Friday, January 18, 2013

ഒരു മുട്ടക്കഥ !

 
ഞാന്‍ ഏറ്റവും കൂടുതല്‍ അനുഭവങ്ങള്‍ നേരിട്ടതും കണ്ടതും അറിഞ്ഞതും എല്ലാം എന്‍റെ കുട്ടിക്കാലത്തായിരുന്നു.അതിനു നൂറു നൂറു വൈവിധ്യങ്ങളുണ്ടായിരുന്നു..അതായിരിക്കാം എന്നെ ഭാവനയുള്ള അല്ലെങ്കില്‍ ഭാവനകളെ ആസ്വദിക്കുന്ന ഒരാളാക്കിത്തീര്‍ത്തത്.കുട്ടിക്കാലത്തെ വായനകള്‍ എന്നെ ഒരുതരം പുസ്തകപ്പുഴു ആക്കിത്തീര്‍ത്ത ഒരു സമയമുണ്ടായിരുന്നു..എന്ത് കിട്ടിയാലും വായിക്കുന്ന ഒരു സമയം ..അന്ന് നിറയെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു ..സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു ..!അതിനൊക്കെ സിനിമയിലും ചിത്രകഥയിലും മറ്റും ഉണ്ടാകാറുള്ളത് പോലെ ചില background effects ഒക്കെ ഇന്നും ഓര്‍മ്മയിലുണ്ട് ..നടക്കുന്ന വഴികളില്‍ വീണു കിടന്ന പൂവുകള്‍..മഴ..മഞ്ഞുത്തുള്ളികള്‍ നനച്ച പട്ടുപാവാട ,വയലിറമ്പിലെ ചില കാട്ടുപൂക്കള്‍..ഓണവെയില്‍..സ്ലേറ്റു തുടക്കുന്ന വേനപ്പച്ച..കാക്കപ്പഴം,മുരിക്കിന്‍പൂവ്,സില്‍വര്‍ഓക്കുകള്‍,മാബൂമണം..കണ്ണിമാങ്ങ
കിളിച്ചുണ്ടന്‍ മാബഴം ,കല്ലുപെന്‍സില്‍..അങ്ങനെ അങ്ങനെ പറഞ്ഞാലൊരിക്കലും തീരാത്തത്ര ആണ് ഓര്‍മ്മകള്‍..!സിന്ഡറല്ല കാലുതെറ്റി വീണതു പോലെ അത്ഭുത ലോകത്തേയ്ക്ക് വീഴാന്‍ എവിടാണൊരു  മട (കുഴി)യുള്ളതെന്ന് നോക്കി നടന്നൊരു സമയമുണ്ടായിരുന്നു..ഒക്കെ കഥ ആണെന്നറിയാമെങ്കിലും ചില ചുമ്മാ സന്തോഷങ്ങളില്‍ എപ്പോഴും ചിരിച്ചിരിക്കുന്ന മനസ്സുകള്‍ കുട്ടികളുടെത് മാത്രമാണല്ലോ !
അത്തരമൊരു രസകരമായ ഓര്‍മ ഞാന്‍ പറയാം :
വല്യ സംഭവമൊന്നുമല്ല വെറുമൊരു കൊച്ചു കള്ളത്തിന്റെ കഥ ,അന്ന് ഞാന്‍ സജിതയോടും സീനയോടും പ്രതിഭയോടുമൊക്കെ ഒപ്പം നാലില്‍ എത്തി .കാപ്പിസെറ്റ് ഗവ സ്കൂളില്‍'ആണ് പഠനം .കൂടെയുള്ളതെല്ലാം കില്ലാടികള്‍ ആണ്.രക്ഷയില്ലാത്ത ഗഡികള്‍(തൃശ്ശൂര് ബാഷെലൊന്നലക്കീതാണ് ട്ടാ )ഞങ്ങള്‍ കുട്ടികലെല്ലാരും തന്നെ ചോറ് കൊണ്ട് വരുന്നവര്‍ ആയിരുന്നു.വീട്ടില്‍ പോയി ഉണ്ട് വരാം എങ്കിലും ഉച്ച വെയിലിലെ ഓട്ടം ഒഴിവാക്കി കളിക്കാമല്ലോ എന്ന ചിന്ത ഞങ്ങളെ എല്ലാം ചോറ്റുപാത്രത്തിന്നുടമകള്‍ ആക്കി.ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുന്നത് വല്യ സന്തോഷത്തിലാരിക്കും എന്താണ് ഇന്നത്തെ സ്പെഷ്യല്‍ എന്നറിയാനുള്ള ആഗ്രഹം എല്ലാരേയും വട്ടത്തില്‍ ഇരുത്തിച്ചു !അങ്ങോട്ടും ഇങ്ങോട്ടും പങ്കു വയ്പ്പിച്ചു.എരിഞ്ഞപ്പോള്‍ കരഞ്ഞു ..സ്വാദോടെ കഴിക്കുമ്പോള്‍ ഒരു പിടി മതി വയറു നിറയാന്‍..എന്നും സമൃദ്ധി !പല രുചികള്‍..പല അമ്മമാരുടെ കൈപ്പുണ്യം കൂടിക്കലരുമ്പോള്‍ ആഹ !ഓര്‍ക്കാന്‍ തന്നെ എന്ത് സുഖം !അന്നീ ചൂടാറാ പാത്രങ്ങള്‍ ഒന്നുമില്ല,സ്റ്റീല്‍ പാത്രങ്ങള്‍ ആയിരുന്നു രംഗത്ത് ..ആറിയതെങ്കിലും ആരോഗ്യമുള്ള ഭക്ഷണങ്ങള്‍..!എന്നും താറാവ് മുട്ട പൊരിച്ചത് കൊണ്ട് വരുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ജിഷ .അവളുടെ വീട്ടില്‍ താറാവുകള്‍ ഉണ്ടായിരുന്നു.വല്ല്യ എമഖണ്ടന്‍  താറാവുകള്‍ !ഒന്നൊന്നര മുട്ട പൊരിച്ചതുണ്ടാകും എന്നും !ഞങ്ങളും കൂടും തിന്നാന്‍,എല്ലാരുടെയും പാത്രത്തില്‍ പലതരം വിഭവങ്ങള്‍ !പലതരം മണങ്ങള്‍ പറക്കുന്ന അന്തരീക്ഷം.മീന്‍ കൊണ്ട് വരാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തി ഞങ്ങളെല്ലാം അയിലയും ,ഏട്ടയും, വരാലും മറ്റും മറ്റും  പൊരിച്ചതും വറുത്തതും കൂട്ടി സുഖമായുണ്ടു പോന്നു .അങ്ങനിരിക്കെ ഒരു ദിവസം ജിഷയുടെ മുട്ട പൊരിച്ചത് അപ്രത്യക്ഷമായി !പാത്രം തുറന്നപ്പോള്‍ മുട്ട മണം അവശേഷിപ്പിച്ച് മുട്ട എങ്ങോ പോയ്മറഞ്ഞു !ജിഷയുടെ കുഞ്ഞിക്കണണ്കള്‍ ഗോട്ടി പോലുരുണ്ട് വന്നു..പിന്നെ സങ്കടം നിറഞ്ഞു. ..അവള്‍ ഞങ്ങള്‍ ഓരോരുത്തരെയും സംശയത്തിന്‍റെ കൊളുത്തിട്ടു വലിച്ചു നോക്കി ,ഞങ്ങള്‍ എല്ലാവരും പാത്രം നെഞ്ചോടു ചേര്‍ത്തു പറഞ്ഞു :
'ഇല്ല ..ഞങ്ങളല്ല ,ഞങ്ങള്‍ക്ക് നിന്‍റെ മുട്ടേടെ ആവശ്യോമില്ല!'
നീ ഞങ്ങള്‍ക്ക് തരുമ്പോ തിന്നൂന്നല്ലാതെ..ഞങ്ങള്‍ മോഷ്ടിക്കില്ല !
അവള്‍ക്കു ഞങ്ങളെ സംശയമില്ലായിരുന്നു ..എങ്കിലും ..?
എന്‍റെ കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞ ചെറിയൊരു ഉപാധിയില്‍ ഞങ്ങള്‍ കള്ളനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു ..തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു ,പക്ഷെ ജിഷയുടെ പൊരിച്ച മുട്ടകള്‍ ചില നെടുവീര്‍പ്പുകളുടെ കൊതിയടങ്ങലോടെ ഞങ്ങള്‍ക്ക് പിടിതരാതെ ആരുടെയോ വയറ്റിലെത്തിയിരുന്നു !പിന്നീടാണ് ഞങ്ങള്‍ നിരീക്ഷണം ഇന്റെര്ബെല്‍ സമയത്തേയ്ക്ക് കൂടി വ്യാപിപ്പിച്ചത് ..അന്നേരം എല്ലാവരും കൂട്ടത്തോടെ മൂത്രമൊഴിക്കാനായി ഓടിപ്പോകുമായിരുന്നു.ആരും ക്ലാസ്സിലില്ലാത്ത 10 മിനുട്ടുകള്‍ !ശരി ഞങ്ങള്‍ നാലുപേര്‍ ക്ലാസിനു പുറത്തു ഒളിച്ചിരുന്നു..അതാ ഒരുത്തി മാത്രം ക്ലാസ്സിനുള്ളില്‍,ആള്‍ ഒന്നുമല്ലാപ്പെട്ടു പുറത്തേയ്ക്ക് വന്നു ഞങ്ങള്‍ സൈഡ് ഭിത്തിയോട് ചേര്‍ന്ന് പതുങ്ങി ..അതാ അവള്‍ തിരിച്ചു പോകുന്നു ..ഞങ്ങള്‍ ഓടി പഴയ സ്ഥാനത്തെത്തി ..അവള്‍ പതുക്കെ ഞങ്ങളുടെ ബെന്ജിലെത്തി ഒന്നൂടി വാതില്‍ക്കലേയ്ക്കു നോക്കി പിന്നെ ജിഷയുടെ പെട്ടി (പഴയ അലുമിനിയം സ്കൂള്‍ പെട്ടി ഓര്‍മ്മയുണ്ടോ ?)തുറന്നു ചോറ്റുപാത്രം ധൃതിയില്‍ എടുത്തു പുറത്തു നിന്നേ മണം പിടിച്ചു ..തുറന്നു മുട്ട അപ്പാടെ എടുത്തു വായിലേയ്ക്ക് തള്ളി ..പുറത്തെയ്ക്കുന്തി നിന്ന കഷണം പറിച്ചെടുത്തു കൈയില്‍ വച്ച സമയം ഞങ്ങള്‍ എടുത്തു ക്ലാസ്സിലേയ്ക്ക് ചാടി വീണു ..'എടീ കള്ളീ ...."
പിന്നെ വായില്‍ വന്ന ഭള്ളു മുഴുവന്‍ ഒരു സഹതാപവും കൂടാതെ കോരിച്ചോരിഞ്ഞു !ജിഷ കോപത്തോടെ ആ ചോറുപാത്രം നിലത്തെറിഞ്ഞു ,തുപ്പി കരഞ്ഞു ..കാരണം അവളൊരു ആദിവാസി പെണ്‍കുട്ടി ആയിരുന്നു ..കുളിയും നനയും കുറവ് ..നന്നേ തടിച്ച പ്രകൃതം ആരോടും അധികം സഹവാസമില്ല ..അക്ഷരം അറിയാം പക്ഷെ എഴുതില്ല ,താത്പര്യവുമില്ല ..!
വിഷാദം തൂങ്ങിയ മിഴികള്‍..പേര് ഞാന്‍ പറയുന്നില്ല ..ആദിവാസികള്‍ ധാരാളം പഠിക്കുവാനുണ്ടായിരുന്നു ,അവരുടെ 90% യും ലക്ഷ്യം ഉച്ചക്കഞ്ഞി ആയിരുന്നു !കഞ്ഞിയും പയറും !ഈ കുട്ടിയ്ക്കും അത് മാത്രമായിരുന്നു ലക്‌ഷ്യം !
ഞങ്ങള്‍ ആര്‍ത്തലച്ചു മാഷിന്‍റെ അടുത്തെത്തി ..ജിഷ കോപത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു..മാഷ്‌ ഞങ്ങളോടെല്ലാം പുറത്തു നില്‍ക്കാന്‍ പറഞ്ഞു ശേഷം ആ കുട്ടിയോട് മാത്രം സംസാരിച്ചു .അതിനുശേഷം ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചു പിന്നെ ചോദിച്ചു :
നിങ്ങളില്‍ സസ്യഭുക്കുകള്‍ ആരെല്ലാമുണ്ട് ?
ആരുമില്ല !
നിങ്ങളില്‍ മുട്ട കഴിച്ചിട്ടില്ലാത്തവര്‍ ആരുണ്ട്‌ ?
ആരുമില്ല !
എങ്കില്‍ കേട്ടോളു ഈ കുട്ടിയുടെ വീട്ടില്‍ ശുദ്ധ സസ്യ ഭക്ഷണമാണ് ..അവള്‍ മുട്ടയുടെ മണം കേള്‍ക്കുന്നത് നിങ്ങളിലൂടെയാണ്..അവള്‍ക്കു കൊതി സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് അവള്‍ മുട്ട കട്ട് തിന്നത് ..നിങ്ങള്‍ അവളെ കഴിക്കാന്‍ കൂട്ടാറില്ലല്ലോ ?ഉവ്വോ ?
ആര്‍ക്കും ഉത്തരമില്ല ..!
അത് ..അവള്‍ കുളികൂല്ല സാറേ ..!ഞങ്ങള്‍ക്കറപ്പാ..
ഓ അതാണോ കാര്യം ?ശരി നാളെ മുതല്‍ അവള്‍ കുളിക്കും ഇല്ലേ ----?
അവള്‍ തലയാട്ടി..ഒന്നും മിണ്ടാതെ അവള്‍ നടന്നു പോയി !
ഞങ്ങള്‍ക്ക് എന്തോ ഒരു നിരാശ പടര്‍ന്നു ..
പാവം അല്ലെ?ശരിയാ ..ഞങ്ങള്‍ എല്ലാവരും സമ്മതിച്ചു .
പിറ്റേന്ന് ജിഷയുടെ പാത്രത്തില്‍ ഒരു മുട്ട കൂടുതല്‍ ഉണ്ടായിരുന്നു ..അവള്‍ അന്ന് കുളിച്ചു കുളിപ്പിന്നല്‍ കെട്ടിയിരുന്നു .ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നുണ്ടു .എല്ലാവരുടെയും കറികള്‍ അവള്‍ക്കു നല്‍കി ..അവള്‍ ആദ്യമായി ചിരിച്ചു കണ്ടു !ഞങ്ങളുടെ കറികള്‍ അവള്‍ അരുമയോടെ ആസ്വദിച്ചു കഴിച്ചു !ഞങ്ങള്‍ക്ക് പുറകില്‍ നിന്നും മാഷ്‌ എല്ലാം നോക്കി പുന്ജിരിക്കുന്നത്‌ ഞങ്ങള്‍ സന്തോഷത്തോടെ അറിഞ്ഞു .പക്ഷെ ആ ദിവസത്തിനു ശേഷം അവള്‍ എന്നത്തേയ്ക്കുമായി അപ്രത്യക്ഷയായി !!
ഞങ്ങള്‍ അതിശയിച്ചു കാരണം ആര്‍ക്കുമറിയില്ല .പണിയപാടിയിലെയ്ക്കു
(അവരുടെ വീടുകള്‍ സംഘം ആയിട്ടാണ്ള്ളത് അതാണ്‌ പാടി.വീടുകള്‍ക്ക് കുടി എന്നാണു അവരുടെ ഭാഷയില്‍ പറയുന്നത് -ലിപിയില്ലാത്ത അവരുടെ ഭാഷ സുന്ദരമാണ് അവര്‍ നന്നായി മലയാളവും സംസാരിക്കുമായിരുന്നു )ഞങ്ങള്‍ അങ്ങനെ പോകാറില്ലായിരുന്നു .പക്ഷെ ഒത്തിരി നാളുകള്‍ക്കുശേഷം ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ എത്താപ്പു കെട്ടിയിരുന്നു ..വയറിനു കുറുകെ ചുവന്നയൊരു ചുറ്റും ഉണ്ടായിരുന്നു .അവള്‍ വിവാഹിത ആയിരുന്നു!ആ ആഴ്ചയില്‍ അവള്‍ ഋതു ആയി എന്നും അതിനു പിറ്റേ ആഴ്ചയില്‍ അവളുടെ വിവാഹം നടന്നു എന്നും അവള്‍ നാണത്തോടെ, സന്തോഷത്തോടെ എന്നെ അറിയിച്ചു !ഒട്ടൊരത്ഭുതത്തൊടെ ഇതെല്ലാം കേട്ട് നിന്ന എനിക്കന്നു പ്രായം 9 വയസ്സേ ആയിരുന്നുള്ളു ..!!എന്താണീ സംഭവങ്ങള്‍ എന്ന് തെല്ലൊരു ആശ്ചര്യത്തോടെ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ വിട പറഞ്ഞു പോന്നു !
ഇന്നിപ്പോള്‍ ഓര്‍ക്കുമ്പോള്‍ അവള്‍ ആരെന്നു തിരിച്ചറിയാനാകാത്ത വിധം മങ്ങിപ്പോയിരിക്കുന്നു ഓര്‍മകളിലെ ചിത്രങ്ങള്‍ !!