ഉന്മാദിനിയായി മുടിയഴിച്ചിട്ടാടുന്നൊരു
ദൈവമുണ്ട് നിന്റെ ജീവനില്‍
അവള്‍ കറുത്ത കരുത്തുറ്റ
കൈയിലൊരു ശൂലമേന്തിയിട്ടുമുണ്ട്..
അവളുടെ നാഭിയില്‍ നിന്നും
കോപത്തിന്‍റെ തീക്കാറ്റുയരുന്നുണ്ട് !
ചുവന്ന കണ്ണില്‍ നിന്നും
അഗ്നിമഴ പെയ്യുന്നുണ്ട് ..!
ഈ താഴ്വാരമാകെ നിറഞ്ഞാടുവാന്‍
അവളുടെ പാദം തുടിക്കുന്നുണ്ട് ..
ആ കൊടുങ്കാറ്റില്‍ തകരുവാന്‍
അവരുടെ വ്യര്‍ത്ഥ മോഹങ്ങള്‍ ചങ്കിടിക്കുന്നുണ്ട് !
കൊന്നൊടുക്കുന്നുണ്ടവള്‍ ഇന്നും
നിന്നെ കീറിയെറിഞ്ഞ കിനാവിനെ ..
തിരുമുടിയില്‍ കെട്ടിയിട്ടു വലിക്കുന്നുണ്ട്
നിന്നെ തിന്നു തീര്‍ത്ത പകലുകളെ !
കൂട് വിട്ടു കൂട് മാറ്റി നിന്നെ അവള്‍
ആ രാജകൊട്ടാരത്തിലെയ്ക്കാനയിക്കും ..
അവര്‍ നിനക്ക് തങ്ക അങ്കി നല്‍കി ആദരിക്കും !
നിന്‍റെ പാദങ്ങള്‍ അവര്‍ പൂക്കള്‍ കൊണ്ട് മൂടും
നിന്നെ ഇരുത്തി അവര്‍ പാലഭിഷേകം നടത്തും
പട്ടു മെത്തയില്‍ പരിമളം പടര്‍ത്തും
പിന്നെ കൊതിയോടെ ദൂരെ മാറി നില്‍ക്കും !
അവിടെ അന്തസിന്റെ ആഡംബരത്തില്‍
നീ മഹാറാണി പോല്‍ ഉറങ്ങും !
ഒരു നാഴിക ഉറങ്ങിയെഴുനേറ്റ നിന്നെയവള്‍
വീണ്ടും നീയാക്കി മാറ്റും !നീ നീ ..
എന്നാര്‍ത്തു വിളിക്കുന്നവരിലെയ്ക്ക്
അവള്‍ സന്നിവേശിച്ചു നീയെത്തും ..!
നിന്‍റെ സംഹാരം കണ്ടവള്‍ ചിരിക്കും
നീ കൊയ്ത തലകളിലെ ചുടു ചോര
അവള്‍ നിന്‍റെ മെയ്യിലൊഴിക്കും ..
അങ്ങനെ ചുവന്ന പട്ടു ചുറ്റിയ
മുടിയഴിച്ചാടുന്ന കാളിയാകും നീ
നിന്‍റെ നൃത്തത്തില്‍ ഭൂമി കുളിരും
മേഘം പൊട്ടിയൊലിച്ചു പ്രളയമാകും !
ആ പ്രളയത്തില്‍ എല്ലാ പതിരുകളും
ഒഴുകിപ്പോകും ..ഈ താഴ്വര പൊട്ടിച്ചിരിക്കും
അവള്‍ നിന്നില്‍ നിന്നും ഊര്‌ന്നു വീഴും ..
ഒരു ചിത്രം പോല്‍ ആ പൊഴിഞ്ഞ പടം
നീ കുനിഞ്ഞെടുക്കും ..
അഭേദ്യമായ ആനന്ദത്തോടെ നീ
പറയും :എന്‍റെ അമ്മ !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !