Monday, April 5, 2010

കളിച്ചില്ലുകള്‍..(ഭാഗം നാല് ) _ഗുരുദക്ഷിണ!


നാലാം ക്ലാസ്സിലെത്തിയപ്പോഴെയ്ക്കും എന്‍റെ ധാരണ ഞാന്‍ വളര്‍ന്നു വലുതായൊരു യുവതിയായെന്നാണ്! തൊട്ടു താഴെയുള്ള കുട്ടികളെ ഞങ്ങള്‍ മോനെ മോളെ എന്നൊക്കെയാവും വിളിക്കുക..

സ്കൂളില്‍ കായിക വിനോദമോഴിച്ചുള്ള എല്ലാ പരിപാടികള്‍ക്കും ഞാന്‍ ഉള്‍പ്പെടുന്ന സംഘം മുന്‍പന്തിയില്‍ ഉണ്ടാകും.

അങ്ങനെയിരിക്കെ ഞങ്ങളുടെ കാപ്പിസെറ്റ് സ്കൂളില്‍ പുതിയൊരു മാഷ്‌ വന്നു.ശ്രി രാധാകൃഷ്ണന്‍ അവര്‍കള്‍.ഹിന്ദി മാഷാണ്.പക്ഷെ എല്ലാ തരം പഠിപ്പീരും മാഷ്ക്കറിയാം..മാഷ്‌ ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്നതിങ്ങനെ:

ചാഹിയെ വന്നാല്‍ കര്‍ത്താവിനോട് കോ ചേര്‍ക്കണം......
കോ ചേര്‍ത്താല്‍ കര്‍മ്മം തന്നെ ക്രിയക്കാധാരം...!!

ഞങ്ങളെല്ലാം ഈ പാട്ട് നീട്ടിപ്പാടി ഹൃദയത്തിലാക്കും..!

തി കൊ പ കോ ഇ ആ ത്രി പാ മ കോ വ ക കാ

ഇതെന്താണെന്നോ? നമ്മുടെ കൊച്ചു കേരളത്തിന്റെ ജില്ലകള്‍ എളുപ്പത്തില്‍ പഠിക്കാനുള്ള സുത്ര വിദ്യ! ഇത്രയും അക്ഷരം ക്രമത്തിലോര്ത്താല്‍ ജില്ലകള്‍ ഒരിക്കലും തെറ്റില്ല!

എന്തിനു പറയുന്നു..മാഷ്‌ ഹിന്ദി മാത്രമല്ല സംഗീതവും പഠിപ്പിക്കാന്‍ തുടങ്ങി! അങ്ങനെയാണ് ഈയുള്ളവള്‍ ആദ്യമായി കര്‍ണാടക സംഗീതത്തിന്റെ പടി ചവിട്ടുന്നത്!

മാഷ്‌ ഞങ്ങളുടെ അടുത്ത് നിന്നും ഗുരുദക്ഷിണ വാങ്ങി പഠിപ്പിക്കാന്‍ തുടങ്ങി..

സാ....രീ..ഗാ മാ
പാ..ധാ.. നീ സാ...കേട്ട് കൊണ്ട് ദേവര്‍ഗദ്ധ കുളിരണിഞ്ഞു..ഞങ്ങള്‍ മാഷിനു ചക്കയും മാങ്ങയും തുടങ്ങിയ പലവകകളും സമ്മാനമായി നല്‍കി തുടങ്ങി..ഗുരുനാഥന്‍ ഉഷാറായി പഠിപ്പിക്കല്‍ തുടര്‍ന്ന് പോന്നു..സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം മാഷിന്റെ കുത്തകയായി.അങ്ങനെയാണ് ഞങ്ങള്‍ അത് വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വില്ലടിച്ചാന്‍ പാട്ട് കക്ഷി രംഗത്തിറക്കുന്നത്!

ഒരു നീളമുള്ള വില്ലുണ്ടാക്കും അത് മുന്‍പില്‍ വച്ച് അതില്‍ അമ്പു കൊണ്ട് താളമിട്ടാണ് ആശാന്‍ കഥ പറയേണ്ടത്..കേള്‍ക്കാനായി ശിഷ്യന്മാര്‍ വേണം!ഏറ്റു പറയാനും താളമിടാനും അവര്‍ ഒപ്പമിരിക്കണം ,കാണികളെ രസിപ്പിക്കാന്‍ തമാശക്കാരന്‍ വേണം ..ചുരുക്കം പറഞ്ഞാല്‍ പന്ത്രണ്ടു പേര് വേണം ഒരു കളിക്ക്!

ആരാകും ആശാന്‍? ആശാന് കഥ പറയാനും,പാട്ടുപാടാനും വേണമെങ്കില്‍ സ്വല്‍പ്പം അഭിനയിക്കാനുമറിയണം..മാഷെന്നെ ആ ജോലി ഏല്‍പ്പിച്ചു..പ്രതിഭ,സീന,സന്തോഷ്‌,പ്രശാന്ത്‌,പ്രമൊധ്,മനീഷ്,ഡെസ്ലിന്‍,സിമി,ഗിരീഷ്‌,സുഭാഷ്,
ഇനിയും ഞാന്‍ പേര് മറന്ന രണ്ടു കൂട്ടുകാര്‍ കൂടിയായിരുന്നു ടീം വില്ലുപാട്ട്!

കഥ 'ചന്ടാലഭിക്ഷുകി!

ഞങ്ങള്‍ പഠനം കഴിഞ്ഞുള്ള ഇടവേളകള്‍ വില്ലിന്മേല്‍ കളിച്ചു ..ഒരാള്‍ കുടം(ഘടം?) കൊട്ടാന്‍ പഠിച്ചു,വേറൊരാള്‍ തകില്‍..ഇനിയുമൊരാള്‍ ഗെന്ജിറ! ഒരാള്‍ ഹാര്‍മോണിയം ,ബാക്കിയുള്ളവരില്‍ രണ്ടു പേര്‍ തമാശക്കാര്‍,പിന്നെ ശിഷ്യന്മാരും!ഞങ്ങള്‍ കഥ വേഗത്തില്‍ പഠിച്ചു!

സ്കൂള്‍ ജില്ല യുവജനോത്സവം! ഞങ്ങള്‍ ഉപജില്ല മത്സരത്തില്‍ വിജയിച്ചു വെന്നിക്കൊടി പാറിച്ചു വന്നിരിക്കയാണ്..ഇനി ജില്ല..

കല്ലോടി സ്കൂളിന്റെ അംഗണം ഒരു ഉച്ച കഴിഞ്ഞ നേരം..ഞങ്ങള്‍ അലങ്കരിച്ച സ്റ്റേജില്‍ ഒരുങ്ങി തകൃതിയില്‍ ഇരിക്കുന്നു..എല്ലാരും തിമിര്പ്പിലാണ്..എനിക്ക് നീട്ടിവരച്ച മീശയുണ്ട്..താടിയും. ആശാന്‍ അല്ലെ? ശിഷ്യന്മാര്‍ കാവി വസ്ത്രധാരികള്‍ ആണ്..തമാശക്കാര്‍ കുരങ്ങു മുഖം മൂടിയും നീളന്‍ തൊപ്പിയുമിട്ടിട്ടുണ്ട്..ആകെ രസം..

കാഥിക അല്ല കലാകാരി അല്ല ഞാന്‍..കേവലം വെറുമൊരു...

ഞാന്‍ തുടങ്ങി..ഗംഭീര തുടക്കം..കുടം സന്തോഷ്‌ തല്ലിപ്പൊട്ടിക്കുമോ എന്ന് ഞാന്‍ പേടിച്ചു..

ഭിക്ഷു യുവതിയുടെ അടുത്തെത്തി വെള്ളം യാചിക്കയാണ്..

ദാഹിക്കുന്നു ഭഗിനീ കൃപാരസ..
മോഹനം കുളിര്‍ തണ്ണീരിതാശുനീ..
ഓമനേ തരു തെല്ലെന്നത്-
കേട്ട് കൊമാളാംഗി നീര്‍
കോരി നിന്നീടിനാള്‍...

ഞാന്‍ പാടിത്തകര്‍ക്കുന്നു..നമ്മുടെ തമാശക്കാരിലോരാള്‍ ഞാന്‍ പാടുന്നതേറ്റു പാടുന്നു..അല്ല തമാശയാക്കുന്നു:

..തണ്ണീര്‍ നീ താ..ശുനീ..


..ആള്‍ നല്ല ഫോമിലാണ്..

ആശാനേ..അങ്ങോട്ട്‌ നോക്കൂ..അവിടൊരു കുട്ടി ഐസ്ക്രീം തിന്നുന്നു..!!
(തമാശക്കാര്‍ക്ക് എന്തും പറയാം ..പക്ഷെ കഥ മാറരുത്..)

എല്ലാവരും നോക്കി..അതെ കോലൈസ് !!

നോക്കിക്കൊണ്ട്‌ ഞാന്‍ പാടുകയാണ്;ദാഹിക്കുന്നു..ഭഗിനീ കൃപാരസ..മോഹനം കുളിര്‍...

ഐസ്ക്രീം നീ താ ശുനീ..ഏറ്റുപാടീ നമ്മുടെ ജോക്കര്‍ !!

ഞങ്ങളെല്ലാം ഞെട്ടിയെന്നു മാത്രമല്ല..ഞാന്‍ വില്ലിലടിച്ച അടി ഭീകരവും വില്ല് ഞാണ്‍ പൊട്ടി ദാ കിടക്കുന്നൂ ധരണിയില്‍..!

പുറത്തു കൂട്ടച്ചിരി..ഞങ്ങള്‍ കരയണോ ചിരിക്കണോ എന്നറിയാന്‍ വയ്യാത്ത ദാരുണാവസ്ഥയില്‍ ..ആരും മാഷിരിക്കുന്ന വശത്തേയ്ക്ക് നോക്കിയതെ ഇല്ല..
നോക്കിയാല്‍ ആ കഷണ്ടിത്തല യില്‍ സൂര്യനെ കാണാമായിരുന്നു!!

ഞങ്ങള്‍ എന്തൊക്കെയോ പാടിയുംപറഞ്ഞും കഥ അവസാനിപ്പിച്ചു..

ഞാണ് പോയ വില്ലും..ചൊല്ല് പോയ ഞങ്ങളും വേദി വിട്ടു ഗ്രീന്‍ റൂമിലെത്തി!
ഒരു കര്‍ട്ടനിട്ടു മറച്ചിട്ടു മാത്രമെയുള്ളൂ ഈ മുറി. ഇവിടെ നിന്നുറക്കെ പറഞ്ഞാല്‍ മുന്‍പിലുള്ള മൈക്കിലൂടെ എല്ലാം പുറത്തു വരും..

ഒരാള്‍ അലറി :

നീ എല്ലാം കളഞ്ഞു..എന്തിനെട ഐസ്ക്രീം എന്ന് പാടിയത്..??

നിനക്ക് മാറ്റിപ്പറഞ്ഞൂടാരുന്നോ..??

അനിത വില്ലൊടിച്ചു!!

ഓടിച്ചതല്ലെട..ഞാണ് പൊട്ടീതാ..

നീ എന്തിനാ ഇടയ്ക്ക് നിര്‍ത്തു നിര്ത്തുന്ന് പറഞ്ഞത് മരത്തലയാ..

ഗ്രീന്‍ മുറിയിലെ ഈ സംഭാഷണങ്ങള്‍ മൈക്കില്‍ കൂടി പുറത്തലച്ചു പെയ്തു..

ചിരിയുടെ പെരുമഴ ഞങ്ങള്‍ അറിഞ്ഞതേയില്ല..

വില്ല് കുലച്ച പോലെ തന്നെ മാഷെത്തി..! ഞങ്ങളെ എല്ലാം അമ്പില്‍ കോര്‍ത്തു അദ്ദേഹം കല്ലൂര്‍ സ്കൂളിന്‍റെ പടിയിറങ്ങി..



9 comments:

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...