Monday, February 18, 2013

മോഹം !


മോഹമാണ് ,
ഇടയ്ക്കിടെ ചെന്നു നോക്കും..
കണ്ണ് കുഴിയിലാണ്ടു കിടക്കുന്നതില്‍
ഇത്തിരി വെട്ടം !
തോളെല്ലിലെ കുഴികളില്‍
ഒരിടങ്ങഴി വെള്ളമൊഴിക്കാം..
കിടന്നു കിടന്നു പുറം തൊലി
അടര്‍ന്നു നാറുന്നുണ്ടിവിടം!
അടിവയറിന്റെ ആഴങ്ങളില്‍
എനിക്ക് മുങ്ങിച്ചാകാനിടം !
ശുഷ്കിച്ച കാലുകള്‍-
രണ്ടീര്‍ക്കില്‍ കഷണങ്ങള്‍ !
വിരലുകള്‍ നേര്‍ത്ത് അതിലെ
നഖങ്ങള്‍ തേറ്റകള്‍ പോലെ കൂര്‍ത്ത് !
ശക്തിയില്‍ വലിക്കുമ്പോള്‍
ശ്വാസകോശങ്ങള്‍ സംസാരിക്കുന്നത്
കേള്‍ക്കാം !

മോഹമാണ് ,
ഇടയ്ക്കിടെ ചെന്ന് നോക്കും ..
എഴുനേല്‍പ്പിക്കുമ്പോള്‍
ഒരന്തവുമില്ലാതാടുന്നുണ്ട് തല !
വായ്‌ പൊളിഞ്ഞു തൂങ്ങിയതില്‍ നിന്നൊ-
ലിക്കുന്നുണ്ട് ഈറ്റ വെള്ളം !
ഇടറിയിടറി വീഴാന്‍ പോകുമ്പോള്‍
വിളിക്കുന്നുണ്ട് 'ന്‍റെ ദൈവേ ..'
മുറിഞ്ഞു മുറിഞ്ഞു ചൊല്ലുന്നുണ്ട്
'..പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍,
ശിവനെക്കാണാകും ..'

മോഹമാണ് ,
ഇടയ്ക്കിടെ ചെന്നു നോക്കും..
ഒറ്റമുണ്ടിനിരിക്കാനിടമില്ലാത്ത
തേമ്പിയ അരക്കൂട് !
ചുക്കിച്ചുളിഞ്ഞു   ഉപ്പുമാങ്ങ
പോലെ ഒട്ടിപ്പോയ മുഖം !
മുകളിലെ ബള്‍ബിലേയ്ക്ക്
ഉറ്റു നോക്കിയുള്ള കിടപ്പ്!
ആ കിടപ്പിലങ്ങ് പോകണേ..
എന്നെനിക്കു മോഹമാണ്
ഇടയ്ക്കിടെ ചെന്ന് നോക്കും !




 
 

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...