Tuesday, April 20, 2010

ഉഷ്ണക്കുറിപ്പുകള്‍ !


തീവണ്ടി,
ജനാലക്കരികിലെ പെണ്‍കുട്ടി
അവള്‍ യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍
കുറിപ്പുകളായി പങ്കു വയ്ക്കുന്നു..
ഒന്ന് നിനക്ക്,ഒന്ന് രാജുവിന്,ഒന്നാമിയ്ക്ക് ..

പുറത്ത്,
സൂര്യകാന്തിപ്പൂക്കള്‍ ജീവിതം
സൂര്യനുമായി പങ്കു വയ്ക്കുന്നു !
അവിടെ മഞ്ഞക്കടല് പോലെ..
ഹോ! കാറ്റ് വീശുന്നു ..കടലിളകുന്നു..
വാന്‍ഗോഗ് പ്രണയിച്ച കടല്‍..!
ഇപ്പോഴീ കടലിനു തീ പിടിക്കുമോ?!

തീവണ്ടി ,
ഓര്‍മകള്‍ക്ക് തീ പിടിച്ച പെണ്‍കുട്ടി!
മുന്‍പിലൊരു കൈകൊട്ടിക്കളി !
ഹിജഡ എന്ന പാവ നാടകം!
അവരെന്തായിരിക്കും മനസ്സില്‍ പേറുന്നത്?
'ബഡീ ബേഠീ' വിളികളുടെ ആത്മാവില്ലായ്മ!
കുറിപ്പുകളില്‍ കോറല്‍ വീഴുന്നു!

പുറത്ത്,
ഉഷ്ണക്കാറ്റിലീ കുടമെടുക്കാനും വയ്യ,
എടുക്കാതെയും വയ്യാത്തത് പോലെ
ചന്തം മുറ്റിയ മാറുള്ള ഏതോ ഒരു പെണ്ണ്!
ചങ്ങലക്കെട്ടുകള്‍ പോലുള്ള പാദാഭരണങ്ങള്‍..
വിയര്‍ത്തൊലിക്കുന്ന ഈ മുഖം..?
കാറ്റിനു ഉരഞ്ഞുയരുന്ന ട്രെയിന്‍ ഗന്ധം!

തീവണ്ടി,
ടിക്കറ്റെടുക്കൂ മിസ്റ്റര്‍.. ടി ടി ആര്‍ ചോദിച്ചു!
ടിക്കറ്റോ? ഞങ്ങള്‍ക്കോ ?ചുണ്ടുകള്‍ ചിരിക്കുന്നു..!
ആടിനെ ?? സെക്കന്‍ക്ലാസ്സില്‍??ടി ടി ആര്‍ അമറുന്നു..!
കത്തിയും കൂടെയുണ്ട്... , ആടിനെ അറുക്കെണ്ടോന്‍..!!

പുറത്ത്,
ചിത്രം വരച്ചാഡംബരം വരുത്തിയ തെരുവുകള്‍..
ചുമരുകള്‍ ചുവന്ന മണ്ണില്‍ പൊതിഞ്ഞ-
വെളുത്ത ചിത്രപ്പണികളാല്‍ നിറഞ്ഞിരിക്കുന്നു!
മുഖം മറച്ചു തൂങ്ങുന്ന സാരിപ്പല്ലാവിന്റെ-
കണ്ണാടിക്കഷ്ണങ്ങളില്‍ നൂറുകണക്കിന്
ട്രെയിനുകള്‍ ഇരംബിയോടിക്കൊണ്ടിരുന്നു.. !

തീവണ്ടി,
ഒരനുബന്ധം പോലെ
അവന്‍റെ മുറുകിയ കൈയ്ക്കുള്ളില്‍
പെണ്‍കുട്ടിയുടെ കൈയും നോട്ടവും
ടി ടി ആറിന്റെ ശകാരത്തില്‍ മുറിഞ്ഞ-
ഒരു പ്രണയത്തുണ്ട് !
ഓര്‍മകള്‍ക്ക് പുതുമണ്ണിന്റെ ഗന്ധം!
മഴ പെയ്യുന്നുവോ?? ഇല്ല..

പുറത്ത്,
തേരട്ട പോലെ ഈ വളഞ്ഞ വണ്ടി
എവിടേയ്ക്ക് പോയാലെന്ത്?
അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..
നരച്ചു പോയ ഓലത്തുംബാട്ടി
പനകള്‍ ഇടറി നില്‍ക്കുന്നു..!
വര്‍ഷകാലം അകലെയെവിടെയോ..
മലമുഴക്കി തീവണ്ടി കുതിച്ചാര്‍ത്തു!

തീവണ്ടി,
കുന്നുകളുടെ രൂപരേഖയുമായി
ഓര്‍മ്മകള്‍ കോര്‍ത്തു വലിച്ചു
ജനാലയ്ക്കരികിലെ പെണ്‍കുട്ടി!
അവളുടെ യാത്രാ വിവരണത്തിലെ
ഒന്പതാമദ്ധ്യായം പൂര്‍ത്തിയാക്കിക്കൊണ്ട്
ഇത് രാജസ്ഥാന്‍ !

1 comment:

  1. ethra pettennanu rajasthanil ethichathu.theevandiyil thudangi rajastha ethiyappol......sthalakalam orma vannu...........anitha.....al the best,,,

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...