Friday, June 4, 2010

കുളമുറങ്ങിയ കഥ!


എന്‍റെ ഉറക്കം ഞാന്‍ പറത്തി വിട്ടു..!
ഒരു സൂചിത്തുംബി യുടെ വാലില്‍ക്കെട്ടി
ഞാനവനെ മേയാന്‍ വിട്ടു!
കറങ്ങുന്ന കണ്ണുകള്‍കൊണ്ട് ഞാന്‍
സ്വപ്നം കാണാന്‍ പഠിച്ചു!
ഉണര്ന്നുവരാന്‍ അറിവില്ലാത്തതുകൊണ്ട്
എന്‍റെ കൂട്ടുകാരന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു..
സൂചിത്തുംബി വാലുകുടഞ്ഞ്
എന്‍റെ ഉറക്കത്തെ വലിച്ചെറിഞ്ഞു..
ഉറക്കം അമ്പലക്കുളത്തിലെ
ആമ്പല്‍ തണ്ട് പോലേ
കുളത്തിന്റെ അടിത്തട്ടുതേടി
യാത്രയായി..
എന്തൊരു തണുപ്പ്..!
എനിക്കുണരാന്‍ തോന്നുന്നു..
ഉറക്കം കുളത്തിനോട്‌ സ്വകാര്യം പറഞ്ഞു!
നിനക്കതിനാവില്ല നീ എന്നേയ്ക്കുമായി
ഉറങ്ങിയവന്‍..നീ ഉറക്കം!
എങ്കില്‍ നിന്നെ ഞാനുറക്കും..
ഉറങ്ങുറങ്ങു..
കുഞ്ഞലകളിലാടിയാടി കുളമുറങ്ങി..!
കുളത്തിന്റെ ആഴം കണ്ട്
ഉറക്കം പൊട്ടിച്ചിരിച്ചു!
നീലാംബലിന്‍ ചോട്ടില്‍
ഉറക്കം വീട് വച്ചു..!
കുളമുറങ്ങിയുറങ്ങി..ജലം പച്ചയായി..
പച്ചയില്‍ ജീവന്‍ തുടിച്ചു!
പുതുമഴയില്‍ ജലം പൊങ്ങി
പച്ചകള്‍ ഒഴുകിപ്പോയി!
ഉറക്കം ആമ്പല്‍ തളിരില്‍
സ്വയം ബന്ധിതനായി..
എന്‍റെ ഉറക്കത്തെ തിരിച്ചു കിട്ടാനാണ്‌
ഞാന്‍ ആമ്പല്‍ കുളത്തിലിറങ്ങിയത്..
ഇനിയൊന്നുറങ്ങട്ടെ !

Saturday, May 15, 2010

പരിഭവം !




വിളറിയ ഓര്‍മ്മകള്‍ ..
ചാഞ്ഞു വീശുന്ന ഉഷ്ണക്കാറ്റ്..
ഇന്നലെ നീ വരുമെന്ന് പറഞ്ഞിട്ട്?!
വാക്ക് തെറ്റിക്കല്‍ നിനക്കൊരു തമാശ പോലെ..!
ഹേയ് ..ഞാനൊരു മാലാഖ പോലോരുങ്ങിയിരുന്നു!
ഉച്ച വെയിലില്‍ എന്‍റെ മെയ്യാഭരണം
മറ്റൊരു സൂര്യനെപ്പോലെ..!
എന്തിനെല്ലാവരും മരിച്ചുപോയവരെപ്പറ്റി
വിളിച്ചറിയിക്കുന്നു!?
നിരാശപ്പെടുത്തല്‍ പണ്ടേ നിനക്കൊരാനന്ദം തന്നെ!
ഓ..ഈ നശിച്ച ഫോണ്‍ വിളികള്‍..
അവയെന്നെ നിന്‍റെ ഉരഞ്ഞുലഞ്ഞ ശബ്ദമോര്‍മിപ്പിക്കുന്നു!
എനിക്ക് ചെയ്യാനെത്ര ജോലികള്‍ ബാക്കി !!
ഈ പച്ചിലക്കുടുക്കകള്‍ കരയുന്നതെന്തിന് ?
അവ നിന്നിലെ കുഞ്ഞിനെ വിളറി പിടിപ്പിക്കുമെന്ന്
എനിക്ക് നൊമ്പരമുണരുന്നു!
എനിക്ക് നിന്നോട് പ്രണയമോ എന്നോര്‍ത്തു
നമ്മള്‍ പൊട്ടിച്ചിരിയുടെ നക്ഷത്രങ്ങളായി
അങ്ങ് കിഴക്ക് പൊലിഞ്ഞണയുന്നു..!
പ്രണയമസ്തമിച്ച നരച്ച ദാംബത്യങ്ങളെപ്പറ്റി
പറഞ്ഞ് പറഞ്ഞ് നമ്മള്‍
പ്രണയം കോര്‍ത്ത മാലയണിയുന്നു!
ഇന്നലെ വരാമെന്ന വാക്ക് തെറ്റിച്ചു
ഇന്ന് നീ മരിച്ചു പോയതെന്തിന് ?!
മരണം കരയിപ്പിക്കുമെന്നും
പ്രണയത്തെ ഒറ്റ വരിയില്‍
നിര്‍ത്തി മുഴുമിപ്പിക്കാതെ
കടന്നു പോകുമെന്നും പറഞ്ഞ വിഡ്ഡിയാരാണ്?!
നോക്കൂ ഞാനീ പളുങ്ക് മാലയും നിന്റെ പ്രിയ
നീലപ്പട്ടുമണിഞ്ഞു ചുണ്ടിലൊരു
ചാറ്റല്‍ മഴയുടെ നനവുമൊതുക്കി
നിന്നെക്കാണാന്‍ വരികയാണ്..
നിനക്കവര്‍ അവസാന പള്ളിമണി തരുമ്പോള്‍
ഞാന്‍ നിനക്ക് പ്രണയ ലേഖനമെഴുതുകയായിരിക്കും!

Tuesday, April 20, 2010

ഉഷ്ണക്കുറിപ്പുകള്‍ !


തീവണ്ടി,
ജനാലക്കരികിലെ പെണ്‍കുട്ടി
അവള്‍ യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍
കുറിപ്പുകളായി പങ്കു വയ്ക്കുന്നു..
ഒന്ന് നിനക്ക്,ഒന്ന് രാജുവിന്,ഒന്നാമിയ്ക്ക് ..

പുറത്ത്,
സൂര്യകാന്തിപ്പൂക്കള്‍ ജീവിതം
സൂര്യനുമായി പങ്കു വയ്ക്കുന്നു !
അവിടെ മഞ്ഞക്കടല് പോലെ..
ഹോ! കാറ്റ് വീശുന്നു ..കടലിളകുന്നു..
വാന്‍ഗോഗ് പ്രണയിച്ച കടല്‍..!
ഇപ്പോഴീ കടലിനു തീ പിടിക്കുമോ?!

തീവണ്ടി ,
ഓര്‍മകള്‍ക്ക് തീ പിടിച്ച പെണ്‍കുട്ടി!
മുന്‍പിലൊരു കൈകൊട്ടിക്കളി !
ഹിജഡ എന്ന പാവ നാടകം!
അവരെന്തായിരിക്കും മനസ്സില്‍ പേറുന്നത്?
'ബഡീ ബേഠീ' വിളികളുടെ ആത്മാവില്ലായ്മ!
കുറിപ്പുകളില്‍ കോറല്‍ വീഴുന്നു!

പുറത്ത്,
ഉഷ്ണക്കാറ്റിലീ കുടമെടുക്കാനും വയ്യ,
എടുക്കാതെയും വയ്യാത്തത് പോലെ
ചന്തം മുറ്റിയ മാറുള്ള ഏതോ ഒരു പെണ്ണ്!
ചങ്ങലക്കെട്ടുകള്‍ പോലുള്ള പാദാഭരണങ്ങള്‍..
വിയര്‍ത്തൊലിക്കുന്ന ഈ മുഖം..?
കാറ്റിനു ഉരഞ്ഞുയരുന്ന ട്രെയിന്‍ ഗന്ധം!

തീവണ്ടി,
ടിക്കറ്റെടുക്കൂ മിസ്റ്റര്‍.. ടി ടി ആര്‍ ചോദിച്ചു!
ടിക്കറ്റോ? ഞങ്ങള്‍ക്കോ ?ചുണ്ടുകള്‍ ചിരിക്കുന്നു..!
ആടിനെ ?? സെക്കന്‍ക്ലാസ്സില്‍??ടി ടി ആര്‍ അമറുന്നു..!
കത്തിയും കൂടെയുണ്ട്... , ആടിനെ അറുക്കെണ്ടോന്‍..!!

പുറത്ത്,
ചിത്രം വരച്ചാഡംബരം വരുത്തിയ തെരുവുകള്‍..
ചുമരുകള്‍ ചുവന്ന മണ്ണില്‍ പൊതിഞ്ഞ-
വെളുത്ത ചിത്രപ്പണികളാല്‍ നിറഞ്ഞിരിക്കുന്നു!
മുഖം മറച്ചു തൂങ്ങുന്ന സാരിപ്പല്ലാവിന്റെ-
കണ്ണാടിക്കഷ്ണങ്ങളില്‍ നൂറുകണക്കിന്
ട്രെയിനുകള്‍ ഇരംബിയോടിക്കൊണ്ടിരുന്നു.. !

തീവണ്ടി,
ഒരനുബന്ധം പോലെ
അവന്‍റെ മുറുകിയ കൈയ്ക്കുള്ളില്‍
പെണ്‍കുട്ടിയുടെ കൈയും നോട്ടവും
ടി ടി ആറിന്റെ ശകാരത്തില്‍ മുറിഞ്ഞ-
ഒരു പ്രണയത്തുണ്ട് !
ഓര്‍മകള്‍ക്ക് പുതുമണ്ണിന്റെ ഗന്ധം!
മഴ പെയ്യുന്നുവോ?? ഇല്ല..

പുറത്ത്,
തേരട്ട പോലെ ഈ വളഞ്ഞ വണ്ടി
എവിടേയ്ക്ക് പോയാലെന്ത്?
അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..
നരച്ചു പോയ ഓലത്തുംബാട്ടി
പനകള്‍ ഇടറി നില്‍ക്കുന്നു..!
വര്‍ഷകാലം അകലെയെവിടെയോ..
മലമുഴക്കി തീവണ്ടി കുതിച്ചാര്‍ത്തു!

തീവണ്ടി,
കുന്നുകളുടെ രൂപരേഖയുമായി
ഓര്‍മ്മകള്‍ കോര്‍ത്തു വലിച്ചു
ജനാലയ്ക്കരികിലെ പെണ്‍കുട്ടി!
അവളുടെ യാത്രാ വിവരണത്തിലെ
ഒന്പതാമദ്ധ്യായം പൂര്‍ത്തിയാക്കിക്കൊണ്ട്
ഇത് രാജസ്ഥാന്‍ !

Friday, April 9, 2010

Resurrection!


I am a ramshackle plant,
You know baby,may the next rain-
ramp on me like a ruptured devil!

I am a rebel
You know baby ,I will kill this rebellious groom
He had tried to smell me as a flower!

I am a gust stream,
you know baby ,you can't
gyve me as a lover!

Where were the row of Gulmohar trees?
I recall that nostalgic smell of valleys!
Wait a moment...
I wish to be nomad there..

From were I had seen this luminous face!
O man!! you are!
Do not lurch me,because
we are the immodest rope ends!!

But! please do not try to touch me baby,
I am a fatal febrile flower!
Oh! you are taking my flimsy arms!
God! this is my indefinable resurrection!
So,this is my infrangible kiss on your forehead!

നമ്മള്‍ !


ഞാന്‍ ..
കാറ്റിനും മുന്‍പേ പൂവിന്റെ മണമറിഞ്ഞവള്‍..
സൂര്യനും മുന്‍പേ കിഴക്കുദിച്ചവള്‍..
ഇടറി വിണ്ട ഭൂമിയില്‍
കണ്ണീരെറിഞ്ഞു നനച്ചവള്‍..

എനിക്ക് പറയാന്‍
ഇടവഴിയില്‍ മരച്ചില്ല പൂത്ത കഥയുണ്ട്..
ഇന്നലത്തെ മഴയില്‍ ഒലിച്ചൊഴുകിപ്പോയ സ്വപ്നമുണ്ട്..
മുറ്റത്തെ മുല്ലയില്‍ ഇനിയും
വിരിയാത്ത മൊട്ടുകളുണ്ട്..

നീ
ഇനിയും ഉറങ്ങാതെ അക്കരെപ്പച്ച മെനയുന്നവന്‍..!
സൂര്യനെയോ ചന്ദ്രനെയോ നേരിട്ട് കാണാത്തവന്‍..
ഭൂമി തൊടാതെ കാറ്റില്‍ പറക്കുന്നവന്‍..!

നിനക്ക് പറയാന്‍
നാളെത്തരാനുള്ള സമയങ്ങളുണ്ട്..
ഇന്ന് മറന്നു പോയ സമയ സൂചികകള്‍ ഉണ്ട്..
ഇന്നലെ തീര്‍ന്നു പോയ സുഗന്ധക്കുപ്പികളുണ്ട്!

എനിക്ക് ..
ഇടവഴിയിലെ തണല്‍ മരം മതി..
ഇടവപ്പാതിയിലെ പൊട്ടിച്ചിരികള്‍ മതി
ഇനിയും വിരിയാത്ത
നിന്‍റെ കണ്ണിലെയാ നക്ഷത്ര തിളക്കം മതി!

നിനക്ക്..
കഫെ ഷോപ്പിലെ ഇത്തിരി സംഗീതം മതി
കൂട്ടിക്കെട്ടലുകളുടെ ഇന്റെര്‍നെറ്റ് സൌരഭ്യം മതി
സമയമില്ലായ്മയുടെ മധു ചഷകങ്ങള്‍ മതി
എന്നത്തെയും പോലെ
ഒഡോമോസ് മണക്കുന്ന ചുംബനങ്ങള്‍ മതി!

Thursday, April 8, 2010

നിനക്ക് സ്നേഹപൂര്‍വ്വം.


പ്രിയപ്പെട്ട..
മറുപടി ഞാന്‍ ഇവിടുന്നെഴുതുന്നു.ഇല്ലെങ്കില്‍ ഞാന്‍ അവിടെത്തുംബോഴെയ്കും പലതും ഓര്‍മയില്‍ നിന്നും നഷ്ടമായി പോകുമെന്നുറപ്പാണ്.ഞാന്‍ അവിടെ നിന്നും പറിച്ചു മാറ്റപ്പെടുമ്പോള്‍ ഒന്നര വര്‍ഷം വീണ്ടും ആ കോളേജില്‍ ബാക്കിയായിരുന്നല്ലോ..? വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ തലസ്ഥാന നഗരിയിലെ എന്‍റെ പുതിയ സങ്കെതത്തിലെത്തിയതെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?നനന്ഞ കണ്ണോടെ ഞാനവിടെ നിന്നും പിരിഞ്ഞപ്പോള്‍ നിങ്ങള്‍ കൂട്ടുകാര്‍ കുങ്കുമം ചാര്‍ത്തി എന്നെ പറഞ്ഞയച്ചു! പോയ്‌ വരൂ..

അവിടെത്തിയപ്പോള്‍ പ്രതീക്ഷകള്‍ പൂവണിയുന്നു! എങ്ങും സൌഹൃദത്തിന്റെ തെളിഞ്ഞ മുഖങ്ങള്‍.. ! നിറയെ മഞ്ചാടി മരങ്ങള്‍! കുനിഞ്ഞിരുന്നു മഞ്ചാടി പെറുക്കിക്കൂട്ടുന്ന എന്നെ നോക്കി അവര്‍ പറഞ്ഞു:

ശിശു! മഞ്ചാടിക്കുരുവിനു പിറകെ നടക്കാന്‍ നാണമില്ലേ?

അവരപ്പോള്‍ ടാറ്റാ സിയെറ വാങ്ങിയാലുള്ള ലാഭത്തെ ക്കുറിച്ച് പറയുകയായിരുന്നു!

ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞതാണോ എന്നറിയില്ല..ഞാന്‍ നിലാവിനെക്കുറിച്ചവരോട് പറഞ്ഞു..പൊടുന്നനെ അവരെന്നോട് പറഞ്ഞു തുടങ്ങി :

M tv യിലെ tuesday യിലെ പ്രോഗ്രാം കണ്ടിരുന്നോ?? എന്ത് രസമായിരുന്നു!

ഞാന്‍ അന്ന് രാത്രി തലയില്ലാത്ത എന്നെ സ്വപ്നം കണ്ടു..അത് എവിടെയോ ഒളിച്ചിരുന്നു എന്നെ നോക്കും പോലെ..!കണ്ണ് തുറന്നപ്പോള്‍ ഹോസ്റ്റല്‍ മുറി ഒരു പ്രേതാലയം പോലെ എന്നെ വളഞ്ഞു നിന്നു..!

എനിക്ക് സഹി കേട്ടപ്പോള്‍ ഞാന്‍ അവരോടു ഖലീല്‍ ജിബ്രാന്‍ നെക്കുറിച്ചവരോട് സംസാരിച്ചു തുടങ്ങി!

പ്രവാചകന്‍റെ വെളിപാടുകള്‍..നിങ്ങള്‍ ദുഃഖത്തോടെയിരിക്കുമ്പോള്‍ ചിന്തിക്കുക,നിങ്ങള്‍ എന്തിനെപ്പറ്റി ദുഖിക്കുന്നുവോ അത് നിങ്ങള്‍ക്ക് ആനന്ദം ..

ആരാണിയാള്‍? നിന്‍റെ വുഡ്ബിയാണോ??

മിണ്ടരുത്..! ശബ്ദമുയര്‍ന്നത് എന്‍റെ തന്നെയോ!!ഞാന്‍ പകച്ചു പോയിരുന്നു..!

പിന്നീടീ അവധിക്കാലത്ത്‌ ഒരുത്തനെഴുതി ചോദിച്ചിരിക്കുന്നു..

who is your bloody khaleel Gibran?

വായനയുടെ സ്വര്‍ഗം എന്നേ മരിച്ചിരിക്കുന്നു!!എനിക്ക് ചിരിക്കാന്‍ തോന്നി..നിനക്കോ?

നീ എഴുതിയത് ഞാന്‍ വീണ്ടുമോര്‍ക്കുന്നു:

വാക്കുകള്‍ ധ്വനിപ്പിക്കുന്ന അര്‍ത്ഥതലങ്ങളില്‍ക്കൂടി സ്നേഹം ഒഴുകിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല;ആത്മാര്‍ത്ഥ സ്നേഹം ഉള്ളിന്‍റെയുള്ളില്‍ കൊളുത്തി വച്ച ജീവ ജ്വാലയാണ്..! അതൊരിക്കലും അണയില്ല! അതണഞ്ഞാല്‍ അതിനെ ആത്മാര്‍ത്ഥ സ്നേഹം എന്ന് വിളിക്കാനാവില്ല.

ആ വെളിച്ചം കെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കയാണ് ഞാന്‍.നഷ്ടങ്ങള്‍ എനിക്ക് സഹിക്കാനാകില്ല!ഒന്നാം ക്ലാസ്സിലെ മയില്‍പ്പീലിത്തുണ്ടും കല്ല്‌ പെന്‍സിലും ഞാന്‍ കാത്തു വച്ചത് ആ നഷ്ടം സഹിക്കാനാകാതെയാണ്!എപ്പോഴെങ്കിലും ഈ സൌഹൃദം മടുത്താല്‍ അറുത്തു മാറ്റുക.പക്ഷെ നഷ്ടപ്പെടുത്തലാകരുത്.

പിന്നെ നീ ചോദിച്ചില്ലേ പരിഭവം പാതിയെങ്കിലും പോയോ എന്ന്..? അതിനെനിക്കു പരിഭവം ഇല്ലെങ്കിലോ!? അല്ലെങ്കില്‍ വേണ്ട ..പരിഭവമുണ്ട്..നിറയെ..

മറുപടി എഴുതണമെന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ?ഒന്നോര്‍ത്തെയ്ക്കണം നിമിഷങ്ങള്‍ക്ക് ശരവേഗമാണ്..

ഒരുപാട് സ്നേഹത്തോടെ..

Monday, April 5, 2010

കളിച്ചില്ലുകള്‍..(ഭാഗം നാല് ) _ഗുരുദക്ഷിണ!


നാലാം ക്ലാസ്സിലെത്തിയപ്പോഴെയ്ക്കും എന്‍റെ ധാരണ ഞാന്‍ വളര്‍ന്നു വലുതായൊരു യുവതിയായെന്നാണ്! തൊട്ടു താഴെയുള്ള കുട്ടികളെ ഞങ്ങള്‍ മോനെ മോളെ എന്നൊക്കെയാവും വിളിക്കുക..

സ്കൂളില്‍ കായിക വിനോദമോഴിച്ചുള്ള എല്ലാ പരിപാടികള്‍ക്കും ഞാന്‍ ഉള്‍പ്പെടുന്ന സംഘം മുന്‍പന്തിയില്‍ ഉണ്ടാകും.

അങ്ങനെയിരിക്കെ ഞങ്ങളുടെ കാപ്പിസെറ്റ് സ്കൂളില്‍ പുതിയൊരു മാഷ്‌ വന്നു.ശ്രി രാധാകൃഷ്ണന്‍ അവര്‍കള്‍.ഹിന്ദി മാഷാണ്.പക്ഷെ എല്ലാ തരം പഠിപ്പീരും മാഷ്ക്കറിയാം..മാഷ്‌ ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്നതിങ്ങനെ:

ചാഹിയെ വന്നാല്‍ കര്‍ത്താവിനോട് കോ ചേര്‍ക്കണം......
കോ ചേര്‍ത്താല്‍ കര്‍മ്മം തന്നെ ക്രിയക്കാധാരം...!!

ഞങ്ങളെല്ലാം ഈ പാട്ട് നീട്ടിപ്പാടി ഹൃദയത്തിലാക്കും..!

തി കൊ പ കോ ഇ ആ ത്രി പാ മ കോ വ ക കാ

ഇതെന്താണെന്നോ? നമ്മുടെ കൊച്ചു കേരളത്തിന്റെ ജില്ലകള്‍ എളുപ്പത്തില്‍ പഠിക്കാനുള്ള സുത്ര വിദ്യ! ഇത്രയും അക്ഷരം ക്രമത്തിലോര്ത്താല്‍ ജില്ലകള്‍ ഒരിക്കലും തെറ്റില്ല!

എന്തിനു പറയുന്നു..മാഷ്‌ ഹിന്ദി മാത്രമല്ല സംഗീതവും പഠിപ്പിക്കാന്‍ തുടങ്ങി! അങ്ങനെയാണ് ഈയുള്ളവള്‍ ആദ്യമായി കര്‍ണാടക സംഗീതത്തിന്റെ പടി ചവിട്ടുന്നത്!

മാഷ്‌ ഞങ്ങളുടെ അടുത്ത് നിന്നും ഗുരുദക്ഷിണ വാങ്ങി പഠിപ്പിക്കാന്‍ തുടങ്ങി..

സാ....രീ..ഗാ മാ
പാ..ധാ.. നീ സാ...കേട്ട് കൊണ്ട് ദേവര്‍ഗദ്ധ കുളിരണിഞ്ഞു..ഞങ്ങള്‍ മാഷിനു ചക്കയും മാങ്ങയും തുടങ്ങിയ പലവകകളും സമ്മാനമായി നല്‍കി തുടങ്ങി..ഗുരുനാഥന്‍ ഉഷാറായി പഠിപ്പിക്കല്‍ തുടര്‍ന്ന് പോന്നു..സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം മാഷിന്റെ കുത്തകയായി.അങ്ങനെയാണ് ഞങ്ങള്‍ അത് വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വില്ലടിച്ചാന്‍ പാട്ട് കക്ഷി രംഗത്തിറക്കുന്നത്!

ഒരു നീളമുള്ള വില്ലുണ്ടാക്കും അത് മുന്‍പില്‍ വച്ച് അതില്‍ അമ്പു കൊണ്ട് താളമിട്ടാണ് ആശാന്‍ കഥ പറയേണ്ടത്..കേള്‍ക്കാനായി ശിഷ്യന്മാര്‍ വേണം!ഏറ്റു പറയാനും താളമിടാനും അവര്‍ ഒപ്പമിരിക്കണം ,കാണികളെ രസിപ്പിക്കാന്‍ തമാശക്കാരന്‍ വേണം ..ചുരുക്കം പറഞ്ഞാല്‍ പന്ത്രണ്ടു പേര് വേണം ഒരു കളിക്ക്!

ആരാകും ആശാന്‍? ആശാന് കഥ പറയാനും,പാട്ടുപാടാനും വേണമെങ്കില്‍ സ്വല്‍പ്പം അഭിനയിക്കാനുമറിയണം..മാഷെന്നെ ആ ജോലി ഏല്‍പ്പിച്ചു..പ്രതിഭ,സീന,സന്തോഷ്‌,പ്രശാന്ത്‌,പ്രമൊധ്,മനീഷ്,ഡെസ്ലിന്‍,സിമി,ഗിരീഷ്‌,സുഭാഷ്,
ഇനിയും ഞാന്‍ പേര് മറന്ന രണ്ടു കൂട്ടുകാര്‍ കൂടിയായിരുന്നു ടീം വില്ലുപാട്ട്!

കഥ 'ചന്ടാലഭിക്ഷുകി!

ഞങ്ങള്‍ പഠനം കഴിഞ്ഞുള്ള ഇടവേളകള്‍ വില്ലിന്മേല്‍ കളിച്ചു ..ഒരാള്‍ കുടം(ഘടം?) കൊട്ടാന്‍ പഠിച്ചു,വേറൊരാള്‍ തകില്‍..ഇനിയുമൊരാള്‍ ഗെന്ജിറ! ഒരാള്‍ ഹാര്‍മോണിയം ,ബാക്കിയുള്ളവരില്‍ രണ്ടു പേര്‍ തമാശക്കാര്‍,പിന്നെ ശിഷ്യന്മാരും!ഞങ്ങള്‍ കഥ വേഗത്തില്‍ പഠിച്ചു!

സ്കൂള്‍ ജില്ല യുവജനോത്സവം! ഞങ്ങള്‍ ഉപജില്ല മത്സരത്തില്‍ വിജയിച്ചു വെന്നിക്കൊടി പാറിച്ചു വന്നിരിക്കയാണ്..ഇനി ജില്ല..

കല്ലോടി സ്കൂളിന്റെ അംഗണം ഒരു ഉച്ച കഴിഞ്ഞ നേരം..ഞങ്ങള്‍ അലങ്കരിച്ച സ്റ്റേജില്‍ ഒരുങ്ങി തകൃതിയില്‍ ഇരിക്കുന്നു..എല്ലാരും തിമിര്പ്പിലാണ്..എനിക്ക് നീട്ടിവരച്ച മീശയുണ്ട്..താടിയും. ആശാന്‍ അല്ലെ? ശിഷ്യന്മാര്‍ കാവി വസ്ത്രധാരികള്‍ ആണ്..തമാശക്കാര്‍ കുരങ്ങു മുഖം മൂടിയും നീളന്‍ തൊപ്പിയുമിട്ടിട്ടുണ്ട്..ആകെ രസം..

കാഥിക അല്ല കലാകാരി അല്ല ഞാന്‍..കേവലം വെറുമൊരു...

ഞാന്‍ തുടങ്ങി..ഗംഭീര തുടക്കം..കുടം സന്തോഷ്‌ തല്ലിപ്പൊട്ടിക്കുമോ എന്ന് ഞാന്‍ പേടിച്ചു..

ഭിക്ഷു യുവതിയുടെ അടുത്തെത്തി വെള്ളം യാചിക്കയാണ്..

ദാഹിക്കുന്നു ഭഗിനീ കൃപാരസ..
മോഹനം കുളിര്‍ തണ്ണീരിതാശുനീ..
ഓമനേ തരു തെല്ലെന്നത്-
കേട്ട് കൊമാളാംഗി നീര്‍
കോരി നിന്നീടിനാള്‍...

ഞാന്‍ പാടിത്തകര്‍ക്കുന്നു..നമ്മുടെ തമാശക്കാരിലോരാള്‍ ഞാന്‍ പാടുന്നതേറ്റു പാടുന്നു..അല്ല തമാശയാക്കുന്നു:

..തണ്ണീര്‍ നീ താ..ശുനീ..


..ആള്‍ നല്ല ഫോമിലാണ്..

ആശാനേ..അങ്ങോട്ട്‌ നോക്കൂ..അവിടൊരു കുട്ടി ഐസ്ക്രീം തിന്നുന്നു..!!
(തമാശക്കാര്‍ക്ക് എന്തും പറയാം ..പക്ഷെ കഥ മാറരുത്..)

എല്ലാവരും നോക്കി..അതെ കോലൈസ് !!

നോക്കിക്കൊണ്ട്‌ ഞാന്‍ പാടുകയാണ്;ദാഹിക്കുന്നു..ഭഗിനീ കൃപാരസ..മോഹനം കുളിര്‍...

ഐസ്ക്രീം നീ താ ശുനീ..ഏറ്റുപാടീ നമ്മുടെ ജോക്കര്‍ !!

ഞങ്ങളെല്ലാം ഞെട്ടിയെന്നു മാത്രമല്ല..ഞാന്‍ വില്ലിലടിച്ച അടി ഭീകരവും വില്ല് ഞാണ്‍ പൊട്ടി ദാ കിടക്കുന്നൂ ധരണിയില്‍..!

പുറത്തു കൂട്ടച്ചിരി..ഞങ്ങള്‍ കരയണോ ചിരിക്കണോ എന്നറിയാന്‍ വയ്യാത്ത ദാരുണാവസ്ഥയില്‍ ..ആരും മാഷിരിക്കുന്ന വശത്തേയ്ക്ക് നോക്കിയതെ ഇല്ല..
നോക്കിയാല്‍ ആ കഷണ്ടിത്തല യില്‍ സൂര്യനെ കാണാമായിരുന്നു!!

ഞങ്ങള്‍ എന്തൊക്കെയോ പാടിയുംപറഞ്ഞും കഥ അവസാനിപ്പിച്ചു..

ഞാണ് പോയ വില്ലും..ചൊല്ല് പോയ ഞങ്ങളും വേദി വിട്ടു ഗ്രീന്‍ റൂമിലെത്തി!
ഒരു കര്‍ട്ടനിട്ടു മറച്ചിട്ടു മാത്രമെയുള്ളൂ ഈ മുറി. ഇവിടെ നിന്നുറക്കെ പറഞ്ഞാല്‍ മുന്‍പിലുള്ള മൈക്കിലൂടെ എല്ലാം പുറത്തു വരും..

ഒരാള്‍ അലറി :

നീ എല്ലാം കളഞ്ഞു..എന്തിനെട ഐസ്ക്രീം എന്ന് പാടിയത്..??

നിനക്ക് മാറ്റിപ്പറഞ്ഞൂടാരുന്നോ..??

അനിത വില്ലൊടിച്ചു!!

ഓടിച്ചതല്ലെട..ഞാണ് പൊട്ടീതാ..

നീ എന്തിനാ ഇടയ്ക്ക് നിര്‍ത്തു നിര്ത്തുന്ന് പറഞ്ഞത് മരത്തലയാ..

ഗ്രീന്‍ മുറിയിലെ ഈ സംഭാഷണങ്ങള്‍ മൈക്കില്‍ കൂടി പുറത്തലച്ചു പെയ്തു..

ചിരിയുടെ പെരുമഴ ഞങ്ങള്‍ അറിഞ്ഞതേയില്ല..

വില്ല് കുലച്ച പോലെ തന്നെ മാഷെത്തി..! ഞങ്ങളെ എല്ലാം അമ്പില്‍ കോര്‍ത്തു അദ്ദേഹം കല്ലൂര്‍ സ്കൂളിന്‍റെ പടിയിറങ്ങി..



ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...