ഞാൻ ഇപ്പോൾ ഓരോ ബന്ധങ്ങളും കാണുന്നതും അതിലകപ്പെടുന്നതും നിലനിൽക്കുന്നതും അതിന്റെ കാതലായ ഈ നഗ്‌ന സത്യത്തിൽക്കൂടെ മാത്രമാണ് .എവിടെയും ഇനിയങ്ങോട്ടേയ്ക്കെന്നും

കൂട്ടുകാരെ സുഹൃത്തുക്കളെ നിങ്ങളിൽ നൂറായിരം പൊന്നാങ്ങളമാർ ഉണ്ടായിരിക്കും അവരോടെല്ലാം എന്റെ  ഒരെളിയ അപേക്ഷ നിങ്ങളുടെ സഹോദരിമാർ നിങ്ങളുടെ വിളക്കാണ് നിങ്ങൾ ആ വെട്ടത്തിൽ സൂര്യനെപ്പോലെ ശോഭിക്കും .കൂടെ നിൽക്കണം ,തിരുത്തേണ്ടപ്പോൾ തിരുത്തണം ,ചേർത്തു പിടിക്കുവാൻ അൽപ്പവും മടി കാണിക്കരുത് അവർ നിങ്ങൾ തന്നെയാണ് ..എന്നും എപ്പോഴും .രക്ഷാബന്ധൻ സ്നേഹാശംസകൾ ..

Monday, August 15, 2016

ഒരാഴ്ച്ചയായി മോളുടെ പനിക്കൂട്ടിലാണ് ഞാൻ .അവളെ പനിച്ചെരിയുമ്പോൾ ഞാനും കൂടെയെരിയും ..ഒരു വൈറൽ പനി കുഞ്ഞിനേയും എന്നെയും പാടെ ഞെരിച്ചുകളഞ്ഞു .ഒന്നും ചെയ്യാനില്ലാതെ പനിക്കിടക്കയിൽ അവളുടെ ശാഠ്യത്തെ അംഗീകരിച്ചുകൊണ്ട് ഞാനും കൊച്ചുകുട്ടിയാകും .കഥ പറയും പാട്ടുപാടും പനിച്ചൂടിൽ എരിഞ്ഞു കൂടെക്കിടക്കും .ജോലിയോ വീടോ വീട്ടുപണികളോ ഒന്നും ഞങ്ങളെ ബാധിച്ചില്ല .അവൾക്കു പഠിക്കാനുള്ള പാഠങ്ങളെ ഞാൻ കുട്ടയിൽ ചുമന്ന് കടത്തുവള്ളം കയറ്റി അക്കരെയ്ക്കു വിട്ടു ..പോ .എന്ന് ഓടിച്ചു വിട്ടു .അവളുറങ്ങുന്ന ഏകാന്തതയിൽ പനി ഉയരുമോ എന്ന് പേടിച്ചു ഞാൻ പുസ്തകങ്ങളുമായി  കൂട്ടുകൂടാമെന്നു വ്യാമോഹിച്ചു ..വെറുതെ !ഒന്നും വായിക്കാൻ ഇല്ലാത്തവളെപ്പോലെ ശുദ്ധ ശൂന്യയായി ഞാൻ രാത്രികൾ എങ്ങിനെയാണുണ്ടാവുക എന്ന് അതിശയിച്ചിരുന്നു ....എപ്പോഴോ തീചൂടിൽ അവളെന്നോട് മഞ്ഞുകൊണ്ടു വീടുണ്ടാക്കുന്ന സുന്ദരിപൂച്ചകളുടെ കഥ പറയാൻ പറഞ്ഞു ..ഞങ്ങൾ മഞ്ഞു പടികൾ കയറി മഞ്ഞു വാതിൽ തള്ളിത്തുറന്ന് മഞ്ഞു മഞ്ചാടികൾ നിറയെ വീണുകിടക്കുന്ന ആ ഉമ്മറവാതിലും കടന്ന് അകലെയകലെയ്ക്ക് കളിക്കാനായിപ്പോയി ..ഉണ്ടാക്കി പറയുന്ന ഓരോ സങ്കൽപ്പ ഗോവണികളിലൂടെയും കയറിപ്പോകുമ്പോൾ ഒരുവേള അതിറങ്ങി ഒരിക്കലും തിരിച്ചുവരാതെ അപ്രത്യക്ഷമാകാൻ ഞങ്ങൾ രണ്ടുപേരും കൊതിച്ചുപോയി ..ഇത്തരം സന്ദർഭങ്ങളിലാകാം അമ്മമാരുടെ നാവിൻ തുമ്പിൽ നിന്നും ഏറ്റവും സുന്ദരമായ കഥകളും പാട്ടുകളും പിറവിയെടുക്കുന്നതല്ലേ !അങ്ങനെ ആ പനിപ്പകലുകളിൽ ഒന്നിൽ ഞാൻ ഒരു കാഴ്ചകണ്ടു ..ഞെട്ടി വീണ്ടും നോക്കി .തൊടിയിലെ കപ്പള മരത്തിൽ ഒരാൾ ഇരുന്നു പഴുത്ത കപ്പളങ്ങ കാർന്നു വിഴുങ്ങുന്നു .ഒന്നൂടെ നോക്കി ..അയ്യോ ഇതാര് നമ്മുടെ സംസ്ഥാന പക്ഷിയോ !വേഴാമ്പലേ ! അരികു നിറയെ ചാരം പൂശിയ പോലെ കറുപ്പും വെള്ളയും  ഇടകലർന്ന നിറം നേരിയ കറുത്ത തൂവലുകൾ ഇടയ്ക്കു കാണാം .നേരിയ കറുപ്പ്  വീശിയ തൊപ്പി .ഇത്തരം ആളെ ആദ്യം കാണുകയാണ് .ആ വലിയ ചുണ്ടുകൾ കൊണ്ട് പഴം കോരി വിഴുങ്ങുകയാണ് കക്ഷി .ശ്യോ മോളുറങ്ങി പോയല്ലോ എന്ന വേവലാതി ..പൊടുന്നനെ ഫോട്ടോ എന്നാരോ മനസ്സിലിരുന്നു ക്ലിക്കി .ഓടി ക്യാമറയുമായി വന്നതേ എന്റെ നിഴലനക്കം അറിഞ്ഞ കക്ഷി ഒരൊറ്റ പറക്കൽ. ഞാൻ 'അയ്യൂ ..'എന്ന് ഇളിഭ്യയായി .മോൾ എഴുന്നേറ്റപ്പോൾ ഞാൻ  അവളോട് പറഞ്ഞു .'ഓ അമ്മെ ഡോറ യിലെ സെൻയൂർ ടുക്കൻ അല്ലെ 'എന്നവൾ ..ആ അതെയതെ എന്ന് ഞാൻ തലകുലുക്കി ..അപ്പോൾ കക്ഷി തിരികെ വന്നു. പക്ഷെ ദൂരെ മരക്കൊമ്പിൽ ഇരുന്നു പാളിനോക്കുകയാണ് ഞങ്ങളെ .ഞാൻ ചടപടാന്നു കുറച്ചു സ്നാപ്പ് എടുത്തു. പക്ഷെ ഈ സാധാരണ ക്യാമറയുടെ ലെൻസ് അദ്ദേഹത്തിൻറെ അടുക്കൽ വരെ എത്തിയപ്പോഴേക്കും കിതച്ചു തളർന്നു .വ്യക്തമായ കാഴ്ച്ച തരായീല്ല .അപ്പോഴും കപ്പളങ്ങ തിന്നാൻ കുയിലും മരംകൊത്തിയും മറ്റും തിക്കിത്തിരക്കുന്നുണ്ടായിരുന്നു.കണ്ടു മടുത്ത അവരോടു നമുക്കെന്താശ ..അവരവിടെക്കിടന്നു പാടിപ്പാടി പറക്കട്ടെ തിന്നട്ടെ ..എന്നാലുമെന്റെ ചാര വേഴാമ്പലേ !!

Saturday, August 6, 2016

'കല്ലുകൾ മഹാക്ഷേത്രങ്ങൾ'

ദക്ഷിണേന്ത്യയിലേ മഹാക്ഷേത്രങ്ങളിലെ വിസ്മയക്കാഴ്ചകളുടെ ആലേഖനമാണ് ശ്രീ പി സുരേന്ദ്രന്റെ 'കല്ലുകൾ മഹാക്ഷേത്രങ്ങൾ' എന്ന യാത്രാനുഭവങ്ങൾ  .ഇത് വെറുമൊരു യാത്രയുടെ കാഴ്ചക്കുറിപ്പല്ല .എഴുത്തുകാരൻ പറഞ്ഞിരിക്കും പോലെ ലോകപൈതൃകത്തിന് ഇന്ത്യ നൽകിയ മഹാസംഭാവന തന്നെയാണ് ഓരോ ക്ഷേത്രങ്ങളും അതിലെ ചരിത്രമുറങ്ങുന്ന ഈ സ്മാരക ശിലകളും .കാരണം ക്ഷേത്രകലകൾ അവയിലെ അന്തഃസാരം അങ്ങേയറ്റം വിളംബരം ചെയ്തുകൊണ്ടാണ് നിലനിന്നു പോരുന്നത് .തച്ചുടക്കപ്പെട്ട കലയുടെ സ്തൂപങ്ങളെ ഓർത്ത് വിലപിക്കാൻ പോലും ആരുമില്ലെന്നിരിക്കെ ശ്രീ പി സുരേന്ദ്രൻ കുറിച്ചുവയ്ക്കുന്ന ഈ പഠനക്കുറിപ്പുകളെ വെറും യാത്രാവിവരണം എന്ന പട്ടികയിലേയ്ക്കു മാറ്റിവയ്ക്കാൻ എന്തോ എനിക്ക് കഴിയുന്നില്ല .ഇന്നത്തെ സാങ്കേതികത്വം നിറഞ്ഞ കാലഘട്ടത്തിൽ നിന്നുകൊണ്ട് അതൊന്നുമില്ലാതിരുന്ന കാലത്തെ മനുഷ്യപ്രയത്നങ്ങളുടെ അളവുകളുടെ കണക്കുകളുടെ സ്തൂപ ഭംഗിയുടെ അഴകളവുകളുടെ സൂക്ഷ്മതകളുടെ ഈ വിസ്മയശിലകൾ നമുക്ക് പറഞ്ഞുതരുന്ന മഹാദർശനങ്ങൾ വാക്കുകൾക്കും അതീതമാണ് .അതിൽ മതത്തിന്റെയോ വർഗ്ഗവർണ്ണങ്ങളുടെയോ ചളി വാരിത്തേച്ചാൽ അന്തഃസാര ശൂന്യമായിപ്പോകും അതിന്റെ മൂല്യം .ഈ കാര്യങ്ങളെ ഒരു കലാനിരൂപകന്റെ വാക്ചാതുര്യത്തോടെ തന്നെ അദ്ദേഹം തുറന്നിടുമ്പോൾ കണ്ടിട്ടില്ലാത്ത കാഴ്ചകളുടെ മേലാപ്പ് നീക്കി അനന്തവിശാലമായ ഒരു ലോകത്തിലേയ്ക്ക് നമ്മെ വലിച്ചുകൊണ്ടു പോകും ഈ പുസ്തകം .ഇതിലെ ശ്രീ കണ്ണൻ സൂരജിന്റെ യാത്രാ ചിത്രങ്ങളുടെ ചാരുത, യാത്രകൾ ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്നവയാണ് .H&C ബുക്ക്സ് പ്രസിദ്ധീകരിച്ച കല്ലുകൾ കഥയെഴുതി വച്ചിരിക്കുന്ന ഹൊയ്സാല ,ഐഹോൾ ,പട്ടടക്കൽ ,ബദാമി ,ഹംപി ,ബലിപുര ,ശ്രാവണബെലഗോള ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്നൊരു മന്ദമാരുതനാണ്  ഈ പുസ്തകം .നമുക്ക് കലയുടെ ഈ സുഗന്ധഭൂമികയിലെ ശില്പചാരുതയുടെ ചരിത്ര വിശേഷങ്ങൾ ആ കാറ്റ് കാണിച്ചുതരും. നമ്മെ അവിടേയ്ക്കു മാടിവിളിച്ചു കൂട്ടിക്കൊണ്ടു പോകും .എല്ലാവരും വായിക്കുമല്ലോ ..എഴുത്തിലെ മാന്ത്രികനായ ശ്രീ സി രാധാകൃഷ്ണനാണ് ഈ പുസ്തകം പ്രകാശനം നിർവഹിച്ചു വായനക്കാരിലേക്കെത്തിച്ചത് .ഏറ്റുവാങ്ങിയത് ശ്രീ അഷ്ടമൂർത്തിയും .നിർമ്മലമായ ആ ചടങ്ങിന് സാക്ഷ്യം വഹിക്കാനായതിൽ അതീവ സന്തോഷത്തോടെയാണ് ഞാൻ ഇതെഴുതുന്നത് .


Tuesday, August 2, 2016

എന്റെ മനസ്സിൽ ഒരു കാളീ ചിത്രമുണ്ട് ..അതിൽ നിറയെ ഞാനുണ്ട് ..അത് വരച്ചു തീർന്നാൽ ഒരുപക്ഷെ പിന്നെ 'ഞാൻ' ഉണ്ടാകുമോ എന്നറിയില്ല .അത് രണ്ടു തരത്തിലാകാം -ഞാൻ എന്ന ഭാവം - പിന്നെ ഞാൻ എന്ന ആത്മഭാവവും !

Sunday, July 31, 2016

ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തിൽ എന്റെ കവിത വന്നതാണ് .ഇതിപ്പോൾ രണ്ടാമതാണ് .ഉന്നത നിലവാരം പുലർത്തുന്ന ആഴ്ച്ചപ്പതിപ്പിന്റെ ഓരോ ലക്കങ്ങളും  പുതുകവിതകളുടെ വേറിട്ട അനുഭവമാണ് കാഴ്ച വയ്ക്കുന്നത് അതോടൊപ്പം പുതിയ എഴുത്തുകാരുടെ ശ്രേണിയും നമുക്കായി അവർ ഒരുക്കിത്തരുന്നു . വായനയുടെ ഈ വേറിട്ട അനുഭവം ഇനിയും ഉയർന്നു നിറയട്ടെ എന്നാശംസിക്കുന്നു ..വളരുക കടലാവുക ഓരോ തിരമാലയ്ക്കുമപ്പുറം പുതിയ സൂര്യന്മാർ ഉദിച്ചുയരട്ടെ ..സ്നേഹാഭിവാദ്യങ്ങൾ പ്രിയ മിത്രങ്ങളെ ,മീരാ ..ജയാ !


Thursday, July 21, 2016

അമ്മപ്പൂവ്

ഒരു മരണത്തിനും പുതച്ചു കിടത്താനാവില്ല ,
കണ്ണീരുമ്മകൾ കൊണ്ടു തുന്നിയ
ഒരു പുതപ്പിനും മറയ്ക്കാനാകില്ല ,
നിന്നെ പെറ്റുരുവാക്കിയ ആ ശരീരം !
അതിങ്ങനെ കണ്ണിൽ കരളിൽ
ശരീരത്തിൽ ആത്മാവിൽ ..
എന്നിങ്ങനെ ഓരോ അണുവിലും
പൂണ്ടു കിടക്കും നീയോടുങ്ങും വരെ !


Saturday, July 16, 2016

കലാസമരം

കലാകാരന്മാർ ഇല്ലാത്ത ഒരു നാടിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ? സംഗീതമില്ലാത്ത സാഹിത്യമില്ലാത്ത വർണ്ണചിത്രങ്ങളോ നാം കുമ്പിടുന്ന ദൈവങ്ങൾ ഉൾപ്പെടുന്ന ബിംബങ്ങളോ പ്രിയതര പ്രതിമകളോ ഇല്ലാത്ത ഒരു നാട് !! ഹോ അങ്ങിനെ ഒന്നുണ്ടെങ്കിൽ ഈ കുറ്റം ചെയ്യുന്നവരെ ഒക്കെ അവിടെ പാർപ്പിച്ചാൽ മതിയാവും അവർക്ക് ജീവിതത്തോടുള്ള ആസക്തി തീരാൻ .! അപ്പോൾ ആലോചിച്ചു നോക്കൂ കല ജീവിതത്തോട് എത്രമാത്രമാണ് ഇഴുകിച്ചേർന്നിരിക്കുന്നതെന്ന് .കലാകാരന്മാർ ഒരുപക്ഷേ ദൈവങ്ങൾ തന്നെയാണ് കാരണം അവരില്ലെങ്കിൽ ചൈതന്യമില്ലാത്ത വെറും ജീവനുകൾ മാത്രമായിരിക്കും ഉണ്ടാവുക .എപ്പോഴൊക്കെയോ നാമറിയാതെയോ അറിഞ്ഞോ നമ്മൾ കലയിലൂടെ മാത്രമാണ് ജീവിക്കുന്നത് .ഒരു പ്രാർത്ഥനപോലെ വിശ്വാസം പോലെ പ്രണയം പോലെ പ്രാണൻ പോലെ കല നമ്മെ വലയം ചെയ്തിരിക്കുന്നു .ആ വലയത്തിന്റെ കാന്തിക തരംഗങ്ങളിൽ നമ്മൾ ചെറു മുള്ളാണികൾ പോലെ ചേർന്നിരിക്കയാണ് .ആരൊക്കെയോ പാടുന്നതിലൂടെ നമ്മൾ പാടുന്നു .ആരൊക്കെയോ വരയ്ക്കുന്നതിലൂടെ നമ്മൾ വരയ്ക്കുന്നു ആരൊക്കെയോ അഭിനയിക്കുന്നതിലൂടെ നമ്മളും അഭിനയിക്കുന്നു എന്നിങ്ങനെ നാം ചെയ്യുന്നില്ലെങ്കിലും നമ്മുടെ പ്രജ്ഞ അതെല്ലാമായിത്തീരുന്നു .അപ്പോൾ കല ജീവിതം തന്നെയാണ് എന്നതിന് വേറെ അർത്ഥതലങ്ങൾ അന്വേഷിക്കേണ്ടതില്ല .

കല പാഠ്യ വിഷയമാക്കുക ,സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക പുനഃ സ്ഥാപിച്ചു് യോഗ്യതയുള്ളവരെ നിയമിക്കുക എന്നീ ആവശ്യങ്ങളുമായി കലാ വിദ്യാർത്ഥി സമരം മുൻപോട്ടു പോകുമ്പോൾ മാറിമാറി വരുന്ന സർക്കാരുകൾക്ക് സ്വപ്നവേഗത്തിൽ സാധ്യമാക്കാവുന്ന ഏറ്റവും വേണ്ടുന്നതായ ഈ കാര്യം കലാകാരന്മാർക്ക് സ്വപ്നം മാത്രമായി ഒതുങ്ങിയിരിക്കുകയാണ് .ഈ നിയമനം സാധ്യമാക്കുകയാണെങ്കിൽ അതുമൂലം കലാകാരന്മാർക്ക് ഒരു ജോലിയും സാമ്പത്തികമായ നേട്ടവും എന്നതിലുപരി സാധാരണക്കാരായ കുട്ടികളുടെ കലാ അഭിരുചി കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുക വഴി അവർക്കു നേടുവാനാകുന്നത് ശോഭനമായ അവരുടെ വ്യക്തിത്വ വികാസമാണ്.ഒരു വ്യക്തി പൂർണ്ണനാകുന്നത് അവന്റെ /അവളുടെ സ്വാഭാവികമായ അറിവിന്റെ  കഴിവിന്റെ മൂല്യത്തിനനുസരിച്ചാണ് .ആ അറിവുകൾ ഉയർത്തിയെടുക്കുവാനുള്ള ശേഷി ഒരുപക്ഷേ അവരിൽ ഇല്ല എങ്കിൽ അതിന് ഗുരു കൂടിയേ തീരൂ .ഈ ഗുരുക്കന്മാരില്ലാത്ത സാഹചര്യത്തിൽ സാമ്പത്തികമായി താഴെക്കിടയിലുള്ള കുഞ്ഞുങ്ങളിലെ സഹജ വാസനകൾ നിലച്ചു പോവുകയും അവർ കേവലം സാധാരണക്കാർ മാത്രമായി തീരുകയും ചെയ്യും .കലാവിദ്യാഭ്യാസം ശാസ്ത്രീയമായി പഠിക്കാൻ ഉള്ള അവസരം അവർക്കു നൽകേണ്ടത് തികച്ചും ന്യായമായൊരു അവകാശം തന്നെയാണ് .അതിനായി ശാസ്ത്രീയമായി പഠിച്ച അധ്യാപകർ ധാരാളമുള്ളപ്പോൾ തന്നെ അവർക്ക് അതിനുള്ള അവസരം നിഷേധിക്കുകയും മറ്റുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ ചുമലിൽ വച്ചുകെട്ടുക വഴി കലാകാരന്മാരുടെ മൂല്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത് .സാമ്പത്തികമായി മേലെക്കിടയിലുള്ളവരുടെ  അല്ലെങ്കിൽ പഠിപ്പിക്കുവാൻ സാധിക്കുന്നവരുടെ കുഞ്ഞുങ്ങൾ കഴിവില്ലെങ്കിൽ പോലും കലയെ തൊട്ടുരുമ്മി ജീവിക്കും കാരണം ഇന്നത്തെ ഒട്ടുമിക്ക സ്വകാര്യ വിദ്യാലയങ്ങളിലും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കലാകാരന്മാരെ പൊതുവെ ഏറ്റവും താഴെക്കിടയിൽ പ്രതിഷ്ഠിക്കുകയാണ് പതിവ് .അതേസമയം സിനിമ പോലെ താരമൂല്യം ഉള്ള മേഖലകളിൽ അത് സ്വാഭ്വികമായും സൗന്ദര്യം അഭിനയിക്കാനുള്ള കഴിവ് എന്നിവയെ ആശ്രയിച്ച് മേലെക്കിടയായി മാറുകയും ചെയ്യും . ഈ മൂല്യമില്ലാതുള്ള സമീപനം മൂലമാണ് കല ഇത്രമേൽ അധഃപതിച്ച ഒരു വിഷയമായി സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തോന്നാൻ കാരണം .കല എന്നാൽ ജനനവും മരണവും ഈ ലോകം തന്നെയെന്നിരിക്കവേയാണ് കലാകാരന്മാർ ആർക്കും വേണ്ടാത്ത അല്പന്മാരായി മുദ്രകുത്തപ്പെടുന്നത് .അവർ ഒരാവശ്യത്തിനായി ആരെയെങ്കിലും സമീപിച്ചാൽ 'ഓ കലാകാരനാണോ ?ഇതുകൊണ്ടൊക്കെ ജീവിക്കാൻ പറ്റുമോടെ !' എന്നും 'ഈ കലാപ്രവർത്തനം നിർത്തീട്ടു വന്നാ എന്റെ മോളെ കെട്ടിച്ചു തരാം ,അല്ലാതെ ഈ വഴി കണ്ടുപോകരുത് ' എന്നും മറ്റുമുള്ള അധിക്ഷേപങ്ങൾ കൂട്ടിയും കുറച്ചുമല്ലാതെ കേൾക്കാതെ കടന്നുപോകുന്ന കലാകാരന്മാർ അപൂർവ്വമാണ് .എന്തിന് സ്‌കൂളുകളിൽ പോലും മറ്റ് വിഷയങ്ങൾക്ക് നൽകുന്ന നിലവാരം തന്നു ബഹുമാനിക്കാനോ സ്നേഹിക്കാനോ വളരെ അപൂർവ്വമായേ തയാറാകുന്നുള്ളൂ .കാരണം കല മറ്റുള്ള ജോലി നൽകുന്ന ആഡംബരം അലങ്കാരം മാന്യത ഒന്നും സമൂഹത്തിൽ നേടിത്തരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് (വളരെ അപൂർവ്വം പേർ തങ്ങളുടെ സ്വ പരിശ്രമം കൊണ്ട് ഇതിനെ മറികടന്നു നടക്കുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ തന്നെ ) അതിനു കാരണം  കലാകാരന്മാരുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ഒന്നുമാത്രവും ! സമൂഹത്തിൽ ഏതൊരു വ്യക്തിയെയും ഒന്നല്ലെങ്കിൽ മറ്റൊരു കല സ്വാധീനിക്കുന്നുണ്ടാവും .അപ്പോൾ ഈ കലയെ സംരക്ഷിക്കേണ്ടുന്ന ചുമതലയിൽ നിന്നും ആർക്കും മാറിനിൽക്കാനോ പുശ്ചിച്ചു തള്ളാനോ അവകാശമില്ല. അതിനായി ഒരു സംരക്ഷിത കൂട്ടായ്മ ഉരുത്തിരിഞ്ഞു വരേണ്ടത് സർക്കാർതലത്തിൽ അത്യന്താപേക്ഷിതമാണ് .സമൂഹത്തിൽ അഭിമാനത്തോടെ നിലനിൽക്കാനുള്ള അവസരം കലാകാരന്മാർക്ക് നല്കിക്കഴിഞ്ഞാൽ കലയുടെ മൊത്തത്തിലുള്ള അധഃപതനം അവസാനിക്കുകയും സ്വയമേതന്നെ സമൂഹത്തിന്റെ മുഴുവൻ മനോഭാവം മാറുകയും ചെയ്യും .

പാഠ്യ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കലാപഠനം ശരിയായ അർത്ഥത്തിൽ നടപ്പിലാക്കണമെങ്കിൽ ശാസ്ത്രീയമായ പഠനം സ്ഥിരസ്വഭാവത്തോടു കൂടി സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ നടപ്പിലാക്കണം. അതിനായുള്ള പ്രക്ഷോഭത്തിൽ ഓരോ കലാകാരന്മാരും കലാകാരികളും ഉറച്ചു നിൽക്കണം പ്രായഭേദമന്യേ,കാരണം നാം നമ്മെ മാത്രമല്ല കാണേണ്ടത് നമ്മുടെ വരാനിരിക്കുന്ന തലമുറയുടെ ശോഭനമായ ഭാവി കൂടിയാണ് .

Wednesday, July 13, 2016

ക്രൂശിത!

എഴുത്തുകാരാ ..
താങ്കൾ ഇങ്ങനെയാണോ എന്നെ
നിരാശയുടെ മുള്ളാണികളാൽ ക്രൂശിതയാക്കി
ചോരവാർത്തി ..കൊന്നുകളയുമോ ?

ഇനിയും എഴുത്തുകാരാ
ക്രൂശിതമാകുന്നത് എന്റെ വിവർണ്ണവും
വിരസവും അരസികവുമായ ചിന്തകൾകൊണ്ട്
ഞാൻ സ്വയമാകുമോ ?

ചിരിക്കാതെ പോകുന്ന ഓരോ നിമിഷങ്ങൾക്കും
നമ്മളിൽ ആരാണ് പാപിയെന്ന്
ഈ കഥയിലെ കഥാപാത്രമായ ഞാൻ
ആശങ്കപ്പെടുന്നു !അടിവരയിട്ട്
വീണ്ടും വീണ്ടും കലുഷിതമാകുന്നു !

എഴുത്തുകാരാ ..
താങ്കൾ ഇങ്ങനെയാണോ എന്നെ
നിരാശയുടെ മുള്ളാണികളാൽ ക്രൂശിതയാക്കി
ചോരവാർത്തി ..കൊന്നുകളയുമോ ?

Tuesday, July 12, 2016

സാരംഗിനോട്‌

എന്തുകൊണ്ടാണ് സാരംഗ് രാജ്യത്തിന്നോളമുണ്ടായിട്ടുള്ള ബദൽ വിദ്യാഭ്യാസ ചിന്തകളിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായി ജനങ്ങളിലെ ഭൂരിപക്ഷം ഏറ്റെടുക്കാത്തതെന്ന എന്റെ ചിന്തയും സാരംഗ് തൊട്ടറിഞ്ഞിട്ടില്ല എങ്കിലും സാരംഗിന്റെ ആശയങ്ങളും പ്രവൃത്തികളും വിദ്യാഭ്യാസ വീക്ഷണങ്ങളും നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിലും സർവ്വോപരി ഒരു കർഷക പുത്രിയും   അത്യാവശ്യം കൃഷിപ്പണികൾ ഒക്കെ വശമുള്ള കാർഷിക മേഖലയിൽ ശ്രദ്ധയുള്ള ഒരുവളെന്ന നിലയിലും സാരംഗിനേപ്പറ്റി വായിച്ചപ്പോൾ എന്റേതായ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തണം എന്നെനിക്കു തോന്നുന്നുഅതുകൊണ്ടാണ് ഇതെഴുതുന്നത് .
                ഓരോ വ്യക്തിയെയും തനിക്കു താങ്ങ് ആകുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസ രീതിയും വ്യക്തിത്വ വികസനവും ആണല്ലോ സാരംഗ് മുന്നോട്ടു വച്ചുകൊണ്ടിരിക്കുന്നത് .അതവർ പറയുക എന്നുള്ള നാമമാത്ര പ്രക്രിയയിൽ നിന്നും മാറി പ്രവർത്തിക്കുക എന്നുള്ള വ്യക്ത മാർഗത്തിൽക്കൂടി കാണിച്ചു തരികയും ചെയ്യുന്നു .ഇത് ഇന്നത്തെക്കാലത്ത് തീരെ കാണാൻ കിട്ടാത്ത കാര്യമാണ് അതുകൊണ്ട് തന്നെ അവർ കാലത്തിൽ അടയാളപ്പെട്ടിരിക്കുന്നു .എന്നിട്ടും അതിന് പിന്മുറക്കാരെ കണ്ടെത്താൻ അതായത് ഇതൊരു വിദ്യാഭ്യാസമായി അവർ മുന്നോട്ടു വയ്ക്കുമ്പോൾ അതിനെ ഉയർത്തിക്കൊണ്ടുപോകുവാനുള്ള വിദ്യാർഥി സമൂഹം ഉയർന്നു വരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. അതെന്തുകൊണ്ടാണ് എന്ന് ഒരു പഠനം നടത്തേണ്ടത് അനിവാര്യവുമാണ്‌ .സാരംഗിലെ പഠനരീതിയെ ഗൗതമിന്റെ വാക്കുകളിൽക്കൂടി പറയുകയാണെങ്കിൽ "ഒന്നാമതായി ഇഷ്ടം കൊണ്ടാണ് ഞങ്ങൾ കാര്യങ്ങൾ പഠിച്ചത് .രണ്ടാമതായി നമുക്ക് നമുക്ക് ആവശ്യമുള്ളതുകൊണ്ടാണ് പലകാര്യങ്ങളും പഠിച്ചത് " അതെ ഇവിടെ ചില ഉത്തരങ്ങൾ ഇരിക്കുന്നുണ്ട്‌ .അതായത് ജനങ്ങൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിതം വാർത്തുകൊണ്ടുവരുന്നത് .ചിലർക്ക് ഇഷ്ടങ്ങൾ ഉണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമാവുകയില്ല .ഇന്നത്തെ ഭൗതിക സാഹചര്യമനുസരിച്ച് ഒരുവന് പ്രകൃതിയോടു സമന്വയിച്ച്  കുടിലുകെട്ടി കൃഷി വിളയിച്ച്‌ ജീവിക്കേണ്ടുന്നതായ സാഹചര്യമല്ല നിലവിൽ ഉള്ളത് .അവനവന് അന്നന്ന് കിട്ടുന്ന അരിമണി കൊണ്ട് അന്നമുണ്ടാക്കുക എന്നത് ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ഒരു ചെറിയ വിഭാഗം ആളുകളുടെ മാത്രം കാര്യമാണ് .അതും നിലനിൽക്കുന്നത് സാമ്പത്തികമായ തട്ടുകളുടെ വിവേചനത്തിൽ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവരിൽ മാത്രവും !പോരാത്തതിന് അത്തരക്കാരെ സംബന്ധിച്ച് കയറിക്കിടക്കുവാൻ ചോർന്നൊലിക്കാത്ത ഒരു കൂര കിട്ടുക എന്നതേ സൌഭാഗ്യമാണ് പിന്നീടാണ് അവൻ അന്നം നിർമ്മിച്ചെടുക്കുക എന്നതിലെയ്ക്ക് കടക്കുന്നത്‌ .സ്ഥലമില്ലാത്തവന് ഒരിക്കലും സ്വപ്നം കാണാൻ പറ്റുന്നതല്ല കൃഷിയും കാര്യങ്ങളും .സ്ഥലമുള്ളവനൊ ? അവർ അത് പരിപാലിക്കുക അതിലെ വിളവുകൊണ്ടു ജീവിക്കുക എന്നതിലും ഉപരിയായി എന്തെങ്കിലും തൊഴിൽപരമായി ഗുണമുള്ളത് പഠിക്കുക അതിനെത്തുടർന്ന് ജോലി സമ്പാദിക്കുക ജീവിതം സുരക്ഷിതമാക്കി മുന്നോട്ടുപോവുക എന്നുള്ള മുദ്രാവാക്യവുമായി ജീവിച്ചു തീർക്കുക മാത്രമാണ് നടക്കുന്നത് .ഇതിന്നിടയിൽ തുലോം എണ്ണത്തിൽ കുറവുള്ള പ്രകൃതി സ്നേഹികൾ മാത്രമായിരിക്കും ഇത്തരം ഒരു സംരംഭത്തെ സ്നേഹപൂർവ്വം എതിരേൽക്കുന്നത് .അവരിൽത്തന്നെ മെയ്യനങ്ങി ജോലിചെയ്ത് തങ്ങൾ തന്നെ മാതൃകയായി തീരുന്നവർ വീണ്ടും കുറയും .അതിനു കാരണം പറയുന്നതുപോലെ എളുപ്പമല്ല പ്രവർത്തിക്കുക എന്നത് തന്നെ .ഇവിടെയാണ്‌ സാരംഗ് തന്റെ അടയാളം മണ്ണിൽ ഉയർത്തിക്കാണിക്കുന്നതും !
                 പണ്ട് എന്റെയൊക്കെ കുട്ടിക്കാലത്ത് അഥവാ ഒരു മുപ്പതു വർഷം പിന്നോട്ട് പോയിരുന്ന സമയത്ത് വീട്ടിൽ നെൽകൃഷിയും കളപ്പുരയും പശുക്കളും നാനാതരം കൃഷികളും പട്ടി കോഴി ആട് മുയല് താറാവ് ഇത്യാദി വളർത്തുമൃഗങ്ങളും എല്ലാം ഉണ്ടായിരുന്നു .കുഞ്ഞുകുട്ടി പരാധീനങ്ങൾ ഉൾപ്പടെ എല്ലാവരും ഇടവിളകളായ വാഴ ഇഞ്ചി ചേന കപ്പ ചേമ്പ് കാച്ചില് പയറുകൾ ചോളം മഞ്ഞള് തുടങ്ങിയ ഇടവിളകളും നെല്ല് കുരുമുളക് കാപ്പി തെങ്ങ് മുതലായ വിളകളിലും എല്ലാത്തരം പണികളുടെയും ഭാഗമാകാറുണ്ടായിരുന്നു .സ്ഥലം വയനാട് ആയതിനാൽ  കല്ലും കുന്നും കൊല്ലികളും ചാലുകളും ഉറവകളും എല്ലാം തോട്ടത്തിന്റെ ഭാഗമായിരുന്നു .തരിശല്ല ഭൂമി എന്നത് വലിയൊരു കാര്യം തന്നെയാണ്. പക്ഷെ മണ്ണ് മുകൾഭാഗത്ത്‌ നിന്നും കുത്തിയൊലിച്ചു താഴേയ്ക്ക് പോരുന്നത് തടയാൻ കൊള്ളുകൾ ഉണ്ടാക്കുമായിരുന്നു .പറമ്പിലെ തന്നെ വെട്ടുകല്ലുകളും ഉരുളൻ കല്ലുകളും വെണ്ണക്കലുകളും പെറുക്കി അടുക്കി തടയണ പോലെ ചരിവുകളെ തിരിച്ചു മണ്ണ് തട്ടുതട്ടാക്കി വിഭജിച്ചായിരുന്നു കൃഷി ചെയ്തിരുന്നത് .അവിടുത്തെക്കളകൾ തന്നെ വെട്ടിമൂടി വളമാക്കിയും കത്തിച്ചു ചാരം വിതറി അമ്ലാംശം പാകത്തിനാക്കിയും മറ്റുമായിരുന്നു കൃഷി .അന്നൊന്നും രാസവളങ്ങളെ ഇല്ലായിരുന്നു എന്നാണെന്റെ ഓർമ്മ .മണക്കുന്ന എല്ലുപൊടികൾ തെങ്ങിൻ ചുവട്ടിൽ ഇട്ടിരുന്നതാണ് ആകെ ഉള്ള വള ഓർമ്മ .പിന്നീടുള്ളതെല്ലാം ചാണകവും ആട്ടിൻ കാഷ്ഠവും മറ്റുമായിരുന്നു .എന്റെ അമ്മാമൻമാരുടെ കൃഷിഭൂമിയിൽ ചെങ്കുത്തായ കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നു .അപ്പോൾ ഒരുഭാഗം വലിയ കൊല്ലിയായി രൂപം കൊണ്ടിരുന്നു .ഈ കൊല്ലിയിലെയ്ക്ക് പതിക്കുന്ന നീരുറവകൾ ഉണ്ടായിരുന്നു ഈ നീരുറവകളെ സംഭരിക്കാൻ വലിയ ഇല്ലി പൊട്ടിച്ച് പാത്തികൾ വച്ചിരുന്നു .കാലക്രമേണ ഇത് വലിയ നീർച്ചാലുകൾ ആവുകയും അത് സംഭരിക്കുന്ന ചെറിയ കുളങ്ങളും അവിടെ ഉണ്ടായിരുന്നു .അവിടെ തുള്ളിക്കളിക്കയും കുളിക്കുകയും തോട്ടത്തിലെയ്ക്കുള്ള വെള്ളം കോരുകയും ചെയ്ത ഓർമ്മ ഇപ്പൊഴുമെന്നെ നനന്യ്ക്കുന്നുണ്ട് .അതുപോലെ തന്നെ എന്റെ ഓർമ്മയിൽ തോട്ടത്തിലേയ്ക്ക് വെള്ളം സംഭരിക്കാനായി തെങ്ങിൻപട്ടകളും വാഴത്തടകളും നാടങ്കല്ലുകളും ചേർത്ത് തടയണ കെട്ടി തടഞ്ഞു നിർത്തിയ ജലം പിന്നീട് ഉറവകൂടി കുളമായി എത്രയോകാലം വാഴത്തോട്ടവും മറ്റും നനച്ചിരുന്നത് ഇന്നലെപ്പോലെ ഓർമ്മയുണ്ട് .ഇതെല്ലാം അന്ന് ഏതു നാട്ടിൻപുറങ്ങളുടെയും നന്മ തന്നെയായിരുന്നു .ഈ ഓർമ്മകളെയും എന്റെ ആശയങ്ങളെയും കൂട്ടിവച്ച് ഞാൻ എഴുതിയൊരു ലേഖനത്തിന് പ്ലസ്‌ ടു വിനു പഠിക്കുമ്പോൾ കേരള ഹയർ സെക്കണ്ടറി ബോർഡും ലാൻഡ്‌ യുസെസ്‌ ഡെവലപ്പ്മെന്റ് ബോർഡും സംയുക്തമായി വിദ്യാർഥികൾക്കായി നടത്തിയ 'മണ്ണ് സംരക്ഷണം കൃഷി വികസനം നിങ്ങളുടെ കാഴ്ചപ്പാടിൽ ' എന്ന വിഷയത്തിനു മെഡലോടെ ഒന്നാം സ്ഥാനം നേടിയത്‌ ഇന്നുമെനിക്ക് അഭിമാനമാണ് .ആ അഭിമാനത്തിന് ഹേതു വേറൊന്നുമല്ല എന്റെ അനുഭവങ്ങൾ  മാത്രമാണ് .ഈ ഓർമ്മകൾ വെറുതെ പറഞ്ഞതല്ല ഇപ്പറഞ്ഞ കാര്യങ്ങളെപ്പോലെ  എല്ലാം നിലനിർത്തിക്കൊണ്ട് ഇന്നത്തെ കാലത്തും മുന്നോട്ടു പോകുന്നു എന്നത് തന്നെയാണ് സാരംഗിന്റെ മേന്മ .എനിക്കിനി അത് മുഴുവൻ എന്റെ മക്കൾക്ക്‌ കാണിച്ചു കൊടുക്കുവാൻ സാധിക്കയില്ല .ഒട്ടേറെ കാര്യങ്ങൾ കൈമോശം വന്നുപോയിരിക്കുന്നു ചിലതെല്ലാം ഒഴിച്ച് .അതെല്ലാം അറിഞ്ഞതിലൂടെ എനിക്ക് ലഭിച്ച ഗുണം എന്റെ ആത്മവിശ്വാസം തന്നെയാണ് .ഒരുറച്ച മനസ്സും എന്നിരിക്കിലും  എനിക്ക് ലഭിച്ച വിദ്യാഭ്യാസത്തെ എനിക്ക് മാറ്റി നിർത്താൻ ആകില്ല .വീട്ടിൽ നിന്നും ലഭിക്കുന്ന അറിവുകൾ അല്ലെങ്കിൽ പ്രകൃതിയിൽ നിന്നുമുള്ള അറിവുകൾ മാത്രം മതിയോ ഒരുവന് മുന്നേറാൻ ?

               നമ്മുടെ ചുറ്റുവട്ടത്ത് നിന്നും മാത്രമുള്ള അറിവുകൾ ഒരുപക്ഷെ നമ്മെ പട്ടിണി കൂടാതെ ജീവിക്കുവാൻ പര്യാപ്തമാക്കുമായിരിക്കാം .നമ്മളെ കൂടുതൽ ആർജ്ജവം ഉള്ളവരും ആക്കിത്തീർക്കും പക്ഷെ നമ്മിലെ ചില കേന്ദ്രീകൃത താത്പര്യങ്ങളുടെ വികാസത്തെ ത്വരിതപ്പെടുത്താനോ പരിപോഷിപ്പിക്കുവാനോ അതിലൂടെ മുന്നേറുവാനോ സാധ്യമാവുകയില്ല .അതിന് തീർച്ചയായും ഉന്നത വിദ്യാഭ്യാസം നേടിയേ മതിയാവുകയുള്ളൂ .ഉദാഹരണത്തിന് ഞാൻ കളിച്ചു വളരുന്ന ചുറ്റുപാടുകളിൽ നിന്നും മാറി അനേകർ കളിക്കുന്ന ചുറ്റുപാടുകളിലൂടെ വളരുമ്പോൾ നമുക്ക് അവരോടുള്ള സമ്പർക്കം സ്നേഹം പരിഗണന കൊടുക്കൽവാങ്ങലുകൾ എല്ലാം സാധ്യമാകുന്നുണ്ട് .അതിലൂടെത്തന്നെ വ്യക്തി എന്ന നിലയിലുള്ള വികാസം സാധ്യമാകുന്നു .മറിച്ചുള്ള കുട്ടികളിൽ എതിർക്കാനുള്ള വാസന കൂടുതൽ കാണാം .'ഞാൻ ഇത് ചെയ്താലെന്താ ,എനിക്ക് കഴിയാത്തതായൊന്നുമില്ല ,ഞാൻ നിങ്ങളെക്കാളുമുപരിയാണ് എന്നും മറ്റുമുള്ള അമിത ആത്മവിശ്വാസം അതുമൂലമുള്ള തീർച്ചപ്പെടുത്തലുകൾ എല്ലാം അവർ ഉറക്കെ അപരനോട്  അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറുള്ളത് ഇങ്ങനെയുള്ള പലരിൽ നിന്നായി എനിക്കനുഭവമാണ് .ഇതിനു കാരണം അവർപോലും അറിയാതെ അവരിൽ ഉരുത്തിരിയുന്ന ചില വിശ്വാസങ്ങൾ ആണ് .അതായത് ഞാൻ വ്യത്യസ്ഥനാണ് എന്ന ബോധം അവരിൽ ചെറുപ്പം മുതലേ ഉറഞ്ഞുകൂടുന്നു .ഞാൻ സ്വയം നേടുകയാണ്‌ എല്ലാം എന്ന അറിവ് അവരെക്കൊണ്ടു ചിന്തിപ്പിക്കുന്നതാണ് ഇത് .അതേസമയം ഞാൻ വളരുന്നത്‌ ഏതൊരു കുട്ടിയേയും പോലെ മാത്രമാണെന്നും സാഹചര്യങ്ങളിലെ വേർതിരിവ് ജ്ഞാന സമ്പാദനത്തിനു മാറ്റം വരുത്തുകയില്ല എന്നുമുള്ള അറിവുകൂടി അവരിലേയ്ക്ക് പകർത്തെണ്ടുന്നത് അത്യാവശ്യം തന്നെയാണ് .പൊതു വിദ്യാഭ്യാസ രീതിയിൽ അപകടകരമായ പല കാര്യങ്ങളുമുണ്ടെന്ന് ഒരധ്യാപിക കൂടിയായ എനിക്ക് സമ്മതിക്കാതെ തരമില്ലെങ്കിൽ കൂടി ഒരു പരിധിവരെ അത് അത്യാവശ്യം തന്നെയെന്നു ഞാൻ ഇതുമൂലം പറയും .പൊതു വിദ്യാഭ്യാസ മേഖലയിൽ സാധാരണ ഗവണ്മെന്റ് സ്കൂളുകളിൽ പഠിച്ചു വളരുന്ന ശരാശരി വിദ്യാർഥികളിൽ കാണുന്ന അറിവോ മൂല്യങ്ങളോടുള്ള പരിഗണനയോ ഇന്നത്തെ സ്വകാര്യ സ്കൂളുകളിലെ അമിത ഫീസ്‌ കൊടുത്ത് പഠിക്കുന്ന കുട്ടിക്ക് ഉണ്ടാകണമെന്നില്ല എന്നിട്ടും  സാധാരണക്കാരനിൽ പോലും തന്റെ കുട്ടിയെ അവിടെ പഠിപ്പിക്കണം എന്ന് തോന്നുവാനുള്ള പ്രധാനകാരണം ഇംഗ്ലീഷ് ഭാഷ തന്നെ എന്ന് വേണമെങ്കിൽ പറയാം .കാരണം ഔദ്യോഗിക ഭാഷയായ ഈ ഭാഷ കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന അനേക കടമ്പകൾ ഒരു ജോലിനേടുക അല്ലെങ്കിൽ പൊതുവായ ദൈനംദിന കാര്യങ്ങൾ ചെയ്തെടുക്കുക തുടങ്ങിയ ജീവിത പ്രക്രിയകളുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണിന്ന് .അരവയർ മുറുക്കിയുടുത്തും കുട്ടികൾ പഠിച്ചു കാണണം എന്ന ആഗ്രഹത്താൽ അവരെ ഉന്തിത്തള്ളി ഇത്തരം സ്കൂളുകളിലെയ്ക്ക് അയക്കുന്ന സാധാരണക്കാരാണ്  വലിയ വിഭാഗം ജനതതി .പൊതുമേഖലയിൽ സാധാരണക്കാരനുവേണ്ടി ഏറ്റവും നല്ല വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ നടത്തുവാൻ വേണമെങ്കിൽ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ അടിസ്ഥാനമാക്കി സർക്കാരിന് സാധ്യമാക്കാവുന്നതാണ്.അതിനുമാത്രമുണ്ട് അദ്ധ്യാപകർ അതും കഴിവുറ്റവർ പഠിച്ചിറങ്ങുന്നത് . ഗവണ്മെന്റ് സ്കൂളുകളുടെ അധോഗതിക്ക് കാരണം അവിടുത്തെ അധ്യാപകരുടെ അനാസ്ഥ ആണെന്നും വേണമെങ്കിൽ പറയാം കാരണം നന്നായി നടത്തിക്കൊണ്ടു പോകുന്ന ചെറിയൊരു ശതമാനം സ്കൂളുകളെ നമുക്ക് ഇടയ്ക്കിടെ കണ്ടെത്താൻ സാധിക്കും . ഇതൊക്കെ മാറ്റിവച്ചാൽത്തന്നെ ഏതു വിദ്യാഭ്യാസ സമ്പ്രദായത്തിലാണെങ്കിലും  നമ്മുടെ സാഹചര്യങ്ങളും താത്പര്യങ്ങളും തന്നെയാണു വ്യക്തിയെ വാർത്തെടുക്കുന്നത് സാരംഗിൽക്കൂടി വളർന്നു വരുന്ന ഒരു വ്യക്തി ഉന്നതമായ കാഴ്ച്ചപ്പാടുകൾ ഉള്ള ഒരു വ്യക്തിയായിത്തീരും എന്നൊന്നും നമുക്ക് പറയാനാകില്ല അതേപോലെ തന്നെ തിരിച്ചും സാധ്യമല്ല തന്നെ .വ്യക്തിത്വവികാസം തികച്ചും വ്യക്തിയിൽ അധിഷ്ഠിതമാണ് മാനസികമായും ശാരീരികമായും കരുത്തുറ്റവരെ ഒരുപക്ഷെ വാർത്തെടുക്കുവാൻ ആകുമായിരിക്കാം .അങ്ങനെവരുമ്പോൾ ഇങ്ങനെയുള്ള ബദൽ വിദ്യാഭ്യാസ രീതി എന്നതുകൊണ്ട്‌ നമുക്കെന്താണ് മുന്നോട്ടു വയ്ക്കാനുള്ളത് എന്ന് ചിന്തിക്കേണ്ടിവരും .
                   ഇവിടെ നമുക്ക് ചെയ്യാവുന്നതും സ്വീകരിക്കാവുന്നതുമായ കാര്യങ്ങൾ ഉണ്ട് മക്കൾ സാമ്പ്രദായികമായി മണ്ണിനെ അറിഞ്ഞ്‌ പാചകവും കൃഷിയുമറിഞ്ഞ്‌ സ്വയം ഉരുത്തിരിയാൻ താത്പര്യമുള്ളവരായി വളർന്നു വരണമെന്നുള്ള രക്ഷിതാക്കൾ അതിനുള്ള സാഹചര്യം വീടുകളിൽ സാധ്യമാക്കണം .സാരംഗ് ഇപ്പോൾ കാഴ്ച്ചവയ്ക്കുന്നത് ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല മറിച്ച് ജീവിത വീക്ഷണമാണ് .വിദ്യാഭ്യാസത്തിൽ വേണ്ടുന്ന പല ശ്രേണികളും ഒരുക്കാൻ സാരംഗിനു കഴിയണമെങ്കിൽ പ്രകൃതിയോടിണങ്ങുന്ന പല ശാസ്ത്ര സാങ്കേതിക വിദ്യകളും അഭ്യസിപ്പിക്കുവാൻ ഉതകുന്ന അധ്യാപകരുടെയും കൂടി ആലയം ആകണം അത് .അതിനുള്ള സാമ്പത്തിക സഹായം നമ്മുടെ രാഷ്ട്രം നൽകുകയാണെങ്കിൽ പ്രകൃതിയിലൂടെ തന്നെ അതിന്റെ നന്മയിലൂടെതന്നെ വളർന്ന് അവനവനു നേടേണ്ട അറിവുകൾ തിരഞ്ഞെടുത്തു പഠിച്ചുയർന്നു മറ്റൊരു വിപ്ലവം തന്നെ കാണിച്ചു കൊടുക്കുവാൻ അവിടെത്തുന്ന ഓരോ കുട്ടിക്കും കഴിയും .കാരണം വൈറ്റ് കോളർ ജോലിക്ക് വേണ്ടി മാത്രമല്ല ജനങ്ങൾ വിദ്യാലയങ്ങളെ ആശ്രയിക്കുന്നത് .ഓരോ കുഞ്ഞും ഓരോ വ്യക്തി എന്ന നിലയിൽ അവർക്കുള്ളിലെ അനന്തമായ ആഗ്രഹങ്ങളുടെ സാധ്യതകളുടെ വാതായനങ്ങൾ തുറക്കപ്പെടുന്നതും അതിലൂടെ തന്റെ തന്നെ ബോധം എന്ന സ്വത്വം തിരിച്ചറിവ് നേടുന്നതും വിദ്യാഭ്യാസത്തിൽ കൂടി മാത്രമാണ്.പലയറിവുകൾ പലരിൽ നിക്ഷിപ്തമായ്തിനാൽ ഇത്തരം സാഹചര്യങ്ങൾ എത്തുമ്പോൾ പൊതു വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുക എന്നത് ഒരു സാധാരണ കാര്യം മാത്രമാണ് .ഇതിനെ മറികടക്കണമെങ്കിൽ ഇതിലും മേന്മയേറിയ ഒരു വിദ്യാഭ്യാസ സമ്പ്രദായം അതിലൂടെയുള്ള മാനസികവും സാമ്പത്തികവുമായുള്ള ഉയർച്ച (അവനവനു നിത്യവൃത്തിയ്ക്കും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുവാനും )എന്നിവ നേടിക്കൊടുക്കുന്ന തരത്തിലുള്ള സാഹചര്യത്തിൽ മാത്രമേ ഒരു രക്ഷിതാവ് എത്ര തന്നെ പ്രകൃതി സ്നേഹി എന്ന നിലയിലും ഇത്തരം ഒരു ബദൽ സമ്പ്രദായത്തിലെയ്ക്ക് തന്റെ കുഞ്ഞിനെ പറഞ്ഞയക്കൂ .ഇത്രയേറെ പതിറ്റാണ്ടുകളായി സാരംഗ് ചർച്ച ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ഉണ്ടായെങ്കിലും എന്തുകൊണ്ടാണ് ഈ പ്രകീർത്തിക്കുന്നവരിൽ ആരും തന്നെ തങ്ങളുടെ തലമുറകളെ ഈ ബദൽ സംവിധാനത്തിലേയ്ക്ക് കൈപിടിച്ച് നടത്തുന്നില്ല എന്നതിന് ഇതൊരു ഉത്തരം തന്നെയായിരിക്കും .മനുഷ്യരിലെ നന്മ മാത്രമാണ് പ്രകൃതിയെ വളർത്തുന്നതും തളർത്തുന്നതും .ടെക്നോളജിയും ശാസ്ത്രവും വിദ്യാഭ്യാസവും എല്ലാം മനുഷ്യ നിർമ്മിതമാണ് .മനുഷ്യനോ പ്രകൃതി നിർമ്മിതവും അതുകൊണ്ടുതന്നെ പ്രകൃതിയെ നാം നിർമ്മിക്കേണ്ടതില്ല നശിപ്പിക്കാതിരുന്നാൽ മാത്രം മതി !അതുതന്നെയാണ് സാരംഗ് മുൻപോട്ടു വയ്ക്കുന്ന ബദൽ വിദ്യാഭ്യാസമെന്നു ഞാൻ വിശ്വസിക്കുന്നു.പ്രതീക്ഷിക്കുന്നു .

Friday, July 8, 2016

തിങ്കളാഴ്ച്ച മോൾ ആദ്യമായി പാടുകയാണ് .വേറൊന്നുമല്ല light music .ക്ലാസ്സ് മത്സരം മാത്രമാണ് .ഈ മത്സരം ഒന്നും വേണ്ട എന്നു ഞാൻ അവളോട്‌ പറഞ്ഞുകൊടുത്തു .അറിയും പോലെ പാടിയാൽ മതിയെന്നും .ലളിതഗാനം ആലോചിച്ചപ്പോൾ മുഴുവനും ദേവന്മാരെയും ദേവിമാരെയും പ്രണയത്തെയും പ്രകീർത്തിക്കുന്നവ മാത്രമാണ് !അപ്പോൾ ഈ ഒന്നാം ക്ലാസുകാരിയുടെ മനസ്സിൽ എന്തു മനസ്സിലാകും എന്നോർത്തു എനിക്ക് ഈർഷ്യ വന്നു .എന്നാൽപ്പിന്നെ ഒന്നെഴുതിയാലോ എന്നോർത്തു .എഴുതി ഒരു കൊച്ചു കവിത .പിന്നെ ഒരീണം അങ്ങിട്ടു ! (ഞാനാരാ മോൾ സംഗീത സംവിധായിക!! ഹ..ചിരിക്കേണ്ട )പഠിപ്പിച്ചു.. അവൾ പഠിക്കുകയും ചെയ്തു ..നിങ്ങൾക്കും ഈണം നൽകാം അയച്ചും തരാം ..ഇതാ

പൂവേ നീയെന്നെ  തൊട്ടാൽ
          ഞാനൊരു പൂമ്പാറ്റയായേനെ
ഞാനൊരു പൂമ്പാറ്റയായേനെ

കാറ്റേ നീയെന്നെ തൊട്ടാൽ
       ഞാനൊരു രാരീരമായേനെ
ഞാനൊരു രാരീരമായേനെ

വെയിലേ നീയെന്നെ തൊട്ടാൽ
       ഞാനൊരു വൈഡൂര്യമായേനെ
ഞാനൊരു വൈഡൂര്യമായേനെ

മഴയേ  നീയെന്നെ തൊട്ടാൽ
       ഞാനൊരു കുളിരോളമായേനെ
ഞാനൊരു കുളിരോളമായേനെ
പൂവേ നീയെന്നെ  തൊട്ടാൽ
          ഞാനൊരു പൂമ്പാറ്റയായേനെ
ഞാനൊരു പൂമ്പാറ്റയായേനെ (2 )

Wednesday, June 29, 2016

ഒരു പൊതു സമൂഹത്തിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ അല്ലെങ്കിൽ വീട്ടിൽ അല്ലെങ്കിൽ നിരത്തിൽ അറുപതിനായിരമോ ആറോ പേരോ ഉള്ളിടത്ത് അതിലൊരാൾ മിണ്ടാതിരിക്കുന്നത് അയാൾക്ക്‌ മിണ്ടാൻ തോന്നാഞ്ഞിട്ടു തന്നെയാണ് . അതിനു പലവിധ കാരണങ്ങൾ കാണും .ഒരാളുടെ മൗനത്തെ കുറേപ്പേർ  ഒന്നിച്ചാക്രമിക്കുന്നതു എനിക്കു നേരിട്ട് അനുഭവമാണ് .അതു മോറൽ പൊലീസിങ് പോലെ നാണംകെട്ട ഏർപ്പാടാണ് .എന്തുകൊണ്ടാണ് ആ വ്യക്തി സംസാരിക്കാതിരിക്കുന്നത് എന്നത് അയാളിൽ മാത്രം ആപേക്ഷികമാണ് .അവരെ വെറുതെ വിടുക .അവർ ഒരുപക്ഷേ നിങ്ങളുടെ ജഡില ഭാഷണങ്ങളുടെ ലോകത്തായിരിക്കുകയില്ല !

Saturday, June 25, 2016

എനിക്ക് ജീവിതത്തിൽക്കയറി മേഞ്ഞ സകല നുണച്ചികളോടും നുണയന്മാരോടും ഈ രാവിലെ കടുത്ത പുച്ഛം തോന്നുന്നു .നുണ കലാപരമായി ലളിതമായി ആരെയും നോവിക്കാതെ സ്നേഹത്തിനു മാറ്റുകൂട്ടിയ സകല നുണയരും ഈ പുച്ഛത്തിനു ഫാർ ഫാർ അകലെ ഒരു ഓറ (സ്വയം പ്രകാശിത വലയം )യ്ക്കുള്ളിൽ നിന്നോട്ടെ അവർ പുണ്യവാളന്മാരും വാളത്തികളുമായി അവിടെ നിക്കട്ടെ .അല്ലാത്ത ഈ 'ഇതിൽ' ബന്ധുക്കൾ , സൗഹൃദം, പ്രണയം, ജോലി എന്നീ മേഖലയിലെല്ലാം ഇത്തരം കീടങ്ങൾ ഉണ്ടായിരുന്നു .നട്ടെല്ലില്ലാത്ത ഞാഞ്ഞൂലുകൾ ..എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോഴും ഇതാ എന്റെ ജീവിതത്തിന്റെ ജാലകവിരി ആരും കാണാതെ പൊക്കി ഒരു കള്ളനെ/ള്ളിയെ പ്പോലെ കുറ്റവാളിയെപ്പോലെ അധമ/മനെപ്പോലെ ഒളിച്ചുനോക്കികാണുന്നുവെന്ന് .നേരെ വന്നു കാണണമെങ്കിൽ ചങ്കൂറ്റം വേണം അല്ലെങ്കിൽ പെണ്കൂറ്റം വേണം അല്ലപിന്നെ !

Thursday, June 23, 2016

ചൂണ്ടക്കളി !

ഹാ തണുപ്പ് പതിയെക്കടന്നുവരുന്ന ബാൽക്കണിയിൽ ഇരുന്ന്
ചിന്തകളെ ചിന്തേരിടുന്നവൾ ..
പടർന്നു പന്തലിച്ച പ്ലാവ് ശിഖരങ്ങൾക്കിടയിലൂടെ ചാറ്റൽമഴ
പെയ്തിറങ്ങുന്നു ..
അമ്മേ സ്വപ്നത്തിലേ  രണ്ടുപൂച്ചകൾ ചേർന്നെന്നെ കടിച്ചുവലിക്കുന്നു പിന്നൊരെണ്ണം
നമ്മുടെ ഭക്ഷണം മുഴുവൻ തിന്നു വലത്‌ വലുത് വലുതാകുന്നു
ഉണ്ണിച്ചിലമ്പലുകൾ കാൽക്കീഴിൽ താളംതുള്ളുന്നു
ആ പേടിപ്പെടലുകളെ ഞാൻ നെഞ്ചോടു ചേർത്തുമ്മ
വയ്ക്കുന്നു
ബാൽക്കണിയിലെ കമ്പിയിൽ വന്നിരുന്ന് ഉണ്ണിയെ ഏറെ ഇഷ്ടമുള്ള
ശങ്കരിക്കാക്ക കാ കാ എന്നു കാറിവിളിക്കുന്നു
പാതി ചെരിച്ചുവച്ച കുടയുമായി പാൽക്കാരന്റെ സൈക്കിൾ
ഓടിയോടി വഴികടന്നെത്തുന്നു
ഒരുമുഖഭാവവുമേശാതെ അയാൾ കുപ്പിപ്പാൽ തിണ്ണയിൽ
വച്ചു തിരിച്ചുപോകുന്നു
അടുക്കളയിൽ കുമാരിച്ചേച്ചി തക്കാളിയിട്ട ഉണക്കമീൻകറിയോടു
പടകൂടുന്നു
മതിലിനുമപ്പുറം സമതാനഗറിലൂടെ ഒരുകുട്ടി മൂക്കുപിഴിഞ്ഞു
ചന്തിയിൽ തൂത്തുകൊണ്ടു മഴനനഞ്ഞോടിപ്പോകുന്നു
ജനിക്കാതെപോകുന്ന കുഞ്ഞുങ്ങൾ ചിന്തിക്കുമോ എന്ന്
ഞാൻ മന്ദബുദ്ധിയാകുന്നു
പറയൂ അതാരാണ് നിന്റെ കവിതകളെ കറക്കിയെടുത്തവൾ
അക്ഷരങ്ങളെ വഞ്ചിക്കുന്നവൾ എന്നു കൂട്ടുകാരൻ
തഞ്ചത്തിൽ ചോദിക്കുന്നു
സ്വകാര്യങ്ങൾ ശബ്ദമായി പരിണമിക്കുകയും
അതിനുരൂപംവച്ചു രൂപംവച്ചു് വഞ്ചകീ അതു നീ /അവൾ
ആയിമാറുന്നു !
ഓ ഒഴിവുദിവസത്തെ കളിയിൽ നിങ്ങടെ കൂട്ടുകാരിയല്ലേടോ
കണ്ടില്ലേ എന്നവൾ  സിനിമയെയും എന്നെയും കളിയാക്കുന്നു
കൂട്ടുകാരിയോ കണ്ടു എന്നൊരൊഴിവ്  പറഞ്ഞുകൊണ്ടു ഞാനും
തൂക്കിക്കൊന്നുകളഞ്ഞ കൂട്ടുകാരനെപ്പറ്റി ഓർത്തുപോകുന്നു
പീഢനത്തിലൂടെ കൊന്നുകളഞ്ഞവളുടെ കുടുംബത്തിന്
മുപ്പത്തിയെട്ടു ലക്ഷം രൂപ വന്നണഞ്ഞിരിക്കുന്നു
അതിശയത്തോടെ അയൽക്കാരി പുരപ്പുറത്തേയ്‌ക്ക്‌ നോക്കി
പിറുപിറുക്കുന്നു പിറകിൽ ടീവിയും
ഒന്നുമറിയാത്തൊരു പെൺകുഞ്ഞു 'രമപാവം പാവ തരാം '
എന്നുറക്കെ സന്ധ്യനാമം ചൊല്ലുന്നു
വഴിയിലൂടെ കാലുകൾ അന്തരീക്ഷത്തിൽ പറത്തിവച്ച്
നൂറ്റമ്പതു സിസി ബൈക്കിൽ ഒരു ബ്രോതെർ പറന്നുപോകുന്നു
ഒരു മടിപിടിച്ച മുഖഭാവവും പേറി ഞാൻ
എന്തുചയ്യണമെന്നറിയാതെ ചുമ്മാ ചിന്തകളെ കൊരുത്തെറിഞ്ഞു
അടുത്ത  മുട്ടൻചിന്തകളെ പിടിക്കാൻ ചൂണ്ടയിട്ട്
കളിക്കുന്നു !


ചൂണ്ടക്കളി !

ഹാ തണുപ്പ് പതിയെക്കടന്നുവരുന്ന ബാൽക്കണിയിൽ ഇരുന്ന്
ചിന്തകളെ ചിന്തേരിടുന്നവൾ ..
പടർന്നു പന്തലിച്ച പ്ലാവ് ശിഖരങ്ങൾക്കിടയിലൂടെ ചാറ്റൽമഴ
പെയ്തിറങ്ങുന്നു ..
അമ്മേ സ്വപ്നത്തിലേ  രണ്ടുപൂച്ചകൾ ചേർന്നെന്നെ കടിച്ചുവലിക്കുന്നു പിന്നൊരെണ്ണം
നമ്മുടെ ഭക്ഷണം മുഴുവൻ തിന്നു വലത്‌ വലുത് വലുതാകുന്നു
ഉണ്ണിച്ചിലമ്പലുകൾ കാൽക്കീഴിൽ താളംതുള്ളുന്നു
ആ പേടിപ്പെടലുകളെ ഞാൻ നെഞ്ചോടു ചേർത്തുമ്മ
വയ്ക്കുന്നു
ബാൽക്കണിയിലെ കമ്പിയിൽ വന്നിരുന്ന് ഉണ്ണിയെ ഏറെ ഇഷ്ടമുള്ള
ശങ്കരിക്കാക്ക കാ കാ എന്നു കാറിവിളിക്കുന്നു
പാതി ചെരിച്ചുവച്ച കുടയുമായി പാൽക്കാരന്റെ സൈക്കിൾ
ഓടിയോടി വഴികടന്നെത്തുന്നു
ഒരുമുഖഭാവവുമേശാതെ അയാൾ കുപ്പിപ്പാൽ തിണ്ണയിൽ
വച്ചു തിരിച്ചുപോകുന്നു
അടുക്കളയിൽ കുമാരിച്ചേച്ചി തക്കാളിയിട്ട ഉണക്കമീൻകറിയോടു
പടകൂടുന്നു
മതിലിനുമപ്പുറം സമതാനഗറിലൂടെ ഒരുകുട്ടി മൂക്കുപിഴിഞ്ഞു
ചന്തിയിൽ തൂത്തുകൊണ്ടു മഴനനഞ്ഞോടിപ്പോകുന്നു
ജനിക്കാതെപോകുന്ന കുഞ്ഞുങ്ങൾ ചിന്തിക്കുമോ എന്ന്
ഞാൻ മന്ദബുദ്ധിയാകുന്നു
പറയൂ അതാരാണ് നിന്റെ കവിതകളെ കറക്കിയെടുത്തവൾ
അക്ഷരങ്ങളെ വഞ്ചിക്കുന്നവൾ എന്നു കൂട്ടുകാരൻ
തഞ്ചത്തിൽ ചോദിക്കുന്നു
സ്വകാര്യങ്ങൾ ശബ്ദമായി പരിണമിക്കുകയും
അതിനുരൂപംവച്ചു രൂപംവച്ചു് വഞ്ചകീ അതു നീ /അവൾ
ആയിമാറുന്നു !
ഓ ഒഴിവുദിവസത്തെ കളിയിൽ നിങ്ങടെ കൂട്ടുകാരിയല്ലേടോ
കണ്ടില്ലേ എന്നവൾ  സിനിമയെയും എന്നെയും കളിയാക്കുന്നു
കൂട്ടുകാരിയോ കണ്ടു എന്നൊരൊഴിവ്  പറഞ്ഞുകൊണ്ടു ഞാനും
കൂട്ടുകൂടലിനെപ്പറ്റി ചിന്തകൾ പറത്തുന്നു
പീഢനത്തിലൂടെ കൊന്നുകളഞ്ഞവളുടെ കുടുംബത്തിന്
മുപ്പത്തിയെട്ടു ലക്ഷം രൂപ വന്നണഞ്ഞിരിക്കുന്നു
അതിശയത്തോടെ അയൽക്കാരി പുരപ്പുറത്തേയ്‌ക്ക്‌ നോക്കി
പിറുപിറുക്കുന്നു പിറകിൽ ടീവിയും
ഒന്നുമറിയാത്തൊരു പെൺകുഞ്ഞു 'രമപാവം പാവ തരാം '
എന്നുറക്കെ സന്ധ്യനാമം ചൊല്ലുന്നു
വഴിയിലൂടെ കാലുകൾ അന്തരീക്ഷത്തിൽ പറത്തിവച്ച്
നൂറ്റമ്പതു സിസി ബൈക്കിൽ ഒരു ബ്രോതെർ പറന്നുപോകുന്നു
ഒരു മടിപിടിച്ച മുഖഭാവവും പേറി ഞാൻ
എന്തുചയ്യണമെന്നറിയാതെ ചുമ്മാ ചിന്തകളെ കൊരുത്തെറിഞ്ഞു
അടുത്ത  മുട്ടൻചിന്തകളെ പിടിക്കാൻ ചൂണ്ടയിട്ട്
കളിക്കുന്നു !


Sunday, June 19, 2016

ഇത് ആരാണെന്ന് അറിയില്ലാത്തവർക്കായി എഴുതുന്നതാണ് .ഇത് വത്സല വി പിള്ള അതായത് നാടകാചാര്യനായ ശ്രീ വയലാ വാസുദേവൻപിള്ള സാറിന്റെ ധർമ്മ പത്നി .വയലാസാറിന്റെ ജീവിതവീക്ഷണങ്ങളുടെ വഴിയിൽ സുഗന്ധം പരത്തി പൂത്തു നിന്ന സൗഗന്ധികപ്പൂവ് .ഇത് പറയാൻ കാരണം ഇങ്ങനെയൊരു ധർമ്മപത്നി ഒരുപക്ഷെ കഥകളിൽ മാത്രമേ കാണൂ .അതുപോലെ ഗാന്ധിസത്തിന്റെ കൈവഴികളിലൂടെ നടന്നു നീങ്ങി ഒരു പ്രഭാതത്തിൽ അകാലത്തിൽ സാറ് പൊഴിഞ്ഞുപൊയെങ്കിലും ആ മഹത് വ്യക്തിത്വത്തിന്റെ ജീവിതവീക്ഷണങ്ങളെ അതുപോലെ കാത്തുസൂക്ഷിക്കുകയും സാറിനു പൂർത്തിയാക്കാൻ കഴിയാതിരുന്ന സ്വപ്നങ്ങളെ തന്നാലാവുംപോലെ പൊന്നുപോലെ സൂക്ഷിച്ചു ക്ഷമയോടെ ശ്രദ്ധയോടെ പൂർത്തീകരിക്കുകയാണ് വത്സല ടീച്ചർ എന്ന് ഞാൻ സ്നേഹപൂര്വ്വം വിളിക്കുന്ന ഈ വനിതാരത്നം .ടീച്ചർ അയ്യന്തോൾ കളക്ടറേറ്റിനു സമീപമുള്ള തന്റെ വസതിയോടനുബന്ധിച്ചു സാറിന്റെ സ്മർണാർത്ഥം വയലാ കൾച്ചറൽ സെന്റെർ പണിതുയർത്തിയിട്ടുണ്ട് .അതിലുള്ള ലൈബ്രറി ഗവേഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വലിയൊരു മുതല്ക്കൂട്ടാണ് .ഇതെല്ലാം സ്വന്തമായി നിർമ്മിച്ച്‌ നൽകിയിരിക്കുന്നതാണവർ ഒരു സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ മുതൽമുടക്ക് അശേഷമില്ലാതെ തന്നെ .സാറിന്റെ പ്രസിദ്ധീകരിക്കാതെപോയ രചനകളുടെ വലിയൊരുഭാഗം പ്രസിദ്ധീകരണവും ടീച്ചർ ഇതിനോടകം നടത്തിക്കഴിഞ്ഞു .കൾച്ചറൽ സെന്റെറിൽ സെമിനാറുകളും പുസ്തക പ്രകാശനങ്ങളും നാടകാവതരണങ്ങളും  വർക്ഷോപ്പുകളും ഡോകുമെന്ററി പ്രകാശനങ്ങളും ക്ലാസുകളും നടന്നു വരുന്നു .നിശബ്ദമായി ഇതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്നത്‌ ടീച്ചർ തന്നെയാണ് .ആ നിശബ്ദതയ്ക്കു പക്ഷെ നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട് .ഉടഞ്ഞുപോകുംതരം സ്നേഹത്തിന്റെ അതീവഗാഡമായൊരു മണ്കുടുക്കയായിട്ടാകും പല വിവാഹബന്ധങ്ങളെയും നമ്മൾ കണ്ടുമുട്ടുക .ഒരാളില്ലെങ്കിൽ ഒന്നുകിൽ ഉടഞ്ഞുതെറിച്ചു പോകുന്നവർ .അന്യരെ ആശ്രയിച്ചു മാത്രം മുന്നോട്ടൊഴുകുന്നവർ അല്ലെങ്കിൽ എല്ലാം വേണ്ടെന്നു വയ്ക്കുന്നവർ അതുമല്ലെങ്കിൽ പുതിയ തോണിയിൽ തുഴഞ്ഞു പോകുന്നവർ .ഇതിലൊന്നും പെടാതെ തന്റെ പങ്കാളിയുടെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളാക്കി കൂടെയില്ലെങ്കിലും അവയിലൂടെ വീണ്ടും ഒന്നായിരിക്കുന്ന അവസ്ഥയായിരിക്കാം ഏറ്റവും ഗാഡമായ പ്രണയം ! സാറിന്റെ സ്മൃതിമണ്ഡപത്തിന്നരുകിൽ  ടീച്ചർ സൂക്ഷിച്ചു വളർത്തുന്ന പൂക്കൾക്ക് പോലും പറയാനുണ്ടാകും ഇതുപോലെ നിശബ്ദമായ സ്നേഹത്തിന്റെ അതീവ ലാളിത്യം .എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ് ടീച്ചർ അതിലുപരി മാതൃകയാക്കാവുന്ന ഹൃദയത്തിൽ തൊടുന്ന ബഹുമാനവും.എഴുതുവാൻ എനിക്ക് തരുന്ന ഏറ്റവും ഹൃദ്യമായ പ്രചോദനം മാത്രം മതി എനിക്കീ സ്നേഹത്തെ നിർമലതയോടെ എന്റെ മനസ്സിൽ സൂക്ഷിക്കാൻ .സ്നേഹം  എല്ലാറ്റിനും .

Thursday, June 16, 2016

ഞാൻ വരുന്നു ..
കണ്ണാഴങ്ങളിൽ ..കരളാഴങ്ങളിൽ
എന്നെത്തന്നെ തിരഞ്ഞെടുത്ത് ..
പ്രാണന്റെ  ശൂന്യസ്ഥലികളിൽ കളഞ്ഞുപോയ
എന്നെ വീണ്ടും തിരിച്ചുവിളിച്ചോമനിച്ച്
ഞാൻ വരുന്നു ..

Sunday, June 12, 2016

ഓ ..നീ തന്നെയാണ് ഞാൻ !
അല്ല ഞാൻ തന്നെയാണ് നീ അഡലിൻ വെർജീനിയ വൂൾഫ് !
ചിന്തകളിൽ നിന്നുംചിന്തകളിലേയ്ക്ക് ഒഴുകിവീഴുന്ന ,
അതിലൂടെ സഞ്ചരിച്ച് മറ്റൊന്നിലെത്തുന്ന
അതിൽ നിന്നും വഴുതി വന്നതിലേയ്ക്ക് തന്നെ തിരിച്ചെത്തുന്ന
ഒരു വെറും സാധാരണക്കാരിയായ
അസാധാരണക്കാരിയാണ് ഞാൻ അല്ല
നീ വെർജീനിയ വൂൾഫ് !
'ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും സ്വന്തമായി ഒരു മുറിയും വേണം' എന്ന് നീ ലണ്ടനിൽ ഇരുന്നു പണ്ട് പറഞ്ഞെങ്കിൽ ഞാൻ ഇങ്ങു കേരളത്തിന്റെ ഒരു കോണിലിരുന്നു 'എനിക്ക് സ്വസ്ഥമായൊരു സ്ഥലവും സ്വാതന്ത്ര്യമായൊരു മനസ്സും വേണം എഴുതാൻ ' എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു .നമ്മൾ കൂട്ടിമുട്ടിയപ്പോൾ എന്റെ മനസ്സിൽ  പൂത്തിരി പൊട്ടിച്ചിതറുന്നു !കാര്യങ്ങൾ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും സ്വകാര്യതയും സമയവും ഒരെഴുത്തുകാരിക്കു കൂടിയേ തീരൂ എന്നുള്ള അഭിപ്രായത്തോട് ഞാൻ നൂറു ശതമാനവും ചേർന്ന് നില്ക്കുന്നു .(A Room of One's own- 1929) അതിനെ ആഡംബരം എന്നോ അലങ്കാരം എന്നോ സാമർത്ഥ്യമെന്നൊ അഹങ്കാരമെന്നൊ ഒക്കെ തോന്നുന്നവർക്ക് തോന്നാം പക്ഷെ അതാണ്‌ സത്യം . ഇതൊന്നുമില്ലാതെ എഴുതിയ വനിതകളൊന്നും പ്രസിദ്ധർ ആയില്ല എന്നോ അവരുടെ കൃതികൾ മഹത്തരമാകുന്നില്ല എന്നുമല്ല ഇതുകൊണ്ട് ഞാൻ ഉദ്ധേശിക്കുന്നത് മറിച്ച്  ഇത്തരമൊരു സാഹചര്യമുണ്ടെങ്കിൽ എഴുത്തുകാരിയിലെ സർഗാത്മകത നിർല്ലോഭം ഒഴുകിയേനെ എന്ന് സൂചിപ്പിച്ചുവെന്നു മാത്രം .കാരണം മലയാളസാഹിത്യത്തിൽ തന്നെ നമുക്ക് കാണാം പ്രതിഭ തെളിയിച്ച സ്ത്രീകൾക്കെല്ലാം അവർക്ക് ലഭിച്ചിരുന്ന സ്വകാര്യതകൾ കൊണ്ടുതന്നെയാണ് എഴുത്തിനെ പരിലസിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്ന് .ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് സാഹിത്യത്തിനെ സ്വാധീനിച്ച ഈ പ്രതിഭ -അഡലിൻ വെർജീനിയ വൂൾഫ് ബോധധാരാ സമ്പ്രദായത്തിലുള്ള (stream of Consciousness) എഴുത്തിലൂടെയാണ് ലോകമാകമാനം അറിയപ്പെടുന്നത് .

Thursday, June 9, 2016

പുതിയ കാവ്യം !

വീണടിയുന്നു വീഥിയിൽ എപ്പൊഴൊ
ചാരുമോഹന വാക്യങ്ങളൊക്കെയും !
ആരുചൊല്ലി മറന്നുവോ നോക്കിയില്ലാ -
രുമേ ചൊല്ലി ഓർമിപ്പിച്ചതുമില്ല !

അംബരം നോക്കിയാക്കണ്ണുനീരതിൽ
വെന്തു വീണു കിടക്കയാണിപ്പൊഴും
മഞ്ഞുപെയ്തതും വർഷമാകുന്നതും
തന്റെ ദേഹത്തതോർത്തു കിടക്കവേ
എപ്പൊഴോ വന്നു പേർത്തു വിളിച്ചുവോ
എന്റെപേരെന്റെപേരെന്ന് സംശയം !

നല്ല വാക്കുകളെല്ലാം മുറിച്ചുചേർത്തിന്നു
കൂട്ടിക്കുഴയ്ക്കുന്നു ഭാഷകൾ
തേഞ്ഞഴുകുന്നു കാലുകൾ കൈയ്യുക-
ലെത്രയായിട്ടുമാരുമറിഞ്ഞീല
കാടുമൂടുന്നു കാട്ടാറൊഴുകുന്നു
തൊണ്ടവിങ്ങുന്നവസാന ശ്വാസങ്ങൾ ..

കാടുതിന്നോരെൻ മേനിയിൽ പൂക്കുന്നു
കാതരം ചിലയോമന മൊട്ടുകൾ
ആരുമെങ്ങുമറിയാതെ പൂക്കുന്നു
ശുഭ്ര വെണ്മ നിറയ്ക്കുന്ന പൂവുകൾ
ചെന്നു പൂവിറുത്താ മൃദുകേശത്തിൽ
കൊണ്ട് വയ്ക്കുന്ന ആദിമവാസി നീ
എത്ര ചേരാത്ത വാക്കുകൾ കൊണ്ടുനീ
കെട്ടിയുണ്ടാക്കി ഹാരമൊന്നന്നഹൊ !

കൊണ്ട് ചാർത്തുന്നു മിണ്ടാഭഗവതി-
ക്കണ്ഠനാളത്തിൽത്തന്നെ ജപത്തോടെ !
കണ്ടു കണ്ണുകൾ ക്ഷിപ്രകോപത്തോടെ
കത്തിയാളുന്നു വാക്കുമുളയ്ക്കുന്നു !
ശാപവാക്കുകൾ പൊട്ടിത്തെറിക്കുന്നു
മാ:നിഷാദ ! തുറക്കുന്നിതോ കുരൽ ?!!
" ഓർത്തെഴുതുക നീ കുലം ചുട്ടതിൻ
പാപമേന്തുന്ന കാവ്യം പുതിയത് !
കേട്ടെഴുതുക ഏറ്റം വ്യഥയോടെ
പേർത്തെഴുതുക ഭാഷമരിച്ചതും !
ഓർമ്മവേണം നിനക്ക് മുടിയ്ക്കുവാൻ
വീണ്ടുമില്ല മലയാളമിന്നിനി ! 
നീർത്തെഴുതുക  നീ കുലം ചുട്ടതിൻ
പാപമേന്തുന്ന കാവ്യം പുതിയത്! "

Saturday, April 30, 2016

ടോംസ് മരിച്ചെങ്കിലല്ലേ ആദരാഞ്ജലികൾ പറയേണ്ടു ...ബോബനും മോളിയും ആ കുഞ്ഞൻ പട്ടിയുമില്ലാത്ത ഓർമ്മകൾ ബാല്യകാലത്തിന്റെ നിഴലുപോലും ആകുന്നില്ലല്ലോ !!അതുകൊണ്ട് തന്നെ അവരൊക്കെ അമരൻമാർ മാത്രമാകുന്നു !

Thursday, April 28, 2016

 വിഷാദം എനിക്ക് ചേരുന്ന കുപ്പായമല്ലെന്നു
നിങ്ങൾ പറയുമ്പോഴും ഞാൻ അതാണെന്ന്
എന്റെ ഹൃദയമെന്നെ ലബ് ഡബ്
എന്നോർമമിപ്പിക്കുന്നു !
വിറയ്ക്കുന്ന സമയ സൂചികകൾ
എന്നെ പൊയ്പ്പോകുന്ന നിമിഷങ്ങളുടെ
അർത്ഥശൂന്യത വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു !
കൂട്ടുകാരീ ഞാൻ നരകയറുന്ന വാർദ്ധക്യമെന്നു
നിങ്ങൾ കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്നു
വാർദ്ധക്യം ഓർമ്മപ്പെടുത്താനുള്ളതല്ല
അഹങ്കാരത്തോടെ അവകാശപ്പെടാനുള്ളതല്ലേ
എന്ന് ഞാൻ ഇതാ പൊട്ടിച്ചിരിക്കുന്നു !
കണ്ണീരു നനച്ചു ഞാൻ പാകപ്പെട്ടതിൽ
നീ  വീണ്ടും മുളച്ചു പൊന്തുന്നതും കാത്തിരിക്കയാണ്
എന്റെ വേവലാതി പൂണ്ട  ഹൃദയം ..

Friday, April 8, 2016

'സ്വതന്ത്രമായി ഒരുരാത്രി വീണുകിട്ടിയാൽ നിങ്ങൾ എങ്ങനെ ചിലവിടും '

രാത്രിയാത്രയെപ്പറ്റി ഏറെ കൊതിയോടെ ചിന്തിച്ചിരുന്നത് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു .കോളേജിലേയ്ക്ക് പദമൂന്നിയതു 1998 ലാണ് അപ്പോൾ വയനാട്ടിലെ കുന്നിറങ്ങി ചുരമിറങ്ങി ഏറെ യാത്രയ്ക്കൊടുവിൽ അങ്ങ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തുമ്പോഴേയ്ക്കും ബസ്സിലോ ട്രെയിനിലോ ഒരു രാത്രി ഞാൻ കണ്ണിമയ്ക്കാതെ കാണുമായിരുന്നു ..ഉണർവ്വിലെയ്ക്ക് വരുന്ന പ്രഭാതത്തിന്റെ തിരക്കുകളേക്കാൾ സന്ധ്യയുടെ നേരിയ ചുവപ്പിലൂടെ നിശബ്ദത കടന്നു വരുന്നതും നിയോണ്‍ലൈറ്റ് കാഴ്ച്ചയ്ക്ക് തരുന്ന ദൈവിക പരിവേഷമായ മഞ്ഞപ്രഭയിലൂടെ നിശാശലഭങ്ങളും മണ്ണും മനുഷ്യനും നല്കുന്ന കാഴ്ചകളുടെ പൂരം എല്ലാവരും ഉറങ്ങുമ്പോൾ കണ്ടിരിക്കുക രസകരവും ഊർജ്ജദായകവും ആയിരുന്നു .ആ കാഴ്ചകൾ എനിക്കുതന്നത് സ്ത്രീ എന്ന പരിവേഷത്തിനെ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത് കെട്ടിപ്പൂട്ടി അകത്തു വയ്ക്കാനുള്ള ഒരുതരം ആഡംബര വസ്തു ആണല്ലോ എന്ന നിരാശ നിറഞ്ഞ തിരിച്ചറിവാണ് .കാരണം എന്റെ അനുഭവത്തിൽ അന്ന് നടത്തിയ അനേകം തനിച്ചുള്ള യാത്രാനിമിഷങ്ങളിൽ അച്ഛൻ കൂടെയില്ലാത്ത രാത്രിയാത്രകളിൽ ഒരു തോണ്ടോ ,കാമവെറി പൂണ്ട നോട്ടമോ, ആർത്തിപൂണ്ട  കമന്റോ കിട്ടാതിരുന്നിട്ടില്ല !അപ്പോൾ ഒക്കെ വെറുത്തുപോകുന്നത് അരക്ഷിതമായ മനസ്സുകളുടെ അർത്ഥമില്ലാത്ത ഇത്തരം വൈകൃതങ്ങൾ നമ്മുടെ കുടുംബകങ്ങളിൽ നിന്ന് തന്നെയല്ലേ ഉടലെടുക്കുന്നത് എന്ന ചിന്തയിലൂടെ ആയിരുന്നു .അപ്പോൾ എനിക്ക് ഒരു രാത്രി സ്വതന്ത്ര്യയായി കിട്ടിയാൽ ഞാൻ എന്ത് ചെയ്യും എന്നത് വലിയൊരു ചോദ്യം തന്നെയാണ് . ഇന്ന് എനിക്ക് എന്റെ പങ്കാളിയുടെ ഏറ്റവും വലിയ സമ്മാനമായ വ്യക്തിസ്വാതന്ത്ര്യം ആവോളമുണ്ട് .പരസ്പരം കൈകടത്താത്ത അതുണ്ടെങ്കിൽ പോലും രാത്രികൾ പൂർണ്ണമായി എന്നെ ഞാൻ ഒരു നിരത്തിലേയ്ക്കും എടുത്തെറിഞ്ഞ്‌ പരിലസിച്ചിട്ടില്ല !പാതിരാപ്പൂക്കളുടെ ലാസ്യഭംഗി നുകരുകയോ നിയോണ്‍ വെളിച്ചം കുളിച്ച പുല്മേടുകളിലെയ്ക്ക് നടന്നു കയറുകയോ കുന്നിൻ ചെരുവിൽ ചാന്ദ്രവെളിച്ചം നുകർന്ന് ആകാശത്തിലെ കാക്കത്തൊള്ളായിരം പൂക്കൾ നോക്കിനോക്കി കിടന്നുറങ്ങുകയോ ഉണ്ടായിട്ടില്ല ..മാളുകളിലെ കൃത്രിമക്കാഴ്ച്കളുടെ പുളിപ്പ് രാത്രിയിൽ എന്നെത്തെല്ലും ആകർഷിച്ചിട്ടില്ലാത്തതിനാൽ അവയിലെയ്ക്ക് ഞാൻ കൂപ്പുകുത്തില്ല തീർച്ച !വേണമെങ്കിൽ നാട്ടുമ്പുറത്തെ ഒരു സിനിമാ കൊട്ടകയിൽ നെഞ്ചും വിരിച്ചു ക്യു നിന്ന് ടിക്കെറ്റ് വാങ്ങും എന്നിട്ട് ഏറ്റം സ്വാന്ത്ര്യത്തോടെ കൈകൾ വിരിച്ച് പുറകിലത്തെ സീറ്റിലെവിടെയോ ഇരുന്ന് അർമ്മാദിച്ച് സിനിമ കാണും .കൂവും കൈയ്യടിക്കും അങ്ങനെ ഞാനും അരങ്ങിലെ താരങ്ങളും ഒരേ വികാരം കൈക്കൊള്ളുന്നവർ ആകുന്നതിന്റെ ഉന്മാദത്തിൽ പൂത്തുലഞ്ഞ് സിനിമാ വിടുമ്പോൾ നേർത്ത മഞ്ഞിലൂടെ നടന്നു നടന്ന് സിനിമാ കൊട്ടകയ്ക്കും അപ്പുറം അപ്പോഴും തുറന്നിരിക്കുന്ന കുട്ടപ്പൻ ചേട്ടന്റെ തട്ടുകടയിൽ നിന്നും ഒരു കടും ചായ വാങ്ങിക്കുടിച്ച് ഉറക്കത്തെ പാറ്റിവിട്ട് അവിടുള്ള സിമന്റു ബെഞ്ചിൽ വെറുതെയിരുന്നു വല്ലപ്പോഴും വരുന്ന പാണ്ടിലോറികളെയും അതിലെ ആഭാസന്മാരെയും കൊഞ്ഞനം കുത്തും .പിന്നെ പതിയെ നിലാവെളിച്ചം മാത്രമുള്ള എന്റെ സ്വന്തം നാട്ടുവഴിയിലെയ്ക്ക് കടന്നു പാരിജാതം പൂത്ത മണത്തിൽ പൂത്തുപോയൊരു നാടൻ കാമുകിയാകും ഞാൻ .ഇല്ലാതെപോയ കാമുകനെ മനസ്സിൽ ധ്യാനിച്ച്‌ അയാൾക്കൊരു നനുനനുത്ത ചുംബനം കാറ്റിൽ ഊതിവിടും. വികാരിയച്ചനില്ലാത്ത പള്ളിമതിലിനും അപ്പുറം ഇരുണ്ട സെമിത്തേരി നോക്കി പേടിച്ചു പേടിച്ചു നടക്കുമ്പോൾ മുതുകത്തു വീണ മാമ്പഴം നോക്കി ഒന്നരമുഴം പൊങ്ങിച്ചാടുമ്പോൾ മാത്രമേ ഒരുപക്ഷെ ഞാനൊരു പെണ്ണാണല്ലോ ദൈവമേ എന്ന് ഓർമ്മ വരികയും  വഴിയിൽ കരിഞ്ഞ കരിയിലയുടെ മർമ്മരം ബാക്കിവച്ച് ഇത്തിരി നിലാവെളിച്ചം തരുന്ന പാതിക്കാഴ്കച്ചയിൽ സൂക്ഷിച്ചു നടന്ന് പൊട്ടിയ കല്ലൊതുക്കു കടന്നു കനാല് ചാടിക്കടന്ന് അമ്പലമുറ്റത്തൂടി കയറി ടാർ റോഡോ ആഡംബരക്കാറോ എത്താത്ത വീട്ടിലേയ്കുള്ള ആ വഴി തന്നെ തിരഞ്ഞെടുത്ത് ! മഞ്ഞു വീണ് നനഞ്ഞ പുല്ലിന്തലപ്പുകൾ ഇപ്പോൾ ഇതുവഴി ആരും വരാറില്ല മോളെ എന്ന് പരാതിപ്പെട്ട് എന്റെ കാൽപ്പാദത്തെ വിടാതെ നനച്ചു കരയും .അപ്പോൾ തെന്നുന്ന വള്ളിചെരുപ്പിൽ ഞാൻ പ്രായം മറന്നു ദാവണിക്കാരിയും ,പുള്ളിയുടുപ്പുകാരിയും കുഞ്ഞുനിക്കറിട്ട് അമ്മാ ..മ്മാ എന്ന് ആർത്തു വിളിച്ചു വീടകം പൂകും ..ഇനിയുമുണരാത്ത രാത്രിയുടെ ബാക്കി നോക്കിയിരിക്കാതെ ..തണുപ്പിറ്റുന്ന ജാലകവാതിൽ ചാരി പുറത്തെ മഞ്ഞുപെയ്യുന്ന ഇലമഴയുടെ നേർത്ത ശബ്ദത്തിൽ കമ്പിളിപ്പുതപ്പിനുള്ളിൽ നൂഴ്ന്നിറങ്ങി സുഖദമായി ചാഞ്ഞുറങ്ങും . 

Tuesday, April 5, 2016

ഹാ കുട്ടികളെ ഈ 'വിശ്വ വിഖ്യാതമായ തെറി' അറിയാൻ  എനിക്കും നിങ്ങൾ ഒരവസരം തന്നുവല്ലോ !! മണ്ണിന്റെ മക്കൾ മണ്ണുകൊണ്ട് പണിത ആ 'ചെറ്റ ' വീടിനെപ്പറ്റിയുള്ള ആക്ഷേപമായ ഏറ്റവും ലളിതമായ " ഭ !ചെറ്റേ !!" എന്ന് വിളിക്കുന്ന ആ തെറിയുണ്ടല്ലോ ! വരേണ്യരും അവർണ്ണരും എന്നല്ല എല്ലാവരും കൊണ്ടാടുന്ന ആ തെറി ! നിങ്ങൾ അതേറ്റു പറയുമ്പോൾ ഞാനും കൂടി നാണിച്ചു പോകയാണല്ലോ !! ഇന്ന് വരെ ആരെയും വിളിച്ചിട്ടില്ല പക്ഷെ കണ്മുൻപിൽ ..വായനയിൽ ..സിനിമയിൽ അത് കൊണ്ടാടുകയാണല്ലോ !! ഹോ ഞാനുൾപ്പെടുന്ന മലയാളികൾ പൊരുളറിയാത്ത വെറും എമ്പോക്കികൾ !!
"ഭ! ഇല്ലം !! "എന്ന് വിളിക്കാൻ എന്നെങ്കിലും ഒരു നാവു പൊന്തുമോ എന്ന ചോദ്യം ഒരു വല്ലാത്ത ചോദ്യമാണുണ്ണീ ?? ഇല്ലത്തെ കലവറയും നിലവറയും നിറക്കാനായി വെന്തുരുകി മരിച്ചവന്റെ വീട് പോലും ഒരു തെറിയായി അല്ലെ !! ?? ഹോ എനിക്ക് നിങ്ങൾ പകർന്നു തന്നത് തെളിച്ചത്തിന്റെ കണ്ണാടിയാണ് കുട്ട്യോളെ ..ആരെയും എനിക്കറിയില്ല എങ്കിലും ചേര്ത്തു പിടിച്ചൊരു ഹൃദയാലിംഗനം !
ഇന്ത്യയിലാകെമാനം നടക്കുന്ന ദളിത്‌ പീഡനങ്ങൾ നോക്കുമ്പോൾ നിങ്ങൾ ഇപ്പോൾ മുൻപോട്ടു വയ്ക്കുന്ന ഈ ചോദ്യം ഇന്ത്യയുടെ മുഴുവൻ സാമൂഹിക മാറ്റത്തോടുള്ള പ്രതിക്ഷേധം തന്നെയാണ് ..മനോനിലകൊണ്ട് അധമനായ ഒരുവനെ ' ചെറ്റ 'എന്നു വിളിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ സുഖമാണ് സവർണ്ണത !! ചന്ഡാളനായ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു വാങ്ങുന്ന സംസ്കാരമല്ലേ ഇന്നും നിറഞ്ഞാടുന്നത് !! അവരല്ലേ   നമ്മുടെ സർവ്വകലാശാലകളിൽ നിന്നും ആത്മഹത്യ ചെയ്തിറങ്ങിപ്പോകുന്ന താരകങ്ങൾ ?
കഴുവേറികളെപ്പറ്റി (എന്താണ് എങ്ങനെയാണ് ആ നാമം ഉത്ഭവിക്കുകയും നമ്മുടെ സമൂഹത്തിന്റെ അധമവത്ക്കരിച്ചവർക്ക് മാത്രമായി മുദ്ര കുത്തുന്നതെന്നും ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു !)തോട്ടികളെപ്പറ്റി അങ്ങനെയങ്ങനെ നമ്മൾ അറിയാമെങ്കിലും അറിയാതെ ഉപേക്ഷിക്കുന്ന ഓരോരുത്തർക്കുമായി നിങ്ങൾ മുൻപോട്ടു വയ്ക്കുന്ന വാക്കുകൾ വെറും വാക്കുകളല്ല ജ്വാലകളാണ് .ഇപ്പോഴും എപ്പോഴും തിളയ്ക്കുന്ന ചിന്തകളുടെ ഉറവിടം കോളേജുകൾ ആയിരുന്നു കാരണം യൗവ്വനം പകർന്നു തരുന്ന ഊർജ്ജം പൊട്ടിത്തെറിച്ച് ആശയങ്ങളായി അഗ്നിയായി പരിണമിക്കുന്നതവിടെയാണ് ..നിങ്ങൾ ആ ഊർജ്ജത്തെ ശരിയായി വിനിയോഗിച്ചു ! അഭിവാദ്യങ്ങൾ !അഭിനന്ദനങ്ങൾ !

GSCASH (ജെൻഡർ സെൻസിറ്റൈസേഷൻ കമ്മറ്റി അഗൈൻസ്റ്റ്‌ സെക്ഷ്വൽ ഹരാസ്മെന്റ്റ് ) എന്തുകൊണ്ട് കേരളത്തിലെ സർവ്വകലാശാലകളിൽ ഇല്ല എന്ന ചോദ്യം പ്രശംസനീയമാണ് .അതൊരു വല്ലാത്ത ചോദ്യവുമാണ് പഠന കേന്ദ്രങ്ങളെ !! അതുപോലെ തേർഡ് ജെൻഡർ എന്ന് മുദ്രകുത്തുന്നവർക്ക് വേണ്ടി ഒന്നാം ലിന്ഗവും പിന്നെ രണ്ടാം ലിന്ഗവും ആരാണെന്ന ചോദ്യം ഉത്തരമില്ലാത്തതാണ് ! അല്ല ആരാണീ ഒന്നാം ലിന്ഗവും രണ്ടാം ലിന്ഗവും പേരെഴുതി ഒപ്പിട്ടു സ്വന്തമാക്കിയവർ !! അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത ചോദ്യങ്ങൾക്കും അവയ്ക്കൊന്നും തരാനില്ലാതെ കൈമലർത്തുന്ന എന്റെതുൾപ്പടെയുള്ള വിചാര വികാരങ്ങൾക്കും നിങ്ങൾക്കോരോരുത്തർക്കും അകൈതവമായ നന്ദി ..നിങ്ങൾ പകർന്നാടണം ആ ജ്വാലയിൽ നമുക്ക് അൽപ്പ നേരമെങ്കിലും വെന്തു മരിക്കാം ..അതിൽ ഒരാളെങ്കിൽ ഒരാൾ ഉയർത്തെണീറ്റാൽ അതൊരു വിപ്ലവമാണ് ! 

Saturday, April 2, 2016

കാർണ്ണിവലിനു പോയില്ലേ എന്നെല്ലാവരും ...!!
ഏതു കാർണ്ണിവൽ  എന്ന്  കവിതയും !

Thursday, March 31, 2016

ശൂന്യതയിൽ നിന്നും പൊടുന്നനെ ഉണ്ടായി വരുന്ന ഒരത്ഭുത വസ്തുവല്ല കല ! അതിനു പിന്നിൽ ഉറങ്ങിക്കിടക്കുന്ന ബാഹ്യവും ആന്തരികവുമായ കഴിവുകളുടെ കണികകളെ കൂട്ടി യോജിപ്പിച്ച് ഊർജ്ജം ഊതിനിറച്ച് ഉള്ളം  മയക്കി മെയ് മയക്കി പുറത്തെടുത്ത് യഥാർത്ഥ കഴിവുകളെ ഉരുക്കഴിച്ചു പൊലിപ്പിച്ചു പ്രേക്ഷകരിൽ എത്തിക്കുന്ന വലിയൊരു പ്രക്രിയ ഉണ്ട് ..ആ ക്രിയ അറിയുന്നവനാണ് യഥാർത്ഥ സൃഷികർത്താവ് ! ആ സൃഷ്ടിയുടെ തെളിച്ചം കണ്ട് "അയ്‌ ഇതു താനല്ലയോ അത് " എന്ന് അത്ഭുതപ്പെടുമ്പോൾ ഒന്നോർക്കണം അതിനു പിന്നിലെ പ്രയത്നം നമുക്കൂഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ! നിങ്ങൾ തുറന്നു പറയുന്ന ഓരോ നന്മ വാചകങ്ങളും സ്നേഹവും ആ സൃഷ്ടികർത്താവിന്റെ ഹൃദയത്തിൽ തൊടുന്നു എന്നും !ആക്ഷേപമില്ലാതെ  ഹൃദയം തുറന്ന് എല്ലാവരും കേൾക്കെ അഭിനന്ദിക്കുക എന്നത് ഒരു കലയാണ്‌ ആ കല അറിയുന്നവർ വിരളവും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...