Wednesday, December 25, 2013

നീലപൊന്മാൻ

എന്റെ തൂവൽച്ചിറകുകളിൽ
ആഴാതൊരു മഴക്കാലം
പെയ്യുന്നു  .
കൊക്കുകളിൽ ആത്മാവുപ്പടർത്തി
ഞാനീ തൂവലൊതുക്കുന്നു .
പറന്നുപോകാനുള്ള  സംവത്സരങ്ങൾ,
ചിറകടികളിൽ താളം കൊട്ടുന്നു.
കുത്തിപ്പുളയ്ക്കുന്നൊരു മീൻ പോലെ
ഒരു ജീവനെക്കോരി ഞാൻ
വിശപ്പിന്റെ  ആന്തൽ കുറയ്ക്കുന്നു.
സ്വപ്നങ്ങളുടെ നിറം പടർത്തി
തൂവലുകൾ വിതുർത്തി
ഞാൻ നിന്നെ വിളിക്കുന്നു .
ഒറ്റനോട്ടത്തിൽ
ഒരു നീലപ്പൊന്മാൻ പോലെ ജീവിതം .

Monday, December 23, 2013

വൃത്തിയുടെ വേലക്കാരി .


വീട്ടുവേലക്കാരി ,
അവൾ ആ വീട്ടിലേയ്ക്ക് വന്നാൽ
തന്റെ ചുരിദാറിന്റെ ദുപ്പട്ട ഊരി
കൃത്യതയോടെ മടക്കി വടക്കേ
സൂക്ഷിപ്പ് മുറിയുടെ അയയിൽ തൂക്കിയിടും .

പിന്നെ,
എല്ലാ ചവിട്ടികളും പെറുക്കിയെടുത്ത്
പുറത്ത് സൂര്യവെളിച്ചത്തിൽ
ഭംഗിയായി നിരത്തിയിടും .
നിറമുള്ള തുണികൾ
ബക്കറ്റിൽ നിന്നും വേർതിരിച്ചുമാറ്റി
വാഷിങ്ങ്മെഷീൻ കതകു തുറന്ന്
അതിലിടും.മുകളിലെ അറ തുറന്നു,
 സോപ്പുപൊടിയും മണം പടർത്തുന്നതും
തുണികളെ ഉണർത്താനുള്ളതുമായ
ഉത്തേജക മരുന്നുകളും
നിറച്ചടച്ചു മെഷീൻ ഓണാക്കിപ്പോരും .

പിന്നെ ,
ചൂലെടുത്ത് അവൾക്കേറ്റവും വെറുപ്പുള്ള
മാറാലകൾതൂത്തു നിലത്തിട്ട്
കൊരികയിലെയ്ക്ക് വാരി മാറ്റും .
നിലമടിക്കുമ്പോൾ,
കുഞ്ഞു യജമാനത്തിയുടെ
 ചിതറിക്കിടക്കുന്ന പാവകൾ പീപ്പികളെല്ലാം
അവളുടെ കളിസ്ഥലത്ത് വൃത്തിയിൽ
അടുക്കി ഒതുക്കി വെയ്ക്കും .
വലിച്ചെറിഞ്ഞു കിടക്കുന്ന തീറ്റി സാധനങ്ങൾ
ഒട്ടൊരു ഖേദത്തോടെ ,നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടെ തൂത്തുവാരി
കുപ്പത്തൊട്ടിയിലിടും.
ഊരി എറിഞ്ഞിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ
അവ കഴുകാനുള്ള ബക്കറ്റിലിടും .
ചിന്നിച്ചിതറിയ കൂമ്പാരം ചെരിപ്പുകൾ
തട്ടിലടുക്കി  മെനയ്ക്കു വയ്ക്കും .

പിന്നെ ,
യജമാനത്തിയുടെ മടക്കാനുള്ള തുണികൾ
ഇസ്തിരിയിട്ടപോലെ അടുക്കി
അലമാരയിൽ ഒതുക്കും .
യജമാനന്റെ പെർഫ്യും മണക്കുന്ന
നീളൻ ഷർട്ട്കൾ ഒരേ തട്ടിലും
പാന്റുകളും അടിവസ്ത്രങ്ങളും
മറ്റൊന്നിലും വയ്ക്കും .
കൈലെസുകൾ അടുക്കി
ഹാങ്ങറിൽ തൂക്കിയിടും.

പിന്നെ,
ബക്കറ്റിൽ എടുത്താൽ പൊങ്ങാത്തത്ര
വെള്ളം നിറച്ചു അണുനാശിനി കലക്കി
കുനിഞ്ഞു കിടന്നു തുണിമുക്കിപ്പിഴിഞ്ഞ്
തറ അമർത്തിത്തുടയ്ക്കും.
വരാന്തയിൽ ഇരിക്കുന്ന
തുടപ്പുകോലിൽ  മിഴിയുടക്കാതെ
സൂക്ഷിക്കും (കൊച്ചമ്മ്യ്ക്കു തുണി കൊണ്ട്
അമർത്തി തുടയ്ക്കണം ,എങ്കിലെ ചെളി പോകു എന്ന് )
നീളൻ വരാന്തകളും ,ചാരടിയും
തുടച്ചുണക്കുമ്പോൾ കൊച്ചുയജമാനത്തി
വലിയവായിൽ ചെറിയ വർത്താനങ്ങളുമായി
അവളെത്തേടി എത്തും  .
ഹോർലിക്സ് കലക്കിയ കൊഴുത്തപാൽ
എന്തിനോ വിറയ്ക്കുന്ന കൈയ്യോടെ
കുഞ്ഞുചുണ്ടിൽച്ചേർത്ത് കൊടുക്കും.
വീണ്ടും നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടവൾ പടിവാതിലിൽ
യജമാനത്തിയുടെ വരവും കാത്തിരിയ്ക്കും .

പിന്നെ,
അന്നത്തെ നൂറ്റൻപതു രൂപ
 തിടുക്കത്തിൽ വാങ്ങി ,
ഒരു ബക്കറ്റിൽ ആടിനുവേണ്ടി
നീക്കിവച്ച കഞ്ഞിവെള്ളവും ,
പെറുക്കിമാറ്റിയ ചിരട്ടയും ,
മകൾക്കുവേണ്ടി കിട്ടിയ പഴയ
കുപ്പായവും പേറി വീട്ടിലേയ്ക്ക്.
വീട്ടരുകിൽ കൂടിനിന്ന അഞ്ചാറു പേർ
അവളെ സഹതാപത്തോടെ നോക്കുന്നു .
അങ്കലാപ്പോടെ ആ ബലമില്ലാത്ത
പ്ലാസ്റ്റിക് വാതിലിൽത്തള്ളി
വീട്ടിലെയ്ക്കവൾ ഓടിക്കയറി.
ഇരുട്ടിലെ മാറാലയിൽ നിന്നും
കൈയും കാലും കൂട്ടിക്കെട്ടിയൊരു
മരണം വിശപ്പോടെ,വേദനയോടെ
അമ്മെ അമ്മേ എന്ന് നിലവിളിച്ചു .

 

Sunday, December 22, 2013

ഓ നിന്റെ കണ്ണുകൾ എന്നിൽ ചിത്രം വരച്ചപ്പോഴാണ് ഓമനേ ,ഈ ഭൂമിയൊരു സ്വർലോകം പോലെ പൂത്തുലഞ്ഞു പരിമളം വഴിഞ്ഞൊഴുകിയത് ,അതിന്റെ പ്രഭാവലയത്തിൽപ്പെട്ടു ഞാൻ ആടിയുലയുന്നൊരു മന്ദാരപ്പൂവായിപ്പോയി എന്നൊക്കെ എഴുതാൻ എനിക്ക് പറ്റാഞ്ഞിട്ടല്ല .പക്ഷെ അത്തരം എഴുത്തുകളുടെ (പൈങ്കിളി എന്ന് പറയാൻ കാരണം ഈ പ്രയോഗങ്ങൾ പക്ഷെ കൂടുതൽ തരള ഹൃദയങ്ങളോട് ചേർന്ന് നില്ക്കുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കു തോന്നുന്നു ) വൈകാരികതയോട് ചേർന്ന് നില്ക്കാൻ എനിക്കൊരിക്കലും സാധിച്ചിട്ടില്ല .സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ഞാൻ കാണാതെ തിരുകിവയ്ക്കുന്ന പ്രണയലേഖനങ്ങളിൽ ആ പാവപ്പെട്ട കുട്ടിപ്രേമനായകൻ വിവരിച്ചെഴുതുമായിരുന്നു : 'ഓമനേ സായന്തന സൂര്യൻ അങ്ങു പടിഞ്ഞാറ് മായുമ്പോൾ നീ നടന്നു പോകുന്നു ,നിന്റെ മുഖം അസ്തമയ സൂര്യന്റെ പൊൻ വെളിച്ചം തട്ടി മറ്റൊരു സൂര്യകാന്തി പോലെ ..എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ '   ഇത്തരം വിവരണങ്ങൾ എനിക്ക് അസഹനീയവും ഓക്കാനം വരുത്തുന്നതുമായിരുന്നു .അതുകൊണ്ട് തന്നെ പ്രേമനായകൻ അവിടെ  ദയനീയമായി പരാജയപ്പെടുന്നു .മറിച്ച്, 'എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്' എന്നൊരു അലംഘനീയമായ ഉത്തരത്തിൽപ്പെട്ടു ശ്വാസം മുട്ടിപ്പോയ കൗമാരത്തിലെ ആദ്യ പ്രണയം ഒരു പുഞ്ചിരിയോടെ ഓർത്തെടുക്കാനാകുന്നു .. ഇന്നും എനിക്ക് ഇഷ്ടവും പ്രണയവും വളച്ചൊടിക്കാത്ത സുഗന്ധം പൂശാത്ത നേരെവാ നേരെ പോ പ്രയോഗങ്ങളാണ് .ഒരു പക്ഷെ എന്റെ അക്ഷരങ്ങൾക്ക് മൂർച്ചയാണെന്ന് നിങ്ങൾക്ക് തോന്നുന്നതും ഇതുതന്നെയാകാം .

മനസ്സറിവുകളുടെ സാമാന്യ നിയമങ്ങൾ !

ഒരിക്കലും ഞാൻ എഴുതുകയില്ല എന്ന് നിനച്ചിരുന്ന അനുഭവമാണെനിക്കിത് ,പക്ഷെ എഴുതുക എന്നതുകൊണ്ട്‌ ഒരു മനസ്സിനെയെങ്കിലും തിരുത്തുവാനായാൽ അത് നല്ലതെന്ന് തോന്നി കുറിക്കുകയാണ് .

എന്റെ ബിരുദ പഠന കാലം,തിരുവനന്തപുരം.ലോകത്തിൽ വച്ച് ഏറ്റവും വൃത്തിഹീനമെന്ന് എനിക്കന്നു തോന്നിയ ഒരു സ്ഥലം എന്റെ ഹോസ്റ്റൽ ആയിരുന്നു .കാരണം ഞാൻ ജീവിതത്തിന്റെ പച്ചയിൽ നിന്നും അതായത് അമ്മയിൽ നിന്നും അച്ഛനിൽ നിന്നും സഹോദരിയിൽ നിന്നും അകന്നു കഴിയുന്ന ആദ്യ സമയം ! ചെന്ന് ചേർന്ന ഹോസ്റ്റൽ കോളേജിൽ നിന്നും തൊട്ടടുത്തെങ്കിലും തികഞ്ഞ തന്തോന്നികളുടെ വിളഭൂമിയായ ഒന്നായിരുന്നു .അത് മനസ്സിലാക്കി ആറു മാസങ്ങൾക്കുള്ളിൽ ഞാൻ അവിടെ നിന്നും കേരള വർക്കിംഗ്‌ വിമൻസ് അസ്സോസിയേഷൻ ഹോസ്റ്റൽ ലേയ്ക്ക് മാറി .പക്ഷെ ഇത് സംഭവിക്കുന്നത്‌ ആ മാറ്റത്തിന് തൊട്ടു മുൻപാണ് .നീണ്ട നാല് വർഷങ്ങൾ മുന്പിലുള്ളതുകൊണ്ട് താമസ സ്ഥലം വീടുപോലെ തന്നെ ആകുമെന്നറിയാമായിരുന്നു .പഠിക്കുന്നത് ഫൈൻ ആര്ട്സ് ലായതിനാൽ കലാകാരന്മാർ മുഴുവൻ കഞ്ചാവും കള്ള്മടിക്കുന്നവരാണെന്ന വികലമായ ചിന്താധാരകളെ തൃപ്തിപ്പെടുത്താനാകാതെ ഏറെ ബുദ്ധിമുട്ടിയ ഒരു സമയം കൂടിയായിരുന്നു അത് .പക്ഷെ ജീവിതത്തിന്റെ മൊത്തം അടിത്തറ കെട്ടിയത് ആ കോവിലിൽ നിന്നും തന്നെയാണ് ,പൊട്ടിച്ചിരിയും ,നിറങ്ങളും ,സംഗീതവും ,പ്രണയവും ,വിരഹവും എല്ലാം കൂടിക്കലർന്ന് എന്നെ ഞാനാക്കിയതും ആ പച്ചിലകൾ മൂടിയ രാജകൊട്ടാരത്തിനുള്ളിലെ നനുത്ത തണുത്ത ക്ലാസ്സ്‌ മുറികളിൽ നിന്നുമാണ് ..!അവിടെ നിന്നും ഒന്നും പഠിക്കാതെ ഞാൻ പഠിച്ചതും ഇതെല്ലാം മാത്രമായിരുന്നു !

കൂട്ടുകാർ എന്നത് വെറും ആക്സ്മികങ്ങളായ കണ്ടുമുട്ടലുകൾ അല്ല എന്നെനിക്കു ഉറപ്പിച്ചു പറയാൻ കഴിയുന്നതും വേറൊന്നുകൊണ്ടുമല്ല ,അത്തരമൊരു ആകസ്മിക സൗഹൃദം എന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റി മറിച്ചൊരു സമയമുണ്ടായിരുന്നു .ഹോസ്റ്റൽ നന്നല്ലെങ്കിലും അതിലെ ഒരുപാട് നന്മകളെ ഞാനിന്നുമോർക്കുന്നു !അവരുടെയൊക്കെ പേരുകൾ കല,സിന്ധു ,ഷീബ തുടങ്ങി അങ്ങനെ പോകുന്നു ,ബി എഡ് പഠിക്കാനെത്തിയ പാവം ചേച്ചിമാർ .അവിടെ ഒരുമുറിയിൽ മിണ്ടാത്ത കണ്ടാൽ കൊല്ലാൻ വരുന്ന പോലുള്ള ഒരുത്തിയുടെ കൂടെ ഞാൻ എന്റെ വാസം തുടങ്ങി .എന്റെ തൊട്ടു  സീനിയർ എങ്കിലും എന്നേക്കാൾ 8 വയസ്സിനു മൂപ്പുണ്ടായിരുന്നു അവൾക്ക് .തലമുടിയൊക്കെ പറ്റെ മുറിച്ച് ആണ്‍കുട്ടികളെ പോലെ ജീൻസും ഷർട്ടും അതിനു മുകളിൽ ഓവർക്കൊട്ടുമിട്ടു തലയിലൊരു തൊപ്പിയും വച്ച് അവൾ രാവിലെ കൊളേജിലെയ്ക്ക് എനിക്ക് മുൻപേ പോകും .ഒരക്ഷരം മിണ്ടില്ല .വരുമ്പോഴും അവൾ എന്നെ ശത്രുതയോടെ നോക്കി .അവളുടെ ബക്കറ്റുകളിൽ നെയിൽ കളറുകൾ കൊണ്ട് പേരെഴുതി വച്ചു ,ചിരിക്കാൻ ശ്രമിക്കുന്ന എന്നെ അവൾ അറപ്പോടെ നോക്കി!എനിക്ക് അവിടുള്ള വൃത്തിഹീനമായ കക്കൂസുകൾ കണ്ടു ഛർധിയായിരുന്നു പണി ..വൃത്തിയുടെ തത്സ്വരൂപമായിരുന്ന വീട്ടിൽ നിന്നും വന്ന എന്നോടവൾക്ക് പുച്ഛം !പീറപ്പെണ്ണ്‍.. ഞാനും അവളെ വെറുപ്പുകൊണ്ട്‌ മൂടി വച്ചു !

ഞാനവളെ തീരെ ശ്രദ്ധിക്കാതെയായി.എനിക്ക് എന്റേതായ നിലപാടുകൾ അന്നും എന്നും ഉണ്ടായിരുന്നു .അതിൽ കൈകടത്തുവാൻ ഞാൻ ആരെയും അനുവദിച്ചിരുന്നുമില്ല.പക്ഷെ ആകസ്മികമായി പനിപിടിച്ചു തളർന്നുപോയ അവളെ അനുകമ്പയോടെ പരിരക്ഷിച്ചത് ഞാൻ തന്നെയായിരുന്നു .വളരെ ശ്രദ്ധയോടെ എന്നാൽ സ്നേഹം തെല്ലും അമിതമായി വാരിക്കൊരിയൊഴുക്കാതെ ഞാൻ അവൾക്കുള്ള മരുന്നുകളും ഭക്ഷണവും കൃത്യത്തിൽ എത്തിച്ചു .അവൾ എന്റെ കൈയിൽ പിടിച്ചു പൊട്ടിക്കരഞ്ഞു ,നീ ആരാണ് ,എത്ര ഭംഗിയായി ഒരാളെ  അതും വൃത്തികെട്ട ഒരുത്തിയെ നിനക്കെങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞു ?അവൾ പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു .പിന്നീട് ഒന്നിച്ചുള്ള ഒരു ചിരിയിൽ ഞങ്ങൾ സുഹൃത്തുക്കളായി .അവൾ എന്റെ പെട്ടികൾ അവൾ അടക്കി വച്ചിരുന്ന അധിക സ്ഥലത്തേയ്ക്ക് നീക്കിയിട്ടു ,മേശകൾ ഒന്നിച്ചിട്ട് രണ്ടുപേർക്കും assignment കൾ ഒന്നിച്ചു ചെയ്തു തീർക്കാൻ പറ്റും വിധമാക്കി ,അസാമാന്യ കലാകാരിയായിരുന്ന അവൾ കൊത്തിയുണ്ടാക്കിയ ശിൽപ്പങ്ങൾ സ്നേഹത്തോടെ എനിക്ക് മുൻപിൽ തുറന്നു വച്ചു .അവൾ ജീവിതത്തിൽ ഏറ്റം വെറുത്ത ആൾ, അവളുടെ അച്ഛൻ കൊടുത്ത ആ വലിയ വിദേശനിർമ്മിത ക്യാമറ അവൾ പേടികൂടാതെ എന്റെ റാക്കിൽ തൂക്കിയിട്ടു .എന്റെ വൃത്തിയ്ക്കടുക്കിയ വസ്ത്രങ്ങൾക്കടുത്ത് അവൾ ആദ്യമായി ഒരു സൽവാർ എടുത്തുവച്ചു .പിന്നെ നീളത്തിൽ വെട്ടിയ കുറെ തുണികൾ പെട്ടിയിൽ നിന്നും കിടക്കയിലേയ്ക്ക് വാരിയിട്ടു ,കൂടാതെ ഒരുപാട് നൂലുകൾ സൂചികൾ എല്ലാം !എനിക്കൊന്നും മനസ്സിലായില്ല .തന്റെ വശ്യമായ വലിയ നീണ്ട മിഴികളിൽ വശ്യത മാത്രമെന്ന് ഞാൻ പൊട്ടിച്ചിരിച്ചപ്പോൾ അവൾ എന്നെ കൌതുകത്തോടെ നോക്കി ,പിന്നെയെന്തിനൊ പൊട്ടിക്കരഞ്ഞു ..തന്റെ ചീത്തകളെ അവൾ എന്റെ മുൻപിൽ കുംബസാരിച്ചിറക്കി .നിശബ്ദതയ്ക്ക് എന്ത് സൗന്ദര്യമാണെന്നവൾ എന്റെ മുഖം പിടിച്ച് സൂക്ഷിച്ചു നോക്കി പറഞ്ഞു .നിനക്കെങ്ങനെ ഇങ്ങനെ ആഡ്യത്വത്തോടെ പെരുമാറാൻ കഴിയുന്നു എന്ന് പരിതപിച്ചു ..പിന്നെ ആ തുണികളെടുത്തു ഒന്നും മിണ്ടാതെ തുന്നുവാൻ തുടങ്ങി ..നീണ്ട രണ്ടു ദിവസങ്ങൾ അവൾ തുന്നുന്നത് ഞാൻ കണ്ടു .മൂന്നാം ദിവസം രാവിലെ ഞാനുണർന്നപ്പോൾ അവളില്ല ,അൽപ്പം കഴിഞ്ഞവൾ നീണ്ട പറന്നു നിൽക്കുന്ന പാവാടയും അതിനു മുകളിൽ ഏതൊരു ഡിസൈനർ റെയും വെല്ലുന്ന ഒന്നാംതരമൊരു ജാക്കറ്റുമിട്ടു എന്റെ മുൻപിൽ വന്നു !കൈകൊണ്ടു തുന്നിയതാണ് !എന്റെ അന്തം വിടലിൽ അവളിലെ കലാകാരി പൊട്ടിച്ചിരിച്ചു !അതിശയകരമാം വിധം ദൈവം തൊട്ട കൈകൾ അവൾക്കുണ്ടായിരുന്നു !

അവളിലെ സ്ത്രീയെ ഞാൻ ഉണർത്തി എന്നവൾ ആവർത്തിച്ചുകൊണ്ടെയിരുന്നു ,ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ എന്നപോലെ അവൾ എന്റെ ഇടതുകൈയ്യിൽ എപ്പോഴും മുറുക്കിപ്പിടിച്ചു .കോളേജിലെത്തി ഞങ്ങൾ രണ്ടുവഴിക്കാവും വരെ അവൾ അത് തുടർന്നു പോന്നു .ഒരുദിനം അർദ്ധരാത്രിയിൽ ചെറിയ എന്തോ ഒരൊച്ച എന്നെഉണർത്തി,ഞാൻ കണ്ണുകൾ തുറക്കുന്നത് തീരെ അവ്യക്തമായ വെളിച്ചത്തിലെയ്ക്കാണ് ,ആ വെളിച്ചമാകട്ടെ എന്നെ കാണിച്ചു തന്നത് കഴുത്തിന്‌ തൊട്ടു മുകളിൽ എത്തി നില്ക്കുന്ന മരണത്തെയും!അവൾ എന്റെ കഴുത്തിന്‌ മുകളിൽ  ഒരു ഉളിയുമായി നില്ക്കുന്നു ..കൂമ്പിയ കണ്ണുകൾ !ശരീരത്തിന് അസാധാരണമായൊരു ബാലൻസ് !ഭയം എന്റെ തൊണ്ടയെ ഞെക്കിക്കൊന്നു !ഞാൻ ഒച്ചയിട്ടാൽ ഉളി എന്റെ കഴുത്തിൽ കയറും ,ചിന്തിക്കാൻ പോലും സമയമില്ല അവൾ നേരിയ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു 'കൊല്ലും ,നിന്നെ ഞാൻ കുത്തിക്കൊല്ലും 'എന്തോ ഒരുൾ പ്രേരണയാൽ ഞാനവളെ പേര് ചൊല്ലി വിളിച്ചു ..ഉളിയിരുന്ന കൈത്തണ്ടയിൽ ഞാൻ മുറുകെപ്പിടിച്ചു തള്ളിമാറ്റി ,അവൾ ശക്തിയായി നടുങ്ങുന്നത് ഞാൻ കൈകളിൽക്കൂടി അനുഭവിച്ചറിഞ്ഞു !വലിയൊരു നിലവിളിയോടെ അവൾ കിടക്കയിലേയ്ക്ക് മറിഞ്ഞു വീണു. പിന്നെ ഭ്രാന്തിയെപ്പോലെ ഉച്ചത്തിൽ അലറാൻ തുടങ്ങി ,ആരെയൊക്കെയോ പേര് ചൊല്ലി വിളിച്ച് അലറിക്കൊണ്ടിരുന്നു .ഞെട്ടിത്തരിച്ചു ശ്വാസം നിലച്ച ഞാൻ പേടിയോടെ വാതിൽ തുറന്ന് അടുത്തുള്ള ഡോർമെട്രിയുടെ വാതിലിൽ ശക്തിയിൽ അടിച്ചു നിലവിളിച്ചു ,എല്ലാവരുമെത്തി. അവളെ അടക്കി നിർത്താനാകാത്തവിധം അക്രമാസക്തമാകുന്നത് ഞാൻ കരച്ചിലോടെ കണ്ടു നിന്നു !

അന്നൊരു മഴ രാത്രിയായിരുന്നു ,കൂറ്റാക്കൂറ്റിരുട്ട് ,അലറുന്ന തുള്ളിക്കൊരു കുടം പെയ്യുന്ന മഴ ! ആ ഹോസ്റെലിന്റെ വാർഡൻ ഒരു റിട്ടയേഡ് പോലീസുകാരി ആയിരുന്നു ,എന്നിട്ടും അവർക്ക് സാമാന്യ നിയമങ്ങളുടെ ബാലപാഠം പോലുമറിയാത്ത ,കരുണ തൊട്ടു തീണ്ടാത്ത മനസ്സായിരുന്നു .അവർ ആ രാത്രിയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാദ്ധ്യമല്ല എന്ന് തീർത്ത്‌ പറഞ്ഞു .എന്റെ കൂട്ടുകാരിയെ തുണിയാൽ ബന്ധിച്ചു കിടത്തിയിരിക്കയായിരുന്നു .അവളുടെ കണ്ണുകൾ മുകളിലോട്ടു മറിഞ്ഞു പോകുന്നത് ഇടയ്ക്കിടെ എന്നെ ഞെട്ടിപ്പിച്ചു ,ഒടുവിൽ എന്റെ ബന്ധുവായ സഹോദരന്റെ നിർദ്ദേശത്തെ തുടർന്ന് (അദ്ദേഹം ഈ വാർഡന്റെ മേലുദ്യോഗസ്ഥൻ ആയിരുന്നതിനാൽ മാത്രം ) ഞങ്ങളെ ,പിറ്റേന്ന് പരീക്ഷ എഴുതേണ്ട പാവം സിന്ധു ,കല ചേച്ചിമാരുടെ അകമ്പടിയോടെ എന്റെ സഹോദരന്റെ ഔദ്യോഗിക വാഹനത്തിൽ തന്നെ ഹൊസ്പിറ്റലിലെയ്ക്കു വിട്ടു .അകമ്പടിക്ക്‌ അവരും വന്നു ഒക്കാനത്തോടെ ! മൂന്നു സ്വകാര്യ ആശുപത്രികൾ നിഷ്കരുണം തള്ളിക്കളഞ്ഞു ഞങ്ങളെ !നാലാമത് അർദ്ധരാത്രി പന്ത്രണ്ടരയോടടുത്തു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവളെ അഡ്മിറ്റാക്കി !ആ രാത്രിയിൽ ഒരു മുറിയും കിട്ടാതെ അവൾ പരിശോധനാ വാർഡിന്റെ തിണ്ണയിൽ കിടന്നു ,വന്ന വാർഡൻ ഒരു ദയയുമേശാതെ വന്നതുപോലെ മടങ്ങി ! അതുപോലെ  വന്ന അധ്യാപകരും !കൂടെ നല്ല സുഖമില്ലാത്ത സിന്ധുവേച്ചിയെ ഞാനും കലച്ചേച്ചിയും ഉന്തിത്തള്ളി പറഞ്ഞുവിട്ടു .ഞാനൊരു ഡോക്ടരെത്തേടി ആശുപത്രിയുടെ മുഴുവൻ നിലകളും കയറിയിറങ്ങി ,ഒരാൾ 'വേറെ പണിയൊന്നുമില്ലേ 'എന്ന് എന്നെ ചീത്ത വിളിച്ചു ,അയാളോട് 'താൻ മനുഷ്യനാണോ ഡോക്ടറെ ' എന്ന് ഞാനും അലറി .അതുകെട്ടിട്ടാകാം മനസ്സില്ലാ മനസ്സോടെ അയാള് വന്നു നോക്കി .അവളെ ഒൻപതാം വാർഡിലാക്കി-ഒന്പതാം വാർഡ് !

നിങ്ങൾക്കറിയുമോ അന്ന് ഒൻപതാം വാർഡ്‌എന്നാൽ നരകം എന്നതായിരുന്നു സത്യം !തെരുവിൽ നിന്നും പുറമ്പോക്കുകളിൽ മറ്റും കൊണ്ടുവന്ന പാവങ്ങൾ, മനോരോഗികൾ !മലവും മൂത്രവും ,ചലവും ഒരുപോലോഴുകുന്ന തറ ,മുകളിൽ നിന്നും ചോരുന്ന മേല്ക്കൂരയ്ക്ക് താഴെ ആരോരും നോക്കാനില്ലാത്ത വെറും പുഴുക്കൾ !അവിടെയ്ക്കവളെ കിടത്താൻ ഞാൻ സമ്മതിച്ചില്ല ,എനിക്ക് പറയാൻ വാക്കുകളില്ല ആ ദുരവസ്ഥയെപ്പറ്റി .ഒരു വലിയ രോഗങ്ങളുടെ തോപ്പിൽ അകപ്പെട്ട ഈയാം പാറ്റകളെപ്പോലെ ഞങ്ങൾ ശൂന്യരായി ആ ഇടനാഴിയിൽ നിന്നു !കൈയ്യിൽ വെള്ളം വാങ്ങാൻ പോലും കാശില്ല. എല്ലാവരും പഠിക്കാൻ വന്നവരാണ് .എന്റെ കൈയിൽ എന്നും സൂക്ഷിക്കുന്ന അധിക കാശ് അഞ്ഞൂറ് രൂപയ്ക്ക് അപ്പോൾ തന്നെ മരുന്ന് വാങ്ങിക്കൊടുത്തിരുന്നു ,പിന്നെ ശൂന്യ !എന്ത് ചെയ്യണമെന്നറിയില്ല ,പിറ്റേന്ന് പരീക്ഷയുള്ള ഒരു പാവം ചേച്ചി എനിക്കും അർദ്ധബോധം പോലുമില്ലാത്ത ഒരുത്തിയ്ക്കും തുണ !പതിനെട്ടുവയസ്സാണന്നെനിക്ക്. അന്ന് മൊബൈൽ ഫോണുകൾ ഇറങ്ങിത്തുടങ്ങിയതെയുള്ളൂ. ഞങ്ങള്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത കാര്യം !കൈയ്യിലെ തുട്ടു കാശുകൊണ്ട് ഞാൻ ഏട്ടനെ വിളിച്ചു ,എന്റെ ലോക്കൽ ഗാർഡിയൻ കൂടിയാണ് ചേച്ചിയും ഏട്ടനും .ഉള്ള കാര്യങ്ങൾ പറ്റാവുന്ന രീതിയിൽ പറഞ്ഞു ,അദേഹം ആരെയോ വിളിച്ചതിന്റെ ഭാഗമായി രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ വാർഡിലേയ്ക്ക് മാറി ,പിന്നീട് രണ്ടു ദിവസത്തിനകം ഒരു മുറിയും !എന്തൊരു കഷ്ടമാണീ ലോകത്തിന്റെ പോക്ക്, പാവങ്ങൾക്ക് ഗതിയും പരഗതിയുമില്ല ഒരിക്കലും ഒരിടത്തും ! അവളുടെ ആളുകൾ വരികയും അവളെ കൊണ്ടുപോവുകയും ചെയ്തു ,രണ്ടു മാസത്തെ ചികിത്സയാൽ അവൾ മിടുമിടുക്കിയായി തിരിച്ചെത്തിയപ്പോഴേയ്ക്കും ഞാൻ ഹൊസ്റ്റൽ മാറിയിരുന്നു..പക്ഷെ കോളേജിൽ നിന്നും ഞങ്ങൾ കണ്ടുപോന്നു .ഈ ഒൻപതാം വാർഡ്‌ പിറ്റെ മാസം ലോകമറിയുകയും ,മാധ്യമങ്ങൾ കൊണ്ടാടുകയും ,ആരോഗ്യമന്ത്രി വരികയും ,കൊലാഹലമാകുകയും പിന്നീട്പുതുക്കിപ്പണിയുകയും ചെയ്തെന്നു കേൾവി !എന്റെ കൂടെ അന്നുണ്ടായിരുന്നവർക്കറിയാം ഞാൻ എഴുതിയതിലും എത്രയോ ഭീകരമായിരുന്നു ആ അവസ്ഥ എന്ന് ,സഹജീവികൾ കരുണ ഉള്ളവരല്ലെങ്കിൽ മരണസുന്ദരി നമ്മുടെ കൈപിടിച്ച് നൃത്തം വച്ചോമനിച്ചു നമ്മെ കൊണ്ടുപോകുന്ന അവസ്ഥകൾ ധാരാളമാണ് ,അപ്പോൾ അവളെ തിരികെ വിടുക, പോകേണ്ടുന്ന സമയം മാത്രം ഒരു ഗാഡാലിന്ഗനത്തോടെ അവളെ അറിയുക !ജീവിതം പൂക്കളും നിറങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളും നിറഞ്ഞതാക്കുന്നത് നാം തന്നെയാണ് വേറെയാരുമല്ലതന്നെ !

Friday, December 20, 2013

നീ എന്നെ നോക്കിയതിൽ-
പ്പിന്നെയാണ് ,
ഞാൻ എന്നെ പ്രണയിച്ചു
തുടങ്ങിയത് .
ഈ കണ്ണാടിയിൽ
ഞാൻ നിന്നെക്കാണുന്നു .

സ്വപ്‌നങ്ങൾ പങ്കുവച്ച നിശബ്ദതയെക്കാൾ
എത്ര ഭംഗിയായിരിക്കുന്നു
യാഥാർത്ഥ്യങ്ങളുടെ വറവുചട്ടികൾ ..

Wednesday, December 18, 2013

അർത്ഥാശങ്കയ്ക്കു വിരാമമുണ്ടാകുവാൻ
അഗ്നിഹോത്രാതി ചെയ്യുന്നിതു ചിലർ
                                                      (കൃഷ്ണ കൃഷ്ണ മുകുന്ദാ ..)
നീണ്ട 22 വർഷം ആശങ്കയിലായിരുന്നിരിക്കണം,പാവം ഇനിയിപ്പം ആശങ്കമാറി ഒരിരുപത്തിരണ്ടു വർഷം അദ്ദേഹവും കിടക്കട്ടെ ജയിലിൽ എന്താ ?
ഡിങ്കാ ..മായാവീ ..അല്ല മജ്ജയും മാംസവുമുള്ള ഒരാറാം തമ്പുരാനും അന്യനും വരില്ല ഇതിനൊന്നും ..ഇനീപ്പം ഇതുതന്നെ തുണ :ഓം ഹ്രീം കുട്ടിച്ചാത്താ ഓം ..

(അടിക്കുറിപ്പ് : എത്ര കുറ്റവാളികൾ രക്ഷപെട്ടാലും ഇവിടെ ഒരു നിരപരാധി പോലും രക്ഷപെടരുത് .തൂക്കിക്കൊല്ലണം എല്ലാറ്റിനേം ! )

Monday, December 16, 2013

കണ്ടു കണ്ടു നടത്തിയ പ്ലീനത്തെ
കണ്ടില്ലെന്നു പറയുന്നിതു ചിലർ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുൻപേ കൊണ്ടങ്ങറിയുന്നിതു ചിലർ!
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ
ചക്കിപ്പാരയോ  പ്ലാച്ചിയോ  പാഹിമാം !

Sunday, December 8, 2013

ചില സായന്തനങ്ങൾ കടലെടുക്കുന്നതിങ്ങനെയാണ് .

പകലറുതികളിൽ അടർന്നു
പോകുന്ന രക്തപുഷ്പം പോൽ
സൂര്യൻ
സ്വപ്ന സമാന സാഹചര്യങ്ങളിൽ
അക്കരെക്കുന്നിൽ
ഒരു മരം ഇല പൊഴിക്കുന്നു .
ഇപ്പുറം നോക്കിയാൽ 
അപ്പുറം കാണാനാകാത്ത
മറ പിടിക്കുന്ന മര ഉടൽ !

അലസനായി നടക്കുന്നീയൊരാൾക്കും
പേടിയുടെ വാൽ തിരുകിയോരീ
നായയ്ക്കും തിരിഞ്ഞു
നോക്കാതിരിക്കാനാകില്ല .

നീലപ്പൊന്മാൻചുണ്ടിൽ
പിടയുന്ന സുന്ദരിമീൻ
രണ്ടു സൗന്ദര്യങ്ങളും
ഉടൽകണക്കുകളുടെ  ഏറ്റക്കുറവുകളിൽ
ഇരയും വേട്ടക്കാരനും .

ഒറ്റയ്ക്കായതിന്റെ സങ്കടം
കടലപ്പൊതിയിൽ നിന്നും
പെറുക്കിയെറിയുന്നുണ്ട്
കടലിലേയ്ക്കയാൾ ..

ഓളത്തിൽ വള്ളിപൊട്ടിയൊരു
ചെരുപ്പ് ഇനിയില്ലാത്ത
കാലുകൾ തേടി അങ്ങോട്ടുമിങ്ങോട്ടും
അലയടിക്കുന്നു .

വഴികൾ തെളിക്കുകയും
മായ്ക്കുകയും ചെയ്തുകൊണ്ട്
ആ തിര തനിയെ ഒരു കളി കളിക്കുന്നു .
ചില സായന്തനങ്ങൾ
കടലെടുക്കുന്നതിങ്ങനെയാണ് .

നേരറിവുകൾ !

മറ്റൊരാളുടെ കണ്ണിലെ കാഴ്ചയാണ്
ഞാൻ നിനക്കെങ്കിൽ ..
എനിക്കെന്തു വാസന !
അതയാൾ നിനക്ക് ഇറുത്തു വച്ചു
വാട്ടിയെടുത്ത ഇന്നലത്തെ പൂവല്ലേ ?

മറ്റൊരാളുടെ നാവിലെ
തുപ്പൽ പൂണ്ട അന്തസ്സുകെട്ട കേൾവിയാണ്
നിനക്ക് ഞാനെങ്കിൽ ..
എനിക്കെന്തു സൗന്ദര്യം ?
അതവൾ വളച്ചുകെട്ടി മുനയുരച്ചു
വരയ്ക്കാൻ പറ്റാത്തൊരു
പെൻസിൽ പോലെ തന്നതല്ലേ ??

മറ്റൊരാളുമല്ലാതെ ..എന്തേ
നീ തനിച്ചെന്നെ
അത്ര സത്യസൗന്ദര്യമായ്
കണ്ടറിയാഞ്ഞൂ ??
                        

Wednesday, December 4, 2013

വായന


ജഡ വീണു ,
മൂക്കിൽ വായിൽ കണ്ണിൽ
പുകപൊങ്ങുന്ന മരണം വലിക്കുമൊരു
കവിയെപ്പോലെ നിങ്ങൾ എന്നെ
വായിക്കരുത് !

ഘടികാരങ്ങൾ മൊത്തം തുറന്നിട്ട്‌
സമയമെല്ലാം തട്ടി മൂടുമൊരു
സമയമേശാത്ത പഥിക ഞാൻ,
അതുകൊണ്ട് ,
വഴിയരുകിൽ നിന്നെന്നെ
വായിക്കണം.
ഈ ചുമരിലെന്നെ വായിക്കണം .
ആ കണ്ണിലാനെഞ്ചിൽ
ആ മൃതിയിലെന്നെ വായിക്കണം .
നീ നിന്നിലെന്നെ വായിക്കണം
ആ കുഞ്ഞിലെന്നെ വായിക്കണം .
ഓർമ്മകളിലോളങ്ങളിൽ..
വരും സന്ധ്യകളിലെല്ലാം-
മറന്നങ്ങുറങ്ങും സ്വപ്നങ്ങളിൽ ..
കഞ്ഞിതിളയ്ക്കുന്നതിൽ ,
നിന്റെ ചോറിൽ ..അതാ
മീൻപൊലെ പൊള്ളിച്ചെടുക്കുന്ന
വായന ! എന്നെ വായിക്കുക .

കറുകയുടെ നെറുകയിൽ
മിന്നുന്ന സൂര്യനിൽ
കരിയിലയിൽ ഇളകുന്നോരാ
പൂച്ചവാലിൽ ..
പിന്നെ ,രതിയിൽ പിറവിയിൽ
ആനന്ദ മൂർച്ഛ യിൽ
കടം കൊള്ളുമീ ജന്മ
വടിവിൽ വിഷാദത്തി-
ലെന്നെ വായിക്കണം .

ഒരു കോപ്പ ലഹരിയിൽ
നീ നിന്നെ മറക്കുന്ന,
ജഡ വീണു ,
മൂക്കിൽ വായിൽ കണ്ണിൽ ..
പുകപൊങ്ങുന്ന മരണം വലിക്കുമൊരു
കവിയെപ്പോലെന്നെ ..!
എന്നെ
വായിക്കരുത് !




Tuesday, December 3, 2013

ഒരു സ്വപ്ന വട്ടത്തിൽ കുരുക്കിട്ടു വലിക്കുകയാണ്‌ ഉറക്കമെന്ന മായാവി .ഉണരുമ്പോൾ ഉറക്കമെന്തായിരുന്നു എന്ന് സ്വപ്നം നമുക്ക് പറഞ്ഞു തരും .

Monday, December 2, 2013

കതിരുകൾ

സിരകളിൽ പച്ചരക്തമൊഴുകുന്നവർ ,
നമ്മിലെ പച്ച ഊട്ടി ഉറപ്പിക്കുവോർ
നാളെ നമ്മുടെ മണ്ണിനെ
ചോർന്നു പോകാതെ
കൂട്ടിപ്പിടിക്കുവോർ !

വിത്തുകൾ മുളയ്ക്കുന്നിടം .

ഉണർന്നു വരുന്ന പുലരിയിലേയ്ക്ക് തന്റെ ഉറങ്ങാത്ത ശരീരത്തെ കൊണ്ടെത്തിക്കുക മാത്രമാണ് അവൾക്കു ചെയ്യാനുണ്ടായിരുന്നത് .മുറ്റത്തെ രാജമല്ലിയിൽ നിന്നും ഉണങ്ങിയ വിത്തുകൾ വീണ്‌ ചിതറിക്കിടക്കുന്നുണ്ടായിരുന്നു .രാജമല്ലിയെ ച്ചുറ്റിപ്പുണർന്നു വളരുന്ന മുല്ല തളിരിട്ട്‌ വരാനിരിക്കുന്ന പൂക്കാലത്തെ വരവേൽക്കുന്നു .

വേദനകളായ വേദനകൾ  മുഴുവൻ ഓരോ അണുവിലുമിരുന്ന് വെറുതെ വിങ്ങിവിങ്ങി ശരീരമെന്നാൽ വേദനയാണെന്നവളെ തിരുത്തിക്കൊണ്ടിരുന്നു .ആ വേദനയെ വലിച്ചിഴച്ചു നടക്കുന്ന ഒരു മനസ്സ് മാത്രമായിരുന്നു അവളപ്പോൾ .

അവൾ തന്റെ ജോലിമാത്രമല്ല ഈ അസുഖത്തെ തുടർന്ന് ഒഴിവാക്കിയത് .തന്റെ അഞ്ചു വർഷം നീണ്ട ദാമ്പത്യം കൂടിയായിരുന്നു .രോഗമെന്തെന്നറിയാത്ത ആശുപത്രിവാസങ്ങളുടെ, വേദനകളുടെ, നീണ്ട രണ്ടു വർഷവും അതിനുമുന്പുള്ള കലഹങ്ങളുടെ മൂന്നു വർഷവും കൂട്ടിവയ്ക്കുമ്പോൾ അഞ്ചുവർഷത്തെ ദുരിതങ്ങളുടെ കെട്ടുപൊട്ടിക്കാനാകാതെ നിന്ന അവൾക്ക് ,ആണും പെണ്ണും ചേർന്ന ജൈവ ബന്ധത്തിലെയ്ക്ക് ബന്ധനങ്ങളുടെ നൂല്ക്കെട്ടുകൾ നെയ്തു നെയ്ത്, ബന്ധുക്കൾ കൂടിച്ചേരാനുള്ള വിടവുകൾ കൂടി അടച്ച് അവരെ ദയാവായ്പ്പോടെ വേർപിരിച്ച്കൊടുത്തു !

മഞ്ഞുപൂക്കുന്ന ചുരം കയറി ,കാപ്പിപ്പൂമണമൊഴുകുന്ന എസ്റ്റേറ്റുകൾ പിന്നിട്ട് ഇന്നലെയാണവൾ വീട്ടിലെത്തുന്നത് .അവൾ വലിച്ചുവന്ന ചെറിയ പെട്ടിയ്ക്കും ,തുടുത്തുവീങ്ങി വേദനിക്കുന്ന വലിയ ശരീരത്തിനുമിപ്പുറമിരുന്ന് വികാരരഹിതമായൊരു മനസ്സ് ഓർമ്മകൾ കുത്തിനിറഞ്ഞു വരുന്നത് കണ്ടില്ലെന്നു നടിച്ചു .

രോഗമൊരുത്തരം പോലെ കൈയ്യിൽ ഫയലായിക്കിട്ടിയപ്പോൾ അവൾ അയാളോട് തനിക്കുവേണ്ടി നല്കിയ ഉദാരതയോട് ,സ്നേഹത്തോട്  ,മുടക്കിയ പണത്തിന് ,ചിലവഴിച്ച സമയത്തിന്, ഭാര്യയെന്ന പദം നല്കിയലങ്കരിച്ചതിന് എല്ലാം നന്ദിപറഞ്ഞ് ,ഇനി തന്റെ ശരീരത്തിന് ഒരുടംബടിയിലും വിശ്വാസമില്ലെന്ന് കളിപറഞ്ഞ് ,തന്റെ ചെറിയ പെട്ടിയിൽ അയാൾ തന്ന കുറച്ചു പുസ്തകങ്ങളും ,തന്റെ പ്രിയ കോട്ടണ്‍ വസ്ത്രങ്ങളും നിറച്ച് ,അയാളിലെ അൽപ സുഗന്ധം അയാളോടുള്ള ഒടുങ്ങാത്ത സ്നേഹമെന്നപോൽ ആ സുഗന്ധക്കുപ്പിയിൽ നിന്നും ഒഴിയാതെ ഒളിപ്പിച്ചു വച്ച് ബസ്സ് കയറി .നീണ്ട ആറ് മണിക്കൂറുകൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിൽ അവൾക്ക് തെല്ലും ജാള്യത തോന്നിയില്ല ,ചില നീരൊഴുക്കുകൾ ഒഴുകിത്തന്നെ തീരണമെന്ന് അവൾക്കറിയാമായിരുന്നു .

രോഗമെന്ന അവസ്ഥ അവളെ മാനസികമായി തെല്ലും തളർത്തിയിരുന്നില്ല ,പക്ഷെ ശരീരത്തിന്റെ വികൃതമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനായില്ല .വളർന്നു പെരുകുന്ന വേദനകളുടെ കോശങ്ങൾ അവളെ ആകെ കുഴച്ചു മറിച്ചു .ഇനിയൊരു ദാമ്പത്യം എന്നത് വിശേഷണങ്ങളില്ലാത്ത മരുന്നുകളും ,കാശ് വിഴുങ്ങുമ്പോൾ താനറിയാതെ പിടയുന്ന കരളുകളുമാക്കിത്തീർക്കാതെ പിരിയാനുറയ്ക്കുംബോഴെയ്ക്കും ,ബന്ധുക്കൾക്ക് അവളൊരു കറവയില്ലാത്ത മച്ചിപ്പശു മാത്രമായിരുന്നു .അവൾക്ക് അവരോടു സഹതാപം തോന്നി ,ജീവനിലെ പച്ച തിന്നുന്ന പരാദങ്ങൾ .

മുറ്റത്തു മുഴുവൻ തളിർമാവിലകൾ പൊഴിഞ്ഞു കിടന്നിരുന്നു .മഞ്ഞുകാലം നേർത്ത ശബ്ദത്തോടെ ഇലകളിൽ നിന്നും അടർന്നു പൊഴിയുന്നുണ്ടായിരുന്നു .ചർമ്മം വരണ്ടിരുന്നു ..ശ്വാസം വലിയ്ക്കുമ്പോൾ ശ്വാസകോശം വരെ കുത്തുന്ന തണുപ്പ് .

ഈ വീടും പരിസരവും ആരുമില്ലാതെ കണ്ട ഓർമ്മയില്ല .തന്റെയീ തൂങ്ങുന്ന ശരീരംകൊണ്ടിത് വൃത്തിയാക്കാനോക്കുമോ ?ഈ മാറാലയും ,ഇലകളും ,ഇരുണ്ട ജാലക വിരികളും ഇങ്ങനെ തന്നെയിരിക്കട്ടെ .വൃത്തിയാക്കിയോരുക്കിയ വലിയൊരു ശവമഞ്ചമാകാതിരിക്കട്ടെ എന്റെ വീട് .പുല്ലും പുല്ച്ചാടിയും ,ഉറുമ്പും മണ്ണിരയും തിന്നു തീർക്കുന്ന സന്ധ്യകൾക്ക് താൻ വഴികാട്ടിയാകട്ടെ .അറിയാതെ പൂത്ത പുഞ്ചിരിയിൽ ഉണർവ്വിന്റെ നേർത്ത കരുത്ത് .മരുന്നുകളെല്ലാമെടുത്തവൾ മുറ്റത്തു നിന്നും താഴെ തൊടിയിലേയ്ക്ക് നീട്ടിയെറിഞ്ഞു .കിണറ്റിൽ നിന്നും ആയാസപ്പെട്ട് മുക്കിയെടുത്ത തുരുമ്പിച്ച ബക്കറ്റിലെ നേർത്ത ചൂടുള്ള വെള്ളം മുഖത്തു കോരിയൊഴിച്ചു .നട്ടെല്ലിലൂടെ തണുപ്പിന്റെയൊരു കുളിർ പാഞ്ഞുപോയി .ഒരു തളിർമാവില വായിലിട്ടു കടിച്ചു നോക്കി.എന്നോ മറന്നെന്നു മനസ്സിനെ പഠിപ്പിച്ച അമ്മയുടെ മണം അവളെ നീ തനിച്ചാണെന്നോർമ്മപ്പെടുത്തി ചുറ്റിവരിഞ്ഞു .മാവില കടിക്കാൻ തോന്നിയ നിമിഷത്തെ തിരിഞ്ഞവൾ ഈർഷ്യയോടെ നോക്കി .

താഴെ കണ്ടത്തിലെ കമുകിൻ തൈകൾ വളർന്നു കുലച്ച് തങ്ങളുടെ സൂചിമുഖങ്ങൾ ആകാശത്തെയ്ക്കുയർത്തി കൈകൾ വിരിച്ചു വിടർന്നു നിന്നു .അവൾ പതിയെ കാലുകൾ വലിച്ചിഴച്ച് താഴേയ്ക്കിറങ്ങാൻ തുടങ്ങി.തണുപ്പിന്റെ മഞ്ഞുകണങ്ങൾ അവളെ സ്നേഹത്തോടെ വാരിപ്പൊതിഞ്ഞു .കരിയിലകളും കമുകിൻ തഴങ്ങുകളും മൂടിക്കിടക്കുന്ന വരമ്പുകൾ .കണ്ടങ്ങളിൽ നിന്നും ചെമ്പുറവകൾ ഒലിച്ചിറങ്ങി പാടകെട്ടിക്കിടന്നിരുന്നു .കുഞ്ഞുമുക്കുറ്റികളും പേരറിയാച്ചെടികളും നിലംപറ്റി പൂത്തുലഞ്ഞു കിടന്നിരുന്നു.ഇരുട്ട് പകുത്തുമാറ്റി വെളിച്ചമെത്തുന്നതിലെ ഏകാന്ത വന്യഭംഗി !

കൈകൾ നിലത്തുകുത്തി കഷ്ടപ്പെട്ട് വീണ്ടും താഴെയ്ക്കിറങ്ങിയപ്പൊൾ ചാലുകീറി വെള്ളമൊഴുകാൻ ഇട്ടിരിക്കുന്ന കൊള്ളിലെത്തി.അച്ഛൻ തൂംബായെടുത്ത് കിളച്ചു കോരിയിട്ട മങ്കട്ടകൾക്ക് മുകളിൽ പച്ചവിരിപ്പിട്ട കാലത്തിന്റെ പുൽനാമ്പുകൾ .അവളതിന്റെ മുകളിൽ സൂക്ഷ്മതയോടെയിരുന്ന് താഴെ ഒഴുകുന്ന നീർച്ചാലിലേയ്ക്കിറങ്ങി.എവിടെനിന്നോ ശക്തമായൊരു ജലപ്രവാഹം കുലംകുത്തിയാർത്തു വരുന്നതവളറിഞ്ഞു.അടിവയറിൽ നിന്ന് അദൃശ്യമായൊരു ജീവൻ തുടിച്ചു മുകളിലേയ്ക്കാഞ്ഞു വരും പോലെ അവൾക്കോക്കാനം വന്നു .തലകുനിച്ച് നീർപ്രവാഹത്തിലാഴ്ത്തി അവൾ മുട്ടുകുത്തിയിരുന്നു .തന്റെ വേദനകളുടെ വേരുകളെ ജലം അരുമയോടെ സ്പർശിക്കുന്നതവളറിഞ്ഞു.ആ വേരുകൾ തന്നിൽ നിന്നും ഊർന്നിറങ്ങി ജലത്തിൽ പടർന്ന് ഒരു ശാന്തി മന്ത്രം പോലെ അവളെച്ചുറ്റിയൊഴുകി.മുകളിലെ മണ്ണിൽ നിന്നും സിൽവറോക്കുകളുടെ വിത്തുകൾ മഞ്ഞിൽക്കുതിർന്നു പൊട്ടിമുളയ്ക്കുന്നതിന്റെ ശബ്ദം ബോധത്തിന്റെ ഉപരിതലത്തിലെവിടെയോ വീണ് ഓളങ്ങളാകുന്നത് അവളറിഞ്ഞു .





Tuesday, November 26, 2013

തിര

'തിര' സിനിമയിലെത്തി കുറഞ്ഞകാലം കൊണ്ടു തന്നെ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തുകഴിഞ്ഞ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ .പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സെക്‌സ് മാഫിയയ്‌ക്കെതിരെ ശക്തമായി പോരാടുന്ന ഡോ. രോഹിണിയായാണ്‌ മലയാളത്തിന്റെ പ്രിയ താരം വീണ്ടുമെത്തിയത് ,ശോഭന .തന്റെ ഭാഗം അഭിനയത്തിലൂടെ ശകതമാക്കിയെങ്കിലും ആ ഒരു പ്രഭ മാത്രമേ ചിത്രത്തിന് എടുത്തു പറയാനുള്ളൂ .തിരക്കഥയിലെ ശക്തി 'തിര' എന്ന പേരിനുള്ളത് പോലെ ഇല്ലാതെപോയതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ .വലിയൊരു വിഷയത്തിലേയ്ക്കാണ് സിനിമ വിരൽ ചൂണ്ടിയതെങ്കിലും അതിനെ അത്ര തന്നെ ശക്തിയോടെ പ്രേക്ഷക മനസ്സിലെത്തിക്കാൻ ചിത്രത്തിലെ കാഴ്ചകൾ പോര.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിലെ ഭീകരത ഒട്ടൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശേഷം ഭാഗം അത്ര നിസ്സാരമായി ചിത്രീകരിക്കാൻ പറ്റുന്ന ഒന്നല്ല എന്ന് പ്രേക്ഷകർക്കറിയാം .അത്ര ശക്തമായ ഒരു മാഫിയയിലെയ്ക്ക് സുഗമമായി കാറോടിച്ചു ചെല്ലാൻ പറ്റുമായിരുന്നെങ്കിൽ നമ്മുടെ അനേകലക്ഷം പെണ്‍കുട്ടികളെ ഇതിനകം ഒട്ടേറെ രോഹിണിമാർ രക്ഷിച്ചു കൊണ്ടുപോന്നെനെ !ത്രില്ലർ എടുക്കുമ്പോൾ ഒരു ഭാഗത്തിന് ശേഷം അടുത്തഭാഗം കാണികളെ ഞെട്ടിച്ചുകൊണ്ടുള്ളതല്ലെങ്കിൽ അതിനെ ത്രില്ലർ എന്ന് പറയുന്നതിൽ അർത്ഥമുണ്ടാകില്ല .ഇത്തരം മാഫിയകൾക്കെതിരെ ചൂണ്ടുവിരൽ ഉയർത്തുന്നവരെ മറ്റുള്ളവർ അറിയും മുൻപേ തീർത്തുകളയുന്നത് നാൾക്കുനാൾ വരുന്ന വാർത്തകളും റിപ്പോർട്ടുകളും നമുക്ക് കാണിച്ചു തരുന്നുണ്ട് .

CNN ൽ വന്ന ഒരു റിപ്പോർട്ടും ഇന്റർവ്യൂ കളും കുറച്ചു നാളുകൾക്ക് മുൻപ് കാണുകയുണ്ടായതിൽ ,ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ കുട്ടികളെ കാണാതാകുന്നതിനെപ്പറ്റിയും, അവരെ ഇത്തരം കേന്ദ്രങ്ങളിൽ നിന്നും വർഷങ്ങൾ കഴിഞ്ഞ് ചോരയും നീരുമില്ലാതെ ക്രൂര പീഡനങ്ങൾക്ക് ശേഷം കണ്ടെത്തിയതിനെപ്പറ്റിയുമുള്ള ഭീകര വാർത്തകൾ അവർ തന്നെ പറയുന്നത് നാം കണ്ടതാണ് .അകത്തെത്തിക്കഴിഞ്ഞാൽ പുറം ലോകം കാണാതെ ഒരിക്കലും ആകാശം പോലും കാണിക്കാതെ അടച്ചിട്ടു ഭോഗിക്കുന്നതിലെ ക്രൂരത ! അതായിരുന്നു തുറന്നു കാട്ടേണ്ടിയിരുന്നത് .

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു .അതിന്റെ കുറവ് തിരക്കഥയിൽ വ്യക്തമാണ് .കുട്ടികൾ നഷ്ടമായവരിൽ നിന്നും ,രക്ഷപെട്ട് വരുന്നവരിൽ നിന്നും ,സന്നദ്ധ സംഘടനകൾ, ഇത്തരം കാര്യങ്ങൾ സംഭവിച്ച സാധാരണ ജനങ്ങൾ എല്ലാം ഒന്നാംതരം ഉദാഹരണങ്ങളല്ലേ !അതുപോലെ കഥാപാത്ര ചിത്രീകരണങ്ങളിൽ അഭിനയത്തിന്റെ / ജീവിക്കുന്നതിന്റെ കുറവ് പ്രകടമായിരുന്നു .നപുംസക കഥാപാത്ര സൃഷ്ടിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.കൂടുതൽ അവസരങ്ങൾ അവർക്ക് മാധ്യമങ്ങൾ (അത് സിനിമയോ നാടകമോ എന്തായാലും )നൽകിയാൽ നമ്മിലൊരാളെപ്പോലെ നാളെ അവരെയും സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയും ,അത് വളരെ മാർഗ്ഗദർശനീയമായൊരു കാര്യമാണ് .കുറച്ച് വടക്കേയിന്ത്യൻ മുഖങ്ങളെ ഉൾപ്പെടുത്തിയെങ്കിലും അവരിൽ എത്രപേർ കഥാപാത്രത്തോട് നീതികാണിച്ചു എന്നത് ചോദ്യം തന്നെയാണ് .
ഉദാഹരണത്തിന് മുംബൈ പോലീസ് മായി താരതമ്യം ചെയ്‌താൽ ത്രില്ലർ എന്ന പേരിൽ ആ കഥ നമുക്ക് വിശ്വസനീയമായി(ഊഹിക്കുവാൻ ) തോന്നും .ഇതിൽ പക്ഷെ അവിശ്വസനീയമായ കഥാ തിരിവുകളാണുള്ളത് .നിരായുധയായ ഒരു ധൈര്യവതിയ്ക്കും അവർ ആരുതന്നെയായാലും ഇത്ര ലഘുവായ രക്ഷപെടലുകൾ ഇത്തരക്കാരിൽ നിന്നും സാധ്യമാവുകയില്ല എന്ന് കൊച്ചുകുട്ടിയ്ക്കു പോലുമറിയാം(ത്രില്ലറല്ലേ സ്ത്രീയ്ക്കും കുറച്ചൊക്കെ ഫൈറ്റ് ആകാം .ഒന്നുമല്ലെങ്കിൽ ഒരു കാടൻ തനിനാടൻ അടി എന്താ ?)
സംഗീതം എടുത്തു പറയാൻ ഒന്നും ശേഷിപ്പിക്കുന്നില്ല .അതിന്റെ വരികളോ സംഗീതമോ മനസ്സിൽ തങ്ങി നിൽക്കുന്നതായി തോന്നുന്നില്ല,അതുകൊണ്ട് പുതുമ എന്ന് പറയാമോ എന്ന് സംശയമാണ് .പക്ഷെ പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ എടുത്തുപയോഗിക്കുന്നതിൽ വിനീതിനെ അഭിനന്ദിക്കാതെ വയ്യ .ചിപ്പിക്കുള്ളിലെ മുത്തിനെ അവിടെത്തന്നെ അടച്ചു വയ്ക്കാതെ തുറന്നെടുക്കണമെന്നെയുള്ളൂ അതിനു പ്രഭ പരത്താൻ .

ഇന്നലെ മഴയത്ത് പൊട്ടിമുളച്ച കൂണുകൾ പന്തീരാണ്ടു പിന്നിട്ട പടുവൃക്ഷത്തെ നോക്കി ഒന്ന് പിറുപിറുത്താൽ മരത്തിനെന്താവാൻ ? മരമൊരു നെടുനിശ്വാസം വിട്ടാൽ പറന്നു പോകാനുള്ള, പച്ചപോലുമില്ലാത്ത ജന്മങ്ങൾ !

Friday, November 22, 2013

അമ്മിക്കല്ലിൽ പാകത്തിന് മുളകും തേങ്ങയും ഉള്ളിയും ഉപ്പും പുളിയും  വച്ചരച്ച ചമ്മന്തി പോലെയാണ് ജീവിതം ഏതെങ്കിലും ഒന്ന് കുറഞ്ഞാലോ കൂടിയാലോ അനാർക്കിസ്റ്റ് ചമ്മന്തിയായി മാറിപ്പോകും
(അരച്ചവരാരായാലെന്താ ..?)

Thursday, November 21, 2013

സമാന്തരത്തിൽ ഒരു രേഖ വരച്ച്
ഇപ്പുറം നടന്നപ്പോൾ ജീവിതം
പറഞ്ഞു : പകിട പകിട പന്ത്രണ്ട്!
ഉടനെ തിരിഞ്ഞ് സമാന്തരം
മായിച്ചു കളഞ്ഞ് നേർരേഖ വരച്ചു
തിരിഞ്ഞു നോക്കിയപ്പോൾ
ജീവിതമേ നീയെവിടെപ്പോയി ?

Saturday, November 16, 2013

തൊട്ടാവാടിയിൽ തൊട്ടുപൊയതിൽ
പെട്ടുപോയൊരു ഉറുമ്പ് പോലവൻ !
ഞെട്ടിയത്,
ഇലയിൽ പെട്ടുപോയൊരു നീയോ ?
ഞെട്ടൽ മാറാത്തൊരിലയോ?

Wednesday, November 13, 2013

പ്രണയചിത്രങ്ങൾ


ചിത്രകാരാ
നീ വരച്ച ഇലയിൽ നിന്നും
ഇറങ്ങി ഓടി വരികയാണോരുറുംബ്
അതിനെ തേടിപ്പിടിക്കാൻ
കഴിയും മുൻപ്
അതീ മരത്തിന്റെ വേര്ചുറ്റി,
ചുറ്റിച്ചുറ്റി ഓടിപ്പോയല്ലോ.

നീ വരച്ച ഇലയടർന്നു
കാറ്റത്തതാ  പാറിപ്പാറി
ദിക്കുതെറ്റി എങ്ങോട്ടോ
പൊട്ടിത്തെറിച്ചു നാട് വിടുന്നു.

ഇഷ്ടമില്ലാത്ത നിറം കൊണ്ട്
നീ മെനഞ്ഞ മരച്ചില്ലകൾ
ഇഷ്ടക്കെടോടെ വലിഞ്ഞുലയുന്നു
ശബ്ദത്തോടെ പൊട്ടിയടരുന്നു.

ചിത്രങ്ങൾക്കും വരയ്ക്കുന്നവനോട്
പ്രണയമുണ്ടെന്നെ,
പിന്നെ  ഇഷ്ടങ്ങളും  !





Saturday, November 9, 2013

അനാഥർ


നിനക്ക് ചേരാത്തൊരു നിലവിളി
ജനിച്ചപ്പോൾ തൊട്ടു നീ
വിളിച്ചുകൊണ്ടേയിരിക്കുന്നു !

നിനക്ക് ചേരാത്തൊരു
മറുപടി നീ ജനിച്ചപ്പോൾ-
തൊട്ടു ഞാൻ പറയാനായുന്നു !

നിനക്ക് ചേരാത്തൊരു കുപ്പായം
അവർ പിന്നാംബുറത്തുകൂടി
എറിഞ്ഞു തരുന്നു !

നിനക്ക് ചേരാത്തൊരു ജീവിതം
എപ്പോഴേ നിന്റെ ചോരയിൽ
ചാലിട്ടൊഴുകുന്നു !

നിനക്ക് വേണ്ടാത്തൊരു സങ്കടം
എന്നുമെന്നെ തൊണ്ടഞെരിച്ച്
കൊന്നുകളയുന്നു !

Tuesday, October 29, 2013

വാഴ്ത്തപ്പെട്ടവൻ !

ഒരു നാൾ നമ്മളെ വാഴ്ത്തിയവൻ വാഴ്ത്തപ്പെടും !
അന്നവനെ വാഴ്ത്തുവാൻ അവൻ
നമ്മളെ വാഴ്ത്തിയ വാക്കുകളല്ലാതെ
ഒന്നും നമുക്കറിവുണ്ടാവുകയില്ല!
വാക്കുകളില്ലാതെ നില്ക്കുന്ന നമുക്ക്
അവനിൽ നിന്നും കിട്ടുന്ന പുഞ്ചിരിയിൽ
പുതിയ വാക്കുകൾ ഉയിർക്കുന്നുണ്ടാവും!

   

നീയും ഞാനും !

നിന്നെ ശ്വസിക്കുന്നതിന്
നിന്നെ മറക്കുന്നതിന്
നിന്നെ മായ്ക്കുന്നതിന്
ഒരു നുണപോലെ നിന്നെ
ആൾക്കൂട്ടത്തിലൊരാളായ്
തള്ളിക്കളയുന്നതിന്
എന്നിലെ ഞാൻ മതി.
പിന്നെ നീയില്ലാത്തതുകൊണ്ട്
ഞാനുമില്ല !

Monday, October 28, 2013

പ്രണയശലഭം !

ഹേ, പ്രണയം പകുത്തുവച്ച
കണ്ണാടിക്കഷണങ്ങളിൽത്തട്ടി
എന്റെ വിരലറ്റം ചോരയിറ്റുന്നു ..!
അപ്പുറവുമിപ്പുറവുമിരുന്ന്
നമ്മൾ ആന്തലോടെ ചോരകാണുന്നു ,
നമ്മളെയും !

പിഞ്ഞിപ്പോയ പ്രണയത്തിന്റെ
പട്ടുകുപ്പായത്തിലെയ്ക്ക്
കൊന്നുകളഞ്ഞ അത്രയും പട്ടുനൂൽ-
പ്പുഴുക്കൾ എന്റെയെന്റെ എന്ന അവകാശ
വാദവുമായി ചേക്കേറുന്നു !

പച്ചകൊത്തിവച്ച തടിഞരമ്പുകളിൽ
പ്രണയം മുളപൊട്ടുന്നു ..
അതിനെ കാർന്നു തിന്നുന്ന
പട്ടുനൂലാത്മാക്കൾ ..!
അവർ പുനർജ്ജനിക്കായി
തലകീഴായി പച്ചയിൽ
തൂങ്ങി നില്ക്കുന്നു !

അതിന്റെ വളർച്ചയിൽ
വർണ്ണചിത്രങ്ങളാൽ ആലേഖനം
ചെയ്ത പുതിയ ചിറകുകളിൽ
പ്രണയം ജനിച്ചു പൊങ്ങുന്നു ..
വഴിനീളെ ചിറകുവീശി അത്
പൂക്കളെത്തേടുന്നു !

പൂക്കളായ പൂക്കളിലെല്ലാം
നീയും ഞാനും പുഞ്ചിരിക്കുന്നു !
പ്രണയമില്ലാത്ത പൂക്കളിൽ
ശലഭം ഉമ്മവയ്ക്കില്ലെന്ന്
ഇനിയുമറിയാത്തവർ
നമ്മൾ മാത്രമാണല്ലേ ..!!

Wednesday, October 16, 2013

സ്ത്രീകളുടെ മൂത്രപ്പുരകൾ അഥവാ ചില സ്ത്രീപക്ഷ ആവശ്യങ്ങൾ !


ഒരു യാത്രയിൽ അതും തിരക്ക് പിടിച്ച റോഡ്‌ യാത്രകളിൽ ,അർദ്ധരാത്രിയിൽ ഒരു സ്ത്രീയ്ക്ക് മൂത്രമൊഴിക്കണമെങ്കിൽ ബസ്‌ ഡ്രൈവറുടെ കാലു പിടിച്ചാൽ മാത്രം പോര !അവളെ മൂത്രമൊഴിപ്പിക്കാനായി ആ ബസ് കിലോമീറ്റർ ഓടി ഏതെങ്കിലും മൂത്രപ്പുരയുള്ള ഹോട്ടൽ /സ്റ്റൊന്റ് എത്തണം !അതിന്നിടയിൽ വാർദ്ധക്യം ബാധിച്ചു പിടിച്ചു നിർത്താൻ ശേഷിയില്ലാത്ത അവളുടെ മൂത്ര സഞ്ചി ചോർന്നു പോകാതിരിക്കുന്നതെങ്ങനെ ?? ആ വെപ്രാളത്തിനിടയിൽ അവളുടെ ശാരീരിക നില മാത്രമല്ല അവതാളത്തിലാകുന്നത് മാനസിക നിലയും കൂടിയാണ് .

ഇനി ഒരു തിരക്ക് പിടിച്ച പട്ടണത്തിലെയ്ക്കിറങ്ങു,അവൾ മൂത്രമോഴിക്കണമെങ്കിൽ  ഒന്നുകിൽ റയിൽവേ സ്റ്റേഷൻ അഭയം അല്ലെങ്കിൽ ബസ്‌ സ്റ്റാന്റ് ,അതുമല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണശാലകൾ ശരണം ! അവളുടെ മൂത്രം മുട്ടലുകൾക്ക് ഗവണ്മെന്റ് ലക്ഷക്കണക്കിന്‌ രൂപ വിലയിട്ടു നല്ല നേരം വരാൻ നോക്കിയിരിക്കയാണ് !അത് വരെ മുള്ളണ്ട!നമ്മുടെ ജനക്ഷേമ വിഭാഗങ്ങൾ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് വേണ്ടി  പബ്ലിക്‌ ടോയ് ലെറ്റ് നിർമ്മിക്കാതിരിക്കുന്നത് ?(തീരെ ഇല്ല എന്നല്ല പറയുന്നത് ) എന്തുകൊണ്ടാണ് സ്ത്രീകളെ നമ്മൾ പൊതു നിരത്തിലിറങ്ങി മൂത്രമൊഴിക്കാതിരിക്കുന്നത്? എന്തെ സ്ത്രീകൾക്ക് മാത്രമേ നാണം ബാധകമായുള്ളോ ? കാലങ്ങളായി സ്ത്രീകൾ ഉപേക്ഷ വിചാരിച്ചു മൂത്രാശയ രോഗങ്ങൾ കൂട്ടി വച്ച് സന്തോഷത്തോടെ മരിക്കുന്നതല്ലാതെ ഇവിടെന്തു സംഭവിക്കാൻ ! 


ഇന്ത്യയിലെ Rural development minister  ജയ് രാം രമേഷിന്റെ   “no toilet, no bride” ക്യാമ്പൈൻ  മുറപോലെ നടന്നുവെങ്കിലും അത് വിവാഹം കഴിക്കുവാൻ പോകുന്ന ഇന്ത്യയുടെ ദക്ഷിണ വശത്തെ പെണ്‍കുട്ടികൾക്ക് കുറച്ചൊക്കെ രക്ഷ കൊടുത്തുവെങ്കിലും,പൊതു കക്കൂസുകളും മൂത്രപ്പുരകളും ഇന്നും അപര്യാപ്തമായി നില നില്ക്കുകയാണ് !


ഒരു സ്ത്രീയെ ഇത്തരം അവസ്ഥകൾ എത്ര ബാധിക്കുന്നു എന്ന് നമ്മുടെ പുരുഷന്മാർ കൂടി മനസ്സിലാക്കേണ്ടത് എത്രയോ കാലം അപ്പുറം തന്നെ ആയിരുന്നു ?പ്രായപൂർത്തിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടി അവളുടെ മാസമുറ സമയത്തുകൂടി ഒരു പകൽ മുഴുവൻ കാത്തിരുന്നു ഇരുട്ടിലെയ്ക്കിറങ്ങും അവളുടെ ശുചിത്വത്തിനായി, പക്ഷെ അവിടെ അവളെക്കാത്തിരിക്കുന്നത് ക്രൂരമായ ലൈംഗിക ചൂഷണമോ ബാലാത്സമോ ആയിരിക്കും !ഇന്ത്യയുടെ Human Resource Development  വിഭാഗം തന്നെ ഇതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് !എന്തൊരു അവസ്ഥയാണിത് ?സ്ത്രീകൾ ഇന്ന് നടമാടുന്ന സ്ത്രീപുരുഷ ശാക്തീകരണത്തെപ്പറ്റി മാത്രം വാചാലർ ആയാൽപ്പൊര നമ്മൾ ഓരോരുത്തരും ഒന്നല്ലെങ്കിൽ ഒരു തവണ എങ്കിലും അഭിമുഖീകരിച്ച ഈ രൂക്ഷമായ പ്രശ്നത്തെപ്പറ്റിക്കൂടി തുറന്നു സംസാരിക്കണം , ഓരോ നഗരങ്ങളിലും നാഷണൽ ഹൈവേ പോലുള്ള പ്രധാന പാതകളിലും  സ്ത്രീകൾക്ക് വേണ്ടി പണം വാങ്ങിയുള്ള ശുചിത്വ കേന്ദ്രങ്ങൾ (എന്നാൽ മാത്രമേ അത് പരിപാലിക്കപ്പെടുകയുള്ളൂ,കൂടാതെ അനാശ്യാസ പ്രവർത്തനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ ഇടയാകരുത് ) പ്രവർത്തിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് അതുപകാരപ്പെടുകയുള്ളൂ.


ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിലും മറ്റും കക്കൂസുകളും മറ്റു സൌകര്യങ്ങളും കാണാൻ ഇല്ല എന്നത് എത്ര ദുഖകരമായ അവസ്ഥയാണ് ,നമ്മുടെ റെയിൽവെ ട്രാക്ക്കളിൽ സൂര്യനുദിക്കും മുൻപ് വിസ്സർജജിച്ചു കടന്നു പോകുകയാണാ സുദീർഘ ജനവിഭാഗവും ! ഇതാണ് നമ്മുടെ ഇന്ത്യയുടെ 70% സുപ്രഭാതങ്ങളും ! ഇതിനു ഒരു ചെറിയ സംഖ്യ മാറ്റിവയ്ക്കാനില്ലേ ഒരു സർക്കാറുകൾക്കും? ചൈനയിൽ 5% ജനങ്ങൾ മാത്രമാണ് കക്കൂസുകൾ ഇല്ലാതെ ജീവിക്കുന്നുള്ളൂ .യുറോപ്പിലതു 1%.ഇന്ത്യയിലെത്തിയപ്പോൾ അത് 52% ആണ് ! ഓർക്കണം ഈ പകുതിയിലധികം ജനങ്ങൾ ഇപ്പോഴും വിസ്സര്ജ്ജിക്കുന്നത് പൊതുവഴികളിലും നിരത്തുകളിലുമാണ്,മഹത്തായ ഇന്ത്യൻ വികസനം !


നമ്മുടെ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യക്തി ശുചിത്വത്തെപ്പറ്റി ധാരാളം ക്ലാസുകൾ നടക്കുന്നുണ്ട് .പക്ഷെ എന്നിട്ടും അത് ഏറ്റവും അനിവാര്യമായ സ്ഥലങ്ങളിൽ ഉപയോഗപ്പെടുത്തെണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഇനിയും ജനസേവകർ കാണിച്ചു തരുന്നില്ല.മെട്രോ നഗരങ്ങളായ ബംഗളൂര്  പോലുള്ള സ്ഥലങ്ങളിൽ നമ്മുടെ കേരളത്തിനേക്കാൾ സന്നദ്ധ സംഘടനകൾ ഇതിനായി പ്രവർത്തിച്ചു വരുന്നതായി കാണാം .ചില സംഘടനകൾ ഇതിലേയ്ക്കായി ലോണ്‍ അനുവദിച്ചു കൊടുക്കുന്നതായും കാണുന്നു .

കേരളം പോലുള്ള ഒരു സംസ്ഥാനത്ത്/എല്ലായിടത്തും , ഏറ്റവും അടിസ്ഥാന പരമായ സ്ത്രീകളുടെ ഈ ആവശ്യകത കൂടി അറിഞ്ഞ് എന്നാണാവോ നീതി നടപ്പിലാക്കുന്നത് ??

Friday, October 11, 2013

രാഷ്ട്രീയം !

കാട്ടാറു പോലെയാണ് ..
ഓരോ തുള്ളിയും ഒരുമിച്ചു
തുള്ളിത്തെറിച്ചും,
ഇടയ്ക്ക് വച്ചു തല്ലിപ്പിരിഞ്ഞ്
ഒറ്റയ്ക്കൊഴുകിയും,
ശാഖകളായി കാട് ചുറ്റിയും, 
പോകുന്ന വഴി നീർച്ചാലുകളെ
തന്നിലേയ്ക്കാവാഹിച്ചും,
അപ്പുറത്തൊഴുകുന്ന നദിയെ
കുറ്റം പറഞ്ഞും,
അകലെയെവിടെയോ അലറുന്ന
കടൽ തേടി അങ്ങനെ .. ! !  

Thursday, October 10, 2013

മഴകളോരോതുള്ളിയും പൊഴിയുമ്പോഴും
പൊഴിയാത്തൊരു മൗനമുള്ളിൽ
മുനിഞ്ഞു കത്തുന്നു !

Monday, October 7, 2013

ഓണം പോയോണം പോയേ ..!

ഓ സ്വപ്‌നങ്ങൾ പോലെ
മറന്നു പറന്നു പോകുന്ന ,
ഇന്നലെകൾ ...!
പൊൻവെയിൽ തളിച്ചിട്ട,
ചാണകം മെഴുകിയ തിണ്ണടികളിൽ
പതിഞ്ഞു കിടക്കുന്ന പൂക്കളങ്ങൾ ..!
അരിപൊടി ഒലിച്ചിറങ്ങിയ
തൃക്കാക്കരപ്പന്മാർ !

സീനികപ്പൂവിനു നാണം വന്ന
ചുവപ്പ് നിറം !
മുക്കൂറ്റി പൂത്തുലഞ്ഞ ഇടവഴികൾ ..
മാവേലിക്ക് ക്ഷീണം മാറ്റാൻ
തണുത്ത വേലിപ്പടർപ്പിനുള്ളിൽ
കാടൊരുക്കിയ പുല്ലുമെത്ത..!
 അവിടെയുമിവിടെയും കണ്‍ചിമ്മുന്ന
തുംബപ്പൂവെളിച്ചം !
കാക്കപ്പൂവിനു കറു കറുത്ത
പിണക്കം ..!

ഓണക്കൊടി കിട്ടാതെ
പിണങ്ങിക്കുനിഞ്ഞ,
നെൽക്കതിരുകൾ..
പൊട്ടിച്ചിരിയോടെ അവരെ-
ത്തൊട്ടൊരു  കുസൃതിക്കാറ്റ് ..!
'എനിക്ക് വേദനിക്കുന്നൂ'
കാലടിയിലൊരു തൊട്ടാവാടി !
പാറിവരുന്നൊരു അപ്പൂപ്പന്താടിയിൽ
ഒളിച്ചുപോകുന്നൊരു കുഞ്ഞനുറുമ്പ് !
ഓണം പോയോണം പോയേ ..
കന്നിമാസത്തിലൊരു കാവളം കിളി
കണ്‍നിറച്ചു പാടിപ്പോകുന്നു !




Friday, September 20, 2013

നിശബ്ദം പകുത്ത ശബ്ദങ്ങൾ !

നിശബ്ദമായൊരു ശബ്ദം
എന്നുമെന്നോട് ഇറങ്ങിപ്പോകൂ
എന്ന് പുറത്തേയ്ക്ക് വിരൽ ചൂണ്ടുന്നു !

തകർന്നു പോയൊരു ശബ്ദം
വീണ്ടും ഒച്ച വയ്ക്കാനായി
തൊണ്ടയിലിരുന്നു
സർവ്വ ശക്തിയിൽ ശ്വാസം
വലിക്കുന്നു ..!

കടം കൊള്ളാനായി ഒരു ശബ്ദം
അന്യന്റെ മുഖത്തിലെയ്ക്ക്
വിറ പൂണ്ടുറ്റു നോക്കുന്നു !

മറയാതിരിക്കാനായി ഒരു ശബ്ദം
മൗനത്തിലേയ്ക്ക് തിരിച്ചു
നടക്കുന്നു ..!

Tuesday, September 10, 2013

ഓർമ്മകളിലെ ഓണച്ചിന്തുകൾ !

രാവിലെ ഉണർന്നു മുറ്റം അടിച്ചുവാരി ,നനച്ചു പൂക്കളം ഇടുന്ന സമയം ..പല പൂക്കൾ ..കൊങ്ങിണി ,റോസാ ,മുക്കുറ്റി ,ശംഖു പുഷ്പങ്ങൾ,ബോൾസ്,തൊട്ടാവാടി ,കണ്ടോനെക്കുത്തിപ്പൂവ്  ,തുമ്പ ,തുളസി,പിച്ചി ,മുല്ല ,മന്ദാരം ,ലില്ലി ,ഡാലിയ അങ്ങനെ മുറ്റത്തും തൊടിയിലും നിന്ന് അന്തമില്ലാത്ത പൂവുകൾ  നമ്മളെ തേടി വന്ന കാലം !കഷ്ടപ്പെട്ടുണ്ടാക്കുന്ന തൃക്കാക്കരപ്പനെ ഒരിക്കലും നന്നായിട്ടില്ല ,ഒരു വിധത്തിൽ കുത്തിനിർത്തും കക്ഷിയെ !ഓണവെയിൽ നനച്ചു കൊണ്ട് ഇടയ്ക്കിടെ വന്നുപോകുന്ന മഴത്തുള്ളികൾ ..തുമ്പികൾ തുള്ളുന്ന പാടം നിറയെ കുട്ടികളും കൂടെത്തുള്ളും .'കറ്റെക്കറ്റെ കയറിട്ടു ..കയറാലഞ്ചു മടക്കിട്ടു ..നെറ്റിപ്പട്ടം പൊട്ടിട്ടൂ ,കൂടെ ഞാനും പൂവിട്ടൂ ..' എന്നും ചൊല്ലി തൊടിയായ തൊടിയെല്ലാം പൂവിനു വേണ്ടി ഓടി നടക്കും ..ഒരു ദിവസമല്ല ,പത്തു ദിവസവും ! ഇടയ്ക്ക് മുള്ളുകൊള്ളും പാമ്പിനെക്കാണും അങ്ങനെയങ്ങനെ സംഭവ ബഹുലമായ കുറെ അവധി ദിനങ്ങൾ! ഗ്രാമീണ വായനശാലകളിൽ പാട്ടു മത്സരങ്ങൾ ,ചാട്ടം ഓട്ടം വടംവലി എന്നുവേണ്ട പായസ മത്സരം വരെ നടക്കുന്നുണ്ടാകും ,അവസാന ദിവസം സിനിമ കാണും !നാല് ഭാഗവും മറച്ച വായനശാലയോ അല്ലെങ്കിൽ സ്കൂളിലോ മറ്റോ വച്ച് !എല്ലാവരും കൂടി പോയി 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം ,യാത്ര'  യുംമറ്റും മറ്റും കണ്ടു രാത്രിയ്ക്കു കഥയെപ്പറ്റി ശോകമൂകരായോ വികാരരഹിതരായോ തിരിച്ചു പോരും !പോരും വഴി വഴിയിൽ കാത്തിരുന്ന പട്ടിയും പൂച്ചയും കൂടെക്കൂടും.

ഒരു വർഷം സ്കൂളിൽ ഓണാഘോഷം നടക്കുന്നു .പലതരം മത്സരങ്ങൾ ഉണ്ട് .ഞാൻ ലളിതഗാനം പാടുവനായി ഡസ്ക്കുകൾ കൂട്ടിയിട്ട സ്റ്റെജിലേയ്ക്ക് കയറുകയാണ് .മുൻപിൽ ആകാംക്ഷയോടെ അച്ഛയുണ്ട് ,കുട്ടികൾ ..മാഷുംമാർ എന്നുവേണ്ട നാട്ടുകാരും വീട്ടുകാരും എല്ലാം !ഞാൻ നാലാം തരത്തിലാണ് ,ആദ്യമായാണ് ഇത്ര ജനക്കൂട്ടത്തിനു മുന്പിലെയ്ക്ക് കയറി നിൽക്കുന്നത് .രണ്ടുവരി പാടി .അഷ്ടമിരോഹിണി നാളിലെൻ ..എന്ന് തുടങ്ങുന്ന പാട്ടാണ് ,പൊടുന്നനെ എനിക്ക് പരിഭ്രമം മൂത്തു ,ഞാൻ വിളറി വെളുത്തു.പാട്ടിൽ ക്കൂടി ഞാൻ ചിരിച്ചു കരഞ്ഞു.. ഒടുവിൽ പാട്ടും നിർത്തി ഇറങ്ങിപ്പോന്നു !എല്ലാവരും ചിരിച്ചപ്പോൾ സങ്കടം പൊട്ടിയോഴുകിയെനിക്ക് !അച്ഛ അടുത്ത കുമ്മട്ടിക്കടയിൽ നിന്നും നാരങ്ങ സോഡാ വാങ്ങിത്തരുമ്പോൾ ചോദിച്ചു : 'പറ്റുമെങ്കിലെ പാടാവൂ ,ചുമ്മാ കരഞ്ഞു നാണം കെടരുത് '! അതിലെ ഈർഷ്യ എന്നെ നാണിപ്പിച്ചു . അടുത്തത്‌ പദ്യം ചൊല്ലലാണ് ആദ്യം എന്റെ പേരാണ് വിളിച്ചു പറയുന്നത് ..ഞാൻ പതറിപ്പോയ മനസ്സിൽ നിന്നും പറന്നു പൊങ്ങി.വാശി ..കൊടും വാശി !ഹും ഞാൻ കാണിച്ചു തരാം ! കയറി വീണ്ടും സ്റ്റേജിൽ. ഇത്തവണ എന്നെക്കണ്ടതെ എല്ലാവരും ചിരിച്ചു !ഞാൻ ചിരിച്ചില്ല. ആരുടെ പദ്യമെന്നു സ്ഫുടമായി പറഞ്ഞു ,പിന്നെ ശാന്തമായി തുടങ്ങി : 'ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ..ദിന സാമ്രാജ്യപതെ ..' ഞാൻ ചൊല്ലിത്തീർന്നപ്പോൾ നിലയ്ക്കാത്ത കൈയ്യടി ,എന്റെ കണ്ണുകൾ പൂത്തിരികത്തി ,അതിൽ അച്ഛയുടെ മുഖം ഞാൻ വിടർന്നു കണ്ടു .ഒന്നാം സമ്മാനമായ പേനയും സർട്ടിഫികറ്റും എന്റെ കൈയ്യിൽ ! ഹാ ഓണത്തിനെന്തുവേണം പിന്നെ !

പുത്തനുടുപ്പുകൾ ഇട്ട പുത്തരിയോണമൊന്നും എനിക്കോർമ്മയില്ല .അത്തരം ശീലങ്ങൾ കിട്ടിയിട്ടുമില്ലായിരുന്നു ,പക്ഷെ തൂശനിലയിട്ടു നല്ല നെല്ലുകുത്തരിച്ചോറും,അവിയലും പച്ചടികിച്ചടി ,സാമ്പാർ ,അവിയൽ ,ഉള്ളിത്തീയൽ (അമ്മച്ചിയുടെ സ്പെഷ്യൽ ആണിത് !രക്ഷയില്ലാത്ത സ്വാദ് ),കൂട്ടുകറി ,തൊടുകറികൾ ,പപ്പടം ,പഴം പായസം (ഒരു ഒന്നൊന്നര പായസം തന്നെ !) എല്ലാം ചേർന്നോരുഗ്രൻ സദ്യ എല്ലാരൂടി ഇരുന്നുണ്ണും .പിന്നെ ഉച്ച തിരിഞ്ഞ് അമ്മവീട്ടിലെയ്ക്ക് പോകും .പിന്നെ കുട്ടിപ്പട്ടാളങ്ങൾ എല്ലാരൂടി തിമർപ്പാണ് .ഊഞ്ഞാൽ ആട്ടം ,കളികൾ ,സിനിമ കാണൽ എന്ന് വേണ്ട ഓർമ്മിക്കാനിനി എന്ത് വേണം !

ഇന്നത്തെക്കുട്ടികൾക്കും ഓണമുണ്ട് .അവരുടെ ആഘോഷങ്ങൾ തികച്ചും അവരുടെ കാലഘട്ടത്തിന്റെതുമാണ് .അവർ കാണുന്ന പൂക്കൾ വാങ്ങുന്നവയെങ്കിലും അതും പൂക്കൾ തന്നെ !അവരുടെ കളികളും അവരുടെ കാലഘട്ടവും അവരുടേത് തന്നെയാണ്, അതുകൊണ്ട് പണ്ടത്തെ ശീലുകളിൽ മാത്രമേ ഓണമുണ്ടായിരുന്നുള്ളൂ എന്ന് അർത്ഥമൊന്നുമില്ല ! ഇലക്ട്രോണിക് യുഗങ്ങളിൽ ഡിജിറ്റലൈസ് ഓണം പ്രതീക്ഷിക്കുന്നതിൽ അപാകത പറയാനാകുമോ ?പക്ഷെ ഒരുപിടി തുമ്പയും തുളസിയും നാട്ടു പൂക്കളും കെട്ടുപോകാതെ ചട്ടിയിലെങ്കിലും വളർത്താൻ കഴിഞ്ഞാൽ അവ നമുക്ക് പൊയ്പ്പോയൊരു കാലഘട്ടം ഓർമ്മകളിൽ ഉണർത്തിത്തരും ..നമുക്ക് മരിക്കും വരെയെങ്കിലും സ്മൃതികളിൽ ഓണമുണ്ണുകയും ഉഞ്ഞാലിലാടുകയും ചെയ്യാം !  ഓണമെന്നത് 'നമ്മെ ഉണർത്തുന്നത്' എന്ന് അർത്ഥം മാറ്റി എഴുതേണ്ടിയിരിക്കുന്നു എന്ന് മാത്രം !


Friday, September 6, 2013

ജീവിതത്തിന്റെ അർത്ഥമറിയുന്ന ചില നിമിഷങ്ങളുണ്ട്,അത്തരമൊരു നിമിഷത്തിലൂടെ ഇപ്പോൾ ഞാൻ കടന്നു പോയി .രാവിലെ അച്ഛയെ വിളിച്ച് ഓണത്തിനു ഭർതൃഗൃഹത്തിലെയ്ക്ക് പോകുന്നു അതിനുശേഷമേ വരാനാകൂ എന്ന് പറയുകയായിരുന്നു ,കാരണം കേരളത്തിന്റെ വടക്കേയറ്റത്ത് എന്റെ ജന്മഗൃഹവും തെക്കേയറ്റത്ത് ഭർതൃഗൃഹവും .രണ്ടു വീട്ടിലും അച്ഛനമ്മമാർ തീർത്തും തനിയെ അസുഖങ്ങളുടെ അകമ്പടിയോടെ അവരവരുടെ തട്ടകങ്ങളിൽ വല്ലപ്പോഴും അഥിതികളായെത്തുന്ന മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്നു .അതുകൊണ്ടുതന്നെ എന്റെ മനസ്സ് ശക്തമായി എന്റെ ഉറവുകളിലെയ്ക്ക് വലിക്കപ്പെടുകയും ,അദ്ദേഹത്തിന്റേത് അവിടെയ്ക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നതൊരു തെറ്റെയല്ല എന്ന് ഞാൻ തിരിച്ചറിയുന്നു .ഓർമ്മകളുടെ വേരുകൾ ആ മണ്ണിലേയ്ക്കു നീണ്ടു ചെന്ന് ജലവും ലവണങ്ങളും തേടുമ്പോൾ മാത്രമാണ് ജനിമൃതികൾ എത്ര സാരമുള്ളതും അർത്ഥമുള്ളതുമാണെന്ന് തിരിച്ചറിയുന്നതും ! പക്ഷെ അച്ഛ പറഞ്ഞതിങ്ങനെയാണ് :
'മോനെ ഓണമെന്നത് ഒരു സങ്കല്പം മാത്രമാണ് .അത് പണ്ട് എന്റെയൊക്കെ കുട്ടിക്കാലത്ത് വയറു നിറയെ ഭക്ഷണം കിട്ടുന്ന പത്തു ദിവസങ്ങൾ ആയിരുന്നു .എണ്ണ തേച്ചു നനച്ചു കുളിപ്പിച്ച് വയറു നിറയെ ഭക്ഷണം തരാൻ അമ്മമാർക്ക് കിട്ടുന്ന ദിവസം .ആർത്തുല്ലസിക്കാൻ കുട്ടികൾക്ക് കിട്ടുന്ന ദിവസങ്ങൾ  ,കൂലി കൂടാതെ ഒരു പറ നെല്ല് സാധുക്കൾക്ക് ജന്മിമാർ നല്കുന്ന ദിവസങ്ങൾ  .അത് കുത്തിപ്പാറ്റി കഞ്ഞി വച്ച് ആഹ്ലാദത്തോടെ മക്കൾക്ക്‌ നല്കാൻ പറ്റിയ ദിവസങ്ങൾ ,തൊടിയിലും പറമ്പിലും പൂക്കളും ഊഞ്ഞാൽ പാട്ടുകളും നിറയുന്ന ദിവസങ്ങൾ അതിനെ ഓണം എന്ന് പറയാം .മാവേലി വരുന്നു എന്നതിനർത്ഥം തന്നെ ഭക്ഷണം വരുന്നു ,സമൃദ്ധിയോടെ തിന്നാനുള്ള സമയം വരുന്നു എന്നതായിരുന്നു !ഇന്ന് ഓണം എപ്പോൾ വേണമെങ്കിലും ആകാം കാരണം ഇന്നത്തെക്കുട്ടികളിൽ പട്ടിണിയുടെ രുചിയിൽ ഓണം കാത്തിരിക്കുന്ന വയറുകളില്ല എന്നത് തന്നെ !അതുകൊണ്ട് ഓണത്തിനെത്തിയില്ല എന്ന് കരുതി അച്ഛയ്ക്കോ അമ്മച്ചിക്കോ പരാതിയില്ല .നിങ്ങളാണെന്റെ ഓണം .കാണാതെ കണ്ണ് നിറയാതെ എന്തോണം ?സമയമുള്ളപ്പോൾ വരൂ വരാതിരിക്കരുത് കക്കുട്ടിയെ കാണാതെ വയ്യ മോനെ ,യാത്ര വയ്യ അങ്ങോട്ടേയ്ക്ക് , വരാതിരിക്കരുത് ' 
അച്ഛയുടെ ഒച്ചയ്ക്ക്  കനം വച്ചൊരു നീര്ത്തുള്ളിയുടെ തൂക്കമുണ്ടെന്നു പിടച്ചിലോടെ എന്റെ കണ്ണുകൾ ഒഴുകിയറിഞ്ഞു !കൈയ്യിലെ വലിയ പെട്ടിയിൽ നിറയെ കായവറുത്തതും ,ഉണ്ണിയപ്പവും ,അച്ചപ്പവും ,കുഴലപ്പവും ,ചമ്മന്തിപ്പൊടിയും ,നെല്ലിക്ക കറുപ്പിച്ചതും അങ്ങനെ പലതും നിറച്ചു ദിവസങ്ങൾ നീണ്ട യാത്ര കഴിഞ്ഞും ,എന്റെ ഹോസ്റ്റലുകളിലെയ്ക്ക് നീണ്ടു നിവർന്ന്  ഒരൽപ്പവും ക്ഷീണമേശാതെ (കാണിക്കാതെ )ശുഭ്ര വസ്ത്രധാരിയായി കടന്നു വരുന്ന എന്റെ അച്ഛ! കൊടുത്തയച്ച പലഹാരങ്ങളിൽ നിറയെ എന്റെ അമ്മയും ചേച്ചിയും മണക്കും എനിക്ക് !സുഹൃത്തുക്കൾ മനം നിറയെ അതാസ്വദിച്ചു കഴിക്കുമ്പോൾ ഒരു വിടർന്ന ചിരിയോടെ ഞാൻ നോക്കിയിരിക്കാറുണ്ടിന്നുമെന്റെ മനസ്സിൽ ..നാളെ അത്തം തുടങ്ങുമ്പോൾ ഓണം ഇല്ലാത്തവനുള്ള പങ്കു വയ്ക്കൽ കൂടിയാവണമെന്ന എളിയ അപേക്ഷയോടെ എല്ലാവർക്കും എന്റെ ഓണാശംസകൾ ..!

കുടുംബിനി !

ചിതറിക്കിടക്കുന്ന പാത്രങ്ങൾ ..
അതിന്നിടയിൽ തിന്നതിന്റെയും
തിന്നാത്തതിന്റെയും ചിതറിയ
ചിത്രങ്ങൾ ..!

സാരിയും പാവാടയും കുട്ടിയുടുപ്പുകളും
വിതറിയ അകത്തളങ്ങൾ ..
ചുമരിൽ സീമന്തരേഖ വരച്ച
കുങ്കുമ വർണ്ണങ്ങൾ ..
കണ്മഷിയുടെ കാക്കക്കറുപ്പ്‌ !

വെള്ളം ചിതറിയ തറയിലൂടെ
സർക്കസ്സുകാരിയെപ്പോലെ
തെന്നിനീങ്ങുമ്പോൾ തൊട്ടടുത്ത
കസേരയിൽത്താങ്ങി അവളലറി :
'പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ
ഇതൊക്കെ ഇങ്ങനെ
വൃത്തികേടാക്കാതിരുന്നൂടെനിനക്ക് '

ഉത്തരവാദിത്വപ്പെട്ട കുടുംബിനിയെപ്പോലെ
അരയിൽനിന്നൂർന്നു പോയ തോർത്ത്
അരഞ്ഞാണത്തിലെയ്ക്ക്  കുത്തിത്തിരുകി
ആ രണ്ടരവയസ്സുകാരി,
അക്ഷോഭ്യയായി പറഞ്ഞു :
'നിനച്ചു നോക്കീം കന്റും
നടന്നൂടെഡീ   അമ്മേ '


Thursday, September 5, 2013

ഉഞ്ഞാൽചിന്ത് !

എത്ര ആടിയാലും ,
ആടിത്തീരാത്തൊരു ഊഞ്ഞാലിൽ
ആടിത്തിമർക്കുന്നു ഇന്നും ഓർമ്മയിലെ
ഓണവെയിലുകൾ ..!
നാല് കുഞ്ഞിക്കൈയ്കൾ കൂടി -
നിന്നെത്തിപ്പിടിച്ചാലും എത്താത്ത
വാളൻ പുളിമരത്തിലെ എത്താക്കൊമ്പിൽ
വലിയ വടം കെട്ടി ,പരൽമീനുകളും
നെറ്റിയെപ്പൊട്ടനും നീന്തിത്തുടിക്കുന്ന
ആഴക്കുളത്തിൻ മുകളിലൂടെ ..
ആകാശം നോക്കിയൊരു,
 വാൽനക്ഷത്രം പോലെ,
ശുര്ർ ..എന്നൊരു കുതിപ്പുണ്ട് ..!
തിരികെ കാലിൻ തുംബിൽ ,
പുളിയിലപിഴുതും  മത്സരങ്ങളിൽ,
നട്ടെല്ലിൽക്കൂടി വിറയൽ പടരുന്ന
കണ്ണുകളിൽ എത്താദൂരത്തിലെ
കുളത്തിന്റെയാഴം പടരുന്ന ,
പെടിത്തൊണ്ടിയായ പാവം ഞാൻ !
ഒന്നേ രണ്ടേ മൂന്നാടി നിർത്തണേ..
ഒരു ആർത്തനാദം !

 

Wednesday, August 28, 2013

കൂട്ടുകാരി പോയ വഴി !

അവൾക്കു കല്യാണമെത്തിയപ്പോൾ
പേടിയായിരുന്നു ..
ഞാൻ ചുടുന്ന ദോശ വട്ടമൊക്കുമൊ ?
അമ്മ ,നീലമൊഴിച്ചു  കഞ്ഞിമുക്കി
വെടുപ്പായി വിരിക്കുന്ന
പാടുപിടിക്കാത്ത ,ഭൂപടം തെളിയാത്ത
വെള്ളമുണ്ട് പോലൊന്ന് എനിക്കും ..?
ഞാൻ മുറിക്കുന്ന മീനുകൾ
ചെകിളയും കുടലും പണ്ടവും
അവശേഷിപ്പിക്കുമോ ??
അകമുറിയിലെ കുളിമുറിയിൽ
ഞാൻ വീഴ്ത്തുന്ന വെള്ളത്തിന്റെ-
യൊച്ചയിൽ ഭര്ത്താവിന്റെ
അനുജത്തിയ്ക്ക്  ആലോസരമുണ്ടാകുമോ ?
എത്ര കഞ്ഞുണ്ണി * തേച്ചിട്ടും
നീളാത്തയീമുടി തോണ്ടി നോക്കി
ഭർത്താവ് കളിയാക്കിച്ചിരിക്കുമോ ?
എത്ര വലിച്ചു പിടിച്ചിട്ടും ഉൾവലി യാത്തോരീ
വയറുകണ്ടയാൾ 'ചീക്കമാക്കാനെന്നു '
പൊട്ടിച്ചിരിക്കുമോ ??

ഒരു വിശ്വാസത്തിലുമൂന്നി സമയം കളയാത്തൊരു
സംശയങ്ങളിൽ അവൾ എന്നേയ്ക്കും
വ്യത്യസ്തയായിരുന്നു ,വിശ്വസ്തയും !
അതുകൊണ്ടെന്താ ..?
അവളിന്ന് ദൈവത്തിന്റെ പറുദീസയിൽ
വൃത്തമൊത്ത വട്ടത്തിൽ ദോശചുടുകയും ,
അദ്ദേഹത്തിൻറെ തൂവെള്ള മുണ്ടുകൾ
നിസ്സാരമായി നനച്ചുണക്കുകയും,
നല്ല വൃത്തിയിൽ മീൻ വെട്ടിക്കഴുകി
വറുത്തലങ്കരിച്ച് തീന്മേശയിൽ നിരത്തുകയും ,
അകമുറിയിലെ സ്വാസ്ത്യത്തിൽ പൊതിഞ്ഞ
കുളിമുറിയിൽ കുളിച്ചിറങ്ങി ,
തന്റെ നീളന്മുടി കോതിയുണക്കി
ഈ ബ്രഹ്മാണ്ടത്തിലില്ലാത്തൊരു
സൗന്ദര്യ ദേവതയായി
അദ്ദേഹത്തിൻറെ ഇടതുഭാഗം അലങ്കരിക്കുന്നു !

*കയ്യുണ്ണി


Tuesday, August 27, 2013

ഓരോ നല്ല കഥ വായിക്കുമ്പോഴും ഞാൻ കരുതും ഇതാണ് ലോകത്തേറ്റവും നല്ല കഥ എന്ന് !ഈ കഥാകൃത്താണ് ലോകത്തിൽ വച്ചേറ്റവും നല്ല കഥകളുടെ തമ്പുരാൻ / രാട്ടി എന്ന് !ആ കഥാകൃത്തപ്പോൾ ഒരു പൊട്ടിച്ചിരിയോടെ എന്റെ കൈ പിടിച്ചുവലിച്ച് എന്നെ കൂടെ കൊണ്ടുപോകും ..പുളി ഉറുഞ്ചുന്ന കൊച്ചുകുട്ടികളെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്‌ നവരസങ്ങൾ മുഖത്തു നിറച്ചു ഞങ്ങൾ ദേശങ്ങളായ ദേശങ്ങളിൽക്കൂടി നടന്നു നടന്നു നടന്ന് ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൊച്ചു വർത്തമാനങ്ങൾ പങ്കിട്ട് അങ്ങനെ ..!
-എന്തിനെയും ആകർഷണീയമാക്കുന്നത് അതിനോട് പുലർത്തുന്ന കേവല താത്പര്യങ്ങൾ മാത്രമാണ് .ഒരു ജീവിതസത്യം കൂടിയാണത്-സന്തോഷ്‌ ഏച്ചിക്കാനം
എഴുതിയെഴുതി കാക്കത്തൊള്ളായിരം കഥകൾ നിറയ്ക്കൂ ,ഈ വായനക്കാരിയുടെ അനുവാചകയുടെ ആശംസകൾ സുഹൃത്തെ !

Sunday, August 25, 2013

വേദനയുടെ വേരുകൾ അഥവാ ബോണ്‍സായ് വളർച്ചകൾ !


വേരുകൾ പൊട്ടിയൊരു ചെടിപോലെ
വേദനകൾ താഴ്ന്നു പോകാനിടമില്ലാതെ
നിന്നിൽത്തന്നെ കുടികൊള്ളുന്നു !

ചില നേരങ്ങളിൽ മുളപൊട്ടുന്ന
വേരുകളിലെയ്ക്ക്
സർവ്വ ശക്തിയുമെടുത്ത് അവ
കുലംകുത്തിയൊഴുകുന്നു !

വേദനകളുടെ അതിസമ്മർദ്ദത്തിൽ
വേരുകൾ അറ്റ് പോകുന്നു !
ജൈവികമായ ബന്ധങ്ങൾ
മുറിഞ്ഞു പോകുന്നത് കണ്ണുനീരോടെ
കാണുന്നു,സാന്ത്വനമില്ലാതെ !

വെച്ചുകെട്ടിത്തരുന്ന ഓരോ
വേരുകളും  സ്വയമറിയാതെ
അവൾ നിരാകരിച്ചുകൊണ്ടേയിരിക്കുന്നു.
വെറും ചീഞ്ഞ വള്ളികൾ അറ്റ്
വീഴും മുൻപവർ മുറിച്ചു മാറ്റുന്നു !

വേരുകൾ വളരാതെ വേദനകൾ 
വളരുന്നതെങ്ങനെയെന്ന് ഓരോ
ഇലയിലും അവൾ
നഖചിത്രം പോലെ കോറിയിടുന്നു !

ഒരു കാറ്റുവന്നാൽ വീഴണമെന്ന്
കൊതിയോടെ കാത്തു കാത്തിരിക്കുന്നു !
അതുകൊണ്ടാണവർ അവളെ
കാറ്റടിപ്പിക്കാതെ ചില്ലു പേടകത്തിൽ,
വെന്റിലേറ്ററിൽ കാത്തുവച്ചിരിക്കുന്നത് !  


Saturday, August 24, 2013

നേരറിവുകളിൽ ചില ശരീരങ്ങൾ!

ശരീരം തണുക്കരുത്,
സോക്സിട്ടു, കമ്പിളി പുതച്ച് ,
ചൂട് വെള്ളത്തിൽ കുളിച്ച് ..
അങ്ങനെയങ്ങനെ -ഡോക്ടർ !

എനിക്ക് ചൂടാണ് ,
ഫാനിടു ,കതകുകൾ തുറന്നിടു
ശരീരം തണുതണുത്ത വെള്ളത്തിൽ
കഴുത്തൊപ്പം ഇറക്കിയിടൂ..
ശാന്തം!പാവമൊരു ശരീരം !

എത്ര അലറി വിളിച്ചാലും
ശരീരത്തെ തിരിച്ചറിയാത്ത
നഗ്നമായ യാഥാർത്യങ്ങൾ! 

Monday, August 19, 2013

കടുംപച്ച വഴികൾ!


എവിടെയാണ് ഈ വർണ്ണച്ചിറകുകളും
തൂവൽത്തൊപ്പികളുമായി
സ്വർണ്ണച്ചിറകുള്ള നീലപ്പക്ഷികളേ
നിങ്ങൾ പോയ്മറയുന്നത് !?

ഒരിടവഴികളിലും തൂവൽ മരിച്ച്
നിങ്ങൾ അനാഥ ജഡങ്ങളാകുന്നില്ല !
ഒരു റെയിൽപ്പാതകളിലും
തലയറ്റ നിങ്ങളെക്കണ്ടതേയില്ല !

വല്ലപ്പോഴും, നിറങ്ങൾ മുഴുവൻ
ഉരുകിചേർന്നു കറുകറുപ്പായൊരു
കാവതിക്കാക്ക ഇലക്ട്രിക് കമ്പിയിൽ
അബദ്ധത്തിൽ മരിച്ചിരിക്കുന്നത് കാണാം ..

വയസ്സായി കാഴ്ചയും കേൾവിയും
ഓർമ്മയുമില്ലാതെ ഒരു കിളിയും
എന്റെ ജാലക വാതിലിൽ
തപ്പിത്തടഞ്ഞു തോണ്ടി വിളിച്ചില്ല !

എവിടെയാണ് സ്വർണ്ണത്തൂവലുകൾ
പൊഴിച്ചിറക്കി നിങ്ങൾ മൃതിയുടെ
വർണ്ണ നൂലുകളിൽ ബന്ധിതമാകുന്നത് !
എവിടേയ്ക്കാണ് മരിക്കുവാനായി
നിങ്ങളോരോരുത്തരും ഒളിച്ചു പോകുന്നത് !

മനുഷ്യന് കാണാനാകാത്ത
ഉർവ്വിരതയുടെ കടുംപച്ച വഴികളിലേയ്ക്ക്
ഓരോ കിളികളും ഒഴുകി മറയുന്നു !
മരിക്കുന്നത് മനുഷ്യർ മാത്രം !
 

Wednesday, August 14, 2013

മഴ മഴമാത്രം !


മഴ ..മഴയുടെ ചിരിയിൽ കരച്ചിലിൽ ഇടിമുഴക്കിയുള്ള പിണങ്ങിപ്പിരിച്ചിലിൽ എവിടെയൊക്കെയോ അന്യം നിന്നുപോകുന്ന വേനലോർമ്മകൾ ..മഴത്തുള്ളികൾ നനഞ്ഞു മൂടിയ ബാല്യത്തിലോ ,ആലിപ്പഴങ്ങൾ പെറുക്കിക്കൂട്ടിയ കൗമാരത്തിലൊ ,ഒരു പുളകം പോലെ തുടിപ്പുകളിലെയ്ക്ക് പകർന്നിറങ്ങിയ യൗവ്വനത്തിലൊ? മഴ എന്നാണ് പെയ്തു തോർന്നത്‌ ??അറിയില്ല ..
ചില നേരങ്ങളിൽ മൗനമായി കണ്ണുപൂട്ടി നേർത്തൊരു സാരംഗിയുടെ അകമ്പടിയോടെ കസേരയിൽ ചാരിക്കിടക്കുമ്പോൾ മഴയില്ലെങ്കിലും മഴപെയ്യും ..ആ മഴയിൽ പ്രണയവും വിരഹവും ലയിച്ചു കിടക്കും ..എന്നോ കവിളിൽ തൊട്ടുപൊയ ഒരു തുള്ളിക്കണ്ണീർ ഹൃദയത്തിന്റെ ഏറ്റവും അഗാധതയിൽ നിന്നും വീണ്ടും പൊട്ടിയൊഴുകും ..മഴയേതെന്നു തിരിച്ചറിയാനാകാത്ത വിധം മഴയും ഞാനും ഒന്നാകുന്നത് ശരീരമില്ലാത്തൊരു പ്രാണനായി ഞാനറിയും !

മഴയൊരു പ്രവാഹമായി വീണുണർന്ന് സംഹാരതാണ്‍ഡവമാടുമ്പോൾ അതിൽപ്പെടുന്ന കുരുന്നു പൂവ് പോലെ വേദനകൾ കുത്തിയൊലിച്ചു പോകുന്നത് കനമില്ലാതൊരു കരളോടെ ഞാനെന്നും നോക്കിയിരിക്കുന്നു!എവിടെയാണ് മഴച്ചില്ലകളിൽ നിന്നും തുള്ളികൾ ഉതിർന്നു വീണ് മരം പെയ്യുന്നത് ..പൂവാകച്ചുവട്ടിൽ മരം പെയ്യുന്ന നനവിൽ കടും പച്ച പട്ടുപാവാടയും ധാവണിയും ചുറ്റി പ്രേമ സുരഭിലമായ ഒരു കുടന്ന ഹൃദയ വികാരങ്ങളുമായി നിന്നത്. .നെഞ്ചിലെ പരിഭ്രമത്തിലെയ്ക്ക് ആർദ്രമായ  രണ്ടു മിഴികൾ തരുന്ന സാന്ത്വനമാണ് ലോകത്തിലേയ്ക്കും വലിയതെന്ന് വെറുതെ നിനയ്ക്കുന്നതിലെ സുഖം, ഒരു ചാറ്റൽ മഴപോലെ മാത്രമാകുന്ന നിമിഷങ്ങൾ..പ്രണയവും മഴയും വീണ്ടും കൂടിക്കലർന്നു പോകുന്നത് ആർദ്രതയോടെ നാമറിയുന്നു !

ചില മഴവേഗങ്ങളിൽ ജോലി തീർക്കാൻ പാടുപെട്ട് ,ഓടുന്ന ബസ്സിനു പുറകെ നനഞ്ഞോടിയിട്ടും നിർത്താതെ പോകുമ്പോൾ ,നനഞ്ഞു വിറച്ചൊരു സന്ധ്യ നിന്നെപ്പോലെ തന്നെ പരിഭ്രമിച്ച് ഇരുളുന്നതോ  ?ആ ഇരുളിലേയ്ക്കു പെയ്തിറങ്ങുന്ന തുള്ളിക്കൊരു കുടം മഴയ്ക്ക്‌ പേടിയുടെ കറുത്ത രാക്ഷസക്കൈയ്കൾ മാത്രമാണുള്ളതെന്ന് ചിതറിപ്പോയ നിന്റെ മനസ്സ് ആർത്തലയ്ക്കുന്നതും എനിക്ക് കേൾക്കാം .നനഞ്ഞ നിന്റെ മുഴുപ്പുകളിലെയ്ക്ക് ആർത്തിപിടിച്ച കണ്ണുകൾ നിന്നെ നഗ്നയാക്കുന്നത് വെറുമൊരു സ്കൂൾ കുട്ടിയുടേതാണല്ലോ എന്ന് എനിക്ക് നടുങ്ങുന്നൊരു ഞെട്ടലുണ്ടാകും !മഴ, സൗന്ദര്യമേ ഇല്ലാത്തൊരു ചെളിവെള്ളം പോലെ നിന്റെ കാലിനെക്കവിഞ്ഞൊഴുകുന്നതിൽ എന്നുള്ളിൽ  അറ്യ്ക്കുന്നൊരു പ്രതികാരം വളരും !

മഴ തകർത്ത കൂടാരത്തിന് വെളിയിൽ അമ്മയും അച്ഛനും കൂടെപ്പിറപ്പുകളും മുത്തശ്ശിയും ഒഴുകിപ്പോയതറിയാതെ പിഞ്ചു വാ പിളർന്നു കരയുന്ന കുഞ്ഞോമനയെ നോക്കുമ്പോൾ മാതൃത്വം ഒരു കടലോളമുയർന്നു മഴ പോലെ കണ്ണു കീറിയൊഴുകുന്നത് ആർക്കു തടയാനാകും !

ചില മഴനേരങ്ങളിൽ  നിന്റെ കരവലയത്തിന്റെ സുരക്ഷിതമായ ചൂടിൽ വെറുതെ മഴ നോക്കിയിരിക്കുമ്പോൾ പൊയ്പ്പോയ ഏകാന്തതകൾ ഇനി വരില്ലെന്ന് ചൊല്ലി മഴ പതിയെപ്പാടും ..മടിയിൽ കുഞ്ഞിക്കൈകൾ താളം കൊട്ടി മഴ നോക്കി അരുമച്ചിരിയോടെ എന്റെ ഉണ്ണി ഉറങ്ങിപ്പോകും ..എത്ര താളങ്ങളിലാണ് മഴ പാടുന്നതെന്ന് ഇനിയും കണ്ടെത്താനാകാതെ അകലങ്ങളിൽ നിന്നൊഴുകുന്ന മുളംകാറ്റുകൾ.. അതിന്റെ രാഗങ്ങളിൽ മേഘമൽഹാർ ഉയർത്തിക്കൊണ്ട് മഴ ഇളകിച്ചിരിക്കും .മുത്ത്‌ പോഴിയും പോലെ ഓരോ തുള്ളിയും മണ്ണിലെയ്ക്കുരുണ്ട് വീഴും ,മണ്ണിൽത്തൊട്ട  രോമാന്ജത്താൽ രാജാവിന്റെ കിരീടം പോലെ മുകളിലെയ്ക്കുയർന്നു പിന്നെ എന്നേയ്ക്കുമായി മണ്ണും മഴയും ഒന്നായി അലിഞ്ഞുതീരും  !

Tuesday, August 6, 2013

ഉത്ഭവിക്കാനിരിക്കുന്ന രാഷ്ട്രം !


വ്യക്തിയാണ്  സമൂഹത്തിന്റെ ഏറ്റവും അടിത്തറ എന്ന് ഏവർക്കുമറിയാം .അതായത് നമ്മുടെ മൊത്തം പ്രശ്‌നങ്ങളുടെയും ഏറ്റവും ഉള്ളിലുള്ളത് വ്യക്തിയുടെ സ്വഭാവമാണ് .അതിനെ അപേക്ഷിച്ച് മാത്രമാണ് വീടും നാടും നഗരവും രാഷ്ട്രവും രൂപം കൊണ്ടിരിക്കുന്നത് .സാമൂഹികവും മതപരവും രാഷ്ട്രീയപരവും ,ജൈവപരവുമായ മാറ്റങ്ങൾ വ്യക്തിയിൽ നിന്നും മാത്രമാണ് തുടങ്ങിയിരിക്കുന്നത് .അപ്പോൾ നാം നിലവിളിക്കുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാന ബിന്ദു ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണമാണ്.അപ്പോൾ സ്വാഭാവികമായും വീടും കുടുംബവും ഇല്ലാത്തവരെപ്പറ്റി ചോദ്യം വരാം ,അനാഥരെപ്പറ്റി ചോദ്യം വരാം .പക്ഷെ അതിനെ ഒരു ഉത്തരം  കൊണ്ട് തിരുത്താം ,അച്ഛനും അമ്മയും ഇല്ലാതെ ജനിക്കുന്നവർ ആരുമില്ല  ?ജീവിതത്തിനെ മുന്നോട്ടു കൊണ്ട് വരുമ്പോൾ എത്രയൊക്കെ കഠിനമെങ്കിലും ഒരു അന്തരീക്ഷമുണ്ട് അവരെ പൊതിഞ്ഞ്.ആ അന്തരീക്ഷമാണ് അവരുടെ കുടുംബം ,ആ കുടുംബത്തിൽ നിന്നുമാണ് അവരുടെ വ്യക്തിത്വ രൂപീകരണം സാധ്യമായിരിക്കുന്നത്,ജനിതകപരമായ സ്വഭാവ വിശേഷണങ്ങൾ ഉണ്ടാകുമെങ്കിലും !.പക്ഷെ ഈ കുടുംബം എന്ന സങ്കല്പം നമ്മുടെ രാഷ്ട്രത്തിൽ നടത്തിയിരിക്കുന്നത് ഒരു തരത്തിൽ വിചിത്രമായ ഒരു അടിച്ചുറപ്പിക്കൽ ആണ് !എന്താണെന്ന് പറഞ്ഞു വരുമ്പോഴേ എല്ലാവർക്കുമറിയാം സ്ത്രീ പുരുഷ അസമത്വം !ഞാൻ സ്ത്രീ പക്ഷത്തു നിന്നോ പുരുഷ പക്ഷത്തു നിന്നോ സംസാരിക്കുവാൻ താത്പര്യപ്പെടുന്നില്ല എങ്കിലും ചില വസ്തുതകൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഉത്തരം അസമത്വം മാത്രമായിരിക്കും !

ഏറ്റവും സാധാരണക്കാരിലാണ് രാഷ്ട്രത്തിന്റെ അച്ചുതണ്ട് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌ ,കാരണം അവരാണ് സമ്മതിദായകർ ,പൊതുജനങ്ങൾ ,പിന്നോക്കക്കാരും ഇടനിലക്കാരും അടങ്ങുന്ന ഭരണഘടനയിലെ  വലിയ വിഭാഗം !ഈ വലിയ വിഭാഗങ്ങൾ ആണ് രാഷ്ടത്തിന്റെ രൂപം വരച്ചു വച്ചിരിക്കുന്നതും .പുരുഷൻ -സ്ത്രീ എന്നത് എഴുതുമ്പോൾ തുലനാവസ്ഥയിൽ വരുമെങ്കിലും പ്രായോഗികവശാൽ ത്രാസ് എപ്പോഴും പൊങ്ങിയും താഴ്ന്നുമേ നിലനിന്നിട്ടുള്ളൂ .എങ്ങനെയായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക ?ജൈവപരമായി സ്ത്രീ ശരീരം സ്ത്രൈണത നിറഞ്ഞതായതിനാൽ പുരാതനകാലത്ത്‌ അവളെ ലൈംഗികമായി ഉയർത്തി വച്ചിരുന്നു .കുടുംബം വികസിപ്പിക്കുവാനും കൃഷികളിൽ സഹായിക്കുവാനും കുട്ടികളെ പ്രസവിച്ചു പരിപാലിക്കുവാനും മറ്റും മറ്റും  .കായികമായി ബലവാനായ പുരുഷൻ സ്വാഭാവികമായി ഉയർന്നവനായി പരിഗണിക്കപ്പെട്ടു .ഭരണവും വീടും നാടും കുട്ടികളും സ്ത്രീകളും അവനാൽ നയിക്കപ്പെടുന്നു, അങ്ങനെ എഴുതപ്പെടാത്തൊരു ചരിത്ര രേഖ പോലെ തന്നെ സ്ത്രീയും പുരുഷനും വ്യത്യസ്ഥവത്കരിക്കപ്പെട്ടു !ഈ വ്യതിയാനം ഓരോ കുടുംബങ്ങളിലും പുരുഷ താല്പരിത കാര്യങ്ങൾക്ക് മുൻഗണന നല്കിയിട്ടുണ്ടാകാം .അതിൽ നിന്നും ഉയർന്നുവന്ന ചോദനകൾ ആണ്‍കുഞ്ഞു പിറന്നാൽ ഉണ്ടായേക്കാവുന്ന പരിഗണനയിൽ എത്തി നിന്നിരിക്കാം !ഈ പരിഗണന ലഭിക്കുന്ന സ്ത്രീകൾ തന്നെ അടുത്ത സ്ത്രീയോട് ആണ്‍കുട്ടികൾ ജനിച്ചാൽ കുടുംബത്തിൽ വരുന്ന നേട്ടങ്ങളെപ്പറ്റി വാചാലയാവുകയോ അഭിമാനിക്കുകയോ ചെയ്തിരിക്കാം .ഇവിടെ രണ്ടു തരത്തിൽ കാര്യങ്ങൾ വഴിമാറുകയാണ് .ഒന്ന്, പുരുഷന് സ്ഥാപിത താത്പര്യങ്ങൾ മാറ്റി മറിക്കുവാൻ അശേഷം താത്പര്യമില്ലാതാവുകയും തനിക്കു തുല്യം താൻ മാത്രമെന്ന തിരിച്ചറിവിലെയ്ക്കു അവൻ സാഹചര്യങ്ങളെ കൊണ്ട് വന്നെത്തിക്കുകയും ചെയ്തു .രണ്ട്, സ്ത്രീകൾ തങ്ങൾ ലിംഗപരമായി മാത്രം പുരുഷനിൽ നിന്നും മാറി നിൽക്കുന്നവൾ എന്നതിലുപരി പുരുഷനെ ആശ്രയിക്കെണ്ടുന്നവർ എന്ന മുഖം മൂടിയിട്ടുകൊണ്ട് നയിക്കുന്ന വഴിയിലൂടെ മാത്രം നടന്നു പോന്നവർ .അവർ തങ്ങൾക്കു കിട്ടിയിരുന്ന ഓരോ വിഹിതം ജീവിതത്തെയും അടിമ മനോഭാവത്തിൽ നോക്കിക്കാണുകയും കിട്ടുന്ന സ്നേഹത്തിൽ ജൈവികമായ ആനന്ദം നേടുകയും ചെയ്ത് പുരുഷനെ പിന്തുടർന്ന് പോന്നു .

ഈ വ്യായാമാവസ്ഥക്ക് മതങ്ങളും ഗ്രന്ഥങ്ങളും ആക്കം കൂട്ടി .ലോകത്തിൽ ഏതെങ്കിലും ഒരു വിശുദ്ധ ഗ്രന്ഥത്തിൽ സ്ത്രീകൾ പുരുഷന് തുല്യം ആകുന്നുണ്ടോ എന്നുള്ള അറിവ് എനിക്ക് പകർന്നു കിട്ടിയിട്ടില്ല ,അതുകൊണ്ട് തന്നെ ഈ മഹത് ഗ്രന്ഥങ്ങൾ ഈ ചാക്രിഗ ഗമനത്തിൽക്കൂടി ഉരുവായ അതി ബുദ്ധിമാന്മാരായ മനുഷ്യ -പുരുഷന്മാർ എഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നു .കാരണം അവിടെയും ഒരു വിശുദ്ധ ഗീതയോ ബൈബിളോ ഖുറാനോ മറ്റു ഗ്രന്ഥങ്ങളോ സ്ത്രീകൾ എഴുതിയതല്ല !സ്ത്രീകളെ വാഴ്ത്തപ്പെട്ടവൾ ആക്കുകയാണ് മത ഗ്രന്ഥങ്ങളിൽ .പരാശക്തിയും ,വിശുദ്ധ അമ്മമാരും നമുക്കുണ്ട്,അവരെപ്പറ്റി കോടാനു കോടി ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ ഒരു പ്രവാചകയൊ മാലാഖയോ സംന്യാസിനിയോ ഈ ഗ്രന്ഥങ്ങളിലെയ്ക്ക് ഒരു സംഭാവനകളും നല്കിയിട്ടില്ല .ഒരു വാത്മീകിനിയും ഒരു നിമിഷം ഉണർന്ന് അരുതേ കാട്ടാളാ എന്ന് കേണില്ല ! യാഥാർത്ഥ്യത്തിൽ വീടകങ്ങളിൽ കടുത്ത പീഡയാൽ അവർ നിലവിളിച്ചിട്ടുണ്ടാകാം ,സതിയനുഷ്ഠിക്കാൻ നിയോഗിക്കപെടുമ്പോൾ ,ജീവിതത്തിലെ ആട്ടും തുപ്പും ഏൽക്കുമ്പോൾ ,തലാക്ക് ചൊല്ലി ഇറക്കി വിടുമ്പോൾ അങ്ങനെ അങ്ങനെ എത്രയോ കോടാനുകോടി കാര്യങ്ങളിൽ സ്ത്രീകൾ ഉള്ളുരുകി കേണിട്ടുണ്ടാകും : മാ:നിഷാദ എന്ന് ! 

ഈ കടുത്ത പീഡയാൽ മനം മടുത്ത ഓരോ സ്ത്രീയും നിനയ്ക്കും പുരുഷനാണ് കേമൻ,സ്ത്രീയായി ജനിച്ചിട്ടെന്തു നേടി എന്ന്.ആണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന വീടുകൾ അവർക്കായി സ്ഥാനമാനങ്ങൾ കുറിച്ച് വയ്ക്കും .അവനെ പ്രത്യേകിച്ചോമനിക്കും.അവനു തിന്നുക വളരുക സമ്പത്തുണ്ടാക്കുവാൻ അദ്ധ്വാനിക്കുക വിവാഹം കഴിക്കുക രമിക്കുക കുട്ടികളുണ്ടാവുക വീണ്ടും ആവർത്തങ്ങൾ ..ഇതുമാത്രം !പെണ്‍കുഞ്ഞു ജനിക്കുന്നതോടെ അവൾക്കായുള്ള ആധിയുടെ വിത്തും കൂടെ കുരുത്തു വരും .വേണമെങ്കിൽ ഒരു നെല്മണി  തൊണ്ടയിൽ കുരുക്കി അവളെ കൊന്നുകളയും. അല്ലെങ്കിൽ വീടിന്റെ പിന്നാമ്പുറങ്ങളിൽ പ്രത്യേക പരിശീലനക്കളരിയിൽ അമ്മമാർ തന്നെ അവരെ അടക്കി ഒതുക്കി പാത്രം കഴുകിച്ചും  തൂത്തും തുടപ്പിച്ചും നനച്ചും ഒച്ചയുണ്ടാക്കാതെയും ഉറക്കെച്ചിരിക്കാതെയും മലർന്നു കിടക്കാൻ അനുവധിക്കാതെയും ,തീണ്ടാരി സമയങ്ങളിൽ തൊടാൻ ,പിടിക്കാൻ ,കാണാൻ അനുവധിക്കാതെയും ,അച്ഛനെയും അമ്മാവനെയും സ്വന്തം അനുജനെ വരെ ഓച്ഛാനിച്ച് നില്ക്കണം എന്നുള്ള കഠിന താക്കീതുകളിൽക്കൂടിയും വളർത്തി വന്നു .വളർന്നാൽ പത്തു വയസ്സിന്നു മുൻപ് വരെ അതായത് ബാല്യം കഴിയുന്നതിനും മുൻപേ അവളെ വിവാഹം ചെയ്തു ഒഴിവാക്കി വിട്ടിരുന്നൊരു കാലവും  നൂറ്റാണ്ടുകൾക്കു മുൻപല്ല !ഇതാ ഈ ഇന്നലെകൾ മാത്രമാണ് !(എല്ലാ വീടകങ്ങളും ഇത്തരത്തിൽ എന്ന് ഇതിൽ അർത്ഥമാക്കുന്നില്ല ,മൊത്തം ജനങ്ങളിൽ ഏറിയ കൂറിനെപ്പറ്റി പറയുന്നു എന്നുമാത്രം )ഇത്രകാലം ഞങ്ങൾ പോറ്റി ,ഇനി നിങ്ങൾ ഇതാ ഈ ധനം കൊണ്ട് അവളെ പോറ്റണം എന്നുള്ളതല്ലേ ഈ സ്ത്രീധനം ?? സ്ത്രീധനമൊരുക്കാൻ  അവരവരെ വരെ വിറ്റ് കടം കയറി, കാട് കയറി മരിക്കുന്ന രക്ഷിതാക്കളെത്ര? വിവാഹമെന്ന മാനുഷിക ഉടമ്പടിയെ  സ്വയം തീരുമാനിക്കാനാവാതെ ബലിമൃഗങ്ങളായി കഴുത്തുനീട്ടിക്കൊടുത്തവർ  എന്റെയും നിങ്ങളുടെയും കുടുംബത്തിലില്ലേ ? ഈ അസമത്വം പിന്തുടർന്ന് മാത്രമാണ് പിന്നീടിങ്ങോട്ടുള്ള വരവുകൾ .ഈ സമത്വമില്ലായ്മ്മ നാം വളർത്തിയെടുത്തതാണെന്ന് ഓർമ്മപ്പെടുത്തിയതാണ് ഞാൻ !

ഈ ആരാജകതയിൽ നിന്നുമുള്ള വിത്തുകൾ ആണ് ഇന്ന് ഓടുന്ന ബസിൽ യോനിയിലേയ്ക്ക് കമ്പി കുത്തിക്കയറ്റി ആനന്ദമടയുന്നത്.ഒൻപത് മാസക്കാരിയെ ബലാത്സംഗം ചെയ്യുന്നത് .തൊണ്ണൂറു വയസ്സുകാരിയുടെ മുലകൾ ചവച്ചു തുപ്പുന്നത് !എന്നിട്ട് നിങ്ങൾ അമ്മമാർ ആർത്തലയ്ക്കുന്നതിൽ എന്തർത്ഥം ? കുഞ്ഞുങ്ങളെ ആണെങ്കിലും പെണ്ണെങ്കിലും തുല്യരായി വളർത്തണം .അവർക്ക് വീട്ടുജോലികൾ തുല്യമായി വീതം വെച്ച് പഠിപ്പിക്കണം .തറ തുടയ്ക്കാനും പാത്രം കഴുകാനും ,പാചകം ചെയ്യാനും അവർ ഒന്നിച്ചു നില്ക്കട്ടെ .യാതൊരു പുരുഷ സ്ത്രീ മനോവൈകല്യങ്ങളും അനാവശ്യ ഈഗോകളും വളർത്താതെ തുല്യരാക്കി വളർത്തിയാൽ അവർക്ക് സഹജീവികൾ നേരിടുന്ന അവസ്ഥയുടെ തോത് അതെത്ര തന്നെ ഏറിയതെങ്കിലും കുറഞ്ഞതെങ്കിലും മനസ്സിലാക്കുവാനും പങ്കു വയ്ക്കുവാനും കഴിയുന്നു .ഇനി അവർക്ക് സ്വതന്ത്രരായി ജീവിക്കണമെങ്കിൽ അവരെ അവരുടെ തീരുമാനത്തിൽ വിടുക .ഇതിനർത്ഥം ഒന്നുമറിയില്ലാത്ത കുട്ടികളെ ജീവിതത്തിന്റെ പ്രതിസന്ധികളിലെയ്ക്ക് ഇറക്കി വിടുക എന്നതല്ല !സ്വയം തിരിച്ചറിവോടെ നമ്മുടെ കണ്മുൻപിൽ സ്വന്തം ഇഷ്ടങ്ങളോടെ ജീവിക്കുക എന്നത് മാത്രമാണ് !ഇനി സാധാരണ രീതിയിൽ  വിവാഹിതരാകുന്നവർക്കു  പങ്കാളിയുടെ മനോനില വളരെ സുവ്യക്തമായി തിരിച്ചറിയാനും കൂടെ നില്കാനും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം അവരിലെ നന്മയുടെ നിറവിനെ അംഗീകരിക്കുവാനുമാകും .ഈ ഒരു സ്ഥിതി സംജാതമായാൽ പിന്നെ ഒരു സ്ത്രീയ്ക്കും സ്ത്രീധനം കൊടുക്കേണ്ടുന്ന ആവശ്യമെന്തിനാണ് ? പുരുഷൻ ഭാരം ചുമക്കുന്നത് പോലെ കുടുംബജീവിതം ചുമലിലേറ്റി അലയുന്നതെന്തിന് ?

ഇന്നത്തെ വിദ്യാഭ്യാസം ഒരു പൗരനെ വാർത്തടുക്കാൻ ഉതകുന്ന ഒന്നായിട്ടൊന്നും വിലയിരുത്താനാകില്ല .വിദ്യാഭ്യാസവും നല്ല പൗരനാകുക എന്നതും സമാന്തര രേഖകൾ തന്നെയാണ്.കുത്തിയിരുന്നു പഠിക്കുന്നത് ഉപരിപഠന സഹായകമാവുക തന്നെ ചെയ്യും പക്ഷെ മനുഷ്യത്വം ഉണ്ടാക്കണമെന്നില്ല .അതിന് ഓരോ വ്യക്തിക്കും ഉൾക്കാഴ്ച  വേണം.ഏതു കലയിലായാലും സാഹിത്യത്തിലായാലും ശാസ്ത്രത്തിലായാലും ആഴത്തിലുള്ള അറിവുള്ളവനെ അതിൽ നില നിന്ന് പോകുവാനാകൂ അതുകൊണ്ട് തന്നെ കുട്ടികളിൽ അന്തർലീനമായതിനെ വളർത്തിക്കൊണ്ടുവരുന്ന രക്ഷിതാക്കളെയാണ് നാളെയ്ക്കാവശ്യം !ഒന്നും ഒന്നിനും താഴെയല്ല എന്ന ബോധം ചെറുപ്രായത്തിലെ പകർന്നു കൊടുക്കുന്നത് അവനവനിലെ പ്രകാശത്തെ കാണിച്ചു കൊടുക്കുന്നതിനു തുല്യമാണ്.

 ഇങ്ങനെ എത്ര പുരുഷന്മാരെയും എത്ര സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി വളർത്തി വിടുന്നുണ്ട് നമ്മുടെ സമൂഹം?ആണ്‍ പെണ്‍ അനുപാതം എല്ലാ രീതിയിലും സമം ആകുന്ന അവസ്ഥയിൽ മനുഷ്യൻ സാമ്പത്തികമായി ഏറെ ഉയരും. കാരണം ഇവിടെ നടന്നിരിക്കുന്നത് ശരിയായ അർത്ഥത്തിൽ വിപ്ലവം ആയിരിക്കും !ഈ വിപ്ലവത്തിൽ പുരുഷാധിപത്യമൊ സ്ത്രീ ആധിപത്യമോ ഒന്നുമല്ല .സ്ത്രീപുരുഷ സമന്വയമാണ് നടക്കുന്നത് ,അതിനായി വേണ്ടത് മനുഷ്യരുടെ ഇത്തിരി ക്ഷമയും സഹനശക്തിയും സ്ത്രീയുടെ അടിസ്ഥാന നിലയിലേയ്ക്ക് പുരുഷൻ ഇറങ്ങി വരിക എന്നതും മാത്രമാണ് !(എന്തുകൊണ്ട് പുരുഷനിലെയ്ക്ക് ഉയരാൻ ഞാൻ പറയുന്നില്ല എന്നോ?മനുഷ്യന്റെ ഏറ്റവും ശത്രു അവന്റെ വികാരങ്ങൾ ആണ് അതിനു മുറിവേൽക്കുന്നത്‌ അവൻ തടഞ്ഞു കൊണ്ടേയിരിക്കും.സ്ത്രീ പുരുഷന് തുല്യമോ എന്ന ഇഗോ യെ നമുക്കിവിടെ മുറിവേൽപ്പിക്കെണ്ടതില്ല ) അതിലൂടെ ഒന്നിച്ചു നിന്ന് അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി വളർന്നു വരുന്നത് പച്ചയായ മനുഷ്യരാണ്. രാഷ്ട്രത്തിനോ തിളങ്ങുന്ന തേജസുറ്റ ജനതയാണ് കൈമുതലാകുന്നത് !സൂര്യനെല്ലികളും രാഷ്ട്രീയ അരാജകത്വവുമില്ലാത്ത സുന്ദരമായ നാട് !എന്തു മനോഹരമായ നടപ്പിലാക്കാവുന്ന സ്വപ്നമാണെന്റെത് അല്ലെ ?

Tuesday, July 23, 2013

കണ്മണീ കണ്ണും നീയേ..
കാഴ്ച്ചതന്നുള്ളം നീയേ..
കണ്ണുവയ്ക്കല്ലേ ...നിനക്കുമ്മകൊണ്ടൊരു
കാക്കപ്പുള്ളി ഞാൻ ചാർത്താമല്ലൊ :)

Sunday, July 21, 2013

മലയാള ഭാഷയും ഇന്നത്തെ സാഹിത്യവും !


സാഹിത്യമെന്നത്‌ എന്നും മനുഷ്യനെ പരിലസിപ്പിക്കുന്ന ഒരു ശാഖയാണ്.എന്നാൽ ഭാഷ പോലെ തന്നെ സാഹിത്യത്തെയും മനുഷ്യന്റെ ചരിത്രപരമായ മുന്നേറ്റങ്ങളെയും പരിണാമ വികാസങ്ങളെയും കുറിക്കുന്ന നേർക്കാഴ്ച എന്നുകൂടി പറയേണ്ടിയിരിക്കുന്ന!മലയാള ഭാഷാ സാഹിത്യത്തിനു ഏകദേശം എണ്ണൂറിൽപ്പരം വര്ഷത്തെ പഴക്കം ആണ് പറയപ്പെടുന്നത്‌ .പക്ഷെ അത്രകണ്ട് ഭീമമായൊരു സംഭാവന ഈ കാലയളവിൽ മലയാള സാഹിത്യത്തിനു നല്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തനീയമാണ് !

സാഹിത്യത്തിൽ ഇന്നുള്ള അവസ്ഥയെ അവലോകനം ചെയ്യുമ്പോൾ ശബ്ദശുദ്ധിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഭാഷാശാസ്ത്രപരമല്ലാത്ത വെറും പ്രാദേശികവും ഗ്രാമ്യവുമായ ഭാഷയിലാണ് ഇന്നുള്ള രചനകൾ എണ്‍പത് ശതമാനവും രൂപം കൊള്ളുന്നത്‌.ഇന്നത്തെ സാഹിത്യത്തിൽ നിന്നും നല്ല ഭാഷയും വ്യാകരണവും മാറി നില്ക്കുന്നു എന്ന് പറയുന്നതാവും ഉചിതം !അപശബ്ദങ്ങളും വാമൊഴികളും മുഴച്ചു നില്ക്കുകയും ചെയ്യുന്നു .മലയാളം ദക്ഷിണ ദ്രാവിഡ ഭാഷയിൽ നിന്നും ഒന്പതാം ശതകത്തിലാണ് വേർപിരിഞ്ഞു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിക്കുന്നത് .അവിടെ നിന്നും പതിമൂന്നാം ശതകത്തിലാണ് ലിപി രൂപം കൊള്ളുന്നത്‌ .ഒന്പതാം ശതകത്തിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന ഭാഷയും തങ്ങളുടെ ഭാഷയും കൂട്ടിക്കലർത്തി അന്നുള്ള നമ്പൂതിരിമാർ മണിപ്രവാള ഭാഷ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു .കൂടാതെ അവരുടെതായ രീതിയിൽ പാട്ടുകളും .ഈ രണ്ടു തരത്തിൽക്കൂടിയാണ് അന്ന് ഭാഷ മുൻപോട്ടു വന്നത് .

ഭാഷയുടെ നിബന്ധനയായ വ്യാകരണം ഗ്രഹിച്ചിരുന്നതിനു ശേഷം എഴുതുന്ന എഴുത്തുകാർ എത്ര പേരുണ്ടാകും ഇന്ന് ?വാമോഴിയെക്കാൾ വരമൊഴിയിൽ ശ്രദ്ധിക്കണമെന്ന് സാരം . കേരള പാണിനി  ,ശ്രി കെ സി കേശവപിള്ളയ്ക്കെഴുതിയ ഒരു കത്തിൽ നിന്നും :
'ശബ്ദാർത്ഥജ്ഞാനം സമ്പാദിക്കാതെ പലവിധ ശബ്ദങ്ങൾ ഉച്ചരിച്ചു തൃപ്തിപ്പെടുന്ന പക്ഷിമൃഗാധികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാണല്ലൊ.അതിനാൽ നാം ശബ്ദങ്ങളുടെ അർത്ഥം ശരിയായി ഗ്രഹിച്ച് സുശബ്ദങ്ങൾ മാത്രം പ്രയോഗിക്കെണ്ടാതാണെന്നും വന്നുകൂടുന്നു .'
ഈ സുശബ്ദം എന്നത് നല്ല ഭാഷയാണ് .വാമൊഴിയും വരമൊഴിയും പരക്കെ പലതായിരിക്കെ തന്നെ ,ഈ വ്യത്യാസങ്ങൾക്കുപരിയായിത്തന്നെ ഒരു ഭാഷയുണ്ട് -മാനകഭാഷ .അതായത് ഭരണഭാഷ,ബോധനഭാഷ ,മാധ്യമ ഭാഷ എന്നൊക്കെ പറയുന്ന ഇതിനെയാണ് പരക്കെ ഇന്ന് അന്ഗീകരിക്കപ്പെട്ടിരിക്കുന്നതും .

പക്ഷെ മാനക ഭാഷയിൽ സാഹിത്യം വികസിക്കുന്നു എന്ന് പറയാൻ കഴിയുമോ ? ഇന്നുള്ള കഥകൾ,കവിതകൾ തുടങ്ങിയവയിൽ മാനകഭാഷ കൂടുതലായില്ല ,വാമൊഴിയിൽ തന്നെയാണ് ഇവിടെ സാഹിത്യം മാറിക്കൊണ്ടിരിക്കുന്നത് ,ഇതൊരു തെറ്റല്ല എന്ന് പറയാമെങ്കിലും പുതിയ തലമുറ മലയാളത്തിന്റെ അടിത്തറ അറിയാതെ മുകളിൽ പൊന്തിക്കിടക്കുന്ന പായൽ മാത്രമാവുകയാണ് ! കുട്ടികളിൽ അടിസ്ഥാനപരമായി മലയാള ഭാഷയുടെ യഥാർത്ഥ ശൈലി ,പദം,വ്യാകരണം എന്നിവ ഉറപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടും അഭിലഷണീയമാണ്. കാരണം ഭാഷ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പദം അറിഞ്ഞതിനു ശേഷം വാമൊഴി ഉപയോഗിക്കുന്നവർക്ക് ശുദ്ധമായ ഭാഷ ഉള്ളിലുണ്ടാകുന്നു .അവരെ നമുക്കറിവുള്ളവർ (ഭാഷയിൽ)എന്ന് വേർതിരിച്ചെടുക്കാം.

മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ ധാരാളമായി സ്വീകരിച്ചു കൊണ്ടാണ് നിലവിൽ മലയാളം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത് .എങ്കിലും ഭാഷ നന്നാകണമെങ്കിൽ പദം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മമായി ശ്രദ്ധിക്കെണ്ടുന്നതുണ്ട്‌.പ്രയോഗം വൈകല്യമായാൽ ഭാഷ മലിനവും സൌന്ദര്യമില്ലാത്തതും ആയിത്തീരും .പതിവ്രത യും പതിവൃതയും തമ്മിലെന്നപോലെയാണ് അത് .പതിയെ സംബന്ധിച്ച് വ്രതമുള്ളവളാണ് പതിവ്രത .പതികളാൽ ചുറ്റപ്പെട്ടവൾ ആണ് പതിവൃത ! അർത്ഥത്തിൽ വരുന്ന മാറ്റം മുഴുവൻ ഘടനയെയും ചരിത്രത്തെ വരെ മാറ്റി മറിക്കും.
സഗ്ഗാത്മക സാഹിത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നു ശരിയെന്നിരിക്കെ തന്നെ വൈജ്ഞാനിക സാഹിത്യത്തിൽ തെറ്റിനെ തെറ്റായി ഉൾക്കൊണ്ടു കൊണ്ട് അവ തിരുത്താൻ ഇന്നുള്ള എഴുത്തുകാർ മുൻപോട്ടു വരേണ്ടതാണ് .
ഒരാൾ എഴുതുന്നത്‌ അത് വായിക്കുന്നവരിൽ ഉണര്ത്തുന്ന ശ്രേഷ്ഠത എഴുതുന്നയാളുടെ ഭാഷ മാത്രമല്ലെങ്കിലും ആ ഘടന, പദങ്ങളുടെ ഉപയോഗം ,വ്യക്തത എന്നിവ തീർച്ചയായും വെളിപ്പെടുത്തുന്നത് ഭാഷയിലാണ് വലിയ കാര്യമെന്നത് തന്നെ !




Thursday, July 18, 2013

ആർക്കും കൊടുക്കാതൊരു
മഞ്ഞുതുള്ളി കൊച്ചു പൂവ് കാത്തു വച്ചു;
മറ്റൊരു സൂര്യനെ ആവാഹിച്ചണയ്ക്കുവാൻ !

Friday, July 5, 2013

കടഞ്ഞെടുത്ത ചരിത്ര സ്മാരകങ്ങൾ !


ഉൾ വിളികളിൽ ഉലയും പോലെ
നിന്റെ ഓരോ ഇലകളും ഉലയുന്നു ..
മുൻപോട്ടു തുള്ളിക്കുതിക്കാനെന്ന പോലെ
നിന്റെ ഓരോ ചില്ലയും ഉലയുന്നു ..
യുഗാന്തരങ്ങളുടെ ഓർമപ്പെടുത്തലുകൾ
പോലെ നിന്റെ തടി അനങ്ങാത്തൊരു
ചരിത്രം കുറിക്കുന്നു !

മുറിച്ചിട്ടപ്പോൾ കരയുന്നത്
കൂടുപോയൊരു പാവം പക്ഷി
മാത്രം  ..!
ഇന്നലെകളുടെ ബാക്കിപത്രങ്ങൾ
തൂത്തുവാരി തീയിട്ടപ്പോൾ
പൊള്ളിയത്‌ രാത്രിയിൽ മാത്രം മിന്നുന്ന
ആ മൂന്നു മിന്നാമിന്നികൾക്കും !
തടി കടഞ്ഞു പണിത ഈ സാലഭന്ജിക
രാത്രിയിൽ ആരും കാണാതെ
ആ മുറിഞ്ഞ കുറ്റിയിൽ
ഇരുന്നു വീണ മീട്ടാറുണ്ടത്രേ ..!
ചില നനഞ്ഞ മഴരാത്രികളിൽ
നിനക്കതു കേൾക്കാറില്ലേ ?
മഴ തീർന്നാലും,
നെറുകയിൽ കണ്ണിൽ കവിളിൽ
മെയ്യിൽ ..പതിഞ്ഞു പെയ്യുന്ന
ഇലമഴകൾ ..

മരങ്ങൾ മ്യുസിയങ്ങളിലെ
ചരിത്രങ്ങളാകുന്നതിങ്ങനെയാണ്
കടഞ്ഞെടുത്ത ചരിത്ര സ്മാരകങ്ങൾ !



Tuesday, July 2, 2013

*

ആശ്രിതമായ മനസ്സുകളിൽ നിന്നും
സ്വയംപര്യാപ്തമായ തലച്ചോറു കണ്ട്
ചില പക്ഷികൾചേക്കേറുന്നുണ്ട് ..
ആ ചോറ് കൊത്തിപ്പെറുക്കി
അവ സ്വയം കൂടുകെട്ടിപ്പഠിക്കുന്നു!!

Saturday, June 29, 2013

അന്തിക്കൊരു നിലവിളക്കിൻ തിരി തെളിച്ച്  കൃഷ്ണാ എന്ന് വിളിക്കുമ്പോളാണ് യഥാർഥത്തിൽ ലക്ഷ്മിയെപ്പോലെ അമ്മ മനസ്സിലും ദേഹത്തിലുംഎത്തുന്നത് ..അകലം കുറഞ്ഞ് ഞങ്ങൾ ഒന്നാകുന്നത് ..!

Saturday, June 22, 2013

നിത്യകല്യാണി മുല്ല !


ഈ വഴിവിളക്കിന് നേരെ താഴെ
വക്കടര്‍ന്നു പോയൊരു കുഴല്‍ക്കിണറു കണ്ടോ ?
അവിടെനിന്നും മുന്‍പിലേയ്ക്ക് നോക്കു,
അതാണെൻറെ കോളനി.

ഇവിടെ നിന്നും നാലാമതായിരുന്നു എന്‍റെ വീട് ,
അതേ ആ മണ്ണ് തേച്ച മുളവാതിലുള്ള ആ വീട് തന്നെ !
അവിടെ ഞങ്ങള്‍ അഞ്ചുപേര്‍..
അച്ഛന്‍ അമ്മ ചേട്ടന്‍ ഭാര്യ,പിന്നെ ഞാനും ..

പകലുമുഴുവന്‍ കുട്ടകെട്ടുവാന്‍ ഈറ തേമ്പിത്തേമ്പി അമ്മ ..
റോഡു വെട്ടി വെട്ടി പ്രാണന്‍ കീറിയോരഛന്‍,
പാറമടയില്‍ കല്ലിനോട്പടവെട്ടി ചേട്ടന്‍ ..
 ടാറു കോരിക്കോരി ടാറു പോലെ കറുത്തൊരു ചേടത്തി ..
പിന്നെ പകലുമുഴുവന്‍ അവിടെയുമിവിടെയു-
മലഞ്ഞുതിരിഞ്ഞ് ഞാനും!

എന്‍റെ ഒറ്റമുറി വീടിനെ ഞങ്ങള്‍ ഓരോ മൂലയായ്
സ്വന്തമാക്കി, അതിലൊന്നടുപ്പുകൂട്ടാനും !
തളർന്നവരെങ്കിലും ഒറ്റപ്പുതപ്പിനുള്ളിലെ,
കാമത്തിന്‍റെ കിതപ്പടങ്ങലുകളില്‍പ്പെട്ടു
അങ്ങേ മൂലയ്ക്കല്‍,
ഓലഭിത്തി വിറയ്ക്കാറുണ്ടായിരുന്നു..
കൂടെ എന്‍റെ നെഞ്ചും!

അത്തരമൊരു രാത്രിയില്‍
മുറിപ്പാവാടയിലെയ്ക്ക് പൊട്ടുകുത്തി
ഞാന്‍ പ്രായം തികഞ്ഞവളായി !
ആകെയുണ്ടായിരുന്ന കീറ്റമുണ്ട്‌ കീറി
അമ്മയെനിക്ക് തിരണ്ടു തുണി നല്‍കി !
എവിടെ നിന്നോ ഒരു തവി
നല്ലെണ്ണയെന്റെ നെറുകില്‍പ്പൊത്തി
ഒരു കൊച്ചു പക്കോടയെന്റെ
കൈയില്‍ത്തിരുകി !
ഒന്നും മിണ്ടാതെയാ കണ്ണുകള്‍
നനഞ്ഞിറങ്ങിക്കൊണ്ടെയിരുന്നു !

ചോര കുതിര്‍ന്ന തുണികള്‍ കൂട്ടിവച്ചു ഞാന്‍ ഉറങ്ങാതിരുന്നു ..
പാതിരാത്രിയൊടുങ്ങിയപ്പോള്‍
അത് കഴുകാനായി അഴുക്കുവെള്ളമൊഴുകുന്ന
കനാലത്തിണ്ടുകളില്‍ ..
തീട്ടം തെറിച്ച കല്ലിടുക്കില്‍,ചിരട്ടയിട്ടു വെള്ളം കോരി ..!
എന്നെത്തനിച്ചാക്കാതെ കാറ്റും കുളിരും
കൂടെ നിന്നു മറപിടിച്ചു !

പേടിയുടെ കാക്കക്കുളി കുളിച്ച്
വെള്ളമിറ്റുന്ന  ദേഹത്തോടെ,
പാവാടച്ചരട്‌ വലിച്ചു കെട്ടിയ
ആരും കാണാ കോണിലെ അയയില്‍
ഞാനാ തീണ്ടാരിത്തുണികള്‍ ചൊരിച്ചു വിരിച്ചു !
അവയില്‍നിന്നൂര്‍ന്നു വീണു ചിതറിയ ചോര മണത്തെന്‍-
ചെറ്റപ്പുരയ്ക്ക് ചുറ്റും നായകള്‍ ചുരമാന്തിത്തുടങ്ങി !

ഓരോ തീണ്ടാരി ദിവസങ്ങള്‍ വരുമ്പോഴേയ്ക്കും  എന്‍റെ
കുട്ടിജംബറുകള്‍ മുറുകിപ്പിഞ്ഞിത്തുടങ്ങി..
ധാവണിയും മുടിയിലിത്തിരി കനകാംബരവും
കാലിലെ ഓട്ടുവളയത്തിലെ തരിമണല്‍ക്കിലുക്കവും..
നായുകള്‍ കടിപിടിക്കൂട്ടി കോലായ നക്കിത്തുടങ്ങി !

ഇത്തിരി വട്ടത്തിലമ്മ വരച്ച കോലത്തിനു മീതെ
ചുരമാന്തലുകളുടെ മദജലമിറ്റുന്ന
ഉറകളൂരിയെറിഞ്ഞ് അവര്‍ നാവു നീട്ടിക്കിതച്ചകന്നു !
അതോടെ മുതുകു വളഞ്ഞൊരു ചോദ്യചിഹ്നംപോലച്ഛന്‍
ഉറങ്ങാതുണര്‍ന്നിരുന്നു !
അന്നാണ് മണ്ണ് വാരിക്കുഴച്ഛച്ചന്‍
ആ ഓലക്കീറുകളത്രയും അടച്ചത് !

ഒരു നാളൊരു നായ കാലുപൊക്കി അതിന്മേല്‍ നീട്ടി മുള്ളി ,
കുതിര്‍ന്ന മണ്ണടര്‍ന്നു വീണ ഓട്ടയിലൂടെ നായുടെ
തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു !
നാവു നീട്ടിക്കിതച്ചവന്‍ കൈയുകള്‍ അകത്തേയ്ക്ക് നീട്ടി,
എന്‍റെ നിന്നുപോയ ഹൃദയം തിരഞ്ഞു !
അതിനു തടസ്സം നിന്ന മുഴുപ്പുറ്റിയ മുലയവന്‍
കൈകൊണ്ടു ഞെരിച്ചുടച്ച് മാന്തിക്കീറി !
അവന്‍റെ നാവില്‍ നിന്നും കൊതിയുടെ ഉമിനീരുകള്‍
പുഴപൊലൊഴുകി ..
പേടിയുടെ രാക്ഷസക്കൈയ്കള്‍ പൊത്തിയ എന്‍റെ വായ്‌
ശബ്ദമില്ലാതെ തുറന്നേയിരുന്നു !

അതിന്‍റെ പിറ്റേന്നാണ്
എന്‍റെ ചെറ്റക്കുടിലും ഞാനില്ലാതെ
ബാക്കി നാലുപേരും കത്തിച്ചാംബലായത് !
അവര്‍ എരിയുന്ന ചൂടിന്‍ വെളിച്ചത്തിലേയ്ക്ക്
കോളനി വെള്ളം തേകുമ്പോള്‍
ഒരു പറ്റം നായകള്‍ക്ക് നടുവിലായി ഞാന്‍ !
അവര്‍ നക്കുകയും,തിന്നുകയും കടിപിടി കൂടുകയും
ഭോഗിക്കുകയും ചെയ്തുകൊണ്ടെയിരുന്നു ..
ഞാനൊരു കുപ്പത്തൊട്ടി പോലെ അവര്‍ക്ക് മുന്‍പില്‍
മലര്‍ന്നു കിടപ്പുണ്ടായിരുന്നു!

ഒരാഴ്ചകൊണ്ടവരെന്‍റെ ഗര്‍ഭപാത്രം തകര്‍ത്തു ..
ഏതോ ഒരാശുപത്രിയില്‍,
ഏതോ ഒരു സ്ത്രീ അത് കീറിയെടുത്ത്പുറത്തെയ്ക്കെറിഞ്ഞു!!
എന്‍റെ ജീവനെ നിറയ്ക്കാന്‍ മൂപ്പെത്തിയ എന്‍റെ ഗര്‍ഭപാത്രം !

ഒരു രാത്രി അവരെന്നെ
ഈ വിളക്ക് കാലിന്‍ ചുവട്ടില്‍ കൊണ്ടുവന്ന് നട്ടു വച്ചു !
അന്ന് മുതല്‍ ഈ വിളക്കുകാലിനെ തൊട്ടുരുമ്മി വളരുന്ന
നിത്യകല്യാണി ആണ് ഞാന്‍..
ആര്‍ക്കും പൊട്ടിച്ചെറിയാവുന്ന മണക്കാവുന്ന ,ചൂടാവുന്ന ..
എത്ര പൂത്താലും കായ് പിടിക്കാത്തൊരു
നിത്യകല്യാണി മുല്ല !      

  

Thursday, June 20, 2013

വിമാന ഓർമ്മകൾ..


പണ്ട് കുട്ടിയായിരുന്നപ്പോൾ ആകാശത്തൂടി വിമാനം പോകുമ്പോൾ വീട്ടിൽ നിന്നും ഓടി ഇറങ്ങി നോക്കുമായിരുന്നു, ഞാൻ ഉൾപ്പടെ എല്ലാവരും .വല്ല കാലത്തും താഴ്ന്നു പറക്കുന്ന ഹെലികോപ്റെർ കാണുമ്പോൾ അതിശയം കൊണ്ട് വാ പൊളിക്കുമായിരുന്നു !!വയനാട് പോലുള്ള കുന്നിൻ പുറത്തൊരു വിമാനത്താവളം സ്വപ്നത്തിന്റെ ഏഴയലത്തു പോലും വന്നിരുന്നില്ല ..അത് കൊണ്ട് തന്നെ വിമാനം എന്നത് കിട്ടാക്കനിയായ വിദൂര സ്വപ്നം മാത്രമായിരുന്നു ..വളര്ന്നു വലുതാകുമ്പോൾ പൈലൊറ്റ് ആകണം എന്നും മറ്റും മോഹം വരുമെങ്കിലും പുറത്തു പറയാനും മറ്റും എന്റെ ഉൾവലിഞ്ഞ മനസ്സ് സമ്മതിച്ചതെയില്ല !

പിന്നീട് വളർന്നു വലുതായപ്പോൾ വിമാനത്തിൽ നിന്നും ബഹുദൂരം ഇപ്പുറെ ആയിപ്പോയി ലോകം.വരകളുടെയും ഡിസൈനുകളുടെയും അനിമേഷനുകളുടെയും ലോകത്ത് മുങ്ങിച്ചത്തു പോയ നാളുകൾ ..ബാംഗ്ലൂർ ജീവിതം സമ്മാനിച്ച കൈവഴികളിൽ ഉയർന്ന ജോലി തേടിയാണ് ഞാൻ approximately 36,000 employees ജോലി ചെയ്യുകയും ലോകത്തിലെ തന്നെ മുൻ നിരയിൽ നില്ക്കുന്ന ജെറ്റ് എഞ്ചിൻ നിർമാതാക്കളായ Pratt & Whitney യ്ക്ക് വേണ്ടി Infotech Enterprises Ltd ജോലി ചെയ്യാൻ ആരംഭിച്ചത് ! ജോലിയുടെ ആരംഭ ദശയിൽ ഞാൻ ,വിമാനം പോലും നേരാം വണ്ണം കണ്ടിട്ടില്ലാത്ത ഞാൻ പന്തം കണ്ട പെരുച്ചാഴി തന്നെയായി ! എനിക്ക് ഒന്നും മനസ്സിലായില്ല engine എന്ന പടുകൂറ്റൻ വിമാന ഭാഗം നോക്കി ഞാൻ അന്തം വിട്ടു നിന്നു ..സങ്കടം കടല് പോലെ ചുറ്റിനുമൊഴുകി ..

P x A x V =constant  എന്നത് എന്നെ സംബന്ധിച്ചു Bernoulli equation ആയിരുന്നില്ല വെറും ABCD കണ്ട പ്ലേ സ്കൂൾ കുട്ടി പോലെ മാത്രം ആയിരുന്നു !തിരിച്ചു ഭാണ്ടവും കെട്ടി ഇറങ്ങാനൊരുങ്ങിയ എന്നെ പിടിച്ചു നിരത്തിയത് ബിജു ദിവാകരൻ എന്ന എന്റെ മാനേജർ  മാത്രമായിരുന്നു കാരണം എന്നെ അവിടെ ടെസ്റ്റുകളും ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തത് അദ്ദേഹം ആയിരുന്നു ..!വിമാനം എന്നാൽ മുകളിൽ പറക്കുന്ന പക്ഷി പോലെ തന്നെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു യന്ത്രപ്പക്ഷി മാത്രമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു,ഒരുപാട് നല്ല ഉദാഹരണങ്ങളിലൂടെ  എന്നെ അനുനയിപ്പിച്ചു, പിന്നീട് എന്നെ mechanical engineering ന്റെ ,വിമാന എഞ്ചിനീയറിംഗ് ൻറെ ഉസ്താദുകളായ രണ്ടു രത്നങ്ങളുടെ അടുത്തെൽപ്പിച്ചു ,ഈശ്വർജി എന്ന് ഞാൻ വിളിക്കുന്ന ഈശ്വരൻ അയ്യൻ ,ദേവ്ജി എന്ന് ഞാൻ വിളിക്കുന്ന ദേവേന്ദ്രൻ എന്നിവർ ആയിരുന്നു ആ പുലികൾ .രണ്ടു പേരും airforce ൽ നിന്നും വിരമിച്ച് infotech നു വേണ്ടി ജോലി ചെയ്യുന്ന സീനിയർ എന്ജിനീയർ മാരായിരുന്നു .അവരാണ് എനിക്ക് Lift ,drag ,weight ,thrust തുടങ്ങിയ ബേസിക് കാര്യങ്ങളിൽ നിന്നും engine പ്രവർത്തങ്ങൾ പഠിപ്പിക്കുന്നത്‌ ..അവരാണ് എനിക്ക് aero engineering courseware എന്താണെന്ന് പഠിപ്പിച്ചു തന്നത് ,അവരാണ് ആകാശത്ത് പറക്കുന്ന വിമാനം എന്തൊക്കെ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടാണ് പറക്കുന്നത് എന്ന് മനസ്സിലാക്കി തന്നത് ..!പിന്നീട് വിമാന പാഠങ്ങൾ ഒരുപാട് പേരില് നിന്നും പഠിച്ചു ..വേണു സർ,ശിവ,ഗംഗ ,അജയ് ,സുരേഷ്ജി,വിനോദ്  അങ്ങനെയങ്ങനെ ഒരുപാട് ..

അന്ന് ഇതെന്റെ പണിപ്പുര അല്ല എന്ന് പറഞ്ഞു പെട്ടി മടക്കിയ ഞാൻ ആ വിശാല ലോകത്തിൽ engine പ്രവർത്തിപ്പിക്കുന്ന animator ആയി..PDF പഠന പുസ്തകങ്ങൾ ഞങ്ങൾ HTML ലേയ്ക്ക് മാറ്റി, പുതിയ സൗകര്യങ്ങൾ ഒരുക്കി വിമാന പഠിതാക്കളെ സഹായിച്ചു ..മൂന്നു വട്ടം നല്ല ടീം employ ക്കുള്ള അവാർഡ് വാങ്ങി.. Canada യിലുള്ള ഞങ്ങളുടെ department മായി നല്ല സൗഹൃദം വളര്ന്നു..ഒടുവിലൊരു സായം സന്ധ്യയിൽ പുതിയ ജീവിത മേച്ചിൽ പുറങ്ങളിലെയ്ക്കിറങ്ങാൻ സന്തോഷത്തോടെ അവർ തന്ന ഉപഹാരവും വാങ്ങി സ്വയം പിരിഞ്ഞു പോന്നു .എങ്കിലും അവരെല്ലാവരും എന്റെ കൂടെത്തന്നെയുണ്ട്‌ ..എന്റെ എല്ലാ ജന്മദിനങ്ങളെയും ധന്യമാക്കിക്കൊണ്ട് അവർ ഇപ്പോഴും എഴുതാറുണ്ട് വിളിക്കാറുണ്ട് ..പിന്നീടു വിമാനയാത്രയിൽ ഞാൻ ഓർത്ത്‌ പുന്ജിരിച്ചത് നിസ്സഹായയായ അന്നത്തെ എന്നെ ഒര്ത്തായിരുന്നു ! ഇന്നെന്റെ മോൾ' ജീനാനം അമ്മെ ജീമാനം' എന്ന് വിളിച്ചു കൂകിയപ്പോൾ.. പൊട്ടിച്ചിരിച്ചു കൊണ്ട് അവളെയെടുത്തു ഉമ്മ വച്ചപ്പോൾ എനിക്കിതു കുറിക്കണമെന്ന് തോന്നി ..ജീവിതത്തിൽ നമുക്ക് വേണമെങ്കിൽ എന്തും നേടാം ,നാം തീരുമാനിക്കണം എന്ന് മാത്രം !Thank you Divakaran Sir,You gave me such a wonderful opportunity which i can remember until my death !

Wednesday, June 19, 2013

ഭൂമിയുടെ അധി:കൃതർ!


പോളിഹൌസ്  എന്ന് കേൾക്കുമ്പോൾ അതെന്തു വീട് എന്ന് അതിശയിച്ചിരുന്ന കാലം മാറിപ്പോയിരിക്കുന്നു ! ഇപ്പോൾ വ്യാപകമായി പോളിഹൌസ് ഉയർന്നു വരികയാണ് !കർഷകരെല്ലാവരും കൂടി കൈ കോർത്താൽ താമസിയാതെ ഭൂമിയുടെ പുറത്തു മറ്റൊരു പാളി  കൂടി രൂപം കൊള്ളും,പോളിത്തീൻ കൊണ്ട് ഒരു ഭൂമി !!

പോളിഹൌസ് എന്താണ് എന്ന് നോക്കിയാൽ പോളിത്തീൻ കവർ കൊണ്ടുള്ള വെറും ആവരണമല്ല മറിച്ച് പെട്ടന്ന് തന്നെ അഴിക്കുകയും പണിയുകയും ചെയ്യാൻ പറ്റുന്ന കൃത്യതയോടെ വെള്ളം പങ്കുവെയ്ക്കപ്പെടുന്ന ഭൂമിയുടെ താപ വ്യതിയാനങ്ങളെ അതി സൂക്ഷ്മമായി പഠിച്ചു പ്രതിരോധിക്കുന്ന ,കീടങ്ങളെയും ചെറു പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും അടുപ്പിക്കാതെ ഉള്ള സ്ഥലത്ത് മുഴുവൻ ഉപയോഗപ്രഥമാക്കുന്ന രീതിയിൽ, കൃഷിയിറക്കാൻ പര്യാപ്തമായ രീതിയിൽ കൃഷി സ്ഥലത്തെ അന്തരീക്ഷത്തെ മുഴുവൻ മൂടി വയ്ക്കുന്ന പ്ലാസ്റ്റിക്‌ കൊട്ടക എന്ന് വേണമെങ്കിൽ പറയാം !

എത്ര ആലോചിച്ചിട്ടും ഈ കർഷക സംരംഭത്തോട് എനിക്ക് യോജിക്കാൻ ആകുന്നില്ല .മനസ്സില് വേര് പിടിച്ചൊരു കർഷക ഉള്ളത് കൊണ്ടാകാം;കർഷകർക്ക് അന്യ ജീവി ആക്രമണം തടഞ്ഞ് നല്ല വിളവു ലഭിക്കാം എന്നത് മാത്രമായിരിക്കാം ഒരേ ഒരു മുൻ‌തൂക്കം !പത്തു സെൻറ് ഭൂമിയിൽ ഈ പോളിത്തീൻ കവർ ഉണ്ടാക്കണമെങ്കിൽ നബാഡിന്റെ സഹകരണത്തോടെ ഒരു കർഷകന് പത്തു ലക്ഷം രൂപ ആണ് ലോണ്‍ അനുവദിക്കുന്നത് അതിൽ സബ്സിഡി കഴിച്ച് അഞ്ചു ലക്ഷം രൂപ അയാൾ തിരിച്ചടയ്ക്കേണ്ടി വരും (കണക്കുകൾ ഏകദേശം ധാരണയിൽ ആണ് കുറിക്കുന്നത് ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാകാം ) എങ്കിൽത്തന്നെ എട്ടു ലക്ഷത്തോളം രൂപയ്ക്കെ ഈ പോളി വീട് നിർമ്മികാൻ ഏറ്റവും കുറഞ്ഞത്‌ സാധിക്കൂ ! ഒന്ന് ചിന്തിച്ചാൽ മുപ്പതിനായിരം രൂപയ്ക്ക് ഒരു നല്ലയിനം പശുവിനെ വാങ്ങുകയും അതിനൊരു തൊഴുത്ത് കെട്ടി ,ചെറിയൊരു ഇറിഗഷൻ പ്രൊജക്റ്റ്‌ ആലോചിച്ചുറപ്പിച്ചു വെള്ളം കിട്ടുന്ന കിണറ്റിൽ/കുളത്തിൽ നിന്നും അതിനായി ഒരു 3 ലക്ഷം രൂപ മാറ്റി വയ്ക്കുകയും ചെയ്ത ശേഷം പറമ്പ് നന്നായി കൊത്തിക്കിളച്ചു പുല്ലും പള്ളയും മാറ്റി മണ്ണോഴുക്ക് തടയാൻ കല്ല്‌ വേലിയോ തടയിട്ടു പൊക്കിയ മണ്‍ കൊള്ളുകളോ നിർമ്മിച്ചശേഷം ,ഈ പുല്ലും പള്ളയും നല്ല തെങ്ങിൻ മടലുകളും ഇട്ടു കത്തിച്ച ചാരം വിതറി പറ്റുമെങ്കിൽ ഒന്ന് നനച്ചശേഷം ഒരിടവേള കൊടുക്കുക ,അതും കഴിഞ്ഞു ചാണകവും ഇലകളും ഇട്ടു പൊടിച്ച നല്ല നാടൻ വളം ഇട്ടു തട്ടിയുടച്ച മണ്ണിൽ വളരാത്ത ഏതു ചെടിയുണ്ട് ? കൃഷിയുണ്ട് ?? ഇതാണ് ഏറ്റവും പ്രാചീനമായ കൃഷി രീതി.മണ്ണിനെ മണ്ണിനോട് ബന്ധിപ്പിക്കുന്ന കർഷക നീതി !

പൊന്തിത്തുടിച്ചു വരുന്ന കൃഷികളുടെ ഇടയിൽ വളരുന്ന കളകൾ പറിച്ചു മാറ്റിയാൽ , ഇടയിളക്കി ഇത്തിരി വേപ്പും പിണ്ണാക്ക് / എല്ലുപൊടി/ ചാണകം ഒന്നും വേണ്ട അല്പം മണ്ണിര കമ്പോസ്റ്റ് ഇട്ടുകൊടുത്താൽ അവ കരുത്തോടെ വളരും .പൂ വിരിയുമ്പോൾ.. ഇല വളരുമ്പോൾ.. തണ്ടിന് ബലം കൂടുമ്പോൾ അവ രുചിക്കാൻ ചില കാട്ടു മുയലൊ ,തിത്തിരി പക്ഷിയോ അണ്ണാനോ കോഴിയോ തത്തയോ ഒക്കെ വരും അവിടെ നമുക്ക് ക്ഷമ വേണം, അവരെ ഓടിക്കണം പക്ഷെ അവർ തന്നിട്ട് പോകുന്ന ചില നന്മകളെ സ്വീകരിക്കയും വേണം .ഇലയുടെ അടിയിൽ വളരുന്ന ആ തടിയൻ പുഴു എന്നേയ്ക്കുമായി അപ്രത്യക്ഷമായി !പൂമ്പാറ്റയും കുഞ്ഞിപ്രാണികളും നല്ല പരാഗണം നടത്തി നല്ല ആരോഗ്യമുളള പഴങ്ങൾ ഉണ്ടാകും ,പച്ചക്കറിയുണ്ടാകും ,വിളവുണ്ടാകും .കാഷ്ടമിട്ട് അവർ നല്കിയ വളം വേരുകളുടെ വളർച്ചയും വളവുമാകുന്നത് ..അതിനൊക്കെപ്പുറമെ ഈ ചിൽചിലാരവം മുഴക്കാൻ പാറി നടക്കാൻ ,വെയിലേറ്റു തളർന്ന നമ്മുടെ വിയർത്ത ശരീരത്തിലെ മനസ്സിനെ ആനന്ദിപ്പിക്കാൻ ഈ ചെറു ജീവികളില്ലാത്തൊരു കാലം ഓർത്ത്‌ നോക്കൂ !!ഭീകരം !എങ്ങനെ ആയാലും നമുക്ക് ലോണ്‍ അനുവദിക്കുന്ന തുകയുടെ പാതി മതിയാകും സാധാരണ കൃഷിരീതിയിൽ കർഷകർക്ക് കൃഷി ചെയ്ത് ലാഭമെടുക്കാൻ .ഈ പ്ലാസ്റ്റിക്‌ വീടുകൾ പെരുകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പ്രകൃതി സന്തുലനാവസ്ഥ ആണ് !ചെറു ജീവി വർഗങ്ങൾ കാലക്രമേണ നാമാവശേഷമാകും ,മണ്ണിന്റെ ഘടന തീർച്ചയായും മാറിപ്പോകും കാരണം എത്രയൊക്കെ ജീവധാതുക്കൾ സപ്ലൈ ചെയ്താലും പ്രകൃതിയുടെ ജീവ  സമ്പർക്കത്താൽ ലഭിക്കുന്ന സൂക്ഷ്മ ജൈവ ഘടകങ്ങൾ ഈ ജീവ വർഗത്തോടൊപ്പം അന്യാധീനമായിപ്പോകും ഉറപ്പ് !മണ്ണിന്റെ ഘടന മാറുന്നതിനോടൊപ്പം പുതിയ സൂക്ഷ്മ ജീവാണുക്കൾ ഉയിരെടുക്കും അത് തീർച്ചയായും ഈ പോളി ഹൗസ് നിർമ്മിതിയെ തകർക്കാൻ പറ്റുന്ന തരത്തിലുള്ളതുമാകാം !

പണിയുവാൻ ആളില്ലാത്ത ഈ കാലത്ത് ,ജനങ്ങൾ ഇത്രയേറെ തുക ചിലവഴിച്ച് ഇത്തരം കൃത്രിമ സാങ്കേതികതകൾ പണിതുയർത്തുമ്പോൾ എന്തുകൊണ്ട് ആ പണം കൊണ്ട് നല്ല മനുഷ്യത്വപരമായ തീരുമാനങ്ങൾ എടുക്കാനാകുന്നില്ല ? തൊഴിലില്ലാതെ അലഞ്ഞു നടന്നാലും ആരും കർഷകവൃത്തി ചെയ്യില്ല .പണ്ടുള്ള കാലത്തെ അപേക്ഷിച്ച് കായികാധ്വാനം കുറയ്ക്കുവാൻ പറ്റുന്ന ഒരായിരം ഉപകരണങ്ങളും യന്ത്രങ്ങളും ഇന്നുണ്ട് ഒരുപക്ഷെ കാർഷിക ബോർഡ് കളും ഗവെർന്മെന്റും ഇതിന്റെ സാധ്യതകളെപ്പറ്റി ഇന്നത്തെ യുവ തലമുറയെ ബോധാവത്കരിക്കെണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു !കൂട്ടായ തൊഴിൽ സംഘങ്ങൾ ഉണരുന്നത് വഴി ഉയരുന്നത് കേവലം അത് ചെയ്യുന്നവരുടെ സാമ്പത്തിക വളർച്ച മാത്രമല്ല അതിലൂടെ സാമൂഹികമായി നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഘടന കൂടിയാണ്.അന്യസംസ്ഥാന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നല്ല വിള ഭൂമി ഉയർത്തിക്കൊണ്ട് വരികയും അവരുടെ സഹായത്തോടെ തന്നെ വിളവിലെയ്ക്കുള്ള കായിക സഹായങ്ങൾ ലഭ്യമാക്കുകയും എന്തുകൊണ്ട് കൃഷി വകുപ്പ് കാര്യാലയങ്ങൾ ചെയ്യുന്നില്ല !കരാർ അടിസ്ഥാനത്തിൽ വേല ചെയ്യുവാൻ ഇന്നത്തെ ആധാർ ഉളപ്പടെയുള്ള തിരിച്ചറിയൽ കാർഡുകളുടെ സഹായത്തോടെ സർക്കാരിന് തന്നെ സാധ്യമാക്കവുന്നതല്ലേ?ശമ്പള സാധ്യതയോടെ അന്തസായി ജോലി ചെയ്യുന്നവർ ആണ് കൃഷിക്കാരും എന്നുള്ള നില എന്തു കൊണ്ട് സർക്കാരുകൾ നടപ്പിലാക്കുന്നില്ല ?

കൃഷി എന്നത് അടിമപ്പണി പോലെ അധ:പതിച്ചത് എന്തോ ആണെന്നും ,കൃഷിക്കാർ അവഗണനയുടെ മുഖം മൂടിക്കെട്ടി വാ പൊത്തി റാൻ അടിയൻ എന്ന് തൊഴുകൈയ്യോടെ നിൽക്കെണ്ടവർ ആണെന്നും ഉള്ള പൊതു നിലപാട് എന്നെ മറെണ്ടതാണെന്നോ ?? നാം കഴിക്കുന്ന ഭക്ഷണം ഉത്പാതിപ്പിക്കുന്നവർക്കാണ് ഈ ബ്രഹ്മാണ്ടത്തിൽ ഏറ്റവും നല്ല സ്ഥാനം നല്കെണ്ടുന്നവർ, അല്ലാതെ എയർ കണ്ടിഷൻ മുറികളിൽ എന്താണ് സാമ്പത്തിക നയം അതെവിടെ നിന്നും ഉത്ഭവിക്കുന്നു എന്ന് തിയറി എഴുതുന്നവർക്കോ ,നിങ്ങള്ക്ക് വേണ്ടി ജനിച്ചയാളാണ് ഞാൻ എന്ന് കൊഞ്ഞനം കുത്തും വിധം തിരഞ്ഞെടുപ്പിന് മുൻപ് ഉറക്കെ ഉദ്ഘോഷിച്ചു തിണ്ണ നിരങ്ങുന്ന കേവലം രാഷ്ട്രീയ മണ്ടൂകങ്ങൾക്കും അല്ല .അതുകൊണ്ട് തന്നെ കർഷകരുടെ പ്രതിച്ഛായ പാവപ്പെട്ട മണ്ണ് മണക്കുന്ന ചാണകം നാറുന്ന അലക്കു കൈലി മടക്കു കുത്തഴിച്ചിട്ട്‌ ഭവ്യതയോടെ നിൽക്കുന്നവരിൽ നിന്നും ,തിളങ്ങുന്ന ബ്രാൻഡ്‌ നെയിം ബ്രൂക്ക് ബ്രതെർസ് ,മാർക്സ് &സ്പെൻസർ -ലെയ്ക്ക്‌ മാറ്റുക എന്നതിൽ ക്കൂടി (ഇത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് അതും ജനങ്ങളിലെയ്ക്കിറങ്ങുന്ന ബോധവത്കരണത്തിലൂടെയും നേരിട്ടുള്ള പ്രവർത്തനങ്ങളിലൂടെയും )മാത്രമാണ്.

പോളിഹൌസ് നെ അല്ല പരിപോഷിപ്പിക്കെണ്ടുന്നത് മറിച്ച് മണ്ണിനെ സ്നേഹിക്കുന്ന ഭൂമിയെ ഭൂമിയാക്കി നിലനിർത്തുന്ന ,ജീവച്ചക്രത്തിൽ വ്യതിയാനം വരുത്താത്ത നമ്മുടെ ഏറ്റവും പ്രാചീന കൃഷി രീതിയെ തന്നെയാണ് .പൊതു സമൂഹത്തിൽ കർഷകർക്കുള്ള സ്ഥാനം ഏതൊരു അന്തസുള്ള തൊഴിലിലെതുപൊലെയും അന്തസുറ്റവയാണ് എന്ന അവബോധം കാലങ്ങൾ കൊണ്ട് മാത്രം മാറ്റിയെടുക്കാവുന്ന ഒരു വലിയ ഭാരിച്ച ഉത്തരവാദിത്തം ആണ്. കാലങ്ങളായി ഏറ്റവും അധ:കൃതർ ആയി അവശേഷിച്ചു വരുന്ന നമ്മുടെ അന്ന ദാതാക്കളെ അവരാണ് ഈ ഭൂമിയുടെ അധികൃതർ എന്ന് തിരുത്തേണ്ടി ഇരിക്കുന്നു .അത് ഇന്ന് മുതൽ തുടങ്ങിയാൽ ഒരുപക്ഷെ നാളത്തെ ജനങ്ങൾ അഭിമാനത്തോടെയും അന്തസ്സോടെയും പറയും ഞാൻ ഒരു കർഷകൻ ആണ് എന്ന് !

M.Mukundan ,Kamala Das,Kiran Desai..an absolute reading of them ..I have made a cocoon all around me and hangs upside down from the cremaster until the reading is over and ready to emerge with the outer world!..c ya..

Tuesday, June 18, 2013

പറന്നു പോകുന്ന ഹൃദയങ്ങൾ
കൈയെത്തിപ്പിടിച്ചു തുന്നിച്ചേർത്തു
നടക്കുകയാണ് കൗമാരം ..
ഒന്നിളകിയാൽ വീണ്ടും പറന്നു
പോകുന്ന പൂമ്പാറ്റകളാണവ !

Sunday, June 16, 2013

കുട്ടികൾക്ക് കുതിക്കുന്ന ഹൃദയമാണുള്ളത്‌ ..
മുതിർന്നവർക്ക് തുടിക്കുന്നതും ..!
ഓർമ്മയുടെ ഉർവ്വരമായ സംഗീതത്തിനുമപ്പുറം
കാലം പിന്നിലേയ്ക്ക് പോകുവാൻ മടിച്ചു നില്ക്കയാണ് ..
മഞ്ഞു പാളികൾ വകഞ്ഞു നോക്കുമ്പോൾ
ഒരു കുന്നിൻപുറത്തു അട്ടിയിട്ടു കിടക്കുകയാണ്
എന്നെക്കുറിച്ചുള്ള ബാല്യവും കൗമാരവും
യൗവ്വനവും നിറഞ്ഞ കുറെ ഓർമ്മത്താളുകൾ..
ഞാൻ എഴുതുകയാണ്,എന്ന് തീരുമെന്നറിയില്ല ,
അതിൽ ഒരുപക്ഷെ പൊട്ടിച്ചിരിയും കണ്ണീരും
പാട്ടും കഥയും വിപ്ലവവും പ്രണയവും ജീവിതവും
ജനനവും മരണവും ഉണ്ടാകും ..അതിൽ നിറയെ ഞാനുണ്ട് ഒരുപക്ഷെ
നീയും !

Friday, June 14, 2013

ജീവിക്കുകയാണ് ..
മണ്ണും മരവും മനുഷ്യനും കാറ്റും മഴയും ..
മരിക്കുന്നത് മറവി മാത്രമാണ് !

Wednesday, June 12, 2013

ആകാശം മുഴുവൻ മൂടണ ഒരു വലയുണ്ടാക്കീട്ടു ,മുഴുവൻ നക്ഷത്രക്കുട്ടന്മാരേം വീശിപ്പിടിക്കണം ..എന്നിട്ട് ഒത്തിരി ഒത്തിരി മാലകൾ കോർത്ത് ന്റെ അമ്മൂനും ..ഇവിടുള്ള മുഴുവൻ ഉണ്ണിക്കുട്ടികൾക്കും കഴുത്തിലിടാൻ കൊടുക്കണം !നല്ല പൂത്തിരി തിളക്കത്തിലുള്ള അവരുടെ ചിരികളെല്ലാം കോർത്ത്‌ ഈ ഭൂലോകത്തുള്ള എല്ലാ നല്ല അമ്മമാർക്കും നല്കണം ...ഹാ സഫലമീ യാത്ര ! (മോളെ കഥ പറഞ്ഞുറക്കുമ്പോൾ ഞാൻ ചിരിയോടെ ഓർത്തത് )

Monday, June 10, 2013

ബോധിസത്വൻ!


അന്ന് ആദ്യമായി
അങ്ങോട്ടേയ്ക്ക് കാലുകുത്തുമ്പോൾ
അറപ്പുകൊണ്ടയാളുടെ
രോമകൂപങ്ങൾ വരെ പുറകിലേയ്ക്ക്
വലിഞ്ഞു നിന്നിരുന്നു ..

നഗ്നമായ അയാളുടെ കാലുകൾ
ഇതുപോലൊരു സ്പർശനം
ഇതുവരേയ്ക്കും അറിഞ്ഞിരുന്നില്ല .

പച്ചക്കറികളും പഴവർഗ്ഗങ്ങളും
പൂക്കളും അഴുകി കിടന്നിരുന്നു ..
ഉച്ചിഷ്ടങ്ങളും കന്നുകാലികളുടെ
മലവും മൂത്രവും
ഇന്നലെപ്പെയ്ത മഴയും
തളം കെട്ടി നിന്നതിലൂടെ
മറ്റു മനുഷ്യരും മൃഗങ്ങളും
ഒരുപോലെ നീന്തി നടന്നിരുന്നു !
അങ്ങിങ്ങ് ചന്തം ചാർത്തുന്ന
പൂക്കടകൾ ..അഴുക്കു ടാർപ്പകൾ
നീട്ടിക്കെട്ടിയ മേലാപ്പുകൾ ..
മഴക്കാല ചന്തകൾക്ക്
വിശപ്പ്‌ തോന്നിപ്പിക്കാത്ത
വഴുവഴുക്കുന്ന ഉലഞ്ഞു
തൂങ്ങുന്ന സൗന്ദര്യം !

'ആ ചുമടെടുത്ത് തലേൽ വച്ചിട്ടിങ്ങ്
ബാ ബലാലെ ഞി നിന്ന്റ്റ് തൂങ്ങാതെ !'
വാഴയിലയിൽ മുറുക്കിയ
കറിവേപ്പിലക്കെട്ട് താഴെ
ചെളികുടിച്ചു കിടന്നിരുന്നു ..
ഉള്ളിലെ നീറുന്ന അറപ്പിനെ
അടച്ച കണ്ണാൽ മറച്ച്കൊണ്ടയാൾ
കുനിഞ്ഞു മുട്ടിൽ താങ്ങി
കറിവേപ്പിൻ കെട്ടെടുത്തു !

കൊഴുത്ത ചെളി വെള്ളം
ഊർന്ന് നെറ്റിയിലൂടെ ചുണ്ടിലൂടെ
നെഞ്ചിലൂടെ അയാളെ ആശ്വസിപ്പിച്ച്
താഴേയ്ക്ക് വീണുകൊണ്ടിരുന്നു ..
ഓർമ്മകൾ നഷ്ടപ്പെട്ട്
ഇന്നലെയും നാളെയും
അപ്രത്യക്ഷമാകുകയും
ആ നിമിഷത്തിന്റെ അച്ചുതണ്ടിൽ
അയാൾ സ്വയം കറങ്ങുകയും
ചെയ്തുകൊണ്ടിരുന്നു ..!

കൈയ്യിലിരുന്നു പിടയുന്ന
മുന്നൂറു രൂപയിൽ രണ്ടു
മണിയനീച്ചകൾ കൊമ്പ് കോർത്ത്‌
കുശലം പറയുന്നതും നോക്കി
അയാളിരുന്നു ..
വിശക്കുന്നവനില്ലാത്ത
വികാരമാണ് അറപ്പ്
എന്നയാൾക്ക് ഒരു കപ്പ്‌
കാലിച്ചായ മോന്തുമ്പോൾ
നൗഫലിക്കയുടെ തട്ടുകടയിൽ
വച്ച് ബോധോദയമുണ്ടായി !


തടഞ്ഞു നിർത്താനാകാത്ത
റിലേയാണ് ചിന്തകൾ ..
ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക്
മരണം വരെ അവ നിർത്താതെ
ഓടുന്നു ! റിലേ തീർന്നു വിശ്രമിക്കുമ്പോൾ
ചുണ്ടിൽ ഒരു തുടുത്ത ചുംബനവുമായി
അവൾ വരും പിംഗള കേശിനി* സുന്ദരി ..

പിംഗള കേശിനി കടപ്പാട് :താരാ ശങ്കർ ബാനർജി

Friday, June 7, 2013

ഒരു ചുംബനത്തോടെ അടർന്നുപോയൊരു
പൂവ് പോലാണ് ഓർമ്മകൾ ..
ചില നേരങ്ങളിൽ ആ വാസന ഒഴുകി വരും
എവിടെ നിന്നെന്നറിയാതെ ..!
ആ ഇല്ലാത്ത പൂമണത്തിൽപ്പെട്ട് 
ഒരു വസന്തകാലം മുഴുവൻ
വീണ്ടും പൂത്തുലയും ..!

Sunday, June 2, 2013

പ്രണയം. പരിണാമം. ഡാർവിൻ.


പ്രണയത്തിന്റെ കൊച്ചു പ്രായത്തിൽ
പരവശമായ സ്വരത്തിൽ അയാൾ
അവളോട്‌ പറഞ്ഞു :
'പ്രിയേ ,എന്റെ തുടിക്കുന്ന ഈ ഹൃദയം
സ്വീകരിക്കുക ..
അതിൽ നിറയെ ബ്രഹ്മാണ്ട പ്രണയമാണ് ..
നിനക്ക് മുങ്ങിനിവരാൻ ..കൂട് കെട്ടി
ഒരു നൂറ്റാണ്ടു നിറയെ കുഞ്ഞുങ്ങളെപ്പെറ്റ്
പരിപാലിച്ച് ,വളർത്തി വലുതാക്കി
നമ്മുടെ കുലം നിറയ്ക്കാം ..എങ്കിലോ ?
വീണ്ടും ബാക്കി ..എന്റെയീ അനശ്വര പ്രണയം !'

പിന്നീടെപ്പോഴോ വളർന്നു വലുതായിപ്പോയ അയാൾ
കുത്തിക്കുറിച്ചു :
'പ്രിയേ എന്ന് വിളിക്കാനറയ്ക്കുന്നു ..
എന്തൊരു ബാലിശമാണത് !
എന്റെ ഹൃദയമോ ?? അത് തുറന്നു നോക്കാനോ ?!
എങ്കിൽ നിനക്ക് കാണാനാകുന്നത്
വൃത്തികെട്ടു വളഞ്ഞു പുളഞ്ഞൊഴുകുന്ന
കുറെ രക്തക്കുഴലുകൾ മാത്രം !
മുറിഞ്ഞാൽ ചുക ചുകന്ന രക്തം
വമിക്കുന്ന വെറുമൊരു അവയവമാണ്
ഹൃദയം ..!
കുറെ നശിച്ച ജന്മങ്ങളെ വളർത്തി നിറച്ച്
ഭൂമിയ്ക്കും എനിക്കും ഭാരമാക്കാതിരിക്കാൻ
ഞാൻ വിവാഹം എന്ന കെട്ടിനെ
നിരാകരിക്കുന്നു .
ജീവിക്കുന്നത് ആരുടെ
കൂടെയായാലെന്ത് ..
വെറും തുറന്ന പുസ്തകമാണ്  ജീവിതം
ആർക്കു വേണമെങ്കിലും വായിക്കാം എഴുതാം
വേണമെങ്കിൽ അടച്ചു വച്ചിട്ട് പുറത്തു പോകാം !'

ഇതാ മൂന്നാമതൊരാൾ
അവളോ അയാളോ അല്ലാത്തയാൾ
ഈ പരിണാമങ്ങളിൽ വിശ്വസിക്കാത്തയാൾ ..
ആരുടെ ഉടലുകളെങ്കിലും
ആണും പെണ്ണും കൂടിക്കലരുന്നതിൽ
വേറൊരു പേരിൽ പ്രണയത്തിന്റെ
വിത്തെരിയുന്നുണ്ടെന്നു നിനയ്ക്കുന്നവൻ
കൊളുത്തിപ്പിടിക്കാൻ അവകാശമില്ലാത്ത
നൂറുകോടി ബീജങ്ങളും ..
രക്തത്തുള്ളികളായ് ഒഴുകിപ്പോകുന്ന
അണ്‍ഡങ്ങളും  പ്രണയമില്ലാത്തൊരു
ലോകത്ത് നിന്നും തുടച്ചു നീക്കി
പരിണാമമുണ്ടാകുന്ന വഴി തിരയുന്നവൻ
അയാൾ ..ഡാർവിൻ !


Friday, May 24, 2013

വേണം ഈ കാർമേഘങ്ങൾ  പെയ്തുതിരുവാൻ ..
മരച്ച മനസ്സിലും ..മരിച്ച മണ്ണിലും
ഉയിരുണർത്തുവാൻ ..!

Thursday, May 16, 2013

സ്വസ്ഥമായി ഒരിടത്തിരിക്കാനാകാതെ
കാറ്റത്തൊരു അപ്പൂപ്പൻതാടി !
പുതിയ ജന്മത്തിന്നായി
കൊഴിഞ്ഞു തീർന്നിരിക്കും
ഈ ജന്മത്തിന്റെ വെളുത്ത നൂലിഴകൾ ..!

Tuesday, May 14, 2013

ഒറ്റ വരിയിൽ ഒതുങ്ങുന്ന
കവിതയാണീ  ജീവിതം  !
മൂന്നക്ഷരത്തിലൊതുങ്ങാത്ത
മൗനമാണ് മരണം !
 കീീീീ  ക്സ്  വ്വ്  വബി  (ഇതാണ് ദൈവത്തിന്റെ ഭാഷ ! ഇന്ന് എന്റെ മകൾ കീബോർഡിൽ കുത്തിക്കുറിച്ചത്‌ ! :)

Sunday, May 12, 2013

ആർതർ

ആർതർ വന്നതും പോയതും ഒരു നനുത്ത സന്ധ്യയിലാണ് ..!ഓർക്കാൻ അതിനുമുൻപ്‌ ആർതർ ഉണ്ടായിരുന്നില്ല !എന്നാൽ അതിനുശേഷം എല്ലാ വൈകുന്നേരങ്ങളും എന്നെ നനച്ച് ആർതറിന്റെ ഓർമ്മകൾ ഓടിപ്പോകാറുണ്ട് അവനെപ്പോലെ തന്നെ !
എന്നത്തെയും പോലെ അന്നും ജോലി കഴിഞ്ഞ് ട്രെയിൻ കയറി വീടണയാൻ ടിക്കെറ്റ് കൌണ്ടറിനു മുൻപിലെ ഒടുങ്ങാത്ത ക്യു വിൽ ചുറ്റും നോക്കി യാന്ത്രികമായി ഒഴുകിപ്പോകുമ്പോൾ ആർതറും അവന്റെ കൂടെ ഏറെ വയസ്സ് തോന്നിപ്പികാത്ത സംസാരവും വാർദ്ധക്യത്തിലെയ്ക്കൂന്നിയ  ശരീരവുമായി അവന്റെ അമ്മമ്മയും ഓടി അണച്ച് എത്തിയത് .കൂട് തുറന്നു വിട്ട പട്ടിക്കുട്ടിയെപ്പോലെ അവൻ അവിടെയും ഇവിടെയും ഓടി നടന്നു .ഇടയ്ക്ക് ഉച്ചത്തിൽ 'അച്ഛൻ വന്നു കാണുമോ അമ്മമ്മേ 'എന്ന് ആശങ്കപ്പെടും .ചിരിയോടെ അമ്മമ്മ പറയും 'ല്ലടോ 'പിന്നെ ടിക്കറ്റ്‌ കൌണ്ടറിലെയ്ക്ക് ഒരു പാമ്പിനെപ്പോലെ ഊളിയിടും .അപ്പോൾ ആളുകൾ അലറും 'നില്ലെടാ ചെറുക്കാ ..ഞങ്ങളെന്താ പഴം മേടിക്കാൻ നിക്ക്വാ ??'അപ്പോൾ ഒന്നും സംഭവിക്കാത്തപോലെ അവൻ തിരിച്ചു വരും !ഇത് ഒരു നാല് വട്ടം ആവർത്തിച്ചു ഞാൻ ടിക്കറ്റ്‌ എടുക്കും മുൻപേ !ചിരിയോടെ അവനെ പാളി നോക്കി ഞാൻ പ്ലാറ്റ്ഫൊം 2 ലേയ്ക്ക് പോയി .എന്റെ ട്രെയിൻ വരാൻ മുപ്പതു മിനിട്ട് കൂടിയുണ്ട് ..ഞാൻ അവിടെയും ഇവിടെയും നോക്കിയിരുന്നു ..മുൻപിലെയ്ക്കു സാരിയുടുത്തു പോകുന്ന പെണ്‍കുട്ടിയുടെ തോളറ്റം കിടന്ന മുടിക്ക് താഴെ അതി വിശാലമായ ഇറക്കി വെട്ടിയ സാരിബ്ലൌസ് എല്ലാരുടെയും കണ്ണുകൾക്ക്‌ നല്ല വിരുന്നു നല്കി ..ഇളം ഗോതമ്പ് നിറത്തിൽ ഒരു പൊട്ടുപൊലുമില്ലാത്ത നല്ല തിളങ്ങുന്ന പുറം !ഗജ രാജ വിരാജിത മന്ദഗതി യായി അവൾ പോയ്മറഞ്ഞു !ഇനി ആരുണ്ട്‌ കൊണ്ട് വിടാൻ എന്ന് കണ്ണുകൾ തിരയുമ്പോൾ ആർതർ ഓടി അണച്ചെത്തി !പുറകെ ആ വല്യമ്മയും.

  'അച്ഛനെത്തീട്ടുന്ടാവും അമ്മമ്മേ ..ഉറപ്പാ ..മ്മളെ ഇന്ന് സൂപ്പാക്കും ഇഷ്ടൻ !'ആ വരട്ടെന്ന് ..'അമ്മമ്മ .
അവൻ ഓടി വന്നു എന്റെ അടുത്തിരുന്നു .ഒന്നും പറയാതെ അവൻ എന്റെ ബാഗ് സൂക്ഷിച്ചു നോക്കി .പിന്നെ എന്റെ മുഖത്തേയ്ക്കും ..! 'ചേട്ടൻ എന്ജിനീറാ ??'
'അല്ല അനിമേറ്റർ '
'ഹം ..എന്താ ത് ?'
'കാർട്ടൂണ്‍ കാണാറില്ലേ ?'
'ണ്ട് ണ്ട് ..ബെൻ ടെൻ !'
'ആ അതൊക്കെ ചെയ്യും എന്നെപ്പോലുള്ളവർ !'ഞാൻ ചിരിച്ചു അവനും .
'ഓ അപ്പം ചേട്ടൻ വരയ്ക്കും ല്ലേ ?ഞാനും വരയ്ക്കും ..പേപ്പറുണ്ടോ ഞാൻ വരച്ചു കാണിക്കാം ..' യാതൊരു അപരിചിതത്വവും കാണിച്ചില്ല അവൻ .
ഞാൻ ബാഗ് തുറന്ന് നോട്ട് പാഡും ഒരു ചാർക്കോൾ പെൻസിലും അവനു നീട്ടി .ചുവന്ന ചാർക്കോൾ !
'എന്താത്‌ ??കുഞ്ഞിക്കണ്ണ്‍ തുറുപ്പിച്ചു അവൻ എന്നോട് ചോദിച്ചു .
'അത് വരയ്ക്കുന്നതാ ..വരച്ചു നോക്കൂ ..'
അവൻ പക്ഷെ ആദ്യം എഴുതി ആർതർ !ആർതർ എന്നാണോ പേര് ?ഞാൻ കൗതുകത്തൊടെ ചോദിച്ചു .
'ഹാം ..ആദ്യം പേരെ എഴുതാവൂന്നു അച്ഛൻ പഠിപ്പിച്ചിട്ടുണ്ട് ..'
'ഓ ശരി ഞാൻ പുഞ്ചിരിച്ചു 'അവന്റെ അമ്മമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു ..ഞാൻ ചിരിച്ചെങ്കിലും അവർ ചിരിച്ചില്ല !
ആർതർ എന്നോട് കഥകൾ പറഞ്ഞു ,പടങ്ങൾ വരച്ചു ..അവനും അമ്മയും അമ്മമ്മയും കൂടി നടത്തുന്ന കള്ളത്തരങ്ങൾ പറഞ്ഞു ,അതിലൊന്നായ ക്ഷേത്രം തൊഴാൻ പോന്ന ആ ദിവസത്തെക്കുറിച്ച് പറഞ്ഞു..അങ്ങനെയങ്ങനെ തീരാത്തൊരു അക്ഷയ പാത്രം പോലെ അവൻ നിറഞ്ഞു തുളുംബിക്കൊണ്ടിരുന്നു !വിസ്മയത്തോടെ അതിലേറെ സന്തോഷത്തോടെ ഞാൻ അവന്റെ കൊച്ചു കഥകളിലെ വലിയ വർത്തമാനങ്ങളിലെ ഒരാളായി മാറിപ്പോയി !ഇരുപതു മിനുട്ടുകൾ കഴിഞ്ഞതറിഞ്ഞില്ല .ഞാൻ അവനു ആ നോട്ട്പാഡും ഒരുപെട്ടി ചാർക്കൊളും സമ്മാനിച്ചു .
'അമ്മമ്മ കാണണ്ട ..ആരോടും ഒന്നും വാങ്ങില്യാന്നു ആണയിട്ടു പോന്നതാ ..'അവൻ പൊട്ടിച്ചിരിച്ചു ..
'ചേട്ടന്റെ കടയിൽ ഞാൻ വരുന്നുണ്ട് ട്ടോ വരച്ചത് കാണാൻ 'അവൻ പറഞ്ഞു കഴിഞ്ഞതും ട്രയിൻ ചൂളം കുത്തിയെത്തി ..
'പോട്ടെ 'എന്ന് പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അമ്മമ്മയ്ക്ക് മുൻപേ പറന്നു ..
സൂക്ഷിച്ചു പോകൂ എന്ന് ഞാൻ പറഞ്ഞതിന് ഒരു പൊട്ടിച്ചിരിയും ടാറ്റാ യും നല്കി അവൻ ട്രെയിനിൽ കയറി മാഞ്ഞു പോയി ..എന്റെ ഹൃദയത്തിൽ എന്തിനോ ഒരു കൊച്ചു നൊമ്പരത്തിന്റെ മുള്ള് കൊണ്ടു!ആർതർ അന്നുമുതൽ ഇന്ന് വരെ ആ മുള്ള് എന്നെ ചുളു ചുളാ കുത്തി ആനന്ദിപ്പിക്കുന്നു ..അതെ വേദനയല്ല നീ എനിക്ക് തന്നത് ഒരുതരം ചുളുചുളാ ആനന്ദം തന്നെയാണ് !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...