Wednesday, March 31, 2010

കളിച്ചില്ലുകള്‍ .. ! (ഭാഗം ഒന്ന്)


ഞാന്‍ ഇവിടെ കളികളുടെ ഒരു ചെപ്പു തുറക്കുന്നു..ദേവര്‍ഗദ്ധ എന്ന എന്‍റെ മനോഹരഗ്രാമത്തില്‍ നിന്നും അവ ലോകത്തെങ്ങുമുള്ള വളര്‍ന്നതും വളരാത്തതുമായ കുഞ്ഞുങ്ങളുടെ കളികളുമായി താദാത്മ്യം പ്രാപിക്കട്ടെ..! നമുക്ക് ഈ പരമ്പരയിലൂടെ ഒന്നിച്ചു കളിക്കാം .നമുക്ക് നമ്മുടെ കുട്ടിക്കളികളിലൂടെ വീണ്ടും വളര്‍ന്നു വലുതാകാം..ഈ പരമ്പര, ഓര്‍മ്മകള്‍ പുതുക്കിയെടുക്കാന്‍ ഇവിടെ തുടങ്ങുന്നു.. ഇന്നലെ നമ്മള്‍ പറഞ്ഞു പൊട്ടിച്ചിരിച്ച ഒരുപാട് കളികള്‍..നമ്മള്‍ ഓരോത്തരും കളിച്ച കളികള്‍.. കേട്ട് കൊതിച്ച കളികള്‍..നമ്മുടെ ഇന്നലെകള്‍.. നിങ്ങളും കൂടുക !

വയനാട്ടിലെ പുല്‍പള്ളിയിലെ ,ദേവര്‍ഗദ്ധ എന്ന കൊച്ചു ഗ്രാമത്തിനു അഭിമാനിക്കത്തക്കതായി അതിന്‍റെ പച്ചപ്പിന്‍റെ വന്യ ഭംഗിയുണ്ട്..1980 കളുടെ ആരംഭത്തില്‍ ഞാന്‍ ഉള്‍പ്പെടുന്ന കളികള്‍ ആരംഭിച്ചു..പക്ഷെ എത്രയോ കാലങ്ങള്‍ക്കുമുന്പു തുടങ്ങിയ ഈ കളികള്‍ ഇപ്പോള്‍ ഒരിക്കലും തിരിച്ചു കിട്ടാനാകാത്ത വിധം നമ്മുടെ കുട്ടികള്‍ക്ക് തികച്ചും പ്രാകൃതമായിപ്പോയി അല്ലെ?
എന്‍റെകൂടെക്കളിച്ചസജിതയും,സീനയും,പ്രതിഭയും,നൈജിലും,പ്രമോദും,സന്തോഷും .. ഇനിയും ഞാന്‍ മറക്കാത്ത ഒരുപാട് പേരും ഈ കളികള്‍ ഇനിയും കളിക്കട്ടെ..മക്കള്‍ക്ക്‌ മുന്‍കാലങ്ങളില്‍ വീണുരഞ്ഞു ചോര പൊടിഞ്ഞ ചിരിയുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുക,ഇനിയും നമ്മുടെ കാപ്പിസെറ്റ്‌ സ്കൂളിന്റെ വരാന്തയിലെ പൊടിമണ്ണില്‍ കുനിഞ്ഞിരുന്നു അക്കുത്തിക്കുത്താന കളിക്ക്..സ്വല്പ നേരം തിരക്കുകളുടെ ബാധ്യതകള് നമ്മുടെയാ കഞ്ഞിപ്പുരയുടെ പിറകിലുള്ള റബര്‍ തോട്ടത്തില്‍ ഇറക്കി വച്ചു ബാ കളിക്കാം..

ഹോ !! ഇന്റെര്ബെല്‍ സമയം പത്തു മിനിട്ടെങ്കിലും എനിക്കൊരിക്കലും വെറും പത്തു മിനിട്ട് എന്ന് തോന്നിയിട്ടില്ല.. ചേച്ചി സുനിത മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ നഴ്സറി യിലാണ്..മഹാ പോക്കിരിയായ പാവം താര! എന്‍റെ ഈ ഓമന പേര് അച്ഛമ്മ ഇട്ടതാണ്..കരടിപ്പുരുഷന്‍ ചേട്ടന്‍റെ (ഒരു പാവപ്പെട്ട കൊമ്പന്‍ മീശക്കാരന്‍ ചേട്ടന് നാട്ടുകാരുടെ വക ചെല്ലപ്പേര് !!)മകളായ ഷീനയ്ക്ക് എപ്പോഴും ഞങ്ങളുടെ കളിവണ്ടിയില്‍ കയറി മറിയണം ! ഞങ്ങള്‍ക്കൊരു നിലത്തോടുന്ന തോണി,ഒരു വല്യ ആടുന്ന താറാവ്,കൈയോടിഞ്ഞൊരു സൈക്കിള് ,ഒരു സീ സൊ പിന്നെ ഒരു ടയറും കുറെ അധികം കിലിപ്പിത്തിരികളും സ്വന്തമായുണ്ട്..ഷീനയ്ക്ക് എപ്പഴും തോണീല്‍ കയറി മറിയണം..രണ്ടു മൂന്നു ദിവസം ഞാന്‍ അവള്‍ക്കു സമയം കൊടുത്തു..സത്യമായിട്ടും! മൂന്നാമത്തെ ദിവസം ഞാന്‍ അവളോട്‌ തോണീന്നിറങ്ങാന്‍ പറഞ്ഞു..അവള്‍ ഇല്ലെന്നു കോക്രി കാട്ടി അവിടിരുന്നു..എനിക്ക് കലി കയറി.. അവളെ ഞാന്‍ തോണിയില്‍ നിന്നുന്തി താഴെ ഇട്ടു,അവള്‍ടെ ചുമലില്‍പ്പിടിച്ചു മുന്നോട്ടുന്തി.. ഉന്തി ..ഭിത്തിയില്‍ വച്ച് കൊടുത്തു നാല് തള്ള്..! അവളെന്നെക്കാളും ഇത്തിരി കൂടി വലുതാരുന്നകൊണ്ട് കിട്ടീ എനിക്ക് ഒരു തള്ള്
കൂടുതല്‍!! ഞങ്ങള്‍ അതി ഭീകരമായി ഇടിച്ചുകൊണ്ടേ ഇരുന്നു..ഷീന ഉച്ചത്തില്‍ കൂവുന്നുമുണ്ട്..താരേ കോരേ കുപ്പേ തൂറീ.. നിങ്ങള്‍ പറ ഞാന്‍ എങ്ങനെ സഹിക്കുമീ അപമാനം ! കൊടുത്തൂ ഒന്ന് മോന്ത നോക്കീ ! ടീച്ചര്‍ എത്തി മറ്റാരുമല്ല എന്‍റെ വലിയച്ഛന്റെ മോള്‍.കുട്ടികളുടെ എല്ലാം രോമാഞ്ജമായ യമുന ടീച്ചര്‍! സുന്ദരീ മണി (ഇപ്പോഴുമതെ) എനിക്ക് പോസ് കൂടി..ഞാന്‍ തുടരെത്തുടരെ ഇടിച്ചു! എന്‍റെ സുന്ദരി ചേച്ചി തന്നൂ എനിക്കിട്ടും നാല്..!!അന്നെന്റെ വായ സങ്കടം വന്നാല്‍ അടയാതെ ഞാന്‍ ശ്രികൃഷ്ണന്‍ വാ തുറന്ന പോലെ ആകുമായിരുന്നു..അമ്മ യശോദ അല്ലാത്തതിനാല്‍ വായിലുള്ള നാക്കും,നാല് പല്ലും അണ്ണാക്കുമല്ലാതെ ഒന്നും കണ്ടിട്ടില്ല ! അവിടുന്നുള്ള എന്റെയും ഷീനയുടെയും സൌഹൃദം  പക്ഷെ നാലാം ക്ലാസ്സ്‌ വരെയേ നീണ്ടു നിന്നുള്ളൂ..അവളെ സ്കൂള്‍ മാറ്റി അവളുടെ അച്ഛന്‍!

നഴ്സറിയുടെ തൊട്ടുള്ള കിണര്‍ കുടിവെള്ളത്തിനായി ആരും ഉപയോഗിക്കില്ലായിരുന്നു..കാരണമെന്തെന്നോ? ഞങ്ങള്‍ എല്ലാപേരും അതില്‍ തുപ്പി രസിക്കുമായിരുന്നു.. ഒറ്റതവണയെ എന്‍റെ ടീച്ചരേച്ചി അതിനെന്നെ അനുവദിച്ചുളളു..തൂക്കിയെടുത്തി അകത്തിട്ടു വാതിലടച്ചു ആ കശ്മല!എല്ലാത്തരം ചെടികളും പരീക്ഷണാര്‍ത്ഥം ഞങ്ങള്‍ കിണറ്റിലിട്ടെങ്കിലും ഞങ്ങളിലൊന്ന് പോലും ഒരു ശാസ്ത്രജഞ/ഞന്‌  ആയില്ല !

ഒരു ദിവസം ഷീന നിക്കറില്‍ മുള്ളിയതില്‍ ഞാന്‍ അതീവ സന്തുഷ്ട ആയിരുന്നു..എല്ലാപേരും ചുറ്റും കൂടി നിന്ന്.."ഷീന ക്കീന നിക്കറി മുള്ളീ" എന്നാര്‍ത്തപ്പോള്‍ പക്ഷെ എന്തോ എനിക്ക് കൂടാനായില്ല..അതിന്‍റെ പിറ്റേന്നു മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി തോളില്‍ കൈയിട്ടു നാലാം ക്ലാസ്സ്‌ വരെ നടന്നു !
ഒന്നാം ക്ലാസ്സ്‌ എ യിലായിരുന്നു ഞാന്‍ ! എനിക്ക് പുതിയ സ്ലേറ്റും യുണിഫോറവും (കഞ്ഞിക്കു വകയുള്ളവന്‍ അന്ന് ഗവര്‍ന്മെന്റ് സ്കൂള്‍ലെങ്കിലും മക്കളെ ചേര്‍ക്കും അതുമില്ലാത്തവന്റെ കുഞ്ഞുങ്ങള്‍ മുതിരുമ്പോള്‍ കൂലിപ്പണിക്ക് പോകും അത്ര തന്നെ ! മാധ്യമം ഇംഗ്ലീഷ് ആകുന്നതു പഠിച്ചുയരുന്നവര്ക്ക് മാത്രം!) ചെരുപ്പും ..പിന്നെ പുത്തന്‍ കുടയും..! സ്കൂള്‍ ദിനാരംഭങ്ങള്‍ എന്നും ഇടവപ്പാതിയിലായിരുന്നല്ലോ! പുത്തന്‍ ഉടുപ്പിന്റെ ഭംഗി കാണിക്കും മുന്‍പേ മഴ എല്ലാം നനച്ചു ചെളി തെറുപ്പിച്ച് ഒരു പരുവം ആക്കിയിരിക്കും!
ഇടവപ്പാതീലെ കളികള്‍ നനഞ്ഞ ഓര്‍മകളാണ്..കുടതിരിച്ച്‌ അടുത്ത് പോകുന്നവന്‍റെ ദേഹം നനയ്ക്കുക ആണ്‍കുട്ടികളുടെ പ്രിയ വിനോദമായിരുന്നു..കൂടെ പഠിക്കുന്ന പെണ്കുട്ടികളാണേല് വിനോദം കൂടും ! ടാര്‍ ഇളകിയ വഴിയിലെ കുഴികളില്‍ മാക്കാന്‍ തവളകള്‍ നീന്തി തുടിക്കും.. ഈര്‍ക്കില്‍ വളച്ചു കെട്ടി അറ്റത്ത്‌ കുടുക്കിട്ടു നീട്ടമുള്ള ചൂണ്ടല്‍ കുടുക്കുകള്‍  പണിയും (എന്നെ അച്ഛ ആണത് പഠിപ്പിച്ചത്, തവളകളെ അന്നും ഇന്നും അദ്ദേഹത്തിന് വെറുപ്പാണ് !)..അനങ്ങാതെ മഴ പോലുമറിയാതെ ഞങ്ങള്‍ ആ കുടുക്കുകള്‍ പോണ്ണന്‍ തവളകളുടെ തലയില്‍ക്കുടുക്കി വലിക്കും ..അവ പിടഞ്ഞുണരുംബോഴെക്ക് കുടുക്കില്‍ പെട്ടിരിക്കും..അവയെ അന്തരീക്ഷത്തില്‍ കറക്കി ഞങ്ങള്‍ പാട്ടുണ്ടാക്കും..
"ആ തവള പിന്നീത്തവള ഒത്തിരി ഒത്തിരി തവളകള് ..മാക്രോ പോക്രോം ..പാടിപ്പാടി ഞങ്ങടെ ചൂണ്ടെല്‍ വീണും പോയ്‌ ..ഹ ഹ ഹാ ..'

ചിരിയുടെ അവസാനം തവളകളെ അടുത്ത കിണറ്റിലോ, കുളത്തിലോ, വയലിലോ ഭദ്രമായി ഇറക്കി വിട്ടിരിക്കും..ചില മഹാ എമ്പോക്കികള്‍ അവയെ ഭദ്രമായി, നിര്‍ത്തിയിട്ട വണ്ടിയുടെ ടയറിനടുത്തു വച്ച് അകലെ മാറി കുത്തിയിരുന്ന് സാകുതം വീക്ഷിക്കും..ഇതൊന്നുമറിയാതെ ഡ്രൈവര്‍ വണ്ടിയെടുക്കുമ്പോള്‍ തവളകള്‍ 'ടൊ ..ഡോ  ' എന്ന് പൊട്ടിത്തകര്‍ന്നു അരഞ്ഞു ചാകും.."ദുഷ്ടന്മാര്‍.." സജിതയും ഞാനും ഒന്നിച്ചു നിലവിളിക്കും..

ദേവര്‍ഗദ്ധ നിറയെ ജീപ്പുകള്‍ ആയിരുന്നു..ഇന്നുമതെ! വല്ലപ്പോഴും കടന്നു വരുന്ന ചരക്കു ലോറികള്‍ ഞങ്ങള്‍ കുട്ടികളുടെ പേടി സ്വപ്നമായിരുന്നു! അവയുടെ ഭീമാകാര രൂപവും മുന്‍പിലുള്ള SANTHOSHKUMAR എന്നപോലുള്ള പേരും അതിനിരുവശത്തും വരച്ച ധംഷ്ട്രയുള്ള പെണ്ണുങ്ങളും ഞങ്ങളെ കൂടുതല്‍ കലുഷിതരാക്കി! മഴയുള്ളപ്പോള്‍ അച്ഛയും അമ്മച്ചിയും ഞങ്ങളോട് വിളിച്ചു പറയും :
"വലതു വശം ചേര്‍ന്ന് റോഡരുകിലൂടെചേര്‍ന്ന് നടക്കണം ട്ടോ ..ലോറി വന്നാല്‍ മാറി നിന്നോളണം.. "
ഈ മുന്‍കരുതലുകള്‍ പേടിയുടെ ആക്കം കൂട്ടിയതെയുളളൂ..!പാവപ്പെട്ട രക്ഷിതാക്കള്‍, അകാരണമായി പേടിക്കുന്ന കുഞ്ഞു മന്സുകളെപ്പറ്റി അവരെങ്ങനെ അറിയും..! ലോറിയില്‍ നിന്നും വല്ലകാലത്തും തല പുറത്തേയ്ക്കിട്ട് ഞങ്ങളെ നോക്കി ചുവന്ന കറുത്ത പല്ലുകാട്ടി ചിരിക്കുന്ന "അണ്ണാച്ചികള് "ഞങ്ങളെ കൂടുതല്‍ ഭയചകിതരാക്കിയിരുന്നു..ഞങ്ങളെ അവര്‍ പിടിച്ചു കൊണ്ട് പോയി കണ്ണ് പൊട്ടിച്ചു ഭിക്ഷയ്ക്കു വിടും എന്ന് ജിഷ ആവര്‍ത്തിച്ചു പറയുമായിരുന്നു..ഞങ്ങള്‍ ലോറി വരുമ്പോള്‍..കയ്യാലക്കെട്ടിനോട് ചേര്‍ന്ന് കണ്ണുകള്‍ ഇറുക്കെ അടച്ചു പേടിച്ചു നിന്നു..!

മഴയത്ത് കുടയുടെ കംബിയില്‍ക്കൂടി വാര്‍ന്നു വരുന്ന വെള്ളം ഞാന്‍ കൈയ്ക്കുംബിളില്‍ ആക്കി രസിച്ചിരുന്നു..വിരലിനറ്റത്തൂടി ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍എന്‍റെ സ്വകാര്യ സന്തോഷങ്ങളിലോന്നു് ആയിരുന്നു ..!

ഇനിയുമൊരു രസകരമായ മഴക്കളിയുണ്ട്..അത് തൊടുപുഴ വണ്ണപ്പുറത്തുകാരി അഭിജ എന്ന അഭി പറഞ്ഞ കളിയാണ്..അവളും ആത്മ യും,ഇനിയുമൊരു മണിക്കുട്ടിം കൂടി കളിക്കുമായിരുന്ന കളി..അവര്‍ മഴ നനഞ്ഞ വഴികളില്‍ക്കൂടി പശു പോയ പാടുകളായ ചാണക കഷ്ണങ്ങളില്‍ ഒരു കോല് കുത്തി നാട്ടുകയും ഒരു കല്ല്‌ പതിപ്പിക്കയും ചെയ്യും.. കോല് ക്രിസ്ത്യാനിററി യുടെ പ്രതീകം അഥവാ കുരിശു്! കല്ല്‌ ഉണ്ണിയപ്പവുമത്രേ ! ഉണ്ണിയപ്പം ഹിന്ദുവിന്റെ പ്രതീകം !! എന്തൊരു മത സൗഹാര്‍്ദദം !കുട്ടികളാണെന്നോര്‍ക്കണം.. !! അവള്‍ക്കറിയില്ല അവരിലെങ്ങനെ ഈ കളികള്‍ മുളച്ചു വന്നതെന്ന്..വഴി നീളെ കല്ലും കുരിശും..ഒരു പശുവിനെത്ര മത സൗഹാര്‍്ദദം തരാമോ അത്രയും!! അവള്‍ പൊട്ടിച്ചിരിക്കുന്നു..ഞാനും!

(തുടരും)

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. oru thiruthundu...kurisum unniyappavumallarunnu..mezhukuthiriyum sarkkarayum :D

    go on... :)

    ReplyDelete
  3. oh..I forgot that...hmm ok all the same!

    ReplyDelete
  4. Anitha, ente 2nd & 3rd classukal okke wayanadil aayirunnu. pettennu athokke orthu poyi.....
    nice.............. :)

    ReplyDelete
  5. thanks siju .pattumenkil thudarnnu vaayikkuu..koottukaarodum parayoo..ithu njan nammaleppolulla ellarillumethikkan agrahikkunnu..

    ReplyDelete
  6. Madam, i really feel in my childhood till now i had to hear broken store's from oldage and from my mother. now i have to hear ho! sorry to see visual of your golden age as like film. . .

    ReplyDelete
  7. Madam, i really feel in my childhood till now i had to hear broken store's from oldage and from my mother. now i have to hear ho! sorry to see visual of your golden age as like film. . .

    ReplyDelete
  8. Sarath!
    Thanks for your comment..yea i am lucky to have tht golden age still in my heart..and i am trying to explore that for like ones..:)

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...