Wednesday, August 14, 2013

മഴ മഴമാത്രം !


മഴ ..മഴയുടെ ചിരിയിൽ കരച്ചിലിൽ ഇടിമുഴക്കിയുള്ള പിണങ്ങിപ്പിരിച്ചിലിൽ എവിടെയൊക്കെയോ അന്യം നിന്നുപോകുന്ന വേനലോർമ്മകൾ ..മഴത്തുള്ളികൾ നനഞ്ഞു മൂടിയ ബാല്യത്തിലോ ,ആലിപ്പഴങ്ങൾ പെറുക്കിക്കൂട്ടിയ കൗമാരത്തിലൊ ,ഒരു പുളകം പോലെ തുടിപ്പുകളിലെയ്ക്ക് പകർന്നിറങ്ങിയ യൗവ്വനത്തിലൊ? മഴ എന്നാണ് പെയ്തു തോർന്നത്‌ ??അറിയില്ല ..
ചില നേരങ്ങളിൽ മൗനമായി കണ്ണുപൂട്ടി നേർത്തൊരു സാരംഗിയുടെ അകമ്പടിയോടെ കസേരയിൽ ചാരിക്കിടക്കുമ്പോൾ മഴയില്ലെങ്കിലും മഴപെയ്യും ..ആ മഴയിൽ പ്രണയവും വിരഹവും ലയിച്ചു കിടക്കും ..എന്നോ കവിളിൽ തൊട്ടുപൊയ ഒരു തുള്ളിക്കണ്ണീർ ഹൃദയത്തിന്റെ ഏറ്റവും അഗാധതയിൽ നിന്നും വീണ്ടും പൊട്ടിയൊഴുകും ..മഴയേതെന്നു തിരിച്ചറിയാനാകാത്ത വിധം മഴയും ഞാനും ഒന്നാകുന്നത് ശരീരമില്ലാത്തൊരു പ്രാണനായി ഞാനറിയും !

മഴയൊരു പ്രവാഹമായി വീണുണർന്ന് സംഹാരതാണ്‍ഡവമാടുമ്പോൾ അതിൽപ്പെടുന്ന കുരുന്നു പൂവ് പോലെ വേദനകൾ കുത്തിയൊലിച്ചു പോകുന്നത് കനമില്ലാതൊരു കരളോടെ ഞാനെന്നും നോക്കിയിരിക്കുന്നു!എവിടെയാണ് മഴച്ചില്ലകളിൽ നിന്നും തുള്ളികൾ ഉതിർന്നു വീണ് മരം പെയ്യുന്നത് ..പൂവാകച്ചുവട്ടിൽ മരം പെയ്യുന്ന നനവിൽ കടും പച്ച പട്ടുപാവാടയും ധാവണിയും ചുറ്റി പ്രേമ സുരഭിലമായ ഒരു കുടന്ന ഹൃദയ വികാരങ്ങളുമായി നിന്നത്. .നെഞ്ചിലെ പരിഭ്രമത്തിലെയ്ക്ക് ആർദ്രമായ  രണ്ടു മിഴികൾ തരുന്ന സാന്ത്വനമാണ് ലോകത്തിലേയ്ക്കും വലിയതെന്ന് വെറുതെ നിനയ്ക്കുന്നതിലെ സുഖം, ഒരു ചാറ്റൽ മഴപോലെ മാത്രമാകുന്ന നിമിഷങ്ങൾ..പ്രണയവും മഴയും വീണ്ടും കൂടിക്കലർന്നു പോകുന്നത് ആർദ്രതയോടെ നാമറിയുന്നു !

ചില മഴവേഗങ്ങളിൽ ജോലി തീർക്കാൻ പാടുപെട്ട് ,ഓടുന്ന ബസ്സിനു പുറകെ നനഞ്ഞോടിയിട്ടും നിർത്താതെ പോകുമ്പോൾ ,നനഞ്ഞു വിറച്ചൊരു സന്ധ്യ നിന്നെപ്പോലെ തന്നെ പരിഭ്രമിച്ച് ഇരുളുന്നതോ  ?ആ ഇരുളിലേയ്ക്കു പെയ്തിറങ്ങുന്ന തുള്ളിക്കൊരു കുടം മഴയ്ക്ക്‌ പേടിയുടെ കറുത്ത രാക്ഷസക്കൈയ്കൾ മാത്രമാണുള്ളതെന്ന് ചിതറിപ്പോയ നിന്റെ മനസ്സ് ആർത്തലയ്ക്കുന്നതും എനിക്ക് കേൾക്കാം .നനഞ്ഞ നിന്റെ മുഴുപ്പുകളിലെയ്ക്ക് ആർത്തിപിടിച്ച കണ്ണുകൾ നിന്നെ നഗ്നയാക്കുന്നത് വെറുമൊരു സ്കൂൾ കുട്ടിയുടേതാണല്ലോ എന്ന് എനിക്ക് നടുങ്ങുന്നൊരു ഞെട്ടലുണ്ടാകും !മഴ, സൗന്ദര്യമേ ഇല്ലാത്തൊരു ചെളിവെള്ളം പോലെ നിന്റെ കാലിനെക്കവിഞ്ഞൊഴുകുന്നതിൽ എന്നുള്ളിൽ  അറ്യ്ക്കുന്നൊരു പ്രതികാരം വളരും !

മഴ തകർത്ത കൂടാരത്തിന് വെളിയിൽ അമ്മയും അച്ഛനും കൂടെപ്പിറപ്പുകളും മുത്തശ്ശിയും ഒഴുകിപ്പോയതറിയാതെ പിഞ്ചു വാ പിളർന്നു കരയുന്ന കുഞ്ഞോമനയെ നോക്കുമ്പോൾ മാതൃത്വം ഒരു കടലോളമുയർന്നു മഴ പോലെ കണ്ണു കീറിയൊഴുകുന്നത് ആർക്കു തടയാനാകും !

ചില മഴനേരങ്ങളിൽ  നിന്റെ കരവലയത്തിന്റെ സുരക്ഷിതമായ ചൂടിൽ വെറുതെ മഴ നോക്കിയിരിക്കുമ്പോൾ പൊയ്പ്പോയ ഏകാന്തതകൾ ഇനി വരില്ലെന്ന് ചൊല്ലി മഴ പതിയെപ്പാടും ..മടിയിൽ കുഞ്ഞിക്കൈകൾ താളം കൊട്ടി മഴ നോക്കി അരുമച്ചിരിയോടെ എന്റെ ഉണ്ണി ഉറങ്ങിപ്പോകും ..എത്ര താളങ്ങളിലാണ് മഴ പാടുന്നതെന്ന് ഇനിയും കണ്ടെത്താനാകാതെ അകലങ്ങളിൽ നിന്നൊഴുകുന്ന മുളംകാറ്റുകൾ.. അതിന്റെ രാഗങ്ങളിൽ മേഘമൽഹാർ ഉയർത്തിക്കൊണ്ട് മഴ ഇളകിച്ചിരിക്കും .മുത്ത്‌ പോഴിയും പോലെ ഓരോ തുള്ളിയും മണ്ണിലെയ്ക്കുരുണ്ട് വീഴും ,മണ്ണിൽത്തൊട്ട  രോമാന്ജത്താൽ രാജാവിന്റെ കിരീടം പോലെ മുകളിലെയ്ക്കുയർന്നു പിന്നെ എന്നേയ്ക്കുമായി മണ്ണും മഴയും ഒന്നായി അലിഞ്ഞുതീരും  !