Wednesday, February 13, 2013

കാറ്റില്‍ പാറി വരുന്നുണ്ട് ..!


കാറ്റില്‍ പാറി വരുന്നുണ്ട്
എവിടെ നിന്നോ ഒരു മൗനം !
 മറക്കാതെ ഓര്‍ക്കാറുണ്ട്
ഒട്ടും പ്രിയമല്ലാത്തയാ പ്രണയം !
മാവുകള്‍ പൂക്കാറുണ്ട്
മഞ്ഞു പൊഴിയുന്നൊരു കുന്നില്‍ ..
അടര്‍ന്നു വീഴുന്നുണ്ട്‌
ഓരോ ഉണ്ണിമാങ്ങകളായാ
മാമ്പഴങ്ങള്‍..!

ഓര്‍മയിലെ ബസ്സില്‍
എല്ലാ മരങ്ങളും പുറകിലെയ്ക്കോടി
ഒളിക്കുന്നുണ്ട് !
കുഞ്ഞു കൌതുകങ്ങളില്‍
പൊട്ടിച്ചിരിക്കുന്നുണ്ട്
അച്ഛനും അമ്മയും..
എത്ര നീല ബസ്സ് കണ്ടു ?
എത്ര വല്യ വീട് കണ്ടു ?
എത്ര നീര്‍ച്ചോല കണ്ടു ?
പൊട്ടിച്ചിരിക്കുന്നെന്റെ
കുഞ്ഞു കൌതുകങ്ങളും !

ഓട്ടുരുളിയില്‍ കണിവച്ച്
കണ്ണുപൊത്തി കാണിക്കുന്നുണ്ടമ്മ!
നെറ്റിയിലോരുമ്മയും,
കൈയില്‍ കൈനീട്ടവും,
ഓര്‍മയിലെ ഈ സുഗന്ധവും..
അച്ഛന്റെത് !
ഒന്നിച്ചിരുന്നാടുന്നുണ്ട്
ഞാനുമേന്റെച്ചിയും ആ
ഊഞ്ഞാലിന്‍ തുമ്പത്ത് ..
പൊട്ടിവീണ് മണ്ണായിട്ടുണ്ട്
അയല്‍പക്കത്തെ സുന്ദരിച്ചേച്ചിയ്ക്ക്!
കാറ്റില്‍ പാറി വരുന്നുണ്ട്
ഓര്‍മ്മകളേന്തിയൊരു  ബാല്യം !

തല നിറയെ പച്ചിലകള്‍-
മൂടിയതില്‍ കോപിക്കുന്നുണ്ട്
തിരികെ കൊടുക്കാത്തൊരു പ്രണയം ..
വലിയ വട്ടക്കണ്ണ്കളില്‍
യാചിക്കുന്നുണ്ടവന്‍,എന്നെ ഇഷ്ടമല്ലേ ??
നീലവരയിട്ട ബുക്കിനുള്ളില്‍
ഒളിഞ്ഞിരുന്നമരുന്നുണ്ട്  അവന്‍റെ
കിട്ടാമോഹങ്ങള്‍..അക്ഷരത്തെറ്റുകള്‍..
കാറ്റില്‍ പാറി വരുന്നുണ്ട് ഇക്കിളിയിട്ടൊരു
പ്രണയം, പൂക്കും മുന്‍പേ അടര്‍ന്നത്‌ !

ബെഞ്ചുകള്‍ കൂട്ടിയിട്ട സ്റ്റേജില്‍
പാടുന്നുണ്ട് ഞാന്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു ...
കേട്ട് പുന്ജിരിക്കുന്നുണ്ടെന്റെ
ഏലിയാമ്മ ടീച്ചര്‍ !
രാഗം തെറ്റി ഞാന്‍ കരയുന്നുണ്ട്
കൂടെ മുഗ്ദ വൃന്ദാവനത്തിലെ കണ്ണനും !
പാടുന്നുണ്ട് വീണ്ടുമാ വാശിയില്‍
ഓടുന്നുണ്ട് പടിക്കലെയ്ക്കമ്മയും !
ചായം പൂശി മിനുക്കിയ തത്തയ്ക്ക്
നീളം പോരെന്നു കേട്ട് കരഞ്ഞതും ..!
കാറ്റില്‍ പാറി വരുന്നുണ്ടിന്നുമാ
വര്‍ണ്ണവും ഋഷഭവും!

പേടിയില്ലാതെ പോകുന്നുണ്ട്
പാലുമായ് പുലര്‍കാലേ ..
തേടുന്നില്ല ആരുമിതൊരു ബാലിക !
കൂടുന്നുണ്ട് പൂക്കളും തുമ്പിയും
പുലര്‍കാല സൂര്യനും
ഓടുന്നുണ്ട് വഴിയിലെ പൂച്ചയും
ഓലമേല്‍ തൂങ്ങുന്നുണ്ട്,
വണ്ണാത്തിപ്പുള്ളതും !
ചൂടുന്നുണ്ട് തുഷാര ബിന്ദു
തൊട്ടാവാടി പൂവേ നിന്‍റെ
ലോലമാമുടല്‍ !
കൊളുത്തി വലിക്കുന്നുണ്ട്
പച്ച പട്ടുപാവാടയില്‍,
കൈതോലത്തുംബുകള്‍.. 
കാറ്റില്‍ പാറി വരുന്നുണ്ട്
കണ്‍ നിറയ്ക്കുന്നൊരു കിലുകില്‍ച്ചിരി !

കേള്‍ക്കുന്നുണ്ട് ലളിതാ സഹസ്രനാമം
കൂടുന്നുണ്ട് ഞാന്‍ സിന്ധൂരാരുണ വിഗ്രഹാം..
ത്രിനയനാം ..അമ്മ മൂളുന്നതില്‍ ..
കേള്‍ക്കാമിന്നുമാ ശംഖധ്വനി
പൂവത്തിന്‍ കാട് കടന്നു ചെന്നമ്പലം !
അമ്പലക്കുളം.. കുളി, കുട്ടിക്കുരങ്ങുകള്‍
ഒളികണ്‍പാര്‍ക്കലുകള്‍..നീര്‍ക്കോലി,
എന്നോ കൊഴിഞ്ഞൊരു താമര !
നെറ്റിയില്‍ വാര്‍ന്നൊരു ചന്ദനം..
ചന്ദനച്ചേലുള്ളോരേടത്തി..
കുളിപ്പിന്നലില്‍ നനഞ്ഞൊരു
ചെമ്പകം ..പിന്നെ സുഗന്ധം
നിറഞ്ഞ നിന്‍ സാമീപ്യം !
ഒളികണ്ണാലെ ,
കിഴക്ക് വന്നെത്തി നോക്കുന്നു
സുന്ദരന്‍ സൂര്യകുമാരകന്‍!
പാറുന്ന കാറ്റിലിലകള്‍..
ഇലവു പൂത്തോരോര്‍മ്മകള്‍..
അങ്ങിനെ ഇത്തിരി കുങ്കുമം
തൊട്ട വഴിത്താരകള്‍..!
ഹാ..
കാറ്റില്‍ പാറി വരുന്നുണ്ട്
ഒരു കൈക്കുടന്ന നിറയെ
മിന്നാമിന്നി പോലെന്‍റെ  ബാല്യം   !