ഒരു നിമിഷത്തിലെവിടെയോ വച്ച്
കണ്ടതാണ് ഞാനയാളെ ..
ഓടുന്ന ആ ബസ്സില്‍ വച്ചോ ..
പറക്കുന്ന ആ ട്രെയിനില്‍ വച്ചോ ..
അതോ എന്നെക്കടന്നു പോയ
ആ പച്ചക്കറി ചന്തയില്‍ വച്ചോ ?
എവിടെയോ ഒരു നിമിഷത്തിലെവിടെയോ ??
ഇന്നീ ചാര് ബഞ്ചിലിരുന്നു
ആർക്കുമല്ലാത്തൊരോര്‍മ്മയില്‍
നീയെനിക്ക് ആരൊക്കെയോ
കൂടിക്കലര്‍ന്നൊരാള്‍!
കിട്ടാത്തൊരു കപ്പ്
ചായപോലെയോ കുടിവെള്ളം
പോലെയോ ഉള്ളിലെന്തോ
ഒരിത് !
താഴെ കനാലില്‍
ചത്തു തൂങ്ങിക്കിടന്ന ആ
പെണ്‍കുട്ടിയെ ഓര്‍ക്കുമ്പോള്‍
നിന്നെക്കിട്ടാത്തതിലെനിക്ക്
ആനന്ദലബ്ധി !
നീയെന്നെ അതുപോലെ
അടിവസ്ത്രം കടിച്ചു കീറി
എന്‍റെ കുടല്‍മാല വലിച്ചു
പുറത്തിട്ടു എന്നെ ഈ
കറുത്ത വിഷജലം ഒഴുകുന്ന
പാപനാശിനിയിലെ
മറ്റൊരു പാപമാക്കില്ലെന്നു
എനിക്കെന്തുറപ്പ് !!?
അതുകൊണ്ട് നീയെനിക്കു
കിട്ടാത്ത പുളി പുളിച്ച മുന്തിരി !
ഹോ നിന്‍റെ നീലക്കണ്ണുകള്‍!
ഒരു വൈദ്യുത തരംഗം പോലെ
എന്നെച്ചുറ്റി പുളഞ്ഞു പോയ
നിന്‍റെ എരിയുന്ന നോട്ടം !
സീസറെയോ ചെഗുവേരയെയോ
ഓർമ തരുന്ന ഉറച്ച കണ്ണുകള്‍ !
പക്ഷെ നീ എന്നെ, ആ കൊന്നു തുലച്ച
പെണ്‍കുട്ടിയുടേത് പോലെ
ചുണ്ടും മുലയും
കൊറിച്ചു രസിക്കില്ലെന്നാരറിഞ്ഞു??
അതുകൊണ്ട് ആ നിമിഷത്തില്‍
നിന്നോടനുരാഗമുണ്ടായില്ലല്ലോ
എന്നൊരു ഞെട്ടുന്ന ആശ്വാസമെനിക്ക് !
ഒരു നിമിഷത്തിലെവിടെയോ വച്ച്
കണ്ടതാണ് നിന്നെ ..!
അതുകൊണ്ട് നീയെനിക്ക്
ഓര്‍മയിലെ ഷാജഹാന്‍ !
നിനക്ക് നീല തലപ്പാവ്
അതില്‍ ഇളകുന്ന തൂവല്‍ ഞാന്‍ !
നീയോടിക്കുന്ന വെളുവെളുത്ത
കുഞ്ചി രോമങ്ങളാറാടുന്ന കുതിര
മാറോടു ചേര്‍ന്ന് ഞാന്‍ കാമിനി !
നീ അരുതുകളെ പുറത്തു
നിര്‍ത്തുന്നവന്‍ ധീരന്‍ !
നീ പാവങ്ങള്‍ക്ക് അന്നം,
വച്ചു വിളംബാന്‍ ഞാനമ്മ !
നീ തലകൊയ്യുന്നതവരെ നിന്‍റെ
പെങ്ങളെക്കവര്‍ന്നവരെ..!
നീ ഒരു സൌഗന്ധികപ്പൂവ്അത് ചൂടുന്ന ഭാര്യ ഞാന്‍!
ഇനിയും പിറക്കാതെപോയൊരു
ഓര്‍മ നീ,എനിക്കേറ്റം പ്രിയപ്പെട്ട
പൗരുഷം പൂത്ത എന്‍റെ പൊന്നാങ്ങളേ !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !