പോളിഹൌസ് എന്ന് കേൾക്കുമ്പോൾ അതെന്തു വീട് എന്ന് അതിശയിച്ചിരുന്ന കാലം മാറിപ്പോയിരിക്കുന്നു ! ഇപ്പോൾ വ്യാപകമായി പോളിഹൌസ് ഉയർന്നു വരികയാണ് !കർഷകരെല്ലാവരും കൂടി കൈ കോർത്താൽ താമസിയാതെ ഭൂമിയുടെ പുറത്തു മറ്റൊരു പാളി കൂടി രൂപം കൊള്ളും,പോളിത്തീൻ കൊണ്ട് ഒരു ഭൂമി !!
പോളിഹൌസ് എന്താണ് എന്ന് നോക്കിയാൽ പോളിത്തീൻ കവർ കൊണ്ടുള്ള വെറും ആവരണമല്ല മറിച്ച് പെട്ടന്ന് തന്നെ അഴിക്കുകയും പണിയുകയും ചെയ്യാൻ പറ്റുന്ന കൃത്യതയോടെ വെള്ളം പങ്കുവെയ്ക്കപ്പെടുന്ന ഭൂമിയുടെ താപ വ്യതിയാനങ്ങളെ അതി സൂക്ഷ്മമായി പഠിച്ചു പ്രതിരോധിക്കുന്ന ,കീടങ്ങളെയും ചെറു പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും അടുപ്പിക്കാതെ ഉള്ള സ്ഥലത്ത് മുഴുവൻ ഉപയോഗപ്രഥമാക്കുന്ന രീതിയിൽ, കൃഷിയിറക്കാൻ പര്യാപ്തമായ രീതിയിൽ കൃഷി സ്ഥലത്തെ അന്തരീക്ഷത്തെ മുഴുവൻ മൂടി വയ്ക്കുന്ന പ്ലാസ്റ്റിക് കൊട്ടക എന്ന് വേണമെങ്കിൽ പറയാം !
എത്ര ആലോചിച്ചിട്ടും ഈ കർഷക സംരംഭത്തോട് എനിക്ക് യോജിക്കാൻ ആകുന്നില്ല .മനസ്സില് വേര് പിടിച്ചൊരു കർഷക ഉള്ളത് കൊണ്ടാകാം;കർഷകർക്ക് അന്യ ജീവി ആക്രമണം തടഞ്ഞ് നല്ല വിളവു ലഭിക്കാം എന്നത് മാത്രമായിരിക്കാം ഒരേ ഒരു മുൻതൂക്കം !പത്തു സെൻറ് ഭൂമിയിൽ ഈ പോളിത്തീൻ കവർ ഉണ്ടാക്കണമെങ്കിൽ നബാഡിന്റെ സഹകരണത്തോടെ ഒരു കർഷകന് പത്തു ലക്ഷം രൂപ ആണ് ലോണ്‍ അനുവദിക്കുന്നത് അതിൽ സബ്സിഡി കഴിച്ച് അഞ്ചു ലക്ഷം രൂപ അയാൾ തിരിച്ചടയ്ക്കേണ്ടി വരും (കണക്കുകൾ ഏകദേശം ധാരണയിൽ ആണ് കുറിക്കുന്നത് ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാകാം ) എങ്കിൽത്തന്നെ എട്ടു ലക്ഷത്തോളം രൂപയ്ക്കെ ഈ പോളി വീട് നിർമ്മികാൻ ഏറ്റവും കുറഞ്ഞത് സാധിക്കൂ ! ഒന്ന് ചിന്തിച്ചാൽ മുപ്പതിനായിരം രൂപയ്ക്ക് ഒരു നല്ലയിനം പശുവിനെ വാങ്ങുകയും അതിനൊരു തൊഴുത്ത് കെട്ടി ,ചെറിയൊരു ഇറിഗഷൻ പ്രൊജക്റ്റ് ആലോചിച്ചുറപ്പിച്ചു വെള്ളം കിട്ടുന്ന കിണറ്റിൽ/കുളത്തിൽ നിന്നും അതിനായി ഒരു 3 ലക്ഷം രൂപ മാറ്റി വയ്ക്കുകയും ചെയ്ത ശേഷം പറമ്പ് നന്നായി കൊത്തിക്കിളച്ചു പുല്ലും പള്ളയും മാറ്റി മണ്ണോഴുക്ക് തടയാൻ കല്ല് വേലിയോ തടയിട്ടു പൊക്കിയ മണ്‍ കൊള്ളുകളോ നിർമ്മിച്ചശേഷം ,ഈ പുല്ലും പള്ളയും നല്ല തെങ്ങിൻ മടലുകളും ഇട്ടു കത്തിച്ച ചാരം വിതറി പറ്റുമെങ്കിൽ ഒന്ന് നനച്ചശേഷം ഒരിടവേള കൊടുക്കുക ,അതും കഴിഞ്ഞു ചാണകവും ഇലകളും ഇട്ടു പൊടിച്ച നല്ല നാടൻ വളം ഇട്ടു തട്ടിയുടച്ച മണ്ണിൽ വളരാത്ത ഏതു ചെടിയുണ്ട് ? കൃഷിയുണ്ട് ?? ഇതാണ് ഏറ്റവും പ്രാചീനമായ കൃഷി രീതി.മണ്ണിനെ മണ്ണിനോട് ബന്ധിപ്പിക്കുന്ന കർഷക നീതി !
പൊന്തിത്തുടിച്ചു വരുന്ന കൃഷികളുടെ ഇടയിൽ വളരുന്ന കളകൾ പറിച്ചു മാറ്റിയാൽ , ഇടയിളക്കി ഇത്തിരി വേപ്പും പിണ്ണാക്ക് / എല്ലുപൊടി/ ചാണകം ഒന്നും വേണ്ട അല്പം മണ്ണിര കമ്പോസ്റ്റ് ഇട്ടുകൊടുത്താൽ അവ കരുത്തോടെ വളരും .പൂ വിരിയുമ്പോൾ.. ഇല വളരുമ്പോൾ.. തണ്ടിന് ബലം കൂടുമ്പോൾ അവ രുചിക്കാൻ ചില കാട്ടു മുയലൊ ,തിത്തിരി പക്ഷിയോ അണ്ണാനോ കോഴിയോ തത്തയോ ഒക്കെ വരും അവിടെ നമുക്ക് ക്ഷമ വേണം, അവരെ ഓടിക്കണം പക്ഷെ അവർ തന്നിട്ട് പോകുന്ന ചില നന്മകളെ സ്വീകരിക്കയും വേണം .ഇലയുടെ അടിയിൽ വളരുന്ന ആ തടിയൻ പുഴു എന്നേയ്ക്കുമായി അപ്രത്യക്ഷമായി !പൂമ്പാറ്റയും കുഞ്ഞിപ്രാണികളും നല്ല പരാഗണം നടത്തി നല്ല ആരോഗ്യമുളള പഴങ്ങൾ ഉണ്ടാകും ,പച്ചക്കറിയുണ്ടാകും ,വിളവുണ്ടാകും .കാഷ്ടമിട്ട് അവർ നല്കിയ വളം വേരുകളുടെ വളർച്ചയും വളവുമാകുന്നത് ..അതിനൊക്കെപ്പുറമെ ഈ ചിൽചിലാരവം മുഴക്കാൻ പാറി നടക്കാൻ ,വെയിലേറ്റു തളർന്ന നമ്മുടെ വിയർത്ത ശരീരത്തിലെ മനസ്സിനെ ആനന്ദിപ്പിക്കാൻ ഈ ചെറു ജീവികളില്ലാത്തൊരു കാലം ഓർത്ത് നോക്കൂ !!ഭീകരം !എങ്ങനെ ആയാലും നമുക്ക് ലോണ്‍ അനുവദിക്കുന്ന തുകയുടെ പാതി മതിയാകും സാധാരണ കൃഷിരീതിയിൽ കർഷകർക്ക് കൃഷി ചെയ്ത് ലാഭമെടുക്കാൻ .ഈ പ്ലാസ്റ്റിക് വീടുകൾ പെരുകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പ്രകൃതി സന്തുലനാവസ്ഥ ആണ് !ചെറു ജീവി വർഗങ്ങൾ കാലക്രമേണ നാമാവശേഷമാകും ,മണ്ണിന്റെ ഘടന തീർച്ചയായും മാറിപ്പോകും കാരണം എത്രയൊക്കെ ജീവധാതുക്കൾ സപ്ലൈ ചെയ്താലും പ്രകൃതിയുടെ ജീവ സമ്പർക്കത്താൽ ലഭിക്കുന്ന സൂക്ഷ്മ ജൈവ ഘടകങ്ങൾ ഈ ജീവ വർഗത്തോടൊപ്പം അന്യാധീനമായിപ്പോകും ഉറപ്പ് !മണ്ണിന്റെ ഘടന മാറുന്നതിനോടൊപ്പം പുതിയ സൂക്ഷ്മ ജീവാണുക്കൾ ഉയിരെടുക്കും അത് തീർച്ചയായും ഈ പോളി ഹൗസ് നിർമ്മിതിയെ തകർക്കാൻ പറ്റുന്ന തരത്തിലുള്ളതുമാകാം !
പണിയുവാൻ ആളില്ലാത്ത ഈ കാലത്ത് ,ജനങ്ങൾ ഇത്രയേറെ തുക ചിലവഴിച്ച് ഇത്തരം കൃത്രിമ സാങ്കേതികതകൾ പണിതുയർത്തുമ്പോൾ എന്തുകൊണ്ട് ആ പണം കൊണ്ട് നല്ല മനുഷ്യത്വപരമായ തീരുമാനങ്ങൾ എടുക്കാനാകുന്നില്ല ? തൊഴിലില്ലാതെ അലഞ്ഞു നടന്നാലും ആരും കർഷകവൃത്തി ചെയ്യില്ല .പണ്ടുള്ള കാലത്തെ അപേക്ഷിച്ച് കായികാധ്വാനം കുറയ്ക്കുവാൻ പറ്റുന്ന ഒരായിരം ഉപകരണങ്ങളും യന്ത്രങ്ങളും ഇന്നുണ്ട് ഒരുപക്ഷെ കാർഷിക ബോർഡ് കളും ഗവെർന്മെന്റും ഇതിന്റെ സാധ്യതകളെപ്പറ്റി ഇന്നത്തെ യുവ തലമുറയെ ബോധാവത്കരിക്കെണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു !കൂട്ടായ തൊഴിൽ സംഘങ്ങൾ ഉണരുന്നത് വഴി ഉയരുന്നത് കേവലം അത് ചെയ്യുന്നവരുടെ സാമ്പത്തിക വളർച്ച മാത്രമല്ല അതിലൂടെ സാമൂഹികമായി നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഘടന കൂടിയാണ്.അന്യസംസ്ഥാന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നല്ല വിള ഭൂമി ഉയർത്തിക്കൊണ്ട് വരികയും അവരുടെ സഹായത്തോടെ തന്നെ വിളവിലെയ്ക്കുള്ള കായിക സഹായങ്ങൾ ലഭ്യമാക്കുകയും എന്തുകൊണ്ട് കൃഷി വകുപ്പ് കാര്യാലയങ്ങൾ ചെയ്യുന്നില്ല !കരാർ അടിസ്ഥാനത്തിൽ വേല ചെയ്യുവാൻ ഇന്നത്തെ ആധാർ ഉളപ്പടെയുള്ള തിരിച്ചറിയൽ കാർഡുകളുടെ സഹായത്തോടെ സർക്കാരിന് തന്നെ സാധ്യമാക്കവുന്നതല്ലേ?ശമ്പള സാധ്യതയോടെ അന്തസായി ജോലി ചെയ്യുന്നവർ ആണ് കൃഷിക്കാരും എന്നുള്ള നില എന്തു കൊണ്ട് സർക്കാരുകൾ നടപ്പിലാക്കുന്നില്ല ?
കൃഷി എന്നത് അടിമപ്പണി പോലെ അധ:പതിച്ചത് എന്തോ ആണെന്നും ,കൃഷിക്കാർ അവഗണനയുടെ മുഖം മൂടിക്കെട്ടി വാ പൊത്തി റാൻ അടിയൻ എന്ന് തൊഴുകൈയ്യോടെ നിൽക്കെണ്ടവർ ആണെന്നും ഉള്ള പൊതു നിലപാട് എന്നെ മറെണ്ടതാണെന്നോ ?? നാം കഴിക്കുന്ന ഭക്ഷണം ഉത്പാതിപ്പിക്കുന്നവർക്കാണ് ഈ ബ്രഹ്മാണ്ടത്തിൽ ഏറ്റവും നല്ല സ്ഥാനം നല്കെണ്ടുന്നവർ, അല്ലാതെ എയർ കണ്ടിഷൻ മുറികളിൽ എന്താണ് സാമ്പത്തിക നയം അതെവിടെ നിന്നും ഉത്ഭവിക്കുന്നു എന്ന് തിയറി എഴുതുന്നവർക്കോ ,നിങ്ങള്ക്ക് വേണ്ടി ജനിച്ചയാളാണ് ഞാൻ എന്ന് കൊഞ്ഞനം കുത്തും വിധം തിരഞ്ഞെടുപ്പിന് മുൻപ് ഉറക്കെ ഉദ്ഘോഷിച്ചു തിണ്ണ നിരങ്ങുന്ന കേവലം രാഷ്ട്രീയ മണ്ടൂകങ്ങൾക്കും അല്ല .അതുകൊണ്ട് തന്നെ കർഷകരുടെ പ്രതിച്ഛായ പാവപ്പെട്ട മണ്ണ് മണക്കുന്ന ചാണകം നാറുന്ന അലക്കു കൈലി മടക്കു കുത്തഴിച്ചിട്ട് ഭവ്യതയോടെ നിൽക്കുന്നവരിൽ നിന്നും ,തിളങ്ങുന്ന ബ്രാൻഡ് നെയിം ബ്രൂക്ക് ബ്രതെർസ് ,മാർക്സ് &സ്പെൻസർ -ലെയ്ക്ക് മാറ്റുക എന്നതിൽ ക്കൂടി (ഇത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് അതും ജനങ്ങളിലെയ്ക്കിറങ്ങുന്ന ബോധവത്കരണത്തിലൂടെയും നേരിട്ടുള്ള പ്രവർത്തനങ്ങളിലൂടെയും )മാത്രമാണ്.
പോളിഹൌസ് നെ അല്ല പരിപോഷിപ്പിക്കെണ്ടുന്നത് മറിച്ച് മണ്ണിനെ സ്നേഹിക്കുന്ന ഭൂമിയെ ഭൂമിയാക്കി നിലനിർത്തുന്ന ,ജീവച്ചക്രത്തിൽ വ്യതിയാനം വരുത്താത്ത നമ്മുടെ ഏറ്റവും പ്രാചീന കൃഷി രീതിയെ തന്നെയാണ് .പൊതു സമൂഹത്തിൽ കർഷകർക്കുള്ള സ്ഥാനം ഏതൊരു അന്തസുള്ള തൊഴിലിലെതുപൊലെയും അന്തസുറ്റവയാണ് എന്ന അവബോധം കാലങ്ങൾ കൊണ്ട് മാത്രം മാറ്റിയെടുക്കാവുന്ന ഒരു വലിയ ഭാരിച്ച ഉത്തരവാദിത്തം ആണ്. കാലങ്ങളായി ഏറ്റവും അധ:കൃതർ ആയി അവശേഷിച്ചു വരുന്ന നമ്മുടെ അന്ന ദാതാക്കളെ അവരാണ് ഈ ഭൂമിയുടെ അധികൃതർ എന്ന് തിരുത്തേണ്ടി ഇരിക്കുന്നു .അത് ഇന്ന് മുതൽ തുടങ്ങിയാൽ ഒരുപക്ഷെ നാളത്തെ ജനങ്ങൾ അഭിമാനത്തോടെയും അന്തസ്സോടെയും പറയും ഞാൻ ഒരു കർഷകൻ ആണ് എന്ന് !
ലേഖനം നന്നായി, എന്താണ് പോളിഹൌസ് എന്ന് കൂടി ഉള്‍ക്കൊള്ളിക്കാമായിരുന്നു.
ReplyDeletesariyaanu..njaan edit cheyyam theerchayaayum..nandi Mukesh..
Delete