നിന്‍റെ പാവാടത്തുംബുലഞ്ഞ
കാറ്റില്‍പ്പെട്ട് പോയതാണവന്‍..!
കാത്തിരുന്നിട്ടും കാണാതെ
പോയവന്‍!
കേള്‍ക്കാന്‍ കൊതിച്ചിട്ടും
പറയാതെ പോയവന്‍!
നിന്‍റെ മോഹങ്ങള്‍
കട്ടുറുംബുകള്‍ കട്ടുകൊണ്ടുപോയ
കല്‍ക്കണ്ടക്കനികള്‍..
തിരികെക്കിട്ടാത്തത് !
ഒരു നക്ഷത്ര മഴയില്‍
ഊര്‍ന്നിറങ്ങിവന്നൊരു നക്ഷത്രം
പറഞ്ഞ കഥയുണ്ട് :
അവന്‍ അറബിക്കടലിന്‍റെ
നാഥനായെന്നും
അവനു തോഴിമാരായി
ഒന്പതുകോടി മത്സ്യ കന്യകമാരുണ്ടെന്നും..
അതില്‍ അമരത്തിരിക്കുന്നവള്‍ക്ക്,
നിന്‍റെ മുഖമാണെന്നും!
അന്നുമുതല്‍ നീ
നിന്‍റെ കണ്ണ് നനച്ച്
ഉപ്പുനീര്‍ കുടിച്ചു തുടങ്ങി !
കുടിച്ചു കുടിച്ചു വീര്‍ത്തുപോയ
നിന്‍റെ വയറു കീറി
അവര്‍ ഒരുണ്ണിയെ എടുത്തു !
ഒരു കാണാക്കിനാവ് പോലെ
കറുത്തവന്‍ !
നീ വാര്‍ത്തു വെച്ചപ്പോള്‍
ഉരുണ്ടു പോയൊരു മുത്ത് !
അവന്‍ കൈയും കാലും
മെയ്യും വളര്‍ന്നൊരു
മണിമുത്തായപ്പോള്‍..
നീയറിഞ്ഞതോ !!?
അവനുമേതോ ഒരു തൂവെള്ളപ്പാവാട-
ച്ചരടില്‍ കുരുങ്ങിപ്പോയെന്ന് !
അവനുമൊരുനാള്‍ ,
കടലിലേയ്ക്കുരുണ്ട്
പോകാതിരിക്കാന്‍
നീ കെട്ടിയ മണല്‍ഭിത്തികളില്‍
മത്സ്യകന്യകകള്‍ ഉടലിട്ടടിച്ചതും
അതൊഴുകിക്കടലില്‍പ്പോയ്..
കൂടെയവനും !
കരയില്‍ നീ തിരതല്ലിയൊഴുകി ..
കടല്‍ നിന്നോട് പറഞ്ഞു,
അവന്‍ അറബിക്കടലിന്‍റെ
മുത്തുച്ചിപ്പിക്കൊട്ടാരത്തിലെ,
പവിഴ മുത്താണെന്ന്!
അവനു കടലിന്‍റെ നാഥന്‍റെ
മുഖമാണിന്നെന്ന്!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !