Monday, February 25, 2013

ഉള്ളവ !


ചില നേരുകളുടെ നനവുകള്‍ 
നെഞ്ചിലുണ്ട് .. 
ഹൃദയത്തോട് ചേര്‍ന്ന് പോയവ. 
അടര്‍ത്തിയാല്‍ ഹൃദയം കൂടി 
അടര്‍ന്നു പോരുന്നവ !

ചില നൊമ്പരങ്ങളുടെ വേരുകളുണ്ട് 
തലച്ചോറിലേയ്ക്ക് പടര്‍ന്നവ!
ചുറ്റുപിണഞ്ഞൊരു നാഗം പോലത് 
ഓര്‍മ്മകളെ വരിയുന്നുണ്ട് !

ചില ഓര്‍മ്മകളുടെ മനം പിരട്ടലുകളുണ്ട് 
എത്ര ഒക്കാനിച്ചാലും 
പോകാത്തൊരു ചര്‍ദ്ദില്‍ പോലെ
തൊണ്ടയില്‍ പെരുകുന്നുണ്ടത്   !

ചില ഇടവഴികളുണ്ട് 
പോയിട്ടില്ലെങ്കിലും പോയതുപോലുള്ളവ !
പൂ വിരിച്ചു  മാടി വിളിക്കാറുണ്ട്:
വരൂ നിന്‍റെ  കഴിഞ്ഞ ജന്മവഴികള്‍!

ചില കാത്തിരുപ്പുകളുണ്ട് 
വരുമോ എന്നറിയില്ലാത്തവ !
വരാമോ എന്ന് ഉള്ളെരിക്കുന്നവ ,
വരാതിരിക്കില്ല എന്ന് കള്ളം പറയുന്നവ !

ചില വാക്കുകളുണ്ട് 
അക്ഷരങ്ങള്‍ ചേര്‍ന്നിരിക്കാത്തവ,
അര്‍ഥം കൊണ്ട് പൂവിരിയിക്കുന്നവ !
നീയും ഞാനും പോല്‍ ഉടലറിയുന്നവ!