Friday, November 4, 2016

'ഭൂഭംഗികൾകൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെ നിങ്ങള്ക്ക് വിസ്മയിപ്പിക്കാനാവില്ല .ഏകാന്തത കൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെനിങ്ങള്ക്ക് വിഷമിപ്പിക്കാനാവില്ല !'-കോന്തല -കൽപ്പറ്റ നാരായണൻ .(വയനാടിന്റെ ആത്മകഥ )

എത്ര ശരിയാണ് ! വയനാട്ടിൽ കഴിഞ്ഞ ഒരാൾക്ക് മാത്രമേ ഇതെത്ര ശരിയാണെന്നു പറയാനാകൂ ..ഞാനും എഴുതിയിട്ടുണ്ട് പല തവണ ..പക്ഷെ എന്റെ അനുഭവങ്ങൾ തികച്ചും വേറെ ഒരു തലമാണ് ഒരുപക്ഷെ ഭൂപ്രകൃതി ഒരുപോലെ ഊട്ടി ഉറക്കുമെങ്കിലും നാടിന്റെ തന്നെ നാട്ടുരീതികൾ പലതായിരിക്കാമല്ലോ അല്ലെ ? ഞാൻ എഴുതിയ ഒരു ഭാഗം ..

"
മഞ്ഞിൽക്കുളിച്ച  പ്രകൃതിയ്ക്ക് നനഞ്ഞ നാടൻ സൗന്ദര്യമാണ് .എത്ര കണ്ടാലും മതിവരാത്ത നനുത്ത കുളിരുന്ന സൗന്ദര്യം ! പണ്ട് വീട്ടിൽ വയനാട്ടിൽ എന്നും തണുപ്പായിരുന്നു ..ഏതു സമയത്തും വെളിച്ചെണ്ണ ഒക്കെ ഉറച്ചു കട്ടിയായിരിക്കും .മഞ്ഞുകാലത്ത് പറയുകയും വേണ്ട !പുലർകാലേ വെട്ടം വീഴും മുൻപ് ഇലകളിൽ നിന്നും മഞ്ഞുകണം ഊർന്നു വീഴുന്ന ശബ്ദം ഇടതടവില്ലാതെ കേൾക്കാം ..കരിയിലകളിലെയ്ക്കും ,മണ്‍കട്ടകളിലെയ്ക്കും ഉതിരുമ്പോഴുള്ള നേർത്ത റ്റപ് തപ് ഒച്ചകൾ ..തലയിണയിൽ മുഖം ആഴ്ത്തി കമ്പിളിയിൽ മൂടി സുഖദമായ് ഉറങ്ങുമ്പോൾ അതിനൊരു താരാട്ടിന്റെ ഈണം വരും .മൂക്കിൻ തുമ്പ് നനുത്ത് തണുത്തിരിക്കും .അടുത്തുറങ്ങുന്ന ചേച്ചിയുടെ മുഖത്ത് ഞാൻ തണുപ്പുകൊണ്ട് ഒരു വര വരയ്ക്കും ,പിന്നെ ചിരിച്ചുകൊണ്ട് പ്രഭാതത്തിലേയ്ക്ക് ഉണർന്നു വരും .തണുതണുത്ത വെള്ളം കൈയ്യിട്ടാൽ സൂചി കുത്തും പോലെ വേദനിപ്പിക്കും.എങ്കിലും കോരി മുഖത്തൊഴിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തേയ്ക്കുള്ള ഉന്മേഷമായി ..ഈറൻ കാറ്റ് തൊട്ടുഴിഞ്ഞു പോകും മുറ്റമടിക്കുമ്പോൾ ,തണുപ്പ് മാറി ചൂടിലെയ്ക്കുള്ള പ്രഭാത വ്യായാമം !കരിയിലകൾ കൂട്ടിയിട്ടു തീയിടും പ്രായം ചെന്നവർ ,അതിനു ചുറ്റും നിന്ന് കൈ കാട്ടി ചൂട് പിടിപ്പിക്കും .പിന്നെ പല്ല് തേച്ചു ചൂട് കട്ടൻകാപ്പി  ആവി പടർത്തി കുടിക്കും !കുളി ,പഠനം ,യുണിഫോം തേയ്ക്കൽ ,പുസ്തകങ്ങൾ അടുക്കി ഇടംകൈയ്യിൽ തിരുകി അതിനു മുകളിൽ ചോറ്റു പാത്രവും വച്ച് ഒരു പോക്കുണ്ട് ബസ്‌ കയറാൻ ! അപ്പോഴും മഞ്ഞു ചുറ്റും നിന്ന് ആലിംഗനം ചെയ്യും ,ചിലപ്പോൾ മുടിയിൽ ചൂടുന്ന ഒരു തുളസിക്കതിരിൽ അവ ഉമ്മവച്ചിരിക്കും, അതിൽത്തട്ടിത്തടഞ്ഞ് ഒരു കൊച്ചു സൂര്യൻ പൊട്ടിച്ചിരിക്കും,ചില കണ്ണുകൾ പ്രണയത്തോടെ ഇത് കണ്ടു പുറകിൽ മാറി നടക്കുന്നുണ്ടാകും..കാലവും ദേശവും സമയവുമറിയാതെയുള്ള പ്രയാണം !

ഈ മഞ്ഞു കാലത്ത് നിലാവുള്ള രാത്രിയിൽ അങ്ങ് താഴെ വയലിൽ ഉള്ള കിണറിന്റെ കരയിൽ ഇട്ടിരിക്കുന്ന വലിയ അലക്കു കല്ലിൽ (വലിയ വെണ്ണക്കല്ല് എന്ന് പറയുന്ന വെളുത്ത കല്ലാണത്‌ ) നെടുങ്ങനെ കിടന്ന് അശോകൻ ചേട്ടായി (വലിയച്ഛന്റെ മകൻ )പാട്ട് പാടും, 'പൂ മാനമേ ..ഒരു രാഗ മേഘം താ ..!'ഞാനും ചേച്ചിയും അരികത്തു മാനം നോക്കിയിരിക്കും.. ശശിമലക്കുന്നിനു മുകളിൽ ആകാശം പൂത്തുലഞ്ഞു കിടക്കും ഒരുകോടി കാക്കത്തൊള്ളായിരം നക്ഷത്രപ്പൂക്കൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കും !ഹാ അതാ പറക്കുന്നൊരു ഉൽക്ക ! മുകളിലേയ്ക്ക് പോയാ നമുക്ക് ഭാഗ്യം വരും,അങ്ങനാണ് ചൊല്ല് ഞങ്ങൾ പരസ്പരം കണ്ണിറുക്കും ! ചേട്ടായി പറയും 'കുന്തമാ രണ്ടും കൂടി വാങ്ങും ഓരോ കുത്ത് ..മണ്ണുണ്ണികൾ ..' ഞങ്ങൾ പൊട്ടിച്ചിരിക്കും .'കറുംബീ..ചേട്ടായി എന്നെ നീട്ടി വിളിക്കും ,ഞാൻ പതിവ് പോലെ പിണങ്ങും! പിന്നെ കിണുങ്ങിക്കൊണ്ടാക്കൈയ്യിൽ തൂങ്ങി വീട്ടിലേയ്ക്ക് പോകും.അതുകൊണ്ട് തന്നെ സ്വന്തം സഹോദരനില്ലല്ലോഎന്ന് ഒരിക്കൽപോലും തോന്നിയിട്ടേയില്ല അന്നൊന്നും  ! രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ നിലാവിൽ കാണാൻ മനോഹരമാണ് ,നിറം മങ്ങിയ സ്വർണ കണങ്ങൾ മൂടിയ പ്രകൃതി ..അനക്കമില്ലാത്ത ഇലകളും മരങ്ങളും ,കുളക്കടവിൽ നിന്നും വല്ലപ്പോഴും ഒരു കുളക്കോഴി നീട്ടിക്കൂകും ,സ്വപ്നം കണ്ടിട്ടെന്നു പറഞ്ഞു ഞങ്ങൾ പുഞ്ചിരിക്കും ,റേഡിയോയിൽ നിന്നും റൈനാ ഭി റൈനാ.. എന്നുള്ള പാട്ട് അർത്ഥമറിയിക്കാതെ ഞങ്ങളെത്തൊട്ടു കടന്നു പോകും ഹാ എത്ര സുന്ദര നിമിഷങ്ങളായിരുന്നു !

അതിരാവിലെ മഞ്ഞിൽക്കൂടി വെളുത്ത ചട്ടയും മുണ്ടും തലമൂടി കവണിയുമിട്ട് ശോശാമ്മ ചേടത്തി മുൻപിലും പെണ്‍മക്കളെല്ലാം പിന്നിലുമായി പള്ളിയിലേയ്ക്ക് പോകും !ഓ ക്രിസ്മസ് !അല്ല ക്രിസ്തുമസ് എത്തിപ്പോയി !എന്നെസംബന്ധിച്ചു കരോൾ എന്നാൽ ഉറക്കമില്ലായ്മ എന്നതായിരുന്നു !ദൂരെ നിന്നും കരോൾ ബാന്റ് മുഴങ്ങുമ്പോൾ ഞാൻ ചങ്കിടിപ്പോടെ ഉറങ്ങാതിരിക്കും !എന്തിനെന്നറിയാതെ, ഞാൻ പോകാതെതന്നെ അവരുടെകൂടെ വീടുകൾ കയറിയിറങ്ങിപ്പാടും ,'ഉണ്ണി ഉണ്ണീ രാരോ ..ഹാ ഹല്ലേലൂയ പാടാം ,നാട്ടുകാർക്കും വീട്ടുകാർക്കും നല്ല തിരുന്നാള് ..' അവർ വരുമ്പോഴേയ്ക്കും കുരച്ചു തളർന്ന ലോതർ (വീട്ടിലെ മറ്റൊരംഗം അൽസേഷ്യൻ നായ.ഇന്നുമുണ്ട് ലോതർ മൂന്നാമൻ ! )കൂട്ടിൽ പതുങ്ങിക്കിടന്നു മുറുമുറുക്കും !ഉണർന്നു വരുന്ന ഞങ്ങൾക്ക് മുന്നില് ഉണ്ണിയേശുവിന്റെ പ്രതിരൂപം താലത്തിൽ കാണിച്ചു തരും ,മുട്ടുകുത്തി നിന്ന് തൊഴുതു മുത്താൻ പറയുമ്പോൾ ലജ്ജയോടെ അത് ചെയ്യും ,രണ്ടു പാട്ടൂടെ പാടെടാവേ ..എന്ന് അച്ഛ പറയുമ്പോൾ എന്റെ നെഞ്ചിടിപ്പു കൂട്ടിക്കൊണ്ട് അവർ പാടും ,'തന്നതും സ്വീകരിച്ചു സന്തോഷത്തോടെ ഞങ്ങൾ നന്ദി പറഞ്ഞുകൊണ്ട് പോകുന്നു ...' താഴെ നെല്ലിമരത്തിനും കീഴിലൂടെ ഡും ഡും ഡും അകന്നകന്നു പോകുമ്പോൾ മഞ്ഞു പൊഴിഞ്ഞൊരു വഴിത്താര നിറയെ ഒരു സ്വർഗീയ വെളിച്ചം നിറഞ്ഞു നില്ക്കും !മുകളിൽ ഒരു കെടാനക്ഷത്രം, വീടിന്റെ ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന അച്ഛയുണ്ടാക്കിത്തന്ന, വർണ്ണക്കടലാസുകൾ ഒട്ടിച്ച് അകത്തു മെഴുകുതിരി കെട്ടുപോയ ഒരു പാവം നക്ഷത്രത്തെ നോക്കി പുഞ്ചിരിച്ചു പറയും: നമ്മുടെ നാഥൻ പിറന്നു ! (തുടരും )"

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...