Thursday, April 1, 2010

കളിച്ചില്ലുകള്‍..(ഭാഗം രണ്ട്)_ഞൊട്ടാഞൊടിയന്മാര്‍ !


ഒന്നാം ക്ലാസ്സില്‍ നിന്നും രണ്ടിലേക്ക് കടക്കുംബോഴെയ്ക്കും ഞങ്ങള്‍ പലതരം കളികളും പഠിച്ചു കഴിഞ്ഞിരുന്നു..എല്ലാക്കുട്ട്ടികളെയും പോലെ ഞങ്ങള്‍ കൂട്ടുകാരികള്‍ വട്ടത്തില്‍ ബന്ജിന്‍മേല് രണ്ട് കൈകളും കമിഴ്ത്തി അടുപ്പിച്ചുവച്ചു വൃത്താകൃതിയില്‍ ഇരുന്ന്‍

"അക്കുത്തിക്കുത്താന വരമ്പില്‍ കൈയേല്‍ക്കുത്ത് കടും കുത്ത് ,ചീപ്പ് വെള്ളം താറാ വെള്ളം ,താറാ മക്കടെ കൈയെലൊരു വാനപ്, വാന്പു കുത്തി പച്ചോറാക്കി ഞാനുമുണ്ടു സീതെമുണ്ടു..സീതെടച്ഛന്റെ പേര് പറ "

എന്ന് വരെ പാടിക്കൊണ്ട് ഒരാളുടെ കുഞ്ഞിക്കൈ ഒരെണ്ണം എല്ലാ കൈകളുടെ പുറവും ഇടിച്ചു പരത്തും ! ഇടിച്ചു നിര്‍ത്തുന്ന കൈയുടെ ഉടമ ഉത്തരം പറയും : "മുരിക്കും മുള്ള് !"
ഉടനെ അയാളുലെ ഒരു കൈ തിരിച്ചു മലര്‍ത്തി വയ്ക്കാം..! വീണ്ടും പാട്ട്..

"മുരിക്കേല്‍ തട്ടി വീണവനെ ..മുന്നാഴി എണ്ണ കുടിച്ചവനെ അക്കരെ നിക്കണ മാടപ്രാവിന്റെ കൈയോ കാലോ കൂച്ചിക്കെട്ടി ,മടമ്പ് കാട്ടില്‍ എറി !!"

ഇപ്പോള്‍ വീണ്ടുമൊരു കൈ നിവര്‍ന്നു! അഥവാ നേരത്തെ നിവര്‍ന്ന കൈയെങ്കില്‍ അവര്‍ക്കാ കൈ എടുത്തു അവരുടെ കക്ഷത്തില്‍ വയ്ക്കാം..ഈ കളിയില്‍ എല്ലാവരുടെയും കൈ കക്ഷത്തിലെത്തിക്കഴിയുമ്പോള്‍ കളിയുടെ ഗതി മാറുന്നു..!
പിന്നെല്ലാവരും ഇരു കൈകളും കൂട്ടിത്തിരുമ്മി ചൂടാക്കി അടുത്താളുടെ മുഖത്ത് പതിപ്പിക്കുംബോഴെയ്ക്കും ചിരി മുറുകി അവിടമാകെ തിരയടിക്കും..!ആര് ആരുടെ മുഖത്തിലെന്നില്ലാതെ ഓടി നടന്നു പിടിക്കും ..ഹാ എന്ത് നല്ല കുട്ടിക്കാലം!

(ഈ കളിയുടെ പല രീതികള്‍ കേരളമൊട്ടാകെ പല തരത്തിലുണ്ട് ഞാന്‍ കളിച്ച കളിയാണ് ഇവിടെ വിവരിച്ചത് !)
ഇന്നുള്ള കുട്ടികള്‍ അടുത്തിരിക്കുന്ന കുട്ടികളെ വല്ലപ്പോഴുമൊന്നു തോണ്ടിയാലായി! വല്ലപ്പോഴുമൊന്നു ഓടിയാലായി..! വല്ലപ്പോഴുമൊന്നു കെട്ടിമറിഞ്ഞാലായി!! അതിനു തന്നെ "മിസ്സ്‌" മാരുടെ അടുത്തു നിന്ന് ശകാരം,അമ്മമാരുടെ ഉപദേശം..എല്ലാം കഴിയുമ്പോള്‍ പാവം കുട്ടികളുടെ ഉന്മേഷം എവിടെയോ പോയ്മറഞ്ഞ് അവരെല്ലം മുതിര്‍ന്നവരുടെ ഫോട്ടോ കോപ്പികള്‍ മാത്രമായി തീരുന്നു..! ഇതെല്ലാമറിഞ്ഞു പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളും ഇല്ലാതില്ല പക്ഷെ അവര്‍ അംഗബലം തുലോം കുറവായിരിക്കും തീര്‍ച്ച !

പണ്ട് വീട്ടില്‍ നെല്‍ക്കൃഷി ഉണ്ടായിരുന്നു..അത് വളരെ മനോഹരമായൊരു ഓര്‍മ്മയാണ്! നെല്ല് കിളിര്‍പ്പിക്കുന്നത് മുതല്‍ ഉത്സവമാണ്..! കളപ്പുരയില്‍ നെല്ല് ചാക്കുകളില്‍ അട്ടിയിട്ടു കുതിര്തിയിട്ടിരിക്കും. മുള വരുന്നതിനു തൊട്ടുമുന്‍പ് അവ വലിയ ചെമ്പു പാത്രങ്ങളിലും കുട്ടകങ്ങളിലും കോരി നിറയ്ക്കും..ഞങ്ങള്‍ കുട്ടികള്‍ ചെന്നാല്‍ ഓടിക്കും,"പോ..മുള നശിപ്പിക്കല്ലേ വിതക്കാനുള്ളതാ " എന്നുള്ള ഉപദേശങ്ങള്‍ കാരണവന്മാര്‍ മുതല്‍ സഹായികള്‍ വരെ പറയും..ഞങ്ങള്‍ നെല്ല് തിന്നാനെത്തുന്ന കോഴികള്‍ പോലെ പതുങ്ങി പതുങ്ങി അവിടിവിടെ നില്‍ക്കും..അതുമല്ലെങ്കില്‍ താഴെ വയലില്‍ നെല്ല് വിതയ്ക്കാനായി കണ്ടം (പാടം തന്നെയാണീ കണ്ടം ഇത് നാട്ടു ഭാഷയാണ്‌) പതം വരുത്തുന്നുണ്ടാവും.. നല്ല കരുത്തു കുറുകിയ ഉഗ്രന്‍ ചെളി..!! യാതൊരു രോഗവും വരില്ല എത്ര കുത്തി മറിഞ്ഞാലും!! അതും പോരാ അതിനെ പറ്റി അന്നൊരു ചൊല്ലുണ്ട് : പുതുമണ്ണിന്റെ ചെളീലിറങ്ങിയാ മുറിവ് കൂടും " എന്ന്..! എന്‍റെ അച്ഛമ്മ പറഞ്ഞു എനിക്കത് നല്ല പരിചയമാണ്! ഒരു ചെറിയ വെള്ള പെററികോട്ടുമണിഞ്ഞ് ഞാന്‍ വയലില്‍ ചാട്ടം തുടങ്ങും ..ചെളി തെറിച്ചു നെറുക വരെ നനയും! അച്ഛ ഒന്നും പറയില്ല..അനേകം സഹായികളുടെ കൂടെ അദ്ദേഹവും പണിയുകയാവും..പക്ഷെ അമ്മച്ചി കണ്ടാല്‍ (എന്‍റെ അമ്മ -അമ്മച്ചി എന്ന വിളിപ്പേര് ഞങ്ങള്‍ക്ക് കിട്ടിയത് തിരുവിതാം കൂറിലെ കോട്ടയം പാലാ യില്‍ നിന്നാണ് -അച്ഛ എന്നത് അച്ഛായി എന്നതിന്റെ ചുരുക്കാണ്! അച്ഛയും അമ്മച്ചിയും അവിടെ നിന്ന് വന്നു വയനാട്ടില്‍ സ്ഥിര താമസം ആക്കിയവര്‍ ആയിരുന്നു..സംഗീത എന്നെ കളിയാക്കുമായിരുന്നതിങ്ങനെ :" അച്ഛനെ അച്ഛായി എന്ന് വിളിക്കുമ്പോ അമ്മയെ അമ്മായി എന്ന് വിളിചൂടാര്‍ന്നോ" ! )

അമ്മച്ചിക്ക് ഞങ്ങള്‍ ചെളിയില്‍ മുങ്ങുമ്പോള്‍ കുളിപ്പിക്കുക എന്നതൊരു മഹാ യജ്ഞമായിത്തീരുമായിരുന്നു അന്ന്! ചെളിയില്‍ ചാടുമെങ്കിലും ഞണ്ടിനെയോ വലിയ പച്ചത്തവളയെയോ കണ്ടാല്‍ എന്‍റെ വിധം മാറുമായിരുന്നു അവ രണ്ടിനെയും ഞാന്‍ പെടിയോടെയെ അന്ന് നോക്കിയിട്ടുള്ളു.

മദ്ധൃവേനല്‍ അവധി വന്നാല്‍ കൊയ്ത്തു കഴിഞ്ഞ പാടം ഞങ്ങളുടെ സ്വന്തമായിരുന്നു..പലതരം കളികള്‍..കുട്ടിയും കോലും,കബഡി,തലപ്പന്ത് കളി,ഓലപ്പംബരം, എന്ന് വേണ്ട ഒരുപാട് കളികള്‍..കൊയ്ത്തു കഴിയുന്ന പാടം ചിലപ്പോള്‍ ഇട വിള ഇറക്കി ഉപയോഗിക്കാറുണ്ട് കര്‍ഷകര്‍..അതുപോലൊരു ഇടവിളക്കാലം..നമ്മുടെ വീടിന്റെ തൊട്ടുള്ള സൂസാമ്മ ചേച്ചിയുടെയും കൊച്ചെട്ടന്റെയും വയലില്‍ അവര്‍ എള്ള് കൃഷി തുടങ്ങി..വിശാലമായ പാടം നിറയെ എള്ളിന്‍ പൂവുകള്‍..കുഞ്ഞു വെളുത്ത പൂക്കള്‍ കൊണ്ട് അവിടെങ്ങും ഉത്സവമായിരുന്നു..ഞാനും ചേച്ചിയും ആദ്യമായാണ് എള്ള് പൂത്തു നില്‍ക്കുന്നത് കാണുന്നത്..! "നല്ല രസം ല്ലേ ?"

ഞങ്ങള്‍ എള്ളുമൂക്കാനായി കാത്തിരുന്നു..ഒരു സുപ്രഭാതത്തില്‍ എള്ളിന്‍ചെടികള്ക്കിടയിലൂടെ വേറെ ചില ചെടികള്‍ കൂടി മുളച്ചു പൊന്താന്‍ തുടങ്ങി..അവയെള്ളിനെ കടത്തിവെട്ടി ഉയര്‍ന്നു പൊങ്ങി ! അവ നിറയെ കുഞ്ഞ് കുഞ്ഞു പൂക്കള്‍ വിരിഞ്ഞു..പിന്നെ നിറയെ കായ്കളായി!! ഞങ്ങള്‍ ഇതുവരെ കാണാത്ത വലിയ ഞൊട്ടാഞൊടിയന്മാര്‍!! പേര് കേട്ടിട്ടത്ഭുതം തോന്നുന്നോ? ഇത് ഒരു തരം വിദേശ ചെടിയാണ്.(Physalis peruviana) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന cape goose berry ആണ് ചങ്ങാതിമാര്‍! ചിത്രം ഞാന്‍ ഇവിടെ ഗൂഗിള്‍ നിന്നും ചേര്‍ത്തിട്ടുണ്ട് ! ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും എല്ലാ വശത്ത് നിന്നും പാടത്തേയ്ക്ക് പ്രവഹിച്ചു..പാവാടയിലും,ട്റൌസറിന്‍റ പോക്കറ്റിലും എന്തിനു അടിവസ്ത്രത്തില്‍ വരെ നിറച്ചൂ ചിലര്‍ ഞൊട്ടാഞൊടിയന്മാരെ !!

ഇതിന്റെ നിലം തൊട്ടു കിടക്കുന്ന ചെടികള്‍ നാട്ടില്‍ വ്യാപകമാണ് പക്ഷെ ഇത്ര വലിയവ ഞങ്ങള്‍ കുട്ടികള്‍ ആദ്യം കാണുകയാണ്! അതിന്‍റെ സന്തോഷത്തില്‍ ഞങ്ങള്‍ എള്ളുകളെ തെല്ലും പരിഗണിച്ചില്ല..ചവിട്ടി ഓടിച്ചു നിലം പരിശമാക്കപ്പെട്ട പാവം എള്ളിന്‍ മണികള്‍..കുട്ടികളെ കൂട്ടത്തോടെ ചേടത്തി (സൂസാമ്മ ചേടത്തി ) പറ പറത്തി ! അവര്‍ ഞങ്ങളുടെ ഞൊട്ടാ ഞൊടിയന്മാരെ വെട്ടി നിരപ്പാക്കി..ഉഴുതു മറിച്ച് പയറു മണികള്‍ വിതച്ചു! എന്തൊരു ഹൃദയ ശൂന്യത! ഞങ്ങള്‍ കുട്ടികള്‍ നിശബ്ദമായിരുന്നു പതം പറഞ്ഞു!! ഈ ചെടികള്‍ വല്ലപ്പോഴും നമ്മുടെ നാട്ടില്‍ ഇന്നും കാണാറുണ്ട്‌, അവയുടെ കായ്കള്‍ പറിച്ചു നെറ്റിയില്‍ ഇടിച്ചു പൊട്ടിക്കുന്നത് കൊണ്ടത്രേ ആ പേര് വന്നത്! ഞൊട്ടാ ഞൊടിയന്‍ !!എന്‍റെ ബാല്യകാലത്തിന്റെ പേര്‌ !!
(തുടരും)

2 comments:

  1. kollam..kalakki..
    akkuthikkuthinu murikkel thatti ennoru part undennu ariyillarunu!!

    ReplyDelete
  2. :) hmm most of my friends are telling the same !! thanks rahul.

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...