Thursday, March 25, 2010

ഞാനും ,നീയും,വീടും..സ്വപ്നവും..

ഞാനൊരു സ്വപ്നം കണ്ടു!
ഇന്നത്‌ വരയ്ക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചു!
പക്ഷെ,
ഒരു ചായത്തിനും അതിന്‍റെ ഒരു വര്‍ണവും
എന്തുവാനായില്ല!
നീ,
ഈസലും ഏന്തി അങ്ങ് താഴ്വാരത്തിലെ..
കടുക് പാടത്തിലൂടെ..
ചുറ്റിനും മഞ്ഞപ്പാടം കടലുപോലെ!
ഹോ!
ആ മഞ്ഞയില്‍ എന്റെ കണ്ണ്
മഞ്ഞളിക്കുന്നു!!
നിന്‍റെ ഈസല്‍ നിനക്ക് പിന്നില്‍
മുളച്ച ചിറകു പോലെ...

ഇവിടെ,
ഈ കുന്നിന്‍ മുകളില്‍..
മരങ്ങള്‍ വട്ടം വരച്ച പോലെ,
ഇലകള്‍ എല്ലാം പാകത്തിനൊരുക്കി
ഒതുങ്ങിപ്പതുങ്ങി നില്പൂ!

എന്‍റെ വേഷം വിചിത്രമായ..
പഴയൊരു റഷ്യന്‍ പെണ്ണിന്‍റെതു പോലെ!
എനിക്കറിയില്ല ഇതു റഷ്യന്‍ കഥയാണെന്നെ
പിടിച്ചടക്കിയതെന്ന് !!
നീളനുടുപ്പിനു മുകളില്‍ കെട്ടിയ
ഈ രണ്ടാമുടുപ്പിനു എന്‍റെ തലയിലെ
കെട്ടുമായി കൂട്ടുകൂടാനാകാത്ത വിധം
കരി നിറമായിരിക്കുന്നു!

പക്ഷെ എന്നെ അമ്പരപ്പിച്ചതീ വീടാണല്ലോ!!
മുഴുവന്‍ തടി പാകിയ ചെറിയൊരു വീട്!
ഇവടെ ഈ കുന്നിന്‍ മുകളില്‍
ലോകം മുഴുവന്‍ കാണുമ്പോലൊരു വീട്!
ഒരുവശം മൂടല്‍ മഞ്ഞില്‍ പൂണ്ട് ആഹ!
കടുകുപാടം മഞ്ഞിലേക്ക് ലയിച്ചങ്ങനെ...

തറയിലെ കല്ലടുപ്പില്‍..കല്ച്ചട്ടിയില്‍..
കൊഴുകൊഴുത്തൊരു സൂപ്പ് !
വച്ചുണ്ടാക്കുന്നതു ഞാനെങ്കിലും
എനിക്ക് കൊതിക്കുന്നു!!
ഇത് ഞാനിതുവരെ വച്ചതോ
കണ്ടതോ അല്ല!!

അതാ ആ മൂലയില്‍ എന്‍റെ കൂട്ടുകാരി
നതാഷയല്ല 'അഭിജ' കോലുകള്‍
കൂട്ടിക്കെട്ടിയ ആ മന്ത്രവാദിനിച്ചൂലുമായി
തന്‍റെ നീണ്ട ഉടുപ്പെടുത്തുയര്‍ത്തിക്കുത്തി
പകുതി നഗ്നമായ കണങ്കാല്‍ കാണിച്ചു
അടിച്ചു വാരുന്നു!!

'ഹോ, ഇത്തിരി വെള്ളം തരൂ..'
ഈസല് താഴ്ത്തി വച്ച് നീ എന്നോട് പറഞ്ഞു!
നിന്‍റെ ക്യാന്‍വാസിലെ സൂര്യ കാന്തി പൂക്കള്‍ക്ക്
എന്തെന്നില്ലാത്ത ഭംഗി!
പക്ഷെ,
പൂക്കളുടെ ഉള്ളില്‍ നിന്നും കത്തിക്കയറിയ
ചുമപ്പില്‍ പെട്ട്..
ഞാന്‍ ഒരു ഉലഞ്ഞ ഉല പോലെ!!

നിന്‍റെ അയഞ്ഞു തൂങ്ങിയ നീളന്‍ കുപ്പായവും
ഇറുകിയ വള്ളി വച്ച നീളന്‍ ട്രൌസറും
നിന്നെ കരിങ്കല്‍ ചൂളയിലെ
വാന്‍ ഗോഗിനെ ഓര്‍മിപ്പിച്ചു!
ഒട്ടും പരിചിതമല്ലാത്തതുപോലെ
രാജേഷ് നീ സ്വപ്നവുമായി
വളരെ ഇണങ്ങിയിരുന്നു!

ഇത്ര കുത്തനെ പടികള്‍ കെട്ടി
വീട് വയ്ക്കരുതായിരുന്നു!
ചുമടേന്തി കയറാന്‍ വയ്യ!
അവന്‍റെ പരാതി!!

ഒരു കാര്യം ചെയ്യൂ ..
നീയാ മോട്ടോര്‍ പുരയില്‍ കൂടിക്കൊള്ളൂ
കടുക് പാടത്തിന്‍ നടുവില്‍..!
എന്‍റെ ചിരി പെയ്തൊഴിയുമ്പോള്‍..
കല്ലൊതുക്കിറങ്ങി..
നീയും ഈസലും ,വീടും
മരവും, ഞാനും ,കൂട്ടുകാരിയും
എല്ലാം ..വെറും സ്വപ്നമായ്ത്തീര്‍ന്നു!!

2 comments:

  1. i still remember this dream of yours :)
    think dream is another art form like painting or poem writing. that's probably the reason you could not have all its hues when u tried to paint it..

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...