Saturday, May 15, 2010

പരിഭവം !




വിളറിയ ഓര്‍മ്മകള്‍ ..
ചാഞ്ഞു വീശുന്ന ഉഷ്ണക്കാറ്റ്..
ഇന്നലെ നീ വരുമെന്ന് പറഞ്ഞിട്ട്?!
വാക്ക് തെറ്റിക്കല്‍ നിനക്കൊരു തമാശ പോലെ..!
ഹേയ് ..ഞാനൊരു മാലാഖ പോലോരുങ്ങിയിരുന്നു!
ഉച്ച വെയിലില്‍ എന്‍റെ മെയ്യാഭരണം
മറ്റൊരു സൂര്യനെപ്പോലെ..!
എന്തിനെല്ലാവരും മരിച്ചുപോയവരെപ്പറ്റി
വിളിച്ചറിയിക്കുന്നു!?
നിരാശപ്പെടുത്തല്‍ പണ്ടേ നിനക്കൊരാനന്ദം തന്നെ!
ഓ..ഈ നശിച്ച ഫോണ്‍ വിളികള്‍..
അവയെന്നെ നിന്‍റെ ഉരഞ്ഞുലഞ്ഞ ശബ്ദമോര്‍മിപ്പിക്കുന്നു!
എനിക്ക് ചെയ്യാനെത്ര ജോലികള്‍ ബാക്കി !!
ഈ പച്ചിലക്കുടുക്കകള്‍ കരയുന്നതെന്തിന് ?
അവ നിന്നിലെ കുഞ്ഞിനെ വിളറി പിടിപ്പിക്കുമെന്ന്
എനിക്ക് നൊമ്പരമുണരുന്നു!
എനിക്ക് നിന്നോട് പ്രണയമോ എന്നോര്‍ത്തു
നമ്മള്‍ പൊട്ടിച്ചിരിയുടെ നക്ഷത്രങ്ങളായി
അങ്ങ് കിഴക്ക് പൊലിഞ്ഞണയുന്നു..!
പ്രണയമസ്തമിച്ച നരച്ച ദാംബത്യങ്ങളെപ്പറ്റി
പറഞ്ഞ് പറഞ്ഞ് നമ്മള്‍
പ്രണയം കോര്‍ത്ത മാലയണിയുന്നു!
ഇന്നലെ വരാമെന്ന വാക്ക് തെറ്റിച്ചു
ഇന്ന് നീ മരിച്ചു പോയതെന്തിന് ?!
മരണം കരയിപ്പിക്കുമെന്നും
പ്രണയത്തെ ഒറ്റ വരിയില്‍
നിര്‍ത്തി മുഴുമിപ്പിക്കാതെ
കടന്നു പോകുമെന്നും പറഞ്ഞ വിഡ്ഡിയാരാണ്?!
നോക്കൂ ഞാനീ പളുങ്ക് മാലയും നിന്റെ പ്രിയ
നീലപ്പട്ടുമണിഞ്ഞു ചുണ്ടിലൊരു
ചാറ്റല്‍ മഴയുടെ നനവുമൊതുക്കി
നിന്നെക്കാണാന്‍ വരികയാണ്..
നിനക്കവര്‍ അവസാന പള്ളിമണി തരുമ്പോള്‍
ഞാന്‍ നിനക്ക് പ്രണയ ലേഖനമെഴുതുകയായിരിക്കും!

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...