Wednesday, January 9, 2013

The Malabar Banded Peacock (ബുദ്ധശലഭങ്ങള്‍..!))


ബുദ്ധശലഭങ്ങള്‍..! Papilio Buddha എന്ന സിനിമ എന്തുകൊണ്ടാണ്  censor board പൊതുജനങ്ങള്‍ കാണേണ്ട എന്ന് തീരുമാനിച്ചത്?കത്രികക്കൈയില്‍ ഗാന്ധിജിയെ കത്തിക്കുന്നത് മുറിച്ചുമാറ്റണമെന്ന വാശിയാണോ പ്രേരണ ?അതോ വീണ്ടും ഉണര്‍ന്നു വരുന്ന ഒരുപറ്റം കരുത്തുറ്റ യുവ തലമുറ സവര്‍ണ്ണ സിംഹാസനങ്ങളെ കടപുഴക്കി വീഴ്ത്തുമെന്ന പേടിയുടെ വിറയല്‍ കൊണ്ടോ ?
ഇതൊന്നുമല്ല അതിലെ നഗ്നമായ സത്യങ്ങളില്പ്പെട്ടു ഇന്നത്തെ സമകാലീന ലോകം മുങ്ങിത്താഴുമെന്ന വെളിപാടുകൊണ്ടോ?
ഈ സിനിമയിലെ മനുഷ്യര്‍ നല്‍കുന്ന ചില ചാട്ടവാറടികളുണ്ട്‌..അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ രോക്ഷം മാത്രമല്ല ഒറ്റയ്ക്കാകുന്നവന്റെ,ജീവിതത്തിന്‍റെ വഴികളില്‍ പൊരുതിമാത്രം അന്നം കിട്ടെണ്ടുന്നവന്‍റെ ..ജീവിതത്തിന്‍റെ തൃഷ്ണകളുടെ ..വെറും വാക്കുകളുടെ പൊള്ളത്തരത്തിന്റെ.. അതിലുമുപരിയായി എത്ര തേച്ചാലും വെളുക്കാത്ത അടിമ വര്‍ഗ്ഗമെന്നു ഇന്നും രഹസ്യമായി ആട്ടു കിട്ടുന്നവന്റെ ഉള്ളിലുള്ള കുത്തിനോവലിന്‍റെ .. അതില്‍ നിന്നുണരുന്ന ഒരു നൂറു  രോക്ഷത്തിന്റെ ശലഭങ്ങള്‍ നമുക്ക് ചുറ്റും പറക്കുന്നുണ്ട്‌ !

ഒറ്റയ്ക്കായിപ്പോകുന്ന ഒരു സ്ത്രീ എന്നും സമൂഹത്തിന്‍റെ ഇര ആണ് ,അവള്  ദളിത് ആകണമെന്നില്ല അവള്‍ ഒരു കാന്തം പോലാണ്, ചുറ്റും കാമത്തിന്റെ ഒരായിരം മുള്ളാണി  വലയം എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും ..അവള്‍ക്കു സ്വാഭാവിക തന്‍റെടം ഉണ്ടെങ്കില്‍ ആ വലയം കൂടുതല്‍ തീക്ഷ്ണമാകും.അവസരം കിട്ടിയാല്‍ ഈ മുള്ളാണികള്‍ മുഴുവന്‍ ആ കാന്തത്തിന്മേല്‍ ആഞ്ഞു പതിക്കും ,അവള്‍ വെറും കീറിപ്പറിഞ്ഞ മാംസകഷണമായിത്തീരും!
ഈ ചിത്രത്തില്‍ എത്ര തീക്ഷ്ണമായിട്ടാണ് ഒരു നിരാലംബയായ സ്ത്രീ ആക്രമിക്കപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്നത് !അതുകാണുന്ന ഓരോ വ്യക്തിയും ബാലാത്സംഗപ്പെടുകയാണ്!ബഹുമാനപ്പെട്ട censor board  നിങ്ങള്‍ നിഷേധിക്കുന്നത് ആ അനുഭവത്തിന്‍റെ വെളിപാടുകള്‍ ജനങ്ങളിലെത്തിക്കുവാനുള്ള മാര്‍ഗ്ഗത്തെയാണ് .സമകാലീന സംഭവങ്ങളുടെ കൂത്തരങ്ങാണിന്ന് ഇന്ത്യ !ഡല്‍ഹി ബലാത്സംഗ കൊലപാതകം തന്നെ ഒന്നാന്തരം തെളിവ് !ഈ ചിത്രം ഇപ്പോള്‍ പ്രദര്ശിക്കപ്പെടുകയാണെങ്കില്‍ അതിന്‍റെ യഥാര്‍ത്ഥ മൂല്യം ജനങ്ങളിലെത്തിയേനെ !
അവര്‍ണ്ണന്‍റെ കറുത്ത അവഗണന പേറുന്ന പശ്ചാത്തല നിറത്തിന് തന്നെ  നമ്മളോട് പറയാന്‍ നൂറു അര്‍ത്ഥങ്ങളുണ്ട് .1960കളില്‍ കേരളത്തില്‍ ആളിക്കത്തിയ നക്സലിസം ബാക്കിവച്ച നിലവിളിയായി ഇന്നും ഭൂമിയോ ജീവിതമോ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി,സവര്‍ണ്ണ മേധാവിത്വം ഇപ്പോഴില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും,ഓരോ മതവും പാമ്പിന്‍റെ ഉറ ഉരിയുന്നത് പോലെ ഓരോ ഋതുക്കളിലും ഉറ ഉരിഞ്ഞു കൂടുതല്‍ സവര്‍ണ്ണന്മാരായി സ്വയം ചമയുന്നുണ്ട് !കൂടുതല്‍ ആഡംബര ചിഹ്നങ്ങളും ,നിറങ്ങളും ,അടയാളങ്ങളും കൊണ്ട് അംഗബലം കൂട്ടി ശക്തന്മാരാകുന്നുണ്ട്.നാമെല്ലാം അതിന്‍റെ ഏതൊക്കെയോ ഭാഗങ്ങളും ആകുന്നുണ്ട് .ഈ ഭൂമി എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുക എന്നത് ഒരു വിദൂര സ്വപ്നം പോലുമല്ലാത്ത അവസ്ഥയില്‍ ഇനിയുമിനിയും അനേകം പ്യുപകള്‍ വിരിഞ്ഞ് ബുദ്ധശലഭങ്ങള്‍ എങ്ങും പൊങ്ങിപ്പറക്കട്ടെ അതിന്‍റെ ചിറകടിയുടെ അസ്വസ്ഥതയില്‍ ഒരു പക്ഷെ നിന്‍റെ കത്രിക നീ വലിച്ചെറിഞ്ഞ് അവരെ പറക്കാന്‍ അനുവദിക്കുമായിരിക്കും  അല്ലെ സെന്‍സര്‍ ബോര്‍ഡ്‌ ?

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...