Friday, February 8, 2013

നിന്‍റെ എന്‍റെ ആരുടെയൊക്കെയോ അച്ഛന്‍ !


അച്ഛന്‍ ഓര്‍മകള്‍ക്ക്
മുന്‍പില്‍ നില്‍ക്കുകയാണ് ..!
നിലാവ് പോലോരച്ഛന്‍,പക്ഷെ
സൂര്യനെപ്പോലെ ചൂടുള്ളോരച്ഛന്‍!

ചൂട് ചോറ് കുഞ്ഞിക്കൈ
പൊള്ളിയ്ക്കാതെ..
ഉരുട്ടി അതിനുള്ളിലൊരു
കൊച്ചു മീനൊളിപ്പിച്ചു വച്ച്
എന്നെയും അമ്മുവിനേയും
ഒരുമിച്ചൂട്ടുന്ന അച്ഛന്‍ ..

കടല് പോലെ ഒഴിയാത്ത
വറ്റാത്ത കഥകള്‍
നിറച്ചു വച്ചൊരച്ഛന്‍!

പാല്‍പ്പായസം അമ്മയെ
തോല്‍പ്പിക്കും വിധം
വച്ചു വിളംബിയോരഛന്‍!
അമ്മയുടെ അപൂര്‍ണ്ണങ്ങളായ
കലഹങ്ങളില്‍ അച്ഛന്‍ നൂല്
പോയൊരു പാറും പട്ടം !

ചില നേരങ്ങളിലെ നുറുങ്ങു
മൗനമൊഴിച്ചാല്‍
അച്ഛനൊരു കാര്‍ണിവല്‍ പോലെ ..!
ഓടുന്ന ചാടുന്ന കറങ്ങുന്ന ..
കാപ്പിയും ചായയും
ഉഴുന്ന് വടകളും മണക്കുന്ന
എത്ര കളിച്ചാലും കണ്ടാലും
തീരാത്തോരഛന്‍!

മക്കള്‍ ദേശാടനപ്പക്ഷികളായപ്പോള്‍
അച്ഛനൊരു ഒഴിഞ്ഞ കളിപ്പറമ്ബായി..
ശൂന്യ വേദനകളുടെ നിശബ്ദ
മായ ഒരു കളിപ്പറമ്പ്!

ഒരൊഴിവുദിനത്തിന്റെ
പകലറുതിയില്‍
സര്‍ക്കാര് വക വണ്ടിയുടെ
ഒരൊഴിഞ്ഞ സീറ്റില്‍
അലസമായി വീട്ടിലേയ്ക്ക്
പോകും വഴി ഞാന-
ച്ഛനെക്കണ്ടു! ഒരപരിചിതനെപ്പോലെ
പതറിപ്പതറി നിഷ്കളങ്കനായോരച്ഛന്‍!

ആശങ്കയില്‍ പുറത്തെയ്ക്കൊടിപ്പോയ്
ബസ്സ് നിര്‍ത്തിച്ചെന്റെ പരിഭ്രമം !
അച്ഛന്‍.. എന്താണിവിടെ ?!
'മോനു ..ഞാന്‍ വീട്ടിലേയ്ക്കുള്ള
ബസ്സ് മറന്നു ..എന്തായിരുന്നു
സ്ഥലപ്പേരു ..?'
അന്ന് പൊട്ടിപ്പൊയതാണെന്റെ-
യീ രക്തധമനി !
നിര്‍ത്താതെ ചോര വാര്‍ന്നോഴുകുന്നോരെന്റെ
ഉള്‍ത്തടം !!

അമ്മയെ അറിയിക്കാതുള്ള
മൌന ദിനങ്ങളിലൊന്നില്‍
അമ്മയോടച്ഛന്‍:
'ആരാ എന്തിനാ വന്നത് ?'    
അന്ന് തകര്‍ന്നു പോയതാണെന്റെ കാഴ്ച !
പിന്നീടിങ്ങോട്ട്‌ നിറങ്ങളേയില്ല !

ഇന്നലെ തലയിലേന്തി ഞാന്‍
എന്‍റെ ജന്മത്തിന്‍ പുറകിലെയ്ക്കെറി-
ഞ്ഞതാനെന്റെ പുണ്യം ..
ഇനിയെനിക്കച്ഛന്റെ ചിത്രമെന്തിന്
മരിച്ചു പോയതാണ് ഞാന്‍ !

* എന്‍റെ സുഹൃത്തിന്റെ അച്ഛന് !അദ്ദേഹം കര്‍മ്മം കൊണ്ട് എന്‍റെയും അച്ഛനായിരുന്നു ! 



 
 


2 comments:

  1. അനിത ..നന്നായിരിക്കുന്നു ..സ്നേഹം എന്നും ദുഖമാണ് ..

    http://vallavanad.blogspot.in/2012/12/blog-post_20.html

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...