Sunday, February 17, 2013

സെല്ലുലോയിഡ് എന്ന സിനിമ ജെ സി ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവിനുള്ള അശ്രുപൂജ ആയതില്‍ എനിക്ക് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ വളരെ സന്തോഷം തോന്നി . അതിലുപരി ആ മനുഷ്യന്‍ ആരായിരുന്നു എന്നതോര്‍ക്കുമ്പോള്‍ തിരിച്ചറിയാനാകാത്തൊരു വിഷാദവും വേദനയും അലട്ടുകയും ചെയ്യുന്നു !ഒരു തരം അമര്‍ഷം.. അത് 1928 ല്‍ കത്തിപ്പടരേണ്ടാതായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വ്യഥ !
ജെ സി ഡാനിയലിന്റെ ജീവിതകഥ കമല്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ കച്ചവട സിനിമയുടെ ചേരുവകള്‍ മുന്‍നിര്‍ത്തി  നിര്‍മിച്ചതിനാല്‍ കൂടുതല്‍ പ്രേക്ഷകരിലെത്തിച്ചേരാനുള്ള സാധ്യത നിലനില്‍ക്കുന്നു.കലാമൂല്യം മാത്രം മുന്‍നിര്‍ത്തി അദേഹം ഈ സിനിമ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ വളരെ കുറച്ച് ആസ്വാദകരേ കാഴ്ചക്കാരായി ഉണ്ടാകുമായിരുന്നുള്ളൂ!
കലാ സംവിധായകന്‍റെ കരവിരുത് മുഴച്ചു നില്‍ക്കുന്ന ക്യാപിടോള്‍ സിനിമ കൊട്ടകയും പരിസരവും ,റോസമ്മയുടെ വീടും എല്ലാം മാറ്റി നിര്‍ത്തിയാല്‍ മൊത്തത്തില്‍ കലാഭംഗി ഉള്ളൊരു ചിത്രം തന്നെയാണിത്,ക്യാപിടോള്‍ സിനിമ കൊട്ടക കുറച്ചു കൂടി 1928 കളിലെയ്ക്കെത്തെണ്ടിയിരുന്നു എന്ന് ആ കൊട്ടകയുടെ അന്തരീക്ഷം നമ്മളോട് പറയും .അതുപോലെ ആ ദിവസം  കെട്ടിമേഞ്ഞപോലെ അരികും പുറവും കിറു കൃത്യമായി വെട്ടിയൊതുക്കിയ ഓല കീറുകള്‍ റോസിയുടെ വീടിന്‍റെ നശിക്കാത്ത പുതുമ നനമ്മളിലെത്തിക്കും ,അത് കുറച്ചു കൂടി പ്രകൃതിയുമായി ലയിച്ചു ചേരും വിധം ഒരുക്കിയിരുന്നു എങ്കില്‍ ആ അടിയാന്‍ കുടില്‍ നമ്മളോട് അവരുടെ സ്ഥിതി പറയാതെ തന്നെ പറഞ്ഞേനെ!ഈ സിനിമയിലെ സംഗീതമാണ്,പാട്ടുകളാണ് ഇതിന്‍റെ  ഏറ്റവും വലിയ ആകര്‍ഷണം,പഴമയുടെ ചാരുത നല്‍കിയ എം ജയചന്ദ്രന് അഭിനന്ദനങ്ങള്‍..
പ്രിഥ്വി രാജിന്‍റെ അഭിനയം ഇത് വരെ ഞാന്‍ കണ്ട അദ്ദേഹത്തിന്‍റെ വേഷങ്ങളില്‍ നിന്നും കഥാപാത്രത്തോട് നീതി പാലിച്ചു എന്നെനിക്കു തോന്നി.നമ്മുടെ പൊതുവേയുള്ള അതിന്ദ്രീയ ജ്ഞാനമുള്ള ,അതിഭാവുകത്വമുള്ള കഥാപാത്രങ്ങളില്‍ നിന്നും അളവില്‍ കവിയാത്ത ഈ അഭിനയ അനുഭവം ഒരു പക്ഷെ അദ്ദേഹത്തിനു പുതിയ പാഠങ്ങള്‍ നല്‍കിയിരിക്കാം !റോസമ്മ എന്ന റോസിയോടു ചാന്ദ്നി ശരിയായ രീതിയില്‍ താദാത്മ്യം പ്രാപിച്ചിട്ടുണ്ട് .ഒരു പുതുമുഖത്തിന്‍റെ പുതിയ മുഖം കാണിക്കാതെ അവര്‍ 1928 ലെ ആ ദളിത് പെണ്‍കുട്ടിയായി മാറിയതില്‍ അഭിമാനം തോന്നുന്നു .അകം -ഉള്ള് -അറിഞ്ഞു ചെയ്യുക എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല. അവിടെയാണ് ചാന്ദ്നി വിജയിച്ചതും !ഒരു കഥാപാത്രത്തിനെ ഗ്ലാമറൈസ് ചെയ്യുവാന്‍ എളുപ്പമാണ് ,പൊതുവെ പുതുമുഖങ്ങള്‍ ചെയ്തു വരുന്നതും അത് തന്നെയാണ് ,മുഖം ശരീരം എല്ലാം കൂടുതല്‍ ഉത്തെജിതവും ആകര്‍ഷണീയവും  ആക്കുന്നതിലൂടെ ഏത് വരേണ്യതയും അവര്‍ണ്ണതയെയും അവര്‍ ആഘൊഷമാക്കും! പക്ഷെ ശരീരത്തെ ഡി-ഗ്ലാമറൈസ് ചെയ്യുക അത്ര എളുപ്പമല്ല അവിടെയാണ് മമ്തയുടെ പ്രായമായ സീനുകളില്‍  അവരുടെ ശരീരത്തിലെ ചമയങ്ങള്‍ വേറിട്ട്‌ നില്‍ക്കുന്നത് !,ചമയത്തിലൂടെ പ്രിഥ്വി യെ മാറ്റിയിരിക്കുന്നത് നമുക്ക് മനസ്സിലാകും ,പക്ഷെ ചാന്ദ്നി ആദ്യം പ്രത്യക്ഷപ്പെടുന്നത് തന്നെ അടിയാത്തിയുടെ തനതു രൂപത്തിലാണ് അതിലെ ചമയം നമുക്ക് മനസ്സിലാകില്ല ,അത് തന്നെയാണ് ഒരു നല്ല കലാകാരന്‍റെ /കാരിയുടെ പ്രത്യേകതയും അവര്‍ ചമയത്തോട് പോലും ലയിക്കണം ചമയം കലാകാരനില്‍ നിന്നും മാറി നില്‍ക്കരുത് അതും ജീവനുള്ളതാണ്, ആ കഥാപാത്രം തന്നെയാണ്!ഈ നടിയെ സൂക്ഷിച്ചുപയോഗിച്ചാല്‍ ഇവള്‍ മലയാളത്തിനൊരു മുതല്‍ക്കൂട്ടാകും ഉറപ്പ് !
ആദ്യം ഇറങ്ങിയ മലയാള സിനിമയുടെ നായികയെത്തന്നെ സ്വന്തം മുഖം അഭ്രപാളിയില്‍ ഒരു നോക്ക് കാണിക്കാതെ ആട്ടിയോടിച്ച ഒരു സാമൂഹിക പശ്ചാത്തലം നമുക്കുണ്ടായിരുന്നു എന്ന് ഇന്നത്തെ വീണ്ടുമുണരുന്ന ജാതി സ്പര്‍ദ്ധയുടെ ഈ അന്തരീക്ഷത്തില്‍ കമല്‍ പറഞ്ഞു വച്ചത് എന്തുകൊണ്ടും നന്നായി!വളരെ നല്ലൊരു ഉണര്‍ത്തല്‍ ആണ് മറന്നു പോയൊരു ലോസ്റ്റ്‌ ചൈല്‍ഡ് തിരികെ കൊണ്ട് തന്നിരിക്കുന്നത്  !
 അഭിനയിച്ച മറ്റു നടീ നടന്മാരും മികവുള്ളവരാണ് ,ശ്രീജിത്ത് രവിയും,തലൈവാസല്‍ വിജയ്‌ ,ടി ജി രവി ,ഇര്‍ഷാദ്,അമല്‍  തുടങ്ങിയവര്‍ കൂടാതെ നമ്മുടെ സ്ഥിര താര വസന്തങ്ങളും (ശ്രീനിവാസന്‍,സിദ്ദിഖ് etc ) കഥയോട് ചേരുന്നവര്‍ തന്നെ !കല നമുക്കായി തന്നതിനെ അറിയാതെ പോകുമ്പോള്‍ അസ്തമിച്ചു പോകുന്നത് ആ കലയെ നമുക്കായി തന്നവരുടെ വിയര്‍പ്പിന്‍റെ ,കലര്‍പ്പില്ലാത്ത മൂല്യത്തിന്‍റെ ,ആത്മബോധത്തിന്റെ സൂര്യനാണ് ..വീണ്ടുമുദിക്കുവാന്‍ ആ സൂര്യനില്ലെങ്കിലും അത് തിരിച്ചറിയുന്ന ചന്ദ്ര വെളിച്ചം മതി പുതിയൊരു സന്ധ്യയ്ക്കുദിച്ചുയരാന്‍ !